LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 16)

എങ്കിലും കൃഷ്ണമോളുടെ കൈയ്യിലിരുന്ന ടുട്ടുമോന്റെ സമീപമെത്തി അവനു മുത്തം നല്‍കുമ്പോള്‍ എന്റെ ഹൃദയത്തിലും ഏതോ ഭാരം വന്നു നിറയുന്നതു പോലെ തോന്നി. ഇത്ര ദിവസവും നരേട്ടനെപ്പോലെ രാഹുല്‍മോന്റെ സാമീപ്യം ഞാനും അവനിലൂടെ അറിഞ്ഞിരുന്നു. ഒരു പേരക്കുട്ടിയെന്നതിലുപരിയായി അവന്‍ ഞങ്ങള്‍ക്കു മകന്‍ തന്നെയായിരുന്നുവല്ലോ എന്നോര്‍ത്തു. ആ ഓര്‍മ്മ ഹൃദയഭാരം ഇരട്ടിപ്പിച്ചു. കണ്ണുകള്‍ തുളുമ്പാതിരിക്കാന്‍ നന്നേ പരിശ്രമിക്കേണ്ടി വന്നു. ഒരു പക്ഷെ ഞാനും കൂടി ദുര്‍ബ്ബലയായാല്‍ അത് നരേട്ടനു താങ്ങാനാവുകയില്ലെന്നു തോന്നി. ഇറങ്ങുമ്പോള്‍ ദേവാനന്ദ് ഞങ്ങളിരുവരുടേയും കാല്‍തൊട്ട് വന്ദിച്ചു. നരേട്ടന്‍ ഒരിക്കല്‍ കൂടി കൃഷ്ണമോളുടെ പക്കല്‍ നിന്ന് ടുട്ടുമോനെ വാങ്ങി അവനെ മുത്തങ്ങള്‍ക്കൊണ്ടു മൂടി. വേദന കടിച്ചമര്‍ത്തി അവനെ തിരികെ ഏല്പിക്കുമ്പോള്‍ നരേട്ടന്‍ പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി.
”ഇനി നിങ്ങള്‍ വരുമ്പോള്‍ ഈ മുത്തശ്ശനിവിടുണ്ടാകുമെന്ന് തോന്നുന്നില്ല കുഞ്ഞെ… ഒരു നീണ്ട യാത്ര മുത്തശ്ശനു വേണ്ടി വന്നേക്കുമെന്ന് മനസ്സു പറയുന്നു. മടക്കമില്ലാത്ത ഒരു യാത്ര.”
”അരുത് പപ്പാ… ഇത്തരം വാക്കുകള്‍ ഇനി പപ്പ പറയരുത്. അത് ഞങ്ങളെ എല്ലാവരേയും സങ്കടപ്പെടുത്തും.”
പപ്പായെ ജീവനായ ഒരു മകളുടെ വാക്കുകളായിരുന്നു അവ. അവള്‍ പപ്പയെ കെട്ടിപ്പിടിച്ചു. ആ കവിളില്‍ ഉമ്മ വച്ചു. നരേട്ടനും മോളുടെ നെറ്റിയില്‍ ഉമ്മ നല്‍കിക്കൊണ്ടു പറഞ്ഞു.
”പപ്പ വെറുതെ പറഞ്ഞതാണ് മോളെ… മോള്‍ അതോര്‍ത്ത് വിഷമിക്കണ്ട.”
”ഇനി ഞങ്ങള്‍ വരുമ്പോള്‍ പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണണം. അതിനു പറ്റിയില്ലെങ്കില്‍ ഈ വീടു വിറ്റിട്ടു ഞങ്ങളുടെ അടുത്തേയ്ക്കു പോരണം. പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണാനാണ് ആഗ്രഹമെങ്കില്‍ മമ്മി അതിനു സമ്മതിക്കും. ഇല്ലേ മമ്മീ…’
അവള്‍ ഒരിക്കല്‍ കൂടി അനുനയരൂപത്തില്‍ എന്നെ നോക്കി. പക്ഷെ അവളുടെ ആഗ്രഹം നടക്കുകയില്ലെന്ന് എന്റെ മനസ്സു പറഞ്ഞു. പപ്പയിലൂടെ അവള്‍ സാധിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഗൂഡ ലക്ഷ്യത്തെക്കുറിച്ച് ഞാന്‍ ബോധവതിയായിരുന്നു. വീടു വിറ്റു കിട്ടുന്ന പണത്തില്‍ കുറെ ഭാഗം അവള്‍ക്ക് സ്ത്രീധനക്കാശായി കൊടുക്കണം. ബാക്കി പണം അവള്‍ക്ക് ധൂര്‍ത്തടിയ്ക്കാനും. അങ്ങനെ ഞങ്ങള്‍ ഭവനരഹിതരും ആലംബഹീനരുമായിത്തീരാനും. ഒരു ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ അദ്ധ്വാനിച്ചു നേടിയ ആ വീട് ഇങ്ങനെ ദുരുപയോഗിക്കാനായി ആ മകള്‍ക്ക് നല്‍കണോ എന്ന് ഞാന്‍ മനഃസാക്ഷിയോടു ചോദിച്ചു നോക്കി.
എന്നാല്‍ അതിനുത്തരം ഇല്ല എന്നായതിനാല്‍ അത്തരമൊരു ചിന്ത തന്നെ ഉപേക്ഷിക്കുവാന്‍ എനിക്ക് നരേട്ടനെ പ്രേരിപ്പിക്കേണ്ടി വരുമല്ലോ എന്നോര്‍ത്തു.
ചിന്തകള്‍ കാടു കയറിയ മനസ്സുമായി നില്‍ക്കുമ്പോള്‍ കൃഷ്ണമോള്‍ വീണ്ടും പറഞ്ഞു.
”അപ്പോള്‍ അങ്ങിനെ തന്നെ. ഞാന്‍ അവിടെ ചെന്നിട്ട് പപ്പയേയും മമ്മിയേയും വിളിക്കാം. അപ്പോള്‍ തീരുമാനം അറിയിച്ചാല്‍ മതി.”
മുന്നോട്ടു വച്ച കാല്‍ പിന്നോട്ടില്ല എന്ന മട്ടിലുള്ള കൃഷ്ണമോളുടെ ഉറച്ച നിലപാട് എനിക്ക് ഒട്ടും ബോധിക്കുന്നുണ്ടായിരുന്നില്ല. എന്റേയും ഇളക്കമില്ലാത്ത നിലപാട് കണ്ടിട്ടാവാം അവള്‍ പപ്പയോടു മാത്രം യാത്ര ചോദിച്ച് ഇറങ്ങി നടന്നു.
