അവര്‍ യുവത്വത്തിന്റെ ആഘോഷ ലഹരിയില്‍ കൈയ്യിലെ മദ്യ ഗ്ലാസ്സുകള്‍ പരസ്പരം കൂട്ടിമുട്ടിച്ചു. അവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവര്‍ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും കണ്ടു.
പുതുതലമുറയുടെ സ്വാതന്ത്യ്രബോധം അവരില്‍ ഉണര്‍ന്നിരുന്നു. തന്നെപ്പോലുള്ള പഴയ തലമുറ മുറുകെപ്പിടിച്ചിരുന്ന പല മൂല്യങ്ങളും ഇന്നവര്‍ കാറ്റില്‍ പറത്തി തുടങ്ങിയിരിക്കുന്നു.
പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ കടന്നുകയറ്റം അവരുടെ പെരുമാറ്റ രീതികളിലും പ്രതിഫലിച്ചു തുടങ്ങുന്നത് പലതും കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നു. മറിച്ചായാല്‍ ഞങ്ങള്‍ പഴയ തലമുറയില്‍പ്പെട്ടവരെല്ലാം അവരുടെ ശത്രുക്കളായി മാറും. മാത്രമല്ല കാലഹരണപ്പെട്ട വസ്തുക്കള്‍ പോലെ പുറന്തള്ളപ്പെടുകയും ചെയ്യുമെന്ന് ഉറപ്പായിരുന്നു.
എങ്കിലും ക്ലാസ്സെടുക്കുമ്പോള്‍ പലപ്പോഴും ചില മൂല്യങ്ങളെ മുറുകെപ്പിടിക്കുവാന്‍ ഞാനവരെ ഉപദേശിക്കുമായിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളെ…
തെറ്റായ മൂല്യബോധത്തിന്റെ ഭവിഷ്യത്തുക്കളെക്കുറിച്ച് ബോധവതികളായ പലരും എന്നെ പിന്തുണച്ചു. എങ്കിലും കുറെപ്പേരെങ്കിലും വഴിവിട്ട ജീവിതം തെരഞ്ഞെടുക്കുന്നത് എനിക്ക് നിസ്സഹായയായി നോക്കി നില്‍ക്കേണ്ടി വന്നു. അപ്പോഴെല്ലാം മനസ്സില്‍ ചോദ്യശരങ്ങളുയര്‍ന്നു വന്നു. മഹത്തായ ഒരു സംസ്‌ക്കാരത്തിന്റെ പാരമ്പര്യ വക്താക്കളെന്ന് അഭിമാനിച്ചിരുന്ന നമ്മള്‍ ഇന്നെങ്ങോട്ടാണ് നീങ്ങുന്നത്? കഞ്ചാവിനും, മദ്യലഹരിയ്ക്കും ലൈംഗിക വൈകൃതങ്ങള്‍ക്കും അടിമകളായി വഴിതെറ്റിയ ഒരു തലമുറ സൃഷ്ടിക്കുന്ന നവഭാരതമാണോ നാം ഭാവിയില്‍ കാണേണ്ടി വരിക…
എങ്കില്‍ പാശ്ചാത്യരെപ്പോലെ മൂല്യങ്ങളും, വേരുകളും നഷ്ടപ്പെട്ട് ഗതികിട്ടാ പ്രേതങ്ങളെപ്പോലെ തലമുറകള്‍ അലയേണ്ടി വരികയില്ലെ? ഇനി സൃഷ്ടിക്കപ്പെടുന്ന തലമുറകള്‍, അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരികയില്ലെ?
ശരിയായ ഒരു കുടുംബ സംസ്‌ക്കാരം, കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങള്‍ എല്ലാം പാഴ്ക്കിനാവായി മാറുകയാണോ? ഒന്നിനോടും പ്രതിപത്തിയില്ലാത്ത സ്‌നേഹമെന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു തലമുറയാണോ ഇനി സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്?
വലിച്ചെറിയപ്പെടുന്ന മാതാപിതാക്കള്‍, ദിനംതോറും പെരുകുന്ന വിവാഹമോചനങ്ങള്‍ അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങള്‍… വാര്‍ത്തകളില്‍ നിറയുന്ന പീഡന കഥകള്‍… എല്ലാമെല്ലാം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്?
പുഴുക്കളെപ്പോലെ ചീഞ്ഞളിഞ്ഞു, നിരത്തില്‍ അനാഥരെപ്പോലെ കിടന്ന് മരണമടയുന്ന ഒരു തലമുറയെയാണോ ഭാവിയില്‍ നാം കാണേണ്ടി വരിക? ഭയാനകമായ ആ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ കണ്ണുതുറന്നേ തീരൂ… അതിനെന്താണ് എന്നെക്കൊണ്ടു ചെയ്യാന്‍ കഴിയുക?
മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ട ഈ വിദ്യാര്‍ത്ഥി സമൂഹത്തെ നിയന്ത്രിക്കാന്‍ എനിക്കാവുമോ? ഒരദ്ധ്യാപികയെന്ന നിലയില്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി ഇരുട്ടിലേയ്ക്കുറ്റു നോക്കി ഞാനിരുന്നു.
അപ്പോഴാണ് അരുണ്‍ അങ്ങോട്ട് കടന്നു വന്നത്. ”എന്താ മാഡം തനിച്ചിരുന്ന് ആലോചിക്കുന്നത്? ഞാന്‍ ചോദിച്ചതിനുത്തരമാണെങ്കില്‍ മാഡത്തിനിപ്പോള്‍ പറയാമല്ലൊ?”
