LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 17)

അദ്ദേഹത്തെ മുഴുമിക്കാന്‍ സമ്മതിക്കാതെ ഞാന്‍ പറഞ്ഞു…

‘അരുത് നരേട്ടാ… ഇനിയും ഇങ്ങനെ പറയരുത്. എനിക്കതു സഹിക്കാനാവുകയില്ല. ഞാന്‍ ഹൃദയം പൊട്ടി മരിച്ചു പോകും.”

” മീരാ… മരണം നമ്മെ കവര്‍ന്നെടുക്കാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയില്ല. ഇല്ല… ഒരു ദൈവത്തിനും അതാവില്ല. കാരണം നീ ഒരു പ്രേമ ദേവതയാണ്. ഞങ്ങളുടെ കാവല്‍ മാലാഖ. ഹൃദയത്തില്‍ പ്രേമം മാത്രം നിറച്ചു വച്ചിട്ടുള്ള ഒരുവളെ സ്പര്‍ശിക്കുവാന്‍ ഒരു ദൈവത്തിനുമാവുകയില്ല.”

അങ്ങനെ പറഞ്ഞ് നരേട്ടന്‍ എന്നെ വീണ്ടും വീണ്ടും ഇറുകെ പുണര്‍ന്നു . സ്ഥലകാല ഭേദങ്ങള്‍ മറന്ന് ശയനമഞ്ചത്തില്‍ ഒന്നായിത്തീര്‍ന്ന രണ്ട് ആത്മക്കളായിരുന്നു അപ്പോള്‍ ഞങ്ങള്‍. ആര്‍ത്തലയ്ക്കുന്ന തിരമാലയിലെന്ന പോലെ പ്രേമത്താല്‍ സുരഭിലമായ രണ്ടാത്മക്കള്‍. അവിടെ പ്രകൃതിയും കാലവും നിമിഷങ്ങളും അസ്തപ്രജ്ഞരായി നിന്നു. ആര്‍ത്തലയ്ക്കുന്ന ഹൃദയങ്ങളുടെ നേരിയ മര്‍മ്മരം മാത്രം അപ്പോള്‍ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.

ഒടുവില്‍ സ്ഥലകാല ബോധം വന്നപ്പോള്‍ ഞാന്‍ പിടഞ്ഞെണീറ്റു.
”അയ്യോ…. സമയം ഒരുപാടായി നരേട്ടാ… ഇന്ന് കോളേജിലെത്തുമ്പോള്‍ ഒരു പാടു വൈകും.”
അങ്ങനെ പറഞ്ഞ് വീണ്ടും ഒന്നു കൂടി ഡ്രസ്സു ചെയ്ത് ഞാന്‍ കോളേജിലേയ്ക്കു പുറപ്പെട്ടു. അപ്പോള്‍ ഹൃദയത്തില്‍ ആനന്ദം മാത്രം നിറഞ്ഞു നിന്നു. ഇറങ്ങുവാന്‍ നേരം നരേട്ടനെ ഞാനോര്‍മിപ്പിച്ചു.
”ആ മരുന്നൊന്നും കഴിക്കാന്‍ മറക്കരുതേ നരേട്ടാ… പിന്നെ ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചു വച്ചിട്ടുണ്ട്.”

ഇറങ്ങാന്‍ നേരം ഒരിക്കല്‍ കൂടി എന്നെ വലിച്ചടുപ്പിച്ച് ചുംബിക്കുമ്പോള്‍ നരേട്ടന്‍ പറഞ്ഞു.

”ഏറെ വൈകണ്ട… നീ വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരുത്തന്‍ ഇവിടെയുണ്ടെന്ന് എപ്പോഴും ഓര്‍മ്മിച്ചോളൂ.”

എന്നെ വേര്‍പെടാന്‍ മടിക്കുന്ന ആ കൈകള്‍ വിടര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.
”ശരി നരേട്ടാ… ഞാന്‍ കഴിയുന്നത്ര വേഗം വരാന്‍ നോക്കാം…’

അങ്ങിനെ പറഞ്ഞ് പടിയ്ക്കല്‍ നിന്നിരുന്ന സെക്യൂരിറ്റി രാം ദേവിന്റെ അടുത്തെത്തി പറഞ്ഞു.

