LIMA WORLD LIBRARY

സാഗര സംഗമം-സുധ അജിത്ത് (നോവല്‍-പാര്‍ട്ട് 15)

നരേട്ടന്‍ പെട്ടെന്ന് അവന്റെ അടുത്തെത്തി അവനെ ആലിംഗനം ചെയ്തു കൊണ്ടു പറഞ്ഞു

”അരുണ്‍… ഇനി മുതല്‍ നീ ഞങ്ങള്‍ക്ക് മകനാണ്. ഞങ്ങളുടെ രാഹുല്‍ മോന് പ്രിയപ്പെട്ടവന്‍ ഞങ്ങള്‍ക്കും പ്രിയപ്പെട്ടവനാണ്ഇക്കാഴ്ച കണ്ട് അവന്‍ മുകളിലിരുന്ന് സന്തോഷിക്കട്ടെ…’

അവര്‍ അല്‍പം നേരം കൂടി ആലിംഗനബദ്ധരായി നിന്നു.

അങ്ങകലെ ചക്രവാള സീമയില്‍ രാഹുല്‍ മോന്‍ എല്ലാം കണ്ട് പുഞ്ചിരി വിരിയിച്ചു നില്‍ക്കുന്നതായി തോന്നി. ഒരു ഈറന്‍ കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. ആരുടെയോ നേര്‍ത്ത സ്പന്ദനം പോലെ.

‘മമ്മീ… പപ്പാ… കരയരുത്. ഞാനിവിടെത്തന്നെയുണ്ട് ‘….എന്ന് ആ കാറ്റ് ഞങ്ങളോട് മൂകമായി മന്ത്രിയ്ക്കും പോലെ തോന്നി..

അല്‍പം കഴിഞ്ഞ് നരേട്ടന്റെ ആലിംഗനത്തില്‍ നിന്നും വേര്‍പെട്ട് അരുണ്‍ പറഞ്ഞു.

”ഞാന്‍ ഇടയ്ക്ക് വീട്ടില്‍ വരാം സാര്‍… എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചോളൂ. ഒരു മകനെ പോലെ ഞാന്‍ അടുത്തുണ്ടാകും.”

ഒരു നിമിഷം നിര്‍ന്നിമേഷരായി ഞങ്ങള്‍ പരസ്പരം നോക്കി നിന്നു. രാഹുലിന്റെ സ്ഥാനത്ത് ഒരു മകനെക്കിട്ടിയ നിര്‍വൃതിയോടെ.
അകലങ്ങളില്‍ അപ്പോള്‍ സന്ധ്യാബരം തുടുത്തു തുടങ്ങിയിരുന്നു.

വികാരവിവശനായ ഒരച്ഛനെപ്പോലെ സൂര്യനും ചുവന്നു തുടുത്ത് ഞങ്ങളെ നോക്കി ,താഴേയ്ക്കു ഗമനം തുടര്‍ന്നു കൊണ്ടിരുന്നു.

. ഇടയ്ക്കിടയ്ക്കു കാണുന്ന വെള്ളി മേഘക്കീറുകളും, വെള്ളില്‍പ്പറവകളും ആകാശത്തില്‍ അഭൗമാന്തരീക്ഷമൊരുക്കി ഞങ്ങളെ ആഹ്ലാദഭരിതരാക്കി. ഒരു നിമിഷം ഞങ്ങള്‍ നിശബ്ദരായി ആ ജഗന്നിയന്താവിന്റെ ഗതിവിഗതികളെക്കുറിച്ച് ഓര്‍ത്തു.

ഒന്നു നഷ്ടപ്പെടുമ്പോള്‍ മറ്റൊന്നു നല്‍കി നമ്മെ സന്തോഷിപ്പിക്കാന്‍ അദ്ദേഹത്തിനാവുന്നു. ഒരിക്കല്‍ കൂടി അരുണിന്റെ ശബ്ദം ഞങ്ങളെ ഉണര്‍ത്തി.

”ഞാന്‍ വരാം സര്‍… ഇപ്പോള്‍ ഞങ്ങള്‍ പോകട്ടെ.”

”അരുണ്‍ തീര്‍ച്ചയായും വരണം. ഞങ്ങള്‍ അരുണിനെ പ്രതീക്ഷിച്ചിരിക്കും.”

അവന്‍ കൈവീശി ബൈക്കില്‍ക്കയറി യാത്രയാകുന്നതു നോക്കി ഞങ്ങള്‍ ഒരു നിമിഷം നിര്‍ന്നിമേഷരായി നോക്കി നിന്നു. പിന്നെതിരികെ കൈവീശി അവനെ യാത്രയാക്കി.

ഫ്‌ളാറ്റില്‍ തിരിച്ചെത്തിയിട്ടും രണ്ടു ദിവസത്തേയ്ക്ക് അവിടെ മൂകത തളം കെട്ടി നിന്നു. രാഹുല്‍മോന്റെ ഓര്‍മ്മകള്‍ എല്ലാവരും അയവിറക്കുകയാണെന്നു തോന്നി.

കൃഷ്ണമോള്‍, രാഹുല്‍മോന്റെ ഫോട്ടോകള്‍ എടുത്തു നോക്കുന്നതും, അവന്റെ സ്വകാര്യ ആല്‍ബത്തിലെ ഫോട്ടോകള്‍ ദേവാനന്ദിനെ കാണിക്കുന്നതും കണ്ടു. ദേവാനന്ദ് താന്‍ അതുവരെ കാണാത്ത രാഹുലിന്റെ ഫോട്ടോയില്‍ ഉറ്റുനോക്കി പറയുന്നതു കേട്ടു.

”എത്ര നിഷ്‌ക്കളങ്കവും സുന്ദരവുമായ മുഖം. ഈ മുഖത്തിന്നുടമ തീര്‍ച്ചയായും ഒരു നല്ല ഹൃദയത്തിനുടമയായിരിക്കും.”

