ആകാശത്ത് നിന്ന് മഞ്ഞ്പൂക്കള്‍ ഊറിച്ചിരിച്ച് വീണുകൊണ്ടിരുന്നു. മണ്ണ് മഞ്ഞുപൂക്കളെ ഇണയാക്കിയുറങ്ങി. അടുത്തേക്ക് നടന്നുവരുന്ന ത് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകുന്നില്ല. കമ്പിളി വസ്ത്രത്താല്‍ മൂടിപ്പുതച്ചിരിക്കുകയാണ്. മനസ്സ് ഒരല്‍പം ഉലഞ്ഞെങ്കിലും നിയന്ത്രണം വീണ്ടെടുത്ത് ധൈര്യമായി നിന്നു. പല ദിവസങ്ങളിലും ഇതേ ബസ് സ്റ്റേപ്പില്‍ നിന്നിട്ടുണ്ട്. ഇന്നുവരെ ആരും ശല്യപ്പെടുത്താന്‍ വന്നിട്ടില്ല. ഒരു ദിവസം ഒരു കുരങ്ങന്‍ മുന്നിലേക്ക് ഓടി വന്നത് കണ്ടപ്പോള്‍ മനസ്സൊന്ന് പതറുക മാത്രമല്ല ഉള്ളം വിറയ്ക്കുക തന്നെ ചെയ്തു. മണ്ണിലെ എല്ലാ ജീവജാലങ്ങളും ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു സ്ത്രീ ഇവിടെ ഒറ്റയ്ക്കിരിക്കുന്നത് കുരങ്ങന്‍ അറിഞ്ഞതേയില്ല. ദേഹമാസകലം വിറയല്‍ ബാധിക്കുന്നതിന് മുന്നേ അറിയാതെ ഒരലര്‍ച്ച ഉള്ളില്‍ നിന്നുണ്ടായി. അപ്പോള്‍ എന്നെക്കാള്‍ വിറച്ചത് കുരങ്ങനായിരുന്നു. അവന്റെ കണ്ണുകള്‍ ബീഭത്സമായി. വാനിറ്റിബാഗ് കുരങ്ങനെയടിക്കാന്‍ തയ്യാറായി. വിറപൂണ്ട മിഴികളോടെ അതിശീഘ്രം കുരങ്ങന്‍ തിരിഞ്ഞോടിയത് അടിമുടി വിറച്ച എനിക്ക് പുഞ്ചിരിയാണ് തന്നത്.
അതികഠിനമായ തണുപ്പില്‍ അടുത്തടുത്ത് വരുന്ന ആളുടെ കമ്പിളിത്തൊപ്പിയില്‍ മഞ്ഞ് മിന്നിത്തിളങ്ങി. മുന്നിലെത്തി മുഖം തിരിഞ്ഞ് നില്‍ക്കുന്നു. ഉള്ളം നടുങ്ങിക്കൊണ്ടിരുന്നു. മനസ് പിന്നെയും പറഞ്ഞു. എന്തിന് ഭയക്കണം. ധൈര്യം നഷ്ടപ്പെടുത്താതെയിരിക്കുക. കുളിരളം തണുത്ത കാറ്റ് കമ്പിളിതുണികളെ തൊട്ടുതഴുകി പോകുന്നുണ്ട്. അതൊരു പുരുഷനെന്ന് അയാള്‍ മുരടനക്കി ചെറുതായൊന്ന് ചുമച്ചപ്പോള്‍ മനസ്സിലായി. ആരോരുമില്ലാത്ത ഈ നേരത്ത് എന്തും സംഭവിക്കാമെന്ന് ഉള്ളം പറഞ്ഞു. മനസ്സാകെ വീണ്ടും കുഴഞ്ഞുമറിയുന്നു. ഒരു മിന്നല്‍പോലെ അയാള്‍ വീണ്ടും മുന്നോട്ട് പോയി ബസ് സ്റ്റോപ്പിലെ ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. അയാളും തന്നെപോലെ ഉറക്കമിളച്ച് ജോലിക്ക് പോകാന്‍ വന്നതാണ്. അവള്‍ ഒരു നിമിഷം ഓര്‍ത്തു. എന്തെല്ലാമാണ് ഉള്ളില്‍ മുളപൊട്ടിയത്. ഈ സമയം ഏതൊരു സ്ത്രീയിലാണ് ഭയം ഉണ്ടാകാത്തത്? അത് ശരീരമാകെ പടര്‍ന്ന് ഒരു വിറയലായി മാറിയാല്‍ കുറ്റപ്പെടുത്താനാകില്ല.
ജീവിതത്തില്‍ പലതും അവിചാരിതമായി സംഭവിക്കാറുണ്ട്. എന്നാല്‍ ഉണര്‍ന്നിരിക്കുന്ന മനസ്സിനെ തിന്മകള്‍ സ്വതന്ത്രമാക്കാറുണ്ട്. അവര്‍ നന്മയില്‍ മുങ്ങിക്കുളിക്കുന്നവരാണ്. മുന്നില്‍ തെളിയുന്ന എതിര്‍പ്പും മനസ്സില്‍ തെളിയുന്ന വെറുപ്പും തലച്ചോറിനെ തകര്‍ക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ വിലപ്പെട്ട ജീവിതം നഷ്ടമാകും.
