ഇംഗ്ലണ്ട്. ആകാശ നിലാവില്‍ നിന്ന മണ്ണിന്റെ മനസ്സിലേക്ക് ഒരു തീര്‍ത്ഥയാത്രപോലെ മഞ്ഞുപൂക്കള്‍ വിടരുന്നു. അത് വിടര്‍ന്ന് വിടര്‍ന്ന് പ്രപഞ്ചമാകെ വെള്ളപ്പുടവ വിരിച്ചു. ആകാശത്ത് നിന്ന് വാര്‍ന്നുവീഴുന്ന പൂക്കളെ പ്രപഞ്ചം പ്രണയിച്ചു. മണ്ണില്‍ പുടവയൊരുക്കി അവര്‍ ഒന്നായി. ചന്ദ്രന്‍ തന്റെ മട്ടുപ്പാവിലിരുന്ന് വികാരം തുളുമ്പുന്ന കണ്ണുകളോടെ ആ കാഴ്ചകണ്ടു. ഉള്ളില്‍ നൊമ്പരങ്ങള്‍. മഞ്ഞുപൂക്കള്‍ മണ്ണിലിറങ്ങി കുടിലുകള്‍ തീര്‍ക്കയാണ്. ഭൂമിയുടെ എല്ലാ കോണുകളിലും മരങ്ങളിലും താഴ്‌വാരങ്ങളിലും കൊട്ടാരങ്ങളിലും മഞ്ഞ് പൂക്കള്‍ മണിമാളികകള്‍ തീര്‍ക്കുന്നു. കുളിരും കുളിര്‍മയുള്ള കാറ്റ് പ്രപഞ്ചത്തെ തഴുകിക്കൊണ്ടിരുന്നു. മണ്ണിലെ ജീവജാലങ്ങളെല്ലാം ഏകാന്തമായ തടവറയില്‍ ഉറങ്ങിക്കിടന്നു. മഞ്ഞുപൂക്കള്‍ പ്രപഞ്ചമാകെ നര്‍ത്തനമാടി. എരിയുന്ന വൈദ്യുതി വിളക്കുകള്‍ക്ക് മുന്നില്‍ മഞ്ഞിന്‍കണങ്ങള്‍ ബള്‍ബുകള്‍ പോലെ വെട്ടിത്തിളങ്ങി. മഞ്ഞും മണ്ണും പ്രണയിച്ചതും അവരില്‍ നിന്ന് തെളിനീര്‍ ഒഴുക്കിയതും എങ്ങോ പ്രാവുകള്‍ കുറുകിയതും പൗര്‍ണമി രാവിന്റെ പ്രണയങ്ങളും കാപട്യത്തിന്റെ മുഖംമൂടികളണിഞ്ഞുറങ്ങിയ മനുഷ്യര്‍ അറിഞ്ഞില്ല.
രാവിലെ രണ്ട് മണി. ഉറക്കത്തില്‍ ഒരു വെള്ളിടി പോലെ അടുത്തുള്ള മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അതിന്റെ അട്ടഹാസം ഉറങ്ങിക്കിടന്ന മാണിയുടെ കാതുകളില്‍ തുളച്ചുകയറി. കമ്പിളിപ്പുതപ്പ് ഒന്നുകൂടി വലിച്ച് തലയ്ക്ക് മുകളിലിട്ടു. അടുക്കളയില്‍ ആഹാരം ഉണ്ടാക്കിക്കൊണ്ടിരുന്ന മിനി മൊബൈല്‍ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. കതക് തുറന്ന് ലൈറ്റിട്ട് മൊബൈല്‍ നമ്പര്‍ നോക്കി. മാണിയുടെ അമ്മയാണ്. ഫോണ്‍ എടുത്തില്ല. അവള്‍ ഗൗരവത്തോടെ മാണിയെ നോക്കി. പെറ്റമ്മയെ മറക്കുന്ന മക്കളുണ്ടോ?
അവള്‍ വിക്കി വിക്കി വിളിച്ചു, ‘എടോ, അമ്മയുടെ ഫോണ്‍.’
