മുറിക്കുളളിലേക്ക് നടന്നുവരുന്ന കാലടി ശബ്ദം ചെവിയില്‍ മുഴങ്ങുന്നുണ്ടോ? അവള്‍ കാതോര്‍ത്തു കിടന്നു. ചിന്തകള്‍ മനസ്സിനെ വല്ലാതെ മഥിച്ചു. എന്തിനാണ് മനസ്സിങ്ങനെ ചഞ്ചലപ്പെടുന്നത്?. ഒന്നിനും വ്യക്തമായൊരു ഉത്തരം ലഭിക്കുന്നില്ല. നിത്യവും കണ്‍മുന്നില്‍ കാണുന്ന ഒരാളിനെ പെട്ടെന്ന് കാണാതെ വന്നാല്‍ ആരിലാണ് ആശങ്കയുണ്ടാകാത്തത്?. ആത്മാര്‍ത്ഥതയുള്ള ആരും ഒരന്വേഷണത്തിന് മുതിരില്ലേ? മനുഷ്യത്വമെന്ന വികാരമില്ലാത്തവര്‍ക്ക് മനസാക്ഷി കാണില്ല. ആ കൂട്ടരെന്നും നല്ല വേഷങ്ങളിലും കളളച്ചിരിയിലും മാന്യത നടിച്ച് മുന്നിലൂടെ നടന്ന് പോകും. മനുഷ്യനെന്നും ആശ്രയിച്ചിട്ടുള്ളത് മനുഷ്യബന്ധങ്ങളാണ്. ആ ബന്ധങ്ങള്‍ സുരക്ഷിതമാണോ? മനുഷ്യര്‍ ആരിലാണ് ആശ്രയം വെക്കേണ്ടത്?
അച്ഛനില്‍, അമ്മയില്‍, ഭര്‍ത്താവില്‍, ഭാര്യയില്‍, മക്കളില്‍. പലരും മദ്യത്തിനും മയക്ക് മരുന്നിലും ആശ്രയംവെച്ച് സ്വയം ശിക്ഷാവിധി നടപ്പാക്കുന്നു. സ്വന്തം പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന മനുഷ്യര്‍ എത്രയുണ്ട്? സ്വന്തമെന്ന് പറയുന്നവര്‍പോലും സ്‌നേഹത്തെ വിലക്ക് വാങ്ങിയിരിക്കയല്ലേ? എന്താണെന്നറിയിലെ മാണിയെ പ്രാണനെപ്പോലെ സ്‌നേഹിക്കുന്നുണ്ട്. ആ സ്‌നേഹത്തിന്റെ ആധാരം ഇന്നും മനസ്സിലായിട്ടില്ല. സ്‌നേഹം നിഷ്‌കളങ്കവും മനോഹരവുമാണ്. അവിടെ വേലികളില്ല ചിറക് വിരിച്ചു നില്‍ക്കുന്ന ആകാശംപോലെ വിശാലമാണ്. മതത്തിന്റെ മതില്‍ക്കെട്ടുകളില്ല, വംശങ്ങളില്ല, ജാതിയില്ല, ഭാഷയില്ല എന്നിട്ടും എന്താണ് സ്‌നേഹത്തിന് ശൈഥില്യം സംഭവിക്കുന്നത്. അതിനും അവള്‍ ഉത്തരം കണ്ടെത്തി. മനുഷ്യര്‍ ഇന്ന് മത്സരബുദ്ധിയോടെ ജീവിക്കുന്നു.
