എല്ലാവരും നിസ്സഹായരായി നോക്കിനില്‍ക്കേ ഏലീ വിളിച്ചു, ‘മോളെ സിന്ധൂ’.
മുകളിലേക്കുയര്‍ന്ന കമ്പിവടി പെട്ടെന്ന് നിശ്ചലമായി. പിന്നെ മെല്ലെ താഴ്ന്നു. അപ്പോഴും ഏലിയുടെ ഭയം അകന്നിരുന്നില്ല. ഇവള്‍ക്ക് എന്താണ് സംഭവിച്ചത്? ഇന്നുവരെ യാതൊരു നാശനഷ്ടങ്ങളും വീട്ടില്‍ ഉണ്ടാക്കിയിട്ടില്ല. വെള്ളയുടുപ്പിട്ട ആരെയെങ്കിലും കണ്ടാല്‍ വലിച്ചു കീറുന്ന രീതിക്കും മാറ്റമുണ്ടായിരുന്നതാണ്. ഇപ്പോള്‍ ഈ കമ്പി ഇവള്‍ക്കെവിടന്നു കിട്ടി. ഏലിയുടെ മനസ് നിറയെ ആശങ്കയുടെ വിത്തുകള്‍ മുളപൊട്ടി.
സിന്ധുവിന്റെ ദൃഷ്ടിയില്‍പ്പെടാതെ ഒരുഭാഗത്തുകൂടി തമ്പി ഏലിയുടെ അടുക്കലെത്തി കാര്യങ്ങള്‍ വിവരിച്ചു. ഈ പ്രശ്‌നത്തിനൊക്കെ കാരണം തമ്പി ധരിച്ച വെള്ള വസ്ത്രമായിരുന്നുവെന്ന് ഏലിക്കു മനസ്സിലായി.
”എത്ര വിലപിടിപ്പുള്ള കാറാണ് അടിച്ച് തകര്‍ത്തത്. ഇനി കാര്‍ നന്നാക്കണമെങ്കില്‍ കാശ് കുറെ മുടക്കണമല്ലേ.”
”അതൊന്നും സാരമില്ല. എനിക്കൊന്ന് പോയി കിട്ടിയാല്‍ മതി. അമ്മച്ചി അവളെ ആ കാറിന്റെ മുന്നില്‍ നിന്ന് ഒന്ന് മാറ്റിയാല്‍ ഞാന്‍ എങ്ങനേലും വിട്ടു പൊയ്‌ക്കോളാം. ഉടുക്കാനൊരു മുണ്ടുകൂടി തരണം.”
പരിഭ്രമത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. ഭ്രാന്തിയായിട്ടും അവള്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടം എനിക്ക് തന്നെ. ഇനിയും അവളെ നേരിടാനുള്ള ധൈര്യമൊന്നുമില്ല, അവള്‍ പതുക്കെ ഏലിയുടെ അടുത്തേക്ക് നടന്നു. ആ കണ്ണുകള്‍ ചുവന്നിരുന്നു. മുടികള്‍ കാറ്റിലാടി പറന്നു. ഏലിയുടെ കഴുത്തില്‍ കിടന്ന കുരിശുമാലയിലേക്ക് കൂര്‍പ്പിച്ച് നോക്കിയിട്ട് ഒന്ന് ചിരിച്ചു. അവരെല്ലാം അമ്പരപ്പോടെ നോക്കി. കയ്യിലിരിക്കുന്ന വടികൊണ്ട് അടിക്കുമോ എന്നവര്‍ ഭയന്നു. അവള്‍ വീണ്ടും പൊട്ടിച്ചിരിച്ചു. സൂര്യന്റെ കിരണങ്ങള്‍ കുരിശുമാലയില്‍ തട്ടിയപ്പോള്‍ അത് തിളങ്ങി. അത് തിളങ്ങുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ഭയം തോന്നി. തെല്ലിട അതിലേക്ക് നോക്കി നിന്നു. എല്ലാവരും അവളെ ഉറ്റുനോക്കി. കമ്പികൊണ്ട് ആരെയും ഉപദ്രവിക്കാതിരുന്നാല്‍ മതിയായിരുന്നു. അവള്‍ ചെറുതായൊന്ന് ചിരിച്ചു. ആ കൈത്തലം കുരിശിനെ സ്പര്‍ശിച്ചു. മുകളിലേക്ക് ഉയര്‍ത്തി. ഏലി മനസ്സില്‍ പ്രാര്‍ത്ഥിച്ചു. തമ്പുരാനെ, ഈ കൊച്ചിന്റെ മനോരോഗത്തിന് സൗഖ്യം കൊടുക്കണേ.