”അതെ ദേവേട്ടാ… ചേട്ടന്‍ ഒരു നല്ല ഹൃദയത്തിനുടമയായിരുന്നു. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു നിഷ്‌ക്കളങ്ക ഹൃദയത്തിന്നുടമ. ചേട്ടന് സംഗീതയോടുണ്ടായിരുന്ന പ്രേമത്തെക്കുറിച്ച് എന്നോടു പറയാറുണ്ടായിരുന്നു. മെഡിസിന്‍ പഠനം കഴിഞ്ഞ് അവര്‍ ഒരുമിച്ചു ജീവിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അതേക്കുറിച്ച് പപ്പയോടും മമ്മിയോടും സംസാരിക്കാന്‍ എന്നെ ചട്ടം കെട്ടിയിരുന്നു. പക്ഷെ സംഗീത ഒരു മാര്‍വാഡിയുടെ മകളാണ്. പണം പലിശയ്ക്ക് കൊടുത്ത് ആള്‍ക്കാരെ ദ്രോഹിക്കുന്ന ഒരു മാര്‍വാഡിയുടെ മകള്‍. അത്തരമൊരു ബന്ധത്തിന് പപ്പയും മമ്മിയും സമ്മതിയ്ക്കുമോ എന്ന് ചേട്ടന്‍ ഭയന്നിരുന്നു. പക്ഷേ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒന്നിച്ചു പഠിക്കുകയും, സ്‌നേഹിക്കുകയും ചെയ്ത അവര്‍ക്കു തമ്മില്‍ പിരിയാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ‘

ഏറെ സ്‌നേഹം വരുമ്പോള്‍ മാത്രം അവള്‍ രാഹുലിനെ സംബോധന ചെയ്യാറുള്ള ‘ ചേട്ടാ ‘എന്ന വിളി ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

”ആ സംഗീത എന്നു പേരുള്ള പെണ്‍കുട്ടി ഇന്നെവിടെയാണ്?”

ദേവാനന്ദ് താല്‍പര്യപൂര്‍വ്വം ചോദിക്കുന്നതു കേട്ടു.

”അവര്‍ മെഡിസിനു പഠിക്കുകയാണ്. എംഡിയ്ക്ക്. ഇപ്പോള്‍ കല്‍ക്കത്തയിലോ മറ്റോ ആണ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രാഹുല്‍ ചേട്ടനെ ഓര്‍ത്ത് കാലം കഴിയ്ക്കാനാണ് അവര്‍ക്കിഷ്ടം.”

”ഓ ഗോഡ്… എ റിയല്‍ ലൗ…’ ദേവാനന്ദ് അതിശയം കൂറുന്നതു കേട്ടു.

ആ പ്രതിവചനം എന്റെ മനസ്സിലും മുഴങ്ങി. അറിയാതെ മനസ്സു കേണു.

ഓ… മകനെ… നിന്റെ മനസ്സിന്റെ മൃദുല അറകളില്‍ നീ നിന്റെ പ്രേമം ഒളിച്ചുവച്ചതെന്തിനാണ്? അതൊളിച്ചു വച്ച് ആ ആത്മസംഘര്‍ഷം മുഴുവന്‍ പേറിയതെന്തിനാണ്? നിന്നെ ഹൃദയത്തിലേറ്റിയ നിന്റെ പപ്പയും മമ്മിയും നിന്നെ എതിര്‍ക്കുമെന്നു വിചാരിച്ചോ?ഒരിയ്ക്കലുമില്ല…. കാരണം പ്രേമത്തിന്റെ ബലിപീഠത്തില്‍ സ്വയം ബലി കഴിച്ചവളാണ് നിന്റെ മമ്മി. ആളുന്ന അഗ്‌നി കുണ്ഠത്തില്‍ സ്വയം ചൂടേറ്റു തപിച്ചവളാണ്. ആ കനല്‍ തീയില്‍ വെന്തു നീറുന്ന രണ്ടാത്മാക്കളുടെ തപിക്കുന്ന വേദന എന്തെന്ന് അറിഞ്ഞവളാണ്. ഒരിക്കലും നിന്നെ എതിര്‍ക്കുമായിരുന്നില്ല നിന്റെമമ്മി. നിന്റെ പപ്പയും പ്രേമത്തിന്റെ ആത്മസംഘര്‍ഷങ്ങള്‍ മാറി നിന്നെങ്കിലും കണ്ടറിഞ്ഞവനാണ്. അതൊന്നും നിന്നെ അറിയിക്കാതിരുന്നതു കഷ്ടമായിപ്പോയി എന്നു ഞാനിപ്പോള്‍ തിരിച്ചറിയുന്നു. പക്ഷെ നീ ചിലതെല്ലാം കാണുകയും അറിയുകയും ചെയ്തുവെന്ന് ഞാന്‍ കരുതി.
ഒരു കാലത്ത് ഞങ്ങള്‍ ഇരുവരുടേയും മനസ്സില്‍ ഊറിക്കൂടിയ ആത്മസംഘര്‍ഷങ്ങള്‍ നിന്നെയും ബാധിച്ചിരുന്നല്ലൊ. എന്നിട്ടും നീയതെന്തു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിന്റെ നിഷ്‌ക്കളങ്കമായ കൊച്ചുമനസ്സിന് അതിന്റെ കാരണങ്ങള്‍ ഊഹിച്ചെടു ക്കാന്‍ കഴിഞ്ഞില്ലായിരിക്കാം. പക്ഷെ പപ്പയുടേയും മമ്മിയുടേയും അകല്‍ച്ച നിന്റെ മനസ്സിനെ ഒരു കാലഘട്ടത്തില്‍ വളരെയേറെ വേദനിപ്പിച്ചിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. അതായിരിക്കാം സംഗീതയോട് നിന്നെ അടുപ്പിച്ചത്. നിന്റെ വേദനകള്‍ പങ്കുവയ്ക്കാനുള്ള അത്താണി യായിരുന്നോ അവള്‍.നിന്നെ മനസ്സിലാക്കു വാന്‍ ഞങ്ങള്‍ വൈകിപ്പോയി.മനസ്സിലാക്കിയപ്പോഴേയ്ക്കും നിന്നെ ഞങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര അകലത്തില്‍ നീ എത്തി. ഒരിക്കലും കൈയ്യെത്തിപ്പിടിക്കാനാവാത്തത്ര അകലത്തില്‍……..

ഊറി വന്ന കണ്ണീര്‍ക്കണങ്ങള്‍ കൈ കൊണ്ട് തുടച്ചു മാറ്റി എഴുന്നേറ്റു. എത്രനേരമായി ഞാനീ സെറ്റിയില്‍ വന്നിരുന്നിട്ട്. നേരം സന്ധ്യയോടടുക്കുന്നു. നരേട്ടന്‍ അകത്തെവിടെയോ വിശ്രമിക്കുകയാണ്. കൃഷ്ണമോളും ദേവാനന്ദും മോനേയും കൂട്ടി പാര്‍ക്കിലോ മറ്റോ പോയിരിക്കുന്നു. അവര്‍ തിരിച്ചെത്തും മുമ്പ് വൈകിട്ടത്തെ ആഹാരമുണ്ടാക്കണം.
രണ്ടു ദിവസം കഴിഞ്ഞാല്‍ കോളേജില്‍ പോയിത്തുടങ്ങണം. കുറെ നോട്ട്‌സ് പ്രിപ്പയര്‍ ചെയ്യാനുണ്ട്. ധൃതിയില്‍ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു.