ഈശ്വരനൊപ്പം മുന്നോട്ട് പോകാതെ പുറകോട്ട് പോയി. അതിനാല്‍ തലയ്ക്കുള്ളില്‍ ദുഷ്ട ചിന്തകളും ഹൃദയം മുഴുവനും രോഗങ്ങളുമാണ്. മനുഷ്യര്‍ ഇന്ന് ആശ്രയം വെച്ചിരിക്കുന്നത് അണുശക്തിയിലാണ്. ബോംബുകളും വെടിക്കോപ്പുകളും, മിസൈലുകളും സുരക്ഷിതത്വം കണ്ടെത്തുന്നു. അത് മനുഷ്യനെ തന്നെ വിഷ പാമ്പുകളെപ്പോലെ തിരിഞ്ഞ് കടിക്കുന്നു. ജീവന്‍ വെടിഞ്ഞും ജയം കൊണ്ടാടുന്ന മനുഷ്യര്‍. തല്ലുകൊള്ളാന്‍ ചെണ്ട, പണം വാങ്ങാന്‍ മാരാന്‍, അതുതന്നെയാണ് യുദ്ധങ്ങള്‍. വെടികൊണ്ടും ബോംബിഗില്‍ മരിക്കാന്‍ പാവങ്ങള്‍. യുദ്ധം ആഹ്വാനം ചെയ്യാനും ലാഭം കൊയ്യാനും ഭരണാധിപന്‍ന്മാര്‍. മണ്ണിലെ കുങ്കുമം ചുമക്കുന്ന കഴുതകള്‍. അവളുടെ കണ്‍പോളകളില്‍ ഉറക്കം തുടികെട്ടി. കാറ്റില്‍പ്പെട്ട പഞ്ഞിപോലെ അവളുടെ മനസ്സും പറന്നു.
ഗാഢനിദ്രയില്‍ അവളുടെ മനസ്സിലേക്ക് ഒരു പടുകൂറ്റന്‍ കപ്പല്‍ കടന്നുവന്നു. സമുദ്രത്തിലെ തിരമാലകളില്‍ കൊടുംങ്കാറ്റില്‍ ആ കപ്പലിന് ഒരു ചലനമുണ്ടായില്ല. കപ്പലിലുള്ളവര്‍ പരസ്പരം പറഞ്ഞു. ഇങ്ങനെയുള്ള കപ്പലില്‍ ജീവതം സുരക്ഷിതമാണ്. കരയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് കടലില്‍ ജീവിക്കുന്നതാണ്. മണ്ണിലെ മനുഷ്യന്റെ ചതികുഴികളില്‍പ്പെടാതെ അഗ്നിജ്വാലയില്‍പ്പെടാതെ ആരുടെയും അധികാരത്തിന്‍ കീഴില്‍ അടിമയെപ്പോലെ കഴിയാതെ ആരുടെയും കണ്ണുനീര്‍ കാണാതെ, കാഴ്ചപ്പാടുകള്‍ കാണാതെ കഴിയാം. ജീവിതത്തില്‍ ലഭിച്ച ഏറ്റവും ആഹ്ലാദകരമായ യാത്രയായിരുന്നു. സുരക്ഷിതമായ യാത്ര. എല്ലാവരുടെയും മുഖത്ത് സന്തോഷം അലയടിച്ചു നില്‍ക്കവെ കപ്പലിന്റെ ക്യാപ്റ്റന്‍ വിളിച്ചുപറഞ്ഞു. നാം അപകടത്തിലൂടെയാണ് പോകുന്നത്. കടല്‍ ഇളകിമറിഞ്ഞു. മഞ്ഞുമലകള്‍ പൊട്ടിച്ചിതറി. അത് വലിയ പാറകക്ഷണങ്ങള്‍പോലെ കടലില്‍ തിരക്കൊപ്പം ആകാശത്തേയ്ക്കുയര്‍ന്ന് കപ്പലില്‍ വീണ് കടലിനെ പരിഭ്രാന്തിയിലാഴ്ത്തി.
