LIMA WORLD LIBRARY

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 14)

ഒരു പുരോഹിതന്‍ മുന്നോട്ട് മുഖം കൊടുത്ത് പ്രാര്‍ത്ഥന ചൊല്ലുന്നതിനിടയില്‍ സിന്ധു കുരിശെടുത്ത് ഭിത്തിയില്‍ ചാരി പെട്ടെന്ന് പുറത്തേക്കിറങ്ങിയത് ആരും കണ്ടില്ല. പുറത്തേക്കിറങ്ങിയപ്പോഴാണ് ഏലിയുടെ പരിഭ്രമമെല്ലാം മാറിയത്. എല്ലാ പ്രാവശ്യവും പള്ളിയില്‍ പോയിരുന്നത് വള്ളത്തിലായിരുന്നു. സിന്ധുവിന് സുഖമില്ലാത്തതിനാല്‍ ഒരു പാടത്തിന്റെ വരമ്പത്തുകൂടിയുള്ള വളഞ്ഞ വഴി നടന്നു. ഒരു ഭാഗത്തായി നീരൊഴുക്കുള്ള ചെറിയൊരു അരുവി ഒഴുകുന്നു. മടക്കയാത്രയില്‍, അരുവിക്കടുത്തുള്ള പാറക്കെട്ടിലൊന്നില്‍ സിന്ധു ഇരുന്നു. അരുവിയിലേക്ക് മരക്കൊമ്പുകള്‍ താഴ്ന്നു കിടന്നു. ഒരു മാവില്‍ നിറയെ പച്ചയും പഴുത്തതുമായ മാങ്ങ തൂങ്ങിക്കിടക്കുന്നു. പ്ലാവില്‍ ധാരാളം ചക്കയുമുണ്ട്. പാടത്ത് നിന്ന് വരുന്ന കാറ്റിന്റെ താരാട്ടില്‍ അവള്‍ ലയിച്ചു ചേര്‍ന്നതു പോലെ. നീണ്ടു നിവര്‍ന്ന് കിടക്കുന്നപാടത്ത് നെല്‍ക്കതിരുകള്‍ പച്ചപ്പുടവയണിഞ്ഞ് കിടന്നു. പാടത്തിന്റെ നടുവിലൂടെ വെള്ളക്കൊക്കുകള്‍ നിരനിരയായി പറന്നുപോകുന്നത് അവള്‍ തലകുലുക്കി നോക്കി. അവളുടെ മുഖം കൂടുതല്‍ പ്രസരിപ്പുള്ളതായി. വെയിലില്‍ തിളങ്ങുന്ന അരുവിയിലേക്ക് അവള്‍ സാകൂതം നോക്കിയിരുന്നു. കാതുകളില്‍ ഏതോ സംഗീതം വന്നു നിറഞ്ഞു. പാടത്തിന്റെ മധ്യത്തൂടെ ആരോ നടക്കുന്നു. പെട്ടെന്ന് സിന്ധുവിന്റെ കണ്ണുകള്‍ ചെന്നു തറച്ചത്, കാളകളെ പൂട്ടുന്ന ആളുടെ മേലാണ്. അവള്‍ ചെറിയ തോട്ടിലൂടെ വെള്ളം തട്ടിത്തെറിപ്പിച്ച് അവിടേക്ക് നടന്നു.
തുളസി പറഞ്ഞു, ‘അമ്മച്ചി ഇവിടെ ഇരിക്ക്, ഞാന്‍ വിളിച്ചേണ്ട് വരാം.’

സിന്ധു നെല്‍പ്പാടങ്ങളുടെ വരമ്പിലൂടെ ആ മനുഷ്യന്റെ അടുത്തേക്ക് ചെന്നു. ഉത്സാഹത്തോടെ ഉഴുതുന്നത് കണ്ട് നിന്നു. സൂര്യന്റെ ഇളം ചൂടില്‍ തണുത്ത കാറ്റി വീശിയടിച്ചു. തുളസിയും അടുത്തെത്തി. നിലമുഴുന്നയാള്‍ അന്ധാളിച്ച് നോക്കി. ആ കണ്ണുകളിലെ തിളക്കം അയാള്‍ ശ്രദ്ധിച്ചു. മുഖത്തൊരു മന്ദഹാസം.
പെട്ടെന്നവള്‍ അയാളുടെ തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് തട്ടിയെടുത്ത് സ്വന്തം തലയില്‍ കെട്ടി. അയാള്‍ പരിഭ്രമിച്ചു നില്‍ക്കെ, കൈയിലിരുന്ന വടിയും പിടിച്ചുവാങ്ങി, കാളകലെ പൂട്ടാനുള്ള ശ്രമമായി. തുളസിയും പതറി നിന്നു.