അവള്‍ വഞ്ചിക്കുന്നത് അവളുടെ പപ്പയുടെ നിര്‍മ്മലമായ ഹൃദയത്തെക്കൂടിയാണെന്ന് അവള്‍ അറിയുന്നില്ലല്ലോ എന്ന് ഞാനപ്പോളോര്‍ത്തു.
സ്‌നേഹിക്കാന്‍ മാത്രമറിയുന്ന നരേട്ടന്‍ അവളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി എന്നു വരാം. പക്ഷെ ഒടുവില്‍ വീടും, കുടിയുമില്ലാത്ത അനാഥരെപ്പോലെ ഞങ്ങള്‍ അലഞ്ഞു നടക്കേണ്ടി വരും. അല്ലെങ്കില്‍ മകളോടും അവളുടെ ഭര്‍ത്താവിന്റെ കുടുംബത്തോടുമൊപ്പം കഴിയേണ്ടി വരും. ഏറെനാള്‍ കഴിയുമ്പോള്‍ അടിമകളെപ്പോലെ അവരോടൊപ്പം അവരുടെ ആട്ടും തുപ്പുമേറ്റ്… അപ്പോള്‍, അതില്‍ കൂടുതല്‍ ആലോചിക്കുവാന്‍ എനിക്കായില്ല. നോക്കുമ്പോള്‍ കൃഷ്ണമോള്‍ പടിക്കലെത്തി കഴിഞ്ഞിരുന്നു. ദേവാനന്ദ് ഏറെ മുന്‍പേ പടി കടന്ന് പോയിക്കഴിഞ്ഞിരുന്നു. കൃഷ്ണമോള്‍ പടിയ്ക്കലെത്തി തിരിഞ്ഞു നിന്ന് പപ്പായുടെ നേര്‍ക്ക് കൈവീശുന്നതു കണ്ടു.
പല്ലില്ലാത്ത മോണകാട്ടി, കൃഷ്ണമോളുടെ കൈയ്യിലിരുന്ന് ടുട്ടുമോന്‍ ചിരിച്ചു, അവന്റെ മുത്തച്ഛനെ സന്തോഷിപ്പിക്കാനെന്നോണം.
ഒരു നിമിഷം രാഹുല്‍മോന്‍ ശൈശവ രൂപത്തില്‍ ഞങ്ങളുടെ മുന്നിലിരുന്ന് ചിരിക്കുന്നതു പോലെ തോന്നി.
അവര്‍ പടി കടന്നു പോകുന്നതു കാണുവാനാത്തതു കൊണ്ടോ എന്തോ നരേട്ടന്‍ കണ്ണുകള്‍ തുടച്ച് പിന്തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.
കൃഷ്ണമോള്‍ പടി കടന്നു പോയപ്പോള്‍ ഞാനാലോചിച്ചു. കൃഷ്ണമോളുടെ സ്ഥാനത്ത് രാഹുല്‍ മോനായിരുന്നെങ്കിലോ. അവനൊരിക്കലും ഇതുപോലെ സമ്മര്‍ദ്ദം ചെലുത്തുമായിരുന്നില്ല. ഇത്തരമൊരു കാര്യത്തിനു വേണ്ടി ഞങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല. മറ്റുള്ളവര്‍ വേദനിക്കുന്നതും, കഷ്ടപ്പെടുന്നതും കാണുവാന്‍ അവന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല കഴിയുന്നത്ര മറ്റുള്ള വരെ സഹായിക്കുകയും ചെയ്യുമായിരുന്നു.
എന്നാല്‍ വേദനകളുടെ ഒരു ശവകുടീരമായിരുന്നു അവന്റെ മനസ്സും ശരീരവും. പലപ്പോഴും ഞങ്ങളില്‍ നിന്ന് അവനതു മറച്ചു പിടിച്ചു. സ്വയം വേദന കടിച്ചു പിടിച്ച് പുറമേ പുഞ്ചിരിച്ചു. പപ്പയേയും മമ്മിയേയും വേദനിപ്പിക്കാതിരിക്കാന്‍ സ്വന്തം വേദനകള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അവന്‍ ശ്രമിച്ചു. അവന്റെ വേദനകളും സ്വപ്നങ്ങളും അവന്‍ പങ്കുവച്ചത് ചിലരോടു മാത്രം.
അവന്റെ പ്രിയപ്പെട്ട കൂട്ടുകാരു സംഗീതയോടും, ആത്മസുഹൃത്ത് അരുണിനോടും…
സ്‌നേഹത്തിന്റെ പ്രേമത്തിന്റെ നനുത്ത നൂലിഴകള്‍ പാകി അവന്‍ ആ ബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചിരുന്നു. എല്ലായ്‌പ്പോഴും സുഹൃത്തുക്കള്‍ അവന്റെ ദൗര്‍ബ്ബല്യമായിരുന്നു. അവനു ചുറ്റും എപ്പോഴും ഒരു സുഹൃത്ത് വലയം തന്നെ ഉണ്ടായിരുന്നു. അവര്‍ക്കു വേണ്ടി ജീവത്യാഗം ചെയ്യാന്‍ വരെ അവന്‍ ഒരുക്കമായിരുന്നു. ഒരിക്കല്‍ വെള്ളത്തില്‍ മുങ്ങിത്താണ ഒരു സുഹൃത്തിനെ അവന്‍ രക്ഷിച്ച കഥ അരുണ്‍ പറഞ്ഞതോര്‍ത്തു.