”ഞാന്‍ ആലോചിച്ചത് എന്റെ വ്യക്തിപരമായ കാര്യങ്ങളല്ല അരുണ്‍… മറിച്ച് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂല്യബോധം സൃഷ്ടിക്കുന്ന എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിച്ചാലോ എന്നതിനെക്കുറിച്ചാണ്… അരുണ്‍ കണ്ടില്ലെ ആ കുട്ടികള്‍ പലരും മദ്യത്തിനും കഞ്ചാവിനും അടിമകളാണ്. പെണ്‍കുട്ടികളും അവരോടൊപ്പമുണ്ട്. സദാചാര ബോധമില്ലാത്ത അവരില്‍ പലരും വഴിവിട്ട ഒരു ജീവിതമാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്നു കണ്ടാലറിയാം. പാശ്ചാത്യ സംസ്‌കാരത്തിനടിപ്പെട്ട അവരെ നേരിട്ടു പറഞ്ഞു മനസ്സിലാക്കാന്‍ വിഷമമാണ്. കോളേജില്‍ ചെന്നിട്ട് നമുക്കവരില്‍ ഒരു പരിവര്‍ത്തനം സൃഷ്ടിക്കാനുതകുന്ന എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. അരുണ്‍ എന്തു പറയുന്നു?”
പെട്ടെന്ന് അരുണിന്റെ കണ്ണുകളില്‍ ഒരു പ്രകാശം മിന്നിത്തിളങ്ങി.
”മാഡം, പഴയ ഊര്‍ജ്ജസ്വലയായ അദ്ധ്യാപികയായി മടങ്ങി വരികയാണെന്നു തോന്നുന്നു. ഇത് നല്ലൊരു മാറ്റമാണ്. അല്പം സാമൂഹ്യപ്രവര്‍ത്തനം ഈ ഘട്ടത്തില്‍ മാഡത്തിനു നല്ലതാണ്. ഏകാന്തതയില്‍ നിന്നും, ദുഃഖ ചിന്തകളില്‍ നിന്നും അതുവഴി മാഡത്തിന് മോചനം ലഭിക്കും. മാഡം ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഗൗരവമായിട്ട് ആലോചിക്കാം. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്ക് എനിക്ക് ചിലതൊക്കെ ചെയ്യാന്‍ കഴിയും.
”മാഡം എന്റെ കൂടെ നിന്നാല്‍ മതി…’
അരുണിന്റെ വാക്കുകളില്‍ ആത്മവിശ്വാസം തുടിച്ചു നിന്നു. പെട്ടെന്ന് അരുണ്‍ അപ്പുറത്തു തുടരുന്ന ബഹളങ്ങളിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കും നോക്കിപ്പറഞ്ഞു.
”എന്നേയും അവര്‍ കൂടുവാന്‍ ക്ഷണിച്ചതാണ്… ഞാന്‍ പോയില്ല… ഇത്തരം ആഘോഷങ്ങളൊന്നും ഞാനിഷ്ടപ്പെടുന്നില്ല, മാഡം…’
അവന്റെ വാക്കുകള്‍ക്ക് കരുത്തും, ആത്മവിശ്വാസവും ഉണ്ടായിരുന്നു. അതുള്‍ക്കൊണ്ട ഞാന്‍ പറഞ്ഞു.
”അരുണ്‍… നിന്നെപ്പോലെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം. ഭാവിയില്‍ ഒരു നല്ല ഭാരതം നിങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കും. അല്ലെങ്കില്‍ തന്നെ അച്ഛനമ്മമാരാണല്ലോ മക്കള്‍ക്ക് മാതൃകയാകേണ്ടത്. സ്‌നേഹവും നന്മയും ഊട്ടി വളര്‍ത്തി അവര്‍ വളര്‍ത്തിക്കൊണ്ടു വരുന്ന മക്കള്‍ ഒരിക്കലും വഴി തെറ്റുകയില്ല. അരുണിന്റെ അച്ഛനമ്മമാരെപ്പോലെ…
അടിയുറച്ച കുടുംബ ബന്ധങ്ങള്‍ ഇല്ലാതെ പോകുമ്പോഴാണ് മക്കള്‍ വഴിതെറ്റുന്നത്. ഒരിക്കല്‍ എന്റെ കുടുംബത്തിലും അതു സംഭവിച്ചതാണല്ലോ. എന്നാല്‍ അതു ഞാനും, നരേട്ടനും തിരിച്ചറിഞ്ഞതോടെ മക്കളെ ഞങ്ങള്‍ക്ക് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു. ഇന്നിപ്പോള്‍ അത്തരമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്, മക്കളെപ്പോലെയുള്ള എന്റെ വിദ്യാര്‍ത്ഥികള്‍ക്കായി ഞാന്‍ നടത്തേണ്ടിയിരിക്കുന്നു. അവരുടെ കുടുംബ പശ്ചാത്തലങ്ങള്‍ മനസ്സിലാക്കി, അവരുടെ മാതാപിതാക്കളെ ശരിയായ കുടുംബ ജീവിതത്തിലേയ്ക്ക് കൊണ്ടു വരണം. മക്കളുടെ വഴിതെറ്റല്‍ അവരെ ബോധ്യപ്പെടുത്തണം. അതിനായി എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തേ തീരൂ…’
യുവത്വത്തിലെ പഴയ മീര എന്നില്‍ വീണ്ടു ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്നു തോന്നി. പുതിയ ചില കര്‍മ്മ പദ്ധതികള്‍ എന്നെ ഒരു പുതിയ തലത്തിലെത്തിക്കുമെന്ന് മനസ്സു പറഞ്ഞു.