തുളസി വിളിച്ചു പറഞ്ഞു, ‘ചേച്ചി, വാ പോകാം’. അതൊന്നും അവള്‍ ചെവികൊണ്ടില്ല. പൂട്ടിവന്ന ശീലംകൊണ്ട് കാളക്കുട്ടന്‍മാര്‍ മുന്നോട്ടു നടന്നുകൊണ്ടിരുന്നു. പിന്നില്‍ ആളു മാറിയ വിവരം അവരിതുവരെ അറിഞ്ഞിട്ടില്ല. അരുവിക്കരയിലിരുന്ന് ഏലിയും പരിഭ്രാന്തിയോടെ ആ കാഴ്ച കാണുന്നുണ്ടായിരുന്നു. കണ്ണാടി ഒന്നുകൂടി നേരെയാക്കി നോക്കി. പിന്നെ, ആവും വിധം വേഗത്തില്‍ വേച്ചുവേച്ച് അവിടേക്ക് നടന്നു. വയലോലകളിലെ കാറ്റിന്റെ താരാട്ടില്‍ അവള്‍ കണ്ടം ഉഴുതുമറിച്ചുകൊണ്ടിരുന്നു. അയാളും അവള്‍ക്കൊപ്പം നടന്നു. അമ്മച്ചി വരുന്നത് കണ്ടപ്പോള്‍ തുളസിക്ക് ആശ്വാസമായി.
സിന്ധുവിനെ ഏലി സ്‌നേഹത്തോടെ വിളിച്ചു. ‘മോളെ, മതി. ഇങ്ങുവന്നേ.’

അവള്‍ തിരിഞ്ഞുനോക്കി പുഞ്ചിരിച്ചു. അവള്‍ക്ക് മതിയായിട്ടില്ല. ഏലി പൂട്ടുന്നവനോട് പറഞ്ഞു. ‘ഏടാ വാസൂ, നീ അവടെ കൈയ്യീന്ന് ആ വടിയും മറ്റും വാങ്ങിച്ചേ…. കാഴ്‌ചേം കണ്ട് നിക്കുന്നോ, കുരുത്തം കെട്ടവന്‍. വയ്യാത്ത കൊച്ചാണെന്ന് നിനക്ക് അറിയാന്‍ മേലാത്തതൊന്നുമല്ലല്ലോ….’
‘ദേ അമ്മച്ചി വഴക്ക് പറയും ഇങ്ങ് താ’, വാസു വേഗം ഇടപെട്ടു.

പെട്ടെന്നവള്‍ അവളുടെ തലയില്‍ വെച്ചിരുന്ന തോര്‍ത്തും വടിയും കാളകളെയും വിട്ടുകൊടുത്തു. വീര്‍ത്ത് കെട്ടിയ മുഖവുമായി നിമിഷങ്ങള്‍ രണ്ട് കൂട്ടരെയും മാറി മാറി നോക്കി. തുളസി ചെന്ന് അവളുടെ കൈയ്യില്‍ പിടിച്ച് വീട്ടിലേക്ക് നടന്നു. ഏലിക്ക് വെയിലത്ത് നടന്നതിന്റെ ക്ഷീണം നല്ലവണ്ണമുണ്ടായിരുന്നു. പഴയതുപോലെ വെയിലത്ത് അധികനേരം നടക്കാനാകുന്നില്ല. എങ്കിലും സിന്ധുവിന്റെ വേഗത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കൊപ്പിച്ച് അവര്‍ നടന്നുകൊണ്ടിരുന്നു. വീടിന്റെ മുന്നിലെ വലിയ മാവിന്‍ ചുവട്ടില്‍ ഏലി അല്‍പനേരം നിന്നു. മാവിലെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലുള്ള മാങ്ങകളിലേക്ക് സിന്ധുവിന്റെ കണ്ണുകള്‍ ഉയര്‍ന്നു. അവള്‍ പതുക്കെ ഉരുവിട്ടു, ‘മാ…ങ്ങ….’ അവള്‍ വീണ്ടും അതാവര്‍ത്തിച്ചു. ഏലിയും തുളസിയും അവളെ നിശ്ചലരായി നോക്കി നിന്നു. അവളുടെ നോട്ടം വാങ്ങയില്‍ തന്നെയായിരുന്നു.
അകന്നുപോയ മനസ്സ് ഇത്രവേഗം മടങ്ങി വരുമെന്ന് കരുതിയില്ല. തുളസിയെ മാങ്ങപറിച്ചെടുക്കാന്‍ തോട്ടിക്കായി വീടിന്റെ പിറകിലേക്കയച്ചു. ഏലിയുടെയുള്ളില്‍ സന്തോഷം നിറഞ്ഞുതുളുമ്പി. സിന്ധുവിന് സുബോധം കിട്ടയോ? ഉള്ളില്‍ സംശയങ്ങള്‍ പെരുകി. തുളസി തോട്ടിയുമായി ഓടിയെത്തി. തോട്ടി വാങ്ങി ധാരാളം മാങ്ങകള്‍ അടര്‍ത്തിയിട്ടു. ഒരെണ്ണം എടുത്തിട്ട് അവളുടെ നേര്‍ക്ക് നീട്ടി.
‘ഇത് പഴുത്തമാങ്ങയ മോള്‍ക്ക് വേണോ?’

