അരുണിന്റെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ എന്റെ ഹൃദയാന്തര്‍ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി.
അന്ന് അരുണിന്റെ നിര്‍ബന്ധം മൂലം ഞങ്ങള്‍ വൈകുന്നേരത്തോടെ റിസോര്‍ട്ടിലേയ്ക്ക് പുറപ്പെട്ടു. അരുണിന്റെ ഏതാനും സുഹൃത്തുക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
റിസോര്‍ട്ടിലേയ്ക്കുള്ള വഴിയിലുട നീളം ഇളംകാറ്റ് മെല്ലെ വീശി എന്നെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ കാറ്റ് ഇങ്ങനെ മന്ത്രിക്കുന്നതു പോലെ തോന്നി.
”കരയരുത്… ഏകാന്തമായ നിന്റെ യാത്രയില്‍ നിന്നെ വിട്ടു പോയ ആത്മാക്കള്‍ എന്നും നിനക്ക് കൂട്ടുണ്ടാകും. നിനക്ക് ശക്തി പകര്‍ന്നു കൊണ്ട് നിന്റെ നിഴലായി നിന്നോടു സഹവര്‍ത്തിച്ചു കൊണ്ട് ആ ആത്മാക്കളുടെ പുണ്യം നിന്റെ ഇനിയുള്ള ജീവിതത്തെ സഫലമാക്കും… ജീവസ്സുറ്റതാക്കും…’
ആ മന്ത്രണം കാതില്‍ അലയടിച്ചതോടെ എന്റെ ദുഃഖം പാതിയും കെട്ടടങ്ങി. ജീവിതത്തിന്റെ നീണ്ട വഴിത്താരയില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന ബോധം ഇല്ലാതെയായി. പകരം താങ്ങായി അനേകം കൈകളുണ്ടെന്ന അവബോധം എനിക്കു ശക്തി പകര്‍ന്നു.
കാറിലും ബൈക്കിലുമായി അനേകം ചെറുപ്പക്കാര്‍ എന്നെ അനുഗമിക്കുന്നുണ്ട്. എന്റെ തന്നെ വിദ്യാര്‍ത്ഥിനീ… വിദ്യാര്‍ത്ഥികളാണവര്‍… അവര്‍ എനിക്കു പകര്‍ന്നു നല്‍കുന്ന ആത്മധൈര്യം ചെറുതല്ല.
മുന്നിലെ ഇരുളടഞ്ഞ വഴിത്താരയിലുടനീളം ഒരു ചെറു കൈത്തിരി നാളമായി അവര്‍ എനിക്കു ശക്തി പകരുന്നു.
ഇനിയുള്ള ജീവിതയാത്രയില്‍ അവര്‍ നല്‍കുന്ന ശക്തിയാണ് എന്റെ ഊര്‍ജ്ജം. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു കുതിയ്ക്കുവാനുള്ള പ്രേരണ
ഇനിയും ചില മഹത്തായ ലക്ഷ്യങ്ങള്‍ എനിക്കു പ്രാവര്‍ത്തികമാക്കാനുണ്ട്.
രാഹുല്‍മോന്റെയും നരേട്ടന്റെയും പേരില്‍ അവരുടെ സ്മരണാര്‍ത്ഥം ഓരോ ചാരിറ്റബിള്‍ ട്രസ്റ്റ് എനിക്കു തുടങ്ങണം. ട്രസ്റ്റില്‍ നിന്നും പലിശയായി ലഭിക്കുന്ന തുക ഉപയോഗിച്ച് നരേട്ടന്റെയും രാഹുല്‍ മോന്റെയും പേരില്‍ പഠനത്തില്‍ ഏറ്റവും സമര്‍ത്ഥരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ്, പിന്നെ അവാര്‍ഡുകള്‍… അങ്ങനെ പല പദ്ധതികളും മനസ്സില്‍ രൂപം കൊണ്ടു. അതിനു വേണ്ടിയായിരിക്കണം ഇനിയുള്ള എന്റെ ശബളത്തില്‍ ഭൂരിഭാഗവും, പിന്നെ റിട്ടയര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന പണവും വിനിയോഗിക്കേണ്ടത്…
മനസ്സ് പദ്ധതികള്‍ക്കു പുറകേ പായുമ്പോള്‍ ഞങ്ങളുടെ കാര്‍ റിസോര്‍ട്ടിനോടടുത്തു കൊണ്ടിരുന്നു. ആഹ്ലാദഭരിതരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ സ്വയം മറന്ന് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്നു. അവര്‍ക്കു പിമ്പേ മനസ്സിനെ മേയാന്‍ വിടുമ്പോള്‍ മനഃപൂര്‍വ്വം ദുഃഖങ്ങളെ മറക്കുവാനുള്ള ഉപാധിയായി ഞാനതിനെ കണ്ടു.
റിസോര്‍ട്ടിലേയ്ക്കു കടക്കുന്ന വഴിയിലുടനീളം കാറ്റാടി മരങ്ങള്‍ വച്ചു പിടിപ്പിച്ചിരുന്നു.
ചൂളം കുത്തുന്ന കാറ്റിന്റെ ഗതിയ്ക്കനുസരിച്ചുള്ള അതിന്റെ തലയാട്ടവും ചൂളം വിളിയും ഏതോ പരേതാത്മാക്കളുടെ സ്വാഗതമായി എനിക്കു തോന്നി. അതൊരു പക്ഷെ നരേട്ടനും രാഹുലുമായിരിക്കുമോ? അവര്‍ തങ്ങളുടെ ആത്മഹര്‍ഷങ്ങള്‍ കാറ്റിലൂടെ അറിയിക്കുന്നതായിരിക്കുമോ? ഒരു പക്ഷെ ജീവിച്ചിരുന്നെങ്കില്‍? ഈ യാത്രയില്‍ അവരും പങ്കെടുക്കുമായിരുന്നു.
ഹര്‍ഷോന്മദത്തിന്റെ ദിനങ്ങള്‍ സമ്മാനിച്ചു കൊണ്ട് അങ്ങിനെ എത്രയെത്ര യാത്രകള്‍ ഞങ്ങള്‍ നടത്തിയിരിക്കുന്നു. ഇന്നിപ്പോള്‍ ജീവിതത്തിന്റെ ഈ വഴിത്താരയില്‍ എന്നെ ഒറ്റയ്ക്കായ്ക്കി നടന്നകലേണ്ടി വന്നപ്പോള്‍ തങ്ങള്‍ക്കുളവായ ഹൃദയ വേദന കാറ്റിലൂടെ പങ്കിടാനെത്തിയതായിരിക്കുമോ അവര്‍? നരേട്ടനും രാഹുലും അവര്‍ക്കൊരിയ്ക്കലും എന്നെ വേര്‍പിരിഞ്ഞിരിക്കാനാവുകയില്ലെന്നറിയാം.