ഒരു ടൂര്‍ പ്രോഗ്രാമിനിടയ്ക്കാണ് അത് സംഭവിച്ചത്. ആഹാരം കഴിച്ച ശേഷം കൈകഴുകാനായിട്ടാണ് അവനും, സുഹൃത്തുക്കളും ആ ചെറിയ വെള്ളച്ചാട്ടത്തിനരുകിലേയ്ക്ക് ചെന്നത്. മുകളിലെ പാറക്കല്ലില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം നുരപത ചിതറി താഴേയ്ക്കു പതിക്കുന്നതു കണ്ട് അവര്‍ നോക്കി നിന്നു പെട്ടെന്നാരോ വഴുക്കുന്ന പാറക്കല്ലില്‍ കയറി ഫോട്ടോ എടുക്കാന്‍ തുനിഞ്ഞു. പാറക്കല്ലില്‍ കാല്‍ വഴുതി താഴേയ്ക്കു നിപതിച്ച ആ സുഹൃത്തിനെ കണ്ട് രാഹുലും മറ്റു സുഹൃത്തുക്കളും അമ്പരന്നു നിന്നു. പക്ഷെ ഒട്ടും അമാന്തിക്കാതെ രാഹുല്‍ ഒരു കയര്‍ സംഘടിപ്പിച്ച് വെള്ളത്തിലേയ്ക്ക് എടുത്തു ചാടി. എങ്ങിനെയോ നീന്തി ആ സുഹൃത്തിനടുത്തെത്തിയ അവന്‍ കയര്‍ ആ സുഹൃത്തിനു നേര്‍ക്കിട്ടു കൊടുത്തു പിടിക്കാന്‍ പറഞ്ഞു. പക്ഷെ അവനതിനു കഴിയാതിരുന്നപ്പോള്‍ അവന്റെ അരക്കെട്ടില്‍ കയര്‍ ചുറ്റി വരിഞ്ഞു കെട്ടി അപ്പോഴേയ്ക്കും വെള്ളച്ചുഴിയിലകപ്പെട്ടുവെങ്കിലും രാഹുല്‍ കയറിലെ പിടിവിട്ടില്ല. ബോധം മറഞ്ഞു തുടങ്ങിയ ആ സുഹൃത്തിനെ എങ്ങിനെയോ ആഞ്ഞു നീന്തി അവന്‍ കരയ്‌ക്കെത്തിച്ചു. ഒടുവില്‍ ബോധം വന്ന സുഹൃത്തിനു പകരം മരണാസന്നനായിക്കിടന്ന രാഹുലിനെ രക്ഷിച്ചത് സംഗീതയുടെ കരസ്പര്‍ശമായിരുന്നത്രെ. ആ മാന്ത്രിക വിരലുകള്‍ അവന്റെ ഹൃദയ താളമുയര്‍ത്തി. പക്ഷെ പിന്നീടൊരിക്കല്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍ നിന്നും അവനെ രക്ഷിക്കുവാന്‍ ആ മാന്ത്രിക വിരലുകള്‍ക്ക് കഴിഞ്ഞില്ലല്ലോ എന്നും ഞാനോര്‍ത്തു. എന്നാല്‍ മുമ്പൊരിക്കല്‍ മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും പിടിയിലകപ്പെട്ട് നാശത്തിന്റെ പടുകുഴിയിലേയ്ക്ക് ചുവടു വച്ചു കൊണ്ടിരുന്ന അവനെ രക്ഷിച്ചത് സംഗീതയാണെന്നും അവന്റെ മരണ ശേഷം അരുണ്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്. പ്രേമത്തിന്റെ മാന്ത്രിക സ്പര്‍ശത്താല്‍ അവള്‍ അവന്റെ ഹൃദയ തന്ത്രികളെ തൊട്ടുണര്‍ത്തി. ആ ഹൃദയത്തില്‍ പ്രേമത്തിന്റെ കുളിര്‍മഴ പെയ്യിച്ചു. അനുരാഗത്തിന്റെ മാസ്മരിക സ്പര്‍ശം, അവനിലൊളിഞ്ഞു കിടന്ന നിര്‍മ്മല ഹൃദയത്തെ, കൂടുതല്‍ പരിശുദ്ധിയുള്ളതാക്കി പരിണമിപ്പിച്ചു.
അവനിലെ നല്ല മാറ്റം ഞങ്ങളെ സന്തോഷിപ്പിച്ചപ്പോഴും ഒരിക്കല്‍ പോലും അവന്‍ തന്റെ പ്രേമഭാജനത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞില്ല. അതറിഞ്ഞാല്‍ ഞങ്ങള്‍ പൊട്ടിത്തെറിച്ചേക്കുമെന്ന് അവന്‍ കരുതിയതു പോലെ.
ഒടുവില്‍ കൃഷ്ണമോളെ തന്റെ പ്രേമദൂതികയാക്കിയപ്പോഴേയ്ക്കും മരണം അവനെ കവര്‍ന്നെടുത്ത് പൊയ്ക്കഴിഞ്ഞിരുന്നു. ഒരിക്കലും അണയാത്ത ഒരു ചിത ഞങ്ങളുടെ മനസ്സില്‍ കൊളുത്തി വച്ച് അവന്‍ വിദൂരതയിലേയ്ക്ക് യാത്രയായി. ഇന്നും കത്തിയുയരുന്ന ആ ചിതയുടെ നീറ്റലില്‍ നരേട്ടന്‍ പിടഞ്ഞു കൊണ്ടിരിക്കുന്നു. ഒരിറ്റു കുളിര്‍മഴയ്ക്കായി നീട്ടിയ ആ കൈകളിലേയ്ക്ക് വിധി പിന്നെയും പിന്നെയും കോരിയിടുന്നത് ചുട്ടുപൊള്ളുന്ന കനല്‍ക്കട്ടകള്‍ മാത്രം. അകത്ത് പിടഞ്ഞു തീരുന്ന ആ മനുഷ്യനെക്കുറിച്ചോര്‍ത്തപ്പോള്‍ ഉള്ളില്‍ കുറ്റബോധം തോന്നി. ഞാനിത്ര നേരവും നരേട്ടനെ മറന്നു പോയതോര്‍ത്ത്. ആ മനസ്സിന് ഒരിറ്റു ആശ്വാസം പകരാന്‍ ഇന്നു ഞാന്‍ മാത്രമേ ഉള്ളൂ. ടുട്ടുമോനെ വേര്‍പിരിഞ്ഞതിലുള്ള വേദനയോടെ അകത്ത് കട്ടിലില്‍ കിടക്കുന്ന, നരേട്ടന്റെ അടുത്തെത്തി ആ കരങ്ങളില്‍ തലോടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
”വിഷമിക്കാതെ നരേട്ടാ… ടുട്ടുമോനെക്കാണാന്‍ നമുക്കെപ്പോള്‍ വേണമെങ്കിലും അങ്ങോട്ടു പോകാമല്ലോ.”
”ശരിയാണു മീര. പക്ഷെ ഇത്തവണ അവന്‍ പോയപ്പോള്‍ എന്തോ കൈവിട്ടു പോയതു പോലെയുള്ള വേദന തോന്നുന്നു.”
”നരേട്ടന്‍ വെറുതെ അതുമിതും ആലോചിക്കുന്നതു കൊണ്ട് തോന്നുന്നതാണത്. നമുക്കൊരു കാര്യം ചെയ്യാം. ഇന്ന് പുറത്തുപോയി ഒരു സിനിമ കണ്ട്, പുറത്തു നിന്നും ആഹാരം കഴിച്ച് മടങ്ങി വരാം. നാളെ മുതല്‍ എനിക്ക് കോളേജില്‍ പോകേണ്ടതുള്ളതു കൊണ്ട് ഇനിയുമിതു പോലെ ഒരവസരം കിട്ടുകയില്ല നരേട്ടാ…’
ഏറെ നേരത്തെ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി നരേട്ടന്‍ യാത്ര പുറപ്പെടുവാന്‍ തയ്യാറായി. വേഗം കുളിച്ച്, ഭക്ഷണവും കഴിച്ച് ഞങ്ങള്‍ വീട് പൂട്ടിയിറങ്ങി. നരേട്ടന്‍ കാര്‍ ഡ്രൈവു ചെയ്യുമ്പോള്‍ ഞാന്‍ നിശബ്ദയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ മൗനം കനത്തു നിന്നെങ്കിലും ഉള്ളിലെ പിടയ്ക്കുന്ന ഹൃദയം വാചാലമായി കലമ്പി ക്കൊണ്ടിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളെറിഞ്ഞ് അത് നിരന്തരം ഞങ്ങളെ കുത്തി മുറിവേല്‍പിച്ചു കൊണ്ടിരുന്നു.