കടലിനെ ഇളക്കി മറിച്ച തിരകളില്‍ കപ്പലും ഇളകിയാടി. സന്തോഷം നിറഞ്ഞിരുന്ന മുഖങ്ങള്‍ സന്താപത്താല്‍ നിറഞ്ഞു. മനസ്സ് മുറിഞ്ഞു. ദുഃഖത്തിന്റെ മുള്‍ക്കിരീടവും പേറി അവര്‍ വിലപിച്ചു. ഉരുള്‍മൂടിയ ആകാശമേഘങ്ങളില്‍ അഗ്നിപര്‍വ്വതങ്ങള്‍ തെളിഞ്ഞു. കപ്പലിന്റെ മുന്‍ഭാഗം മഞ്ഞ് കട്ടകള്‍ ഇടിച്ച് പൊളിഞ്ഞു. കപ്പലിന്റെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചു. കടലില്‍ ഒരിക്കലും കുലുങ്ങാത്ത കപ്പല്‍ കുലുങ്ങി. രക്ഷപെടാനായിജനങ്ങള്‍ ഭയന്ന് വിറച്ചോടി. വെള്ളം ഇരമ്പിയാര്‍ത്ത് കപ്പലിലേക്ക് വന്നു. ജീവിതം തിന്ന് കുടിച്ച് ആനന്ദിച്ച മനുഷ്യര്‍ കുടിച്ച് കുടിച്ച് കടലിന്റെ ആഴങ്ങളിലേക്ക് താഴുന്നത് കണ്ടപ്പോള്‍ ആശ്രയമറ്റവളെ പോലെ മിനി ഞെട്ടിവിറച്ച് ചാടിയെഴുന്നേറ്റു. ആ മുറിക്കുള്ളില്‍ ഇരുള്‍ വ്യാപിച്ചു കിടന്നു. മനസ്സിന് പോറലുണ്ടായി. ഭയംകൊണ്ട് മരവിച്ച മനസ്സിലേക്ക് മാണി കടന്നുവന്നു മാണി സുരക്ഷിതനാണോ?
എഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ട് പുറത്തേക്കിറങ്ങി മാണിയുടെ മുറിയിലേക്ക് നോക്കി. വല്ല അപകടത്തില്‍പ്പെട്ടോ? ഇവിടെ അപകടം ഒളിഞ്ഞിരിക്കാറില്ല. എന്തപകടം ഉണ്ടാകാനാണ്? വാഹനങ്ങള്‍ നാട്ടിലേതുപോലെ ലക്കും ലഗാനുമില്ലാതെ ഇവിടെ ഓടിക്കാന്‍ അനുവാദമില്ല. അങ്ങനെ ഓടിയാല്‍ റോഡിലെ ക്യാമറാകണ്ണുകള്‍ അത് ഒപ്പിയെടുത്ത് പോലീസ് കേന്ദ്രത്തിലെത്തിക്കും. സ്വന്തം വീട്ടില്‍ കാര്‍ എത്തുന്നതിന് മുന്നേ പോലീസ് വാഹനം വീട്ടിലെത്തും. അല്ലെങ്കില്‍ അടുത്ത ദിവസം തന്നെ മുന്നറിയ്പ്പ അതിന്റെ പിഴയുമായി കത്ത് വരും. ഇത് തുടര്‍ന്ന് കണ്ടാല്‍ ലൈസന്‍സ് റദ്ദാക്കും. അതിനാല്‍ അപകടങ്ങള്‍ തുലോം ചുരുക്കമാണ്. മാണി അത്തരത്തിലൊരു അപകടത്തില്‍പ്പെടാന്‍ ഒരു വഴിയുമില്ല. രാത്രി ജോലിക്ക് പോകാന്‍ ഒരു മാസമായി ജോലിയില്ലാതെ ജോലിക്കുള്ള തിരക്കിലാണ്. അങ്ങനെയൊരു ജോലി ലഭിച്ചാല്‍ ആദ്യം ഞാനല്ലേ അറിയുന്നത്.