അത് കേട്ടയുടനെ അവന്‍ പുതപ്പ് ഒന്നുകൂടി തലയ്ക്ക് മുകളിലേക്ക് ചേര്‍ത്ത് തിരിഞ്ഞുകിടന്നു. എന്തിനാണ് വെറുതെ നിര്‍ബന്ധിക്കുന്നത്? അവനുമായൊരങ്കത്തിന് അപ്പോഴവള്‍ക്കു നേരമില്ലായിരുന്നു. മൊബൈല്‍ ശബ്ദം നിലച്ചു. വിഷാദം തുളുമ്പുന്ന കണ്ണുകളുമായി അവള്‍ കതകടച്ച് ലൈറ്റ് ഓഫ് ചെയ്തു. അകത്തേക്ക് പോയി.
മിനിയും മാണിയും ആത്മസുഹൃത്തുക്കളാണ്. ഒരേ വീട്ടില്‍ രണ്ട് മുറികളില്‍ തമാസം. നിശബ്ദരാവില്‍ വിരിഞ്ഞുവരുന്ന മഞ്ഞുപൂക്കളെ പോലെ സുന്ദരിയും ശാലീനയുമാണവള്‍. പ്രായം ഇരുപത്തിയൊന്ന്. കേരളത്തില്‍ നിന്ന് ബി.എസ്.സി ബിരുദമെടുത്ത് തുടര്‍പഠനത്തിനായി അവള്‍ കണ്ടെത്തിയത് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും നാടായ ലണ്ടനായിരുന്നു. ഇടനെഞ്ചില്‍ ഇത്തിരി സ്വപ്നങ്ങളുമായി എം.ബി.എ പഠിക്കാനാണ് ലണ്ടനില്‍ എത്തിയത്. ലണ്ടന്‍ നഗരം അവളുടെ മുന്നില്‍ പൊട്ടിവിടരുന്ന പൂവായി. മഞ്ഞില്‍ വിരിയുന്ന നിലാവിന്റെ പുഞ്ചിരിയും, പ്രാവുകളുടെ കലപിലയും, സിന്ദൂരം തൂകുന്ന സന്ധ്യയും, ഇളം കുളിരണിയുന്ന പോക്കുവെയിലിന്റെ രാഗാര്‍ദ്രതയും ആ കൂട്ടത്തില്‍ ഒരു സാന്ത്വനമായി ഏകാന്തതയുടെ വീര്‍പ്പുമുട്ടലുകളില്‍ വെച്ച് സൗത്ത് ഇന്ത്യന്‍ ഹോട്ടലില്‍ കണ്ടുമുട്ടിയ മാണി സുഹൃത്തായി. ഇപ്പോള്‍ ആത്മസുഹൃത്തുക്കള്‍. എന്നും വൈകുന്നേരം അത്താഴം കഴിഞ്ഞാല്‍ പൂഞ്ചിരിതൂകിയെത്തുന്ന മാണിയുടെ കളങ്കമറ്റ ചിരി തന്റെ ഹൃദയത്തില്‍ കൈയൊപ്പുള്ളതായി മാറുമെന്ന് ഒരിക്കലും അവള്‍ പ്രതീക്ഷിച്ചതല്ല. ആ കളങ്കമില്ലാത്ത ചിരി ഈ നിര്‍മ്മല മുഖത്തേക്ക് ആഞ്ഞടിച്ചപ്പോള്‍ മുഖം വരണ്ടു. മനസ്സിന്റെ നിറക്കൂട്ടുകളില്‍ മാണി ഒരു സ്വാന്തനമായി.