ഷോ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് എത്തിയെങ്കിലും ടിക്കറ്റു വില്‍ക്കുന്നിടത്തെ നീണ്ട ക്യൂ കണ്ട് ഞങ്ങള്‍ അമ്പരന്നു നിന്നു. ഇന്നിനി സിനിമ കാണാനാവുമോ എന്ന് സംശയിച്ചു നില്ക്കുമ്പോഴാണ് എന്റെ സ്റ്റുഡന്റായ സഞ്ജയിനെ കണ്ടു മുട്ടുന്നത്.
”ഹലോ മാഡം… താങ്കള്‍ ടിക്കറ്റു കിട്ടാതെ വിഷമിച്ചു നില്‍ക്കുകയാണോ? എനിക്കിവിടെ സുഹൃത്തുക്കളുണ്ട്. ഞാന്‍ ടിക്കറ്റു സംഘടിപ്പിച്ചു തരാം. അങ്ങിനെ ഹിന്ദിയില്‍ പറഞ്ഞു കൊണ്ട് സഞ്ജയ് ഞങ്ങളുടെ അടുത്തെത്തി.
”വളരെ ഉപകാരം സഞ്ജയ്. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും രണ്ടു ടിക്കറ്റു സംഘടിപ്പിച്ചു. തന്നാല്‍ വളരെ ഉപകാരമായിരുന്നു.” ഞാന്‍ പ്രതിവചിച്ചു.
പെട്ടെന്നു തന്നെ സഞ്ജയ് ടിക്കറ്റ് കൗണ്ടറിനകത്തു ചെന്ന് ഞങ്ങള്‍ക്കും കൂടി രണ്ടു ടിക്കറ്റ് സംഘടിപ്പിച്ചു കൊണ്ടു വന്നു.
”ബഹുത് ശുക്രിയ സഞ്ജയ്…’
ഞാന്‍ നന്ദി പറഞ്ഞു കൊണ്ട് നടന്നു നീങ്ങി. അപ്പോള്‍ നരേട്ടന്‍ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ത്തി ചോദിച്ചു.
”എവിടെ ചെല്ലുമ്പോഴും തന്നെ സഹായിക്കാന്‍ ആളുണ്ടല്ലോ?”
”ഒരു അദ്ധ്യാപികയായതിന്റെ ഗുണം. ഞാന്‍ പറയാതെ തന്നെ നരേട്ടനും അതറിയാമല്ലോ?”
”ശരിയാണെടോ… നമുക്കു കിട്ടിയ അപൂര്‍വ്വം ചില ഭാഗ്യങ്ങളിലൊന്നാണിത്. ഈ ശിഷ്യഗണങ്ങള്‍ ഇവരും കൂടി ഇല്ലായിരുന്നുവെങ്കില്‍ ജീവിതം ആകെ ബോറാകുമായിരുന്നു അല്ലേടോ?”
”ശരിയാണ് നരേട്ടാ… കുറെപ്പേരുടെ കണ്ണു തെളിയിച്ചു കൊടുക്കുന്നതിന് ദൈവം നമുക്കു നല്‍കുന്ന പ്രതിഫലമായി ഇതിനെ കരുതാം. നമ്മുടെ മക്കളെപ്പോലെയുള്ള ഈ ശിഷ്യഗണങ്ങള്‍.”
”അതെ മീര… എത്ര കൊള്ളരുതാത്തവനും സ്വന്തം അദ്ധ്യാപകരോട് ഒരു ബഹുമാനമൊക്കെ ഉണ്ടാകും. ഏതു വിഷമ സന്ധിയിലും നമ്മെ സഹായിക്കാനും ഇവരുണ്ടാകും.”
നരേട്ടന്‍ ഇത്രയും തുറന്നു സംസാരിച്ചതില്‍ എനിക്ക് സന്തോഷം തോന്നി. ഏറെ നേരമായി ഞങ്ങള്‍ക്കിടയില്‍ കനത്തു നിന്ന വീര്‍പ്പുമുട്ടലകന്നു. മനസ്സിനയവു വന്നതു പോലെ നരേട്ടനല്‍പം ഉത്സാഹഭരിതനായി. അല്‍പ നേരത്തെക്കെങ്കിലും നരേട്ടനില്‍ നിന്ന് വിഷാദ ചിന്തകളെ ആട്ടിയോടിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സംതൃപ്തയായി.
എങ്കിലും തീയേറ്ററിനകത്ത് സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ നരേട്ടന്‍ വീണ്ടും വിഷാദമൂകനായതു പോലെ തോന്നി. ഞാന്‍ വിചാരിച്ചതു പോലെയല്ല, മറിച്ച് തമാശയെക്കാളേറെ ദുഃഖനിമഗ്‌നമായ പ്രമേയം ഉള്‍ക്കൊള്ളുന്ന ആ കഥ നരേട്ടനെ വീണ്ടും വിഷാദ ചിന്തകളിലേയ്ക്ക് നയിച്ചു. അല്‍പം മാറി നിന്ന വേദനകള്‍ ആ ഹൃദയത്തെ വീണ്ടും ഗ്രസിക്കുന്നതു പോലെ ആ സിനിമ പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ നരേട്ടന്‍ പറഞ്ഞു തുടങ്ങി. വരൂ… മീരാ… നമുക്കു പോകാം. ഈ സിനിമ ഇങ്ങിനെ കണ്ടു കൊണ്ടിരിക്കാന്‍ എനിക്കാവുകയില്ല.”
”അല്‍പം കൂടി അല്ലേ ഉള്ളൂ നരേട്ടാ നമുക്കിതു മുഴവന്‍ കാണാം.”
അങ്ങിനെ പറഞ്ഞു കൊണ്ട് ഞാന്‍ നരേട്ടനെ പിടിച്ചിരുത്തി. പക്ഷെ ആ കഥയും അവസാനിച്ചത് അതിലെ ദമ്പതികളുടെ മകന്‍ പെട്ടെന്നു മരിക്കുന്നതും അതിനെത്തുടര്‍ന്ന് അവരനുഭവിക്കുന്ന ദുഃഖവുമായിട്ടാണ്. അതുകണ്ട് നരേട്ടന്‍ വീണ്ടും അസ്വസ്ഥനായിക്കൊണ്ടിരുന്നു. ആ കണ്ണുകള്‍ പിന്നെയും പിന്നെയും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. സിനിമ കാണുമ്പോള്‍ ദുഃഖം വഴിയുന്ന സീനുകള്‍ മുമ്പും നരേട്ടന്റെ കണ്ണുനിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രത്തോളം ദുഃഖം അദ്ദേഹം അനുഭവിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്.