രാത്രിയില്‍ മോഷണങ്ങള്‍ കുറവാണ്. മോഷണത്തിന് അവനൊരു മോഷ്ടാവല്ല. പിന്നെ എന്താണ്? മദ്യം മയക്ക് മരുന്ന് അതിനും സാദ്ധ്യതയില്ല. അതില്‍ നിന്നെന്നാം മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുന്ന ആളാണ്. മനസ്സില്‍ അസ്വസ്ഥത വര്‍ദ്ധിക്കുകയല്ലാതെ കുറഞ്ഞില്ല. അവള്‍ അടുക്കളയിലേക്ക് നടന്നു. ജനാലയുടെ കണ്ണാടിച്ചില്ലുകളിലൂടെ പുറത്തേക്ക് നോക്കി. സൂര്യന്റെ കിരണങ്ങള്‍ തിളങ്ങുന്നത് കണ്ടു. അടുപ്പില്‍ ചായക്കുള്ള വെളളം വെച്ചിട്ട് ടോയിലറ്റിലേക്ക് പോയി. പല്ല് തേച്ചുകൊണ്ടിരിക്കെ കണ്ണുകള്‍ പുറത്തേ കതകിലേക്ക് നീണ്ടുപോയി. രാവിലെ അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇതുവരെ മാണിയെ കണ്ടില്ല., രാത്രിയില്‍ ഉറങ്ങിയത് രണ്ടോ മൂന്നോ മണിക്കൂറാണ്. ഉറക്ക ക്ഷീണം മുഖത്ത് എന്തായാലും അല്‍പം കൂടി നോക്കാം. കണ്ടില്ലെങ്കില്‍ പോലീസ്സില്‍ പരാതിപ്പെടാം. ഇനിയും ഞാനറിയാതെ ഏതെങ്കിലും രഹസ്യങ്ങള്‍ അവന്റെ ജീവിതത്തിലുണ്ടോ?. സ്വന്തം അമ്മയുടെ കാര്യമൊഴിച്ചാല്‍ മറ്റൊന്നും ഉള്ളം തുറന്ന് പറയുന്നവനാണ്.
അവന്റെ മനസ്സില്‍ ഒന്നും മൂടിവെക്കാനുള്ള കരുത്തില്ലെന്നറിയാം. ആരിലും ആത്മവിശ്വാസം പകരുന്നവന്‍ അത്രപെട്ടെന്ന് ഒളിച്ചോടി പോകാന്‍ സാദ്ധ്യതയില്ല. ചായയുണ്ടാക്കി മുറിയില്‍ വന്നിരുന്നു. ആവി പറക്കുന്ന ചായയിലേക്ക് നിമിഷങ്ങള്‍ നോക്കിയിരുന്നു. മനസ്സ്‌നിറയെ മാണിയായിരുന്നു. അവന്റെ നിഷ്‌കളങ്ക മുഖത്തേക്ക് നോക്കിയിരിക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളാറുണ്ട്. നിറം കറുപ്പാണെങ്കിലും ആ കറുപ്പിനുള്ളിലെ സൗന്ദര്യം പെട്ടെന്നാര്‍ക്കും മനസ്സിലാകില്ല. അച്ഛന്റെയും അമ്മയുടെയും സ്‌നേഹലാളനകള്‍ അധികം ലഭിക്കാഞ്ഞിട്ടിും യൗവന ചാപല്യങ്ങളൊന്നും അവനെ ബാധിച്ചിട്ടില്ല. അവന്റെ ഓരോ പ്രവര്‍ത്തിയും പ്രശംസനീയമാണ്. വിനയവും താഴ്മയുമുള്ള യുവാക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അത്തരത്തിലുള്ള അഹംങ്കാരികള്‍ക്കും അഹംഭാവികള്‍ക്കും അവനൊരു മാതൃക തന്നെയാണ്. അവന്റെ ഭാര്യായി വരുന്ന ഏതൊരു സ്ത്രീയും ഭാഗ്യമുള്ളവള്‍.