ഹോട്ടല്‍ യൂണിഫോമില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെ കഴിച്ചുകൂട്ടുമ്പോള്‍ ഉള്ളിലെങ്ങോ ഒരാഗ്രഹം പൊന്തിവരും. എപ്പോഴാണ് മാണി വരിക. ഇതുവരെ വന്നില്ലല്ലോ. ഒടുവില്‍ ഒരു കുസൃതിച്ചിരിയുമായി അവന്‍ വരും. അത്ഭുതമൂറുന്ന കണ്ണുകളോടെ നോക്കും. യൗവനത്തില്‍ ചാലിച്ചെഴുതിയ വര്‍ണ്ണചിത്രങ്ങളില്‍ മാണി ഒരു മഴവില്ലുപോലെ തെളിഞ്ഞുനിന്നു. പൊലിഞ്ഞുപോകുമെന്ന് ഭയന്നു. അങ്ങനെ സംഭവിച്ചില്ല. ഒരു പുണ്യമായി ഒരു സ്‌നേഹമായി ഹോട്ടലില്‍ ആ കൂടിക്കാഴ്ച തുടര്‍ന്നു. അമ്മയോടുള്ള അവന്റെ നീരസം മാത്രമാണ് മനസിലങ്ങനെ ദഹിക്കാതെ കിടക്കുന്നത്.
ഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് ആഹാരം എടുത്തുകൊടുത്തിട്ട് അവള്‍ ചെറുപുഞ്ചികിയോടെ ചോദിച്ചു.
‘ദിവസവും പത്തരക്ക് വരുന്ന ആള്‍ ഇന്നെന്താ താമസ്സിച്ചേ?’
‘പുതിയൊരു ജോലി റയില്‍വേസ്റ്റേഷനില്‍ കിട്ടുന്ന കാര്യമായി ഒരാളെ കാണാന്‍ പോയിരുന്നു.’
അവള്‍ തെല്ലു പരിഭവത്തോടെ ചോദിച്ചു.
‘ഞാനും പറഞ്ഞതല്ലെ എനിക്കൊരു ജോലിയുടെ കാര്യം, അതെന്തായി?’
‘എന്താ ഈ സപ്ലയര്‍ പണി മടുത്തോ?’
‘പിന്നെ മടുക്കാതിരിക്കുമോ?’
മാണി കുറ്റിത്താടി തടവി, ‘അവര്‍ നല്ല ശമ്പളം തരില്ലേ?’
അവള്‍ ചുറ്റുപാടും നോക്കിയിട്ട് ശബ്ദമടക്കി പറഞ്ഞു, ‘പന്ത്രണ്ട് മണിക്കൂര്‍ പണിചെയ്താല്‍ തരുന്നത് 3 പൗണ്ടാണ്.’
‘അത് ഇവിടുത്തെ നിയമത്തിന് എതിരല്ലേ. നാഷണല്‍ റേറ്റ് അഞ്ച്പൗണ്ടെങ്കിലും തരേണ്ടതല്ലേ?’
‘അതിന് ഞാനിവിടുത്തെ സ്ഥിരം തൊഴിലാളിയല്ലല്ലോ. എന്തായാലും ഒരു ഗുണമുണ്ട്. ആഹാരം ഫ്രീയായി കിട്ടും.’
മാണിയുടെ മനസ്സ് ആഴങ്ങളിലേക്കിറങ്ങി. ജീവിതം ഒരു വഞ്ചിപോലെ ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കും. എന്നാല്‍ ആ വഞ്ചിക്കും ഒരു നിയന്ത്രണം വേണ്ടതല്ലേ. അവളുടെ മനസ്സും ഈ പുഴയില്‍ നീന്തിത്തുടിക്കാനാണ് ആഗ്രഹിക്കുന്നത്. ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ വരുന്ന പലരോടും അവള്‍ പറയാറുണ്ട് എന്തെങ്കിലും നല്ല ജോലിയുണ്ടെങ്കില്‍ ഒന്ന് സഹായിക്കണം. ചിലര്‍ ചോദിക്കും ജോലി വാങ്ങിത്തന്നാല്‍ എന്ത് തരും. അവള്‍ പുഞ്ചിരിയോടെ പറയും, ‘പാവങ്ങളെ സഹായിച്ചാല്‍ പുണ്യം കിട്ടും ട്ടോ. എനിക്ക് എന്നും നന്ദി കാണും.’
അവളുടെ സമൃദ്ധമായ മുടിയിലും പുഞ്ചിരിയിലും നോക്കി മാണി ഇരിക്കും. ഒരു ദിവസം ഹോട്ടലില്‍ നിന്ന് രാത്രി പതിനൊന്ന് മണിക്ക് പുറത്തേക്ക് വന്ന മിനിയെ സ്വീകരിച്ചത് മാണിയായിരുന്നു. ഈസ്റ്റ്‌ഹോം ടൗണില്‍ ബസ്സുകള്‍ക്കൊപ്പം ജനങ്ങളും സഞ്ചരിച്ചു. അവള്‍ ചോദിച്ചു.