മനസ്സില്‍ കുറ്റബോധം തോന്നി. ഏതെങ്കിലും തമാശ നിറഞ്ഞ സിനിമ കണ്ടാല്‍ മതിയായിരുന്നു. ഈ സിനിമയെക്കുറിച്ച് ഒന്നുമറിയാതെയാണ് ഞാന്‍ നരേട്ടനെ കൂട്ടി വന്നത്. അദ്ദേഹത്തിന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിനു പകരം കൂടുതല്‍ അസ്വസ്ഥമാക്കുന്നതിനു മാത്രമേ സിനിമ ഉപകരിച്ചുള്ളൂ. സിനിമ മുഴുവന്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് ഞങ്ങള്‍ തീയേറ്ററില്‍ നിന്നും പുറത്തു കടന്നു.
മനസ്സിന്റെ അസ്വാസ്ഥ്യം ശരീരത്തിനെ ബാധിച്ച പോലെ നരേട്ടന്‍ വളരെ പതുക്കെയാണ് നടന്നത്. ഉള്ളില്‍ തിങ്ങിവിങ്ങുന്ന വേദന ആ മുഖത്തു പ്രകടമായിരുന്നു. ബൈപ്പാസ് ഓപ്പറേഷന്‍ നരേട്ടനെ കൂടുതല്‍ ദുര്‍ബ്ബലനാക്കാനെ ഉപകരിച്ചുള്ളൂ എന്നു തോന്നി ഏതായാലും ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇനിയും ഒരു ഹൃദയാഘാതം അദ്ദേഹത്തിന് ഉണ്ടായിക്കൂടെന്നില്ല.
”കൂടുതല്‍ ദുഃഖപൂര്‍ണ്ണമായ അനുഭവങ്ങള്‍ ആ ഹൃദയത്തിനിനിയും താങ്ങാനാവുകയില്ല.” ഡോക്ടറുടെ വാക്കുകള്‍ ഓര്‍ത്തു.
അന്ന് ഹോട്ടലില്‍ നിന്നു ആഹാരവും കഴിച്ച് ഞങ്ങള്‍ മടങ്ങി. പോരുന്ന വഴിയ്ക്ക് അല്‍പം സമയം പാര്‍ക്കില്‍ ചെലവിടാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. നരേട്ടന് അല്‍പം റിലാക്‌സേഷന്‍ കിട്ടിക്കോട്ടെ എന്നു കരുതിയാണ് അങ്ങിനെ പറഞ്ഞത്. എന്നാല്‍ നരേട്ടന്‍ ”ആകെ ക്ഷീണം തോന്നുന്നു. ഒന്നു കിടക്കണം.” എന്നു പറഞ്ഞ് എന്റെ അഭ്യര്‍ത്ഥനയെ നിരസിച്ചു.
വീട്ടില്‍ മടങ്ങിയെത്തിയ ഉടനെ നരേട്ടന്‍ കട്ടിലില്‍ കയറിക്കിടന്നു. പിറ്റേന്ന് കോളേജില്‍ പോകേണ്ടതുണ്ടായിരുന്നതു കൊണ്ട് ഞാന്‍ നോട്ടുകള്‍ പ്രിപ്പയര്‍ ചെയ്യുന്ന തിരക്കിലേക്കു തിരിഞ്ഞു. ഏറെ ദിവസത്തെ ലീവിനു ശേഷമാണ് കോളേജില്‍ മടങ്ങിയെത്തുന്നത് എന്നതിനാല്‍ ധാരാളം പോര്‍ഷന്‍സ് എടുത്തു തീര്‍ക്കാനുണ്ടായിരുന്നു. പിന്നെ റിസര്‍ച്ച് സ്‌ക്കോളേഴ്‌സിനു വേണ്ടി കുറെ ഗൈഡന്‍സ് വര്‍ക്കുകളും കോളേജിലെ കാര്യങ്ങളില്‍ മുഴുകിയതിനാല്‍ ഞാന്‍ സമയം ഏറെ കടന്നു പോയതറിഞ്ഞില്ല.
നരേട്ടനുള്ള മരുന്നുകള്‍ കൊടുക്കേണ്ട സമയമായിയെന്ന് മനസ്സിലിരുന്ന് ആരോ ഓര്‍മ്മിപ്പിച്ചു. പെട്ടെന്ന് ഞാനെഴുന്നേറ്റ് ഞങ്ങളുടെ ബെഡ്‌റൂമിലെത്തി. അവിടെ നരേട്ടന്‍ സുഖ സുഷുപ്തിയിലാണ്ടു കിടക്കുന്നതു കണ്ടു.
രാത്രിയില്‍ കാര്യമായിട്ടൊന്നും കഴിക്കുന്ന പതിവ് നരേട്ടനുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിനും എനിക്കും വേണ്ടി ഓട്‌സുണ്ടാക്കി രണ്ടു പാത്രങ്ങളിലാക്കി ഞാനദ്ദേഹത്തിന്റെ സമീപം ചെന്നു.
”നരേട്ടാ… എണീക്ക് ഈ ഓട്‌സു കഴിച്ചിട്ട് കിടന്നുറങ്ങിക്കോളൂ.”
ഞാനദ്ദേഹത്തെ കുലുക്കി വിളിച്ചു. പക്ഷെ ഉറക്കത്തിന്റെ അഗാധതയില്‍ ആണ്ടു മുങ്ങിയതു പോലെ അദ്ദേഹം കിടന്നു.
ഏറെ നേരം കുലുക്കി വിളിച്ചപ്പോള്‍ അദ്ദേഹം കണ്ണു തുറന്നു എന്നെ നോക്കി.
”എന്തൊരുറക്കമാ നരേട്ടാ ഇത്. ഉച്ചയ്ക്കു ശേഷം ആഹാരമൊന്നും ഇതുവരെ കഴിച്ചിട്ടില്ല. പിന്നെ മരുന്നും.
ഞാന്‍ ഉല്‍ക്കണ്ഠയോടെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി.
”എനിക്കൊന്നും വേണമെന്നില്ല മീര. വല്ലാത്ത ക്ഷീണം ഞാനൊന്നുറങ്ങിക്കൊള്ളട്ടെ.”
”നരേട്ടാ ഈ ഓട്‌സ് അല്‍പം കഴിക്കൂ. പിന്നെ ഈ മരുന്നും.”