നരേട്ടന്‍ ശബ്ദം താഴ്ത്തി വച്ച് ഏതോ ഹിന്ദി ഗാനം കേള്‍ക്കുന്നു. ദുഃഖത്തിന്റെ ആഴത്തില്‍ നിന്നും പൊന്തി വന്ന് ഹൃദയത്തെ വലയം ചെയ്യുന്ന ഒരു ഹിന്ദി ഗാനം. അതിന്റെ നേര്‍ത്ത കൈപ്പിടിയില്‍ ഒതുങ്ങി,ആ വേദനയില്‍ മുങ്ങിത്താഴ്‌ന്നെന്നപ്പോലെ നരേട്ടന്‍ കിടക്കുന്നു. ഒരിക്കലും മോചനമാഗ്രഹിക്കാത്ത ഒരു തടവറയിലെന്ന പോലെ.

അടുക്കളയില്‍ ചപ്പാത്തിയും കറികളും ഉണ്ടാക്കുന്ന തിരക്കില്‍ ഞാന്‍ മറ്റെല്ലാം മറന്നു. ആഹാരം ഉണ്ടാക്കി കാസ്സറോളിലാക്കി മേശപ്പുറത്തു വയ്ക്കുമ്പോളോര്‍ത്തു. രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങിലൊന്നായിരുന്നു ചപ്പാത്തിയും, ക്വാളിഫ്‌ളവര്‍ കറിയും. അവനു വേണ്ടി എന്ന് സങ്കല്പിച്ച് ഒരു പ്ലേറ്റ് മാറ്റി വച്ചു.

ഒരുപക്ഷേ ആരും കാണാതെ ഏതോ അജ്ഞാത തീരത്തു നിന്ന് അവന്‍തന്റെ പ്രിയപ്പെട്ടവരെത്തേടി വന്നാലോ….

ഈ മേശപ്പുറത്തു വന്നിരുന്ന് അവന്റെ പ്രിയപ്പെട്ട വിഭവം ആസ്വദിക്കാന്‍ , ഒരിക്കല്‍ കൂടി അവന്റെ പ്രിയപ്പെട്ട പപ്പയെയും മമ്മിയെയും കൃഷ്ണമോളെയും കാണാന്‍ ആത്മാക്കളുടെ ലോകത്തു നിന്ന് അവന്‍ ഇറങ്ങി വന്നാലോ……

അങ്ങനെ മനസ്സ് വെറുതെ വ്യാമോഹിച്ചു.
ഒരു പക്ഷേ നഷ്ടപ്പെട്ടതിനെ തിരികെക്കിട്ടുവാനുള്ള മനസ്സിന്റെ തീവ്രമായ ആഗ്രഹം….. അതിനു വേണ്ടിയുള്ള മനസ്സിന്റെ മൂഢ പ്രേരണയായിരിക്കാം അത്. എങ്കിലും അത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിക്കുവാന്‍ ഹൃദയം കൊതിച്ചു.

രാഹുല്‍ മോന്‍ കടന്നു പോയ ദിനങ്ങളൊന്നില്‍ എവിടെ നിന്നോ പറന്നെത്തിയ ഒരു കൊച്ചു കുരുവി എന്നിലെ ശ്രദ്ധയെ പിടിച്ചു നിര്‍ത്തിയതോര്‍ത്തു. സിറ്റൗട്ടിന്റെ കൈവരികളിലും ചവിട്ടു പടിയിലും പിന്നെ വാതില്‍പ്പടിയിലും വന്നിരുന്ന് പ്രിയപ്പെട്ട ആരേയോ പ്രതീക്ഷിച്ചെന്നപ്പോലെ പറന്നു കളിച്ചിരുന്ന കുഞ്ഞിക്കുരുവി.
ഞാനടുത്തു ചെന്നിട്ടും ഭയമേതുമില്ലാതെ എന്നെ ഉറ്റുനോക്കിയിരുന്ന ആ കുഞ്ഞിക്കിളിക്ക് രാഹുല്‍മോന്റെ ഛായയുണ്ടെന്നു തോന്നി. ഒരു പക്ഷേ രാഹുല്‍ മോന്റെ ആത്മാവ് ഒരു കുഞ്ഞി ക്കിളിയായി വന്നതായിരിക്കുമോ? ഞാനടുത്ത് ചെന്നിരുന്ന് അതിനെ കൈകളിലെടുത്തപ്പോള്‍ എന്റെ വാത്സല്യം പ്രതീക്ഷിച്ചെന്ന പോലെ അത് കൈകളിലൊതുങ്ങി ഇരുന്നത്….
ഒടുവില്‍ വേദന സ്ഫുരിക്കുന്ന ചിലമ്പിച്ച സ്വരത്തില്‍ ചിലച്ചു കൊണ്ട് അത് പറന്നകന്നത്……

ആത്മാക്കളുടെ ലോകത്തു നിന്നും അവന്‍ എന്നെ തേടിയെത്തിയതാ ണെന്നു തോന്നി. ഒരു നിമിഷനേര ത്തേയ്‌ക്കെങ്കിലും എന്റെ വാത്സല്യം നുകരാനുള്ള അത്യുല്‍ക്കടമായ ദാഹത്തോടെ !. …

അതില്‍പ്പിന്നെ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അവനുള്ള ആഹാരവും വിളമ്പി വയ്ക്കുക പതിവായി.
കോളിംഗ് ബെല്ലില്‍ ശക്തിയായി വിരലമര്‍ത്തുന്നത് കേട്ടാണ് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. എഴുന്നേറ്റു ചെന്ന് വാതില്‍ തുറന്നപ്പോള്‍ ദേവാനന്ദും, കൃഷ്ണമോളും, ടുട്ടുമോനുമായിരുന്നു.കൃഷ്ണമോളുടെ കൈയ്യില്‍ നിന്നും ടുട്ടുമോനെ വാങ്ങി.

അവനെ കൊഞ്ചിച്ചു കൊണ്ട് തിരിഞ്ഞു നടക്കുമ്പോള്‍ കൃഷ്ണമോള്‍ പറയുന്നതു കേട്ടു
”മമ്മീ… നാളെ രാവിലെ ഞങ്ങള്‍ ബാംഗ്ലൂര്‍ക്ക് തിരിക്കുകയാണ്.”