‘എന്താ മാണി ഈ സമയത്ത്?’
‘ഞാന്‍ മിനിയെ കാത്ത് നില്‍ക്കുകയായിരുന്നു.’
അവള്‍ കണ്ണുമിഴിച്ച് നോക്കി, ‘എന്താ, എനിക്ക് എന്തെങ്കിലും ജോലി ശരിയായോ?’
‘ങാ…പറയാം ഇപ്പോള്‍ വന്നത് മിനിക്കൊപ്പം കുറെ നടക്കാനാണ്?’
അവള്‍ നിമിഷങ്ങള്‍ ധ്യാനനിരതയായി. ഏതോ അപകടം തന്നെ പിന്‍തുടരുകയാണോ? മാണിയുടെ നോട്ടം മുഖത്ത് നിന്നും താഴേക്ക് നീളുന്നത് അവള്‍ സംശയത്തോടെ നോക്കി. ഹോട്ടലില്‍വെച്ച് കണ്ടപ്പോള്‍ വളരെ മാന്യനായിട്ടാണ് തോന്നിയത്. ഇപ്പോള്‍ ഇങ്ങനെ എന്താണ്?
അവള്‍ വിസ്മയത്തോടെ നോക്കിയിട്ട് ചോദിച്ചു. ‘മാണി കുടിച്ചിട്ടുണ്ടോ?’
മാണി സങ്കോചത്തോടെ നോക്കി. ‘മിനിക്ക് അങ്ങനെ തോന്നുന്നുണ്ടോ? ഞാന്‍ മദ്യം കഴിക്കാറില്ല.’
ചോദിക്കേണ്ടതില്ലായിരുന്നുവെന്ന് അവള്‍ക്കും തോന്നി. തലയ്ക്ക് വെളിവില്ലാത്തവര്‍ പറയുന്നതുപോലെ മാണി ഒന്നും പറഞ്ഞില്ല. പെട്ടെന്നവള്‍ ഒരു ക്ഷമാപണം നടത്തി. വെള്ളിവെളിച്ചം പോലെ തിളങ്ങുന്ന വൈദ്യുതി പ്രകാശത്തിലൂടെ അവര്‍ മുന്നോട്ട് മൗനമായി നടന്നു. എങ്കിലും അവളുടെ മനസ്സ് നിറയെ ചോദ്യങ്ങളുയര്‍ന്നു. എനിക്കൊപ്പം ഇയാള്‍ എന്തിനാണ് ഇങ്ങനെ നടക്കുന്നത്? ഞാന്‍ തമാസ്സിക്കുന്ന വീടിനടുത്താണോ വീട്? ആകെ അയാളെപ്പറ്റി അറിയാവുന്നത് പേര് മാത്രം. അതിനപ്പുറം ഒന്നും ചോദിച്ചിട്ടില്ല. അല്ലെങ്കിലും ഹോട്ടലില്‍ വന്നുപോകുന്നവരോട് എന്ത് ചോദിക്കാനും പറയാനുമാണ്. അവര്‍ ആഹാരം കഴിക്കാന്‍ വരുന്നു ഞാനത് കിച്ചനില്‍ നിന്ന് എടുത്തുകൊടുക്കുന്നു. ബില്‍ കൊടുക്കുമ്പോള്‍ അവര്‍ പണമടച്ച് മടങ്ങിപോകുന്നു. മാണിയെപോലെ ചുരുക്കും പേരാണ് അത്താഴമുണ്ണാന്‍ ഹോട്ടലില്‍ നിത്യവും വന്നുപോകുന്നത്.
അവര്‍ ഇളം കുളിരുള്ള കാറ്റേറ്റു നടക്കുമ്പോള്‍ ചോദിച്ചു, ‘മാണി എവിടെയാണ് താമസം?’