അങ്ങനെ ഒരനുഭവം ഉണ്ടാകാതിരിക്കട്ടെയെന്ന് മനസ്സില്‍ ഓര്‍മിച്ചുകൊണ്ടിരിക്കെ പ്രകാശം പരത്തി ബസ് വന്നു. അവള്‍ ബസ്സില്‍ കയറിയിരുന്നു. രാത്രി കാലമായകിനാല്‍ ഇരുനില ബസുകള്‍ റോഡില്‍ വിരളമാണ്. ബസ്സിനുള്ളില്‍ ചൂട് അനുഭവപ്പെട്ടു.
റോഡില്‍ മഞ്ഞ് പൊങ്ങിയതിനാല്‍ ബസ് പതുക്കെയാണ് പോകുന്നത്. മഞ്ഞിനെ ചെത്തിമിനുക്കി ടയറുകള്‍ ഉരുണ്ടുരുണ്ടുപോയി. ബസ്സിലിരിക്കെ സ്വന്തം നാടും വീടും ഓര്‍ത്തു, ഒരു പെണ്ണ് സ്വന്തം നാട്ടില്‍ ഇങ്ങനെ സഞ്ചരിക്കുമോ? അത് സ്വപ്നംകൂടി കാണാന്‍ കഴിയാത്ത കാര്യമാണ്. രാത്രി പോയിട്ട് പകല്‍ സമയം ഒരു പെണ്ണ് ഒറ്റയ്ക്കിരുന്ന് കാറ്റ് കൊള്ളാന്‍ മടിക്കുന്നു. ഇവിടുത്തെ പെണ്ണിന്റെ ഒറ്റയ്ക്കുള്ള നടപ്പും ഇരിപ്പുമെല്ലാം കാണുമ്പോള്‍ അത്ഭുതം തോന്നും അവള്‍ എന്ത് ചെയ്യുന്നു എന്നതോ, എങ്ങോട്ട് പോകുന്നു എന്നതോ ഒന്നും ആര്‍ക്കും പ്രശ്‌നമല്ല. നാട്ടിലാണെങ്കില്‍ അവളെ സംശയത്തിന്റെ കരിനിഴലില്‍ നിറുത്തി അപവാദങ്ങള്‍ പറഞ്ഞ് പരുത്തും. അതല്ലെങ്കില്‍ തെറ്റിധരിപ്പിക്കും. പാരമ്പര്യങ്ങളാല്‍ പടുത്തുയര്‍ത്തിയിരിക്കുന്ന നിയമവാഴ്ചകളില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനാവുന്നില്ല. അന്തരീക്ഷത്തില്‍ ചിറകുകള്‍ വിടര്‍ത്തി ഒരു ചിത്രശലഭമായി ഇവിടുത്തെ സ്ത്രീകള്‍ സഞ്ചരിക്കുമ്പോള്‍ നാട്ടിലേതുപോലെ അവര്‍ക്ക് മുന്നില്‍ അഗ്നിനാളങ്ങള്‍ തെളിയുന്നില്ല. കാരണം നിയമവാഴ്ചകള്‍ ഇവിടെ നിശ്ചലമല്ല. ഇരുപത്തിനാല് മണിക്കൂറും അത് ചലിച്ചുകൊണ്ടിരിക്കുന്നു.
മിനിക്ക് മനസ്സില്‍ ആശ്വാസം പകരുന്ന ഒരു കാര്യമുണ്ട്. സ്വന്തക്കാരായി ആരുമില്ലാത്ത നാട്ടില്‍ അവളുടെ ബന്ധു 999 ആണ്. ഈ നാട്ടിലെ പൗരന്മാര്‍ക്ക് ഉദാരമായി ലഭിച്ചരിക്കുന്ന ഏറ്റവും വലിയ ആനുകൂല്യം. ഇവിടുത്തെ ഏത് തെരുവീഥിയിലോ വീട്ടിലോ രാത്രിയിലോ പകലോ രോഗമുണ്ടെങ്കിലോ മറ്റു പ്രശ്‌നങ്ങളുണ്ടെങ്കിലോ 999 ഡയല്‍ ചെയ്ത് കാര്യങ്ങള്‍ വിശദീകരിച്ചാല്‍ സഹായം വീട്ടിലെത്തു. ആവശ്യമെങ്കില്‍ പോലീസ് അകമ്പടിയുണ്ടാകും. ഇവിടത്തെ സ്ത്രീകള്‍ ഒരു മഹാമരമയി പുരുഷനൊപ്പം വളരാന്‍ കാരണം നിയമം എപ്പോഴും സ്ത്രീകള്‍ക്ക് തുണയായി എത്താറുണ്ട് എന്നതുതന്നെയാണ്. നമ്മുടെ സ്ത്രീകള്‍ തടവറകളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് വരുമോ? ബസിന്റെ കണ്ണാടിച്ചില്ലകളില്‍ മഞ്ഞ് ഉരുകിയൊലിച്ചുകൊണ്ടിരിക്കെ അവള്‍ പുറത്തേക്ക് നോക്കി. നിലാവൊളിചാര്‍ത്തുന്ന മഞ്ഞ് പൂക്കളെ കണ്ടിരുന്നു.
