കേരളത്തിന്റെ മഹോത്സവമായ ഓണമെത്തുമ്പോള്‍ മനസ്സില്‍ വരുന്ന സന്തോഷം
അളക്കാനാവില്ല. നമ്മുടെ നാടിന്റെ സംസ്‌കാരവും
സമത്വവും വിളിച്ചോതുന്ന ഓണാഘോഷങ്ങള്‍
ലോകമെങ്ങുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ ഉദാഹരണം കൂടിയാണ്.
ഗ്രൂപ്പിലെ ഒരു സ്‌നേഹിതയെ കഴിഞ്ഞ ദിവസം കണ്ടു മുട്ടിയപ്പോള്‍ ഓണം ആഘോഷിക്കാറേയില്ലെന്ന് വിഷമത്തോടെ പറഞ്ഞു. അവരുടെ പ്രിയപ്പെട്ടവന്‍ തനിയെ പറന്നകന്നത് ഒരു ഓണദിവസത്തിലാണ്. വേര്‍പാടിന്റെ സങ്കടപ്പൂക്കളാണ് അവര്‍ക്ക് ഓണസ്മരണകള്‍. വേദനയുടെ പൊട്ടാത്ത നീര്‍ക്കുമിളകളാണ് പലര്‍ക്കും ഓണം. മറവിയിലേക്ക് മായാത്ത പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുടെആഴങ്ങളിലേക്ക്
ആണ്ടുപോകുമ്പോള്‍ ആഘോഷങ്ങള്‍ മൗനത്തിന്റെ മൂടുപടമണിയുന്നു.
എന്റെ മനസ്സിലെ മായാത്ത ഓണവും നൊമ്പരത്തിന്റെ നിഴല്‍ മൂടിയതാണ്.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമ്മ ഭൂമിയില്‍
നിന്നും വിട വാങ്ങുന്നത്. രണ്ട് ആണ്‍കുട്ടികള്‍ക്ക്
ശേഷം അമ്മ വളരെ കൊതിച്ചുണ്ടായ പെണ്‍കുട്ടിയാണ്. ഒരു മകള്‍ മാത്രമല്ല അമ്മയുടെ മനസ്സിലെ ഓരോ തുടിപ്പുകളും അറിയുന്ന കൂട്ടുകാരിയുമായിരുന്നു ഞാന്‍.
അമ്മയുടെ മരണം കഴിഞ്ഞെത്തുന്ന ആദ്യത്തെ
ഓണം. ഞങ്ങള്‍ക്ക് ഓണമില്ല. എങ്കിലും മലമ്പുഴയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നാട്ടിലേക്ക്
തിരിച്ചു. എന്നെ പരശുറാം എക്‌സ്പ്രസ്സില്‍ കയറ്റി കോട്ടയത്തേക്ക് അച്ഛന് കൂട്ടായി വിട്ടു. ഭര്‍ത്താവും മകനും ആലപ്പുഴ വഴി പോകുന്ന ട്രെയിനില്‍
എറണാകുളത്ത് വീട്ടിലേക്കും യാത്രയായി. മണ്ണു നുള്ളിയിടാനുള്ള സ്ഥലം ട്രെയിനില്ല. എല്ലാ ബോഗികളിലും ജനം തിങ്ങി നില്‍ക്കുന്നു. ലേഡീസ് കമ്പാര്‍ട്ട് മെന്റിലെ ബര്‍ത്തിന്റെ
കോണില്‍ ഞെരുങ്ങിയിരിക്കുവാനെങ്കിലും
കഴിഞ്ഞത് ഭാഗ്യം.
ഓണ ദിനമെത്തി. വീട്ടില്‍ പൂക്കളമില്ല. അമ്മ ഒരുക്കുന്ന സദ്യയില്ല – എന്തിന് ,മോളെ വന്ന് ഊണ്
കഴിക്ക് , എന്നു പോലും പറയുവാന്‍ ആരുമില്ല. അമ്മയില്ലാത്ത വീട് കാറ്റത്ത് അണഞ്ഞ ദീപം പോലെയാണ്.
അച്ഛനും ഞാനും മാത്രമേ വീട്ടിലുള്ളൂ. നാട്ടിലുള്ള സഹോദരന്‍ ഭാര്യ വീട്ടിലേക്ക് പോയി.
ആകെ മടുപ്പും സങ്കടവും നിറഞ്ഞ മൂകമായ അന്തരീക്ഷംഒരു സാമ്പാറും , തോരനും അച്ചാറും മാത്രമായിരുന്നു ഉച്ചയൂണിന്റെ വിഭവങ്ങള്‍.
കൃത്യനിഷ്ഠക്കാരനായ അച്ഛന്‍ ഉച്ചക്ക് 12 മണിക്ക്
തന്നെ ഊണ് കഴിഞ്ഞ് ഉച്ചയുറക്കത്തിലേക്ക് കയറി. എന്തോ എനിക്കന്ന് ഭക്ഷണം കഴിക്കുവാന്‍ തോന്നുന്നില്ല. വിശപ്പ് കെട്ടതു പോലെ. മനസ്സില്‍ ആരോ വരുമെന്നൊരു തോന്നല്‍ . അമ്മയെത്തുമെന്നൊരു ചിന്ത. പിന്നെയും പിന്നെയും അത് ശക്തമാകുകയാണ്.
ഉച്ച വെയില്‍ മങ്ങി നില്‍ക്കുന്നു. പ്രകൃതിയും
ആരെയോ പ്രതീക്ഷിക്കുന്നത് പോലെ.
ടെലിവിഷനിലെ ഏതോ ഒരു പരിപാടിയും കണ്ട് സമയം തള്ളി നീക്കുന്നതിനിടക്ക് മുറ്റത്ത് ആരുടെയോ കാല്പാടിന്റെ ശബ്ദം കേട്ടു.
നാല്പതിനോട് അടുത്ത് പ്രായം വരുന്ന ഒരു സ്ത്രീ.
ഒന്നും ആവശ്യപ്പെടുന്നില്ല. വെറുതെ നില്‍ക്കുന്നു.
അമ്മയുടെ ആത്മാവ് തന്നെ ആയിരിക്കണം . കുറച്ചൊരു അന്ധവിശ്വാസി കൂടിയായ ഞാന്‍ ഉത്സാഹത്തോടെ അവര്‍ക്ക് ചോറും , ഒരു സാരിയുമൊക്കെ നല്‍കി . അവര്‍ നടന്നു മറഞ്ഞപ്പോള്‍ അതു വരെ മനസ്സിലുണ്ടായിരുന്ന
അസ്വസ്ഥതകളും മാഞ്ഞു. സമാധാനത്തോടെ
ഞാനുമെന്റെ ഉച്ചഭക്ഷണം കഴിച്ചു.