‘മിനിയുടെ വീടിനടത്തുതന്നെയാണ്? എനിക്ക് മിനിയെപ്പറ്റി കൂടുതല്‍ അറിയണമെന്നുണ്ട്. പറയുന്നതില്‍ ബുദ്ധിമുട്ടുണ്ടോ?’
അവളുടെ കണ്ണുകളുടെ തിളക്കം കുറഞ്ഞുവന്നു. എന്തിനാണ് ഇയാള്‍ എന്റെ കാര്യങ്ങള്‍ തിരക്കുന്നത്? മനസ്സ് ആശയക്കുഴപ്പത്തിലായി. നാല് മാസമായി മിക്കവാറും ഹോട്ടലില്‍ കാണാറുണ്ട്, അതിനപ്പുറം പരിചയമില്ല. പുറത്തുവച്ച് ഒരിക്കലും കണ്ടിട്ടുമില്ല. എന്തിനാണ് ഈ ചോദ്യം? എന്റെ ജാതിയും കുലവുമറിഞ്ഞിട്ട് എന്ത് നേടാനാണ്. ഇതത്ര ഗൗരവമായി കാണേണ്ട യാതൊരു കാര്യവുമില്ല.
ആത്മവിശ്വാസത്തോടെ മാണി വീണ്ടും പറഞ്ഞു, ‘ഞാന്‍ ചോദിച്ചത് തെറ്റെങ്കില്‍ ക്ഷമിക്കണം കേട്ടോ?’
അവള്‍ ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. കാണാന്‍ സുമുഖനും മാന്യനുമായ ഒരു യുവാവിന് മുന്നില്‍ ഞാനെന്ത് മറയ്ക്കാനാണ്. തന്നെക്കുറിച്ച് കൂടുതല്‍ പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്. അവള്‍ മന്ദസ്മിതം തൂകി.
‘എന്റെ വീട് കോട്ടയമാണ്. ഒരു നമ്പൂതിരി തറവാട്ടില്‍ പിറന്നു. അച്ഛനും അമ്മയും ഒരു മൂത്ത സഹോദരനുമുണ്ട്. ലണ്ടനില്‍ പഠിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ട് ഇങ്ങോട്ട് പോരുന്നു. കോവിലകത്ത് പഴയ അറപ്പുരയൊക്കെയുണ്ടെങ്കിലും റേഷനരി കിട്ടയില്ലെങ്കില്‍ പട്ടിണിയാകും. വലിയ സമ്പത്തൊന്നുമില്ല. പട്ടിണിയില്ലാതെ കഴിയുന്നു. ഒരു സാധാരണ കുടുംബം. പിന്നെ ഇങ്ങോട്ട് വരാന്‍ ചിലര്‍ സഹായിച്ചു. ലോണെടുത്തു. ഇവിടെ തുടര്‍ന്ന് പോകണമെങ്കില്‍ ഒരു ജോലി വേണം. അതാ ജോലിക്കായി വരുന്നോരോടെല്ലാം കെഞ്ചുന്നത്. വിദ്യാര്‍ത്ഥിയായി വന്നുപോയില്ലേ?’
‘ജോലിയുടെ കാര്യത്തില്‍ വിഷമിക്കേണ്ട. ഉടനടിയൊന്ന് ശരിയാകും.’
‘വളരെ സന്തോഷം. ഈ ഹോട്ടല്‍ ജോലി ശരിക്കും മടുത്തു. ഇത്രയും സംസാരിച്ച സ്ഥിതിക്ക് മാണിയെപ്പറ്റി കൂടി പറഞ്ഞൂടെ?’