”അദ്ദേഹം ഒറ്റയ്‌ക്കേ ഉള്ളൂ… സുഖമില്ലാത്ത ആളാണ്. ഒന്നു ശ്രദ്ധിച്ചു കൊള്ളണം.”

അടുത്ത നാളില്‍ പുതുതായി വന്നെത്തിയ രാമേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന സെക്യൂരിറ്റിയോട് ഹിന്ദിയില്‍ അങ്ങനെ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ നരേട്ടന്‍ എന്റെ നേരേ കൈവീശുന്നുണ്ടായിരുന്നു.

അപ്പോള്‍ അദ്ദേഹം ഇന്നലെ കണ്ട മനുഷ്യനേ അല്ലായിരുന്നു. ഊര്‍ജ്ജസ്വലത തികഞ്ഞ ഒരു പുതിയ മനുഷ്യന്‍. ആ മനസ്സില്‍ അപ്പോള്‍ നിറഞ്ഞു നിന്നത് എന്നോടുള്ള പ്രേമം മാത്രമാണെന്ന് എനിക്കറിയാമായിരുന്നു അല്ലെങ്കില്‍ തന്നെ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന നരേട്ടന്റെ ഉള്ളില്‍ എല്ലായ്‌പ്പോഴും അതല്ലാതെ മറ്റെന്താണുണ്ടാവുക…

ഞാനൊരു വിഡ്ഢിയാണല്ലോ എന്ന് സ്വയം പഴിച്ചു കൊണ്ട് വേഗത്തില്‍ നടന്നു നീങ്ങി. കാര്‍ഷെഡില്‍ നിന്നും കാര്‍ റിവേഴ്‌സ് എടുത്ത് നേരെയാക്കിയ ശേഷം നിരത്തിലേയ്ക്ക് ഓടിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി നരേട്ടനെ തിരിഞ്ഞു നോക്കി. പ്രേമം തുളുമ്പുന്ന കണ്ണുകളുമായി അദ്ദേഹം എന്നെത്തന്നെ നോക്കി നില്‍ക്കുന്നു.

പക്ഷെ ആ കണ്ടുമുട്ടല്‍… കണ്ണുകളുടെ ആ ഏറ്റുമുട്ടല്‍… അതവസാന ത്തേതായിരുന്നുവെന്ന് ഞാനന്നറിഞ്ഞില്ല. പിന്നീടൊരിക്കലും അദ്ദേഹം എന്റേതാവുകയില്ലെന്നും.
നരേട്ടനെ ഒറ്റയ്ക്കാക്കിപ്പോരുമ്പോള്‍ മനസ്സ് അസ്വസ്ഥമായിരുന്നു.

മുമ്പൊരിക്കലും ഉണ്ടാകാത്തവിധം മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് കുറച്ചുനാള്‍ അസുഖം പ്രമാണിച്ച് ലീവെടുത്തതൊഴിച്ചാല്‍ ബാക്കി എല്ലാക്കാലവും ഞങ്ങളൊരുമിച്ചായിരുന്നു കോളേജില്‍ പോയിക്കൊണ്ടിരുന്നത്. കോളേജ് വിട്ട് തിരിച്ചു വരുന്നതും അങ്ങിനെ തന്നെ എന്നാല്‍ ഇന്നിപ്പോള്‍ നരേട്ടനെ ഒറ്റയ്ക്കാക്കി പോരേണ്ടി വന്നിരിക്കുന്നു. പോരെങ്കില്‍ അസുഖബാധിതനുമാണ് അദ്ദേഹം.

കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ മനസ്സ് ശ്വാസം കിട്ടാതെ ഉഴറി. പിന്നെ സ്വയം ശാസിച്ച് മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. അദ്ദേഹം രാവിലെ മുതല്‍ ഉന്‍മേഷവാനായിത്തീര്‍ന്നിരിക്കുന്നു. പഴയ ഊര്‍ജ്ജസ്വലത അദ്ദേഹം വീണ്ടെടുത്തത് കണ്ടിട്ടാണല്ലോ ഞാന്‍ പോന്നത്. എല്ലാം മനസ്സിന്റെ അകാരണമായ ഭയങ്ങള്‍ മാത്രം.