”കോളേജിലെത്തിയാലുടന്‍, മദ്യത്തിനും മയക്കുമരുന്നിനുമെതിരായി നമുക്ക് ഒരു കാംപെയിന്‍ സംഘടിപ്പിക്കാം മാഡം. അരുണ്‍ എന്തോ തീരുമാനിച്ചുറച്ചതു പോലെ പറഞ്ഞു.
”ശരിയാണ് അരുണ്‍… നമുക്ക് വിദ്യാര്‍ത്ഥികളോടൊപ്പം അവരുടെ മാതാപിതാക്കളെയും കോളേജിലേയ്ക്ക് ക്ഷണിച്ച്, ഇതിനെക്കുറിച്ചുള്ള പ്രസംഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കണം. വിദ്യാര്‍ത്ഥികളേയും അവരുടെ മാതാപിതാക്കളേയും നമുക്കിതിനെക്കുറിച്ച് ബോധവാന്മാരാക്കിയെ തീരൂ…’
ഞാന്‍ ഊര്‍ജ്ജസ്വലതയോടെ പറഞ്ഞു. അപ്പോള്‍ അരുണിന്റെ അമ്മ അകത്തു നിന്നും ഇറങ്ങി വന്നു.
”എന്താണ് രണ്ടുപേരും കൂടി ഒരു ഗൂഢാലോചന. എനിക്കും കൂടി കേള്‍ക്കാവുന്ന കാര്യമാണോ?”
അരുന്ധതിയുടെ അന്വേഷണത്തിന് ഞാന്‍ മറുപടി പറഞ്ഞു.
” തീര്‍ച്ചയായും. അരുന്ധതിയും ഞങ്ങളോടൊപ്പം ചേര്‍ന്നോളൂ…’
ഞങ്ങള്‍ ഇരുവരും കൂടി അരുന്ധതിയോട് ഞങ്ങളുടെ പദ്ധതികളെപ്പറ്റി പറഞ്ഞു.
അരുന്ധതി ഞങ്ങളെ അനുകൂലിച്ചു കൊണ്ട് പറഞ്ഞു.
”തീരീച്ചയായും ഇതൊരു നല്ല പദ്ധതിയാണ്. ഞാനും നിങ്ങളുടെ കൂടെ ഉണ്ട്. മാഡത്തിന്റെ ശ്രദ്ധ ഇത്തരം കാര്യങ്ങളിലേയ്ക്കു തിരിയുന്നത് എന്തുകൊണ്ടും ഇപ്പോള്‍ നല്ലതാണ്,മാഡത്തിനെ അലട്ടുന്ന എല്ലാ ദുഃഖങ്ങളില്‍ നിന്നും ഒരു മോചനം കൂടിയാകുമിത്. ‘
അരുന്ധതി എന്നെ അനുകൂലിച്ചു കൊണ്ടു പറഞ്ഞു.
രാത്രി ഏറെ വൈകും വരെ ആ വിദ്യാര്‍ത്ഥികളുടെ ആഘോഷം നീണ്ടു നിന്നു. അവരില്‍ പലരും മയക്കുമരുന്നിനടിമകളാണെന്ന് അവരുടെ പെരുമാറ്റങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. താന്‍ കൂട്ടിക്കൊണ്ടു വന്ന തന്റെ സുഹൃത്തുക്കള്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് അരുണ്‍ വിചാരിച്ചിരുന്നില്ല.
വല്ലപ്പോഴും കൂട്ടുചേര്‍ന്ന് മദ്യം ഉപയോഗിക്കുമെന്നല്ലാതെ മയക്കുമരുന്ന് അവന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാലിന്നിപ്പോള്‍ നേരിട്ടു കണ്ട കാഴ്ചകള്‍ അവനെ വല്ലാതെ അസ്വസ്ഥനാക്കി. തന്റെ സുഹൃത്തുക്കള്‍ ഇങ്ങനെ അധഃപതിക്കുന്നത് കണ്ടു നില്ക്കാനാവാതെ അരുണ്‍ അകത്തേയ്ക്കു നടന്നു. അപ്പോള്‍ അവന്‍ ദൃഢനിശ്ചയത്തോടെ എന്നെ നോക്കിപ്പറഞ്ഞു.
‘മാഡം തീര്‍ച്ചയായും നമുക്കിതിനെതിരായി പൊരുത്തണം. എന്റെ സുഹൃത്തുക്കള്‍ പലരും ഇത്തരക്കാരാണെന്ന് ഞാനറിഞ്ഞിരുന്നില്ല. അവരെ ഈ വിപത്തില്‍ നിന്നും രക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഞാനിത് നേരത്തെ കണ്ടറിയേണ്ടതായിരുന്നു . ‘
അവന്‍ ദുഃഖത്തോടെ പറഞ്ഞു നിര്‍ത്തി. പിന്നെ കുനിഞ്ഞ ശിരസ്സോടെ.തന്റെ മുറിയിലേയ്ക്ക് നടന്നു.