എന്നെപ്പറ്റി പറഞ്ഞാല്‍, ഞാനൊരു അനാഥന്‍. അച്ഛനില്ല. അമ്മയുണ്ടെന്നു മാത്രം. ബോര്‍ഡിംഗില്‍ പഠിച്ചു. ബാങ്കുകാര്‍ സഹായിച്ചതിനാല്‍ പഠിക്കാനുള്ള മോഹം കൊണ്ട് ഇവിടെയത്തി. ഒരു കടയില്‍ ജോലിയുണ്ട്. ഒപ്പം എംബിയെ പഠിക്കുന്നു. ഒരു കുറ്റബോധത്തോടെ മാണി വാക്കുകള്‍ക്ക് വിരാമമിട്ടു. അവളും അത് ഒട്ടും പ്രതീക്ഷിച്ചതല്ല. അതിനൊട്ടു മറുപടി പറയാന്‍ അവള്‍ക്ക് വാക്കുകള്‍ ഇല്ലായിരുന്നു. ഇന്ത്യയില്‍ നിന്ന് വന്നിട്ടുള്ള എത്രയോ വിദ്യാര്‍ത്ഥികളാണ് കഷ്ടപ്പാടുകളിലൂടെ നീങ്ങുന്നത്. നാട്ടില്‍ വെച്ച് വിവേകമായി തോന്നിയത് ഇവിടെ വരുമ്പോള്‍ അവിവേകമായി തോന്നിപ്പോകും. എല്ലാവരും ദുഃഖം ഉള്ളിലൊതുക്കി കഴിയുന്നു. മുന്‍കാലത്ത് വന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല നല്ല ജോലി ലഭിക്കുമായിരുന്നു. ഇന്നാകട്ടെ ഇവിടത്തെ നാട്ടുകാര്‍ തന്നെ നല്ലൊരു ജോലിക്കായി നെട്ടോട്ടമോടുകയാണ്. സാമ്പത്തിക മാന്ദ്യം വിദേശ വിദ്യാര്‍ത്ഥികളെ വല്ലാതെ വലയ്ക്കുന്നു. പഠിക്കാന്‍ ആഗ്രഹമുള്ള സാമ്പത്തിക ഭദ്രതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ അറിയാതെ ആഗ്രഹിക്കാന്‍ പാടില്ല.
നെടുവീര്‍പ്പുകളോടെ അവള്‍ നോക്കി. രണ്ട് പേരും മാനസികഭാരവുമായി ഒരേ തോണിയില്‍ യാത്രചെയ്യുന്നവരാണ്. അവരുടെ ഉള്ളിലെ ഭാരങ്ങള്‍ ഇറക്കിവെച്ചതുപോലെ തോന്നി. മാണിയുടെ ഉള്ളിലും ഒരു വെളിച്ചം പരന്നു. മനസ്സ് കലങ്ങിമറിയുമ്പോള്‍ സുഹൃത്തുക്കളുമായിവിഷമം പങ്കുവെച്ചാല്‍ വല്ലാത്തൊരാശ്വാസം തന്നെയാണ്. അങ്ങനെ അടുത്ത സുഹൃത്തുക്കള്‍ അധികമൊന്നും ഉണ്ടായിട്ടില്ല.
മാണി വീണ്ടും ആലോചനയിലാണ്ടു നടന്നു. മിനിയെ മനസ്സില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്തോറും അവള്‍ അടുത്തടുത്ത് വരികയാണ്. അവളുടെ പ്രസന്ന മുഖവും കണ്ണുകളുടെ ഭംഗിയും ഹോട്ടലില്‍ ഇരിക്കുമ്പോള്‍ തന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ അവളെപ്പറ്റിയറിയാന്‍ മനഃപൂര്‍വ്വം വന്നതാണ്. ആ ചിരി മനസ്സില്‍ പൂവണിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പഠിക്കുന്ന കാലത്ത് സൗന്ദര്യത്തുടിപ്പുള്ള പല പെണ്‍കുട്ടികളെയും കണ്ടിട്ടുണ്ട്. സ്വന്തം അമ്മയെ വെറുക്കുന്നതുപോലെ തന്നെ മറ്റ് സ്ത്രീകളെയും വെറുക്കുകയായിരുന്നു അന്നൊക്കെ. എല്ലാവരില്‍ നിന്നും പരമാവധി അകന്നു കഴിഞ്ഞു. ഇവിടെ വന്നപ്പോള്‍ അതിനൊക്കെയും മാറ്റം വരുന്നു. ഹോട്ടലിനുള്ളില്‍ ആഹാരവുമായി നടക്കുമ്പോഴൊക്കെ അവളെ ഒളിഞ്ഞു നോക്കാന്‍ കണ്ണുകള്‍ തിടുക്കം കാട്ടി.
