അമൃതുപോലെ പൊഴിയുന്ന ഉദയചിത്രങ്ങള്‍! കവയിത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ”ചാഞ്ഞുപെയ്യുന്ന മഴപോലെ ഓണവും ദശമിയും ദീപാവലിയും ചതയദിനവും എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട് ഈ രേഖാചിത്രങ്ങളില്‍.”
പുല്‍ക്കൊടിത്തുമ്പില്‍ പൂവിട്ടു നില്‍ക്കുന്ന മഞ്ഞുതുള്ളിയില്‍ ഒരായിരം സൂര്യന്മാരെ സൃഷ്ടിക്കാന്‍ കഴിയുന്ന ആ പ്രപഞ്ചതേജസിനെ വണങ്ങാത്ത കവികളോ സാഹിത്യകാരന്മാരോ ഉണ്ടാവില്ല. തമസ്സിന്‍നാഗങ്ങളെ ആട്ടിയകറ്റി ഉഷ:ചൈതന്യം പകരുന്ന മിത്രന്‍ ലോകത്തെ ധരിച്ച്,രക്ഷിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല,വൃഷ്ടി പ്രദാനംചെയ്ത്, അന്നം വിളയിച്ച് ഒരേസമയം ഭൂവിനെയും ദ്യോവിനെയും അനുഗ്രഹദൃഷ്ടിയോടെ നോക്കിക്കൊണ്ടിരിക്കുന്നു.അതിനാല്‍ ആ മിത്രനായിക്കൊണ്ട് ഹവിസ്സര്‍പ്പിക്കുക” എന്ന് ഋഗ്വേദത്തില്‍ ഒരു മന്ത്രമുണ്ട്. ഈ മന്ത്രത്തില്‍ത്തന്നെ ഒരു ഭാസുരഛായ പ്രസരിക്കുന്നുണ്ട്. കോപ്പര്‍നിക്കസും ന്യൂട്ടനുമൊക്കെ ആവിര്‍ഭവിക്കുന്നതിന് സഹസ്രാബ്ദങ്ങള്‍ക്ക്മുമ്പ്തന്നെ സൂര്യകേന്ദ്രീകൃതമാണ് ഭൂമിയുടെ നിലനില്‍പ്പെന്നും,സൂര്യന്റെ ആകര്‍ഷണശക്തിയാണ് നിരാധാരമായ ജഗത്തിന് പിടിച്ചുനിര്‍ത്തിരിക്കുന്നത് എന്നുംമറ്റുമുള്ള ശാസ്ത്രതത്വം ഭാരതീയഋഷ്യീശ്വരന്മാര്‍ തങ്ങളുടെ അന്തര്‍നേത്രങ്ങള്‍കൊണ്ട് ദര്‍ശിച്ചിരുന്നു.
ശ്യാമമേഘങ്ങള്‍ വകഞ്ഞുമാറ്റി
ഉഷ: സന്ധ്യയില്‍ മുറതെറ്റാതണയുന്ന ദേവന്‍!
പ്രഭാതത്തെപ്പറ്റി എഴുതാത്ത കവികളുണ്ടോ? അവളുടെ സൗന്ദര്യം, ഊര്‍ജ്ജം, പ്രസരിപ്പ് എല്ലാമെല്ലാം അവരുടെ ഭാവനയ്ക്ക് പാഥേയമാകുന്നു.ഭാഷയോ, ദേശമോ കാലമോ ഭേദമില്ലാതെ കവികള്‍ പ്രഭാതവര്‍ണ്ണനയില്‍ അഭിരമിക്കുന്നത് കാണാം! ഇന്നിന്റെ കവികള്‍പോലും ആ ആവേശം നിലനിറുത്തുന്നതില്‍ സന്തോഷം!Mary Oliver എഴുതിയ Morning Poem, പോലെ Rumi യുടെ The Breeze at Dawn പോലെ ഇതാ പ്രമീളാദേവിയുടെ ”ഉദയാമൃതം സര്‍വ്വം പ്രണയാമൃതം!”
പ്രപഞ്ചസൃഷ്ടിക്ക് ഊര്‍ജ്ജം പകരുന്ന പ്രകാശഗോപുരം
”ഉണ്മയാം ഹരിതവിപിനങ്ങളെ
ഉന്മാദിയാകും കടലുകളെ ‘
എന്നുമെന്നും മാടിയുണര്‍ത്തുന്ന തേജസ്സ്!