രണ്ടു കിടക്ക മുറികളുള്ള ആ കോട്ടേജില്‍ ഒരടുക്കളയും, രണ്ടു ബാത്ത്‌റൂമുകളുമുണ്ടായിരുന്നു. ഒരു ഫാമിലിയ്ക്ക് വേണമെങ്കില്‍ ആഹാരം പാകം ചെയ്ത് കഴിക്കുന്നതിനുള്ള സൗകര്യവും അവിടെയുണ്ടായിരുന്നു.
അന്നു രാത്രിയില്‍ ഞാനും, അരുന്ധതിയും ഒരു മുറിയില്‍ അടുത്തടുത്ത കട്ടിലില്‍ കിടന്നു.
യാത്രാക്ഷീണം മൂലം അറിയാതെ ഗാഢനിദ്രയില്‍ മുഴുകിപ്പോയ ഞാന്‍ ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു. മേഘങ്ങള്‍ക്കിടയിലൂടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന നരേട്ടന്‍… പക്ഷെ അടുത്ത നിമിഷം നരേട്ടന്റെ ആ പുഞ്ചിരി മങ്ങുന്നതും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും ഞാന്‍ കണ്ടു. പരിഭ്രമത്തോടെ ഞാന്‍ ചോദിച്ചു.
”എന്തിനാ നരേട്ടാ കരയുന്നത്? അങ്ങയ്ക്കവിടെ സുഖമല്ലേ?…’
‘ഇല്ല മീരാ… ഞാന്‍ ഇപ്പോഴും ഗതികിട്ടാത്ത പ്രേതത്തെപ്പോലെ അലയുകയാണ്. എന്റെ ആത്മാവിന് ഇതുവരെ മോക്ഷം ലഭിച്ചിട്ടില്ല.”
അപ്പോഴാണ് ഓര്‍ത്തത് ഞാന്‍ ബോധമില്ലാതെ കിടന്നതു കാരണം മരണാന്തര കര്‍മ്മങ്ങള്‍ വേണ്ട വിധത്തില്‍ ചെയ്യാന്‍ പറ്റിയില്ല. കൃഷ്ണമോള്‍ എല്ലാം ചെയ്തു കാണുമെന്ന് വിചാരിച്ചു. മരണ ശേഷം എല്ലാത്തിനും നേതൃത്വം നല്‍കിയത് കോളേജിലെ മലയാളിയായ അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകനാണെന്നും അറിഞ്ഞിരുന്നു. കൂടാതെ ഡല്‍ഹിയിലെ മലയാളി അസോസിയേഷനും, കോളേജിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ചടങ്ങുകളില്‍ പങ്കെടുത്തു. എല്ലാം പിന്നീട് കൃഷ്ണമോളും, അരുണും പറഞ്ഞറിഞ്ഞതാണ്.
പെട്ടെന്ന് അത്യന്തം വിഷമത്തോടെ ഞാന്‍ പറഞ്ഞു.
‘സോറി നരേട്ടാ…നരേട്ടന്‍ മരണമടഞ്ഞതിനടുത്ത നാളുകളില്‍ എനിക്കൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അബോധാവസ്ഥയിലായിരുന്നു. എന്റെ അനുജത്തിമാരേയും അമ്മയേയും അങ്ങയുടെ മറ്റു ബന്ധുമിത്രാദികളെയോ വിവരം അറിയിക്കാനും കഴിഞ്ഞില്ല. കൃഷ്ണമോള്‍ എല്ലാം ചെയ്തു കാണുമെന്ന് ഞാന്‍ വിചാരിച്ചു.” ഞാന്‍ കുറ്റബോധത്തോടെ പറഞ്ഞു.
പെട്ടെന്ന് നരേട്ടന്‍ ഉറക്കെ പൊട്ടിക്കരഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു.
”എന്റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കില്‍ കര്‍മ്മങ്ങള്‍ മാത്രം ചെയ്താല്‍ പോരാ നീ ഫഹദ്‌സാറിനെ വിവാഹം കഴിക്കണം. എന്നാല്‍ മാത്രമേ ഞാന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമാവുകയുള്ളൂ. ഇന്നിപ്പോള്‍ ഞാന്‍ ചെയ്ത പാപകര്‍മ്മം മൂലം ഇഹത്തിലും പരത്തിലും എനിക്ക് മോക്ഷമില്ലാത്ത അവസ്ഥയാണ്. തന്നെ ജീവനു തുല്യം സ്‌നേഹിച്ച ഫഹദ്‌സാറിനോടും തന്നോടും ഞാന്‍ കടുത്ത അപരാധമാണ് ചെയ്തത്. രാഹുല്‍മോനെ എനിക്ക് നഷ്ടപ്പെടുത്തിയതും ഭൂലോക ജീവിതത്തില്‍ എനിക്ക് സുഖം ലഭിക്കാതെ പോയതും അതുകൊണ്ടാണ്…. മീരാ, എത്രയും വേഗം ഫഹദ്‌സാറിനെ കണ്ടെത്തണം . ഞാന്‍ ചെയ്ത തെറ്റിന് നീ പരിഹാരം കണ്ടെത്തണം. എനിക്കറിയാം തന്റെ മനസ്സില്‍ അദ്ദേഹമിപ്പോഴുമുണ്ടെന്ന്.”
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് വിങ്ങലോടെ ഞാന്‍ പറഞ്ഞു.