കൈയ്യിലിരുന്ന കമ്പി വടി താഴെയിട്ടിട്ട് വളരെ വ്യഗ്രതയോടെ കുരിശിനോട് ചോദിച്ചു. ‘എന്നെ ഇഷ്ടാണോ?’
അവളുടെ മുഖത്ത് പുഞ്ചിരി പരന്നു. മുഖഭാവം പെട്ടെന്ന് മാറി.
”പറ, ഇതാരാ…? പറയാന്‍….’
എല്ലാവരുടെയും മുഖം വിളറി. ഏലി ശാന്തയായി പറഞ്ഞു, ”മോളേ, ഇത് യേശു കുരിശില്‍ കിടക്കുകയ’.
‘എന്തിനാ നിന്റെനെഞ്ചത്ത് കിടക്കുന്നേ…?’
ആ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ ഏലി തപ്പിത്തടഞ്ഞു. ആ ചോദ്യം തമ്പിക്ക് ഇഷ്ടപ്പെട്ടു. ഇദ്ദേഹം എന്തിനാണ് എല്ലാവരുടെയും നെഞ്ചത്ത് ഇങ്ങനെ തൂങ്ങി കിടക്കുന്നത്? അവളുടെ കണ്ണിലെ ഒരു കരടായി മാറാതിരിക്കാന്‍ തുളസിക്കും മാണിക്കും പിറകിലാണ് അയാള്‍ നിന്നത്.
ഏലി ഒരു മറുപടി കണ്ടെത്തിയിരുന്നു, ”മോളെ കുരിശ് ഇട്ടുകൊണ്ട് നടന്നാല്‍ പിശാച് പിടിക്കില്ല. യേശു പിശാചിനെ തോല്‍പ്പിച്ചവനാ. മോള് ഇത് കഴുത്തില്‍ ഇട്ടോ, അസുഖം വേഗം മാറും.”
ഏലി കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലയൂരി അവളുടെ കഴുത്തിലിട്ടു കൊടുത്തു. ഏലി സാരിത്ത്‌ലപ്പുകൊണ്ട് അവളുടെ നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ തുടച്ചു. തമ്പിക്ക് വീണ്ടും സംശയം. യേശുക്രിസ്തു പിശാചിനെ തോല്‍പ്പിച്ചെങ്കില്‍ വീണ്ടും പിശാച് മണ്ണില്‍ എങ്ങനെ പെരുകി? ഭക്തന്മാര്‍ എങ്ങനെ കപടഭക്തന്‍മാരും വേഷധാരികളുമായി. ദുഷ്ടസ്വഭാവമുള്ള മനുഷ്യര്‍ എങ്ങനെയുണ്ടായി? കുറ്റവാളികള്‍ എങ്ങനെ രക്ഷപെടുന്നു. മനുഷ്യ മനസ്സുകളില്‍ വിദ്വോഷവും പകയും ശത്രുതയും എന്തുകൊണ്ടുണ്ടായി.
തമ്പി അറിയാത പറഞ്ഞു പോയി, ”ഇപ്പോള്‍ പിശാചുക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാ അമ്മച്ചീ.”
ഏലി തമ്പിയുടെ നേര്‍ക്ക് നോക്കി പറഞ്ഞു, ”തവള തുടിച്ചാല്‍ വെളളം തുള്ളുമോ? കുരുടന്‍ പിടിച്ച വടിപോലെയല്ലേ ഇന്നത്തെ മനുഷ്യന്‍. എന്താ കാരണം, സ്‌നേഹമില്ല. ദൈവത്തെ ഭയക്കുന്നില്ല. അവന്‍മാര്‍ക്ക് പിശാചല്ലാതെ ആരാണ് തുണ. കാലില്‍ ചുറ്റിയ പാമ്പ് കടിക്കാതെ പോകുമോ?”
