ഈസ്റ്റ് ഹാമിലെ മുരുകന്‍ അമ്പലത്തിന് മുന്നില്‍ ആളുകളുടെ എണ്ണം കൂടിവന്നു. മിക്കവരും ഉച്ചയൂണിന് വരുന്ന സ്ഥിരാഗംങ്ങളാണ്. ആ കൂട്ടത്തില്‍ മാണി ഇവിടെവെച്ച് പരിചയപ്പെട്ട സാബുവും ശ്യാമുവേലുമുണ്ട്. സാബു നാട്ടിലെ എം.ബി.ബി.എസ് പാസ്സായിട്ട് ലണ്ടനില്‍ ഉപരിപഠനം നടത്താനും ഒരു നല്ല ജോലിക്കുമാണ് വന്നത്. ഇവിടുത്തെ പരീക്ഷകള്‍ പാസ്സാകാതെ ആ രംഗത്ത് പ്രവേശിക്കാനാവില്ല. അതിനുള്ള തയ്യാറെടുപ്പിലാണ്. നാട്ടില്‍ നിന്ന് വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആദ്യത്തെ ജനറല്‍ മെഡിക്കല്‍ പരീക്ഷയെഴുതി പരാജയപ്പെട്ടു. വീണ്ടും എഴുതണം അതിനുള്ള തയ്യാറെടുപ്പാണ്.
സമ്പന്നരുടെ മക്കള്‍ വന്ന് പഠിച്ചിട്ട് പോകുന്നുണ്ടെങ്കിലും സാധാരണക്കാരായ എന്നെപോലുള്ളവര്‍ക്ക് അധികനാള്‍ ഇവിടെ പിടിച്ചുനില്‍ക്കാനാവില്ല. അഥവാ പിടിച്ച് നില്‍ക്കണമെങ്കില്‍ നല്ല ജോലി വേണം. മെഡിക്കല്‍ കോളേജില്‍ പഠിപ്പിച്ചിരുന്നവരില്‍ ചിലരൊക്കെ ഇവിടെ വന്ന് ഉന്നത ബിരുദമെടുത്ത് മടങ്ങിവന്ന് വാതോരാതെ ഇവിടുത്തെ വിദ്യാഭ്യാസ രീതിയെ പ്രകീര്‍ത്തിക്കുമ്പോള്‍ ക്ലാസ്സില്‍ വെച്ച് തന്നെ ഒരു മോഹമുണര്‍ന്നതാണ് ഇവിടുത്തെ ബിരുദം നേടണമെന്ന്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഇവിടുത്തെപോലെ പുസ്തകങ്ങള്‍ ചുമന്നുകൊണ്ട് പോകാറില്ല. ആദ്യം അവരെ പഠിപ്പിക്കുന്നത് എങ്ങനെ ക്ലാസ്സും മുറികളും വൃത്തിയാക്കിയിടണമെന്നൊക്കെ കേട്ടപ്പോള്‍ എല്ലാ ഒരു പുതുമായായി തോന്നി. ക്ലാസുകളില്‍ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുട്ടികള്‍തന്നെ കൂടുതല്‍ ലൈബ്രറികളിലൂടെ അറിവുകള്‍ കണ്ടെത്തി അതിന്റെ പൂര്‍ണ്ണരൂപം അദ്ധ്യാപകന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു. കുട്ടികള്‍ കണ്ടെത്തുന്ന തെളിവുകളും നിഗമനങ്ങളും എതിര്‍പ്പുകളും അവര്‍ അതില്‍ രേഖപ്പെടുത്തിയിരിക്കും. ഓരോ കുട്ടികളും ആരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഈ പഠനത്തിലൂടെ അവര്‍ തെളിയിക്കുന്നു. അങ്ങനെ കുട്ടികള്‍ ഓരോരുത്തരും ഗവേഷകരായിമാറുന്നു. ഒരു കുട്ടിയുടെ കഴിവിനെ കണ്ടെത്താനും വളര്‍ത്താനുമുള്ള എളുപ്പമാര്‍ഗ്ഗമാണ്. വിദ്യാഭ്യാസ രീതികള്‍ ചെറുപ്പം മുതലെ ഓരോ വിഷയങ്ങള്‍ പഠിച്ച് ഒരുക്കുന്നതിനൊപ്പം അത് പ്രവര്‍ത്തിയില്‍ കൂടി അവതരിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ പഠനത്തെ സഹായിക്കാന്‍ ഓരോരോ സ്ഥലങ്ങളും ലൈബ്രറികള്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ അവിടെ ചെന്ന് അവര്‍ക്കാവശ്യമുള്ള പുസ്തകങ്ങള്‍ കണ്ടെത്തുന്നു. പുസ്തകങ്ങള്‍ പണം കൊടുത്ത് വാങ്ങേണ്ടതില്ല. അവിടുത്തെ മെംബര്‍ഷിപ്പ് എടുത്താല്‍ മതിയാകും. പുസ്തകത്തില്‍ രേഖപ്പെടുത്തിയരിക്കുന്ന തീയതിക്കുള്ളില്‍ പുസ്തകം മടക്കികൊടുത്തില്ലെങ്കില്‍ അതിന് പിഴകൊടുക്കേണ്ടി വരും. അതിനാല്‍ ആ തീയതിക്കുള്ളില്‍ തന്നെ പുസ്തകം ലൈബ്രറിയില്‍ എത്തിച്ചിരിക്കും. പുസ്തകങ്ങള്‍ സ്വന്തമായി വേണമെന്നുള്ളവര്‍ക്ക് പണം കൊടുത്ത് വാങ്ങുകയും ചെയ്യാം. എന്നാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളും ലൈബ്രറികളെ അഭം പ്രാപിക്കുന്നത്. പ്രമുഖ ലൈബ്രറികളൊക്കെ രാപകല്‍ പ്രവര്‍ത്തിക്കുന്നതാണ്. പല കുട്ടികളും പകല്‍ ജോലി ചെയ്തിട്ട് രാത്രികാലത്ത് പോയിരുന്ന് പഠിക്കാറുണ്ട്.
എല്ലാവരും ആഹാരം കഴിക്കാന്‍ അകത്തേക്ക് കടന്നപ്പോള്‍ മാണി അവിടെ തന്നെ നിന്നു. സാബു അവന്റെയുത്തേക്ക് ചെന്നു ചോദിച്ചു. ‘ഇയാളെന്താ ഇവിടെ നില്‍ക്കുന്നേ?’
പകല്‍ സ്വപനം കാണുന്ന മാണി ചെറുതായൊന്ന് പുഞ്ചിരിച്ചിട്ട് സാബുവിനൊപ്പം അകത്തേക്ക് നടന്നു. ആഹാരം കഴിക്കാനായി വിവിധ നാടുകളില്‍ നിന്നുള്ളവരുണ്ട്. തമിഴര്‍, പഞ്ചാബി, ഗുജറാത്തി, മലയാളി. വിശപ്പ് വരുമ്പോഴൊക്കെ അമ്പലത്തിന്റെയും ഗുരുദ്വാരയുടെയുമൊക്കെ മുഖചിത്രം മുന്നില്‍ തെളിയും. വിശ്വാസമുള്ളവനും ഇല്ലാത്തവനുമെല്ലാം വിശപ്പടക്കാന്‍ ഇവിടെയത്തും. സാമ്പത്തിക ഞെരുക്കമുള്ളവരാണ് ദാനമായി ലഭിക്കുന്ന ആഹാരം കഴിക്കാന്‍ ഇവിടെയെത്തുന്നത്. മാണിക്ക് തോന്നി. ഈ അമ്പലങ്ങളും പള്ളികളും മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതുപോലെ പരിഹരിച്ചാല്‍ ദൈവം കൃപയും മഹത്വമുള്ളവനെന്ന് പറയുവാന്‍ കഴിയും. അവര്‍ ഒന്നായിരുന്ന് ആഹാരം കഴിക്കുമ്പോള്‍ അവരുടെ മുഖത്ത് സ്വാര്‍ത്ഥത, പക, പിണക്കം, അസൂയ ഒന്നും തന്നെ കണ്ടിരുന്നില്ല. ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നവരുടെ മുഖത്തേക്ക് നോക്കി. തന്നെപോലെ തളര്‍ച്ചയുള്ളവരും തളര്‍ന്നുറങ്ങുന്നവരുമാണ്. വിശപ്പ് മാറിയപ്പോള്‍ അവരുടെ മുഖങ്ങള്‍ തെളിഞ്ഞുനിന്നു. നല്ലൊരു ജോലിയോ മറ്റ് വരുമാനങ്ങളോ ഉണ്ടായിരുന്നുവെങ്കില്‍ ഹോട്ടലിലോ ക്ലബ്ബുകളിലോ പോയിരുന്ന് ഇതനെക്കാള്‍ രുചിയും സ്വാദുമുള്ള ആഹാരം കഴിക്കാമായിരുന്നു. ഒറ്റയായും കൂട്ടമായും ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇവിടെ ഭക്ഷണം കഴിക്കാന്‍ വരാറുള്ളണ്ട്. ഇടയ്ക്ക് സാബുവിനോട് ചോദിച്ചു.