അങ്ങനെ ആശ്വസിക്കാന്‍ ശ്രമിച്ചു.
കോളേജിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പലരും ഓടി എത്തി.

”മാഡം ആപ് ഇത് നേ ദിന്‍ കഹാം ധേ?” ( മാഡം, അങ്ങ് ഇത്രയും ദിവസം എവിടെയായിരുന്നു?”)

അവര്‍ സ്‌നേഹ വചസ്സുകള്‍ കൊണ്ട് എന്നെ മൂടി. ഇത്ര ദിവസവും ഞാനില്ലാതെ അവര്‍ക്ക് ബോറടിച്ചുവത്രെ. അതെ! സ്വന്തം മക്കളെപ്പോലെയാണ് ഞാനവരെ സ്‌നേഹിക്കുന്നത് എന്നവര്‍ക്കറിയാം. പ്രത്യേകിച്ച് രാഹുല്‍ പോയതില്‍ പിന്നെ ഞാനവരെക്കാണുന്നത് സ്വന്തം മക്കളെപ്പോലെയാണ്. അല്ലെങ്കില്‍ അവരാണല്ലോ ഇന്ന് എനിക്ക് എല്ലാ ആശ്വാസവും പകര്‍ന്നു നല്‍കുന്നത്.

പ്രിന്‍സിപ്പാളിന്റെ റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി നരേട്ടനെ വിളിക്കണമെന്ന് തോന്നി. അപ്പുറത്ത് നരേട്ടന്റെ ശബ്ദം കേട്ടപ്പോള്‍ ആശ്വാസം തോന്നി.

”ഹലോ…നരേട്ടാ… എങ്ങിനെയുണ്ടിപ്പോള്‍? അസുഖമൊന്നുമില്ലല്ലോ?”

”ഹലോ… എനിക്കിപ്പോള്‍ ഒരു കുഴപ്പവുമില്ല. താനില്ലാത്തതിന്റെ ഒരു കുറവു മാത്രമേ ഉള്ളൂ…’

‘ഞാന്‍ വൈകുന്നേരം ഓടി എത്തുകയില്ലെ നരേട്ടാ… അല്ലെങ്കില്‍ തന്നെ കോളേജ് അത്ര ദൂരെയൊന്നുമല്ലല്ലോ…’
‘ദൂരം ഉണ്ടെങ്കില്‍ തന്നെ അതെന്നെ ബാധിക്കുകയില്ല. കാരണം താനെപ്പോഴും എന്റെ സമീപത്തു തന്നെയുണ്ട്. എന്റെ ഹൃദയത്തില്‍.”

”രാവിലെ തന്നെ ആളു നല്ല റൊമാന്റിക്കാണല്ലോ… ശരി… ശരി… മരുന്നും ആഹാരവും കൃത്യമായി കഴിക്കണം. ഞാന്‍ വരുന്നതു വരെ മറ്റൊന്നും ആലോചിക്കാതെ നല്ല കുട്ടിയായിരിക്കണം.”

”എനിക്കിപ്പോള്‍ നല്ല സന്തോഷം തോന്നുന്നുണ്ട് മീരാ… രാവിലെ താനെന്റെ മൂഡു തന്നെ മാറ്റിക്കളഞ്ഞല്ലോ.”

‘ശരി നരേട്ടാ… ഞാന്‍ ഫോണ്‍ വയ്ക്കാന്‍ തുനിഞ്ഞപ്പോള്‍
”ഐ ലൗ യൂ… മൈ സ്വീറ്റ് കിസ്സെസ് റ്റു യൂ മീര…’ നരേട്ടന്റെ ശബ്ദം ഫോണിലൂടെ വീണ്ടും ഒഴുകിയെത്തി.

അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നീട് ഏറെ മനഃശാന്തിയോടെയാണ് അന്ന് ക്ലാസ്സിലെത്തിയത്. കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു.

പക്ഷെ എത്ര പെട്ടെന്നാണ് കാലവും സമയവും മാറി മറിയുന്നത്. നിനച്ചിരിക്കാതെയാണ് വിധി തലയ്ക്കുമേല്‍ പ്രഹരങ്ങളേല്‍പ്പിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി ഞാനറിഞ്ഞത് അന്നാണ്. അന്ന് ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും കുട്ടികള്‍ക്കിടയില്‍ രസതന്ത്രത്തിലെ പല രാസപരിണാമങ്ങളെക്കുറിച്ച് വിശദമാക്കുകയായിരുന്നു. അപ്പോഴാണ് ആ ഫോണ്‍ കോള്‍ വന്നെത്തിയത്.

”മാഡം ആപ് ധോഡാ ജല്‍ ദി ആവോ… ഇധര്‍ സാബ് ഊപര്‍ സേ നീചേ ഗിരാ…’ (മാഡം ദയവു ചെയ്ത് വേഗം വരൂ… ഇവിടെ സാബ് മുകളില്‍ നിന്നും താഴെ വീണു)

ആ ഫോണ്‍ കോള്‍ ഒരശനിപാതം പോലെയാണ് എന്റെ തലയ്ക്കു മേല്‍ പതിച്ചത്. തിരിച്ചെന്തെങ്കിലും പറയുവാനോ ചോദിക്കാനോ ആവാത്ത വിധം കൈകാലുകള്‍ വിറകൊള്ളുക യായിരുന്നു. വിറയ്ക്കുന്ന കരങ്ങളില്‍ നിന്നും പഠിപ്പിച്ചു കൊണ്ടിരുന്ന പുസ്തകം താഴെ വീണു.

ഹൃദയമിടിപ്പിന്റെ വേഗം കൂടി കാഴ്ചയ്ക്ക് മങ്ങലേല്‍ക്കുന്നതു പോലെ…..

ഒരിക്കല്‍ കൂടി വിധി എന്നെ പരീക്ഷിക്കുകയാണോ? നരേട്ടനെന്തെങ്കിലും കാര്യമായിട്ടു പറ്റിക്കാണുമോ? വിറയാര്‍ന്ന മനസ്സുമായി കാലുകള്‍ മുന്നോട്ടു വയ്ക്കവേ വിദ്യാര്‍ത്ഥികള്‍ അന്വേഷണവുമായി ഓടിയെത്തി.

”ക്യാ ഹുവാ മാഡം. ഖര്‍മേം കിസികോ കുഛ് ഖത് രാ ഹുവാ ക്യാ?” ( എന്തുപറ്റി മാഡം വീട്ടില്‍ ആര്‍ക്കെങ്കിലും അപകടം പറ്റിയോ?)

‘ഹാം… മേരാ ഹസ്ബന്റ് കോ ഖത് രാ ഹുവാ… വഹ്… വഹ് ഊപര്‍ സേ നീചേ ഗിരാ. (എന്റെ ഹസ്ബന്റിന് എന്തോ അപകടം പറ്റി അദ്ദേഹം മുകളില്‍ നിന്നും താഴെ വീണു)
മുഴുവന്‍ പറയാന്‍ കഴിയാതെ ഞാന്‍ വിമ്മിഷ്ടപ്പെടുന്നതു കണ്ട് ഒരു വിദ്യാര്‍ത്ഥി ഓടി എത്തി.

