എന്നെങ്കിലുമൊരിക്കല്‍ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് .നിന്റെ ഈ മമ്മി ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ മനസ്സിലുരുവിട്ടു കൊണ്ട് ഫോണ്‍ കൈയ്യിലെടുത്തു. അപ്പുറത്ത് അരുണായിരുന്നു. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി.
”ഹലോ മാഡം, ഇത് ഞാനാണ് അരുണ്‍…’
ഹിന്ദിച്ചുവയുള്ള മലയാളത്തില്‍ അരുണിന്റെ വാക്കുകള്‍ ഒഴുകിയെത്തി.
”എന്താ അരുണ്‍?” ഇടറിയ സ്വരത്തില്‍ ഞാന്‍ മറുചോദ്യം ഉന്നയിച്ചു.
”മാഡം, ഇന്ന് ഫ്രീയാണെങ്കില്‍ ഞാന്‍ അങ്ങോട്ടു വന്നാലോ എന്നാലോചിക്കുകയായിരുന്നു. മാഡത്തോടൊപ്പം ഒരു ദിവസം ചെലവിടാന്‍ ഞാനാഗ്രഹിക്കുന്നു. നമുക്ക് പുറത്തൊക്കെ ചുറ്റിക്കറങ്ങി, ഹോട്ടലില്‍ നിന്നും ആഹാരമൊക്കെ കഴിച്ച്, വേണമെങ്കില്‍ ഒരു സിനിമയും കണ്ട്. അങ്ങിനെയൊക്കെ ഇന്നത്തെ ദിവസം ചെലവിട്ടാലോ എന്ന് ചിന്തിച്ചു. വേണമെങ്കില്‍ എന്റെ അമ്മയെയും കൂട്ടാം…
‘അതിനെന്താ അരുണ്‍ വന്നോളൂ… ഇന്നത്തെ ദിവസം നമുക്കിവിടത്തന്നെ ചെലവിടാം. എന്റെ കൈ കൊണ്ട് ഞാന്‍ അരുണിനും അമ്മയ്ക്കും ആഹാരമുണ്ടാക്കിത്തരാം. ഒരമ്മയെ പോലെ അരുണിന് ആഹാരം വിളമ്പിത്തന്ന് എനിക്കിന്ന് സംതൃപ്തിയടയണം.”
”ഞങ്ങളിതാ പുറപ്പെട്ടു കഴിഞ്ഞു മാഡം… ഒരു പതിനഞ്ചു മിനിട്ട്… ഞാനുമമ്മയും അവിടെ എത്തിയിരിക്കും.’
അരുണിന്റെ വാക്കുകള്‍ അതുവരെ മനസ്സിനെ മൂടിയിരുന്ന കാര്‍മേഘപടലത്തെ അകറ്റി നിര്‍ത്തി. പകരം ഹൃദയത്തില്‍ സന്തോഷം നിറച്ചു. അരുണിന്റെ അമ്മ മലയാളിയായതു കൊണ്ടു കൂടിയാണ് ഈ അടുപ്പം. അവര്‍ കോഴിക്കോടുകാരാണത്രെ.
പത്തു പതിനഞ്ചു മിനിറ്റിനകം അവര്‍ എത്തിച്ചേരും. അതിനു മുമ്പ് കുളിച്ചു ഡ്രസ്സുമാറി നില്ക്കാമെന്നു കരുതി. കുളിമുറിയിലേയ്ക്കു നടന്നു. രാവിലെ മുതല്‍ മൂഡു ശരിയല്ലാത്തതു കൊണ്ട് ഒന്നും ചെയ്യുവാന്‍ തോന്നിയില്ല. ആകെ ഒരു ഒറ്റപ്പെടല്‍. ആ വേദന മനസ്സിനെ അലട്ടിയപ്പോഴാണ് കൃഷ്ണമോളെ വിളിക്കാമെന്ന് കരുതിയത്. മാത്രമല്ല ആഴ്ചയില്‍ ആകെ കിട്ടുന്ന ഈ ഹോളിഡേയ്‌സിലാണ് കോളേജ് വിട്ട് മാറ്റാരോടെങ്കിലുമൊക്കെ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ കഴിയുന്നത്. അങ്ങനെയാണ് കൃഷ്ണമോളെ ഫോണില്‍ വിളിച്ച് കാണണമെന്നു പറഞ്ഞത്.