‘നമ്മുടെ ആ ഹിന്ദിക്കാരന്‍ ഡോക്ടര്‍ ശര്‍മ്മയും, റാവുവിനെയും ഒന്നും ഈ ആഴ്ച ഇവിടെ കണ്ടില്ലല്ലോ.’
‘അവരൊക്കെ ഇന്ത്യയിലേക്ക് മടങ്ങിപോയി. അവര്‍ക്കൊന്നും ഇവിടെ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. തലക്ക് വട്ടായിട്ടല്ലേ ഉള്ള ജോലി കളഞ്ഞിട്ട് വന്നത്. പോയത് നന്നായി.’
‘പിന്നെ എന്തിന പൊക്കിക്കെട്ടി വന്നത്?’
സാബു വല്ലാത്തൊരു ഭാരത്തോടെ പറഞ്ഞു, ‘ആശുപത്രികളില്‍ ജോലി കിട്ടുമെന്നുള്ള പ്രതീക്ഷയായി വന്നവരാണ്. അതല്ലാതെ മറ്റൊരു തൊഴില്‍ അവന്‍ പഠിച്ചിട്ടില്ലല്ലോ. അവര്‍ക്ക് ലാബ് ടെക്‌നീഷ്യന്റെ ജോലി കിട്ടി. രക്തമെടുക്കുക. ഞാന്‍ കംമ്പ്യൂട്ടര്‍ കുറെ പഠിച്ചതുകൊണ്ട് ഇവിടെ പിടിച്ച് നില്‍ക്കാമെന്ന് തോന്നുന്നു. താന്‍ കഴിഞ് ദിവസം പോയ സെക്രട്ടറി പോസ്റ്റ് ഇന്റര്‍വ്യൂ എന്തായി? ‘
‘അറിയിക്കാമെന്ന് പറഞ്ഞു. ആര്‍ക്കറിയാം….’
അവരുടെ മുന്നിലേക്ക് ഒരു തമിഴന്‍ വലിയൊരു പാത്രത്തില്‍ ചോറുമായിട്ടെത്തി. അവര്‍ പാത്രമെടുത്ത് മുകളിലേക്ക് നീട്ടി. അയാള്‍ ചോറ് പാത്രത്തിലേക്ക് ഇട്ടുകൊടുത്തു. പിറകെ മറ്റൊരാള്‍ സാമ്പാറുമായിട്ടെത്തി. ഭക്ഷണം കഴിച്ചിട്ടവര്‍ പുറത്തിറങ്ങി നടന്നു. വയര്‍ നിറഞ്ഞുവെങ്കിലും മുഖത്ത് വിഷാദമായിരുന്നു. മാണിക്ക് ഉണ്ടായിരുന്ന ജോലി സാബുവിന്റെ ദുഃഖം മറ്റൊന്നായിരുന്നു. ഇപ്പോഴുള്ള ഇരുപത് മണിക്കൂര്‍ കുറച്ച് കൂട്ടികിട്ടണം. വാടകയും, ഫീസും മറ്റ് ചിലവുകളും ഇപ്പോള്‍ കിട്ടുന്ന ശമ്പളം കൊണ്ട് കൂട്ടിമുട്ടിക്കാനാവുന്നില്ല. മാണിക്ക് ഈയിടയായി മനസ്സിലൊരു ചിന്തയുണ്ട്. നാട്ടിലേക്ക് മടങ്ങിപോയാലോ? വന്നവരില്‍ ഡോക്‌ടേഴ്‌സടക്കം പലരും മടങ്ങിപോയി. ഇന്നത്തെ പ്രതിസന്ധിക്ക് കടിഞ്ഞാണിടാന്‍ എന്താണൊരു മാര്‍ഗ്ഗം. ഓര്‍ക്കുന്തോറും മനസ്സിന് വല്ലാത്ത ക്ഷീണം തോന്നുന്നു. നാട്ടിലേക്ക് മടങ്ങി ചെന്നാല്‍ നാണക്കോട് മാത്രമല്ല സ്വന്തമായി ഒരു വീടുപോലുമില്ല. അനാഥനല്ലേ അടുത്തമാസം ഫീസ്സടച്ച് പരീക്ഷയെഴുതണം. അതിനുള്ള തുക എങ്ങനെയുണ്ടാക്കും. മനസ്സ് കിതച്ചു. പലയിടത്തും ജോലിക്കായി അലഞ്ഞു നടന്നു. ജോലി ആവശ്യപ്പെടുമ്പോഴൊക്കെ അവരുടെ മുഖം മങ്ങും. അവരുടെ നോട്ടവും ഭാവവും ഊഹിക്കാവുന്നതേയുള്ളൂ. നിത്യവും ജോലി