ഇങ്ങനെ മഞ്ഞ് പെയ്തിറങ്ങിക്കൊണ്ടിരുന്നാല്‍ മനുഷ്യര്‍ക്ക് വീടിന് പുറത്ത് ഇറങ്ങാന്‍ ആകില്ലല്ലോ. കാലാവസ്ഥ നിരീക്ഷകര്‍ ഓരോരോ മണിക്കൂറുകളില്‍ മഞ്ഞ് മഴ പെയ്ന്നത് ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നത് ഒരാശ്വാസം തന്നെയാണ്. എല്ലാ അന്തരീക്ഷമാറ്റങ്ങളും സാഹചര്യങ്ങളും എത്ര കൃത്യമായിട്ടാണ് അവര്‍ ജനങ്ങളെ അറിയിക്കുന്നത്. പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുണ്ട് ഇവര്‍ ആരാണ് പ്രവാചകന്മാരോ അവര്‍ പറയുമ്പോള്‍ സൂര്യനുദിക്കാനും മഴപെയ്യാനും മറ്റും. സെന്‍ട്രല്‍ ലണ്ടനിലേക്ക് പോകുന്നതിനിടയില്‍ ഒപ്പം കയറിയ വ്യക്തി ബസ്സില്‍ നിന്ന് ഇറങ്ങിപ്പോകുന്നതവള്‍ കണ്ടു. ബസ്സില്‍ ആകെയുണ്ടായിരുന്നത് ആറു പേരാണ്. ബസ് ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ അവസാനിച്ചപ്പോള്‍ അവളും പുറത്തിറങ്ങി. അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്നു. റോഡുകളെല്ലാം പൂമരങ്ങള്‍ പോലെ മഞ്ഞ് വിരിഞ്ഞു കിടന്നു.
അവള്‍ നിമിഷങ്ങള്‍ ബിംമ്പിളിയിലേക്കുള്ള ബസ് കാത്തുനിന്നു. എങ്ങും മഞ്ഞ് കാണപ്പെട്ടു. മഞ്ഞിനും മഴയ്ക്കും കാറ്റിനും എവിടെയും കുടിയേറിപാര്‍ക്കാന്‍ അവകാശമുണ്ട്. വായുവിന് വീടിനുള്ളില്‍ പ്രവേശനമുണ്ടെങ്കില്‍ മഞ്ഞിനും മഴയ്ക്കും വീടിനുള്ളില്‍ പ്രവേശനമില്ല. മണ്ണില്‍ ഒരിക്കലും മരണമില്ലാത്തവര്‍. മനുഷ്യര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍, ദുഃഖങ്ങള്‍ അനുഭവിക്കാത്തവര്‍. മനുഷ്യനെ രക്ഷിക്കാനും ശിക്ഷിക്കാനും കരുത്തുള്ളവര്‍. മനുഷ്യന്റെ മരണസ്പര്‍ശനം അനുഭവിക്കുന്നവര്‍. മനുഷ്യന് ശ്വാസം കൊടുക്കാതെ വീര്‍പ്പുമുട്ടിച്ചുകൊല്ലുന്നവായു, കടല്‍ ഇളകിയാല്‍ ഭൂകമ്പുണ്ടായാല്‍ മഴ പെരുമഴായായി വെള്ളപ്പൊക്കമുണ്ടായാല്‍ മഞ്ഞിലും മനുഷ്യര്‍ വിറങ്ങലിച്ചു മരിക്കുന്നു. ഇവന്‍ തന്നയോ മണ്ണിലെ വിധികര്‍ത്താക്കള്‍! ഇവര്‍ തന്നെയോ ദൈവങ്ങള്‍.
മുന്നിലൂടെ ബസുകള്‍ പലതും കടന്നുപോയി അതിനൊപ്പം അവള്‍ക്ക് പോകാനുള്ള ബസും വന്നു. ബസ് സ്റ്റോപ്പില്‍ നിന്നവരെല്ലാം ബസുകളിലേക്ക് കയറിയിരുന്നു. ശനിയും ഞായറും ട്രയിന്‍ സ്ഥിരമായതിനാല്‍ സര്‍ക്കാര്‍ എല്ലാ ട്രയിന്‍ സ്റ്റേഷന് മുന്നിലും ലണ്ടന്‍ ബസുകള്‍ ഇറക്കി യാത്രക്കാരെ ബുദ്ധിമുട്ടുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പലപ്പോഴും യൂണിയന്‍ സമരവുമായി രംഗത്ത വരുമ്പോള്‍ അതിന് പാരലലായി സമരത്തെ പൊളിക്കാന്‍ സര്‍ക്കാരും രംഗത്ത് വരും. സ്വന്തം നാട്ടിവ് ഒരു സമരമുണ്ടായാല്‍ ജനജീവിതം ദുഃസ്സഹം.