ബൈപ്പാസ് കഴിഞ്ഞതില്‍പ്പിന്നെ നരേട്ടന്‍ കഴിച്ചിരുന്ന ഗുളികകള്‍ ഇപ്പോഴും തുടരുന്നുണ്ട്. എന്തെങ്കിലും ആഹാരം കഴിക്കാതെ ഗുളികകള്‍ കഴിക്കാനാവുകയില്ല. എന്റെ നിര്‍ബന്ധം മൂലം നരേട്ടന്‍ എഴുന്നേറ്റിരുന്ന് അല്‍പം ആഹാരം കഴിച്ചു. പിന്നെ ഞാന്‍ നല്‍കിയ മരുന്നും കഴിച്ച് അദ്ദേഹം ക്ഷീണത്തോടെ ഉറക്കമായി. പാവം! നരേട്ടന്‍…
ആ മനസ്സ് വല്ലാതെ തളര്‍ന്നിരിക്കുന്നു. അതാണ് ഈ ക്ഷീണം. അങ്ങനെ മനസ്സിലോര്‍ത്തു കൊണ്ട് ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു പോന്നു.
അടുക്കള ജോലികളെല്ലാം ഒതുക്കി രാത്രിയില്‍ ഞാന്‍ കിടക്കാനൊരുങ്ങുമ്പോള്‍ കൃഷ്ണമോളുടെ ഫോണ്‍ വന്നു.
”പപ്പാ ഉറക്കമായോ? ഫോണ്‍ പപ്പയ്‌ക്കൊന്നു കൊടുക്കുമോ?” എന്നോട് സംസാരിക്കാന്‍ അവള്‍ക്ക് ബുദ്ധിമുട്ടുള്ളതു പോലെ തോന്നി. അവളുടെ പിണക്കം മാറിയിട്ടില്ലെന്ന് സാരം.
”പപ്പ നല്ല ഉറക്കമായല്ലോ കൃഷ്ണമോളെ. പപ്പയ്ക്കു നല്ല ക്ഷീണമുണ്ടെന്നു തോന്നുന്നു.” ഞാന്‍ അവളുടെ പരിഭവം കണ്ടില്ലെന്ന് നടിച്ചു പറഞ്ഞു.
”എങ്കില്‍ ഞാന്‍ നാളെ വിളിക്കാം.”
അങ്ങിനെ പറഞ്ഞ് അവള്‍ ഫോണ്‍ ഓഫ് ചെയ്തു. അതോടെ എന്നോടുള്ള അവളുടെ പരിഭവം മാറിയിട്ടില്ലെന്ന് എനിക്ക് പൂര്‍ണ്ണബോദ്ധ്യമായി. അവള്‍ വാശിയില്‍ ത്തന്നെയാണ്. ആ വാശിയ്ക്ക് ഞാന്‍ വഴങ്ങുകയില്ലെന്ന് അവള്‍ മനസ്സിലാക്കിയിരിക്കുന്നു. എങ്ങിനെയെങ്കിലും പപ്പയെ സോപ്പിട്ട് കാര്യം സാധിക്കാനാണ് അവളുടെ നീക്കമെന്ന് മനസ്സിലായി. സ്വന്തം സ്വാര്‍ത്ഥലാഭത്തിനു മുന്നില്‍ മറ്റാരുടെ ബുദ്ധിമുട്ടുകളും അവള്‍ക്കു പ്രശ്‌നമല്ലെന്ന് ഒരിക്കല്‍ കൂടി അവള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്ന് ഞാനോര്‍ത്തു.
അവള്‍ വേഗം ഫോണ്‍ ഓഫ് ചെയ്തതിനാല്‍ ടുട്ടുമോന്റെ കാര്യങ്ങളും ഒന്നും ചോദിച്ചറിയാന്‍ കഴിഞ്ഞില്ല. അവന്‍ പിന്നീടെപ്പോഴെങ്കിലും കരഞ്ഞോ?. ആഹാരം കഴിച്ചോ? അങ്ങനെ നൂറു ചോദ്യങ്ങള്‍ മനസ്സില്‍ പൊന്തി വന്നു. ഇനി എന്നാണ് അവനെ കാണാനാവുക? ആ പിഞ്ചിളം മേനി മാറോടു ചേര്‍ത്ത് പുണരാനാവുക?
നരേട്ടനെപ്പോലെ എന്റെ മനസ്സും വിങ്ങിക്കൊണ്ടിരുന്നു. ആ വിങ്ങലോടെയാണ് ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ നരേട്ടന്‍ ഞരങ്ങുകയും, മൂളുകയും ചെയ്തു കൊണ്ടിരുന്നു. ഇടയ്ക്ക് തേങ്ങിക്കരയുന്നതും കേള്‍ക്കാമായിരുന്നു. അദ്ദേഹം എന്തൊക്കെയോ ദുഃസ്വപ്നങ്ങള്‍ കാണുന്നുണ്ടാവുമെന്ന് എനിക്കു തോന്നി. ദുഃഖകരമായ എന്തൊക്കെയോ സ്വപ്നങ്ങള്‍.
പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നെണീറ്റ ഞാന്‍ നരേട്ടനെ ഉണര്‍ത്താതെ തന്നെ പതിഞ്ഞ കാല്‍ വയ്പുകളോടെ അടുത്ത മുറിയിലേയ്ക്കു നടന്നു, ഒരു പുതിയ പ്രഭാതത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മനസ്സില്‍ ഉന്‍മേഷം നിറയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഏതോ വിങ്ങല്‍ മനസ്സിന്റെ കോണില്‍ ഒളിഞ്ഞു കിടന്നു. ഒരു പക്ഷെ നരേട്ടനായിരിക്കാം. അതിനു കാരണം ആ മനസ്സിന്റെ വിങ്ങലുകള്‍ എന്നിലേയ്ക്കും പടരുകയായിരുന്നു.
രണ്ടാഴ്ചത്തെ ഇടവേളയില്‍ വീണ്ടും കോളേജിലേയ്ക്കു പുറപ്പെടുമ്പോള്‍ സാധാരണയായി മനസ്സില്‍ എന്തെന്നില്ലാത്ത ഉന്‍മേഷം നിറയുമായിരുന്നു. അതിനു പകരം അസ്വാസ്ഥ്യത്തിന്റെ വേരുകള്‍ എന്നിലേയ്ക്കും പടര്‍ന്നു തുടങ്ങിയിരിക്കുന്നു. അസ്വാഭാവികമായി എന്തോ ഒന്ന് സംഭവിക്കുമെന്നൊരു തോന്നല്‍ മനസ്സിനെ ഗ്രസിച്ചു കൊണ്ടിരുന്നു.