ക്ഷണിച്ചുകൊണ്ടിരിക്കും. അപേക്ഷ അയക്കും. ക്ഷണം കിട്ടിയാലുടന്‍ അരമണിക്കൂര്‍ മുന്നേ ചെല്ലും. കല്യാണ സദ്യക്ക് ക്ഷണിക്കപ്പെട്ടവരെപോലെ ധാരാളം പേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തും. അത് കാണുമ്പോഴെ സദ്യക്ക് വന്നവരൊക്കെ ഭാഗ്യവാന്മാരെന്ന് തോന്നും. ഇരിപ്പിടത്തില്‍ ഇരിക്കുമ്പോഴോര്‍ക്കും എത്ര അപേക്ഷകള്‍ അയച്ചു. എത്രപേര്‍ ക്ഷണിച്ചു. ആര്‍ക്കൊക്കെ അയച്ചു. കോട്ടും സ്യൂട്ടുമണിഞ്ഞെത്തിയിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍. അവസാനം പറയും ലേശം പോലും സംശയം വേണ്ട. പിറകാലെ കത്ത് വരും കത്ത് തുറന്ന് നോക്കും. ക്ഷമിക്കണം താങ്കള്‍ക്ക് ഇടം ലഭിച്ചില്ല. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. അവര്‍ അപേക്ഷ നിരസിക്കുന്നില്ല. മനസ്സ് കലങ്ങിയിട്ട് കാര്യമൊന്നുമില്ല. സ്വന്തം ദേശക്കാര്‍ തൊഴിലില്ലാതെ നടക്കുമ്പോള്‍ പരദേശികള്‍ക്ക് തൊഴില്‍ എങ്ങനെ കൊടുക്കും. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടില്ലെങ്കില്‍ രക്ഷപെടുക പ്രയാസം. അക്ഷീണമായ ഒരു ശ്രമം തന്നെ തുടരാന്‍ മാണി തീരുമാനിച്ചു. സ്വന്തം നാട്ടിലേതുപോലെ ആരുടെയും കൈയ്യും കാലും പിടിക്കേണ്ട, ഓച്ചാനിച്ച് നില്‍ക്കേണ്ട, കൈക്കൂലിയും കൊടുക്കേണ്ട. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഈ മാര്‍ഗ്ഗത്തിലല്ലേ ഉദ്യോഗാര്‍ത്ഥികളെ കാണുന്നത്. ഇവിടെ അങ്ങനെയൊരു ശാപമില്ലാത്തത് ഭാഗ്യം. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാവരും അപരിചിതര്‍. പരിചയപ്പെടേണ്ടത് സ്വന്തം കഴിവിലും സാമര്‍ത്ഥ്യത്തിലുമല്ലേ. ബുദ്ധിയും വിവേകവുമുള്ളവനല്ലേ അതൊക്കെ ആലോചിക്കാന്‍ കഴിയൂ. ലക്ഷ്യത്തിലെത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ കഴിവില്‍ മത്സരിക്കുന്നു. ഭാവിയെക്കുറിച്ച് അവര്‍ക്കൊരു പ്രതീക്ഷയുണ്ട്.
മാണി യാത്രപറയാനൊരുങ്ങുമ്പോള്‍ ഒരു പരുങ്ങലോടെ സാബു ചോദിച്ചു.
‘എനിക്ക് ഒരല്‍പം കാശ് കടം തരാന്‍ കാണുമോ? ഫീസ്സടക്കാനാ. രണ്ട് മാസം കഴിയുമ്പോള്‍ മടക്കി തരാം.’
‘ഡോക്ടറെ, പണിയില്ലെന്നറിയില്ലേ?’
‘അതിനെന്താ പണി കിട്ടില്ലേ. പണിപോയത് കഴിഞ്ഞ മാസമല്ലേ? ബാങ്കില്‍ എന്തെങ്കിലും കാണാതിരിക്കുമോ?’
