LIMA WORLD LIBRARY

ധര്‍മ്മച്ചുതിയില്‍പ്പെട്ട യു എസ്സ് പാരമ്പര്യം – ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

അമേരിക്കയിലെ ‘റെഡ് ഇന്ത്യന്‍സ്’ എന്ന് പൊതുവേ വിളിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ‘നേറ്റീവ് അമേരിക്കന്‍സ്’ അഥവാ ‘ഫസ്റ്റ് നേഷന്‍സ്’ ആയിരുന്നു. യൂറോപ്യന്‍ അധിനിവേശത്തിന് മുന്‍പ് ആയിരക്കണക്കിന് വര്‍ഷങ്ങളായി അവര്‍ അമേരിക്കയില്‍ വിവിധ ഗോത്രങ്ങളായി ജീവിച്ചിരുന്നു. കൃഷി, വേട്ടയാടന്‍, മത്സ്യബന്ധനം, വ്യാപാരം എന്നിവയില്‍ അധിഷ്ഠിതമായ സമ്പന്നമായ സംസ്‌കാരവും ജീവിതശൈലികളും അവര്‍ നിലനിര്‍ത്തിയിരുന്നു.

ഇറ്റാലിയന്‍ പര്യവേക്ഷകനായ ക്രിസ്റ്റഫര്‍ കൊളംബസ് 1492 ല്‍ തന്റെകപ്പല്‍പടയോടൊപ്പം എത്തിച്ചേര്‍ന്നത് പുതിയ ലോകം എന്നറിയപ്പെടുന്ന
സാന്‍ സാല്‍വഡോര്‍ ദ്വീപിലായിരുന്നു. പുതിയ കണ്ടെത്തല്‍ എന്ന കാലഘട്ടത്തിന് ഇത് തുടക്കം കുറിച്ചു. ഇത് അമേരിക്കന്‍ ചരിത്രത്തിന്റെ വഴിത്തിരിവായി. തുടര്‍ന്ന് സ്പാനിഷ്, ഇംഗ്ലീഷ്,ഫ്രഞ്ച്,ഡച്ച് തുടങ്ങിയ നിരവധി യൂറോപ്യന്‍ ശക്തികള്‍ ഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചു. ഇവര്‍ക്ക് പുതിയ ഭൂമി, വിഭവങ്ങള്‍, വ്യാപാരമാര്‍ഗ്ഗങ്ങള്‍ എന്നിവ വേണ്ടിയിരുന്നതിനാല്‍ സ്വദേശികള്‍ അവരുടെ ഭൂമികളില്‍ നിന്നും പുറത്താക്കപ്പെട്ടു. വ്യാപകമായ യുദ്ധങ്ങളും കൂട്ടക്കൊലകളും നടന്നു.അതുവഴിയാണ് അമേരിക്കയുടെ കോളനിവല്‍ക്കരണവും അനുബന്ധ ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാരത്തിനും തുടക്കം കുറിച്ചത്. യൂറോപ്യന്മാര്‍ക്കൊപ്പം അവര്‍ കൊണ്ടുവന്ന വിവിധ മാരകരോഗങ്ങള്‍, പ്രതിരോധശേഷിയില്ലാതിരുന്ന സ്വദേശികളില്‍ പടര്‍ന്നുപിടിച്ച് ലക്ഷക്കണക്കിന് പേര്‍ മരണപ്പെട്ടു. 16,17 നൂറ്റാണ്ടുകളിലായി സ്വദേശി ജനസംഖ്യയുടെ 80–90% വരെ രോഗങ്ങളാല്‍ ഇല്ലാതായി.