തമ്പി നിമിഷങ്ങള്‍ നോക്കി. തള്ളയോട് പറഞ്ഞ് ജയിക്കാന്‍ പറ്റില്ലെന്നറിയാം. മനുഷ്യര്‍ തന്നെ നരകം സൃഷ്ടിക്കുന്നതില്‍ ആരാണ് കുറ്റക്കാര്‍. സ്വന്തം ജീവിതമെടുത്താലും തിന്മയില്‍ കൂടിയല്ലേ ജീവിച്ചത്. ഈശ്വരചിന്ത ഉണ്ടായിരുന്നെങ്കില്‍ ദുര്‍മാര്‍ഗ്ഗങ്ങളില്‍ നിന്ന് പിന്‍തിരിയുമായിരുന്നു. ചെറുപ്പം മുതലെ കുടുംബപശ്ചാത്തലം അങ്ങനെയായി. മാതൃകാ പുരുഷനായി അച്ഛനെ കണ്ട് വളര്‍ന്നു. കുളത്തില്‍ മുങ്ങിയാല്‍ കിണറ്റില്‍ പൊങ്ങുന്ന രാഷ്ട്രീയം കണ്ടല്ലേ വളര്‍ന്നത്. ഏതായാലും മനസ്സില്‍ ഉറച്ചൊരു തീരുമാനമല്ലേ എടുത്തിട്ടുളളത്. ധനവും സമ്പത്തും മനഃശക്തിയെ കീഴ്‌പ്പെടുത്താന്‍ ഇടയുണ്ടാക്കരുത്.
സിന്ധു ആ കുരിശില്‍ തന്നെ നോക്കി നില്‍ക്കുന്നു. തമ്പി തുളസിയില്‍ നിന്ന് ഒരു തോര്‍ത്ത് വാങ്ങി പുതച്ചു, ഏലിയുടെ പഴയൊരു മുണ്ടാവാങ്ങി ഉടുത്തു. അയാള്‍ യാത്രപറഞ്ഞ് പോകുമ്പോള്‍ ഒരു ക്ഷമാപണം നടത്താനും ഏലി മറന്നില്ല.
അവനില്‍ വളര്‍ന്നിരുന്ന എല്ലാ മോഹങ്ങളും അനുരാഗങ്ങളും ചൂടുള്ള കാറ്റില്‍ ലയിച്ചു പോയിരുന്നു. അവള്‍ ഒരു മാനസിക രോഗി ആയിരുന്നിട്ട് പോലും അവളെയൊന്ന് സ്പര്‍ശിക്കാന്‍ പറ്റാത്ത അവസ്ഥ. ഇപ്പോള്‍ അവളെ പ്രശംസിക്കുവാനാണ് തോന്നുന്നത്. ഇത്രയും വര്‍ഷങ്ങള്‍ അവളുടെ പിറകെ നടന്നിട്ട് എന്ത് നേടി? ഒന്നും നേടിയില്ല. വെറുതെ ദുര്‍ബലമായ മനസ്സ് അവളുടെ പിറകെ പോയി. അവളുടെ നഗ്നമായ മാറിടത്തില്‍ നീന്തിത്തുടിക്കാന്‍ കൊതിച്ചു. അവള്‍ക്കൊപ്പം സഞ്ചരിക്കുന്നതുപോലും സുഖമായിരുന്നു. ഇന്നുവരെ ആഗ്രഹിച്ച പെണ്‍കുട്ടികളെയെല്ലാം സ്വന്തമാക്കി. ഒരാള്‍ മാത്രം രക്ഷപെട്ടു. അവളുടെ കണ്ണുകളും കവിളുകളും തുടിക്കുന്നത്. കണ്ടപ്പോള്‍ കാമവികാരങ്ങള്‍ ഉള്ളില്‍ ഉടലെടുത്തു. അടുപ്പം തോന്നിയ മനസ്സില്‍ ഇപ്പോള്‍ മടുപ്പ് മാത്രം. ഇനിയിപ്പം അവളെക്കുറിച്ചോര്‍ക്കാന്‍ എന്തിരിക്കുന്നു. അവള്‍ എല്ലാം തകര്‍ത്ത് കളഞ്ഞു. ഭ്രാന്തിയായിട്ടും വിജയശ്രീലാളിതയായി മുന്നോട്ട് പോയിരിക്കുന്നു. ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചിരിക്കുന്നു.