മാണി ഒരല്‍പം ആലോചിച്ചു നിന്നു. എനിക്കും ഫീസ്സടക്കാനുണ്ട്. ആരെയും എപ്പോഴും സഹായിക്കാന്‍ സന്മനസുള്ളവനാണ് മാണിയെന്ന് സാബുവിനറിയാം. എനിക്ക് പോലും ജോലി ശരിയാക്കി തന്നയാളാണ്. അങ്ങനെ എത്രയോ പേര്‍ക്ക്. സ്വന്തം ജോലിപോലും നഷ്ടപ്പെടാന്‍ കാരണം പുതിയതായി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി തിരക്കിയിറങ്ങിയതാണ്. ജോലിക്കായി പല സ്ഥലത്തേ ഫാക്ടറികളിലും വലിയ കടകളിലും അന്വേഷിക്കും. ഒടുവില്‍ ഇന്റര്‍നെറ്റിലൂടെയായി അന്വേഷണങ്ങള്‍. അങ്ങനെ അവധി ധാരാളമെടുത്തപ്പോള്‍ കടയുടെ മാനേജര്‍ പുറത്താക്കുകയായിരുന്നു. ഒടുവില്‍ ഒരു കാരണം കണ്ടെത്തി, സാമ്പത്തിക മാന്ദ്യം. ആ സ്ഥാനത്തേക്ക് സാബുവിനെ അയച്ചു. ഒരു ഡോക്ടര്‍ എന്നുകൂടി കേട്ടപ്പോള്‍ മാനേജര്‍ക്കും സന്തോഷമായി. മാണി തന്നെയാണ് സാബുവിനെ അയച്ചതെന്ന് മാനേജര്‍ക്ക് അറിയില്ലായിരുന്നു.
പ്രൈം മാര്‍ക്കെന്ന വലിയൊരു തുണിക്കടയില്‍ തുണികള്‍ അതാത് സ്ഥാനങ്ങളില്‍ എത്തിക്കുക, തുണികള്‍ ഭംഗിയായി ഇടുക, വില്‍പ്പനയില്‍ തുണികള്‍ കുറയുമ്പോള്‍ അവിടേക്ക് തുണികള്‍ കൊണ്ടിടുക മുതലായ ജോലികളാണ് ചെയ്യുന്നത്. അങ്ങനെയാണ് സാബുവിന് നഷ്ടപ്പെട്ട ആത്മധൈര്യം വീണ്ടുകിട്ടിയത്. മാണിക്കും മറിച്ചൊന്നും പറയാന്‍ തോന്നിയില്ല. ജോലിക്ക് കയറിയതേയുള്ളൂ. പൈസ കാണില്ലായിരിക്കും. മാണിയുടെ മുഖത്തെ മന്ദഹാസം കണ്ടപ്പോള്‍ സഹായിക്കുമെന്ന പ്രതീക്ഷ സാബുവിനുണ്ടായി. സ്വന്തം നാട്ടിലുള്ള ബന്ധുക്കള്‍, സുഹൃത്തുക്കളെക്കാള്‍ ബന്ധമുള്ളവരാണ് പരദേശത്ത് പാര്‍ക്കുന്നവര്‍. പ്രൈം മാര്‍ക്കില്‍ തുണി വാങ്ങാന്‍ കയറിയപ്പോള്‍ മാണിയെ പരിചയപ്പെട്ടതാണ്. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത മലയാളികളുടെ ഇടയില്‍ ആദ്യമായിട്ടാണ് മാണിയെന്ന മലയാളിയെ കണ്ടത്. വളരെ താല്‍പര്യത്തോടെയാണ് എല്ലാം കേട്ടത്. മാത്രവുമല്ല കഴിയുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് വാഗ്ദാനവും നല്‍കി മൊബൈല്‍ ഫോണ്‍ നമ്പറും സ്വന്തം മൊബൈലിലേക്ക് പകര്‍ത്തി. ഇതിനിടയില്‍ മറ്റൊരിടത്ത് ജോലിക്ക് പറഞ്ഞുവിട്ടു. ഇവിടുത്തെ നാഷ്ണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ ലഭിക്കാത്തതിനാല്‍ അത് ചീറ്റിപ്പോയി. കഴിഞ്ഞ ആഴ്ചയാണ് എന്‍.ഐ. നമ്പര്‍ കിട്ടിയത്. അതില്ലാതെ ആര്‍ക്കും ജോലി ലഭിക്കില്ല. ഈ രാജ്യത്ത് പാര്‍ക്കുന്ന ഏതൊരുപൗരനും ആ നമ്പര്‍ ഉണ്ടായിരിക്കണം അതാണ് നിയമം. അതില്ലാതെയും ധാരാളം പേര്‍ ഒളിച്ചും മറഞ്ഞും ഫാക്ടറികളില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ പലരും പോലീസിന്റെ വലയില്‍ അകപ്പെടാറുമുണ്ട്. നാല് പേര്‍ക്കൊപ്പമാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. ആ വീടിന്റെ ഉടമയാകട്ടെ ഒരു ഡോക്ടറായ മലയാളിയാണ്. പേര് സുകുമാരന്‍ നായര്‍. മറ്റൊരു ഡോക്ടറെയും പള്ളിയില്‍ വെച്ച് പരിചയപ്പെട്ടു. ജോണ്‍ മാത്യു. നഗരത്തിന്റെ സമ്പന്നതയില്‍ താമസിക്കുന്നവരുടെ ധാരണ ഇവിടുത്തെ തമ്പ്രാന്‍മാരെന്നാണ്. വലിയ സമ്പന്നര്‍ കൂടുന്ന ക്ലബ്ബുകളില്‍ യാതൊരു മടിയും കൂടാതെ കടന്ന് ചെല്ലും. ആ കൂട്ടത്തില്‍ ഏതെങ്കിലും മലയാളത്തനിമയുളളവര്‍ മലയാളത്തില്‍ ഏന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം ഇംഗ്ലീഷില്‍ ലഭിക്കും.
