പണ്ടു നാട്ടിന്‍ പുറങ്ങളില്‍ കണ്ടിരുന്ന
ഒരു പഴയ ഒറ്റ മുറി ബാര്‍ബര്‍ ഷാപ്പാണിതു…
ചെത്തിത്തേക്കാത്ത ചെങ്കല്ലു ഭിത്തിയും
ഓടു മേഞ്ഞുള്ള മേല്‍ക്കൂരയും
മഴയത്തു വെള്ളമടിച്ചു കയറാതിരി ക്കുവാന്‍
തകിടു കൊണ്ടുള്ള ഇറച്ചാട്ടവും
മുന്നില്‍ നിരപ്പലകയുമായി ഒരു
കൊച്ചു മുറി..
കട തുറന്നു വരുന്നതേയുള്ളു.
രാവിലെ നേരത്തു ഇങ്ങനെയാണു..
ഒറ്റയും തെറ്റയുമായി ആരെങ്കിലു മൊക്കെ വന്നാലായി…
വൈകുന്നേരങ്ങളില്‍ ആണു ഇവിടം
സജീവമാകുക..
നാട്ടു വര്‍ത്താനങ്ങളും കൊച്ചു വര്‍ത്താ നങ്ങളും
മെമ്പൊടിക്കിത്തിരി പരദൂഷണങ്ങളും
ഏല്ലാം കൂടി അവിടെ വിളമ്പും….
പിന്നെ മറ്റു പണികളൊന്നുമില്ലാത്തവര്‍
നേരം പോക്കാനായി ഇവിടെ വന്നിരുന്നാലായി…
ശ്രീനിവാസന്റെ സിനിമയില്‍
ഇറയത്തിരുന്നു കരു കളിക്കുന്ന
രണ്ടു പേരെ ഓര്‍ക്കുന്നില്ലേ..
ആരെങ്കിലുമൊക്കെ വരുന്നതും കാത്തു
വഴിക്കണ്ണുമായി ഇരിക്കുകയാണു
ആ മുടിവെട്ടുകാരന്‍…
ഞായറാഴ്ചകളിലാണു തിരക്കുകൂടുക..
അന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒക്കെ അവധിയാണല്ലോ..
പിള്ളേരെ മുടി വെട്ടിക്കുവാന്‍ കൊണ്ടു
പോകുന്നതും അന്നായിരിക്കും..
ആ ദിവസമൊക്കെ ഒരു പേടി സ്വപ്നം
പോലെ ഇപ്പൊഴും ഓര്‍മ്മയിലുണ്ടു..
അതു വേറൊന്നുമല്ല മുടി വെട്ടു കഴിയു മ്പോള്‍
കൊടിലു പോലുള്ളൊരു യന്ത്രം കൊണ്ടു
കുഞ്ചിയിലെ മുടി പിടിച്ചൊരു പറിക്ക ലുണ്ടു..
ഈശ്വര! അക്ഷരാര്‍ത്ഥത്തില്‍ കണ്ണില്‍ ക്കൂടി പൊന്നീച്ച പറക്കും..
അച്ഛനെ പേടിച്ചിട്ടു മിണ്ടാനും വയ്യ…
അതും ഒരു കാലം…
ഇന്നിപ്പോള്‍ സജ്ജീകരണങ്ങള്‍ ആകെമാറി…
കറങ്ങുന്ന കസേരയും ചില്ലു വാതിലും
ശീതീകരണ യന്ത്രവും എല്ലാം ചേര്‍ന്നു
ബാര്‍ബര്‍ ഷാപ്പു സുഖകരമായ
ഹെയര്‍ കട്ടിംഗ് സലൂണായി മാറി…
എങ്കിലും ഈ ചിത്രവും ആ മുടിവെട്ടുകാരനും
ഏതോ ഗൃഹാതുരസ്മരണകള്‍ ഉള്ളില്‍ ഉണര്‍ത്തുന്നുണ്ടു…












