നോക്കെത്താ ദൂരത്ത് പുഞ്ചപ്പാടം വയലുകള്‍ ഉഴുത് വരമ്പുകള്‍ ചെളി കോരി പൊതിഞ്ഞ് വച്ചിരിക്കുന്നത് കാണാന്‍ എന്ത് രാസമാണെന്നോ. പുല്ല് ചീഞ്ഞ് ചേറുകലര്‍ന്ന ഗന്ധം പുതുമഴ മണ്ണില്‍ പതിയും പോലെ. കര്‍ഷകന് അത് വാസന തൈലത്തിന്റേതാണ്. വയലില്‍ പാകിയ വിത്ത് മുള വരുന്നവരെ കൂട്ടത്തോടെ പ്രാവുകളും ഇരണ്ടകളും വരും നൂറുകണക്കിന് വരുന്ന പക്ഷി കൂട്ടം ഒന്നോ രണ്ടോ തവണ വയലില്‍ പതിച്ചാല്‍ മതി ഒരു നെല്‍വിത്തും ബാക്കി ഉണ്ടാവില്ല. പക്ഷികളെ തകര പാട്ടകൊട്ടി ഓടിക്കുന്ന തിരക്കിലാണ് രാജു.
രാവിലെ എറിക്കുന്ന സൂര്യന്റെ ചൂടിന് അന്തിയായാലും ഒരു കുറവും ഉണ്ടാവില്ല. തണലത്ത് ഇരിക്കാമെന്ന് കരുതിയാല്‍ ഒരു വൃക്ഷം പോലും അവിടെങ്ങും ഇല്ല മുന്നേ കരുതിയ വെയിലേറ്റ് നരച്ച ഒരു കാലന്‍കുട അതിന്റെ ചുവട്ടില്‍ കൂനിക്കൂടി ഇരുന്ന് വേണം പാട്ട കൊട്ടാന്‍. വീട്ടില്‍ നിന്നും തന്നയച്ച വെള്ളം കുടിച്ച് വറ്റിച്ചിട്ടൊന്നും ദാഹത്തിന് ഒരു അറുതിയും വന്നില്ല. 700 ഏക്കറിലധികം വരുന്ന വെച്ചൂര്‍ പുത്തന്‍കായല്‍.
കായല്‍ നിരപ്പില്‍ നിന്ന് മൂന്നടിയിലധികം താഴ്ന്ന് നില്‍ക്കുന്ന മനുഷ്യനിര്‍മ്മിത തുരുത്താണ് പുത്തന്‍കായല്‍ പാടശേഖരം….നിരവധി മോട്ടോറുകള്‍ നിരന്തരം പ്രവര്‍ത്തിപ്പിച്ച് വെള്ളം വേമ്പനാട്ട് കായലിലേയ്ക്ക് ഒഴുക്കിയാണ് തുരുത്തില്‍ നെല്‍കൃഷി നടത്തിയിരുന്നത്.
ആദ്യം കൃഷി ഇറക്കിയ വയലുകളില്‍ ഇളം കാറ്റടിക്കുമ്പോള്‍ ഞാറ്റടികള്‍ താളത്തില്‍ തലയാട്ടുന്ന ചന്ദം-ഒന്ന് വേറെ തന്നെ. ഞാറുകളുടെ നടുവില്‍ ഒറ്റ കാലില്‍ നിന്ന് നീളമുള്ള ചുണ്ടില്‍ഞണ്ടും ഞവണിക്കയും കൊത്തി വിഴുങ്ങുന്ന വളുത്ത കൊക്കുകള്‍. ആകാശത്ത് കൂട്ടമായി പ്രാവുകള്‍ പറക്കുമ്പോള്‍ ചെറു ചുഴലികാറ്റ് വീശുന്ന ശബ്ദം.
വീട്ടില്‍ നിന്ന് ഈ കൃഷി സ്ഥലത്ത് വരണമെങ്കില്‍ ഏകദേശം 5-6 കിലോമീറ്റര്‍ കാല്‍നട, വഞ്ചിയില്‍ രണ്ട് കടത്ത്, കുറച്ച് ദൂരം ബസ് യാത്രയും. ഇതെല്ലം കഴിഞ്ഞ് പാട വരമ്പത്ത് കുത്തിയിരുന്ന് പാട്ടകൊട്ടി കൊട്ടി ക്ഷീണിച്ച് അവശ നിലയില്‍ ചോറ്റുപാത്രത്തിന്റെ അടപ്പ് തുറന്ന് ചോറ് തിന്നാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലേ ആഹാരത്തിന്റെ രുചിയും വിലയും എന്തെന്ന് മനസ്സിലാവൂ. വിശപ്പ് ആസ്വാദ്യമായ ദിനങ്ങള്‍…..
വയലിലെ വിനോദ കാഴ്ചകള്‍ മങ്ങിതുടങ്ങി, വേമ്പനാട്ട് കായലില്‍ വര്‍ണ്ണ രാജിയില്‍, തറ്റുടുത്ത് സൂര്യന്‍ മയക്കത്തിനുള്ള പുറപ്പാട്. ചേക്കേറാന്‍ വെട്ടുക്കിളിയും പ്രാവുകളും ഇരണ്ടയും പോയിത്തുടങ്ങിയ തക്കം നോക്കി രാജുവും വച്ച്പിടിച്ച് വീട്ടിലേക്ക്. വന്ന ദൂരം അത്രെയും തിരികെ പോകണമെങ്കില്‍ ഒന്നൊന്നര മണിക്കൂര്‍ വേണം. രാത്രി ആയാല്‍ കടത്ത് കാരന്‍ വീട്ടില്‍ പോകും പിന്നെ കരിയാര്‍ നീന്തി കടക്കണം വരുന്ന വഴിയില്‍ വിജനമായ പള്ളി സെമിത്തേരി വേറെരാമരാമ ചൊല്ലിയും കുരിശ് വരച്ചും വേണം അവിടം താണ്ടാന്‍.
ഇതൊന്നും അനുഭവിക്കാത്ത ബാല്യത്തിന് എന്തുണ്ട് ഇന്ന് ഓര്‍ത്തെടുക്കാന്‍ എന്ന് വിചാരിക്കേണ്ട. ഓരോരുത്തരും. ഇതുപോലുള്ള എത്രയെത്ര മനോഹരമായ അനുഭവങ്ങളിലൂടെയാണ് ഇന്നിവിടെ എത്തി നില്‍ക്കുന്നത്.