”ഇത്ര പെട്ടെന്നോ… കുറച്ചു ദിവസം കൂടി കഴിഞ്ഞ് തിരിച്ചു പോയാല്‍ പ്പോരേ… മോനെക്കണ്ട് ഞങ്ങളുടെ കൊതി തീര്‍ന്നില്ല…’ ഞാന്‍ ദുഃഖത്തോടെ പറഞ്ഞു.
”അത് മമ്മീ… ഞങ്ങളുടെ ലീവ് തീര്‍ന്നു. മറ്റന്നാള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കമ്പനിയില്‍ ജോയിന്‍ ചെയ്യണം.”

ഇതറിയുമ്പോള്‍ നരേട്ടന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഞാനോര്‍ത്തു നോക്കി. രാഹുല്‍ മോന്റെ സഹപാഠിയായിരുന്നു അരുണുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തെ വീണ്ടും അവന്റെ ഓര്‍മ്മകളിലേക്കു നയിച്ച് തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കു കയാണ്.

ഇന്നിപ്പോള്‍ ടുട്ടുമോനായിരിക്കും ആ മനസ്സിന് അല്‍പം ആശ്വാസം നല്‍കുന്നത്. അവനും കൂടി തന്നെ വിട്ടു പോവുകയാണെന്നറിയുമ്പോള്‍ ദുര്‍ബ്ബല ഹൃദയനായ നരേട്ടന് അത് താങ്ങാനാവുമോ?….

ആശങ്കകള്‍ ഹൃദയത്തെ കീറി മുറിച്ച് കടന്നു പോയിക്കൊണ്ടിരുന്നു. ടുട്ടുമോനെയും കൊണ്ട് നരേട്ടന്റെ മുറിയിലേയ്ക്കു നടക്കുമ്പോള്‍ പറഞ്ഞു.

”രണ്ടുപേരും വസ്ത്രം മാറി വന്ന് ആഹാരം കഴിച്ചോളൂ… ഞാന്‍ മൂടി വച്ചിട്ടുണ്ട്.”
”മമ്മീ ഞങ്ങള്‍ പുറത്തു നിന്നും ആഹാരം കഴിച്ചു. ദേവേട്ടന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമാണിഷ്ടം. പിന്നെ മമ്മിയെ ബുദ്ധിമുട്ടിയ്‌ക്കേണ്ടെന്നു വിചാരിച്ചു.”

അവര്‍ക്കു വേണ്ടി ഞാന്‍ പാടുപ്പെട്ടുണ്ടാക്കിയതെല്ലാം വെറുതെയായല്ലോ എന്ന് മനസ്സിലോര്‍ത്തു. പിന്നെപ്പറഞ്ഞു.

”ഞാനും ചപ്പാത്തിയും കോളിഫ്‌ളവര്‍ കറിയുമാണുണ്ടാക്കിയത്. ദേവാനന്ദിനിഷ്ടം അതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.”

പെട്ടെന്ന് ദേവാനന്ദ് പറഞ്ഞു.

”സോറി മമ്മീ… മമ്മീ പാടുപെട്ട് ഞങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയതല്ലെ. ഞാനല്‍പം കഴിക്കാം…’
അയാള്‍ തന്റെ മാതൃഭാഷയില്‍ അങ്ങനെ പറഞ്ഞ് മേശയുടെ സമീപമിരുന്ന് പ്ലേറ്റ് തുറന്നു വച്ചു. എന്നിട്ട് മണം പിടിച്ച് കൊണ്ട് പറഞ്ഞു.

”അരേ വാഹ് കോളിഫ്‌ളവര്‍. ഇതിന്റെ മണം കേള്‍ക്കുന്നതു തന്നെ എനിക്ക് എന്തിഷ്ടമാണെന്നോ…’

ദേവാനന്ദ് വാഷ് ബേസിന്റെ അടുത്തു പോയി കൈകള്‍ കഴുകി തിരിച്ചു വന്നു. എന്നിട്ട് ചപ്പാത്തി ഒന്നു രണ്ടെണ്ണമെടുത്ത് കോളിഫ്‌ളവര്‍ കറി കൂട്ടി കഴിക്കാന്‍ തുടങ്ങി. അയാള്‍ സ്വാദോടെ കഴിക്കുന്നതു കണ്ട് സംതൃപ്തിയോടെ ഞാന്‍ തിരിഞ്ഞു നടന്നു.

നരേട്ടന്റെ മുറിയിലെത്തി ടുട്ടുമോനെ ആ കൈകളില്‍ നല്‍കി. നരേട്ടന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്ന ശോകഛവി ആ കണ്‍തടങ്ങള്‍ക്കു താഴെ കറുപ്പു പടര്‍ത്തിയിരുന്നു. ഹൃദയത്തില്‍ തിങ്ങി വിങ്ങുന്ന വേദന നെറ്റിയിലും മുഖത്തും ചുളിവു പടര്‍ത്തിയിരിക്കുന്നു. അടക്കാനാവാത്ത വൃഥയുടെ നിഴല്‍പ്പാടുകള്‍ അദ്ദേഹത്തെ കൂടുതല്‍ വയസ്സനാക്കിയിരിക്കുന്നു.

പക്ഷേ ടുട്ടുമോനെ കൈകളില്‍ വാങ്ങുമ്പോള്‍ ആ മുഖം അല്‍പ നേരത്തേയ്‌ക്കെങ്കിലും പ്രകാശമാനമായി. അതിന്റെ സ്ഫുരണങ്ങള്‍ ആ ചുണ്ടുകളില്‍ നേര്‍ത്ത വേദനയുടെ നിഴല്‍പ്പാടോടെ തത്തിക്കളിച്ചു. ആകവിളുകളിലുരസിഅവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം വിളിച്ചു.

”മുത്തച്ഛന്റെ പൊന്നു മോനെ… നീയും മുത്തച്ഛനെ വിട്ട് നിന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ പോകുമോടാ… നീയാണ് മുത്തച്ഛനിപ്പോള്‍ ഏക ആശ്വാസം. നീയും കൂടി പോയാല്‍ മുത്തച്ഛന്‍ തകര്‍ന്നു പോകുമെടാ…’

ആ വാക്കുകള്‍ ഹൃദയത്തിലെവിടെയോ തറഞ്ഞു നിന്ന് വേദനയുളവാക്കി.
നാളെ അവന്‍ അച്ഛനമ്മമാരോടൊപ്പം മടങ്ങിപ്പോവുകയാണ് എന്നറിയുമ്പോള്‍ നരേട്ടന്റെ പ്രതികരണമെന്തായിരിക്കും. അതിന്റെ ഉത്തരം തേടി നിമിഷനേരത്തേയ്ക്ക് ഞാനാ കട്ടിലില്‍ ചലനമറ്റിരുന്നു.