മലയാളിയെന്ന് കണ്ടാല്‍ വളരെപ്പെട്ടെന്ന് പിന്‍തിരിയുന്നവര്‍, മറ്റുള്ളവരെക്കാള്‍ മറ്റെന്തോ ആണെന്നുള്ള ചിന്തയുള്ളവര്‍, യാത്ര കണ്ടാല്‍ എപ്പോഴും തിക്കും തിരക്കുമാണ്. മലയാളികളുടെ ഇടയിലെ ബോറന്‍ പാര്‍ട്ടികളായേ സാബുവിന് ഇവരെ കാണാന്‍ കഴിഞ്ഞുള്ളു. പോക്കുവെയില്‍ കൊണ്ടാല്‍ പൊന്നാകുമെന്ന് കരുതുന്ന ധാരാളം മലയാളികളെ ഇങ്ങനെ കാണാം. മാണി ഒരു ഫലിതം പോലെ പറഞ്ഞു. ഈ കൂട്ടര്‍ക്ക് പുത്തന്‍ കൊടുത്താലും പുസ്തകം കൊടുക്കരുത്. അത് വായിച്ച് വായില്‍ വരുന്നതെല്ലാം വിളിച്ചു പറയും. സാബു ഒരിക്കല്‍ പറഞ്ഞത് മാണി ഓര്‍ത്തു. ഈ സമ്പന്നന്‍മാരോട് സംസാരിച്ചതുകൊണ്ട് പിച്ച കിട്ടിയതുമില്ല പട്ടികടിക്കുകയും ചെയ്തു. എന്തൊക്കെ പറഞ്ഞോ അതൊക്കെ പന്തികേടായി തോന്നി. എല്ലാം ജീവിതത്തില്‍ നേരിടുന്ന ഓരോരോ അനുഭവങ്ങളില്‍ കുറിച്ചിട്ടു. മാണി പെട്ടെന്ന് ചോദിച്ചു. എത്ര വേണ്ടിവരും? തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പറഞ്ഞു. ആയിരും പൗണ്ട് വേണം? ഇന്നുവരെ ആരെയും സാമ്പത്തികമായി സഹായിക്കാനുള്ള ഒരു ചുറ്റുപാട് ഉണ്ടായിട്ടില്ല. ആകെ നാട്ടില്‍ നിന്ന് ഏലി അമ്മച്ചി അഞ്ച് ലക്ഷം ചോദിച്ചു. ആ തുക കൊടുക്കാനുള്ള സാമ്പത്തിക ഭദ്രതയില്ലായിരുന്നു കടം വാങ്ങി അയക്കാമെന്ന് വെച്ചാലും അമ്മയുടെ വീടിനോട് യാതൊരു താല്‍പര്യവുമില്ലായിരുന്നു. ജീവിതത്തില്‍ തൊഴില്‍ രഹിതനായ ഒരാളോട് മറ്റൊരാള്‍ കടം ചോദിക്കുന്നു. എന്നില്‍ അമിതമായ സ്‌നേഹം വെച്ചുപുലര്‍ത്തുന്നതുകൊണ്ടല്ലേ ഒരു സഹായം ആവശ്യപ്പെട്ടത്. കേട്ടിടത്തോളം സാബുവിന് ചുമതലകളും ബാദ്ധ്യതകളും ധാരാളമുള്ള വ്യക്തിയാണ്. പിതാവിന്റെ ഏക ആഗ്രഹമാണ് എന്തൊക്കെ വിറ്റാലും മകന്‍ പഠിച്ച് ഒരു ഉയര്‍ന്ന നിലയില്‍ എത്തണമെന്ന്. ഒരു മറുപടിയും ലഭിക്കാതിരുന്നപ്പോള്‍ സാബു കണ്ണുകളിലേക്ക് നോക്കി. ഒരു സഹോദരന്റെ മുഖഭാവമാണ് മുന്നില്‍ തെളിഞ്ഞത്. മാണിയുടെ മനസ്സ് തുറന്നു. ആ തുക തരാം. സാബുവിന്റെ മനസ്സിലെ സംശയങ്ങള്‍ മാറി. അനുജന്റെ പ്രായമേ ഉള്ളൂവെങ്കിലും കണ്ടെത്തിയ സുഹൃത്തിനെ ഇഷ്ടപ്പെട്ടു. നന്ദി പറഞ്ഞുകണ്ട് സാബു പോയി.