പക്ഷെ അവളുടെ പെരുമാറ്റം ഉള്ള മൂഡും കൂടി തകര്‍ത്തു കളഞ്ഞു. എന്റെ മനോനില തന്നെ തകിടം മറിക്കുന്ന അവളുടെ പെരുമാറ്റം ഹൃദയത്തെ കുറച്ചൊന്നുമല്ല മുറിപ്പെടുത്തുന്നത്. ഹൃദയ ഭിത്തിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര കണ്ണുനീരായി വാര്‍ന്നൊഴുകി കിടക്കയെ കുതിര്‍ത്തപ്പോള്‍ ഒട്ടൊരു ആശ്വാസം കിട്ടി. അപ്പോഴാണ് അരുണിന്റെ ഫോണ്‍ കോള്‍ വന്നത്.
എന്നെ സന്തോഷിപ്പിക്കാനായി മാത്രം ജനിച്ച ഒരേയൊരു മകനെപ്പോലെയാണവന്‍. എന്റെ രാഹുല്‍മോന്റെ പകരക്കാരന്‍. അവന്റെ ഓരോ വരവും ഹൃദയത്തില്‍ ആനന്ദത്തിന്റെ തേന്‍ തുള്ളികള്‍ മാത്രം നിറയ്ക്കുന്നു. രാഹുല്‍മോനെപ്പോലെ അവന്റെ ഓരോ വാക്കും നോക്കും എന്നെ ആവരണം ചെയ്തിരിക്കുന്ന ദുഃഖത്തിന്റെ മൂടുപടത്തെ എടുത്തു മാറ്റുന്നു. പകരം സന്തോഷത്തിന്റെ ഒരു നേര്‍ത്ത തിരശ്ശീല കൊണ്ട് അവന്‍ എന്റെ ജീവിതത്തെ ഉന്മേഷഭരിതമാക്കുന്നു .
കുളി കഴിഞ്ഞ് അവന്റെ ബൈക്കിന്റെ ശബ്ദത്തിനായി കാതോര്‍ത്തു കൊണ്ട് ഞാന്‍ സിറ്റൗട്ടിലിരുന്നു. അലക്ഷ്യമായ കൈ കൊണ്ട് കോതിയിട്ട മുടിയിഴകള്‍ കാറ്റില്‍ പാറിപ്പറന്നു. നരേട്ടനുള്ളപ്പോള്‍ അണിഞ്ഞൊരുങ്ങാന്‍ എനിക്കെന്തു താല്‍പര്യമായിരുന്നു. എന്നാലിന്നിപ്പോള്‍ മുടി ചീകാന്‍ പോലും മടി തോന്നുന്നു. കുളി കഴിഞ്ഞ് വലിയ സിന്ദൂരപ്പൊട്ട് നെറ്റിയിലണിഞ്ഞ് ഒരു നേരിയ പ്രസാദക്കുറിയുമണിഞ്ഞ് ഞാനെത്തുമ്പോള്‍ നരേട്ടന്‍ പറയുമായിരുന്നു.
”ഇപ്പോള്‍ സാക്ഷാല്‍ രവിവര്‍മ്മ ചിത്രം പോലെ തന്നെക്കണ്ടാല്‍ തോന്നും. മാധവിക്കുട്ടിയും മറ്റും തന്നെപ്പോലെ വലിയ സിന്ദൂരപ്പൊട്ടണിയാറുണ്ട്.’