ബൈപ്പാസ് ശസ്ത്രക്രിയ കഴിയുമ്പോള്‍ ഡോക്ടര്‍ പറഞ്ഞിരുന്നതോര്‍ത്തു.

”കൂടുതല്‍ ആഘാതമൊന്നും ആ ഹൃദയത്തിനിനി താങ്ങാനാവുകയില്ല. അതുകൊണ്ടു തന്നെ അത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.”
നരേട്ടനെ എന്തു പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്? ടുട്ടുമോനെ പിരിയാതിരിക്കാന്‍ അദ്ദേഹത്തിനു മുമ്പില്‍ എന്തു പോംവഴിയാണ് എനിക്കു നിര്‍ദ്ദേശിക്കാനുള്ളത്?

ഒരുത്തരം തേടി ഞാന്‍ മുകളിലേയ്ക്കു മിഴിയയച്ചു. അവിടെ വലകള്‍ നെയ്തു കൊണ്ടിരുന്ന ഒരെട്ടുകാലിയെ കണ്ടു. അതുപോലെ എന്റെ ഹൃദയത്തിലും വേദനയുടെ നനുത്ത വലകള്‍ പടര്‍ന്നു തുടങ്ങിയിരുന്നു.

എട്ടുകാലിയുടെ കരങ്ങളില്‍ ഇരയെ എന്നപോലെ ആ വേദനയ്ക്കിടയിലും എന്റെ മനസ്സ് ഒരുത്തരത്തിനായി പിടഞ്ഞു കൊണ്ടിരുന്നു .

നരേട്ടനെ എന്തുപറഞ്ഞു സമാധാനിപ്പിക്കും?

അന്ന് ടുട്ടുമോനെ അദ്ദേഹം കളിപ്പിക്കുന്നതും നോക്കി വേവലാതിയോടെ ഏറെ നേരം ഞാന്‍ കട്ടിലിലിരുന്നു.
പിന്നീടവനെ നരേട്ടന്റെ കൈകളില്‍ നിന്നും അടര്‍ത്തി മാറ്റി, കൃഷ്ണമോളുടെ അടുത്തേയ്ക്കു കൊണ്ടു പോകുവാന്‍ തുടങ്ങുമ്പോള്‍ നരേട്ടന്‍ ചോദിച്ചു.

”ഇന്നവനെ എന്റെയടുത്ത് കിടത്തിക്കൂടെ… അവനെ കൊഞ്ചിച്ച്, കളിപ്പിച്ചിരിക്കുമ്പോള്‍ വലിയ മനഃസമാധാനം തോന്നുന്നു.”

”അത് നരേട്ടാ…’ ഞാന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി മൂകയായി .

‘ഉം… എന്താ… തനിയ്‌ക്കെന്തോ പറയാനുണ്ടല്ലോ? എന്താണെങ്കിലും പറഞ്ഞോളൂ.’
”നരേട്ടന്‍ വിഷമിക്കരുത്. നാളെ കാലത്ത് അവര്‍ ബാംഗ്ലൂര്‍ക്ക് മടങ്ങിപ്പോവുകയാണ്. കൃഷ്ണമോളു ടേയും ദേവാനന്ദിന്റെയും ലീവ് തീര്‍ന്നത്രെ.”
എന്റെ വാക്കുകള്‍ കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചെന്നു തോന്നി.

”ഇത്ര പെട്ടെന്നോ? കുറച്ചു ദിവസം കൂടി അവര്‍ക്കിവിടെ കഴിഞ്ഞാലെന്താ? അവരുടേയും കൂടി വീടല്ലെ ഇത്? മാത്രമല്ല ടുട്ടുമോനെ കണ്ട് കൊതി തീര്‍ന്നിട്ടില്ല. അതിനു മുമ്പ്.”

നരേട്ടന്‍ പൊട്ടിത്തെറിക്കുന്ന പോലെ പറഞ്ഞു. അവസാനത്തെ അത്താണിയും നഷ്ടപ്പെടുമ്പോഴുള്ള വേദന ആ വാക്കുകളില്‍ നിറഞ്ഞു നിന്നു.
”നീ അവരോട് പറയ് കുറച്ചു ദിവസം കൂടി കഴിഞ്ഞു പോകാം എന്ന്. അല്ലെങ്കില്‍ വേണ്ട ഞാന്‍ പറയാം.”
നരേട്ടന്‍ അങ്ങനെ പറഞ്ഞ് എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് ഞാന്‍ പറഞ്ഞു.
”വേണ്ട നരേട്ടാ… കൃഷ്ണമോള്‍ നമ്മള്‍ പറയുന്നതൊന്നും കേട്ടുവെന്ന് വരികയില്ല. മാത്രമല്ല ചില കമ്പനികള്‍ അത്ര നീണ്ട അവധിയൊന്നും ആര്‍ക്കും നല്‍കുകയില്ല. തിരിച്ചു ചെല്ലുമ്പോള്‍ അവരുടെ ജോലി നഷ്ടമായാല്‍ നാമായിരിക്കും അതിന്റെ പഴി കേള്‍ക്കേണ്ടി വരിക.”

”ഓ… അങ്ങിനെയെങ്കില്‍ വേണ്ട. ഞാനായിട്ട് അവരുടെ ഭാവി നശിപ്പിക്കുന്നില്ല. അവര്‍ മോനെ കൊണ്ടുപോയിക്കൊള്ളട്ടെ.”

നരേട്ടന്‍ പിന്തിരിഞ്ഞു കൊണ്ട് പറഞ്ഞു. എങ്കിലും മോനെ വിട്ടു പിരിയാനുള്ള വേദന അദ്ദേഹത്തില്‍ നിറഞ്ഞു നിന്നു. അദ്ദേഹം അവനെ കൈകളിലെടുത്ത് ആ ഓമന മുഖം മുത്തങ്ങള്‍ കൊണ്ടു മൂടി. തന്റെ കണ്ണുനീരാല്‍ അദ്ദേഹം ആ കുഞ്ഞു മുഖത്തെ അഭിഷേകം ചെയ്തു. അപരീഹാര്യമായ നഷ്ടങ്ങള്‍ക്കിടയില്‍ ഒരു ചെറിയ മഞ്ഞുതുള്ളിയായിരുന്നു നരേട്ടനാ കുഞ്ഞ്.