അവള്‍ വേണമെന്ന് തലയാട്ടി. കൈകളില്‍ കൊടുത്തു. അതവള്‍ കടിച്ചുതിന്നുകൊണ്ടിരുന്നു. കാറ്റ് ആഞ്ഞുവീശി. ഏലി ചിരിച്ചു. അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് അവള്‍ വന്നുകഴിഞ്ഞു. ദൈവവചനവും ഓര്‍ത്തു. ”നിന്റെ ഭാരം യഹോവയുടെ മേല്‍ വെച്ചു കൊള്‍ക, അവന്‍ നിന്നെ പുലര്‍ത്തും നീതിമാന്‍ കുലുങ്ങി പോകുവാന്‍ അവന്‍ സമ്മതിക്കുകയില്ല.” ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ക്ക് എങ്ങനെ കുലുങ്ങി പോകാനാകും. ദൈവം തന്ന ധൈര്യമാണ് ഇത്രയും വഴി നടത്തിയത്. അവളുടെ മുഖത്തെ സന്തോഷം പ്രത്യേകം ശ്രദ്ധിച്ചു.

ഏലി ചോദിച്ചു, ‘എന്താ നിന്റെ പേര് ?’
അവള്‍ നീരസത്തോടെ പറഞ്ഞു. ‘എന്റെ പേര് അമ്മച്ചിക്കറിയില്ലേ?’
പേരു പറഞ്ഞില്ല, പക്ഷേ, അമ്മച്ചിയെന്നു വിളിച്ചു. ആ പഴയ വിളി. അസുഖം വന്നു കഴിഞ്ഞപ്പോള്‍ എടീ എന്നാണ് പതിവ്.
മേഘങ്ങള്‍ അലറുന്നതുപോലെ പേരിനായി മനസ്സലഞ്ഞു. നിര്‍വികാരത മുറ്റി നില്‍ക്കുന്ന കണ്ണുകളിലേക്ക് ഏലിയും തുളസിയും സൂക്ഷിച്ചുനോക്കി. സ്വന്തം പേര് അവള്‍ പറയുമോ? അവര്‍ ആകാംഷയോടെ കാത്ത് നിന്നു. അവള്‍ ചിന്താകുലയായി മാവിന് ചുറ്റും നടന്നു. ഒരു തീരുമാനമെടുത്തതുപോലെ അവള്‍ പറഞ്ഞു.
‘എന്റെ… എന്റെ… പേര്… സാറാ… അല്ലല്ല, ഇപ്പോ സിന്ധൂന്നാ പേര്…. എന്താ ശരിയല്ലേ?’ അവള്‍ ഏലിയോട് ചോദിച്ചു. അവരുടെ കണ്ണുകളില്‍ മിന്നലൊളി തെളിഞ്ഞു. ആ ഉത്തരം അവരെ അത്ഭുതപ്പെടുത്തി, ആഹ്ലാദത്തിന്റെ ആകാശങ്ങളിലേക്കുയര്‍ത്തി.

ഏലി അതീവ സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു. ദൈവത്തില്‍ ആശ്രയം വെച്ചാല്‍ നടക്കാത്ത കാര്യമെന്തെന്ന് തോന്നി. വീണ്ടും മനസ്സ് പറഞ്ഞു. ഈ നന്മയും തിന്മയും തരരുന്നത് ദൈവം തന്നെയല്ലേ? നേരായ വഴിയില്‍ നടന്ന ഒരു കൊച്ചിനോട് ദൈവം ചെയ്തത് തിന്മയല്ലായിരുന്നോ? എന്തായാലും ഇപ്പോള്‍ ദൈവത്തെ പ്രശംസിക്കാനാണ് മനസ്സു വരുന്നത്. അവളുടെ കണ്ണുതുറക്കാന്‍ ധാരാളം പ്രാര്‍ത്ഥിച്ചു. പലരും വഴിപാടുകളും നേര്‍ച്ചകളും നേരാന്‍ ഉപദേശിച്ചപ്പോഴും ഏലിക്ക് അതിലൊന്നും വിശ്വാസമില്ലായിരുന്നു. ദൃഢവിശ്വാസമുള്ളവര്‍ക്ക് അത്തരം കൈക്കൂലി ഇടപാടുകളെയൊന്നും ആശ്രയിക്കേണ്ട കാര്യമില്ലെന്നായിരുന്നു അവരുടെ നിലപാട്. അതൊക്കെ കാര്യം കാണാനുള്ള മനുഷ്യരുടെ അടവുകളല്ലേ? ദൈവത്തിന് ഇതിന്റെ വല്ലോം ആവശ്യമുണ്ടോ? ഇതിലൊക്കെ വീഴാന്‍ പോകുന്നോ ഒന്നിനുമൊരു കുറവുമില്ലാത്ത തമ്പുരാന്‍!