അപ്പോള്‍ ഞാന്‍ പറയും
.” ഞാന്‍ മാധവിക്കുട്ടിയുടെ ഒരു വലിയ ഫാനാണെന്ന്, നരേട്ടനറിയില്ലേ…
സ്ത്രീ ഹൃദയ വൈവിദ്ധ്യങ്ങളെ , പ്രേമത്തിന്റെ മനോഹരമായ ആവിഷ്‌കാരങ്ങളെ ,അവര്‍ എത്ര ഭംഗിയായി തന്റെ കൃതികളില്‍ വര്‍ണ്ണിച്ചിരിക്കുന്നു. കാലങ്ങളായി ആളുകള്‍ പറയുവാന്‍ മടിച്ചിരുന്ന പലതും. അവര്‍ തന്റെ കൃതികളിലൂടെ തുറന്നടിച്ചു. പാരമ്പര്യങ്ങളെ പുഛിച്ചു തള്ളി… ‘
ഞാന്‍ മാധവിക്കുട്ടിയെക്കുറിച്ചു പറഞ്ഞ് ആവേശം കൊള്ളുമ്പോള്‍ നരേട്ടന്‍ ഉറക്കെ ചിരിക്കും…
‘ തന്നിലും ഒരു പുരോഗമനവാദി ഒളിഞ്ഞു കിടപ്പുണ്ടല്ലോ? മാധവിക്കുട്ടിയെപ്പോലെ പാരമ്പര്യങ്ങളെ തൂത്തെറിയാനുള്ള വ്യഗ്രത തന്നിലുമുണ്ടല്ലേ?”
നരേട്ടന്‍ അതു പറയുമ്പോള്‍ അറിയാതെ ഒരു ചൂളല്‍ എന്നില്‍പ്പടര്‍ന്നു കയറും. നരേട്ടന്‍ എന്നെക്കുറിച്ച് എത്ര ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ പഴഞ്ചന്‍ ചിന്താഗതികളെ പുഛിച്ചു തള്ളുവാന്‍ പറഞ്ഞ്, ആവേശത്തോടെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. പുത്തന്‍ പാരമ്പര്യത്തിന്റെ വക്താവായിട്ടുണ്ട്. അതെല്ലാം പലപ്പോഴായി നരേട്ടനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ പഠിപ്പിക്കുമ്പോഴും പലപ്പോഴും പുതിയ തലമുറയില്‍ ഇത്തരത്തിലുള്ള പുത്തന്‍ ആവേശം ഉണര്‍ത്താന്‍ ശ്രമിക്കാറുണ്ട്. സ്വന്തം ജീവിതത്തിലും അത് കുറെയൊക്കെ പകര്‍ത്താന്‍ എനിക്കു കഴിഞ്ഞിട്ടുമുണ്ട്.
ജാതി-മതവ്യവസ്ഥിതികള്‍ക്കെതിരായി ആവേശം കൊണ്ടിട്ടാണല്ലോ ഞാന്‍ ഫഹദ്‌സാറിനെ വിവാഹം കഴിച്ചത്. മാധവിക്കുട്ടിയും ഒരു മുസ്ലീമായി മതം മാറി. എല്ലാം കൊണ്ടും എന്നോട് ഏറെ സാമ്യമുള്ള ആ കഥാകാരിയെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു.
നരേട്ടനതറിയാം. അതുകൊണ്ടാണ് പലപ്പോഴും മാധവിക്കുട്ടിയുമായി എന്നെ സാമ്യപ്പെടുത്തുന്നത്.
ഇന്നിപ്പോള്‍ നരേട്ടന്റെ ആ വാക്കുകള്‍… പൊട്ടിച്ചിരി… എല്ലാം കേള്‍ക്കുവാന്‍ കൊതി തോന്നുന്നു. പക്ഷെ…. അദ്ദേഹമിന്നെവിടെയാണ്. അനന്തവിഹായസ്സില്‍ എവിടെയോ ഇരുന്ന് അദ്ദേഹം എന്നെ വീക്ഷിക്കുന്നുണ്ടാവുമോ? എന്റെ സൗന്ദര്യത്തെ പ്രകീര്‍ത്തിക്കുന്നുണ്ടാവുമോ?….
വാക്കുകള്‍ക്കതീതമായ ഏതോ ലോകത്തിരുന്ന് അദ്ദേഹം നിശബ്ദം എന്നെ സ്‌നേഹിക്കുന്നുണ്ടാവാം…
കണ്ണുകളില്‍ ഊറിക്കൂടിയ മിഴിനീരിനിടയില്‍ കൂടി ഞാന്‍ കണ്ടു ദൂരെ നിന്നും പാഞ്ഞെത്തുന്ന ആ മോട്ടോര്‍ ബൈക്ക്… അതില്‍ നിന്നും പ്രസന്നവദനനായി ചാടിയിറങ്ങുന്ന അരുണ്‍ .കൂടെ അയാളുടെ അമ്മ. മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന ഒരു സുന്ദരിയായ വീട്ടമ്മ. അമ്പതിനോടടുത്ത് പ്രായമുള്ള അവരുടെ കണ്ണുകളില്‍ എന്നോടുള്ള സഹതാപവും സ്‌നേഹവും നിറഞ്ഞു നിന്നു. വിഷാദമഗ്‌നമായ ഒരു പുഞ്ചിരിയോടെ അവരെ എതിരേല്‍ക്കുമ്പോള്‍ ഹൃദയം ഏതോ സമാശ്വാസ തീരങ്ങളില്‍ അഭയം തേടുകയായിരുന്നുവോ? ആ സ്‌നേഹ സാമീപ്യങ്ങള്‍ ഒരു പൂന്തെന്നല്‍ പോലെ എന്നെ തഴുകി തലോടുന്നതു പോലെ.