രാഹുല്‍മോന്റെ ദര്‍ശനം സാദ്ധ്യമാക്കിയ കുരുന്നു പൈതല്‍. എന്നാല്‍ ജീവിതത്തില്‍ ഒന്നും ശാശ്വതമല്ല എന്ന സത്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഈ കുരുന്നും അദ്ദേഹത്തെ വിട്ടുപിരിയാന്‍ തുടങ്ങുന്നു.

പെട്ടെന്ന് എന്തോ ഓര്‍ത്ത് നരേട്ടന്‍ ചോദിച്ചു
.”മീരാ… ഇന്നൊരു രാത്രിയില്‍ ഈ ഒരു രാത്രിയിലേയ്ക്ക് മാത്രം ടുട്ടുമോനെ എന്റടുത്തു കിടത്താന്‍ മോളാടൊന്നു പറയുമോ. അവനെ ഈ രാത്രി മുഴുവന്‍ ഞാന്‍ കണ്ടു കൊള്ളട്ടെ.”

നരേട്ടന്റെ ആ ആഗ്രഹം എന്റെ ഉള്ളിലും ചലനങ്ങളുളവാക്കി. ഒരു രാത്രി കൂടി തന്റെ രാഹുല്‍ മോന്റെ ഛായയുള്ള പേരക്കുഞ്ഞിനെ അടുത്തു കിടത്തി ലാളിക്കുവാനുള്ള അദ്ദേഹത്തിന്റെ അദമ്യമായ മോഹം. ആ മോഹത്തെ അംഗീകരിക്കുവാന്‍ ഞങ്ങളുടെ മകള്‍ക്കാവുകയില്ലെ? അവളെ കൈകളിലെടുത്തുലാളിച്ചതും ആ കൈകള്‍ തന്നെയല്ലെ.

ഞാന്‍ കൃഷ്ണമോളുടെ മുറിയിലെത്തി അവളോടുള്ള വാത്സല്യം മുഴുവന്‍ വാക്കുകളിലൂടെ പുറത്തെടുത്തു ആതോളില്‍ കൈവച്ചു ചോദിച്ചു.

”കൃഷ്ണമോളെ…. പപ്പ ചോദിക്കുന്നു ഇന്ന് ഒരു രാത്രിയില്‍ അവനെ അദ്ദേഹത്തിന്റെ അടുത്ത് കിടത്തിക്കോട്ടെ എന്ന്. നാളെ നിങ്ങള്‍ മടങ്ങിപ്പോവുകയല്ലെ…’

ബെഡ്‌റൂമിലെ ടിവിയില്‍ ദേവാനന്ദിനോടൊപ്പം മിഴിനട്ടിരുന്ന കൃഷ്ണമോള്‍ പെട്ടെന്ന് ഒരു മങ്ങിയ ചിരിയോടെ എന്നെ നോക്കി. പിന്നെ ജിജ്ഞാസയോടെ ചോദിച്ചു.

”പപ്പാ ഇനി അവനെ ഞങ്ങള്‍ക്കു വിട്ടു തരികയില്ലെന്നു വരുമോ മമ്മി. പപ്പായ്ക്ക് അവനെ വിട്ടുപിരിയാന്‍ വലിയ വിഷമമാണല്ലോ.”

”ശരിയാണ് മോളെ. രാഹുല്‍ മോന്‍ പോയതില്‍ പിന്നെ പപ്പാ ആകെ അപ്‌സെറ്റാണ്. അതില്‍ നിന്നും ഒരു ചെറിയ മോചനം കിട്ടിയത് ടുട്ടുമോനെ കണ്ടപ്പോഴാണ്. അവനെയും ഇത്ര പെട്ടെന്ന് പിരിയുകയെന്നു വച്ചാല്‍ അതദ്ദേഹത്തിന് താങ്ങാനാവുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് വല്ലതും വന്നു പോകുമോ എന്നാണ് എന്റെ പേടി.

”എങ്കില്‍ മമ്മിയും, പപ്പയും കൂടി ഈ വീടുവിറ്റ് ഞങ്ങളുടെ കൂടെപ്പോരൂ… അപ്പോള്‍ എപ്പോഴും ടുട്ടുമോനെ കാണാമല്ലോ…’

കൃഷ്ണമോള്‍ പലപ്പോഴുമെന്നതു പോലെ ആ വാക്കുകള്‍ വീണ്ടും ആവര്‍ത്തിച്ചത് എന്നെ വല്ലാതെ ഞെട്ടിച്ചു. ഈ വീടുവിറ്റു പോവുകയെന്നാല്‍ അതു പലതരത്തില്‍ ഞങ്ങളെ ബാധിക്കും. ഈ വീടും പരിസരവുമാണ് രാഹുല്‍മോന്റെ സാന്നിദ്ധ്യം എല്ലായ്‌പ്പോഴും ഞങ്ങളെ അനുഭവിപ്പിക്കുന്നത്. ആ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതും ഈ വീടു തന്നെ.

ഇവിടം വിട്ടുപോവുകയെന്നാല്‍ അതു ഞങ്ങളുടെ മനസ്സിനെ വല്ലാതെ പീഡിപ്പിക്കും. ഒരു പക്ഷേ ഞങ്ങളുടെ മനോനില തന്നെ തെറ്റിയെന്നു വരും. അതിലുപരിയായി എന്റെ ജോലി…. അതുപേക്ഷിച്ചു പോകുന്നതെങ്ങിനെ?
റിട്ടയര്‍ ചെയ്യുവാന്‍ ഇനിയും രണ്ടു മൂന്നു കൊല്ലം കൂടി ബാക്കിയുണ്ട്. മാത്രമല്ല ഇപ്പോള്‍ ഈ ജോലിയാണ് ഏക ആശ്വാസം. ഇതെല്ലാം ഓര്‍ത്തു കൊണ്ട് ഞാന്‍ പറഞ്ഞു

‘കൃഷ്ണമോള്‍ ഇപ്പോള്‍ പറഞ്ഞത് ഒട്ടും പ്രാവര്‍ത്തികമല്ല. ഇവിടുന്ന് ഞങ്ങള്‍ ബാംഗ്ലൂര്‍ക്ക് വരികയെന്നു വച്ചാല്‍ അതിന് പല തടസ്സങ്ങളുണ്ട്. ഒന്നാമത് എന്റെ ജോലി ഞാന്‍ ഉപേക്ഷിക്കേണ്ടി വരും. റിട്ടയര്‍ ചെയ്യാന്‍ ഇനിരണ്ടു മൂന്നു കൊല്ലം കൂടിയേ ഉള്ളൂ. അതുകഴിഞ്ഞ് പോരേ അതേപ്പറ്റിയൊക്കെ ആലോചിക്കാന്‍.
”പക്ഷെ മമ്മി ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ. എല്ലാം മമ്മിയുടേയും, പപ്പയുടേയും ഇഷ്ടം.”