”ഒരിക്കലുമില്ല നരേട്ടാ… ഫഹദ്‌സാര്‍ ഇപ്പോള്‍ എന്നെ മറന്നു കാണും… ഞാനും അങ്ങയെ വിവാഹം കഴിച്ചതോടെ ഫഹദ്‌സാറിനെ മറന്നു തുടങ്ങിയിരുന്നു. ഞങ്ങള്‍ക്കിനി ഒരുമിച്ച് ജീവിക്കാനാവില്ല…’ അതുകേട്ട് നരേട്ടന്‍ ക്ഷുഭിതനായി.
”എന്തിനാ മീരാ എന്നോട് കള്ളം പറയുന്നത്? താന്‍ എന്നോടൊത്തു ജീവിക്കുമ്പോഴും ഫഹദ്‌സാറിനെയാണ് ആഗ്രഹിച്ചിരുന്നത്. എന്നോടു കള്ളം പറയണ്ട…’
അദ്ദേഹം പതിവില്ലാത്ത വിധം ക്ഷുഭിതനാണെന്നു തോന്നി.
പരലോകത്തിരുന്ന് അദ്ദേഹം എന്റെ മനസ്സറിഞ്ഞിരിക്കുന്നു. ഇനിയും എനിക്ക് രക്ഷപ്പെടാന്‍ പഴുതെവിടെ? അപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം വീണ്ടും മുഴങ്ങിക്കേട്ടു.
”ഇനി നിങ്ങള്‍ വിവാഹിതരായ ശേഷം മാത്രം നമ്മള്‍ തമ്മില്‍ കണ്ടാല്‍ മതി. അതുവരെ ഇനി ഞാന്‍ തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയില്ല. ഓര്‍ത്തോളൂ… എന്റെ ആത്മാവ് ഗതികിട്ടാതെ അലയുകയാണ്. അതിനു പരിഹാരം കാണേണ്ടത് താനാണ്…’
അത്രയുമായപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു. സമയം അര്‍ദ്ധരാത്രി കഴിഞ്ഞു കാണും. ജനലിലൂടെ നോക്കിയപ്പോള്‍ അങ്ങകലെ ചക്രവാളത്തില്‍ ഒരു വെളുത്ത പുകപടലം നീങ്ങിപ്പോകുന്നതു കണ്ടു. അത് നരേട്ടനായിരിക്കുമോ? അദ്ദേഹം പറഞ്ഞതു പോലെ ഗതികിട്ടാതെ അലഞ്ഞു നടക്കുകയാണോ…. അദ്ദേഹത്തിന്റെ ആത്മാവ്…. അതോ എല്ലാം എന്റെ തോന്നലായിരിക്കുമോ? എന്റെ മനസാക്ഷിയുടെ മന്ത്രണമാണോ ഞാന്‍ കേട്ടത്. എങ്കില്‍… എങ്കില്‍… ഞാന്‍ ഇപ്പോഴും ഫഹദ്‌സാറിനെ ആഗ്രഹിക്കുന്നുവോ? അദ്ദേഹമിപ്പോള്‍ എവിടെയാണ്?
ഒരിക്കല്‍ അരുണ്‍ ചോദിച്ചതു പോലെ അദ്ദേഹത്തെ കണ്ടെത്തിയാല്‍ ഇപ്പോഴും ഏകനായി കഴിയുകയാണെങ്കില്‍അദ്ദേഹത്തിനെ ഞാന്‍ വിവാഹം കഴിക്കുമോ?……
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മനസ്സിനെ അലട്ടിയപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട് എഴുന്നേറ്റിരുന്നു. അരിച്ചിറങ്ങുന്ന തണുപ്പ് ഷാള്‍ പുതച്ചിട്ടും ശരീരത്തിനെ പൊതിഞ്ഞ് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷെ മനസ്സിനെ ഏതോ അഗ്‌നികുണ്ഠം വലയം ചെയ്തതു പോലെ…ആ ചൂട് മെല്ലെയുയര്‍ന്ന് ശരീരത്തിനേയും വലയം ചെയ്തു തുടങ്ങി.
പുതപ്പു വലിച്ചു മാറ്റി മെല്ലെ വാതില്‍ തുറന്ന് പുറത്തേയ്ക്കിറങ്ങി.
സിറ്റൗട്ടില്‍ നിന്നു നോക്കുമ്പോള്‍ പുക പോലെ ഒഴുകി നീങ്ങുന്ന മഞ്ഞിന്‍ പാളികള്‍ കണ്ടു. സിരകളില്‍ തണുപ്പ് ഒരു മരവിപ്പായി പടര്‍ന്നു കയറി. എന്നിട്ടും ഉള്ളില്‍ ചിറകടിക്കുന്ന അസ്വസ്ഥതയുടെ പക്ഷി ഉള്ളിലെ അഗ്‌നിയെ ഊതി ഉണര്‍ത്തിയതെ ഉള്ളൂ.
‘മാഡം, അവിടെ എന്താണു ചെയ്യുന്നത്? കിടക്കുന്നില്ലേ?’
തിരിഞ്ഞു നോക്കുമ്പോള്‍ അരുന്ധതി എന്നെത്തന്നെ ഉറ്റുനോക്കി ആകാംക്ഷയോടെ നില്‍ക്കുന്നു. നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ച് അകത്തേയ്ക്കു നടക്കുമ്പോള്‍ പറഞ്ഞു.