എന്റെ ഹൃദയത്തിനേറ്റ മുറിവുകളില്‍ തങ്ങളുടെ സാമീപ്യ സ്പര്‍ശനത്താന്‍ ആ അമ്മയും മകനും തൈലം പുരട്ടുകയായിരുന്നില്ലെ. ഒരിക്കലും ഉണങ്ങാത്ത മുറിവുകളില്‍ ഏതോ ദിവ്യ ഔഷധി എന്ന പോലെ ഇടയ്ക്കിടയ്ക്കുള്ള അവരുടെ സന്ദര്‍ശനങ്ങള്‍ മനഃപൂര്‍വ്വമായി എന്നെ സന്തോഷിപ്പിക്കുവാനുള്ള അവരുടെ പരിശ്രമങ്ങള്‍… എല്ലാമെല്ലാം ഏതോ സ്‌നേഹ സാന്ത്വനമായി എന്നില്‍ പരിണമിക്കുകയായിരുന്നു.
ഹൃദയത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട് ഞാന്‍ അവരെ സ്വീകരിച്ചു. അപ്പോള്‍ എന്റെ കണ്ണുകളിലെ വിഷാദഛായ എങ്ങോ പോയി മറഞ്ഞിരുന്നു. പകരം ഹൃദ്യമായ ഒരു പുഞ്ചിരി ചുണ്ടുകളില്‍ തങ്ങി നിന്നു.
ഡ്രോയിംഗ് റൂമിലേയ്ക്ക് നടന്നു കൊണ്ട് ഞാന്‍ അവരെ ക്ഷണിച്ചു.
”വരൂ… നമുക്ക് അകത്തിരുന്ന് സംസാരിക്കാം…’
അകത്ത് നിരത്തിയിട്ട സെറ്റികളിലൊന്നില്‍ അവരെ ഇരിക്കാന്‍ ക്ഷണിച്ചു കൊണ്ട് ഞാനും അടുത്തിരുന്നു. അപ്പോള്‍ അരുണ്‍ ചോദിച്ചു.
”മാഡം… ഒറ്റയ്ക്കിരുന്ന് വല്ലാതെ മുഷിയുന്നുണ്ടാവുമെന്നു തോന്നി. അതാണ് അമ്മയെ വിളിച്ചു കൊണ്ട് ഞാന്‍ വന്നത്.”
”അതു നന്നായി അരുണ്‍… അരുണിനെയും അമ്മയേയും കാണുന്നതാണ് എനിക്കിപ്പോള്‍ ഏറ്റവും സന്തോഷം. പഴയതെല്ലാം മറക്കാന്‍ നിങ്ങള്‍ എനിക്കു പ്രേരണ നല്‍കുന്നു.”
എന്റെ വാക്കുകള്‍ കേട്ട് അരുണിന്റെ അമ്മ പറഞ്ഞു.
”അരുണിനിപ്പോള്‍ മാഡത്തെപ്പറ്റി പറയാനെ നേരമുള്ളൂ… അവനിപ്പോള്‍ എന്നെക്കാളിഷ്ടം മാഡത്തിനോടാണ്.”