അപ്പോള്‍ യൂണിയനിലുള്ളവരും ഗുണ്ടകളും കള്ളന്മാരും ഭരണാധിപന്മാരാകും. ഭരണകൂടം നിശ്ചലം.സമരത്തിന് മുന്നില്‍ അടയിറവ് പറയുന്ന ഭരണകൂടങ്ങള്‍. അവള്‍ മൊബൈല്‍ ഫോണെടുത്ത് സമയം നോക്കി. അഞ്ച് മണിക്ക് ഇനിയും ഇരുപത് മിനിറ്റ് ബാക്കി. അഞ്ചിന് ജോലിക്ക് ഹാജരാകണം. രാവിലെ രണ്ടരയുടെ ബസ്സില്‍ കയറിയതാണ്. സൂര്യന്‍ ചെറുതായൊന്ന് തിളങ്ങി. മണ്ണില്‍ കെട്ടിപ്പിടിച്ച് പുണര്‍ന്ന് കിടന്ന മണ്ണും മഞ്ഞും ഒലിച്ചിറങ്ങി യാത്ര തുടങ്ങി. പുലര്‍ച്ചയുടെ നിശബ്ദതയില്‍ ബസ് ഒച്ചിനെപോലെ ഇഴഞ്ഞു. റോഡുകളില്‍ വാഹനങ്ങളൊന്നും കണ്ടില്ല. മഞ്ഞ് പൊങ്ങിയതിനാല്‍ മനുഷ്യരെല്ലാം മൂടിപ്പുതച്ച് ഉറങ്ങുന്നുണ്ടാകും. അവളുടെ കണ്ണുകളില്‍ ഉറക്കമിളപ്പും കണ്‍പോളകള്‍ താണുമിരുന്നു. ബസ് ട്രയിന്‍ സ്റ്റേഷന് മുന്നിലെത്തി. അവള്‍ ബസ്സില്‍ നിന്നിറങ്ങി വേഗത്തില്‍ സ്റ്റേഷന്റെ ഉള്ളിലേക്ക് കടന്നു. മഞ്ഞിന്റെ വെള്ളപ്പുടവ അഴിഞ്ഞു. മണ്ണിന്റെ ശരീരത്തില്‍ നിന്നും ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്നു. മഞ്ഞ് പുതിയ മാളങ്ങള്‍ തേടിയലഞ്ഞു. അരണ്ട നിലാവെട്ടത്തില്‍ വീടിനും മരത്തിനും രാത്രി കാവലിരുന്ന മഞ്ഞിന്‍ കണങ്ങള്‍ മുകളില്‍ നിന്നും താഴേക്ക് ഒഴുകിയിറങ്ങി. പലവഴികളിലൂടെ യാത്രയായി.
സ്റ്റേഷന് മുന്നില്‍ ഒന്നിലധികം ബസുകള്‍ യാത്രക്കാരെ കാത്ത് കിടന്നു. മിനി റയില്‍വേ യൂണിഫോമില്‍ വിരിയുന്ന സൂര്യനെപ്പോലെ ചെറുപഞ്ചിരിയുമായി മറ്റൊരു കറുമ്പന്‍ സഹപ്രവര്‍ത്തകനൊപ്പം യാത്രക്കാരെ കാത്ത് നിന്നു. യാത്രക്കാര്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. അവരെ ഓരോ ബസുകളില്‍ കയറ്റിവിടുന്ന ജോലിയാണ്. അവളുടെ യൗവനത്തുടിപ്പുള്ള മുഖത്ത് പലരുടെയും കണ്ണുകള്‍ പതിഞ്ഞു. ഒപ്പം നില്‍ക്കുന്ന ആഫ്രിക്കന്‍ കറുമ്പനും ഒളികണ്ണിട്ട് അവളെ നോക്കുന്നുണ്ടായിരുന്നു. അവന്റെ മനസ്സുനിറയെ അവളുടെ സൗന്ദര്യമായിരുന്നു. എന്തിന് പറയണം അവളുടെ പിന്നിയിട്ടിരിക്കുന്ന മുടിക്ക് പോലും എന്തഴക്. മരുഭൂമിയിലെ കുറ്റിപ്പുല്ല് പോലെ കിളിന്ദ് നില്‍ക്കുന്ന ആഫ്രിക്കന്‍ സ്ത്രീകളുടെ മുടിയും അവന്‍ ഒരുനിമിഷം ഓര്‍ത്തു. അവര്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി വെപ്പുമുടി ഇതുപോലെ പിന്നിക്കെട്ടി ഇരിക്കയല്ലേ.
മറ്റൊരു യാത്രക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ അവന്റെ കണ്ണുകള്‍ ഇടയ്ക്കിടെ അവളില്‍ ഇഴഞ്ഞ് നടന്നത് മുഖത്ത് നോക്കി നിന്ന സായ്പിന് ഇഷ്ടപ്പെട്ടില്ല. അയാള്‍ സംശയത്തോടെ നോക്കി. എന്നിട്ട് ചോദിച്ചു ‘നീ എന്നോടാണോ സംസാരിക്കുന്നത്?’ അവന്‍ ക്ഷമാപണം നടത്തി അയാളില്‍ ശ്രദ്ധവെച്ചു. യാത്രക്കാക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ടവന്റെ ശ്രദ്ധ മറ്റെങ്ങോ സഞ്ചരിക്കുന്നത് ഇഷ്ടപ്പെടാതെ സായ്പ് അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ചുണ്ടുകളില്‍ നേര്‍ത്ത മന്ദഹാസം അയാള്‍ കണ്ടു.