‘മൈം ഭീ ആപ് കേ സാധ് ആരഹി ഹും. ഹം ഉന്‍കോ ഹോസ്പിറ്റല്‍ ലേ ജായേംഗേ ‘(ഞാനും മാഡത്തിന്റെ കൂടെ വരാം… നമുക്ക് അദ്ദേഹത്തെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാം…)

ഒന്നു രണ്ടു വിദ്യാര്‍ത്ഥികളോടൊപ്പം ഞാന്‍ കാറില്‍ കയറി. കാര്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഉല്‍കണ്ഠയാല്‍ എന്റെ ഹൃദയമിടിപ്പു കൂടി. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് വഴിയില്‍ വാഹന ബ്ലോക്കു കണ്ടപ്പോള്‍ മനസ്സ് പതറി. ഒടുവില്‍ ഇരുപതു മിനിട്ടിനു പകരം നാല്‍പതു മിനിട്ടെടുത്ത് വണ്ടി വീട്ടിലെത്തിച്ചേര്‍ന്നപ്പോള്‍ സെക്യൂരിറ്റി ഓടി എത്തി.

”സാബിന് ബോധം നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം മാഡം വരാതെ ഹോസ്പിറ്റലില്‍ കൊണ്ടു പോകരുതെന്ന് വിലക്കി…’

സെക്യൂരിറ്റി പറഞ്ഞതു കേട്ട് കാര്‍ തുറന്ന് ഞാന്‍ നരേട്ടന്റെ അടുത്തേയ്ക്ക് ഓടുകയായിരുന്നു.

അകലെ നിന്ന് ഞാന്‍ കണ്ടു. നരേട്ടനെ കസേരയില്‍ താങ്ങി ഇരുത്തിയിരിക്കുന്നു, പാതി തുറന്ന കണ്ണുകള്‍… നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന ചോരച്ചാല്‍, താഴെ തളം കെട്ടിക്കിടക്കുന്നു. എല്ലാം കണ്ട് ഞെട്ടിത്തെറിച്ച ഞാന്‍ നരേട്ടന്റെ അടുത്തെത്തി ആ ചുമലില്‍ കുലുക്കി വിളിച്ചു.
”എന്തുപറ്റി നരേട്ടാ… എന്തുപറ്റി? എങ്ങിനെയാണിതു സംഭവിച്ചത്?”

പരിഭ്രമത്താല്‍ ചിതറിയ എന്റെ വാക്കുകള്‍ കേട്ട്, അടഞ്ഞു പോകുന്ന കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു കൊണ്ട്, പാതി സുബോധത്തില്‍ നരേട്ടന്‍ പറഞ്ഞു.
”മീരാ… നീ വന്നോ… ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു. നിന്റെ മടിയില്‍ തലവച്ചു വേണം എനിക്കു മരിക്കാന്‍…’ നരേട്ടന്റെ ചുണ്ടുകളില്‍ അപ്പോള്‍ ഒരു വിളറിയ പുഞ്ചിരി തങ്ങി നിന്നു.
‘അരുതേ നരേട്ടാ അങ്ങിനെ പറയരുത്…’

ഞാനാ വായ് പൊത്തിക്കൊണ്ടു പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ കാര്‍ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് കൊണ്ടു വന്നു. പിന്നെ ഞാനും അവരും കൂടി അദ്ദേഹത്തെ താങ്ങിയെടുത്ത് കാറിലിരുത്തി. അപ്പോള്‍ അദ്ദേഹം അസപ്ഷ്ടമായി പറഞ്ഞു കൊണ്ടിരുന്നു.

”എനിക്ക് ഹോസ്പിറ്റലില്‍ പോകണ്ട… എനിക്ക് എനിക്കെന്റെ മീരയുടെ മടിയില്‍ തലവച്ച് മരിക്കണം….’

ഞാന്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് ആ തല എന്റെ മടിയില്‍ വച്ചു. എന്റെ കണ്ണുനീര്‍ ആ ശിരസ്സില്‍ വീണ് ചിതറി. അപ്പോള്‍ നരേട്ടന്‍ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.

”എനിക്ക് … എനിക്കെന്റെ രാഹുല്‍മോന്റെ അടുത്തു പോകണം മീര… അവന്‍… അവന്‍ എന്നെ കാത്തിരിയ്ക്കയാണ്. പാവം ഒറ്റയ്ക്കു ബോറടിച്ചു കാണും. ഞാനങ്ങോട്ട് ചെല്ലട്ടെ… ഞാന്‍… ഞാന്‍ പോയാല്‍ നിനക്കും ബോറടിക്കും. നീ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണം. അതാണെന്റെ ആഗ്രഹം. പറ്റുമെങ്കില്‍ ഫഹദിനെത്തന്നെ. എനിക്കുറപ്പുണ്ട്, അദ്ദേഹം നിന്നെ കാത്തിരിക്കുന്നുണ്ടാവും.”