1830ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ആന്‍ഡ്രൂജാക്‌സണ്‍ന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ഭരണകൂടം ‘ഇന്ത്യന്‍ റിമൂവല്‍ ആക്ട്’ പാസാക്കി.തെക്കന്‍ സംസ്ഥാനങ്ങളില്‍ താമസിച്ചിരുന്ന വിവിധ ഗോത്രങ്ങളെ അവരുടെ സ്വന്തം ഭൂമിയില്‍ നിന്നും പടിഞ്ഞാറോട്ട് (ഇന്നത്തെ ഒക്കലാ
ഹോമ–Oklahoma) കൂട്ടത്തോടെ നീക്കി. പ്രസിഡന്റ് ആന്‍ഡ്രൂ ജാക്‌സണ്‍ ഗോത്ര തലവന്മാരോട് അവരുടെ ഭൂമിയെല്ലാം ഉപേക്ഷിച്ചു പോകാന്‍ കല്‍പ്പിച്ചു: ‘കിഴവന്മാരെ, മഹാശക്തികള്‍ നിങ്ങളുടെ മക്കളെ കൊന്നൊടുക്കും മുമ്പ് ശാന്തമായ വല്ല സ്ഥലത്തേക്കും മാറിപ്പോവുക. യുവാക്കളെ,നിങ്ങള്‍ പിറന്ന മണ്ണിനോടുള്ള മമതയൊക്കെ മറന്നു കളയുക. നിങ്ങള്‍ക്ക് വേറെ വഴിയില്ല’. അവരുടെ ദുരിത യാത്രയില്‍ ആയിരക്കണക്കിന് പേര്‍ പട്ടിണി,രോഗം, തണു പ്പ് എന്നിവ മൂലം മരണപ്പെട്ടു. ആയിരം നാഴിക അകലെ വളച്ചു കെട്ടിയ വരണ്ട ഒരു ഭൂഭാഗത്തിലേക്ക് അമേരി-ന്ത്യക്കാര്‍
നടത്തിയ ഒഴിച്ചുപോക്കലിനെ ‘കണ്ണീര്‍പാതയിലൂടെയുള്ള പ്രയാണ’ മായി (The trail of Tears) ഹൃദയം നൊന്തചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചു.

വഴിക്ക് 4000 പേര്‍ രോഗവും പട്ടിണിയും ക്ലേശവും കാലാവസ്ഥയുടെ പാരുഷ്യവും കൊണ്ട് മരിച്ചുവീണു. പഴയ ബോട്ടുകളില്‍ കയറ്റിവിട്ടവരില്‍ 300 ല്‍ കൂടുതല്‍ ആളുകള്‍ മുങ്ങിമരിച്ചു.ഇത് ഒരു പ്രദേശത്തെ മാത്രമുള്ള കുടിയൊഴിപ്പിക്കലിന്റെ കഥയാണ്.അങ്ങനെ എത്രയോ പ്രദേശങ്ങളില്‍ നിന്നും ഭീകരമായ എത്രയോ കുടിഒഴിപ്പിക്കലിന്റെ ദാരുണ സംഭവങ്ങള്‍ ഒന്‍പതുലക്ഷം റെഡ് ഇന്ത്യന്‍ വംശജരുടെ ഭൂമിയായിരുന്നു ഇന്നത്തെ അമേരിക്ക. റെഡ് ഇന്ത്യന്‍ വേട്ടയാടല്‍ തലമുറകളോളം കുട്ടികളുടെ കൂടി പ്രിയപ്പെട്ട വിനോദമായി. ചാവുന്ന റെഡ് ഇന്ത്യനെപറ്റി അനേകം ഫലിതങ്ങള്‍ തന്നെ ഉണ്ടായി. ‘ശരിക്കും ജീവനുള്ള, എതിര്‍ക്കുന്ന ഒരു ഇന്ത്യനെയും ഞങ്ങള്‍ ഏറ്റുമുട്ടലില്‍ കണ്ടില്ല. അവിടെ നാശം പിടിച്ച കൊതുകുകള്‍ ധാരാളം ഉണ്ടായിരുന്നു എന്നു മാത്രം’. പ്രചാരത്തില്‍ ഉണ്ടായിരുന്ന പല ഫലിതങ്ങളില്‍ ഒന്ന് ഇതായിരുന്നു.