കുളിരിളം തണുപ്പില്‍ അവളുടെ കവിളുകള്‍ ചുവന്ന് തുടുത്തിരുന്നു. നേരം പുലരന്തോറും തണുപ്പിന്റെ കാഠിന്യം കുറഞ്ഞുവന്നു. ആകാശത്ത് നിന്നെത്തിയ മഞ്ഞുപൂക്കള്‍ ലണ്ടനില്‍ നിന്നും സ്‌കോട്ട്‌ലാന്റിലേക്ക് സ്ഥലം മാറിയിരുന്നു. സൂര്യനെ ഭയന്നോടിയതോ അതോ ഒളിച്ചോടിയതോ? പരിസരബോധം മറന്ന് സായ്പ്അവളെ നോക്കി നില്‍ക്കുന്നത് ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കി സായ്പ് നടന്നകന്നു.മഞ്ഞ് ഇടയ്ക്കിടെ പൊഴിഞ്ഞുകൊണ്ടിരുന്നു. മഞ്ഞിന്റെ മൂടുപടമകറ്റി പ്രണയത്തിന്റെ ചൂടുമായി പ്രകാശബിന്ദുക്കള്‍ തെളിഞ്ഞു. ആ ചൂടില്‍ നിന്ന് മഞ്ഞുതുള്ളികള്‍ പുറപ്പെട്ടു. അത് മരവിച്ചുകിടന്ന വിഴിയോരങ്ങളിലൂടെ ഒഴുകിയെഴുകി പോയി. മിനിയുടെ അടുത്തേക്ക് ഒരു മലയാളി യുവാവെത്തി. അവളുടെ വശ്യസൗന്ദര്യത്തില്‍ നിമിഷങ്ങള്‍ നോക്കി നിന്നിട്ട് ഇന്ത്യന്‍ എംബസ്സിയില്‍ പോകേണ്ട വഴികളെപ്പറ്റി ആരാഞ്ഞു. റോഡുകളെല്ലാം വിജനമാണ്.
മഞ്ഞുവീഴ്ചമൂലം വാഹനങ്ങളുംകുറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ലണ്ടനില്‍ ആദ്യമായിട്ടാണ് മഞ്ഞുവീഴ്ച കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. മഞ്ഞിന്റെ തെളിഞ്ഞ സൗന്ദര്യം പോലെ മിനി പുഞ്ചിരിതൂകി പറഞ്ഞു. റ്റെമ്പിള്‍ സ്റ്റേഷനടുത്താണ് ഒപ്പം ബി.ബി.സിയുടെ ഓഫീസും അതിനടുത്താണ്. സംസാരത്തിനിടയില്‍ മലാളികളെന്ന് മനസ്സിലാക്കി. അവളില്‍ സംശയങ്ങള്‍ ജനിച്ചു. ഇയാള്‍ എന്തിനാണ് ഇത്രരാവിലെ എംബസ്സിയില്‍ പോകുന്നത്? അയാള്‍ അതിന് മറുപടിയായി പറഞ്ഞത് രാവിലെ അഞ്ചുമതലെ അവിടെ ആള്‍ക്കാര്‍ ക്യൂവില്‍ നില്‍ക്കാറുണ്ട്. താമസ്സിച്ച് ചെന്നാല്‍ ജനബാഹുല്യത്തില്‍ കൗണ്ടറടയ്ക്കും. പന്ത്രണ്ട് വരെ മാത്രമേ അവര്‍ കൗണ്ടറില്‍ ജോലി ചെയ്യൂ.
അയാള്‍ സന്തോഷത്തോടെ പറഞ്ഞു. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കിട്ടി. അയാളുടെ കണ്ണുകള്‍ തിളങ്ങി. നമ്മുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് ലോകത്ത് എന്തെങ്കിലും നിലയോ വിലയോ ഉണ്ടോ? അതിന് ബ്രിട്ടീഷ്‌കാരന്റെ അല്ലെങ്കില്‍ അമേരിക്കന്റെ പാസ്‌പോര്‍ട്ട് തന്നെ വേണം. അതിന്റെ നിലയും വിലയും നമ്മുടെ പാസ്‌പോര്‍ട്ടിനോ ആളുകള്‍ക്കോ ഇല്ല. അയാള്‍ ഗള്‍ഫില്‍ സൗദി അറേബ്യായില്‍ ജോലി ചെയ്ത ആളാണ്. ഇന്ത്യ അമേരിക്ക, ബ്രിട്ടന്‍ പാസ്‌പോര്‍ട്ട് നോക്കിയാണ് അവിടുത്തെ ശമ്പളം. ബ്രിട്ടീഷുകാരന്‍ 2000പൗണ്ടും അമേരിക്കന്‍ 2500 ഡോളറും ശമ്പളം വാങ്ങുമ്പോള്‍ ഇന്ത്യാക്കാരന്‍ കിട്ടുന്നത് 900 ഡോളറാണ്. വര്‍ണ്ണവിവേചനം നാം കേട്ടിട്ടേയുള്ളു. ഇത് നേരില്‍ അനുഭവിച്ച ഒരു വ്യക്തിയാണ് ഞാന്‍. ഇന്ത്യാക്കാരന്‍ ഒന്നും ഇവരെക്കാള്‍ പിന്നിലല്ല. എന്നാല്‍ നമ്മുടെ നിലയും വിലയും തകര്‍ക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനങ്ങളാണ്. കള്ളനും കൊലപാതകിയും കൈക്കൂലിക്കാരനും വിദ്യാഭ്യാസമില്ലാത്തവനും ഭരണത്തില്‍ വന്നാല്‍ ആ രാജ്യവും ജനങ്ങളും എങ്ങനെ രക്ഷപെടും അയാളുടെ ഉള്ളില്‍ രോക്ഷം ഇരമ്പി മറിയുകയായിരുന്നു. അയാളുടെ മുഖത്തേ സന്തോഷം മിനി പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യയിലേക്ക് ബ്രിട്ടീഷുകാര്‍ നുഴഞ്ഞ് കയറിയതുപോലെ ഇവിടേക്ക് ഇന്ത്യാക്കാരും നുഴഞ്ഞുകയറി. ഇന്ത്യയില്‍ അധികാരത്തിലെത്തിയവന്‍ രക്ഷപെട്ടതുപോലെ ഇവിടെയുള്ളവനും രക്ഷപെട്ടു.