”അരുണ്‍ എനിക്ക് രാഹുലിനെ പോലെയാണ്. രാഹുലിന്റെ പല സ്വഭാവ വിശേഷണങ്ങളും അരുണിനുമുണ്ട്…’
അറിയാതെ നനഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. പെട്ടെന്ന് രാഹുല്‍ മനസ്സിലേയ്‌ക്കോടി യെത്തിയതു കൊണ്ടാകാം അരുണിന്റേയും കണ്ണുകളില്‍ വിഷാദഛായ പടര്‍ന്നു. അവന്‍ വിഷാദമഗ്‌നമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
”രാഹുല്‍ മാഡത്തെപ്പറ്റി പറയാത്ത ദിവസങ്ങളില്ല. അവന്റെ ജീവിതത്തില്‍, അവനേറ്റവുമിഷ്ടം മാഡത്തിനോടായിരുന്നു. മമ്മി ഉണ്ടാക്കുന്നതു പോലെ ലോകത്തിലൊരു മമ്മിയ്ക്കും ഇത്ര സ്വാദുള്ള ആഹാരം ഉണ്ടാക്കാനാവുകയില്ലെന്ന് അവന്‍ പറയാറുണ്ടായിരുന്നു. മാഡം ഹോസ്റ്റലിലേയ്ക്ക് കൊടുത്തയയ്ക്കുന്ന ഉണ്ണിയപ്പവും, അച്ചപ്പവും, മുറുക്കും മറ്റും അവന്‍ എനിക്ക് കൊണ്ടു തരുമായിരുന്നു. അങ്ങനെ മാഡത്തിന്റെ കൈപ്പുണ്യം ഞാനും ഒരുപാടറിഞ്ഞിട്ടുണ്ട്.
”ശരിയാണ്, മീര മാഡം കൊടുത്തയയ്ക്കുന്ന ആഹാരം കഴിച്ചിട്ട് ഇവന്‍ എന്നോടു വന്നു വഴക്കുണ്ടാക്കും. ഞാനും അതുപോലെ കേരളീയ ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാന്‍ പറഞ്ഞ്. പക്ഷെ കേരളത്തില്‍ നിന്ന് വിട്ടു പോന്നിട്ട് വര്‍ഷങ്ങള്‍ പലതായില്ലെ? എനിക്കിപ്പോള്‍ അത്തരം ഭക്ഷണമൊന്നും ഉണ്ടാക്കാനറിയില്ല. മാത്രമല്ല ഇവന്റെച്ഛന്‍ നോര്‍ത്തിന്ത്യന്‍ ആയതു കൊണ്ട് ആ രീതിയിലുള്ള ഭക്ഷണമേ ഞാനിപ്പോളുണ്ടാക്കാറുള്ളൂ…’
അരുണിന്റെ അമ്മ അല്‍പം വിളറിയ ചിരിയോടെ എന്നോടു പറഞ്ഞു. അല്‍പ നേരത്തെ നിശബ്ദതയ്ക്കു ശേഷം ചിരിച്ചു കൊണ്ട് തന്നെ അവര്‍ തുടര്‍ന്നു.
”ഇന്ന് മാഡത്തിന്റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞാണ് അവന്‍ വന്നിരിക്കുന്നത്. ഞാന്‍ പറഞ്ഞു മാഡം മാനസികമായി വിഷമിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ഉപദ്രവിക്കേണ്ടെന്ന്. പക്ഷെ ഇവന്‍ കേള്‍ക്കണ്ടെ?
പെട്ടെന്ന് കണ്ണുകള്‍ തുടച്ച് ഉന്‍മേഷം വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു.
”അരുണിന് എന്റെ കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി നല്‍കാമെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ്. ഇന്ന് നമുക്ക് ചെറിയ രീതിയില്‍ കേരളീയ ഭക്ഷണം ഉണ്ടാക്കി കഴിക്കാം. മാത്രമല്ല രാഹുലിന്റെ പിറന്നാള്‍ ദിനം കൂടിയാണിന്ന്. അവന്‍ മരിച്ചു പോയെങ്കിലും നരേട്ടനുള്ളപ്പോള്‍ ഞങ്ങളൊരുമിച്ച് അതാഘോഷിക്കാറുണ്ടായിരുന്നു. ഇന്ന് നമുക്കൊരുമിച്ച് അതാഘോഷിക്കണം. അകലങ്ങളിലിരുന്ന് രാഹുല്‍ അതുകണ്ട് സന്തോഷിക്കട്ടെ… എന്തു പറയുന്നു അരുണ്‍?”
