ശബ്ദ മലിനീകരണം ഒരു ആഗോള പ്രശ്‌നമാണ്. മോട്ടോര്‍ വാഹനങ്ങള്‍, തീവണ്ടി, വിമാനം, ടെലിവിഷന്‍, മ്യൂസിക്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഉച്ചഭാഷിണി തുടങ്ങി അനേകം സ്രോതസ്സുകളില്‍ നിന്ന് ശബ്ദ മലിനീകരണമുണ്ടാവുന്നു.
ആധുനിക ഭൗതിക ജീവിത സാഹചര്യങ്ങള്‍ മിക്കതും ശബ്ദ മലിനീകരണത്തിന് കാരണമാവുന്നു. നമ്മുടെ നഗരങ്ങള്‍ ഭീകരമായ ശബ്ദമലിനീകരണത്തിന്റെ ദുരിതമനുഭവിക്കുന്ന ഇടങ്ങളാണ്.
ഗ്രാമങ്ങള്‍ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെക്കുറെ ശാന്തമാണ്. എന്നാല്‍ ശബ്ദ മലിനീകരണം ഗ്രാമങ്ങളെയും കാര്‍ന്നു തുടങ്ങി.
ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ് ഡെസബെല്‍ (dB) ആണ്. നിങ്ങള്‍ ഒരാളുമായി കുശു കുശെ പറയുന്നത് അഥവ മന്ത്രിക്കുന്നത് 30 ഡെസബെല്‍ ഒച്ചയിലാണ്. ഒരാള്‍ മറ്റൊരാളോട് സാധാരണ സംസാരിക്കുന്നത് 60 ഡെസബെല്ലും മോട്ടോര്‍ സൈക്കിള്‍ പ്രവര്‍ത്തിക്കുന്നത് 90 ഡെസബെല്ലിലുമാണ്. അതേ സമയം ഉച്ചഭാഷിണിയുടേത് 120 ഡസബെല്‍ ആണ് .
70 ഡെസബെല്ലിന് താഴെയുള്ള ശബ്ദം താരതമ്യേന സുരക്ഷിതമാണ്. അതിനു മുകളിലുള്ള ശബ്ദം നിരന്തരം അനുഭവിക്കുകയാണെങ്കില്‍ അനവധി മാനസ്സിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. 120 ഡെസബെല്‍ ശബ്ദം പെട്ടെന്നുള്ള ചെവി തകരാറുള്‍പ്പെടെ അനവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.
ഉന്നത രക്തസമ്മര്‍ദ്ദം (BP), കൊറോണറി ആര്‍ട്ടറി ഡിസീസ് (CAD), മാനസിക പിരിമുറുക്കവും മനോസംഘര്‍ഷവും, ഉറക്കക്കുറവ്, മനോവിഭ്രാന്തി, ബുദ്ധിപരമായ പ്രശ്‌നങ്ങള്‍, പഠന വൈകല്യം എന്നിവ ശ്രദ്ധേയമാണ്.
ശബ്ദ മലിനീകരണം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പഠനത്തില്‍ താല്പര്യക്കുറവ്, ശ്രദ്ധക്കുറവ്, എന്നിവ ശ്രദ്ധേയമാണ്. ശബ്ദ മലിനീകരണം ഏറെ നാള്‍ ഏല്‍ക്കുന്നവരില്‍ ബുദ്ധിപരമായ വൈകല്യവും കാണപ്പെടുന്നു. വിദ്യാര്‍ത്ഥികളില്‍ മാത്രമല്ല ശ്രദ്ധ ആവശ്യപ്പെടുന്ന പണികളില്‍ ഏര്‍പ്പെടുന്നവരിലും ശബ്ദ മലിനീകരണം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.
ഉറക്കക്കുറവ് ഏറെ ശ്രദ്ധേയമായ ഒരു പ്രശ്‌നമായി കാണണം. ഉറക്കക്കുറവ് വ്യക്തികളില്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.
പ്രായമേറിയവര്‍, വാര്‍ദ്ധക്യ രോഗങ്ങള്‍ ഉള്‍പ്പെടെ കിടക്ക ശരണമാക്കിയ രോഗികള്‍, ഉന്നത രക്ത സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍, തുടങ്ങിയ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്വസ്ഥമായ ഉറക്കം അനിവാര്യമാണ്.
