പൊട്ടി വിടര്‍ന്ന ഓണ തുമ്പികളെ പോലെ ചില ഓര്‍മ്മകള്‍ ഓണക്കാലത്ത് പറന്നു വരും. നമ്മളെല്ലാവര്‍ക്കും ഓണത്തെ കുറിച്ച് എന്തെങ്കിലുമൊക്കെ ചില സ്മരണകള്‍ പറയാനുണ്ടാവും , അല്ലേ?
എനിക്കും ഉണ്ട് ഹൃദയത്തില്‍ പരാഗണം പോലെ ഓണനാളിന്റ ചില ഓര്‍മ്മകള്‍.
1994 – 2000 കാലഘട്ടം .
ഇമെയിലിനും ഇന്റര്‍നെറ്റിനും മുമ്പ് , ഓര്‍ക്കൂട്ടിനും ഫേസ്ബുക്കിനും മുമ്പ് ഒരു മധുരാര്‍ദ്ര ലാവണ്യ കാലം. പോസ്റ്റ്ഓഫിസില്‍ നിന്നും എഴുത്തുകള്‍ വെള്ളാരംകുന്നിലെ ചിത്രശലഭങ്ങളെ പോലെ ചിലങ്ക കെട്ടിയ സ്വപ്നങ്ങളായി പറന്നു നടന്നിരുന്ന കാലം .
അക്കാലത്ത് കത്തുകളിലൂടെ മാത്രം പരിചയപ്പെട്ട ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു , ഒരു പ്രസാദ് , ഒരിക്കലും നേരിട്ട് കണ്ടുമുട്ടിയിട്ടില്ലാത്ത ഒരു സുഹൃത്ത്.ഒരിക്കല്‍ ഞങ്ങള്‍ ഏതോ കാര്യത്തിന് പിണങ്ങി എഴുത്തുകള്‍ അയക്കാതെയായി. ഒരു പേന പോലും കുറച്ചു ദിവസം ഉപയോഗിച്ചാല്‍ അതിനോട് വല്ലാത്ത ആത്മബന്ധം തോന്നിപ്പോവുകയും അത് നഷ്ടപ്പെട്ടാല്‍ ഒരു പാട് സങ്കടപ്പെടുകയും ചെയ്യുന്ന പക്കാ സെന്റിമെന്റല്‍ ആയ എനിക്ക് ആ സുഹൃത്തിന്റെ നിലപാട് കുറെ വിഷാദം ഉണ്ടാക്കി . അന്നൊരു ഉത്രാടരാവ് , ഓഫീസില്‍ നിന്നും വരുന്ന വഴി എറണാകുളം മാര്‍ക്കറ്റ് റോഡില്‍ ഇറങ്ങി. ഓണചന്ത. നല്ല തിരക്ക് . ആ തിരക്കിലും ഞാന്‍ എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി കടയില്‍ ഇടിച്ചു കേറി . പച്ചക്കറി വാങ്ങിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് വന്ന് കടക്കാരനോട് ചോദിക്കുന്നു ,
‘ ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍
തക്കാളിക്ക് കിലോ എന്തു വില ‘?
കടക്കാരനും കടയില്‍ സാധനം വാങ്ങാന്‍ വന്നവരുമൊക്കെ ചിരിച്ചു കൊണ്ട് ആ വ്യക്തിയെ നോക്കി. ‘ ഏതാണ് ഈ വട്ട് കേസ് ? ‘ എന്നായിരുന്നു ആ നോട്ടത്തിന്റെയും ചിരിയുടെയും അര്‍ത്ഥം.
ഞാനും ആ യുവാവിനെ സുക്ഷിച്ചു നോക്കി, ആകര്‍ഷകമായിരുന്നു , അയാളുടെ രൂപം., ഞാന്‍ കയറിയ ബസ്സില്‍ എന്റെ പിറകിലെ സിറ്റില്‍ അയാള്‍ ഉണ്ടായിരുന്നത് ഞാനോര്‍മ്മിച്ചു. റാഫിയുടെ പാട്ടും മൂളികൊണ്ടിരുന്ന അയാള്‍ ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ കൂടെ ഇറങ്ങിയതും ഓര്‍മ്മിച്ചു. ഞാന്‍ അറിയാതെ അയാള്‍ എന്നെ പിന്‍തുടരുകയായിരുന്നോ? എനിക്കൊരു പേടി തോന്നി.