അവള്‍ പതിവിലേറെ സന്തോഷവതിയായി കാണപ്പെട്ടു. അതവളെ കൂടുതല്‍ സുന്ദരിയാക്കി. സ്വര്‍ണ്ണനിറം പൂശിനില്‍ക്കുന്ന കടകള്‍ക്ക് മുന്നിലൂടെ അവര്‍ നടന്നു. ഇടയ്ക്കിടെ അവരില്‍ ഏകാന്ത മൂകത വന്നു നിറഞ്ഞു. വെണ്‍മയാര്‍ന്ന ആകാശത്ത് വര്‍ണ്ണോജ്ജ്വലമായ നക്ഷത്രങ്ങള്‍ തെളിഞ്ഞുനിന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ്, അതും അര്‍ദ്ധരാത്രിയില്‍, സര്‍വ്വ സ്വാതന്ത്ര്യത്തോടെ ഇങ്ങനെ ഇറങ്ങി നടക്കുന്നത്. ഭയമോ ഭീതിയോ അവളുടെ മനസ്സിനെ അലട്ടിയില്ല.
”ഞാന്‍ വന്നത് ജോലിക്കാര്യം പറയാന്‍ കൂടിയാണ്. ഒരു മണിക്കൂറിന് 9 പൗണ്ട് കിട്ടും. അടുത്ത ശനിയാഴ്ചമുതല്‍ റയില്‍വേ സ്റ്റേഷനില്‍. എന്നുപറഞ്ഞാല്‍ ശനിയും ഞായറും മാത്രമായിരിക്കും സ്ഥിരം. അല്ലാത്ത ദിവസം ആവശ്യമെങ്കില്‍ അവര്‍ ഫോണില്‍ വിളിക്കും. എനിക്ക് വന്ന ജോലിയാണ്. പക്ഷേ, കടയില്‍ നിന്ന് പോകാന്‍ ഇഷ്ടമില്ല.’
ഏതോ സൗഭാഗ്യത്തിന്റെ പുഞ്ചിരി അവളുടെ മുഖത്ത് തെളിഞ്ഞു. മനസ്സിന്റെ ഭാരങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞതില്‍ ആശ്വാസം തോന്നി. മാണിക്ക് അതിരറ്റ നന്ദി അവള്‍ പറഞ്ഞു.
ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി മാണി ചോദിച്ചു. ‘മിനിയുടെ പ്രശ്‌നത്തിന് പഹിരാഹമാകുമ്പോള്‍ എന്റെ പ്രശ്‌നം തുടരുകയാണ്.’
അവള്‍ ആകാംഷയോടെ ചോദിച്ചു, ‘അതെന്താണ്?’
‘മിനി ഹോട്ടലില്‍ നിന്ന് പോയാല്‍ ഞാനെങ്ങനെ കാണും?’
അവള്‍ നിര്‍നിമേഷം ആ കണ്ണുകളിലേക്ക് നോക്കി നിന്നു. സ്വന്തം ജോലി എനിക്കായി മാറ്റിവെച്ചയാളാണ്. അവളുടെ മുഖം അല്‍പമൊന്ന് മങ്ങിയെങ്കിലും മറുത്തൊന്നും പറഞ്ഞില്ല. എന്തിനാ കാണുന്നതെന്നു ചോദിച്ചില്ല. വെരുതേ ഒരു ദുഷ്ടവിചാരം എന്തിനാണ്? അല്ലെങ്കില്‍ മാണിയെ കുറിച്ച് ഞാനെന്തിനാണ് ഒരന്വേഷണം നടത്തുന്നത്? അയാളുടെ കുടുംബമഹിമയും അസ്ഥിത്വവുമൊക്കെ ഞാനെന്തിന് തിരക്കണം. എല്ലാ മനുഷ്യരും ഓരോരോ ലക്ഷ്യത്തിലേക്ക് ഓടുന്നവരാണ്. ആ ഓട്ടത്തില്‍ ചിലര്‍ ജയിക്കുന്നു. ചിലര്‍ തോല്‍ക്കുന്നു. മാണിയുടെ സമീപനവും സാമീപ്യവും ആശങ്കള്‍ക്ക് വഴിയുണ്ടാക്കുന്നില്ല.