കാറ്റിന്റെ ആ ചൂളം വിളി നരേട്ടനെപ്പോലെ തന്നോടിങ്ങനെ മന്ത്രിക്കുന്നതായി തോന്നി.
”മീര… നീയൊട്ടും വിഷമിക്കേണ്ട ഈ യാത്രയില്‍ ഞാനുണ്ട് നിന്റെ കൂടെ…’ അതുപോലെ രാഹുലിന്റെ ശബ്ദവും എനിക്കു കേള്‍ക്കുമാറായി.
‘മമ്മീ… മമ്മി ഒട്ടും വിഷമിക്കേണ്ട. എന്റെ പിറന്നാള്‍ ദിനത്തിലെ ഈ യാത്രയില്‍ ഞാനും നിങ്ങളോടൊപ്പമുണ്ട്. ജീവിച്ചിരുന്നപ്പോള്‍ ഞാനേറ്റവുമധികം ആനന്ദിച്ചിരുന്നത് ഈ യാത്രകളിലാണ്. എന്റെ അരുണിനോടൊപ്പം എന്റെ ഉറ്റ സുഹൃത്തുക്കളോടൊപ്പം അടിച്ചു പൊളിച്ചുള്ള ആ യാത്രകള്‍ എനിക്കു മറക്കാനാവുകയില്ല. മമ്മീ… എനിക്കു വേണ്ടി ഈ യാത്രകള്‍ മമ്മി ആഘോഷമാക്കണം… എല്ലാം മറന്ന് ആനന്ദിക്കണം.’
രാഹുലിന്റെ വാക്കുകള്‍ കാറ്റിലൂടെ ഒഴുകിയെത്തി എന്റെ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു.
”മാഡം… റിസോര്‍ട്ടെത്തി… ഇറങ്ങുന്നില്ലെ?”
അരുണിന്റെ വാക്കുകള്‍ എന്നെ തൊട്ടുണര്‍ത്തി.
വേപഥുവോടെ ചുറ്റും നോക്കിയപ്പോള്‍ കണ്ടത് നിരവധി കോട്ടേജുകളാണ്. ഇവിടെ, ചുറ്റുമുള്ള കാറ്റിന്റെ ഗന്ധം എനിക്കു പരിചിതമാണ്. എത്രയോ തവണ നരേട്ടനോടും മക്കളോടുമൊപ്പം ഞാനിവിടെ വന്നിരിക്കുന്നു. എല്ലാം മറന്ന് ഉല്ലസിച്ച ആ നാളുകളൊന്നില്‍ നരേട്ടന്‍ പറഞ്ഞു.
”ഇവിടത്തെ ഈ കാറ്റിന്റേയും കുളിരിന്റേയും ഗന്ധം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഇവിടുത്തെ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സുഗന്ധം അതേതോ അപൂര്‍വ്വമായ പുഷ്പത്തിന്റേതാണ്. നിന്റെ ശരീരത്തിന്റെ കര്‍പ്പൂര ഗന്ധം പോലെ… അതെന്നെ ഏറെ ആകര്‍ഷിക്കുന്നു. പിന്നെ ഈ മഞ്ഞു പുതച്ച മലനിരകളും, ഇവിടെ തങ്ങി നില്‍ക്കുന്ന കുളിര്‍മ്മയും ഏതോ അഭൗമ ലോകത്തിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്നു. വരൂ മീരാ, നമുക്ക് അല്പം നടന്ന് ഇവിടുത്തെ കാഴ്ചകള്‍ കാണാം.
അദ്ദേഹവുമൊത്തുള്ള ആ പ്രഭാത സവാരികള്‍ ഇന്നും ഓര്‍മ്മയെ കുളിരണിയിക്കുന്നു.
എന്റെ കൈപിടിച്ചുള്ള ആ പ്രഭാത സവാരിക്കിടയില്‍ അദ്ദേഹം കവിതകള്‍ മൂളും. പിന്നെ മലനിരകള്‍ ഓടിക്കയറും. പക്ഷെ അല്പം പ്രായമായപ്പോള്‍ മലനിരകള്‍ ഓടിക്കയറാന്‍ അദ്ദേഹത്തിനു വയ്യാതെയായി. പിന്നെ കോടമഞ്ഞു വീണു കിടക്കുന്ന ആ മലനിരകളുടെ ചിത്രങ്ങള്‍ പകര്‍ത്തി അദ്ദേഹം ആനന്ദിക്കും.
എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.
രാഹുല്‍മോനും കൃഷ്ണമോളും കുട്ടികളായിരുന്നപ്പോള്‍ അവര്‍ക്കൊപ്പം ഓടിക്കയറാന്‍ ഞങ്ങള്‍ മത്സരിക്കുമായിരുന്നു. എന്നാല്‍ മുന്നിലെ വഴിത്താരയില്‍ വീണു കിടക്കുന്ന കോടമഞ്ഞു മൂലം പരസ്പരം കാണാനാകാതെ പലപ്പോഴും ഞങ്ങള്‍ വിഷമിച്ചു. അപ്പോള്‍ അവര്‍ മുകളിലെത്തി ഞങ്ങളെ വിളിക്കുമായിരുന്നു. അവരുടെ കൊച്ചു ശബ്ദങ്ങളുടെ അലയൊലി താഴ്വരയിലെങ്ങും മുഴങ്ങിക്കേള്‍ക്കുമായിരുന്നു.
ഒടുവില്‍ ഞങ്ങള്‍ ബദ്ധപ്പെട്ട് മുകളിലെത്തി നോക്കുമ്പോള്‍ താഴ്വരയിലൂടെ പുക പോലെ ഒഴുകി നീങ്ങുന്ന മഞ്ഞുപടലങ്ങള്‍ കണ്ട് അവരിരുവരും കൈകൊട്ടിച്ചിരിക്കുമായിരുന്നു. അപ്പോള്‍ നരേട്ടന്‍ പറയും അതു ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് ഒഴുകി നീങ്ങുന്ന മാലാഖമാരാണെന്ന്. അവര്‍ ഭൂമിയില്‍ വന്ന് മടങ്ങുന്നവരാണെന്ന്. അതുകേട്ട് കുട്ടികള്‍ ആര്‍ത്തു ചിരിക്കും.