സ്വദേശികളുടെ ഭാഷകള്‍ മതാചാരങ്ങള്‍ ജീവിതരീതികള്‍ എന്നിവ ക്രമമായി ബോധപൂര്‍വ്വം അടിച്ചമര്‍ത്തപ്പെട്ടു. വെളുത്തവരുടെ ജീവിതസംസ്‌കാരത്തില്‍ ചേരാന്‍ നിര്‍ബന്ധിതമായി. ഈ അമേരിന്ത്യന് സംഗീതവും ചിത്രവും കവിതയും കലയും കലാകാരന്മാരും ഉണ്ടായിരുന്നു. റെഡ് ഇന്ത്യന്‍ വംശജരുടെ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിക്കപ്പെട്ടു. സ്വദേശികള്‍ക്ക് അവരുടെ ഭൂരിഭാഗം ഭൂമിയും നഷ്ടപ്പെട്ടു. അവര്‍ക്കായി തിട്ടപ്പെടുത്തിയ ഭൂമിയാണെങ്കില്‍ ഉപയോഗയോഗ്യമായിരുന്നില്ല. ഇപ്പോഴും അമേരിക്കയില്‍ 570 ലധികം അംഗീകൃത ഗോത്രങ്ങള്‍ ഉണ്ട്. അവര്‍ അവരുടെ സംസ്‌കാരം
പുനര്‍ജ്ജീവിപ്പിക്കാനും അവകാശങ്ങള്‍ നേടാനും നിരന്തരംപോരാടിക്കൊണ്ടിരിക്കുന്നു.
അതെ, അമേരിക്കയുടെ മഹത്തായനിര്‍മ്മിതിയുടെ പിന്നില്‍ സ്വദേശികളുടെ ജീവഹാനി, ഭൂമി നഷ്ടപ്പെടല്‍,അവരുടെ സംസ്‌കാരസംഹാരം എന്നിവയുടെ കദനകഥ ഒളിഞ്ഞിരിക്കുന്നു.

അമേരിക്കന്‍ സ്വദേശികളുടെ ദുരന്ത കഥയും നമ്മുടെ കേരളചരിത്രവും തമ്മില്‍ ഒരു ചെറിയ താരതമ്യമുണ്ട്.
അമേരിക്കയിലെ സ്വദേശികള്‍ നേരിട്ടതുപോലെ കേരളത്തിലും ഉണ്ടായിരുന്നു കൊളോണിയല്‍ ശക്തികളുടെ അധിനിവേശം. പോര്‍ച്ചുഗീസ്,ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയവര്‍ നമ്മുടെ തുറമുഖങ്ങളും വ്യാപാരവും പിടിച്ചെടുത്തു.പക്ഷേ അവര്‍ ഇവിടെ. ജനങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്ന രീതിയില്‍. പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. അമേരിക്കയില്‍ സ്വദേശികളുടെ. സംസ്‌കാരം അടിച്ചമര്‍ത്തി ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ കേരളത്തില്‍ വിദേശ അധിനിവേശം വന്നപ്പോള്‍ പോലും നമ്മുടെ ഭാഷ,കല, ആചാരം എന്നിവ നിലനിന്നു.എന്നാല്‍ മതപരമായും സാമ്പത്തികമായും വലിയ ആഘാതങ്ങള്‍ ഉണ്ടായി. അമേരിക്കയില്‍ പല ഗോത്രങ്ങള്‍ക്കും യൂറോപ്യന്‍ സൈനിക ശക്തിയോട് പൊരുതാന്‍ കഴിഞ്ഞില്ല.എന്നാല്‍ കേരളത്തില്‍ വേലുത്തമ്പി, പഴശ്ശിരാജ,കുഞ്ഞാലി മരക്കാര്‍ തുടങ്ങിയവര്‍ യൂറോപ്യന്മാര്‍ക്കെതിരെ ധീരമായി പൊരുതി പ്രതിരോധിച്ചു. ഒടുവില്‍ അവര്‍ പരാജയപ്പെട്ടു എന്നത് ശരി തന്നെ. അമേരിക്കയില്‍ സ്വദേശികള്‍ അവര്‍ക്കായി റിസര്‍വ് ചെയ്ത സ്ഥലങ്ങളില്‍ താമസിക്കുന്നു. അവരെ അമേരിക്കന്‍ സമൂഹത്തില്‍ നിന്നു പോലും പുറത്താക്കപ്പെട്ട സ്ഥിതിയാണുള്ളത്. എന്നാല്‍ കേരളത്തില്‍ അത്രത്തോളം ഉള്ള ഒരു സ്ഥിതി ഉണ്ടായില്ല. പക്ഷെ ചില സമൂഹങ്ങള്‍, ആദിവാസികള്‍, ഇന്നും അവകാശങ്ങള്‍ക്കായി പോരാടുന്നുണ്ട്.
അമേരിക്കയില്‍ സ്വദേശികളുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കല്‍ ആണ് നടന്നത്.പക്ഷേ കേരളത്തില്‍ നിയന്ത്രണം, ചൂഷണം, സാംസ്‌കാരിക സമ്മര്‍ദ്ദം ഇവയൊക്കെ ഉണ്ടായെങ്കിലും നമ്മുടെ അസ്തിത്വം ഇല്ലാതാക്കാന്‍ ഇതൊന്നും മതിയാകുമായിരുന്നില്ല.