മുഴുവന്‍ പറയുന്നതിനു മുമ്പേ ആ കണ്ണുകള്‍ മെല്ലെ അടഞ്ഞു വന്നു. ഒരു നിമിഷം അസ്തപ്രജ്ഞയായി ഞാനിരുന്നു. പിന്നീട് ആര്‍ത്തലച്ചു കൊണ്ട് ആ ചുണ്ടുകളില്‍ ഉമ്മ വച്ചു. എന്റെ അന്ത്യചുംബനം…
എന്നും എന്നെ പ്രേമപൂര്‍വ്വം ചേര്‍ത്തണച്ച ആ മാറിലേയ്ക്ക് ഞാന്‍ കുഴഞ്ഞു വീണു.

പിന്നെ അബോധത്തിന്റെ മഞ്ഞുപടലങ്ങള്‍ക്കുള്ളില്‍ ഞാന്‍ നരേട്ടനെ മാറോണടച്ച് ഇറുകെ പുണര്‍ന്നുറങ്ങി.
എത്ര മണിക്കൂറുകള്‍ അങ്ങിനെ കടന്നുപോയെന്നറിയില്ല. ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ ഹോസ്പിറ്റലിലായിരുന്നു. ഹോസ്പിറ്റല്‍ ബെഡ്ഡില്‍ കിടന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

എന്റെ നരേട്ടന്‍ പോയി എന്ന സത്യവുമായി പൊരുത്തപ്പെടാനാവാതെ ഞാന്‍ ഉറക്കെ നിലവിളിച്ചു. അത് ഒരു ഹോസ്പിറ്റലാണെന്ന സത്യം പോലും മറന്ന്… ഡോക്ടര്‍മാരും, നഴ്‌സുമാരും ഓടി എത്തി.

”മാഡം പ്ലീസ്, യൂ കണ്‍ട്രോള്‍ഡ് യുവേഴ്‌സെല്‍ഫ്”

ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു. അവര്‍ ഇഞ്ചക്ഷന്‍ തന്ന് എന്നെ മയക്കി. ഒടുവില്‍ ഉണരുമ്പോള്‍ കൃഷ്ണമോള്‍ അടുത്തുണ്ടായിരുന്നു.
”പപ്പായ്‌ക്കെന്താണ് സംഭവിച്ചത് മമ്മീ?…’

പ്രിയപ്പെട്ട പപ്പായുടെ വേര്‍പാട് അവള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നു തോന്നി. കരഞ്ഞു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ ഞാന്‍ ചലനരഹിതയായി ഒരു പ്രേതം കണക്കെ ഇരുന്നു. ഒന്നുറക്കെ കരയാനോ, എന്തെങ്കിലും പറയാനോ, ആവാതെ!

മനസ്സിനേറ്റ ആഘാതം എന്നെ ഒരു ഭ്രാന്തിയാക്കിത്തീര്‍ക്കുമോ എന്ന് കൃഷ്ണമോള്‍ ഭയന്നു. ഒടുവില്‍ ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് എന്നെ എത്തിച്ച് അവള്‍ അതിനു പരിഹാരം തേടി. അങ്ങിനെ ഇരുട്ടുമൂടിയ ദിനരാത്രങ്ങള്‍ക്കൊടുവില്‍ ബോധത്തിന്റെ നറും വെളിച്ചം എന്നെത്തേടിയെത്തി. ഉറക്കെ കരഞ്ഞു കൊണ്ട് ഞാനാ ദിനങ്ങളില്‍ ആശ്വാസം നേടാന്‍ ശ്രമിച്ചു. മാനസികാരോഗ്യ ക്ലിനിക്കില്‍ ആരും എന്നെ തടഞ്ഞില്ല. മറിച്ച് കരയുവാന്‍ അനുവാദം നല്‍കി.