ഒരാശ്വാസമെന്നപോലെ മനസ്സ് പറഞ്ഞു. എല്ലാം മറക്കാം. ഇന്നുവരെ പാപത്തിന്റെ ഇരുണ്ട ദുര്‍വികാരങ്ങളില്‍ ജീവിച്ചു. ഇന്ന് എല്ലാം ഉപേക്ഷിച്ചിരിക്കുന്നു. ജീവിതത്തിലെ യഥാര്‍ത്ഥ സുഖമെന്ന് പറയുന്നത് മനസ്സിന്റെ സുഖമാണ്. അതിന് തെറ്റായ കൂട്ടുകെട്ടുകള്‍, കാമവിചാരങ്ങള്‍ മുതലായവയെ പൂര്‍ണ്ണമായി ഉപേക്ഷിക്കാതെ പറ്റില്ല. മനസ്സും ശരീരവും ശക്തി പ്രാപിക്കേണ്ടത് നന്മയിലാകണം. ഇന്നുവരെ ധാരാളം തിന്മകളാണ് മനസ്സിനെ പിന്‍തുടര്‍ന്നത്. ഭക്തി നിര്‍ഭരമായ ഒരു ജീവിതം മുന്നില്‍ കണ്ട് തമ്പി മുന്നോട്ട് പോയി. പൊട്ടിയ ഗ്ലാസിലുടെ കാറ്റ് ചൂളം വിളിച്ച് ഉള്ളിലേക്ക് കടന്നു. ആ തുണത്ത് കാറ്റും ഒരു സാന്ത്വനമായി. പൊട്ടിപ്പോയ കണ്ണാടി ഗ്ലാസിലൂടെ നിമിഷങ്ങള്‍ നോക്കിയിരുന്നു. സ്വന്തം സ്വഭാവം നന്നാകാത്തതിന് കാറിന്റെ കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് എന്ത് ഫലം?
മാസങ്ങള്‍ ഒഴുകിയൊഴുകി നീങ്ങി. മാണി ലണ്ടനിലേക്ക് പറന്നു. ചെന്ന ശേഷം ഒരു കടമ നിര്‍വ്വഹിക്കാനെന്നോണം ഏലിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു, യാത്ര സുഖമായിരുന്നു എന്നറിയിച്ചു. അമ്മയെപ്പറ്റി ഒന്നും ചോദിച്ചില്ല. അമ്മ ജീവിച്ചിരിപ്പുണ്ടോയെന്നെങ്കിലും ചോദിക്കാന്‍ അവന് മനസുണ്ടായില്ല. ഏലിയെ അത് വല്ലാതെ നോവിച്ചു, നന്ദികെട്ട ചെക്കന്‍, അവരുടെ മനസ്സ് മന്ത്രിച്ചു. ‘നിന്ക്ക് അമ്മയോട് സംസാരിക്കേണ്ടേ?’ അവര്‍ അതു ചോദിക്കുകയും ചെയ്തു. ‘അമ്മക്ക് സുഖമില്ലല്ലോ’ എന്ന സ്വയം സമാശ്വാസത്തില്‍ അവനാ ഫോണ്‍ കോള്‍ അവസാനിപ്പിച്ചു.
അവളുടെ രോഗാവസ്ഥയ്ക്ക് ധാരാളം മാറ്റങ്ങളുണ്ടായിരുന്നു. നിത്യവും ഉണരുമ്പോഴൊക്കെ മകനെ അന്വേഷിച്ചിരുന്നു, അവന്‍ എപ്പ വരുമെന്നു ചോദിച്ചിരുന്നു. ഒരു മിന്നാമിനുങ്ങിന്‍ വെട്ടം പോലെ മകന്റെ രൂപം അവളുടെ ഓര്‍മ്മയില്‍ തെളിഞ്ഞുവരും. കണ്ണാടിച്ചില്ലിലിരിക്കുന്ന മകന്റെ ഫോട്ടോയിലേക്ക് നോക്കി സങ്കടപ്പെടും, കരയും. മകനെപ്പറ്റി ചോദിക്കുമ്പോഴാണ് അവളുടെ രോഗത്തിന് കുറവുണ്ടെന്ന് ഏലിയും മനസ്സിലാക്കിയത്. അതിന് ശേഷം അവളുടെ മുന്നില്‍ ചട്ടയും മുണ്ടും ധരിച്ച് നടന്നുനോക്കി. അവള്‍ക്ക് കലിയിളകിയില്ല. അവളുടെ കഴുത്തില്‍ കിടന്ന കുരിശുമാല തിരിച്ചു ചോദിച്ചില്ല. ഇനി കര്‍ത്താവ് നേരിട്ട് അവളിലെ പിശാച് ബാധയെ ഒഴിപ്പിച്ചു വിട്ടതാണെങ്കിലോ…. ആ കുരിശിന്റെ ശക്തി അവള്‍ക്ക് സൗഖ്യം കൊടുക്കുമെന്ന് ഏലി വിശ്വസിച്ചു. അവള്‍ തളര്‍ന്നുറങ്ങുമ്പോഴൊക്കെ ഏലി ആ കുരിശില്‍ പിടിച്ച് കണ്ണടച്ച് പ്രാര്‍ത്ഥിക്കും.
