നാം ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളങ്ങളിലൊന്ന് നമ്മുടെ പ്രതികരണ ശേഷിയാണ്. ഒന്നിനോടും യാതൊരുവിധ പ്രതികരണങ്ങളുമില്ലാതെ ജീവിക്കുന്നവരും നമുക്കിടയില്‍ നിരവധി പേരുണ്ട്. ജീവനില്ലാത്തതിന്റെ സൂചനയാണിത്. നാം പറയാറില്ലേ – ചത്തതിനൊപ്പം ജീവിക്കുന്നവരെന്ന്!
പക്ഷേ, പ്രതികരണം എപ്പോള്‍ , എങ്ങനെ എവിടെ എന്നത് ഏറെ പ്രസക്തമാണ്. ആവശ്യത്തിനും അനാവശ്യത്തിനും സ്ഥാനത്തും അസ്ഥാനത്തും പ്രതികരിക്കുന്നവരാണോ നാം? ആവശ്യം വരുമ്പോള്‍ അണിയാനും അഴിച്ചു വയ്ക്കാനും കഴിയുന്ന ആടയാഭരണം പോലയാണ് പലപ്പോഴും നമ്മുടെയൊക്കെ പ്രതികരണങ്ങള്‍!
നമുക്കിഷ്ടമുള്ളവര്‍ ചെയ്യുന്ന നെറികേടുകളെ നാം ന്യായീകരിക്കുകയും നമുക്കിഷ്ടമില്ലാത്തവര്‍ ചെയ്യുന്ന നേരുകളെയൊക്കെ പഴിക്കുകയും ചെയ്യുന്നവരല്ലേ നാം ? ഇതിലേതു പ്രതികരണമാണ് നല്ലത്? പ്രതികരിക്കേണ്ടിടത്ത് മുഖം നോക്കാതെ പ്രതികരിക്കുകയും സംയമനം പാലിക്കേണ്ടിടത്ത് ശത്രുവാണോ മിത്രമാണോയെന്ന് തരാതിരിവുകളില്ലാതെ ആത്മസംയമനം പാലിക്കാനും നമുക്ക് കഴിയണം.