ഈ പാസ്‌പോര്‍ട്ട് കൈയ്യില്‍ കിട്ടിയപ്പോഴാണ് ഞാന്‍ സ്വാതന്ത്ര്യം എന്തെന്ന് അറിയുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ കാലം ഞാന്‍ വെറമൊരു അടിമ. ഇതിനിടയില്‍ അവളുടെ അടുത്തേക്ക് യാത്രക്കാര്‍ വരാതെ കറുമ്പന്റെ അടുത്തേക്ക് പോയി. അവള്‍ക്കത് ആശ്വാസമായി തോന്നി. കറുമ്പന്റെ തുളച്ചുകയറുന്ന നോട്ടയം സഹിക്കണ്ടല്ലോ. കുറെ യാഥാര്‍ത്ഥ്യബോധത്തോടെ അയാള്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കും താല്‍പര്യമേറി. ഞാനിപ്പോള്‍ പോകുന്നത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മടക്കി കൊടുക്കാനാണ്. അതിനും നൂറ് പൗണ്ടോളം കൊടുക്കണം. എങ്ങനെയും നാട്ടുകാരുടെ പണം ഓരോരോ പേരുകളില്‍ റബര്‍ സ്റ്റാമ്പടിച്ച് ഈടാക്കുകയാണ് ഇന്ത്യന്‍ എംബസ്സികള്‍. വിദേശരാജ്യത്തെ ശുദ്ധ തട്ടിപ്പ് കേന്ദ്രങ്ങള്‍. വിദേശ മലയാളികളുടെ മനോവീര്യവും രാജ്യസ്‌നേഹവും നഷ്ടപ്പെടുത്തുന്ന കുറെ നിമിഷങ്ങള്‍. ഇനിയും പോയി നീണ്ട മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കണം.
അകത്തേക്ക് പ്രവേശനം കിട്ടിയാലോ അതിനുള്ളില്‍ ഒരു ചന്തക്ക് തുല്യമാണ്. ആള്‍ക്കാര്‍ക്ക് നിന്ന് തിരിയാന്‍ സ്ഥലമില്ല. അതിന് മുകളില്‍ അംബാസിഡര്‍ ഇരിക്കുന്ന മുറിയും അതിനോടനുബന്ധിച്ചുള്ള ഹാളുകളും നോക്കിയാല്‍ രാജമന്ദിരങ്ങളായി തോന്നും. അത് അവരെപ്പോലുള്ള യജമാനന്‍മാര്‍ക്കുള്ളതാണ്. ഇന്ത്യയിലും ഇത് തന്നെയാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ മറവില്‍ യജമാനന്‍മാരും അടിയാന്‍ന്മാരും നിറഞ്ഞൊരു സമൂഹം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ഏകാധിപത്യമെന്ന് വിദേശികള്‍ക്കറിയില്ല. മനുഷ്യനെ പ്രതികാരവാസ്ഥയിലേക്കും പ്രതിക്ഷേധങ്ങളിലേക്കും കടത്തിവിട്ട് അധികാരത്തിന്റെ മാധുര്യം നുണയുന്നവര്‍.
‘ഈ രാജ്യത്തുള്ള നമ്മുടെ എംബസ്സി ഈ രാജ്യത്തുള്ള മറ്റ് എംബസികളെയെങ്കിലും കണ്ട് പഠിക്കേണ്ടതല്ലേ?’ അവള്‍ ചോദിച്ചു.
‘എന്ത് കണ്ട് പഠിക്കണം.’ അയാള്‍ക്ക് വിശദീകരിക്കാനുളള സമയമില്ലാത്തതിനാല്‍ ചുരുക്കി പറഞ്ഞു. ‘എന്തിനാണ് ആള്‍ക്കാരെ നീണ്ട ക്യൂവില്‍ നിറുത്തുന്നത്. മറ്റ് എംബസ്സികളെപോലെ അപ്പോയിന്റ്‌മെന്റ് കൊടുത്താല്‍ ഈ തിരക്ക് ഒഴിവാക്കാവുന്നതല്ലേ?’