അമ്മയുടെ സ്വഭാവശുദ്ധിയില്‍ സംശയിക്കുന്ന മകനോട് ഏലിക്കും വെറുപ്പായിരുന്നു. ഇനി ശരിക്കും വഴിപിഴച്ചവളാണെങ്കില്‍പ്പോലും സുഖമില്ലാതിരിക്കുമ്പോള്‍ ഇങ്ങനെ അവഗണിക്കാനന്‍ അവന്‍ എന്തൊരു ക്രൂരനായിരിക്കണം. ഒരു ദിവസം തുറന്നു പറഞ്ഞു, ‘നിനക്ക് അമ്മയോടു സംസാരിക്കാന്‍ മനസ്സില്ലെങ്കില്‍ വേണ്ട, ഞാനവളോട് എന്തെങ്കിലും പറഞ്ഞോളാം.’ അവന്റെ സംഭാഷണം അവളെ വിഷമിപ്പിച്ചിരുന്നു എന്നു മനസിലാക്കി തന്നെയായിരുന്നു ഏലി അങ്ങനെ പറഞ്ഞത്.
സിന്ധുവിന്റെ മനസ്സ് നിറയെ മകനെപ്പറ്റിയുള്ള വ്യാകുലതകളായിരുന്നു. പക്ഷേ, അതൊന്നും ആരോടും പറഞ്ഞുഫലിപ്പിക്കാന്‍ മാത്രം സമനില വീണ്ടെടുത്തിരുന്നില്ല അവഥളുടെ മനസ്സ്. നോര്‍മലാകാന്‍ ഇനിയും സമയമെടുക്കുമെന്ന് ഡോക്ടറും പറഞ്ഞു. ഡോക്ടര്‍ ഇപ്പോള്‍ വരുന്നത് മാസത്തിലൊരിക്കലാണ്. കഴിഞ്ഞ മാസം വന്നില്ല. ഫോണിലൂടെ വിശേഷങ്ങള്‍ ചോദിച്ചറിയും. തമ്പിയും ഒരിക്കല്‍ മാത്രം വന്നു. ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും വിളിച്ചിരുന്ന തമ്പിയുടെ വിളി ഇപ്പോള്‍ തീരേയില്ല. ഒരു പ്രാവശ്യം വന്നത് വിവാഹത്തിന് ക്ഷണിക്കാനായിരുന്നു. സുഖമില്ലാത്ത ഇവളെ വിട്ട് വരാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞു. ബന്ധുവീട്ടില്‍ പോലും ഏലി ഇപ്പോള്‍ പോകാറില്ല. നാട്ടിലെ വിവാഹത്തിനോ മരണവീട്ടിലോ പോകാറില്ല. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയിരുന്നത് മാസത്തിലൊരിക്കലായി.
ഒരു ദുഃഖവെള്ളിയാഴ്ച സിന്ധുവിനെയും കൂട്ടി ഏലി പള്ളിയിലെത്തി. വിലാപഗാനങ്ങള്‍ കേട്ടിരുന്ന്, ക്രൂശിതരൂപത്തില്‍ അന്തം വിട്ട് നോക്കിയിരുന്ന്, അല്‍പ്പം കഴിഞ്ഞപ്പോള്‍, അവള്‍ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റ് പുറത്തേക്കിറങ്ങി. ഏലിയും തുളസിയും അവള്‍ക്കൊപ്പമിറങ്ങി. അവളുടെ കണ്ണുകളില്‍ ഏതോ അപകടം പതിയിരിക്കുന്നതുപോലെ തോന്നി.