വീട്ടിലെത്തിയ മാണി ബാഗില്‍ പേപ്പറുകളൊക്കെ എടുത്ത് വെച്ച് നേരെ പോയത് സ്റ്റാറ്റ്‌ഫോര്‍ഡിലെ ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേക്കായിരുന്നു. മിനി ക്ലാസിന് പോയിട്ട് വന്നിരുന്നില്ല. ലൈബ്രറി ഹാളിനുള്ളില്‍ പലഭാഷക്കാരും രാജ്യക്കാരുമാണ് കുട്ടികള്‍ ഓരോരോ ഭാഗങ്ങളിലിരുന്ന് പുസ്തകങ്ങള്‍ വായിക്കുകയും എഴുതുകയും ചെയ്തു. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളായിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ എന്താണ് വീടുകളില്‍ പോകാത്തത്. പലരുടെയും കൂട്ടത്തില്‍ ആണ്‍കുട്ടികളുമുണ്ട്. അതൊക്കെ ഒപ്പം പഠിക്കുന്നവരോ കാമുകന്മാരോ ആകാം. കാണാന്‍ നല്ല ഭംഗിയുള്ള മദാമ്മ പെണ്‍കുട്ടികളെ പഠനത്തിനിടയിലും അവന്‍ നോക്കി. ഇവരെല്ലാം ഉപരിപഠനം നടത്തുന്നവരായിരിക്കും. എഴുന്നേറ്റ് ടോയ്‌ലറ്റില്‍ പോയി മടങ്ങി വന്നപ്പോള്‍ ചിലരുടെ മേശമുകളിലിരുന്ന പുസ്തകങ്ങളിലേക്ക് കണ്ണുകളോടിച്ചു. നോക്കിയ പുസ്തകം ഒരു ഇംഗ്ലീഷ് നോവലായിരുന്നു നിത്യതൊഴിലഭ്യാസമായി തോന്നി. ഇവര്‍ക്ക് നോവല്‍ വായന ഒരു ഭ്രാന്താണോ?. ആദ്യം കരുതിയത് പഠിക്കാനുള്ള പുസ്തകങ്ങള്‍ ആയിരിക്കുമെന്നാണ്. നാട്ടിലെ മിക്ക യുവതിയുവാക്കളും ഈ നേരം റ്റി.വിയുടെ മുന്നിലായിരിക്കും. അറിവിനെ കീഴടക്കാനുള്ള ഈ മനുഷ്യരുടെ മുന്നേറ്റത്തെ അഭിനന്ദിക്കാതെ നിവൃത്തിയില്ല. വായനയില്‍ തളരുന്നില്ല. ക്ഷീണിക്കുന്നുമില്ല. ആ അറിവ് അവര്‍ക്ക് ശക്തി പകര്‍ന്നുകൊണ്ടിരിക്കുന്നു. കാലത്തിനും ചിറകുണ്ട്. ആ ചിറകില്‍ സഞ്ചരിക്കുന്നത് അറിവ് മത്രം. സ്വന്തം നാട്ടിലെ കാര്യമെടുത്താലോ കാലത്തിനും വരും കാലദോഷമെന്നപോലെ കാലത്തിനൊത്ത കോലങ്ങള്‍. ആ കോലങ്ങള്‍ തെരവീഥികളില്‍ അവര്‍ കത്തിച്ചുകൊണ്ടിരിക്കുന്നു. അതല്ലെങ്കില്‍ വീട്ടിലെ ടി.വിയില്‍ കാണാം.