‘ഓ ഇതിനിടയില്‍ പേര് ചോദിക്കാന്‍ മറന്നു എന്താ പേര്? ‘
‘എന്റെ പേര് മിനി.’
‘എന്റെ പേര് സോമന്‍. ഇവിടെ നിന്ന് ഏത് ബസ്സിലാണ് കയറേണ്ടത്?’
അവള്‍ മുന്നില്‍ കിടന്ന ഒരു ബസ്സ് ചുണ്ടിക്കാട്ടിയിട്ട് എവിടെയിറങ്ങണമെന്നും ഏത് ബസ്സില്‍ കയറണമെന്നുമൊക്കെ വിശദമായി പറഞ്ഞുകൊടുത്തിട്ട് അയാളെ യാത്രയാക്കി. ട്രയിന്‍ സമരമായതിനാല്‍ ഒരു മണിക്കൂര്‍കൊണ്ട് എത്തേണ്ട സ്ഥാനത്ത് രണ്ട് മണിക്കൂര്‍ വേണ്ടി വരും. ഇന്ത്യാക്കാരന്റെ മനസ്സിലും ഹൃദയത്തിലും എന്തെല്ലാം വിദ്വേഷങ്ങളാണ് സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നി. അവരെ ആവശ്യാനുസരണം അധീനപ്പെടുത്തണം. എന്നാല്‍ അവരെ ആകര്‍ഷിക്കാന്‍ ഒന്നുമില്ലാത്തൊരവസ്ഥ. ബ്രിട്ടീഷുകാര്‍ ഐക്യത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്നവരാണ്. ഇന്ത്യക്കാരന്‍ എന്തുകൊണ്ടാണ് അനഐക്യത്തിന്റെ പാത പിന്‍തുടരുന്നത്. എന്തുകൊണ്ടാണ് ഇത്രമത്രം അരാജകത്വം ഇന്ത്യയില്‍ നടമാടുന്നത്. മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ആര്‍ക്കുമാവുന്നില്ല. കാരണം സ്‌നേഹവും ക്ഷമയും ക്ഷേമവും നന്മയും വളര്‍ത്താതെ ശത്രുക്കളെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യക്കാരന്‍ ഇന്ത്യാക്കാരനോട് തന്നെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. മതരാഷ്ട്രീയത്തിന്റെ മുഖംമൂടികള്‍ വലിച്ചെറിയാന്‍ ആരും തയ്യാറാകുന്നില്ല. തയ്യാറായി വന്നാല്‍ പരസ്പര സ്‌നേഹത്തില്‍ കൈകോര്‍ക്കാനും നഷ്ടപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കാനും പുതുജീവന്‍ പ്രാപിക്കാനുമാകില്ലേ? അതിന് ആരാണ് മുന്നോട്ട് വരിക? പ്രസംഗം കേട്ടാല്‍ വയര്‍ നിറയുമോ? ചോറുള്ളിടത്തേ കൂറുവരാവൂ. അത് സ്വന്തം വയറിന് വേണ്ടി മാത്രമാകരുത്.
രാത്രിയില്‍ ആഹാരം കഴിക്കാനിരുന്നപ്പോള്‍ മിനിയുടെ കണ്ണുകളില്‍ എന്തോ ദുരൂഹുതകള്‍ ഉള്ളതായി മാണി മനസ്സിലാക്കി. ആഹാരം കഴിക്കാനിരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ പറയാറുണ്ട്. എന്താണ് മൂകയായിരിക്കുന്നത്?. എന്തും അവര്‍ മനസ്സ് തുറന്ന് സംസ്സാരിക്കാറുണ്ട്. ജോലി സ്ഥലത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടോ?
‘എന്താ മിനി ഇന്നൊരു മൗനം?’
അതിരാവിലെ ബസ് സ്റ്റാന്‍ഡില്‍ കണ്ടുമുട്ടിയ മനുഷ്യന്‍ പകല്‍ മുഴവന്‍ മനസികമായി അവളെ അലട്ടിയിരുന്നു. ആദ്യമായിട്ടാണ് ശരീരം മുഴുവന്‍ മൂടിപ്പുതച്ച ഒരാളെ അങ്ങനെ കാണുന്നത്. നാളെയും അയാള്‍ വരമോ? മനസ്സില്‍ നിന്ന് അയാള്‍ മാറുന്നില്ല. ആ കാര്യം അവള്‍ മാണിയെ അറിയിച്ചു.മാണി എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ആളായതുകൊണ്ട് എന്തെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കാതിരിക്കില്ല. അത് അവന്റെ മനസ്സിലും ഒരസ്ഥതയുണ്ടാക്കി. അപകടമില്ലാത്ത സ്ഥലമെങ്കിലും സ്ത്രീകള്‍ വളരെ സൂക്ഷിക്കണം. മഞ്ഞ് വീഴുന്നതുപോലെ അപകടങ്ങളുണ്ടാകാന്‍ അധിക സമയം വേണ്ട.