ചായ കുടിച്ചിട്ടവള്‍ അടുക്കളയിലേക്ക് നടന്നു. ചായകപ്പ് കഴുകി വെച്ച് മുറിക്കുള്ളിലേക്ക് വന്ന് മേശപ്പുറത്തിരുന്ന ക്ലോക്കിലേക്ക് ഉറ്റുനോക്കി. പോലീസ്സില്‍ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. അപ്പോള്‍ ഷൂവിന്റെ ശബ്ദം കാതുകളിലുലച്ചു. അവള്‍ പെട്ടെന്ന് പുറത്തേക്ക് വന്നു. അത് മാണിയായിരുന്നു. ഒരജ്ഞാത മനുഷ്യനെ കാണുന്നതുപോലെ ആ മുഖത്തേക്ക് സൂഷ്മതയോടെ നോക്കി. സ്വയം നിയന്ത്രിക്കാന്‍ നന്നേ പണിപ്പെട്ടു. ദേഷ്യമാണോ ദുഃഖമാണോ അറിയില്ല. മാനസികമായ ഒരു സംഘട്ടനം ഉള്ളില്‍ ഉടലെടുത്തു. എന്ത് പറഞ്ഞാണ് ശകാരിക്കേണ്ടത്? വിശദീകരണം ചോദിക്കാന്‍ എന്തധികാരം? എല്ലാ വേദനയും ദേഷ്യവും കടിച്ചമര്‍ത്തി അവള്‍ സ്വന്തം മുറിയിലേക്ക് പോയി. എവിടെയായിരുന്നുവെന്ന് ചോദിക്കാമായിരുന്നു. ആത്മിത്രം എന്ന് പറഞ്ഞിട്ട് ഒരന്യയെപ്പോലെ മുന്നില്‍ നിന്ന് ഓടി മറഞ്ഞില്ലേ? ആ മുഖത്ത് നോക്കി ഒന്ന് ചോദിക്കാന്‍ മനസ്സ് വന്നില്ല.
എവിടെയായിരുന്നാലും ആള് ഉറങ്ങിയിട്ടില്ല. ആ മുഖത്ത് നിന്ന് അത് വായിച്ചെടുക്കാം. മുന്‍പ് കണ്ടിരുന്ന ചൈതന്യവും സാമര്‍ത്ഥ്യവും മുഖത്ത് കണ്ടില്ല. ആരുമായും ഒരു ബന്ധവുമില്ലാത്തുപോലെ ഒരു പ്രതിമ കണക്കേ വന്ന് എന്നോടൊന്നും പറയാതെ അകത്തേക്ക് പോയി,. അതില്‍ സത്യമില്ല. അവന്‍ ഗുഡ്‌മോണിംങ് പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞിരുന്നു. നീയത് ചെവികൊണ്ടില്ല. ദേഷ്യപ്പെട്ട് നോക്കുന്നത് കണ്ടപ്പോള്‍ ഒന്നു പറയുവാന്‍ ധൈര്യം വന്നു കാണില്ല. അവന്റെ തളര്‍ന്ന മുഖം മുന്നില്‍ തെളിഞ്ഞു. എന്നാലും ആ സമീപനം അംഗീകരിക്കാനാവുന്നില്ല. പുറമെ കാറ്റിന്റെ ശബ്ദമുയര്‍ന്നു. വീശിയടിക്കുന്ന കാറ്റിനൊപ്പം മഴയുമെത്തി. കാറ്റും മഴയും ഇണചേര്‍ന്ന് മണ്ണിനെ നനച്ചു. അവളുടെ മിഴികളും നനഞ്ഞിരുന്നു. എന്തിനാണ് ഈ മനഃസാക്ഷിയില്ലാത്തവനെയൊക്കെ സ്‌നേഹിക്കുന്നത്? സ്‌നേഹത്തിന്റെ വിലയൊന്നും ഇവനറിയില്ല. അവനറിയില്ലെങ്കില്‍ നീയെന്താണ് അത് വെളിപ്പെടുത്താത്?