അനുഗ്രഹിക്കാനും നിഗ്രഹിക്കാനും കരുത്തുള്ളവനല്ലേ ദൈവം. ആ ദൈവത്തിന്റെ അടഞ്ഞിരുന്ന കണ്ണുകള്‍ തുറന്നു. ആ കൃപയും മഹത്വവും അവള്‍ക്കുണ്ടായി എന്ന് വിശ്വസിക്കുന്നു. ഒന്ന് മത്രം ജീവിതത്തില്‍ പഠിച്ചുവെച്ചിട്ടുണ്ട്. മനുഷ്യരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്. അവളുടെ മേല്‍ ദൃഷ്ടിവെച്ചിരുന്ന പിശാച് മാറിപോയി. അവര്‍ വീട്ടിലേക്ക് നടന്നു.

ആഴ്ചകള്‍ മുന്നോട്ട് പോയി. മഴക്കാലം വന്നു. സിന്ധു മുറ്റത്ത് ആര്‍ത്ത് പെയ്യുന്ന മഴയെ നിശബ്ദയായി നോക്കിയിരുന്നു. ഇടയ്ക്കിടെ മിന്നല്‍ തെളിയുന്നതും ഇടിവെട്ടുന്നതും കാണുകയും കേള്‍ക്കുകയും ചെയ്തു. മരങ്ങള്‍ കാറ്റിലാടി ശബ്ദമുണ്ടാക്കുമ്പോള്‍ കൂട്ടില്‍ കിടന്ന പട്ടി കുരയ്ക്കാനും മറന്നില്ല. അവള്‍ ഭൂതകാലം ഓര്‍ത്തെടുക്കാന്‍ നന്നേ പണിപ്പെട്ടുകൊണ്ടിരുന്നു. മുറിക്കുള്ളിലെ മെഴുകുതിരിവെട്ടത്തില്‍ ഏലി സന്ധ്യാ പ്രാര്‍ഥന തുടങ്ങി. അതു കേട്ടപ്പോല്‍ എഴുന്നേറ്റ് അവരുടെയടുത്ത് പോയിരുന്നു.

ഇതിനിടെ, ഒരിക്കല്‍ മാത്രം സുബോധത്തോടെ ലണ്ടനിലുള്ള മകനുമായി സംസാരിച്ചു. അവന്‍ വീണ്ടും വിളിക്കാമെന്നു പറഞ്ഞെങ്കിലും വിളിച്ചില്ല. മകന്റെ പെരുമാറ്റം അവളെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അവനെന്താണ് തന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് ഓര്‍ത്തെടുക്കാന്‍ ഒരുപാട് പാടുപെട്ടു. ബാങ്കില്‍ നിന്ന് കടമെടുത്ത അഞ്ച് ലക്ഷം മടക്കിക്കൊടുക്കാന്‍ അവര്‍ പലവട്ടം നോട്ടീസ് അയച്ചു. ഏലി ആ തുക മക്കളില്‍ നിന്ന് വാങ്ങി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കതിന് താല്‍പര്യമില്ലായിരുന്നു. ജീവിത ഭാരങ്ങളില്‍ ഒരമ്മയെപോലെ ഒപ്പം നിന്ന അമ്മച്ചിയെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ അവള്‍ക്കാഗ്രഹമില്ലായിരുന്നു. ബാങ്കുകാര്‍ വീടും വസ്തുവും ജപ്തി ചെയ്യാന്‍ നോട്ടീസയച്ചു. സിന്ധുവിന് വിറ്റതാണെങ്കിലും, തന്റെ മണ്ണാണതെന്ന ചിന്ത ഏലിയെ ദുഃഖിതയാക്കി. ലണ്ടനിലേക്ക് വീണ്ടും വിളിച്ച് സിന്ധുവിന്റെ മകനെ കാര്യങ്ങള്‍ ധരിപ്പിച്ചു.

‘ഈ ലോണെടുത്തത് നിന്നെ പഠിപ്പിക്കാനാണ്. നീ മൂലം പെറ്റതള്ളയെ വീട്ടില്‍ നിന്നും പുറത്താക്കരുത്. എത്രയും വേഗം പണം അയയ്ക്കുക.’
അവന്റെ ഭാഗത്തുനിന്ന് കാര്യമായി പ്രതികരണമൊന്നുമുണ്ടായില്ല. അത്രയും തുക കൊടുക്കാന്‍ അവന് നിവൃത്തിയില്ലായിരുന്നു. എന്നാലും ഒരു ആശ്വാസ വചനം പോലും അവന്‍ പറഞ്ഞില്ല.

