സ്വാതന്ത്ര്യത്തിന്റെ ഭിന്നമുഖങ്ങളെക്കുറിച്ച് വിലയിരുത്താനുള്ള ദിനമാണിന്ന്. നാം സ്വതന്ത്രരായിട്ട് 78 വര്‍ഷങ്ങളായിട്ടും അതിനായി പ്രയത്‌നിച്ചവര്‍ മുന്നില്‍ കണ്ട രാജ്യമാണോ ഇന്ന് ഭാരതം ! അധിനിവേശ ശക്തികള്‍ ഇപ്പോഴും പല രൂപത്തില്‍ ഇവിടെ സജീവമല്ലേ ? രാഷ്ട്രീയധികാരം കൈമാറിയെങ്കിലും ഗാന്ധിജി വിഭാവനം ചെയ്ത സ്വരാജ് എന്നു പറയുന്ന ആദര്‍ശ രാഷ്ട്രം നമുക്ക് പണിതെടുക്കാന്‍ ഇപ്പോഴും സാധിച്ചിട്ടുണ്ടോ ?
ആഗോളീകരണവും പുത്തന്‍ സാമ്പത്തിക നയങ്ങളുമെല്ലാം നമുക്കു മുന്നില്‍ പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാല്‍ ഭൂതകാലവും വര്‍ത്തമാനകാലവും താരതമ്യം ചെയ്ത് ഐശ്വര്യപൂര്‍ണമായ ഒരു ഭാവി നെയ്‌തെടുക്കാന്‍ നമുക്ക് കഴിയണം. സ്വാതന്ത്ര്യം എന്നത് ഭൗതികം മാത്രമല്ല, മാനസികവും ആത്മീയവുമാണെന്ന് നാം തിരിച്ചറിയണം.
‘സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം ‘
എന്ന് കവി പാടിയത് നാമും ഏറ്റുപാടണം. നമുക്കു ലഭിച്ച സ്വാതന്ത്ര്യം എല്ലാ അര്‍ഥത്തിലും കാത്തുസൂക്ഷിക്കാനും പരിപുഷ്ടമാക്കാനുമുള്ള കനത്ത ഉത്തരവാദിത്വം നമുക്കേവര്‍ക്കുമുണ്ടെന്ന് ഓര്‍മിക്കണം.