ഒടുവില്‍ എങ്ങിനെയൊക്കെയോ ദുഃഖത്തിന്റെ ആവരണത്തില്‍ നിന്നും ഞാന്‍ പുറത്തു കടന്നു. മെല്ലെ മെല്ലെ ഹൃദയം ആശ്വാസ തീരങ്ങളില്‍ അഭയം തേടി.
എന്നെ ക്ലിനിക്കിലെത്തിച്ച് കൃഷ്ണമോള്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു പോയിരുന്നു. ഏതോ പകവീട്ടല്‍ അപ്പോഴും അവളുടെ ഉള്ളില്‍ ഉണ്ടായിരുന്നു എന്നു തോന്നി. ആ ദിനങ്ങളില്‍ എനിക്കു തുണയായി അരുണും മറ്റേതാനും വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു.

ഞാന്‍ നോര്‍മലായി എന്നു തോന്നിത്തുടങ്ങിയപ്പോള്‍ അരുണ്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി.

”മാഡം, കോളേജിലേയ്ക്ക് വരൂ… അപ്പോള്‍ ഈ മാനസികാവസ്ഥ കുറെയൊക്കെ മാറും.”
അരുണിന്റെ ഏതാനും ദിവസത്തെ നിര്‍ബന്ധത്തിനൊടുവില്‍ ഞാന്‍ കോളേജിലേയ്ക്കു പുറപ്പെട്ടു. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ സഹതാപപൂര്‍വ്വം എന്നോടു പെരുമാറി.
അവര്‍ ചോദ്യങ്ങള്‍ ചോദിച്ച് കുത്തി നോവിയ്ക്കാതെ എനിക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കി. എന്നെ സന്തോഷിപ്പിക്കാനുള്ള വഴികള്‍ തേടി.

അരുണ്‍ പലപ്പോഴും ഒരു മകനെപ്പോലെ ഫ്‌ളാറ്റില്‍ വന്ന് കിടന്നു.

കാലം അതിന്റെ വികൃതികള്‍ തുടര്‍ന്നപ്പോള്‍, എഴുതിത്തീരാത്ത പുസ്തകമായി എന്റെ ജീവിതം പരിണമിച്ചു. നരേട്ടന്‍ എന്നെ വിട്ടകന്നപ്പോള്‍ ജീവിതത്തിന്റെ ആ ഏട് വീണ്ടും അപൂര്‍ണ്ണതയില്‍ തുടര്‍ന്നു.

അപൂര്‍ണ്ണതയുടെ ആ ഏടുകള്‍ ആരോ കുത്തി വരച്ചിട്ടതു പോലെ അതു പൂര്‍ത്തിയാക്കാനോ വലിച്ചു കീറാനോ ആവാതെ ഞാന്‍ നിന്നു….

ഒറ്റയടിപ്പാതയിലൂടെ തനിയെ ദീര്‍ഘയാത്ര തുടരുമ്പോള്‍ ഡല്‍ഹിയിലെ ആ യൂണിവേഴ്‌സിറ്റി എനിക്കഭയമായി തീര്‍ന്നു. മീരാ നാരായണന്‍ എന്ന പ്രൊഫസര്‍ പുസ്തകങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ സ്വജീവിതം തളച്ചിട്ടു.

എന്നിട്ടും വീട്ടിലെത്തുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദന വല്ലാതെ അലട്ടി. ഏകാന്ത പഥികയെപ്പോലെയുള്ള ജീവിതം നരേട്ടന്‍ പറഞ്ഞതു പോലെ എനിക്ക് വല്ലാതെ ബോറടിച്ചു തുടങ്ങി. ടുട്ടുമോനേയും കൃഷ്ണമോളെയും ദേവാനന്ദിനെയും കാണണമെന്ന് തോന്നി. കൃഷ്ണമോളെ ഫോണില്‍ വിളിച്ചു. അപ്പുറത്ത് ഫോണ്‍ റിംഗ് ചെയ്തു കൊണ്ടിരുന്നു.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px