ഏലി ഫോണിലേക്ക് തുറിച്ചുനോക്കി. അവളുടെ ചുമതലയും ഏലി ഏറ്റെടുത്തു. വീടും വസ്തുവും ബാങ്കുകാര്‍ ജപ്തിചെയ്തു സ്വന്തമാക്കി. സിന്ധു അങ്ങനെ ഔപചാരികമായി തന്നെ ഏലിയുടെ വീട്ടിലെ അന്തേവാസിയായി. അവള്‍ പറമ്പിലെ കൃഷിപ്പണികളുടെ ചുമതലയൊക്കെ ഏറ്റെടുത്തു. നീണ്ട നാളുകള്‍ വെട്ടാതെ കിടന്നിരുന്ന റബര്‍ വെട്ടണമെന്നവള്‍ തീരുമാനിച്ചു. അതിനടുത്തുളള വസ്തുവില്‍ റബര്‍ വെട്ടാന്‍ വരുന്ന കുഞ്ഞുമോനെ അതിനു ചുമതലപ്പെടുത്തുകയും ചെയ്തു. കുഞ്ഞമോനൊപ്പം എല്ലാ ദിവസവും അതിരാവിലെ അവള്‍ തോട്ടത്തിലിറങ്ങും. അവളും മെല്ലെ റബര്‍ വെട്ടാന്‍ പഠിച്ചു. അവന്റെയടുത്തുനിന്ന് റബറിനു വേണ്ട കാര്യങ്ങള്‍ ഓരോന്നായി പഠിച്ചെടുത്തു.

കൊതുക് കടിപോലെ അവളെ അസഹ്യപ്പെടുത്തിയ ഒന്നായിരുന്നു കുഞ്ഞുമോന്റെ സിഗരറ്റ് വലി. സിഗരറ്റിന്റെ പുക കൊതുകിനെ ഓടിക്കാനാണെന്ന് പറയുമെങ്കിലും അതിന്റെ ഗന്ധം അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവന്‍ പലപ്പോഴും അവളുടെ അഴകാര്‍ന്ന മാറിടത്തിന്റെ ഭംഗി ആസ്വദിച്ചു. കുനിഞ്ഞു നിന്ന് റബര്‍ വെട്ടു പഠിക്കുമ്പോള്‍ കുഞ്ഞുമോന്റെ കഴുകന്‍ കണ്ണുകള്‍ തന്റെ നെഞ്ചത്തേക്ക് ആഴ്ന്നിറങ്ങുന്നത് പലപ്പോഴും അവള്‍ കണ്ടില്ല.
പഴയതുപോലെ അവള്‍ വശ്യമായി ചിരിക്കാറില്ല. പുരികങ്ങള്‍ മഷികൊണ്ട് കറുപ്പിക്കാറില്ല. ആരോടും അധികം സംസാരിക്കാറില്ല. ശബ്ദത്തിനും മാറ്റമുണ്ടായി. അവളുടെ സൗന്ദര്യ ലഹരിയില്‍ ആര്‍ക്കും ലയിക്കാന്‍ കഴിയാത്തവിധം അവളുടെ വേഷങ്ങള്‍ മാറിക്കഴിഞ്ഞു. ഒറ്റനോട്ടത്തില്‍ തുണികളാല്‍ തലമൂടപ്പെട്ട ഒരു മുസ്ലീം മദ്ധ്യവയസ്‌കയെന്നേ തോന്നൂ. സിനിമാ ലോകത്തുള്ള ആരും തന്നെ അവളെ തിരിഞ്ഞു നോക്കിയില്ല, അവള്‍ക്കും താല്‍പര്യമില്ലായിരുന്നു. നീണ്ട വര്‍ഷങ്ങള്‍ നാടകലോകത്തായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ മാത്രമെ സിനിമാലോകത്ത് പിടിച്ചുനില്‍ക്കാനായുള്ളൂ. ചിലര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ഉറക്കം വരാത്ത രാത്രികളില്‍ ഒരു പേടിസ്വപ്നം പോലെ അതൊക്കെ മുന്നില്‍ തെളിയും. അതൊന്നും ഒരു ജീവിതമായിരുന്നില്ല, തികച്ചും അഭിനയം തന്നെയായിരുന്നു.