പള്ളിക്ക് പുറത്തിറങ്ങിയപ്പോള്‍ ഏലി ചോദിച്ചു, ‘എന്താ മോളെ പള്ളീന്ന് പെട്ടെന്ന് ഇറങ്ങിയേ?’
അവളുടെ മുഖഭാവം മാറി. ‘ഇത് പള്ളിയാ?’
ഏലിയുടെ പുരികങ്ങള്‍ ചുളിഞ്ഞു. തുളസി അന്ധാളിച്ചു നിന്നു. അവര്‍ക്കൊന്നും മനസ്സിലാകാതെ അന്യോന്യം നോക്കി.
‘എന്തിനാ യേശുവിനെ കുരിശില്‍ നിന്നിറങ്ങി മണ്ണില്‍ കിടത്തിയേ? അമ്മച്ചി ആ അച്ചനെ ഇങ്ങ് വിളിക്ക്, എനിക്ക് ചോദിക്കണം.’
ഏലി നിമിഷങ്ങള്‍ അവളുടെ മുഖത്തേക്ക് നോക്കി. എന്തിനാണ് അവര്‍ യേശുവിനെ കുരിശില്‍ നിന്നിറക്കി തറയില്‍ കിടത്തിയതെന്ന് ഏലിക്കും മനസ്സിലായില്ല. ആകാശം ഇരുണ്ടിരുന്നു. പ്രാവുകള്‍ പള്ളിക്ക് മുകളിലൂടെ പറക്കുന്നു. പള്ളിയില്‍ നിന്നുള്ള വിലാപഗാനം പുറത്തേക്ക് ഒഴുകുന്നു. അവളെ ആശ്വസിപ്പിക്കാന്‍ എന്താണൊരു മാര്‍ഗ്ഗം. കുരിശിന്റെ വഴിയിലൂടെ കുരിശ് ചുമക്കുന്നത് കണ്ടിട്ടുണ്ട്. പ്രത്യാശയുടെ സന്ദേശവുമായി വന്ന യേശുവിനെ എന്തിനാണവര്‍ കുരിശില്‍ നിന്ന് താഴെയിറക്കിയത്? ഉള്ളില്‍ യേശു അഗാധമായി വളര്‍ന്നു. സിന്ധുവിന്റെ മനസ്സ് ചൂടുപിടിച്ച് ഇരിക്കയാണ്. പിശാചുക്കളുടെ ചിന്തയില്‍ നിന്ന് പിന്‍തിരിയാനാണ് അവളെ പള്ളിയില്‍ കൊണ്ട് വന്നത്. ഇപ്പോള്‍ അതും കുരിശായി മാറിയിരിക്കുന്നു. സത്യത്തില്‍ അമ്പലങ്ങളിലേതുപോലെ ക്രിസ്ത്യാനികളും ബിംബങ്ങളെ ആരാധിക്കുന്നു. ദൈവത്തിന്റെ വചനങ്ങളില്‍ വിശ്വസിക്കാതെ ബിംബങ്ങളില്‍ വിശ്വസിക്കുന്നവര്‍.
പെട്ടെന്ന് ഒരു ദൈവവചനം ഏലിയുടെ മനസ്സിലേക്ക് കടന്നുവന്നു. ”മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവര്‍ത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്നില്‍ പ്രകാശിക്കട്ടെ.” ഇവിടെ എന്താണ് സംഭവിക്കുന്നത്? ദൈവത്തിന്റെ മന്ദിരമാണ് മനുഷ്യ ശരീരം. അതില്‍ കുടികൊള്ളുന്നത് പരിശുദ്ധാത്മാവിന്റെ ആത്മാവാണ്. ആ ദേഹവും ദേഹിയും കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് പകരം കുരശിന്റെ മുന്നില്‍ വിലപിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ആരാധനാലയങ്ങളൊക്കെ സര്‍വ്വത്ര കളങ്കപ്പെട്ടിരിക്കുന്നു. ഈ ലോകത്തിന്റെ പിന്നാലെ പോയി നശിക്കുന്നവര്‍.
മുള്‍ക്കിരീടം ചൂടി തറയില്‍ കിടത്തിയ യേശുവിന്റെ മുഖം സിന്ധുവിന്റെ മനസ്സില്‍ മുറിവുകളുണ്ടാക്കി. അവളുടെ മുഖത്ത് എന്തോ ചൈതന്യം പെട്ടെന്ന് വന്ന് നിറഞ്ഞതുപോലെ തോന്നി. ഏലി പറഞ്ഞു.