മുതിര്‍ന്നപ്പോള്‍ മല കയറാന്‍ രാഹുലും, കൃഷ്ണയും മാത്രമായി. അവര്‍ കൈകോര്‍ത്തു പിടിച്ച് മലകയറുന്നതു നോക്കി ഞങ്ങള്‍ ആനന്ദിക്കും. പിന്നെ വഴിയരികിലെങ്ങും കാണുന്ന വാനരന്മാരെ നോക്കി കോക്രി കാണിച്ചുള്ള യാത്രകള്‍. അപ്പോള്‍ നരേട്ടന്‍ പറയും. മിണ്ടാപ്രാണികളെ പരിഹസിക്കരുതെന്ന്. അപ്പോള്‍ രാഹുലും, കൃഷ്ണയും അവയ്ക്ക് കൈയ്യിലിരിക്കുന്ന കപ്പലണ്ടിയും കടലയും വിതരണം ചെയ്യും.
ആഹ്‌ളാദ രമായി കടന്നു പോയ ആ ദിനരാത്രങ്ങളിലേയ്ക്ക് മനസ്സോടിച്ചെന്നപ്പോള്‍ വല്ലാത്ത നഷ്ടബോധം അലട്ടി.
അറിയാതെ ഏങ്ങലടിച്ച എന്റെ അരികിലെത്തി അരുണ്‍ പറഞ്ഞു.
”മാഡം… കരയരുത്… കരയാന്‍ വേണ്ടിയല്ല നമ്മളിവിടെ വന്നത്. രാഹുലിന്റെ ഓര്‍മ്മകളില്‍ ഒന്നു രണ്ടു ദിവസം ഇവിടെ ജീവിക്കാനാണ്. അവനേറ്റവും പ്രിയപ്പെട്ട ഈ സ്ഥലം തന്നെ അവന്റെ ജന്മദിനത്തില്‍ ഞാന്‍ തെരഞ്ഞെടുത്തത് അതിനുവേണ്ടിയാണ്. പിന്നെ മാഡത്തിനെ അല്പമെങ്കിലും സന്തോഷിപ്പിക്കാനും…’
‘ശരിയാണ് അരുണ്‍… എനിക്ക് നിങ്ങളോടൊത്ത് ആഹ്ലാദിക്കണമെന്നുണ്ട്. പക്ഷെ ഇവിടെയെത്തുമ്പോള്‍ പഴയ ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. ഒരിക്കല്‍ കൂടി ആ നാളുകളിലേയ്ക്ക് എന്റെ മനസ്സ് മടങ്ങിപ്പോകുന്നു.”
പെട്ടെന്ന് അരുണ്‍ എന്റെ കൈകളില്‍ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.
”വരൂ… മാഡം… നമുക്കീ കോടമഞ്ഞു വീണു കിടക്കുന്ന വഴിത്താരയിലൂടെ അല്‍പം നടക്കാം. എന്നെ രാഹുലാണെന്ന് വിചാരിച്ച് എന്റെ കൈയ്യില്‍ പിടിച്ച് നടന്നോളൂ…’
അരുണിന്റെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിലേയ്ക്കു നോക്കിയപ്പോള്‍ ഞാനറിയാതെ ആ കരങ്ങളില്‍ പിടിച്ചു നടന്നു തുടങ്ങി. അപ്പോള്‍ സൂര്യ കിരണങ്ങളേറ്റ് അകന്നു പോകുന്ന മഞ്ഞുതുള്ളി പോലെ എന്റെ ദുഃഖങ്ങളും മെല്ലെ മെല്ലെ അകലേയ്ക്ക് മാഞ്ഞു തുടങ്ങി.
ഹ്രസ്വമായ ആ വിനോദ യാത്രയ്ക്കിടയില്‍ അരുണ്‍ എന്റെ വ്യക്തിപരമായ പല കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
ഏറെ ജിജ്ഞാസയോടെയും എന്നാല്‍ അല്പം ചമ്മലോടെയുമാണ് അരുണ്‍ എന്റെ നേര്‍ക്ക് ആ ചോദ്യങ്ങളുന്നയിച്ചത്. ഏറെനേരം നടന്നു തളര്‍ന്ന് കുന്നിന്‍ ചരിലിവിരിക്കുമ്പോഴായിരുന്നു അത്.
”മാഡം… ഞാന്‍ ചില വ്യക്തിപരമായ കാര്യങ്ങള്‍ മാഡത്തിനോട് ചോദിച്ചറിയാന്‍ ശ്രമിക്കുകയാണ് ഒന്നും തോന്നരുത്. ഇതെല്ലാം എന്നോടു പറഞ്ഞത് രാഹുലാണ്. ഒരു കാലത്ത് അവന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പലതും അവന്‍ എന്നോടു പറയുമായിരുന്നു. അന്നവയെല്ലാം അവന്റെ മനസ്സിനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചിരുന്നു. അങ്ങനെയാണ് അവന്‍ അന്ന് എല്ലാം എന്നോടു തുറന്നു പറയുന്നത്. മാഡത്തിന് പണ്ട് ഒരു ലൗ അഫയര്‍…’
അല്പം നിര്‍ത്തി ചമ്മലോടെ അരുണ്‍ എന്റെ നേരെ നോക്കി.
”എന്താണ് അരുണ്‍. അരുണിന് എന്തുവേണമെങ്കിലും എന്നോടു ചോദിക്കാമല്ലോ. നീയെനിക്ക് രാഹുലിനെപ്പോലെയാണെന്ന് ഞാന്‍ പലവട്ടം നിന്നോടു പറഞ്ഞിട്ടില്ലെ?…’
‘സോറി മാഡം… എന്റെ ചോദ്യങ്ങള്‍ മാഡത്തിനെ കൂടുതല്‍ വിഷമിപ്പിക്കുമോ എന്നാണ് എന്റെ പേടി. എന്റെ ആത്മാര്‍ത്ഥതയെക്കുറിച്ച് പോലും മാഡത്തിനു സംശയം തോന്നാം എന്റെ ചോദ്യങ്ങള്‍ കേട്ടാല്‍…’
‘നോ അരുണ്‍… നീയെനിക്ക് പ്രിയപ്പെട്ട വിദ്യാര്‍ത്ഥി മാത്രമല്ല, എന്റെ മകനെപ്പോലെ തന്നെയാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ… രാഹുലിന്റെ മിക്ക സ്വഭാവ സവിശേഷതകളും നിനക്കുമുണ്ട്. അതുകൊണ്ടു തന്നെ നിന്റെ ആത്മാര്‍ത്ഥയെക്കുറിച്ച് എനിക്ക് സംശയമൊന്നുമില്ല…’
അപ്പോള്‍ അകലെക്കാണുന്ന കുന്നിന്‍ ചരിവിലേയ്ക്ക് ഞങ്ങളിരുവരും മെല്ലെ നടക്കുകയായിരുന്നു. ഇരുവശവും പൂത്തു നില്‍ക്കുന്ന പല നിറത്തിലുള്ള പൂക്കളിലേയ്ക്കു നോക്കി ഞാന്‍ പറഞ്ഞു.
”യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാന്‍ എനിക്കു കഴിയും അരുണ്‍… ഒരു കാലത്ത് ആത്മാര്‍ത്ഥ സ്‌നേഹവും, സ്‌നേഹ-ശൂന്യതയും ഒരുപോലെ അനുഭവിച്ചറിഞ്ഞവളാണ് ഈ മീരാ. അന്ന് ഈ പൂത്തു നില്‍ക്കുന്ന പുഷ്പങ്ങളെപ്പോലെ എന്നിലും വസന്തം വിരുന്നിനെത്തിയിരുന്നു. പൂവിലെ തേന്‍ നുകരാന്‍ ഒരു വണ്ടും പറന്നെത്തി. പക്ഷെ ആ വണ്ട് തേന്‍ മുഴുവന്‍ നുകരുന്നതിനു മുമ്പു തന്നെ കൊടുങ്കാറ്റടിച്ച് ആ പൂക്കളെല്ലാം കൊഴിഞ്ഞു പോയി. എന്നാല്‍ ആ കൊഴിഞ്ഞ പൂക്കളെ വാരിയെടുത്തു നുകരാന്‍ മറ്റൊരാളെത്തി.
എന്റെ നരേട്ടന്‍… ആ കാല്‍ക്കല്‍ ഒരു പൂജാപുഷ്പം പോലെ വീണടിഞ്ഞ എന്നെ അദ്ദേഹം മാറോടു ചേര്‍ത്തണച്ചു, പിന്നെ ശിരസ്സിലണിഞ്ഞു. എല്ലാമെല്ലാം എന്റെ ഭാഗ്യമായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ ഞാന്‍ വീണ്ടും ഏകയായി, ഒഴിഞ്ഞ കിളിക്കൂടുപോലെയായിത്തീര്‍ന്ന എന്റെ വീട്ടില്‍ നഷ്ട സ്വപ്നങ്ങളെണ്ണി ഞാന്‍ കഴിയുന്നു.
”എങ്കിലും മാഡത്തിന്റെ ഓര്‍മ്മകളില്‍ കോളേജിലെ ആ പഴയകാലം ഇപ്പോഴും തെളിഞ്ഞു നില്‍പ്പുണ്ടാവുമല്ലോ. ഇന്നിപ്പോള്‍ ഇത്രയും സൗന്ദര്യമുള്ള മാഡത്തിന് അന്നെത്രമാത്രം സൗന്ദര്യമുണ്ടായിരുന്നുവെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. കത്തി ജ്വലിച്ചു നിന്ന ആ സൗന്ദര്യത്തിനു മുമ്പില്‍ മുട്ടുമടക്കാത്തവര്‍ അന്ന് ചുരുക്കമായിരിക്കും. ഒടുവില്‍ ഏതു ഭാഗ്യവാനാണ് അന്ന് ആ ഭാഗ്യം കിട്ടിയത്? അല്പം കുസൃതിയും ജിജ്ഞാസയും കലര്‍ന്നിരുന്നു ആ ചോദ്യത്തില്‍.
ഒരു കുസൃതിക്കുട്ടിയുടെ ജിജ്ഞാസയോടെ അരുണ്‍ ചോദ്യശരങ്ങളറിഞ്ഞ് എന്നെ വീര്‍പ്പുമുട്ടിയ്ക്കുകയായിരുന്നു.
ഒരമ്മയ്ക്ക് മകനോടു പറയാവുന്ന ഉത്തരങ്ങള്‍ക്ക് പരിധിയില്ലേ… ഞാനാലോചിച്ചു നോക്കി.
”അരുണ്‍ പറഞ്ഞതിലല്പം വ്യത്യാസമുണ്ട്. എന്റെ സൗന്ദര്യം അദ്ദേഹത്തെ വീഴ്ത്തുകയായിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ സൗന്ദര്യം എന്നെ വീഴ്ത്തുകയായിരുന്നു. കോളേജില്‍ പലരും പ്രേം നസീറും, ഷീലയുമെന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. അതെ കാഴ്ചയില്‍ അവരോടും രണ്ടുപേരോടും ഏറെ സാമ്യമുണ്ടായിരുന്നു ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും സ്വഭാവത്തിലുമുണ്ടായിരുന്നു സിനിമയിലെ അതേ സാമ്യം. അദ്ദേഹം ഇരുത്തം വന്ന കോളേജദ്ധ്യാപകനും ഞാന്‍ പൊട്ടിത്തെറിച്ചു നടക്കുന്ന ഒരു കോളേജ് കുമാരിയും. പക്ഷെ എന്റെ സ്മാര്‍ട്ട്‌നെസ്സും മറ്റു കഴിവുകളും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമായിരുന്നു. മറിച്ച് അദ്ദേഹത്തിന്റെ സൗന്ദര്യവും മറ്റ് സ്വഭാവ പ്രത്യേകതകളും എന്നെയും ആകര്‍ഷിച്ചു. അഞ്ച് വര്‍ഷത്തെ കോളേജ് ജീവിതത്തിനിടയിക്ക് ഞങ്ങള്‍ വേര്‍പിരിയാനാവാത്ത വിധം അടുത്തു…’
ഞാന്‍ എന്റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ അരുണ്‍ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാന്‍ ഓരോന്നു പറയുമ്പോഴും അവന്റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ഒടുവില്‍ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടന്‍ എന്നെ വിവാഹം ചെയ്യാന്‍ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോള്‍ അരുണ്‍ ചോദിച്ചു.
”മാഡത്തിനപ്പോള്‍ കഠിനമായി എതിര്‍ക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തില്‍ മാഡം എന്തിനു രണ്ടാമത് വിവാഹിതയാകാന്‍ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?”