അവന്‍ ഒരു തീരുമാനമെടുത്തു. ‘നാളെ മുതല്‍ മിനിക്കൊപ്പം ഞാന്‍ വരാം. ഒ.കെയ’
അവള്‍ ആ മിഴികളിലേക്ക് സംശയത്തോടെ നോക്കി. എന്തിനാ വെറുതെ അവന്റെ ഉറക്കം കൂടി കളയുന്നത്? അവള്‍ അതിന് വിസ്സമതിച്ചു. അവനും പിന്നെ നിര്‍ബന്ധിച്ചില്ല. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ അലാറം വെച്ചിട്ടുണ്ടായിരുന്നു. മൊബൈല്‍ ശബ്ദം കേട്ട് അവനും ഉണര്‍ന്നു. അവള്‍ മുറിയടച്ച് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവനും വേഗത്തിലെത്തി. ഒന്നും പറയാതെ പുറത്തിറങ്ങി മഞ്ഞ് വീണുടഞ്ഞ നടപ്പാതയിലൂടെ നടന്നു. ബസ് സ്റ്റോപ്പിലെത്തി മൂടിപ്പുതച്ചിരുന്നു. ആകാശത്ത നിലാവ് തെളിഞ്ഞും നക്ഷത്രങ്ങള്‍ പൂത്തും നിന്നു. തണുത്ത കാറ്റ് വീശിയടിച്ചു. മരങ്ങളും പക്ഷികളും വിറകൊണ്ടിരുന്നു. മഴമേഘങ്ങള്‍ ആകാശത്ത് ഞെളിപിരികൊണ്ടുനിന്നു. മിനി മഞ്ഞിന് പുറത്തൂടെ പതുക്കെയാണ് നടന്നത്. അവന്‍ ഒപ്പമുള്ളത് മനസ്സിനൊരു ധൈര്യം തന്നു. എന്നാലും മനസ്സ് പറഞ്ഞു. അവന്റെ ഉറക്കം കളയേണ്ടതില്ലായിരുന്നു. അടുത്ത ചെന്ന് ഇരുന്നിട്ട് പരിഭവത്തോടെ പറഞ്ഞു.
‘ഞാന്‍ പറഞ്തല്ലേ വരേണ്ടെന്ന്.’
‘നീ പറഞ്ഞത് നിന്റെ കാര്യം. ഞാന്‍ വന്നത് എന്റെ കാര്യം. നിന്റെ സഹോദരനോടും നീ ഇങ്ങനെ പറയുമോ?’
‘നീ ആ തോമസ്സച്ചായനോട് പറഞ്ഞ് എനിക്ക് ഒന്‍പത് മണിക്കുള്ള ഷിഫ്‌റ്റൊന്ന് തരാന്‍ പറഞ്ഞൂടെ?’
‘ആര് പറഞു പറഞ്ഞില്ലെന്ന്. അടുത്ത ഒന്നാം തീയതി മുതല്‍ നോക്കട്ടെ എന്ന് പറഞ്ഞിരിക്കയാണ്.’
‘എന്നിട്ട് നീയെന്താ പറയാത്തത്.’ ഇഷ്ടപ്പെടാതെ ചോദിച്ചു.
‘അതെങ്ങനെ പറയും. ഓര്‍ക്കുമ്പോഴല്ലേ പറയാന്‍ പറ്റൂ.’
‘നിനക്കിന്ന് ആരെയോ ജോലിക്ക് കൊണ്ടുപോകാനില്ലേ? നീ ഇങ്ങനെ അവധിയെടുത്ത് ഓരോരുത്തര്‍ക്ക് ജോലി നോക്കി പോയാല് നിന്റെ ജോലി തെറിക്കും. പറഞ്ഞേക്കാം.’
അത് കേട്ടവന് ചിരിക്കാന്‍ തോന്നി. മറുപടിയൊന്നും പറഞ്ഞില്ല. ഇവനെപ്പോലുളളവര്‍ ജനപ്രതിനിധികളായി വന്നിരുന്നെങ്കില്‍ ഇന്ത്യാ മഹാരാജ്യം രക്ഷപെടുമായിരുന്നു. മനുഷ്യനെ കരണ്ട് തിന്നാന്‍ മനസ്സില്ലാത്തവന്‍. വെട്ടും കുത്തും പട്ടിണിയും പാവപ്പെട്ടവന്, പട്ടും വളയും പ്രമാണിമാര്‍ക്ക്. യാതൊരു സ്വര്‍ത്ഥ താല്‍പര്യങ്ങളുമില്ലാത്ത മാണിയെ ഉറ്റുനോക്കി. അവന്‍ കണ്ണടച്ചിരുന്ന് ഉറങ്ങുകയായിരുന്നു. പ്രപഞ്ചമാകെ നിശബ്ദതയില്‍ അമര്‍ന്നിരുന്നു. രണ്ട് നക്ഷത്രകണ്ണുകളുമായി ബസ് അടുത്തേക്ക് വന്നു. എടാ ബസ് വരുന്നു. ഇനിയും ആര്‍ക്കും പോയി കാവലിരിക്കാതെ പോയി കിടന്നുറങ്ങ്. അവളെ ബസ്സില്‍ യാത്രയാക്കി അവന്‍ വീട്ടിലേക്ക് നടന്നു.
(തുടരും)