തുളസി പൂമുഖത്തിരുന്ന് സിനിമ കാണുമ്പോള്‍ മുറിക്കുള്ളിലിരുന്ന് എന്തെങ്കിലും പുസ്തകങ്ങള്‍ വായിക്കാനാണ് സിന്ധു എപ്പോഴും ശ്രമിക്കാറ്. സിനിമ കാണാനിരുന്നാല്‍ മനസ്സാകെ അസ്വസ്ഥമാകും. അവള്‍ അഭിനയിച്ച പഴയ സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ പെട്ടെന്നു തന്നെ ചാനല്‍ മാറ്റാന്‍ തുളസി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അവളും ഏലിയും ചെറുതും വലുതുമായ ഓരോ മരച്ചുവട്ടിലും നിന്ന് മരതൈകളെ നോക്കി. ഏലി ചിലതിന്റെ പേര് പറഞ്ഞുകൊടുത്തു. ഇരുമ്പകം, നരിവേങ്ങ, ചോരപ്പാലി, കൊക്കോ, ചന്ദനം, ചെങ്കുറിഞ്ഞി, കാട്ടുവേപ്പ്, വെള്ളമരുത്, കണിക്കൊന്ന, വേപ്പ്, കാഞ്ഞിരം, ഇലഞ്ഞി, പുളി…. അമ്മച്ചിയുടെ നിഷ്‌കളങ്കമായ സ്‌നേഹം മനുഷ്യര്‍ക്കു മാത്രമല്ല, മരങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതായിരുന്നു. അപ്പച്ചന്‍ എങ്ങുനിന്നൊക്കെയോ വാങ്ങികൊണ്ടുവന്ന് വെച്ചുപിടിപ്പിച്ചതാണ് ആദ്യം. അങ്ങേര് പോയപ്പോള്‍ പിന്നെ സ്വയം ഏറ്റെടുത്തു ഏലി. എല്ലാ ചെടികളും മരങ്ങളും അപ്പച്ചന്റെ സ്മരണാര്‍ത്ഥം നിറുത്തിയിരിക്കുന്നു.
‘അമ്മച്ചീ നമുക്ക് തൈയൊക്കെ പിഴുതെടുത്ത് ഓരോ വീടുകളില്‍ കൊണ്ടുപോയി നട്ടു കൊടുത്താലെന്താ…?’

ഏലി എതിരൊന്നും പറഞ്ഞില്ല. മരങ്ങള്‍ ധാരാളം വെട്ടി നശിപ്പിക്കുന്ന ഒരു കാലം മുന്‍പൊന്നും ഇതുപോലെ കണ്ടിട്ടില്ല. അതിനാല്‍ അന്തരീക്ഷത്തില്‍ ചൂട് കൂടി. കാലാവസ്ഥ കാലം തെറ്റി. മഴയും വെയിലും തോന്നിയപോലെയായി. ഏദന്‍ തോട്ടത്തില്‍ നിന്ന് ആദാമിനെയും ഹൗവ്വയെയും കുടിയിറക്കിയതു പോലെ അവരുടെ പിന്‍ഗാമികളുടെ ദുഷ്പ്രവൃത്തികള്‍ കാരണം ദൈവം അവരെ ഭൂമിയില്‍നിന്നും കുടിയിറക്കില്ലെന്ന് ആരുകണ്ടു! കുടിക്കുന്ന വെളളം പോലും മലിനപ്പെടുത്തുകയും മണ്ണിന് നനവു നല്‍കുന്ന കുളങ്ങളും പുഴകളും വരെ തുടച്ചു മാറ്റപ്പെടുകയും ചെയ്യുന്ന കാലം. ഇനിയും കഷ്ടവും ദുഃഖവും വിലാപവും കാണാനിടവരുത്താതെ അങ്ങ് എടുത്താല്‍ മതിയായിരുന്നു. അല്ലെങ്കിലും ദൈവ വചനത്തില്‍ പറയുന്നുണ്ട്. ചൂളപോലെ കത്തുന്ന ഒരു ദിവസം വരും, അപ്പോള്‍ എല്ലാ അഹങ്കാരികളെയും ദുഷ്‌ക്കര്‍മ്മികളെയും ശിക്ഷിക്കും. എല്ലാം കാണുമ്പോള്‍ അതിന്റെ ആരംഭമാണെന്ന് തോന്നാറുണ്ട്.

ഒരു മരമുകളില്‍ തേനീച്ചക്കൂടുകള്‍ കണ്ടു. ചുറ്റും തേനീച്ചകള്‍ പറക്കുന്നുണ്ട്. പാടത്തെ വരമ്പിലൂടെ നടക്കുമ്പോള്‍ തണുത്ത കാറ്റ് അവരെ തഴുകിപോയി. ഏലി ഇപ്പോള്‍ ഡയബറ്റിക്ക് രോഗികൂടിയാണ്. രാവിയെലും വൈകിട്ടും ഗുളികകള്‍ കഴിക്കാറുണ്ട്. മരുന്നിനെക്കാള്‍ നിത്യവും രണ്ട് മൂന്ന് മൈല്‍ നടന്നാല്‍ രോഗത്തിന് കുറവ് വരുമെന്ന് ചോക്ടര്‍ പറഞ്ഞത് ഏലി ഓര്‍ത്തു. മരത്തൈകളുമായി സിന്ധുവിനൊപ്പം പോയാല്‍ കുറെ നടക്കുകയും ചെയ്യാമല്ലോ. അവള്‍ കൃഷി ഓഫീസുകളുമായി ബന്ധപ്പെട്ടു. പാടത്തിനോടനുബന്ധിച്ചുള്ള വസ്തുവില്‍ ചെറിയ തൈകള്‍ വെച്ച് പിടിപ്പിക്കുകയും പലവിധത്തിലുള്ള വിത്തുകള്‍ മണ്ണില്‍ കുഴിച്ചിടുകയും ചെയ്തു. രാവിലെയും വൈകിട്ടും അവള്‍ തൈകള്‍ക്ക് വെളളം നനച്ചു. അടുത്തുള്ള കാര്‍ഷിക ഓഫീസില്‍ നിന്ന് അവള്‍ മരതൈകള്‍ വള്ളത്തില്‍ പോയി വാങ്ങിവെച്ചു. മരതൈകള്‍ വീടുകളിലെത്തിക്കാന്‍ ഒരു പെട്ടിവണ്ടിയും സംഘടിപ്പിച്ചു. ആ പെട്ടിവണ്ടിക്ക് അടിയിലായി ഒരു അലമരയുണ്ട്. അതില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കും. വിശ്രമവേളകളില്‍ അവള്‍ക്കു കൂട്ട് ആ പുസ്തകങ്ങളാണ്.