അങ്ങനെ പറഞ്ഞു കൊണ്ട് ഞാന്‍ അരുണിനെ നോക്കി.
”ഓ… ഞാനറിഞ്ഞില്ല മാഡം ഇന്ന് രാഹുലിന്റെ പിറന്നാളാണെന്ന് . ഞാനത് മറന്നു പോയി. അവനുള്ളപ്പോള്‍ എത്ര ബെര്‍ത്ത് ഡേകള്‍ ഞങ്ങള്‍ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്. ഞങ്ങള്‍ ഫ്രണ്ട്‌സെല്ലാം കൂടി അന്ന് ബൈക്കില്‍ അല്‍പം ദൂരെ ഏതെങ്കിലും റിസോര്‍ട്ടിലേയ്ക്കു പോകും. എന്നിട്ട് പാട്ടും ബഹളവുമായി എന്താഘോഷമായിരുന്നു അന്നെല്ലാം. അതെല്ലാം മരിയ്ക്കാത്ത ഓര്‍മ്മകളായി ഇന്നും മനസ്സില്‍ നിലനില്‍ക്കുന്നു. രാഹുലിനു വേണ്ടി നമുക്കൊരിയ്ക്കല്‍ കൂടി അങ്ങനെ ആഘോഷിക്കണം മാഡം. ഞാന്‍ എന്റെ കുറച്ചു ഫ്രണ്ട്‌സിനെക്കൂടി വിളിക്കട്ടെ. അവരോടൊത്ത് നമുക്ക് വൈകുന്നേരമാകുമ്പോള്‍ ഏതെങ്കിലും റിസോര്‍ട്ടിലേയ്ക്കു പോകാം.”
അരുണ്‍ അല്‍പം ആവേശപൂര്‍വ്വം തന്റെ പ്ലാന്‍ അവതരിപ്പിച്ചു. ആഘോഷങ്ങള്‍ക്കൊന്നും മനസ്സ് വഴങ്ങുകയില്ലെന്നറിഞ്ഞിട്ടും ഞാനപ്പോള്‍ അതിനു സമ്മതിച്ചു. അന്ന് ഉച്ചയ്ക്ക് ഒരു ചെറിയ സദ്യ ഉണ്ടാക്കി ഞാനവര്‍ക്കു നല്‍കി. ഒരു ചെറിയ ഇലക്കീറില്‍ സദ്യ വിളമ്പി വച്ച് അതിനു മുന്നില്‍ വിളക്കു കൊളുത്തി രാഹുലിനായി മാറ്റി വച്ചു. അവന്റെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന് ആ സദ്യ ആസ്വദിച്ചു കാണുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
പിന്നീട് കണ്ണീരോടെ അവനു വിളമ്പി വച്ച ആഹാരം കഴിക്കുമ്പോള്‍ ഒരമ്മ ഹൃദയത്തിന്റെ പിടച്ചില്‍ ഞാനറിഞ്ഞു.
തൊണ്ട കഴച്ചു പൊട്ടുന്ന വേദനയിലും ഞാനവനു വേണ്ടി അതു മുഴുവന്‍ കഴിച്ചു തീര്‍ത്തു. അപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അരുണ്‍ അടുത്തു നിന്നു.
അടക്കാനാവാത്ത ഹൃദയ ഭാരത്താല്‍ ഹൃദയം പലപ്പോഴും പൊട്ടിപ്പോകുമെന്നു തോന്നി.പക്ഷെ അരുണിന്റെ കൈകള്‍ താങ്ങി നിന്നതു കൊണ്ടാവാം ആ ദിനങ്ങളുടെ കാഠിന്യത്തെ അതിജീവിക്കാന്‍ എനിക്കു കഴിഞ്ഞത്. അല്ലെങ്കില്‍ നരേട്ടന്റെയും രാഹുലിന്റെയും വേര്‍പാട് തീര്‍ത്ത അസഹ്യമായ വേദനയില്‍ പിടഞ്ഞ് ഇഞ്ചിഞ്ചായി ഞാനും മരിക്കുമായിരുന്നു.
അതെ! ആ വേദനയില്‍ നിന്നും എന്നെ ഉയര്‍ത്തി കൊണ്ടു വന്നത് അരുണിന്റെ കൈകളാണ്.
(തുടരും)