അവരുടെ സംഭാഷണം നീണ്ടുപോയി. അവനൊരു പ്രശ്‌നം കൂടിയുണ്ട്. ഇപ്പോള്‍ താമസിക്കുന്ന സ്ഥലം ശരിയല്ല. അവിടെ തീരെ സ്വസ്ഥതയില്ല. അടുത്ത മുറികളിലെ ഹിന്ദിക്കാരുടെ ബഹളം കാരണം ഉറക്കം പോലും നടക്കുന്നില്ല.
അവള്‍ പറഞ്ഞു, ‘മാണി, ഞാന്‍ തമാസ്സിക്കുന്ന രമയാന്റിയുടെ വീട്ടില്‍ ഒരു മുറി കഴിഞ്ഞയാഴ്ച ഒരു ഹിന്ദിക്കാരന്‍ ഒഴിഞ്ഞു. അത് വേണമെങ്കില്‍ ഞാന്‍ ചോദിക്കാം….’
മാണിയുടെ കണ്ണുകളില്‍ പ്രതീക്ഷ പൊട്ടിമുളച്ചു. പൂനിലാവുപോലെ ആ മുഖവും പ്രകാശമാനമായി.
‘താങ്ക്‌സ് മിനി. ആ മുറി എനിക്ക് വേണം. വാടക എത്രയാണ്?’
‘250 പൗണ്ട് കൊടുക്കണം. നമ്മുക്ക് രണ്ടിനും ഒരു കിച്ചനേ കാണൂ.’
അവനതില്‍ പരാതിയില്ല, പാചകം ചെയ്യുന്നവര്‍ക്കല്ലേ കിച്ചന്റെ ആവശ്യം!
അവര്‍ കൈകൊടുത്ത് പിരിഞ്ഞു. മാണി മിനിയുടെ വീട്ടില്‍ താമസ്സമാക്കാന്‍ ഏറെ വൈകിയില്ല. അവന്‍ ഉറക്കത്തില്‍ സ്വപ്നം കണ്ടുറങ്ങിത്തുടങ്ങി. ശല്യപ്പെടുത്താന്‍ ആരുമില്ല.
മിനി വാതില്‍ പൂട്ടി പുറത്തേക്കിറങ്ങി. മുറ്റത്തും റോഡുകളിലും വീടിന് പുറത്തും മഞ്ഞുമലകള്‍ കാണപ്പെട്ടു. രാവിലെ രണ്ടരക്ക് മുട്ടറ്റം കിടക്കുന്ന മഞ്ഞില്‍ തെന്നി വീഴാതിരിക്കാന്‍ പതുക്കെ ചവുട്ടിചവുട്ടി ബസ്സ് കിട്ടുന്ന സ്റ്റോപ്പിലേക്ക് നടന്നു. എങ്ങും നിശബ്ദദത. മഞ്ഞ് പൂക്കള്‍ പെയ്തിറങ്ങിക്കൊണ്ടിരുന്നു. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഉള്ളിലൊരു ഭയം. എങ്ങും ഒരു കുഞ്ഞിനെപ്പോലും കാണാനില്ല. തലയില്‍ കമ്പിളിത്തൊപ്പിയും ശരീരവുമാകെ മൂടുന്ന കമ്പിളിയുടുപ്പുമുണ്ടെങ്കിലും കൊടും മഞ്ഞില്‍ ചുണ്ടുകള്‍ വിറച്ചു. രാത്രി ബസ്സ് വരുന്നുണ്ടോ എന്നവള്‍ തലയുര്‍ത്തി നോക്കി. സ്വന്തം നാട്ടില്‍ ഒരു പെണ്ണിന് ഇങ്ങനെ ഒറ്റയ്ക്ക് രാത്രി ബസ് സ്റ്റോപ്പില്‍ നില്‍ക്കാനാകുമോ എന്നവള്‍ ചിന്തിച്ചു. ഒരാള്‍ അവളുടെ അടുത്തേക്ക് മഞ്ഞിലൂടെ നടന്നുവരുന്നത് അവള്‍ കണ്ടു.
(തുടരും)