”ഓരോന്നോര്‍ത്തപ്പോള്‍ ഉറക്കം വന്നില്ല. അതുകൊണ്ടല്പനേരം പുറത്തു നില്‍ക്കാമെന്ന് കരുതി.”
”പുറത്തു നല്ല തണുപ്പുണ്ട് മാഡം. കൂടുതല്‍ തണുപ്പടിച്ചാല്‍ എന്തെങ്കിലും അസുഖം പിടിപെടും… അകത്തു വന്നു കിടന്നോളൂ…’
അരുന്ധതി അലിവോടെ പറഞ്ഞു.
‘ പിന്നെ പറഞ്ഞു മാഡം ഉറങ്ങിയെന്നു കരുതിയാണ് ഞാനും കിടന്നത്. ഉറക്കം വരുന്നില്ലെങ്കില്‍ ഞാനും കൂട്ടിരിക്കാം.’
”വേണ്ടാ അരുന്ധതി ഉറങ്ങിക്കോളൂ… നരേട്ടന്‍ പോയതില്‍പ്പിന്നെ ഞാനിങ്ങനെയാണ്.പെട്ടെന്നൊന്നും ഉറക്കം വരികയില്ല. ഓരോന്നാലോചിച്ച് കിടക്കും. പക്ഷെ ഇപ്പോള്‍ ഞാന്‍ ഉണര്‍ന്നത് ഒരു ദുഃസ്വപ്നം കണ്ടിട്ടാണ്…’
‘എന്തു സ്വപ്നം, ചീത്ത സ്വപ്നമാണെങ്കില്‍ മറ്റുള്ളവരുമായി പങ്കുവച്ചു കഴിയുമ്പോള്‍ അതിന്റെ ദുഷ്ഫലം തനിയെ മാറും. മാത്രമല്ല മനസ്സിന് ശാന്തത കിട്ടുകയും ചെയ്യും. മാഡത്തിന് എന്നോടു പങ്കുവയ്ക്കാവുന്ന കാര്യമാണെങ്കില്‍ പറഞ്ഞോളൂ… മനസ്സിന് സമാധാനം കിട്ടട്ടെ…’
അരുന്ധതിയുടെ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ പറയാതിരിക്കാന്‍ കഴിഞ്ഞില്ല. സ്വപ്നത്തില്‍ നരേട്ടനെ കണ്ടകാര്യം പറഞ്ഞപ്പോള്‍ അരുന്ധതി പറഞ്ഞു.
”മരിച്ചവര്‍ സ്വപ്നത്തില്‍ വന്ന് ഇത്തരം അപേക്ഷകള്‍ പറയുമ്പോള്‍ നാമത് നിറവേറ്റിക്കൊടുക്കണം. അതു നമ്മുടെ കടമയാണ്.”
അരുന്ധതിയോട് നരേട്ടന്റെ ആത്മാവ് ഗതികിട്ടാതെ അലയുന്നുവെന്ന് അദ്ദേഹം സ്വപ്നത്തില്‍ വന്നു പറഞ്ഞുവെന്നു മാത്രമേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ. ഫഹദ്‌സാറിന്റെ കാര്യവും, അദ്ദേഹത്തിനോട് നരേട്ടന്‍ ചെയ്ത അപരാധത്തിന്റെ കാര്യവും അപ്പോഴും ഞാന്‍ മറച്ചു വച്ചു.
അരുന്ധതി തുടര്‍ന്നു പറഞ്ഞു കൊണ്ടിരുന്നു. മാഡത്തിന് കാശിയില്‍ പോകണമെങ്കില്‍ അരുണിനെ കൂട്ടിക്കോളൂ… വേണമെങ്കില്‍ ഞാനും വരാം…
‘കാശിയില്‍ ഉടനെ പോയി കര്‍മ്മങ്ങള്‍ ചെയ്യണമെന്നെനിക്കുണ്ട് അവിടേയ്ക്ക് ഞങ്ങള്‍ ഒരുമിച്ചു പോയി രാഹുല്‍മോന്റെ പേരില്‍ ബലിയിടല്‍ കര്‍മ്മങ്ങള്‍ ചെയ്യാനിരുന്നതാണ്. എന്നാല്‍ അതു നടക്കുന്നതിന് മുമ്പ് അദ്ദേഹം പോയി. ഇനി ഞാന്‍ തനിയെ പോയി അവര്‍ക്കു രണ്ടുപേര്‍ക്കുമുള്ള കര്‍മ്മങ്ങള്‍ ചെയ്യുവാനാണ് വിധി…’
നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകള്‍ കണ്ട് അരുന്ധതി പറഞ്ഞു.
”മാഡം… ഇനി കരയരുത്… കാശിയില്‍ പോയി വേണ്ട കര്‍മ്മങ്ങളെല്ലാം ചെയ്തു കഴിയുമ്പോള്‍ മാഡത്തിനു സമാധാനം കിട്ടും.”