നേരെ ഏറെ ഇരുട്ടിയിട്ടും മാണിയെ കാണാതെ വന്നപ്പോള്‍ മിനി മൊബൈല്‍ ഫോണില്‍ വിളിച്ചു. അതിന്റെ ബെല്ലടി അടുത്ത മുറിയില്‍ നിന്ന് കേട്ടപ്പോള്‍ അവള്‍ ചെന്ന് കതക് തുറന്ന് നോക്കി. അത് ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചിട്ട് എടുക്കാന്‍ മറന്നുപോയതെന്ന് തോന്നി. മണി പന്ത്രണ്ടായിരിക്കുന്നു. പഠിച്ചുകൊണ്ടിരിക്കെ പുസ്തകത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല. മാണി ഇതുവരെ വന്നില്ലല്ലോ? അവളുടെ മുഖത്ത് എന്തൊന്നില്ലാത്ത പരിഭ്രമം പ്രകടമായിരുന്നു. പുറത്തെ ഇരുട്ടില്‍ നിലാവ് വ്യാപിച്ചു കിടന്നു. ലൈറ്റണച്ച് ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. പെട്ടെന്ന് അടുത്ത മുറിയിലെ മൊബൈല്‍ ശബ്ദിച്ചു. പെട്ടെന്ന് എഴുന്നേറ്റ് കതക് തുറന്ന് മുറിക്കുള്ളിലേക്കോടി ഫോണെടുത്തു. ആദ്യം കരുതിയത് മാണി ആയിരിക്കുമെന്നാണ്. പക്ഷെ അത് നാട്ടില്‍ നിന്നുളള ഫോണായിരുന്നു. സിന്ധു മകനെപ്പറഅറി അന്വേഷിച്ചു. ഒരു കള്ളം പറഞ്ഞു. ഇവിടെയില്ല പുറത്ത് പോയിരിക്കുന്നു. ഢാന്‍ അടുത്ത മുറിയില്‍ താമസിക്കുന്ന ആളാണ്. അവളെപ്പറ്റി കൂടുതലായി സിന്ധു ചോദിച്ചു. നല്ല സുഹൃത്തുക്കള്‍ എന്ന് കേട്ടപ്പോള്‍ സിന്ധുവിന് സന്തോഷമായി. എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചു. ഇപ്പോള്‍ കൃഷിപ്പണിയും ഗ്രാമത്തില്‍ മരം നട്ടുപിടിപ്പിക്കലുമായി കഴിയുന്നുവെന്ന് പറഞ്ഞതിനൊപ്പം മുമ്പൊക്കെ നാടകത്തിസും സിനിമയിലും അഭിനയിച്ചിട്ടുണ്ടെന്ന് കൂടി പറഞ്ഞപ്പോള്‍ അവള്‍ പേര് ചോദിച്ചു. പെട്ടെന്നവള്‍ക്ക് ആ മുഖം ഓര്‍മ്മ വന്നു. അവള്‍ സിന്ധുവിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങി. മാണി വിളിക്കറില്ലെന്ന് പരാതിപെട്ടപ്പോള്‍ അവള്‍ സന്തോഷത്തോടെ പറഞ്ഞു. അമ്മ വിഷമിക്കേണ്ട ഇടയ്ക്ക് ഞാന്‍ വിളിക്കാം. അത് പോരായോ? ഫോണ്‍ വെച്ചു. അവള്‍ കതകടച്ച് നിശബ്ദയായി കട്ടിലില്‍ വന്നുകിടന്നു. സ്വയം ചോദിച്ചു ഞാന്‍ വെറുതെ എന്തിനാണ് ആ ചുമതല ഏറ്റെടുത്തത്? അവരുടെ ഭൂതകാല ചരിത്രമൊന്നും എനിക്കറിയില്ല. അതെന്തുമാകട്ടെ. ഇപ്പോള്‍ ഉറക്കം വരാത്തത് എന്താണ്? അവന്റെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കാന്‍ മനസ്സ് വെമ്പല്‍കൊള്ളുന്നുണ്ടോ? മനസ്സിനെ പിടിച്ചുലയ്ക്കുന്നത് എന്താണ്? അവനോടുള്ള ബന്ധം ഒരു കൂടപ്പിറപ്പിനെപ്പോലെയല്ലേ. ഈ രാത്രീയില്‍ അവനെ കാണാത്തതുകൊണ്ട് ഇത്ര ആകാംക്ഷയും അമര്‍ഷവും എന്തിനാണ്? എങ്കിലും മനസ്സില്‍ വിഷമം കത്തിപ്പടരുന്നു. അവന്‍ എവിടെയാണ്?
(തുടരും)