അതോര്‍ക്കുമ്പോള്‍ മനസ്സിന് ഒരസ്വസ്ഥത തോന്നി. ഒന്നും ചോദിക്കാത്തതുകൊണ്ട് അവനും വിഷമം തോന്നിക്കാണും. കുറ്റബോധം മനസ്സിനെ അലട്ടി. രാത്രിയില്‍ എവിടെപോയിരുന്നുവെന്ന് ചോദിക്കാം. അല്ലാതെ എന്തുകൊണ്ട് പറയാതെ പോയി എന്നൊന്നും ചോദിക്കേണ്ട. അങ്ങനെ ചോദിച്ചാല്‍ അവന്‍ പുശ്ചിച്ച് തള്ളുകയും ചെയ്യും. കൂടുതല്‍ അവകാശമൊന്നും തന്നിട്ടില്ലെന്ന് കൂടി കേള്‍ക്കേണ്ടി വന്നാലോ? അവന്‍ സ്ത്രീകളുടെ ബാഹ്യസൗന്ദര്യത്തിലൊന്നും മയങ്ങുന്നവനല്ല. രഹസ്യമായി ഒരിണയെ കണ്ടെത്താന്‍ ഇന്നുവരെ അവനൊരു ശ്രമവും നടത്തിയിട്ടില്ല. അങ്ങനെ പോയ ഒരു സുഹൃത്തിന് വേണ്ടുന്ന ബുദ്ധി ഉപദേശിച്ച് കൊടുത്ത് നേരിട്ടറിയാവുന്ന ഒരു കാര്യമാണ്. ഒരു കാമുകനാകാനുള്ള മോഹമില്ലാത്ത ചെറുപ്പക്കാരുണ്ടോ? അതിന് സന്നദ്ധയായി ഒരു പെണ്ണ് മുന്നോട്ട് വന്നുകാണില്ല. ഹേയ് അങ്ങനെയൊരു പെണ്ണ് അവന്റെ പിറകെ കൂടില്ല. അതുറപ്പാണ്. അതെന്താണ് അതിന് പ്രേമത്തിന്റെ ആദ്യാക്ഷരം പോലും അവനറിയില്ലല്ലോ. അല്ലെങ്കില്‍ ഈ പ്രായത്തില്‍ അവന്‍ ആദ്യം അന്വേഷിക്കേണ്ടത് ഞാനെന്ന സുന്ദരിയേല്ലേ? അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. കണ്ണുകളില്‍ ഊര്‍ന്നിറങ്ങിയ മിഴിനീര്‍ കൈകൊണ്ട് ഒപ്പിയെടുത്തു. അവള്‍ സ്വയം പറഞ്ഞു. എടീ നമ്പൂതിരി പെണ്ണേ തൊലിക്ക് വെള്ളനിറം ഉള്ളതുകൊണ്ട് സൗന്ദര്യം ഉണ്ടാകണമെന്നില്ല. അതിനാവശ്യം വഏണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ്? ഹൃദയത്തിന് വിശുദ്ധി വേണം, വിനയവും അച്ചടക്കവും ഈശ്വരഭയവും ഉള്ളവളാകണം.
സമ്പത്തിന്റെയും ആര്‍ഭാടത്തിന്റെയും പിറകെ പോകുന്നവളാകരുത്, ഇതില്‍ എന്തൊക്കെ നിനക്കുണ്ട്. അഥവ നിന്റെ ഭര്‍ത്താവ് ഒരു രോഗി ആണെന്നിരിക്കട്ടെ. കാഴ്ചയില്‍ കാണാന്‍ കൊള്ളരുതാത്തവനെന്നിരിക്കട്ടെ നിനക്കയാളെ സ്‌നേഹിക്കാന്‍ കഴിയുമോ? മരണം വരെ ഒന്നിച്ച് ജീവിക്കുമെന്നുള്ള ഉറപ്പുണ്ടോ? സ്വന്തം ഭര്‍ത്താവിനെക്കാള്‍ മിടുക്കന്‍ മറ്റ് പുരുഷന്‍മാരെന്ന് തോന്നലുണ്ടാകുമോ? അവള്‍ ഒരു തീരുമാനത്തിലെത്തി. ഏതൊരു ബന്ധവും പരസ്പര വിശ്വാസവും സ്‌നേഹവും ഉള്ളതാണെങ്കില്‍ എല്ലാ ബന്ധനങ്ങളും അകന്നുപോകും. ഭാവി ജീവിതമോര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങി നിന്നു. ആരായിരിക്കും തന്റെ ജീവിതത്തിലേക്ക് കടന്നുവരിക. ഗ്ലാസുള്ള ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടന്നു. ഒരു ദിനം ഈ ണഴത്തുള്ളിപോലെ അവന്‍ കടന്നുവരും. അവന്റെ ശബ്ദം ഈ കാറ്റിന്റെ സംഗീതം പോലെയായിരിക്കും.