പെട്ടി വണ്ടിക്കുള്ളിലിരിക്കുന്ന ചെറിയ സസ്യതൈകള്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാനും മഴ നനയാതിരിക്കാനും മുകള്‍ ഭാഗം നല്ല ഷീറ്റുകൊണ്ട് മറച്ചിരിക്കുന്നു. പെട്ടി വണ്ടിക്ക് മുന്നിലും പിന്നിലും നില്‍ക്കുന്നവര്‍ മഴ വന്നാല്‍ നനയില്ല. ആ പെട്ടിവണ്ടിക്കിടയില്‍ ചെറിയൊരു കൂന്താലിയുമുണ്ട്. അത് വീട്ടുകാരുടെ അനുവാദത്തോടെ മരത്തൈ മണ്ണില്‍ കുഴിച്ച് വെയ്ക്കാനാണ്. പലപ്പോഴും തുളസിയും കൂടെ കൂടും.

വെറുതെയിരുന്നാല്‍ ജീവിതത്തില്‍ മുറിവ് നല്‍കിയതൊക്കെ കടന്നുവരും. അമ്മയെ വേണ്ടാത്ത മകനെയോര്‍ക്കുമ്പോള്‍ പൊട്ടിക്കരയാന്‍ തോന്നും. എല്ലാ വേദനകളെയും അതിജീവിക്കാനാണ് എപ്പോഴും ഏന്തെങ്കിലും ചെയ്യാന്‍ ഒരുമ്പെടുന്നത്. ഇനിയും ഹൃദയും കലങ്ങിപ്പോകാന്‍ ഇടയുണ്ടാകരുത്. ഹൃദയത്തിന്റെ കണ്ണാടിയാണ് മുഖം. മുഖം പ്രകാശിക്കണമെങ്കിലും ഹൃദയം നന്നാകണം ശുദ്ധമാകണം.

തൈകള്‍ക്ക് വെള്ളമൊഴിച്ചതിന് ശേഷം അവള്‍ അകലേക്ക് നോക്കി. പാടങ്ങള്‍ക്ക് മുകളില്‍ പ്രകാശം മങ്ങിനിന്നു. തെങ്ങുകള്‍ പാടത്തേക്ക് ചാഞ്ഞ് നില്‍ക്കുന്നു. മഴത്തുള്ളികള്‍ ദേഹത്ത് വീണു തുടങ്ങി. പൂമുഖത്ത് നിന്ന് ഏലിയുടെ ശബ്ദം കാതുകളില്‍ പതിഞ്ഞു. അവള്‍ പാത്രങ്ങളെല്ലാമെടുത്ത് വീട്ടിലേക്കോടി. സന്ധ്യയെ മഴവെള്ളം വിഴുങ്ങി.

രാവിലെ ആഹാരം കഴിച്ചിറങ്ങിയ സിന്ധുവും ഏലിയും തുളസിയും ഓരോരോ വീടുകളില്‍ എത്തിക്കൊണ്ടിരുന്നു. എല്ലാ വീട്ടുമുറ്റങ്ങളിലും പെട്ടി വണ്ടിയെത്തും. സംഭവം എന്തെന്നറിയാന്‍ വീട്ടുകാരെല്ലാം താല്‍പര്യത്തോടെ പുറത്തേക്ക് വരും. യുവാക്കളെയും കൗമാരക്കാരെയും കാണുമ്പോള്‍ സിന്ധു പുസ്തകങ്ങള്‍ കൊടുക്കും. വായിച്ചു മടക്കിയ പുസ്തകങ്ങള്‍ വീട്ടിലിരുന്ന് ചിതലരിക്കാതെ തലമുറകളെ പ്രകാശിപ്പിക്കട്ടെ എന്നാണ് അവലുടെ ചിന്ത. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം മരത്തൈകള്‍ നട്ടുകൊടുക്കും. വെള്ളമൊഴിച്ച് നനയ്ക്കും. അമ്മച്ചിയുടെ ഉപദേശമായിരിക്കും പിന്നെ. ‘ദിവസവും വെള്ളമൊഴിക്കണം. ഇല്ലെങ്കില്‍ ഉണങ്ങിപോവും. ഈ നാട് പച്ചിലകള്‍കൊണ്ട് നിറയണം.’