‘എന്റെ അച്ഛന്‍ അപ്പോള്‍ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുണ്‍. അദ്ദേഹം പോലീസുകാരെ സ്വാധീനിച്ച് ഫഹദ്‌സാറിനെ പോലീസ് സ്റ്റേഷനിലിട്ടു മര്‍ദ്ദിച്ചു കൊല്ലും എന്നെന്നെ ഭീഷണിപ്പെടുത്തി. സാറിനെ രക്ഷിക്കാന്‍ വേണ്ടി മറ്റൊരു വിവാഹത്തിന് എനിക്കു നിന്നു കൊടുക്കേണ്ടി വന്നു.’
സഹതാപാര്‍ദ്രമായ മുഖത്തോടെ അരുണ്‍ അത് കേട്ടിരുന്നു. ഒടുവില്‍ ആദ്യ രാത്രിയില്‍ ഉറക്കഗുളിക കഴിച്ച് മരിക്കാന്‍ തയ്യാറായതും നരേട്ടന്‍ എന്നെ തടഞ്ഞതുമായ കഥ പറഞ്ഞു കൊണ്ട് ഞാന്‍ തുടര്‍ന്നു.
iഎല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെടുവാന്‍ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.പ്രേമം മൂലം മറ്റൊരാളില്‍ നിന്ന് എന്നെ കവര്‍ന്നെടുത്ത് സ്വന്തമാക്കി എന്നതൊഴിച്ചാല്‍ എന്റെ നരേട്ടന്‍ നല്ലവനായിരുന്നു. മരണം വരെ അദ്ദേഹമെന്നെ സ്വയം മറന്ന് സ്‌നേഹിച്ചു. മരിക്കുന്ന സമയത്ത് എന്നെ ഒറ്റപ്പെടുത്തിപ്പോകുന്നതില്‍ വേദനിച്ച അദ്ദേഹം ഫഹദ്‌സാറിനെ കണ്ടുമുട്ടുകയാണെങ്കില്‍ അദ്ദേഹത്തോടൊപ്പം സുഖമായി ജീവിക്കണമെന്നും അദ്ദേഹമിപ്പോഴും നിന്നെ കാത്തിരിക്കുകയായിരിക്കും എന്നും പറഞ്ഞു.എന്നോടുള്ള അഭിനിവേശത്താല്‍ ചെയ്ത സ്വന്തം തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നരേട്ടന്‍. ചികിത്സ നിഷേധിച്ച് അദ്ദേഹം സ്വയം ബലിയര്‍പ്പിക്കുകയായിരുന്നോ എന്നു പോലുമിപ്പോള്‍ തോന്നിപ്പോകുന്നു.
എന്റെ കഥ കേട്ട് അരുണ്‍ നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ എന്നോടുള്ള സഹതാപത്താല്‍ നിറഞ്ഞു തുളുമ്പുമെന്നു തോന്നി. എന്നാല്‍ പെട്ടെന്നു തന്നെ മനോനിയന്ത്രണം വീണ്ടെടുത്ത് അരുണ്‍ എന്നെ നോക്കി പറഞ്ഞു.
”എ വണ്ടര്‍ ഫുള്‍, എക്ട്രാ ഓര്‍ഡിനറി ലൗ സ്റ്റോറി. സിനിമകളില്‍പ്പോലും ഇത്തരം കഥകള്‍ കുറവായിരിക്കാം രണ്ടു പുരുഷന്മാരുടെ ഒരു സ്ത്രീയോടുള്ള അത്യഗാധമായ നിലയ്ക്കാത്ത പ്രേമവായ്പിന്റെ കഥ. ആ പ്രേമം നുകരാന്‍ ഭാഗ്യമുണ്ടായവളാണ് മാഡം… ഞാനിനി ചോദിക്കട്ടെ… മാഡത്തിനെ പ്രേമിച്ച് വിവാഹം കഴിച്ച ആ അദ്ധ്യാപകന്‍ ഇനിയും മാഡത്തിന്റെ മുമ്പില്‍ വന്നു നിന്നാല്‍ മാഡം അദ്ദേഹത്തെ സ്വീകരിക്കുമോ? എങ്കില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുപിടിച്ച് മാഡത്തിന്റെ മുമ്പില്‍ എത്തിയ്ക്കാം…’
അത്തരമൊരു ചോദ്യം അപ്രതീക്ഷിതമായിട്ടാണ് അരുണില്‍ നിന്നും വാര്‍ന്നു വീണത്.
ഒരുത്തരത്തിനായി പരതി നിന്ന എന്നെ നോക്കി അരുണ്‍ പറഞ്ഞു.
‘ആലോചിച്ചു പറഞ്ഞാല്‍ മതി. മാഡം ഒരു പുതിയ ജീവിതം നയിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. i
അല്‍പം നിര്‍ത്തി അരുണ്‍ തുടര്‍ന്നു.
”മാഡം ഇതുവരെ ആ അദ്ധ്യാപകന്റെ പേരു പറഞ്ഞില്ല…’ ഞാന്‍ നിശബ്ദയായിരുന്നപ്പോള്‍ ഒരു കുസൃതിച്ചിരിയോടെ അരുണ്‍ പറഞ്ഞു.
‘സാരമില്ല… അതു ഞാന്‍ കണ്ടെത്തിക്കോളാം…’
അപ്പോള്‍ അസ്തമയ സൂര്യന്‍ അങ്ങകലെ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്ര അവസാനിപ്പിച്ച് കുന്നിറങ്ങി താഴേയ്ക്കു നടന്നു തുടങ്ങിയ ഞങ്ങള്‍ക്കൊപ്പം സൂര്യദേവനും താഴേയ്ക്ക് മെല്ലെ മെല്ലെ നിപതിച്ചു കൊണ്ടിരുന്നു. ഇരുട്ട് മഞ്ഞിന്റെ മൂടുപടമണിഞ്ഞ് ലജ്ജാവതിയായ യുവതിയെപ്പോലെ ഞങ്ങള്‍ക്കു മുന്നേ നടന്നു തുടങ്ങി.