അയാള്‍ കുറച്ചു തക്കാളി വാങ്ങിച്ചു എന്നിട്ട് എന്റെ അരികില്‍ വന്നു ഇപ്രകാരം പറഞ്ഞു ‘ വിശപ്പിന്റെ നിറം ചുവപ്പ്, വിപ്ലവത്തിന്റെ നിറം ചുവപ്പ്, ഹൃദയത്തിന്റെ നിറം ചുവപ്പ്, ഈ ചുവപ്പന്‍ തക്കാളി ഞാന്‍ നിനക്കായ് തരുന്നു ‘
‘ നിങ്ങള്‍ ആരാ? ‘ ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു, സ്‌നേഹദീപം മിഴി തുറന്ന പോലെയുള്ള കണ്ണുകളുമായ് അയാള്‍ പറഞ്ഞു ‘ ഞാന്‍ താങ്കളുടെ കാണാത്ത സുഹൃത്ത് പ്രസാദ് ‘ , കയ്യിലൊരു മടക്കിയ കടലാസ് കഷണവും തന്നു. ഒരക്ഷരം തിരിച്ചു പറയും മുന്‍പേ അയാള്‍ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്ന് അപ്രത്യക്ഷനായി…..
വീട്ടിലെത്തിയതും മടക്കിയ കടലാസ് നിവര്‍ത്തി വായിച്ചു നോക്കി.
‘ നാളെ ഓണത്തിന് ഞാന്‍ വൃന്ദയുടെ വീട്ടില്‍ വരും , പിച്ചക്കാരന്റെയോ കല്ലു കൊത്തുകാരന്റെയോ വേഷത്തിലായിരിക്കും വരുന്നത് , ആട്ടിപ്പായിക്കരുത് ‘
ശ്ശെടാ , ഇതെന്ത് കൂത്ത് ! ഏതായാലും സംഭവം അമ്മയെയും സഹോദരങ്ങളെയും അറിയിച്ചു. ഏത് പിച്ചക്കാരന്‍ വന്നാലും ഏത് കല്ല് കൊത്തുകാരന്‍ വന്നാലും ആളെ പിടികൂടി ഹാജരാക്കുന്ന കാര്യം അവരേറ്റു. പ്രച്ഛന്ന വേഷത്തില്‍ വരുന്ന തിരുമാലിയെ പൂട്ടാന്‍ അയല്‍ക്കാരെയും ഏല്‍പ്പിച്ചു. അങ്ങനെ ഓണദിവസം പുലര്‍ന്നു . വീടിന് പരിസരത്തൂടെ പോകുന്ന ഓരോരുത്തരെയും രഹസ്യമായി വീക്ഷിച്ചു കൊണ്ട് ചാര സേനകള്‍ ചുറ്റിത്തിരിഞ്ഞു.
പക്ഷേ , ജ്യോതീം വന്നില്ല , തീയും വന്നില്ല , ഒരു പിച്ചക്കാരനും വന്നില്ല . അങ്ങനെ ആ ഓണം കാത്തിരിപ്പിന്റെ ആകാംക്ഷയില്‍ കടന്നു പോയി.
പിന്നീട് പ്രസാദിനോട് ഞാന്‍ ചോദിച്ചു , എന്താണ് അന്നത്തെ ഓണത്തിന് വരാഞ്ഞത് എന്ന് .
‘പറ്റിയ മേക്കപ്പ്മാനെ കിട്ടിയില്ല ‘ എന്നായിരുന്നു നിസ്സാരമായ മറുപടി.
ഓണത്തപ്പാ , മാവേലി , ഇത്തരം സുഹൃത്തുക്കളെ ഇനിയാര്‍ക്കും കൊടുക്കല്ലേ തമ്പുരാനേ എന്ന് പ്രാര്‍ത്ഥിക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
ഇപ്പോഴും ഓരോ ഓണത്തിനും ഈ സംഭവം ഓര്‍ത്ത് തനിയേ ചിരിക്കാറുണ്ട്.