രാവിലെ എനിക്കും നരേട്ടനും പ്രഭാത ഭക്ഷണം ഒരുക്കുമ്പോഴും മനസ്സില്‍ നിന്നും ആ ഭീതി വിട്ടുമാറിയിരുന്നില്ല. തിരക്കിട്ട ജോലികളില്‍ മുഴുകി ആ അസ്വാസ്ഥ്യത്തെ തുടച്ചു നീക്കുവാനുള്ള ശ്രമമായിരുന്നു പിന്നീട്. എങ്ങിനെയോ അടുക്കള ജോലികള്‍ തീര്‍ത്ത് നരേട്ടനുള്ള പ്രഭാത ഭക്ഷണം ഊണു മുറിയില്‍ വിളമ്പി വച്ച് ഞാന്‍ അദ്ദേഹത്തെ ഉണര്‍ത്താനായി കിടക്ക മുറിയിലെത്തി. അപ്പോഴേയ്ക്കും നരേട്ടന്‍ ഉണര്‍ന്നു കഴിഞ്ഞിരുന്നു. ബാത്ത്‌റൂമില്‍ നിന്നും മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ മുഖത്ത് തലേ ദിവസത്തെ ക്ഷീണത്തിന്റെ അടയാളങ്ങള്‍ തെളിഞ്ഞു കിടന്നു. എങ്കിലും അദ്ദേഹം ഉന്‍മേഷവാനാണെന്നു തോന്നി.
”എന്താ മീര… ഇന്നെനിക്ക് ബെഡ്‌കോഫി കൊണ്ടുവരാന്‍ താന്‍ മറന്നു പോയോ?”
നരേട്ടന്റെ അന്വേഷണം കേട്ട് ഞാന്‍ ഒന്നു പതറിയെങ്കിലും ചിരിച്ചു കൊണ്ട് ഉത്തരം നല്‍കി.
”നരേട്ടന്‍ നല്ല ഉറക്കമായിരുന്നല്ലോ. അതുകൊണ്ട് ഉണര്‍ത്തേണ്ടെന്നു കരുതി. മാത്രമല്ല ഇന്നലെ നല്ല ക്ഷീണമുണ്ടായിരുന്നുവല്ലൊ. നല്ലവണ്ണം ഉറങ്ങി ആ ക്ഷീണമൊക്കെ മാറിക്കോട്ടെ എന്നും കരുതി.”
”ശരിയാണു മീര… ഇന്നലെ ആ ഉറക്കത്തില്‍ നിന്നും ഞാന്‍ ഉണരാതിരുന്നെങ്കില്‍ എന്ന് മനസ്സു കൊണ്ട് ആഗ്രഹിച്ചു പോയി. ഒരിക്കലും ഉണരാത്ത ഒരുറക്കം. അതെന്നെ തേടി വന്നിരുന്നെങ്കില്‍ ഈ വേദനകളില്‍ നിന്നും ഒരു മുക്തി ലഭിക്കുമായിരുന്നുവല്ലോ എന്നും ഓര്‍ത്തു പോയി.”
”അരുത് നരേട്ടാ… ഇത്തരം വാക്കുകള്‍ പറഞ്ഞ് എന്നെ വേദനിപ്പിക്കരുത്. ഞാനും ഒന്നും ചെയ്യാനാവാതെ ആ വേദനയുടെ പിടിയിലമര്‍ന്നു പോവും.”
”ഇല്ല മീരാ നിന്നെ ഇനി ഞാന്‍ വേദനിപ്പിക്കുകയില്ല. നീ എല്ലായ്‌പ്പോഴും സന്തോഷമായിരിക്കണം. അതുകാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”
”സന്തോഷം… അതൊരു കിട്ടാക്കനിയായിത്തീര്‍ന്നില്ലെ നരേട്ടാ നമ്മുടെ ജീവിതത്തില്‍, രാഹുല്‍ മോന്‍ പോയതോടെ എല്ലാം തീര്‍ന്നില്ലെ? എന്നിട്ടും മനസ്സിന് കടിഞ്ഞാണിട്ട് നമ്മള്‍ ജീവിക്കാന്‍ ശ്രമിക്കുന്നു. മറ്റാരെയോ ഒക്കെ കണ്ട് സന്തോഷിക്കാന്‍ ശ്രമിക്കുന്നു. ടുട്ടുമോന്‍ നമ്മുടെ ജീവിതത്തിന്റെ വെളിച്ചമല്ലേ നരേട്ടാ. അവനെക്കാണുമ്പോള്‍ നരേട്ടനും എല്ലാം മറന്ന് സന്തോഷിക്കുന്നില്ലെ?”
”ശരിയാണു മീരാ… അവനെ ക്കാണുമ്പോള്‍ ഞാന്‍ എല്ലാം മറന്നു പോകുന്നു. ഹൃദയത്തില്‍ സന്തോഷം വന്നു നിറയുന്നു. പ്രത്യേകിച്ചും അവന് രാഹുല്‍മോന്റെ ഛായയുള്ളതു കൊണ്ടു കൂടിയാവാം അത്. പക്ഷെ അതുകൊണ്ടു തന്നെ അവന്‍ പോയപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോകുന്നതു പോലെ. പിടിച്ചു നില്‍ക്കാന്‍ എനിക്കു കിട്ടിയ ഒരു പിടി വള്ളിയായിരുന്നു അവന്‍. അവനില്ലാത്തപ്പോള്‍ ആഴമേറിയ ഏതോ ജലാശയത്തില്‍ ഞാന്‍ ആഴ്ന്നു പോകുന്നതു പോലെ. ഏതോ ദുഃഖ കൂപത്തില്‍ ഞാന്‍ ആഴ്ന്നു മുങ്ങുന്നു. വയ്യ മീരാ… ഈ വേദന എന്നെ കാര്‍ന്നു തിന്നുകയേ ഉള്ളൂ. ഞാന്‍ മരിച്ചു പോകും… മീരാ ഞാന്‍ മരിച്ചു പോകും…’
നരേട്ടന്‍ എന്റെ മടിയില്‍ കിടന്ന് പൊട്ടിക്കരയുവാന്‍ തുടങ്ങി. അദ്ദേഹത്തെ എങ്ങിനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ ഞാന്‍ കുഴങ്ങി. ഒടുവില്‍ അദ്ദേഹത്തെ തലോടി കൊണ്ട് ഞാന്‍ പറഞ്ഞു.
”നരേട്ടനിങ്ങനെ അതുമിതും ആലോചിച്ച് ഒറ്റയ്ക്കിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. ഈ മുറിയില്‍ ചടഞ്ഞു കൂടാതെ വെളിയിലേയ്ക്കിറങ്ങണം. പുറത്തെ ശുദ്ധവായു കൊള്ളുമ്പോള്‍ ഈ വേദനയ്ക്ക് കുറെയൊക്കെ ശമനം കിട്ടും.”