അരുന്ധതി എന്റെ തോളില്‍പ്പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. ഒരു സഹോദരിയുടെ സ്‌നേഹവായ്പ്പ നിറഞ്ഞു നിന്ന ആ കൈകളുടെ സ്പര്‍ശനമേറ്റപ്പോള്‍ മനസ്സിനുള്ളില്‍ ഒരു കുളിരല വന്നു നിറഞ്ഞു. അതുവരെയുള്ള അസ്വാസ്ഥ്യമെല്ലാം പുകമഞ്ഞുപോലെ അപ്രത്യക്ഷമായിത്തീര്‍ന്നു. അതുവരെയില്ലാത്ത ശാന്തതയോടെ കിടക്കയിലേയ്ക്കു ചായുമ്പോള്‍ അരുന്ധതി ഒരു കുഞ്ഞിനെയെന്ന പോലെ എന്നെ തലോടിക്കൊണ്ട് അടുത്തിരുന്നു. ആ കൈകളില്‍ മുറുകെപ്പിടിച്ച് ശാന്തിതീരങ്ങളിലൂടെ യാത്ര തുടരുമ്പോള്‍ മിഴികളെ ഉമ്മ വച്ച് നിദ്രാ ദേവത ഒരിക്കല്‍ കൂടി കടന്നു വന്നു.
പിറ്റേന്നും അതിനടുത്ത ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു. അതുപോലെ തലേന്നാളത്തെ ആഘോഷം പോലെ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചിട്ടായിരുന്നില്ല. അവര്‍ രാഹുലിനെ ഓര്‍മ്മിച്ച് പ്രസംഗങ്ങള്‍ നടത്തി. പാട്ടുകള്‍ പാടി. അവരില്‍ പലരും രാഹുലിന്റെ ഒപ്പം ചെറിയ ക്ലാസ്സുകളില്‍ പഠിച്ചവരായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ അവര്‍ക്കെല്ലാം രാഹുല്‍ പ്രിയപ്പെട്ടവനായിരുന്നു. മരണം അവനെ കൂടുതല്‍ പ്രിയപ്പെട്ടവനാക്കി. എന്നെ സന്തോഷിപ്പിക്കാന്‍ അവര്‍ തമാശകള്‍ പറഞ്ഞു. അന്താക്ഷരികള്‍ അവതരിപ്പിച്ചു. റസ്റ്റോറന്റില്‍ ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു.
പിറ്റേന്ന് മല മുകളിലേയ്ക്ക് ട്രക്കിംഗിനായി ക്ഷണിച്ചു. എന്നാല്‍ അവശത ശരീരത്തിനെന്നപോലെ മനസ്സിനെയും ബാധിച്ചിരുന്നതിനാല്‍ ഞാന്‍ അവര്‍ക്കൊപ്പം പോകാന്‍ മടിച്ചു. അരുണ്‍ നിര്‍ബന്ധിച്ചിട്ടും ഞാന്‍ ഒഴിഞ്ഞു മാറി. ഒടുവില്‍ അരുന്ധതിയും എനിക്കു വേണ്ടി ട്രക്കിംഗിനു പോകാതെ ഒഴിഞ്ഞു നിന്നു.
ഒടുവില്‍ ഞങ്ങളിരുവരും കോട്ടേജില്‍ തനിച്ചായി. കാപ്പി കുടി കഴിഞ്ഞ് കോട്ടേജിന്റെ മുറ്റത്ത് കസേരകളിട്ട് ഞങ്ങള്‍ അവിടെയിരുന്ന് പലതും സംസാരിച്ചു. പുലര്‍ കാലത്തെ ചെറിയ തണുത്തകാറ്റ് വീശുന്നുണ്ടായിരുന്നു. സുഖകരമായ തണുപ്പ്. കൂട്ടത്തില്‍ അരുന്ധതി തന്റെ പ്രണയ ദിനങ്ങളെക്കുറിച്ച് പറഞ്ഞു. ചരണിനോട് മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനിംഗിനിടയില്‍ പരസ്പരം ഹെല്‍പ് ചെയ്തിരുന്നത്. ഒരിക്കല്‍ കുതിരപ്പുറത്തു നിന്നും താഴെ വീണ തന്നെ ചരണ്‍ രക്ഷിച്ചത്. ഒടുവില്‍ ട്രെയിനിംഗ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ഞങ്ങളിരുവരും വിവാഹം കഴിക്കേണ്ടി വന്നത്.
ചരണിനോടുള്ള ബന്ധം അതിരുവിട്ടപ്പോള്‍ ഒരു സുരക്ഷയ്ക്കു വേണ്ടിയാണത്രെ മലമുകളിലെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായത്. എന്നാല്‍ വീട്ടിലെ എതിര്‍പ്പു ഭയന്ന് അരുന്ധതി എല്ലാം മറച്ചു വച്ചു. ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ എല്ലാം തുറന്നു പറയേണ്ടി വന്നു. ആദ്യം വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായെങ്കിലും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. ചരണിന്റെ വീട്ടുകാരും വലിയ എതിര്‍പ്പൊന്നും കാണിച്ചില്ല. തങ്ങള്‍ പരിചയപ്പെടുന്നതിനു മുമ്പു തന്നെ ചരണ്‍ വീട്ടില്‍ പറയാറുണ്ടായിരുന്നുവത്രെ. താന്‍ ഒരന്യ നാട്ടുകാരിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന്. പറ്റുമെങ്കില്‍ ഒരു കേരളീയ സ്ത്രീയെ… കേരളത്തിനോട് ചരണിന് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.
ഒടുവില്‍ അരുന്ധതിയുടെ നാടായ കോഴിക്കോടു വച്ച് ആര്‍ഭാടമായി വിവാഹം നടന്നു. വിവാഹം കഴിഞ്ഞ എട്ടാം മാസത്തില്‍ അരുണ്‍ പിറന്നു. അപ്പോഴേയ്ക്കും യഥാര്‍ത്ഥത്തില്‍ പത്തുമാസം തികഞ്ഞിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെത്തന്നെ അരുന്ധതി പ്രസവിച്ചു.