അവന് കാഴ്ചവെക്കുവാന്‍ ഞാന്‍ കാത്തുസൂക്ഷിക്കുന്ന എന്റെ കന്യാകത്വം തന്നെയാണ്. എന്നാല്‍ മനസ്സ് കളങ്കപ്പെട്ടിട്ടില്ലെന്ന് പറയാന്‍ പറ്റുമോ? യൗവനത്തില്‍ കടിഞ്ഞാണില്ലാത്ത കുതിരയെപോലയെല്ലേ മനസ്സ് കാടുകയറുന്നത്. ഈ കാടുകയറാത്ത ഒരു പെണ്ണും മണ്ണില്‍ കാണില്ല. എന്നാല്‍ പുരുഷന്റെ മനസ്സ് പെണ്ണിന്റേതുപോലയല്ല അവര്‍ക്ക് പഞ്ചാരപ്പെണ്ണ് ഇരുട്ടത്തും മധുരിക്കും. മാത്രമോ പണമുള്ളവനെ മണമുള്ളൂ എന്നായിരിക്കുന്നു. ചിന്തയിലാണ്ടുകിടന്ന മിനിയുടെ മുറി വാതില്‍ക്കല്‍ കുളി കഴിഞ്ഞെത്തിയ മാണി തല തുടച്ചുകൊണ്ട് അകത്തേക്ക് തലനീട്ടി നോക്കി ചോദിച്ചു.
ഞാന്‍ അകത്തോട്ട് ഒന്ന് വന്നോട്ടെ?
എന്താ അകത്തേക്ക് വരാന്‍ പനിനീര് തളിക്കണോ?
വെറുപ്പോടെ ചോദിച്ചു. ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചുകൊണ്ട് മുറിക്കുള്ളിലേക്ക് പതുക്കെ കാലെടുത്തുവെച്ചു. അവള്‍ എഴുന്നേറ്റിരുന്നു. എന്താ ഇനിയും ഇരിക്കണമെന്ന് പറയണോ? തമ്പുരാന്‍ ഇരുന്നാലും അവള്‍ കളിയാക്കി പറഞ്ഞു. മാണി കസേരയിലിരുന്നു. വളരെ താല്‍പര്യത്തോടെ മാണി ആവശ്യപ്പെട്ടു.എന്റെ പാല്‍ തീര്‍ന്നു. ഒരു ചായയ്ക്ക് പാലെടുത്തോട്ടെ അവള്‍ ആ മുഖത്തേക്ക് കൗതുകത്തോടെ നോക്കി നിനക്കിത്തിരി പാല് കൂടുതലാ അത് ശരി ഇത് ചോദിക്കാനാ വന്നത്. ഞാന്‍ കരുതിയത് കഴിഞ്ഞ രാത്രിയില്‍ എവിടെയായിരുന്നുവെന്ന് പറയാനായിരിക്കുമെന്നാണ്. ആരറിഞ്ഞു എവിടെയാണ് സുഖം കണ്ടെത്താന്‍ പോയതെന്ന്. വേശ്യകള്‍ ധാരാളമുള്ള നാടല്ലേ. നാട്ടിലേതുപോലെ ഇവിടെ ആര്‍ക്കും അതൊരു പേടിസ്വപ്നമല്ല. സ്‌കൂള്‍കുട്ടികള്‍ മുതല്‍ കാമവികാരം ആളികത്തിക്കയല്ലേ. അവള്‍ കട്ടിലില്‍ ലോലമായ വസ്ത്രത്തില്‍ ഇരിക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. സൗന്ദര്യം തുളുമ്പുന്ന ഒരു മാര്‍ബിള്‍ പ്രതിമപോലെയിരിക്കുന്നു. ശരീരത്തോടൊട്ടികിടക്കുന്ന