മനോ:സംഘര്‍ഷവും മാനസിക പിരിമുറുക്കവും അനുഭവിക്കുന്നവരില്‍ ശബ്ദമലിനീകരണം കൂടെയാകുമ്പോള്‍ മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാവാം. മനോ:വിഭ്രാന്തിയുള്ളവരില്‍ അത് ക്രമേണ വര്‍ദ്ധിച്ച് രോഗം അതിന്റെ തീവ്രതയിലേയ്ക്ക് കടക്കാനിടയാവുന്നു. മനോരോഗികളുടെ എണ്ണത്തിലും രോഗ തീവ്രതയിലും ഉണ്ടാവുന്ന വര്‍ദ്ധന ശബ്ദമലിനീകരണത്തിന്റെ കൂടി സംഭാവനയാണ്.
ഇതിലൊക്കെയുപരി ഗര്‍ഭസ്ഥ ശിശുക്കളെയും ഇത് ദോഷകരമായി ബാധിക്കുന്നു. ഗര്‍ഭത്തില്‍ വളരുന്ന ഒരു കുഞ്ഞ് സമൂഹത്തോട് എന്ത് അപരാധമാണ് ചെയ്തത്.
ശബ്ദ മലിനീകരണം അങ്ങനെ ഒരു മനുഷ്യാവകാശ നിഷേധമായി മാറുകയാണ്. ഒരാള്‍ക്ക് ശബ്ദമുണ്ടാക്കാനും ജീവിക്കാനുമുള്ള അവകാശം ഭൂമിയില്‍ ഉണ്ട്. അതേസമയം മറ്റൊരാളുടെ സ്വസ്ഥവും സമാധാനപരവുമായ ജീവിതത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ല. മനുഷ്യാവകാശത്തെക്കുറിച്ച് വായ് തോരാതെ സംസാരിക്കുന്ന നാം എന്തുകൊണ്ട് അതേ കുറിച്ച് മിണ്ടുന്നില്ല.
ഏട്ടിലെ പശു പുല്ല് തിന്നില്ല എന്നൊരു പ്രയോഗമുണ്ട്. അതിവിടെ ഏറെ പ്രസക്തമാണ്. ശബ്ദ മലിനീകരണത്തിനെതിരെയും ശബ്ദ നിയന്ത്രണം പാലിക്കുന്നതിലേക്കുമായും നീട്ടെഴുത്തുകള്‍ ധാരാളം. അതുകൊണ്ട് ഇത്രടം എന്തെങ്കിലും ഫലം ഉണ്ടായിട്ടുണ്ടോ.
ആധുനിക ഭൗതിക സാഹചര്യങ്ങളില്‍ ശബ്ദം ഒരു ഉപോല്‍പ്പന്നമാണ്. എന്നാല്‍ എവിടെയൊക്കെ ശബ്ദം ഒഴിവാക്കാമോ അല്ലെങ്കില്‍ ശബ്ദ തീവ്രത കുറയ്ക്കാമോ എന്ന് ആലോചിച്ച് വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്കാവണം. അങ്ങനെയുള്ള മനുഷ്യരാണ് ആരോഗ്യ ബോധമുള്ള പരിഷ്‌കൃത സമൂഹം എന്ന വിളിപ്പേരിന് അര്‍ഹപ്പെടുക. നാം പരിഷ്‌കൃതര്‍ ആണോ അല്ലയോ എന്ന് ഓരോരുത്തരും സ്വയം വിലയിരുത്തേണ്ട സമയമാണിത്.
ദൈവ വിശ്വാസവും ആരാധനയും രാഷ്ട്രീയ പ്രകടനങ്ങളും പ്രചരണങ്ങളും ആഘോഷങ്ങളും ഒക്കെ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. അതൊക്കെ പൂര്‍ണ്ണമായി ഒഴിവാക്കി ജീവിക്കുക ഏവര്‍ക്കും സാധ്യമല്ല. എന്നാല്‍ അതിലേക്ക് ഉല്‍പാദിപ്പിക്കുന്ന ശബ്ദത്തിന്റെ തീവ്രതയുടെ തോത് നിയന്ത്രിച്ച് ശബ്ദ മലിനീകരണം എപ്രകാരം കുറയ്ക്കാമെന്ന് ചിന്തിക്കാന്‍ ആധുനിക ലോകത്ത് ജീവിക്കുന്ന നാമോരോരുത്തരും ബാധ്യസ്ഥരാണ്. അത് നമ്മില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വമാണ്. ആധുനിക പൗരന്‍ എന്നഭിമാനിക്കുന്ന ഓരോ വ്യക്തിയുടേയും കടമയാണ്.
ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞും, ഉത്തമ പൗരന്മാരും സാമൂഹ്യ ജീവികളുമായി വളര്‍ന്ന് ബുദ്ധിപരവും ശാരീരികവുമായ അവരവരുടെ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെയാണ് രാഷ്ട്രം പുരോഗതി പ്രാപിക്കുന്നത്. സ്വന്തം കടമ നിറവേറ്റാത്തവരെയും രാഷ്ട പുരോഗതിയ്ക്ക് എതിരെ നില്‍ക്കുന്നവരെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ശത്രുവായിട്ട് മാത്രമേ കാണാനാവുകയുള്ളു.
ഭ്രാന്തമായ ഒച്ചയുടെ സ്ഥാനത്ത് അതൊട്ടു കുറയ്ക്കാനും ലൗഡ് സ്പീക്കറുടെ സ്ഥാനത്ത് അവരവരുടെ സ്വകാര്യ ഇടങ്ങളില്‍ മാത്രം കേള്‍ക്കാന്‍ തരത്തിലുള്ള ബോക്‌സുകള്‍ ഘടിപ്പിച്ചും നമുക്കാഘോഷിക്കാം. ശബ്ദം കൊണ്ട് മത്സരിക്കാതെ ബുദ്ധി കൊണ്ടും ആരോഗ്യം കൊണ്ടും മത്സരിക്കാനും അതില്‍ അഭിമാനിക്കാനുമുള്ള സംസ്‌കാരം നാം സ്വന്തമാക്കണം.
മരമൊരു വരം എന്നു പറയുന്നവര്‍ അറിയുന്നില്ല അത് ശബ്ദ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന്. എവിടെയൊക്കെ ഒരു മരം നടാനാവുമോ അത് ചെയ്യുക. പൊതുവിടങ്ങളില്‍ മാത്രമല്ല സ്വന്തം പറമ്പുകളിലും വേലികളിലും കഴിയുന്നത്ര മരങ്ങളും ചെടികളും നടാന്‍ ശ്രമിക്കുക. വൃക്ഷ തൈ നട്ട് ആളെക്കൂട്ടി പടമെടുത്ത് പ്രചരിപ്പിച്ച് സ്വന്തം മുഖം കാണിക്കുന്നതിനെക്കുറിച്ചല്ല ഇപ്പറയുന്നത്. നടുക മാത്രമല്ല പരിപാലിക്കാനും കഴിയണം. ആര് നട്ടതായാലും വൃക്ഷതൈകളോട് ഒരു കരുതല്‍ നമുക്കേവര്‍ക്കും വേണ്ടതാണ്.
വൃക്ഷത്തൈകള്‍ നടാന്‍ ഇടമില്ലാത്തവര്‍ക്ക് ചെറിയ ചട്ടികളില്‍ വരെ ചെടികള്‍ വീടിനു ചുറ്റിലും മതിലിന് മുകളിലും ഒക്കെ നടാവുന്നതാണ്. ചെടികളും മരങ്ങളും ശുദ്ധ വായുവും തണലും മഴയും തരിക മാത്രമല്ല നമുക്ക് ശബ്ദ മലിനീകരണത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷ തരുന്നുവെന്നും നമുക്കറിയാം.
ചെടികളും മരങ്ങളും എങ്ങനെ മഴ തരും. അപ്പോള്‍ കടലില്‍ മഴ പെയ്യുന്നതോ എന്ന് ചിലര്‍ ചോദിച്ചേയ്ക്കാം. ഭൗമോപരിതലത്തിന്റെ ഏതാണ്ട് 71 ശതമാനം ജലമാണ്. ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ സസ്യ സമ്പത്തുള്ളത് കടലിലാണ്. കിലോമീറ്ററുകള്‍ ആഴമാണ് കടലിനുള്ളത്. അവിടെയുള്ള സസ്യ സമ്പത്ത് നമ്മുടെ സാധാരണ കണക്കു കൂട്ടലുകള്‍ക്കും പുറത്താണ്.
ഒരു കാര്യം കൂടി. കടലില്‍ റോഡുകളും ഗൃഹങ്ങളും കെട്ടിടങ്ങളും ഫാക്ടറികളുമില്ല. നിറയെ ജൈവ സമ്പത്താണ്. ചെടികളുടെ വംശഹത്യയും വന നശീകരണവും ഉള്‍പ്പെടെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇക്കാലത്ത് കടലിലെ സസ്യ സമ്പത്താണ് നമ്മുടെ നിലനില്‍പ്പിന്നാധാരം എന്ന് കൂടി അറിയുമല്ലോ.