അരുണ്‍ പിന്നെ ഒന്നും ചോദിച്ചില്ല. കൂടുതല്‍ ചോദിച്ച് എന്നെ ബുദ്ധിമുട്ടിയ്‌ക്കേണ്ടെന്ന് കരുതിയോ, അതോ അവന്റെ ചോദ്യങ്ങള്‍ക്കുത്തരം അവന്‍ തന്നെ കണ്ടെത്തിക്കോളാം എന്നു കരുതിയിട്ടോ അവന്‍ പിന്നീട് നിശബ്ദനായിരുന്നു. എങ്കിലും ഏതോ സംശയം അവന്റെ ഹൃദയത്തില്‍ തങ്ങി നില്‍പുണ്ടെന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു.
ആ സംശയം എന്താണെന്ന് എനിക്കൂഹിക്കാന്‍ കഴിഞ്ഞു.
ചോദ്യാരംഭത്തില്‍ തന്നെ അവന്‍ ചോദിക്കാന്‍ തുനിയുന്നത് എന്താണെന്ന് ഞാന്‍ ഊഹിച്ചിരുന്നു. അതുകൊണ്ടാണ് അല്‍പം സാഹിത്യരൂപത്തില്‍ ഞാനതിന് ഉത്തരം നല്‍കിയത്. ഇനിയും അവന്റെ മനസ്സിലെ ചോദ്യം എന്റെ യൗവ്വനത്തില്‍ തേന്‍ നുകരാനെത്തിയ ആ വണ്ട് ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടോ എന്നായിരിക്കും. മറ്റൊന്ന് ഞാനദ്ദേഹത്തെ ഇപ്പോഴും പ്രേമിക്കുന്നുണ്ടോ എന്നും. അതിനു രണ്ടിനും മറ്റൊരവസരത്തില്‍ ഉത്തരം നല്‍കാമെന്നുറച്ച് ഞാന്‍ അരുണിനൊടൊപ്പം നിശബ്ദയായി കുന്നിറങ്ങി.
ഒടുവില്‍ സമതലം പോലെ തോന്നിച്ച ഒരിടത്തെത്തി ഞങ്ങളുടെ യാത്ര അവസാനിച്ചു. അപ്പോള്‍ അവിടെ നിരന്നിരുന്ന നിരവധി കോട്ടേജുകളിലൊന്നിന്റെ മുന്നില്‍ അരുണിന്റെ അമ്മ നിന്നിരുന്നു. അവര്‍ പുഞ്ചിരിച്ചു കൊണ്ട് എന്നാല്‍ അല്പം ജിജ്ഞാസയോടെ ചോദിച്ചു.
”ഗുരുവും ശിഷ്യനും കൂടെ എങ്ങോട്ടാണ് യാത്ര പോയത്? ഞാനിവിടെ കാത്തിരുന്നു മുഷിഞ്ഞു…’
അല്പം വിളറിയ മുഖത്തോടെ അതിനുത്തരം നല്‍കിയത് അരുണാണ്. ”മമ്മീ, ഇവിടെ എത്തിയപ്പോള്‍ മാഡം വല്ലാതെ അപ്‌സെറ്റാകുന്നതു പോലെ തോന്നി. അതാണ് അല്പം നടക്കാമെന്ന് ഞാന്‍ പറഞ്ഞത്. മാഡത്തിന് ഒരു റിലീഫ് കിട്ടിക്കോട്ടെ എന്നു കരുതി.’
”ശരിയാണ് അരുണിന്റമ്മേ… അരുണ്‍ എന്നെ മറ്റു ചില ഓര്‍മ്മകളിലേയ്ക്ക് നയിച്ചു. ഒരു ഡൈവേര്‍ഷന്‍… ഇപ്പോള്‍ എന്റെ മനസ്സ് ശാന്തമാണ്. ഇതെല്ലാം രാഹുലിന്റെയും പ്രത്യേകതകളായിരുന്നു. ഞാന്‍ ദുഃഖിച്ചിരിക്കുന്നതു കാണുമ്പോള്‍ അവന്‍ എന്നെ കൈപിടിച്ചു നടത്തും. എന്റെ ചിന്തകളെ മറ്റൊരു തലത്തിലേയ്ക്ക് നയിക്കും. അതോടെ എന്റെ ദുഃഖങ്ങള്‍ പറന്നകലും. ഇന്നിപ്പോള്‍ അരുണ്‍ എനിക്ക് രാഹുലിനെപ്പോലെ തന്നെയായിരിക്കുന്നു.”
പെട്ടെന്ന് എന്തോ ഓര്‍ത്ത് അരുണ്‍ ചോദിച്ചു.
”മമ്മീ… മാഡത്തിന്റെ ലഗ്ഗേജ് കാറില്‍ നിന്നും എടുത്തു വച്ചോ? അതോ അത് കാറില്‍ തന്നെയിരിക്കുകയാണോ?”
രണ്ടു ദിവസത്തേയ്ക്കുള്ള വസ്ത്രങ്ങളടങ്ങിയ ചെറിയ ഒരു സൂട്ട്‌കേസ് ഞാനും കരുതിയിരുന്നു. അരുണ്‍ അതിനെപ്പറ്റിയാണ് ചോദിച്ചത്.
”ഓ… അതെപ്പോഴെ ഞാനെടുത്തു വച്ചു. നമ്മുടെ കോട്ടേജിലിരുപ്പുണ്ട്. മാഡം നമ്മുടെ കൂടെയല്ലേ താമസിക്കുന്നത്?”
എന്തോ ഓര്‍ത്ത് അരുണിന്റെ അമ്മ അല്പം ആശങ്കയോടെ ചോദിച്ചു.
‘അതെ… മമ്മീ… ഈ അവസ്ഥയില്‍ മാഡത്തെ ഒറ്റയ്ക്ക് താമസിപ്പിക്കണ്ട. മമ്മി ,മാഡത്തെ കൂട്ടി കോട്ടേജിനകത്തേയ്ക്ക് പൊയ്‌ക്കോളൂ. ‘
പിന്നെ അവന്‍ മമ്മിയുടെ അടുത്തെത്തി എന്തോ രഹസ്യം പറയുന്ന മട്ടില്‍ പറഞ്ഞു.
”മമ്മീ എപ്പോഴും മാഡത്തിന്റെ കൂടെ കാണണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് സന്തോഷിപ്പിക്കാന്‍ ശ്രമിച്ചോളൂ. ഈ യാത്ര കഴിയുമ്പോള്‍ മാഡത്തിന്റെ മൂഡ് നമുക്ക് മാറ്റിയെടുക്കണം…’
അതുകേട്ട് സമ്മതിക്കുന്നമട്ടില്‍ അരുണിന്റെ മമ്മി തലകുലുക്കി. അല്പം അകലെയാണ് നിന്നിരുന്നതെങ്കിലും അവര്‍ പറഞ്ഞതെന്തെന്ന് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. അരുണിന് എന്റെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധയാണെന്ന് കരുതുകയും ചെയ്തു.