അവള്‍ ഒഴിഞ്ഞു മാറിയെങ്കിലും
ഒരു കനല്‍ക്കട്ട പോലെ ഉള്ളില്‍ എരിയുന്ന ആ ആഗ്രഹത്തിനു പുറകേയാണ് അവളെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടായിരുന്നില്ല. ഈ വീടു വിറ്റ് ഒരു നല്ല തുക നേടുകയാണ് അവളുടെ ലക്ഷ്യം. അതിനെപ്പറ്റി അവളിപ്പോള്‍ തുറന്നു സംസാരിക്കാതിരുന്നത് ദേവാനന്ദ് അടുത്തുള്ളത് കൊണ്ടായിരിക്കാം. പക്ഷെ അവള്‍ മുഖം വീര്‍പ്പിച്ച് മിണ്ടാതിരുന്നപ്പോള്‍ എനിക്കു മനസ്സിലായി, അവള്‍ കോപത്തിലാണെന്ന്. അതുകണ്ട് അവളെ അനുനയിപ്പിക്കാനായി ഞാന്‍ പറഞ്ഞു.

”നമുക്കതെപ്പറ്റിയൊക്കെ സാവധാനം ആലോചിക്കാം മോളെ. ഇപ്പോള്‍ ഞാന്‍ ചോദിച്ചതിന് ഉത്തരം പറയൂ. ടുട്ടുമോനെ ഈ രാത്രി കൂടി പപ്പയുടെ അടുത്ത് കിടത്തിക്കോട്ടെ…’
അവള്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ ദേവാനന്ദ് ഇടപെട്ടു കൊണ്ട് പറഞ്ഞു.
”ഹാം മാംജി. നിങ്ങള്‍ ഈ രാത്രി കൂടി മോനെ അടുത്തു കിടത്തിക്കോളൂ. നാളെ രാവിലെ ആറുമണിയാകുമ്പോള്‍ ഞങ്ങളുടെ അടുത്ത് എത്തിച്ചാല്‍ മതി. രാവിലെ എട്ടുമണിയ്ക്കുള്ള ട്രെയിനിന് ഞങ്ങള്‍ക്ക് ബാംഗ്ലൂര്‍ക്ക് മടങ്ങിപ്പോകണം.”

ദേവാനന്ദ് എല്ലാം മനസ്സിലാക്കി എന്ന് മനസ്സിലായി. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു. കൃഷ്ണമോളെപ്പോലെയല്ല ദേവാനന്ദെന്ന് ഒരിക്കല്‍ കൂടി ഉറപ്പായി. ഇങ്ങനെ ഒരു മരുമകനെ ആണല്ലോ ഞങ്ങള്‍ ആഗ്രഹിച്ചത് എന്ന് ഓര്‍ത്തു.

പക്ഷെ ശാഠ്യക്കാരിയായ കൃഷ്ണമോളുടെ പിടിവാശിയ്ക്കു മുന്നില്‍ ദേവാനന്ദ് കീഴ്വഴങ്ങിപ്പോവുകയേ ഉള്ളൂ എന്നും ഓര്‍ത്തു.
ദേവാനന്ദ് സമ്മതം അറിയിച്ചതായിനരേ ട്ടനെ അറിയിക്കുവാന്‍ ഞാന്‍ തിരികെ മുറിയിലേയ്ക്കു നടന്നു. നരേട്ടനെ വിവരം അറിയിച്ചപ്പോള്‍ ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.

”മീരാ… ഈ ഒരു രാത്രി… ഈ ഒരു രാത്രി കൂടി എനിക്ക് എന്റെ പേരക്കുട്ടിയെ സ്വന്തമാക്കാന്‍ കഴിഞ്ഞിരിക്കുന്നു. അവനു വേണ്ടി എന്റെ ഓരോ നിമിഷവും മണിക്കൂറുകളും മാറ്റിവയ്ക്കപ്പെടു മ്പോള്‍ എന്റെ ഹൃദയത്തില്‍ നിറയുന്നത് സന്തോഷത്തിന്റെ ഒരു അലകടലാണ്.”

നരേട്ടന്റെ ചുണ്ടുകള്‍ അങ്ങിനെ മന്ത്രിക്കും പോലെ തോന്നി.

അന്ന് രാത്രിയില്‍ അവന്‍ ഉറങ്ങുന്നതു വരെ അവനെ കളിപ്പിച്ച്, കൊഞ്ചിച്ച് നരേട്ടനിരുന്നു. പിന്നെ അവന്‍ ഉറങ്ങിത്തുടങ്ങിയപ്പോള്‍ അവനെ അരികില്‍ ചേര്‍ത്തു കിടത്തി ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു. ഏതോ ഹിന്ദി മൂവിയില്‍ കമലഹാസന്‍ ശ്രീദേവിയെ ഉറക്കുന്ന താരാട്ടു മൂളി അവനെ ഉറക്കി.

നരേട്ടന്റെ നാദമധുരിമയില്‍ ഞാനും ആ താരാട്ടു കേട്ട് മെല്ലെ കണ്ണുകള്‍ പൂട്ടി, അരികില്‍ ചേര്‍ന്നു കിടന്നു.

സുഖസുഷുപ്തിയിലാണ്ട ഒരു രാത്രി കൂടി കടന്നു പോയി.

പിറ്റേന്ന് കാലത്ത് വാതില്‍ക്കല്‍ മുട്ടു കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്. വാതില്‍ തുറന്നു നോക്കുമ്പോള്‍ ദേവാനന്ദും, കൃഷ്ണമോളും പുഞ്ചിരിയോടെ നില്‍ക്കുന്നു.

”ഞങ്ങള്‍ക്ക് യാത്ര പുറപ്പെടാന്‍ സമയമായി മമ്മീ… മോനെ ഇങ്ങു തരൂ…’

കൃഷ്ണമോള്‍ ധൃതി കൂട്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ നരേട്ടന്‍ മോനെ കെട്ടിപ്പിടിച്ചു കിടന്ന് നല്ല ഉറക്കമാണ്. ആ സുഖ സുഷുപ്തിയില്‍ നിന്ന് അവരെ ഉണര്‍ത്തുവാന്‍ മടി തോന്നി. എങ്കിലും ഇനിയും താമസിച്ചാല്‍ കൃഷ്ണമോള്‍ക്ക് ബാംഗ്ലൂര്‍ക്കുള്ള ട്രെയിന്‍ ലഭിക്കാതെ വന്നാലോ എന്നാലോചിച്ച് നരേട്ടനെ കുലുക്കി വിളിച്ചു

”നരേട്ടാ… കൃഷ്ണമോളും, ദേവാനന്ദും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. നരേട്ടന്‍ മോനെ അവര്‍ക്കു കൊടുക്കൂ.”