എന്റെ മടിയില്‍ കിടന്ന് കുറെ കരഞ്ഞു കഴിഞ്ഞപ്പോള്‍ നരേട്ടന് കുറെയൊക്കെ ആശ്വാസം ലഭിച്ചുവെന്നു തോന്നി. അറിയാതെ നിറഞ്ഞു വന്ന കണ്ണുനീര്‍ നരേട്ടന്‍ കാണാതെ തുടച്ചു കൊണ്ട് ഞാന്‍ നരേട്ടനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അപ്പോള്‍ മനസ്സു പറഞ്ഞു.
”ഈ സന്ദര്‍ഭത്തില്‍ നീ അധീരയാകരുത്. നരേട്ടന് ആത്മബലം നല്‍കേണ്ടത് നീയാണ്…’ പെട്ടെന്ന് നരേട്ടന്‍ മനസ്സിലെ ഭാരം ഒഴിഞ്ഞതു പോലെ എഴുന്നേറ്റിരുന്നു കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു.
”സോറി… മീരാ… ഞാന്‍ പെട്ടെന്ന് വല്ലാതെ അപ്‌സെറ്റായിപ്പോയി. സാരമില്ല… നിന്റെ മടിയില്‍ തലവച്ചു കരഞ്ഞു കഴിഞ്ഞപ്പോള്‍ എന്റെ വേദനകള്‍ മുക്കാലും പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി നീ കോളേജില്‍ പൊയ്‌ക്കോളൂ. ഞാന്‍ സമാധാനമായിട്ടിരുന്നോളാം.”
”അല്ല… നരേട്ടനു വിഷമാണെങ്കില്‍ ഞാനിന്നു പോകുന്നില്ല. അല്ലെങ്കിലും നരേട്ടനെ ഈ സ്ഥിതിയില്‍ കണ്ടിട്ട് എനിക്കു മനഃസമാധാനമായിട്ട് അവിടെച്ചെന്നിരിക്കാനാവില്ല. ഞാന്‍ ഇന്നത്തേയ്ക്കു കൂടി ലീവെഴുതിക്കൊടുക്കാന്‍ തീരുമാനിച്ചു.
”വേണ്ട മീരാ… താന്‍ വെറുതെ ഒരു ലീവു കൂടി എടുത്ത് കളയണ്ട. എന്റെ വിഷമമൊക്കെ മാറി. താന്‍ നോക്കിക്കോളൂ… അല്‍പ സമയത്തിനുള്ളില്‍ ഞാന്‍ ഒരു മിടുക്കനാകും.”
അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം അവശതയൊക്കെ മറന്ന് എന്നെ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിച്ചു. എന്നിട്ടു ബാത്ത്‌റൂമില്‍ കൊണ്ടുപോയാക്കിയിട്ടു പറഞ്ഞു.
”താന്‍ വേഗം കുളിച്ചു റെഡിയായി കോളേജില്‍ പോകുവാന്‍ നോക്ക്. ഞാനും എന്റെ പ്രഭാത കൃത്യങ്ങള്‍ എല്ലാം നടത്തി ഒന്നു കുളിക്കട്ടെ. അപ്പോള്‍ ഈ ക്ഷീണമെല്ലാം മാറി ഒന്നു ഫ്രഷാകും. അല്ല ഇനി ഞാന്‍ കുളിപ്പിച്ചു തരണം എന്നുണ്ടോ. വേണമെങ്കില്‍ അതുമാവാം…’ അദ്ദേഹം പൊട്ടിച്ചിരിച്ചു.
അപ്പോള്‍ അല്‍പം മുമ്പു കണ്ട നരേട്ടനല്ല അതെന്നു തോന്നി. അദ്ദേഹം ഉന്‍മേഷവാനായിരിക്കുന്നു. എനിക്ക് മനഃസമാധാനമായി.
വേഗം കുളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ നരേട്ടനും കുളിച്ചുക്കഴിഞ്ഞിരുന്നു. അദ്ദേഹം പഴയ ഉന്‍മേഷം വീണ്ടെടുത്തതു പോലെ തോന്നി. മാത്രമല്ല ചെറുപ്പകാലത്തെ ഊര്‍ജ്ജസ്വലതയോടെ അദ്ദേഹം എന്റെ അടുത്തെത്തി. കണ്ണാടിയ്ക്കു മുന്നില്‍ അണിഞ്ഞൊരുങ്ങിക്കൊണ്ടിരുന്ന എന്റെ അടുത്തെത്തി. മുഖം പിടിച്ചുയര്‍ത്തി ആവേശത്തോടെ ചുംബിച്ചു കൊണ്ട് പറഞ്ഞു.
”കാലമിത്രയായിട്ടും തന്റെ പഴയ സൗന്ദര്യത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല മീരാ… താനിപ്പോഴും എന്റെ പഴയ മീര തന്നെയാണ്. ഒരുപാടു സ്‌നേഹം ഉള്ളിലൊതുക്കി നടക്കുന്നവള്‍…’
ശരിയാണു നരേട്ടാ… ഇന്നിപ്പോള്‍ അങ്ങനെ ആവേശത്തോടെ സ്‌നേഹിക്കാന്‍ ഞാനും കൊതിക്കുന്നു. പക്ഷെ അങ്ങ് എനിക്കു നല്‍കുന്ന സ്‌നേഹത്തിന് പകരം നല്‍കാന്‍ ഈ ജന്മത്ത് ഞാനെത്ര ശ്രമിച്ചാലും എനിക്കാവുമെന്ന് തോന്നുന്നില്ല. കാരണം അളവറ്റ ആ സ്‌നേഹം, നിറഞ്ഞു തുളുമ്പുന്ന ഒരു പാനപാത്രം പോലെയാണ്. അതില്‍ മുങ്ങിത്താണ് മരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ സ്‌നേഹം അതേ അളവില്‍ തിരിച്ചു നല്‍കാന്‍ എനിക്കൊരിക്കലുമാവില്ല നരേട്ടാ… എന്നോടു ക്ഷമിക്കൂ.
ആത്മഗതം പോലെ എന്റെ മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു.
പെട്ടെന്ന് അടക്കിപ്പിടിച്ച എന്റെ നിശ്വാസങ്ങളെ ചുണ്ടു കൊണ്ടമര്‍ത്തി അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കി. എന്നിട്ട് ആവേശത്തോടെ പറഞ്ഞു.
”നിന്നെ എപ്പോഴുമിങ്ങനെ കണ്ടു കൊണ്ട് എനിക്കു മരിക്കണം മീരാ… നിന്റെ മടിയില്‍ തലവച്ച്. അവസാന ശ്വാസം എടുത്തു കൊണ്ട്.”
(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px