ദൈവം ഒന്നു നിഷേധിക്കുമ്പോള്‍ മറ്റൊന്ന് നമ്മുടെ നേര്‍ക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഈ ലോകത്തില്‍ സുഖം മാത്രമായോ ദുഃഖം മാത്രമായോ ആരുടേയും ജീവിതത്തിലുടനീളം നിലനില്‍ക്കുന്നില്ല. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു കൈ കൊണ്ടു തല്ലുമ്പോള്‍ മറ്റൊരു കൈ കൊണ്ട് ദൈവം നമ്മെ തലോടുകയും ചെയ്യുന്നുണ്ട്. സ്‌നേഹധനനായ അച്ഛനെപ്പോലെ…
‘വരൂ മാഡം പുറത്തു നിന്ന് തണുപ്പു കൊള്ളണ്ടാ. നമുക്ക് അകത്തു പോയിരിക്കാം.”
ഞാന്‍ ചിന്തിച്ചു നില്‍ക്കുന്നതു കണ്ട് അരുണിന്റെ അമ്മ വന്ന് കൈപിടിച്ചു. അവരോടൊപ്പം നടക്കുമ്പോള്‍ മായയെപ്പോലെയോ മഞ്ജുവിനെപ്പോലെയോ ആണ് അവരെന്നു തോന്നി. ചെറുപ്പത്തില്‍ അവര്‍ എനിക്കു നല്‍കിയ സ്‌നേഹം ഇപ്പോഴിതാ ഇവരിലൂടെ എനിക്കു ലഭിക്കുന്നു. ഒരനുജത്തിയെപ്പോലെ അവര്‍ എന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു.
കൂടെ നടക്കുമ്പോള്‍ കുറ്റബോധത്തോടെ ഞാനോര്‍ത്തു ഇതുവരെ അരുണിന്റെ അമ്മ എന്ന സംബോധനയല്ലാതെ ഞാനവരോട് പേരു ചോദിച്ചില്ലല്ലോ എന്ന്. പെട്ടെന്ന് ഔപചാരികത കലര്‍ത്തി ഞാന്‍ ചോദിച്ചു.
” എക്‌സ്‌ക്യൂസ് മീ, ശരിയായ പേര് എന്താണെന്ന് ഇതുവരെ എന്നോടു പറഞ്ഞില്ല. അതറിഞ്ഞാല്‍ പേരു വിളിക്കാമായിരുന്നു. മാത്രമല്ല, നിങ്ങള്‍ രണ്ടുപേരും കുടുബാംഗത്തെപ്പോലെയാണ് എനിക്കിപ്പോള്‍. അങ്ങനെയുള്ളപ്പോള്‍ പേരു വിളിയ്ക്കാതിരിക്കുന്നത് ശരിയല്ലല്ലോ…’
എന്റെ സംസാരം കേട്ട് നേര്‍ത്ത പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.
‘എന്റെ പേര് അരുന്ധതി എന്നാണ്. മാഡം എന്നെ അങ്ങിനെ വിളിച്ചോളൂ.
പെട്ടെന്ന് അല്പം കുസൃതി കലര്‍ത്തി ഞാന്‍ ചോദിച്ചു.
”അപ്പോള്‍ അരുണിന് അമ്മയില്‍ നിന്നാണോ ആ പേര് ലഭിച്ചത്.”
അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.
”അതെ… എന്റെ പേരിലെ ആദ്യാക്ഷരങ്ങളും അദ്ദേഹത്തിന്റെ ഗുര്‍ചരണ്‍ സിംഗ് എന്ന പേരിലെ അന്ത്യാക്ഷരവും ചേര്‍ത്താണ് അരുണിന് ആ പേരിട്ടത്.”
”അരുണ്‍ നല്ല പേര് ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തന്നെ ഒരു മകന്‍. അവന് ആ പേര് എന്തുകൊണ്ടും യോജിക്കും. അവന് ജന്മം നല്‍കിയ നിങ്ങള്‍ രണ്ടുപേരും ഭാഗ്യവാന്മാരാണ്…’
ഞാന്‍ എന്തോ ഓര്‍ത്ത് വേദനയോടെ പറഞ്ഞു. രാഹുലിന്റെ ഓര്‍മ്മകളിലേയ്ക്ക് ഞാന്‍ വീണ്ടും വഴുതി വീഴുമോ എന്നു പേടിച്ച് അരുന്ധതി പറഞ്ഞു.
”അവനിപ്പോള്‍ മാഡത്തിന്റെയും മകനാണല്ലോ.”
”അതെ എന്റെ സ്വന്തം മകന്‍. രാഹുലിനെപ്പോലെ അവന്‍ എന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു. ഞാന്‍ പ്രസവിക്കാത്ത എന്റെ സ്വന്തം മകനെപ്പോലെ.”
മന്ത്രോച്ചാരണം പോലുള്ള എന്റെ ആത്മഗതം കേട്ട് അരുന്ധതി മെല്ലെ ചിരിച്ചു. ആ ചിരിയില്‍ ഒരനുജത്തിയുടെ എല്ലാ സ്‌നേഹവായ്പും നിറഞ്ഞിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ കണ്ണുകള്‍ നിറഞ്ഞു വന്നു. വിഷാദഛായ പരന്ന ആ മുഖത്തേയ്ക്കു നോക്കി ഞാന്‍ ചോദിച്ചു.
”എന്താ അരുന്ധതി? എന്തിനാ കരയുന്നത്?
”എനിക്കിതു പോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. എന്നെക്കാള്‍ നാലു വയസ്സു മൂപ്പുണ്ടായിരുന്നു അവള്‍ക്ക്. എന്നാല്‍ പത്തുമുപ്പത്തഞ്ചു വയസ്സുള്ളപ്പോള്‍ ക്യാന്‍സര്‍ വന്നവര്‍ മരിച്ചു പോയി.”
”ഓഹോ… അരുന്ധതിയ്ക്ക് അങ്ങനെയൊരു ചേച്ചി ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു? അരുന്ധതിയ്ക്കിപ്പോള്‍ ആരൊക്കെയാണുള്ളത്? ശരിയ്ക്കുള്ള നാടെവിടെയാണ്?”