ചിലര്‍ ചോദിക്കും ഒരു തൈക്ക് എത്രരൂപയാണ്. അതിന് ഏലിക്ക് ഒറ്റ് ഉത്തരമേയുള്ളൂ. ഇത് വില്‍പനയ്ക്കുള്ളതല്ല. പിന്നെ നിങ്ങള്‍ ഒരു പൈസ തന്നാലും ഒരു രൂപ തന്നാലും വാങ്ങും. അതുകൊണ്ട് ഇനിയും വിത്തു വാങ്ങാമല്ലോ. ഇല്ലെങ്കില്‍ വേണ്ട. ഒരു രൂപ കൊടുത്തവരും നൂറു രൂപ കൊടുത്തവരുമുണ്ട്. ഒന്നും കൊടുക്കാത്തവരുണ്ട്. മരം വയ്ക്കാന്‍ സമ്മതിക്കുക പോലും ചെയ്യാത്തവരുണ്ട്. തേക്ക്, പ്ലാവ്, ആഞ്ഞിലി, മഹാഗണി, മാവ്, ചന്ദനം, ചെങ്കുറിഞ്ഞി, വേപ്പ്, പുളി, വെള്ളമരുത് ധാരാളം മരത്തൈകള്‍ അവരുടെ കൈവശമുണ്ടായിരുന്നു. പലരും അവരെ അഭിനന്ദിച്ചു.
മുന്നിലൂടെ പോയ ഒരു കാറിലിരുന്ന് ഒരാള്‍ തിരിഞ്ഞുനോക്കി. അത് ഏലിയുടെ സഹോദരന്‍ കൊച്ചുവര്‍ക്കിയായിരുന്നു. രാവിലെ കോടതിയിലേക്ക് പോകുമ്പോഴാണ് ആ കാഴ്ചകണ്ടത്. ഡ്രൈവറോട് പറഞ്ഞ് കാര്‍ പിറകോട്ടെടുത്തു. വക്കീല്‍ വേഷത്തില്‍ വേഗത്തില്‍ പുറത്തിറങ്ങി. ഒന്നും മനസ്സിലാകാതെ ചോദിച്ചു.

‘ഇതെന്താ പെങ്ങളെ, തൈ നടുന്നോ…?’
‘എന്താ നെനക്ക് വേണോ?’
വര്‍ക്കിയുടെ മുഖം ഇരുണ്ടു. ഈ ഭ്രാന്തിയുടെ ഒപ്പം കൂടി പെങ്ങള്‍ക്കും ഭ്രാന്ത് പിടിച്ചോ? അത്രയും ചോദിക്കണമെന്നുണ്ടായിരുന്നു. ഭയം കൊണ്ട് ചോദിച്ചില്ല.
‘ഇതൊക്കെ പിള്ളേരറിഞ്ഞാല്‍ മോശമല്ലേ?’ ഒരു പരാതി മാത്രം പറഞ്ഞു.
‘ഞാനവരോട് പറഞ്ഞിട്ടാ ഇതിനെറങ്ങിയേ. ബ്രിട്ടീഷുകാര്‍ തന്നെയാണ് അവരുടെ റോഡുകള്‍ വൃത്തിയാക്കിയിടുന്നതെന്നാ എന്നോട് പറഞ്ഞത്.’
‘എന്നാലും നമ്മുക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യമല്ലേ?’

‘എടാ ഇതൊക്കെയ സാമൂഹ്യസേവനം. അല്ലതെ നിന്നെപ്പോലെ കോടതീ കള്ളം പറയണോ? നീ ഒരു രാഷ്ട്രീയ നേതാവല്ലേ, കള്ള പ്രസംഗം നടത്താനും നിന്നെപ്പോലുള്ളവര്‍ മിടുക്കര. ഒരു തൈ നീ നട്ട് പിടിപ്പിച്ചിട്ടുണ്ടോ? നിന്നെപ്പോലുള്ളവന്‍ ഒരു സമൂഹത്തെയും നന്നാക്കില്ല, അതാ ഈ നാടിന്റെ ശാപം. ഞങ്ങളെപ്പോലെ അദ്ധ്വാനിച്ച് കാണിക്കട….’
സഹോദരിയുടെ വായില്‍ നിന്ന് കൂടുതല്‍ കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ കൊച്ചുവര്‍ക്കി യാത്രപറഞ്ഞ് വേഗത്തില്‍ കാറിലേക്ക് കയറി. അതുകണ്ട് സിന്ധുവും തുളസിയും ചിരിച്ചു.
(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px