‘നമ്മുക്ക് പോകാം, നീ വാ….’
അനുസരണയുള്ള കുട്ടിയെ പോലെ അവളാദ്യം കൂടെ നടന്നു. പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് നടക്കാന്‍ തുടങ്ങി. ഏലി വേഗം കൈയില്‍ കയറി പിടിച്ചു നിര്‍ത്തി.
‘നീ എങ്ങോട്ട് പോകുന്നു?’
‘ആ യേശുവിനെ കുരിശില്‍ നിറുത്തണം.’
ഏലി അവളുടെ കൈയ്യില്‍ മുറുകെ പിടിച്ചിട്ട് പറഞ്ഞു.
‘മോളെ, അവര് യേശുവിനെ നിറുത്തുകയോ കിടത്തുകയോ എന്തെങ്കിലും ചെയ്യട്ടെ.’
വേഗത്തിലവള്‍ നെഞ്ചില്‍ കിടന്ന കുരിശിലേക്ക് നോക്കി. ‘ഈ കുരിശ് കണ്ടോ? യേശുകുരിശില്‍ നില്‍ക്കയാണ്. യേശു നിന്നാല്‍ മതി. കിടക്കേണ്ട. എനിക്കത് ഇഷ്ടമല്ല.’ അവള്‍ ആക്രോശിച്ചു.
അവരുടെയുള്ളം ആര്‍ത്തിരമ്പി, എന്താണ് ചെയ്യുക. അസുഖം കുറവുണ്ടെങ്കിലും പിടിവാശി മാറിയിട്ടില്ല. ഏലിയുടെ മുഖം വാടി. തുളസി പറഞു. ‘അമ്മച്ചീ, ആരാധന തീരാറായി. ആള്‍ക്കാര്‍ പുറത്ത് വരുമ്പോള്‍ നമ്മുക്ക് ആ കുരിശെടുത്ത് നേരെ നിറുത്താം. അല്ലാതെ ചേച്ചി അടങ്ങില്ല.’
അത് ഏലിയും സമ്മതിച്ചു. എന്നിട്ട് പറഞ്ഞു. ‘എന്തായാലും ആള്‍ക്കാര്‍ പുറത്ത് വരുമ്പോള്‍ നമ്മുക്ക് അകത്ത് കയറാം. ഇനിം അതിന്റെ പേരില്‍ അവളുടെ ഭ്രാന്ത് ഇളക്കേണ്ട. ഏത് പിശാചാണ് ഇവളുടെ മേല്‍ അധികാരം നടത്തുന്നത്. ഇവള്‍ക്ക് തന്നെയാണോ ഭ്രാന്ത്? അതോ നമുക്കെല്ലാം ഭ്രാന്താണോ, ഇവള്‍ക്കു മാത്രമായിരിക്കും ചിലപ്പോള്‍ ഭ്രാന്തില്ലാത്തത്.’
ഇനിയും എങ്ങനെ പള്ളിക്കുള്ളില്‍ കടന്ന് ആ കുരിശെടുക്കും. ഇപ്പോള്‍ തീ പിടിക്കുന്നത് ശരീരത്തിന് മാത്രമല്ല മനസ്സിനും കൂടിയാണ്. അഥവ ആ കുരിശെടുത്താല്‍ അവിടെ നില്‍ക്കുന്നവര്‍ക്ക് ഭ്രാന്ത് ഇളകില്ലെന്ന് ആര് കണ്ടു. പുരോഹിതന്മാര്‍ക്ക് ഇഷ്ടപ്പെടുമോ?. മതഭ്രാന്തന്മാരുടെ നാടാണ്, സൂക്ഷിക്കണം. പൂട്ടാത്ത പെട്ടി പുണ്യാളനും നോക്കും എന്ന് പറഞ്ഞതുപോലെയായല്ലോ. എന്നാരു പറഞ്ഞു. പൂട്ടാത്ത പെട്ടി പുണ്യാളനെയും കള്ളനാക്കാറില്ലേ. എന്തായാലും അകപ്പെടരുത്. അതിനൊരു വഴി ഏലി കണ്ടെത്തി. എല്ലാവരും മുന്നോട്ട് നോക്കി നില്‍ക്കുമ്പോള്‍ അകത്ത് ചെന്ന് ആ കുരിശെടുത്ത് അടുത്തുള്ള ഭിത്തിയില്‍ ചാരിവെക്കുക.