അരുന്ധതിയെപ്പറ്റി കൂടുതലറിയാന്‍ ആകാംക്ഷ തോന്നി.
”എനിക്ക് ഒരു ബ്രദര്‍ കൂടി ഉണ്ട്. ഇപ്പോള്‍ അമേരിക്കയിലാണ്. അമ്മയുമച്ഛനും വയസ്സായി നാട്ടില്‍ തന്നെയുണ്ട്. കോഴിക്കോട്.”
”ഓഹോ… അരുന്ധതി കോഴിക്കോട്ടുകാരിയാണല്ലോ?” അപ്പോള്‍ പിന്നെ ചരണുമായിട്ടെങ്ങനെയാ പരിചയപ്പെട്ടത്?’
”അദ്ദേഹവും ഞാനും ഐആര്‍എസ് എടുത്തവരാണെന്ന് മാഡത്തിനറിയാമല്ലോ? ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചുള്ള പരിചയമാണ്. പിന്നീട് ജോലിയായപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അരുണ്‍ ഉണ്ടായി. കുറച്ചുനാള്‍ അമ്മയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ .പിന്നെ അമ്മ നാട്ടിലേയ്ക്കു പോയപ്പോള്‍ എനിക്ക് നോക്കേണ്ടി വന്നു. ചേച്ചി മരിച്ചപ്പോള്‍ ചേച്ചിയുടെ കുഞ്ഞുങ്ങളെക്കൂടി അമ്മയ്ക്കു പരിപാലിക്കേണ്ടി വന്നു. അങ്ങിനെ അരുണിനെ നോക്കാന്‍ ആരുമില്ലാതായപ്പോള്‍ എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വന്നു.
”എന്നാലും ഇത്ര നല്ല ഒരു ക്വാളിഫിക്കേഷനും ജോലിയും കളഞ്ഞത് അരുണിനു വേണ്ടിയാണെന്നോര്‍ത്ത് അരുന്ധതിയ്ക്ക് സമാധാനിക്കാമല്ലോ. അരുണ്‍ അതുപോലെ നല്ലവനായി വളരുകയും ചെയ്തു. ഇപ്പോള്‍ നിങ്ങള്‍ക്കവനെയോര്‍ത്ത് അഭിമാനിക്കാമല്ലോ…’
‘അതെ മാഡം… മറ്റെന്തിനെക്കാളും ഞങ്ങള്‍ക്ക് വലുത് അരുണായിരുന്നു. അവന്റെ വളര്‍ച്ചയ്ക്കിടയില്‍ ഒരു ന്യൂനതയും ഉണ്ടാകരുതെന്ന് ഞങ്ങളുറപ്പിച്ചിരുന്നു.’
അതെ… അരുന്ധതി ഒരു അമ്മയെന്ന നിലയില്‍ വിജയിച്ചിരിക്കുന്നു. അമ്മമാര്‍ക്ക് ഒരു മഹനീയ മാതൃകയാണവര്‍. തന്റെ അമ്മയുടെ ത്യാഗത്തെക്കുറിച്ച് ആ മകനും തിരിച്ചറിവുണ്ട്. അതാണല്ലോ മറ്റെന്തിനെക്കാളും തനിക്ക് പ്രിയപ്പെട്ടത് അമ്മയാണെന്ന് അരുണ്‍ പറയാറുള്ളത്. രാഹുലും അങ്ങിനെയായിരുന്നു. പ്രത്യേകിച്ച് ഞാന്‍ കിഡ്‌നി നല്‍കിയ ശേഷം .എന്നാല്‍ ഞാനെന്ന അമ്മയുടെ ത്യാഗത്തെ തിരിച്ചറിയാന്‍ ഈശ്വരനായില്ലല്ലോ. അതാണല്ലോ രാഹുലിനെ എനിക്കു നഷ്ടപ്പെടുത്തിയത്…
ഊണുമുറിയില്‍ അരുണ്‍ രണ്ടുപേര്‍ക്കുള്ള ആഹാരം വാങ്ങി വച്ചിരുന്നു. എന്നിട്ടവന്‍ പുറത്തേയ്ക്കു പോയി. അവന്‍ തിരികെ വരുന്നതു വരെ ഞങ്ങള്‍ അവനെ നോക്കിയിരുന്നു. അവന്‍ വാങ്ങി വച്ച ആഹാരം കൈകൊണ്ടുതൊടാതെ. അവനിപ്പോള്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും മകനാണല്ലോ. അപ്പോള്‍ അവനെ ഊട്ടാതെ ഞങ്ങള്‍ക്കുണ്ണാനാവുകയില്ല. ഞങ്ങള്‍ കാത്തിരുന്നു. കണ്ണനെ കാത്തിരിക്കുന്ന ദേവകിയേയും, യശോധരയേയും പോലെ…
അല്പം കഴിഞ്ഞയുടനെ അരുണ്‍ തിരികെയെത്തി. അവനല്പം അസ്വസ്ഥനാണെന്നു തോന്നി. എന്തോ ചിന്ത അവനെ അലട്ടുന്നതു പോലെ…
‘അരുണ്‍, നിനക്കെന്തു പറ്റി?” അരുന്ധതി അവനോടു ചോദിച്ചെങ്കിലും ഒരു ചെറിയ തലവേദന എന്നു പറഞ്ഞവനൊഴിഞ്ഞു മാറി.
അന്നു രാത്രിയില്‍ അരുണ്‍ വാങ്ങിക്കൊണ്ടു വന്ന ആഹാരം ഞങ്ങളൊരുമിച്ച് പങ്കിട്ട് കഴിച്ചു.
റിസോര്‍ട്ടിലെ തണുപ്പധികമായിരുന്നതിനാല്‍ ഞങ്ങളെല്ലാം ഷാള്‍ പുതച്ചിരുന്നു. രാത്രിയില്‍ ഞാന്‍ മുകള്‍ നിലയിലെ സിറ്റൗട്ടില്‍ നിന്നു നോക്കുമ്പോള്‍, അങ്ങു ദൂരെ, മലനിരകള്‍ കോടമഞ്ഞിന്റെ ആവരണത്താല്‍ കരിമ്പടം പുതച്ച് ഉറങ്ങിക്കിടന്നു. അടുത്തുള്ള കോട്ടേജില്‍ വിദ്യാര്‍ത്ഥികള്‍ മുറ്റത്തു നിന്ന് ഉറക്കെ ഒച്ചവയ്ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കണ്ടു.
(തുടരും)