അപ്പോഴേയ്ക്കും കൃഷ്ണമോള്‍ നരേട്ടന്റെ അടുത്തെത്തി.
”പപ്പാ… ബാംഗ്ലൂര്‍ക്കുള്ള ട്രെയിന്‍ എട്ടു മണിയ്ക്കു തന്നെ വന്നെത്തും. താമസിച്ചാല്‍ ആ ട്രെയിന്‍ഞങ്ങള്‍ക്ക് കിട്ടുകയില്ല.”
നരേട്ടന്‍ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെ ഴുന്നേറ്റു കൊണ്ടു പറഞ്ഞു.

”ഓ… ഞാനോര്‍ത്തില്ല നിങ്ങള്‍ക്കിന്ന് ബാംഗ്ലൂര്‍ക്ക് പോകേണ്ടതാണെന്ന് .. മോനെ കളിപ്പിച്ചു കൊണ്ട് കിടന്നതു കാരണം രാത്രിയില്‍ അല്‍പം വൈകിയാണ് ഉറങ്ങിയത്.”

”അതു സാരമില്ല പപ്പാ… മോനെ ചൂടുവെള്ളത്തില്‍ ഒന്നു മേല്‍ക്കഴുകിച്ചെടുക്കണം. നല്ല തണുപ്പായതുകൊണ്ട് കുളിപ്പിക്കുന്നില്ല. വേഗം തരൂ പപ്പാ…’
അവള്‍ ധൃതി കൂട്ടിക്കൊണ്ട് നരേട്ടന്റെ കൈയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങാന്‍ തുനിഞ്ഞു. ഒരു കമ്പിളിത്തൊപ്പിയും കമ്പിളി ഉടുപ്പുമാണ് അപ്പോള്‍അവനെ ധരിപ്പിച്ചിരുന്നത്

നരേട്ടന്റെ തോളില്‍ക്കിടന്നുറങ്ങിയിരുന്ന അവനെ കൃഷ്ണമോള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും പിടിച്ചു വാങ്ങുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ അവനെ നല്‍കുമ്പോള്‍ നരേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഒപ്പം ഉണര്‍ന്നെണീറ്റ കുഞ്ഞും ഉറക്കെ കരയാന്‍ തുടങ്ങി. മുത്തച്ഛന്റെ ഇളം ചൂടുള്ള സ്‌നേഹ സ്പര്‍ശത്തില്‍ നിന്ന് അവനെ അടര്‍ത്തിയെടുത്തതിലുള്ള വിദ്വേഷത്തോടെ അവന്‍ ഉറക്കെക്കരഞ്ഞു. അപ്പോള്‍ കൃഷ്ണമോള്‍ പറഞ്ഞു.
”കണ്ടില്ലേ പപ്പയ്ക്കും, കൊച്ചുമോനും തമ്മില്‍പ്പിരിയാന്‍ ഇപ്പോള്‍ത്തന്നെ വലിയ വിഷമം. ഇത്ര കുറച്ചു ദിവസങ്ങള്‍ കൊണ്ട് നിങ്ങള്‍ തമ്മില്‍ ഇത്രയേറെ അടുത്തു. അപ്പോള്‍പ്പിന്നെ കൂടുതല്‍ ദിവസങ്ങള്‍ ഞങ്ങള്‍ ഇവിടെ തങ്ങിയിരുന്നുവെങ്കില്‍ പപ്പ പിന്നെ മോനെ ഞങ്ങള്‍ക്ക് തന്നു വിടുകയേ ഇല്ലായിരുന്നല്ലോ…’

കൃഷ്ണമോള്‍ അങ്ങിനെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി ചിരിച്ചു. അപ്പോള്‍ അവര്‍ ഇത്ര പെട്ടെന്ന് തിരികെപ്പോകാനുള്ള ഒരു കാര്യം അതാണെന്നു തോന്നി. അതുകേട്ട് തൊണ്ടയിടറിക്കൊണ്ട് നരേട്ടന്‍ പറഞ്ഞു.
”ശരിയാണ് കൃഷ്ണമോളെ… ഇവനെപ്പിരിയേണ്ടി വരുമ്പോള്‍ എനിക്കു വലിയ വിഷമം തോന്നുന്നു. ഹൃദയത്തിന് വല്ലാത്ത ഭാരം.”
”പപ്പയും, മമ്മിയും എങ്കില്‍ പിന്നെ ഞങ്ങളടെ കൂടെപ്പോരൂ… അതു മാത്രമേ ഇതിനു പരിഹാരമായുള്ളൂ പപ്പാ…’

കൃഷ്ണമോള്‍ അതു തന്നെ വീണ്ടും ആവര്‍ത്തിക്കുന്നതു കേട്ടപ്പോള്‍ ഞാനിടയില്‍ക്കയറിമെല്ലെ പറഞ്ഞു.

”അതിനീ വീടു വില്‍ക്കുകയും എന്റെ ജോലി ഉപേക്ഷിക്കുകയും ഒക്കെ വേണ്ടെ… അതുടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ല”

എന്റെ പതിഞ്ഞ വാക്കുകള്‍ കൃഷ്ണമോളെ ചൊടിപ്പിച്ചുവെന്നു തോന്നി.
”എങ്കില്‍ മമ്മി ഈ വീടും ജോലിയും ഉപേക്ഷിക്കാതെ കെട്ടിപ്പിടിച്ചിരുന്നോ. പപ്പായ്ക്ക് വിഷമം മൂത്ത് എന്തെങ്കിലും സംഭവിക്കുമ്പോള്‍ മമ്മിയ്ക്കു സമാധാനവുമല്ലോ…’
അങ്ങനെ പറഞ്ഞ് അവള്‍ ടുട്ടുമോനെയുമെടുത്ത് വേഗത്തില്‍ നടന്നു മറഞ്ഞു.

അന്ന് കാലത്ത് എട്ടുമണിയോടെ മോനെയുമെടുത്ത് യാത്രയാകുമ്പോള്‍ നൊമ്പരം കടിച്ചിറക്കി വാതില്‍ക്കല്‍ നിന്നിരുന്ന നരേട്ടനോടു മാത്രം അവള്‍ യാത്ര പറഞ്ഞു.
എന്നെ മനഃപൂര്‍വ്വം അവഗണിക്കുക യാണെന്ന് മനസ്സിലായി.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px