”ഇന്നോര്‍ക്കുമ്പോള്‍ അല്‍പം തമാശയാണ് തോന്നുന്നത്. രണ്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ വിവാഹം കഴിക്കുക, അതായത് ഒന്നെടുക്കുമ്പോള്‍ ഒന്ന് ഫ്രീ എന്നു പറഞ്ഞതു പോലെ ഞാനും, ചരണും അതു പറഞ്ഞ് പലപ്പോഴും ചിരിച്ചിട്ടുണ്ട്.”
അരുന്ധതി തന്റെ സംസാരത്തില്‍ മനഃപൂര്‍വ്വം തമാശ കലര്‍ത്തുകയാണെന്നു തോന്നി. എല്ലാം കേട്ടിരുന്നപ്പോഴും എന്റെ മനസ്സ് അശാന്തമായിരുന്നു. പതിവില്ലാത്ത വിധം മനസ്സ് പ്രക്ഷുബ്ധമായിക്കൊണ്ടിരുന്നു. ഏതോ ദുഃഖം മനസ്സിനെ പിടിച്ചുലയ്ക്കുന്നതു പോലെ, ഹൃദയം ശോകമൂകമായ ഭാഷയില്‍ തേങ്ങിക്കൊണ്ടിരുന്നു. അറിയപ്പെടാത്ത ഏതോ അസ്വാസ്ഥ്യം മനസ്സില്‍ പടരുന്നത് ഞാനറിഞ്ഞു.
”എന്താ മാഡം, ഞാന്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ലെന്നു തോന്നുന്നു. മറ്റെന്തോ ചിന്തകളില്‍ മുഴുകുയിരിക്കുന്നതുപോലെ…’
അരുന്ധതി എന്നെ നോക്കി . ശരിയാണ് എന്റെ ദൃഷ്ടികള്‍ അപ്പോള്‍ മഞ്ഞണിഞ്ഞ മലനിരകളിലായിരുന്നു. ഘനീഭവിച്ച ദുഃഖം പോലെ മലനിരകള്‍… അല്പം നിമിഷങ്ങള്‍ക്കകം സൂര്യന്റെ തീക്ഷ്ണമായ ചൂടേറ്റ് ആ മഞ്ഞ് മലകള്‍ഉരുകാന്‍ തുടങ്ങും.
മലയുടെ മിഴികളില്‍ നിന്നും അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ത്തുള്ളി പോലെ. പ്രകൃതിയുടെ വേദന ഹൃദയം ഏറ്റെടുത്തതു പോലെ, മനസ്സിനുള്ളിലിരുന്ന് ആരോ ഏങ്ങലടിച്ചു.
ഒരു പക്ഷെ നരേട്ടനേയും രാഹുലിനേയും ഇന്നലെ സ്വപ്നത്തില്‍ കണ്ടതാണോ ഈ ദുഃഖത്തിനു കാരണം. ഹൃദയം കാരണം ചികഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.
കയ്യിലെപ്പൊഴും കരുതിയിരുന്ന ചെറിയ തുകല്‍ ബാഗില്‍ നിന്നും ഫോണ്‍ കൈയ്യിലെടുത്ത് ഓണ്‍ ചെയ്യുമ്പോള്‍ കണ്ടു. മായയാണ് നാട്ടില്‍ നിന്നും. അവളുടെ ശബ്ദം വല്ലാതെ വിറകൊണ്ടിരുന്നു.
”അമ്മ പോയി ചേച്ചി… കഴിയുന്നത്ര വേഗം പുറപ്പെട്ടോളൂ…’
അവളുടെ വാക്കുകള്‍ അവിശ്വസനീയമായി തോന്നി. അമ്മ മരിയ്ക്കുകയോ? ഇത്ര പെട്ടെന്ന്. ഞാന്‍ കണ്ടു പോന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അന്ന് നല്ല സുബോധത്തോടെ സംസാരിച്ച അമ്മ. ഇത്ര പെട്ടെന്ന് വിടപറഞ്ഞു പോയി എന്നോര്‍ക്കുമ്പോള്‍… ഹൃദയം ഉറക്കെ കേണു. കൈകള്‍ തലയില്‍ താങ്ങി കുനിഞ്ഞിരുന്ന് പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നപ്പോള്‍ അരുന്ധതി എഴുന്നേറ്റു വന്ന് ചോദിച്ചു.
”എന്താ മാഡം? എന്തുപറ്റി? ആരാണ് ഫോണ്‍ ചെയ്തത്?”
”എന്റെ അമ്മ മരിച്ചു പോയി. നരേട്ടന്‍ പോയ പുറകെ അമ്മയും…’
മുഴുവന്‍ പറയാന്‍ കഴിയാതെ ഞാന്‍ വിങ്ങിപ്പൊട്ടി. അരുന്ധതി തലയില്‍ തലോടി ആശ്വസിപ്പിച്ചു.
”സാരമില്ല മാഡം… അമ്മയ്ക്ക് പ്രായം ഒരുപാട് ആയി കാണുകയില്ലെ? മരിക്കേണ്ട പ്രായത്തില്‍ തന്നെയാണ് അമ്മ മരിച്ചത്. അതുകൊണ്ട് ദുഃഖിക്കേണ്ട.”
(തുടരും)