അമേരിക്കയുടെ മനസ്സ് വ്യക്തമാക്കുന്ന ചലച്ചിത്രങ്ങള്‍ ഈ നൂറ്റാണ്ടിലും അവിടെ നിര്‍മ്മിക്കപ്പെടുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്, ചലച്ചിത്ര കലയുടെ ആചാര്യനായഡി ഡബ്ല്യു ഗ്രിഫിത്ത് 1915 ല്‍ സംവിധാനം ചെയ്ത ‘ദ ബര്‍ത്ത് ഓഫ് എ നേഷന്‍’ എന്ന ചലച്ചിത്രം. ഇതിന് 2015 ല്‍ നൂറുവര്‍ഷം തികഞ്ഞു. ഇന്ത്യയിലെ എല്ലാ മികച്ച ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഈ ചിത്രം ഇപ്പോഴും പ്രഥമ പാഠ്യ വിഷയമയി തുടരുന്നു.
കറുത്ത വര്‍ഗ്ഗക്കാരെയും സ്വദേശികളെയും അധിക്ഷേപിക്കുന്ന, തരംതാഴ്ത്തുന്ന, ഭീകരമായി ചിത്രീകരിക്കുന്ന അവസ്ഥ കൂടാതെ, വെളുത്തവരാണ് യഥാര്‍ത്ഥത്തില്‍ അമേരിക്കക്കാരെന്നും മറ്റുള്ളവര്‍ ആഫ്രിക്കയില്‍ നിന്നുള്ള അടിമകളും കുടിയേറ്റക്കാരും മാത്രമാണെന്നും ഉള്ള സൂചനകളാണ് ചിത്രത്തിലുടനീളം ഉള്ളത്. കറുത്ത വര്‍ഗ്ഗക്കാര്‍ ബുദ്ധിഹീനരും വെള്ളക്കാരായ സ്ത്രീകളോട് ലൈംഗിക ക്രൂരത കാണിക്കുന്നവരും ആണെന്ന് ചിത്രത്തില്‍ ധാരാളം സൂചനകളാണ് ഉള്ളത്. പ്രധാനമായും ആഫ്രിക്കന്‍ അമേരിക്കക്കാരെ തരംതാഴ്ത്തുന്ന തരത്തില്‍ ചിത്രീകരിക്കുന്നതിനും വെള്ളക്കാരെ മഹത്വവല്‍ക്കരിക്കുന്നതിനുമെതിരെ നിരവധി നഗരങ്ങളില്‍ വ്യാപകമായ കലാപങ്ങള്‍ ഉണ്ടായി.

എങ്കിലും ഈ ചിത്രം അമൂല്യ കലാരൂപം എന്ന നിലയില്‍ ഇന്നും ആദരിക്കപ്പെടുന്നു, പ്രദര്‍ശിക്കപ്പെടുന്നു, പഠനവിഷയ മാക്കപ്പെടുന്നു
മറ്റുള്ളവരുടെ സ്വപ്നങ്ങളെ തകര്‍ക്കുന്ന യുഎസ് പാരമ്പര്യം ഇന്നും യഥേഷ്ടം തുടരുന്നു, അതിന് ഇന്ന് സ്വീകരിക്കുന്ന വഴികള്‍ വ്യത്യസ്തമാണെന്ന് മാത്രം.
‘ കുറച്ച് ആളുകളെ എല്ലാക്കാലത്തേക്കും, എല്ലാ ആളുകളെയും കുറച്ചു നാളത്തേക്കും, വഞ്ചിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ എല്ലാവരെയും എല്ലാകാലത്തേക്കും വഞ്ചിക്കാന്‍ ആകില്ല’.
—-എബ്രഹാം ലിങ്കണ്‍

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px