ഏലി ഒന്നുകൂടി സിന്ധുവിനെ നിര്‍ബന്ധിച്ചു നോക്കി, ‘നല്ല മോളല്ലേ വാ പോകാം.’
ഫലമുണ്ടായില്ല, അവള്‍ വീണ്ടും ക്ഷുഭിതയായി പറഞ്ഞു. ‘വരില്ല. യേശുവിനെ തറയില്‍ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല.’
ഏലിക്കറിയാം അവള്‍ പിന്‍തിരിയില്ലെന്ന്. അവളെ പുകഴ്ത്തി പറഞ്ഞു. ‘സിന്ധു പറഞ്ഞതാ ശരി.’
പെട്ടെന്നവള്‍ മറുപടി പറഞ്ഞു, ‘ഞാന്‍ സിന്ധുവല്ല സാറയാണ് മനസ്സിലായോ?’
ഏലിയൊന്ന് മൂളി. നാടകത്തില്‍ ചേരും മുന്‍പ് അതായാരിന്നു അവളുടെ പേരെന്ന് പണ്ടു പറഞ്ഞിട്ടുണ്ട്.
തുളസി ഒരുനിമിഷം ഏലിയെ ഓര്‍ത്തു, എന്ത് മാത്രം കഷ്ടപ്പെട്ടാണ് ചേച്ചിയെ ശുശ്രൂഷിക്കുന്നത്. സ്‌നേഹത്തിന്റെ ഉറവിടമായ അമ്മച്ചി. എന്നെപോലും അനാഥാലയത്തില്‍ നിന്നും സ്വന്തം മകളായി വളര്‍ത്തി വലുതാക്കി. സ്വന്തം ആരെന്ന് അറിയാന്‍ പാടില്ലെങ്കിലും അച്ഛനും അമ്മയും ഏലി തന്നെ. സ്വന്തം മക്കള്‍ക്കൊപ്പം ബ്രിട്ടനില്‍ പോയി താമസിക്കാതെ ഒരനാഥകുട്ടിയെ സ്വന്തമാക്കി അഭിമാനത്തോടെ ജീവിക്കുന്ന അമ്മ. പതിനാറ് വയസ് കഴിഞ്ഞു. പത്താംക്ലാസുവരെ പഠിപ്പിച്ചു. തോറ്റപ്പോള്‍ താന്‍ തന്നെ മതിയാക്കിയതാണ്. പിന്നെയും പഠിപ്പിക്കാന്‍ അമ്മച്ചി ഒരുക്കമായിരുന്നു. ഒരമ്മയുടെ എല്ലാ പരിലാളനകളും തന്ന് വളര്‍ത്തി. പല പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാനും പഠനത്തിനുമൊക്കെ മക്കളില്‍ നിന്ന് കാശ് വാങ്ങികൊടുക്കും. വീടും പറമ്പുമൊക്കെ നന്നായി നോക്കി നടത്തുന്നതില്‍ മക്കള്‍ക്കും എന്നെ ഇഷ്ടമാണ്. ഇനിയും തയ്യല്‍ പഠിപ്പിക്കാമെന്ന് അമ്മച്ചി ഏറ്റിട്ടുണ്ട്. സിന്ധുചേച്ചിയും ഭാഗ്യം ചെയ്തവളാണ് ഇങ്ങനെ ഒരമ്മയെ കിട്ടിയതില്‍. തുളസിയുടെ മുഖം തെളിഞ്ഞു നിന്നു.
അവര്‍ പള്ളിയിലേക്ക് വീണ്ടും കടന്നു. ഏലിയുടെ ഉള്ളില്‍ ഭയം ഏറിവന്നു. ഏലിയുടെ പിന്നാലെ സിന്ധു നടന്നു. അപ്പുറവും ഇപ്പുറവും ജനങ്ങള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചും കണ്ണടച്ചും നിന്നു. സിന്ധു കുരിശില്‍ പിടിമുറുക്കി മുകളിലേക്കുയര്‍ത്തി, അത്രയും പെട്ടെന്ന് അവളത് ചെയ്യുമെന്ന് ഏലി പോലും പ്രതീക്ഷിച്ചിരുന്നില്ല.
(തുടരും)