വസ്ത്രത്തിനുള്ളില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന വലിയ മുലകളും ആകര്‍ഷകങ്ങളായ കണ്ണുകളും മാണി പ്രത്യേകം ശ്രദ്ധിച്ചു. മാദകത്വം തുളുമ്പിനില്‍ക്കുന്ന യൗവ്വനം. അവന്റെ കണ്ണുകള്‍ പ്രകാശിച്ചിരുന്നു. അവള്‍ സങ്കടപ്പെട്ട് പറഞ്ഞു. ഞാനാ മണ്ടി എനിക്ക് ശിരിക്കൊന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് അതൊന്നും അറിയേണ്ടല്ലോ. ആത്മസുഹൃത്താണ് പോലും. ഇന്നലെഎവിടെയായിരുന്നു. ആ വാക്കുകള്‍ പൊട്ടിച്ചിതറിയ കരിങ്കല്‍ ചീളുപോലെ മാണിയുടെ മുഖത്ത് വീണ് ചിതറി. അവളുടെ തൊണ്ട ഇടറിയതും കണ്ണുകള്‍ നിറഞ്ഞതും പെട്ടെന്നായിരുന്നു. ആ മുഖം ചുമന്ന് തുടുത്തു. മുട്ടില്‍ കൈ മടക്കിയിരുന്നു വിങ്ങിപ്പൊട്ടി.
മാണി ഭ്രമിച്ചു നോക്കി. ഉള്ളില്‍ കുറ്റബോധം ഉടലെടുത്തു. അവളുടെ പരിഭവവും ദുഖവും ഒരു കൂടപ്പിറപ്പിന്റെതുപോയായിരുന്നു. മനസ്സിലെങ്ങോ ഒരു കൂടപ്പിറപ്പ് ജനിച്ച പ്രതീതി. സ്‌നേഹം തിരിച്ചറിയുന്നത് ഇങ്ങനെയുള്ള നിമിഷങ്ങളിലാണ്. സ്‌നേഹനിധിയായിരുന്ന അച്ഛന്‍ സ്മരണയിലേക്ക് ഓടിയെത്തി. ഇത്ര സ്‌നേഹനിര്‍ഭരവും നിര്‍മ്മലവുമായ ഒരു വരവേല്‍പ്പ് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ജീവിതത്തിലുണ്ടായ ആദ്യത്തെ അനുഭവം. അവളുടെ ചോദ്യത്തിന് ഉത്തരം കൊടുത്തില്ല.അവളെ അഭിമുഖീകരിക്കാന്‍ തന്നെ പ്രയാസം തോന്നുന്നു. വളരെ ഗൗരവമായി പറഞ്ഞ കാര്യത്തെ നിസ്സാരമായി ഗണിക്കാനാവുന്നില്ല. ആ വേദനയകറ്റാനായി പറഞ്ഞു. ക്ഷമിക്കണം മിനി മൊബൈല്‍ എടുക്കാന്‍ മറന്നുപോയി, അവളുടെ മുഖമുയര്‍ന്നു. ദൃഢസ്വരത്തില്‍ ചോദിച്ചു. ഈ ലോകത്ത് നിന്റെയീ ഫോണ്‍ മാത്രമെയുള്ളോ? സ്വന്തം പെറ്റമ്മയെ സ്‌നേഹിക്കാത്ത നീ എങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കും? മാണി കസേരയില്‍ നിന്നും എഴുന്നേറ്റ് ഒരുനിമിഷം തരിച്ചു നിന്നിട്ട് പുറത്തേക്ക് പോയി.
(തുടരും)