ആ തേജസ്സില്‍ കുളിച്ചു നില്‍ക്കുമ്പോള്‍ ”എന്തൊരു മോഹിനിയാണെന്‍ ധരാംഗന!” എന്നു കവയിത്രി അദ്ഭുതപ്പെടുന്നു. അവള്‍ ഇളങ്കാറ്റില്‍ വാര്‍മുടി ചീകിയുണക്കുന്നുണ്ട്. വെയിലിന്റെ പുടവ ചാര്‍ത്തുന്നുണ്ട്, തുളസിക്കതിരിന്റെ മാല ചൂടുണ്ട്, മുക്കുറ്റിപ്പൂപ്പതക്കം കാതില്‍ അണിയുന്നുണ്ട്! പുലര്‍കാലദീപ്തിയില്‍ തുള്ളിത്തുളുമ്പിനില്‍ക്കുന്ന അവളുടെ മോഹനസൗന്ദര്യം ആരെയാണ് ആകര്‍ഷിക്കാത്തത്?
ഇന്നലെ രാപ്പെണ്ണ് ഉപയോഗിച്ച താരകപ്പൂക്കളെല്ലാം തൂത്തുകളഞ്ഞു, കസ്തൂരിച്ചാറാക്കാന്‍ ഉപയോഗിച്ചിരുന്ന തൂവെള്ളിക്കിണ്ണം കഴുകാനായി ദൂരെമാറ്റുന്ന വേലക്കാരിപ്പെണ്ണായി ഉഷസ്സിനെ ചിത്രീകരിച്ച വള്ളത്തോള്‍ നമ്മുടെ മുന്നിലുണ്ട്. ശുക്രന്റെ കൈവിളക്കേന്തിയ അവളുടെ ദേഹത്തില്‍ നിന്ന് വമിക്കുന്നത്, വിയര്‍പ്പുഗന്ധമല്ല മറിച്ച് പൂവിന്‍മണമാണ് എന്നു പറഞ്ഞുവയ്ക്കുന്നിടത്ത് ആ കാവ്യസൗന്ദര്യം നാം അനുഭവിച്ചറിഞ്ഞതാണല്ലോ! പ്രമീളാദേവിയുടെ ഭൂമിപ്പെണ്ണിനുമില്ലേ അങ്ങനെയൊരു വശ്യസൗന്ദര്യം?
അപ്രമേയമായ ഈ സൗന്ദര്യ വിശേഷങ്ങളിലലിഞ്ഞു നില്‍ക്കുമ്പോഴും, ഭൂമിയുടെ ഇന്നത്തെ അവസ്ഥയെയോര്‍ത്ത് പരിതപിക്കുന്ന ഒരു ഹൃദയത്തെയും നമുക്ക് ഇവിടെ കാണാം.
” ചിത്തിരയായിട്ടും നാട്ടിലെങ്ങും
ഓണമാവേശങ്ങള്‍ കാണ്മാനില്ല
പൂവിളിച്ചിത്തിരപ്പൂക്കളവും
ഊഞ്ഞാലും ഓണക്കളിയും ഇല്ല
സ്‌കൂളില്ല കുട്ടികളൊന്നുമില്ല
വീടില്ല വീട്ടുകാരാരുമില്ല
എന്‍ നാടിനാകെ ദുരന്തഗന്ധം”
ഇത് മാവേലിമന്നന്റെ മനസ്താപമല്ല, എഴുതിയ കവിമനസ്സിന്റേതാണ്! ആധുനികതയുടെ
രഥചക്രവേഗങ്ങളില്‍ ഞെരുങ്ങിയമരുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈവരികളില്‍.
സൂര്യകിരണങ്ങള്‍ മിഴിവേകുന്ന നവരാത്രദിനങ്ങളുടെ മനോഹരമായ ആവിഷ്‌കാരമുണ്ട് വരികളില്‍. അക്ഷരമഗ്‌നിയായി നിറയ്ക്കാന്‍ ദുര്‍ഗ്ഗാലക്ഷ്മി സഹിതയായി ശ്രീ മഹാ സരസ്വതിയും നമുക്കു മുന്നിലെത്തുന്നു. കവി പാടിയതുപോലെ ഇതില്പരം എന്തൊരു സൗഭാഗ്യമുള്ളൂ?
അക്ഷരപൂജയിലൂടെ ഇനിയും ഒരായിരം സൂര്യന്മാരെ സൃഷ്ടിക്കാന്‍ പ്രമീളാദേവിക്ക് കഴിയട്ടെ…












