ഒരു പക്ഷി അതിന്റെ കൂട് കൂട്ടുന്നതിന് മുന്‍പും ഒരു ചിത്രകാരന്‍ തന്റെ ചിത്രം വരയ്ക്കുന്നതിനു മുന്‍പുംമറ്റുള്ളവര്‍ക്ക് കാണാനാവാത്ത ഒരു മാനറില്‍ ആ കൂടും ചിത്രവുമുണ്ട്. പക്ഷിയുടെയും ചിത്രകാരന്റെയുംആത്മാവില്‍ അദൃശ്യാവസ്ഥയിലുള്ള ബ്ലൂ പ്രിന്റുകളാണ് കൂടായും ചിത്രമായും ദൃശ്യരൂപം പ്രാപിക്കുന്നത് എന്നത്‌പോലെ പ്രപഞ്ചാത്മാവില്‍ നിറഞ്ഞു നിന്ന ചിന്തയുടെ ബ്ലൂപ്രിന്റ് ആയിരിക്കണം പ്രപഞ്ചമായി രൂപപ്പെട്ടത് എന്ന്ചിന്തിക്കുകയാവും കൂടുതല്‍ യുക്തിസഹമായി സ്വീകാര്യമാവുക ?
എന്താണ് പ്രപഞ്ചാത്മാവ് എന്നും എവിടെയാണ് അത് സ്ഥിതി ചെയ്യുന്നത് എന്നുമുള്ള ചോദ്യങ്ങളുമായിചിലരെങ്കിലും വന്നേക്കാനിടയുണ്ട്. ‘ ദൈവം ആത്മാവാകുന്നു ‘ എന്ന് ആദ്യകാല അന്വേഷകരില്‍ ചിലരെങ്കിലുംപറഞ്ഞു വച്ചതിന്റെ പിന്നാമ്പുറ രഹസ്യങ്ങളുടെ പ്രചോദനമായി ഭവിച്ചത് പക്ഷിയുടെയും ചിത്രകാരന്റെയും ആത്മഭാവങ്ങള്‍ സ്വന്തം ജീവിതത്തില്‍ അവര്‍ക്കും മുന്‍കൂറായി മനസ്സിലാക്കാന്‍ സാധിച്ചത് കൊണ്ട് തന്നെആയിരിക്കണം. ?
എന്നാല്‍ ഇന്നാവട്ടെ അറിവിന്റെ അപ്രമാദിത്വം അവകാശപ്പെടുന്ന ആധുനിക മനുഷ്യന്‍ അവന്റെഅന്വേഷണങ്ങളുടെ ആഴം കൂട്ടിയിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. എങ്കിലും മനുഷ്യ സൃഷ്ടികള്‍ മാത്രമായ മതഗ്രന്ഥങ്ങളിലെ സൂചനകളുടെയും പ്രതീകങ്ങളുടെയും പിറകേ നടന്നു ദൈവാന്വേഷണം നടത്തുകയുംകണ്ടെത്താനാവാതെ പരാജയപ്പെടുകയും ചെയ്ത യുക്തിവാദികളും സ്വതന്ത്ര ചിന്തകരും ദൈവം ഇല്ല എന്ന്വലിയ വായിലെ ഗര്‍ജ്ജിച്ചു കൊണ്ട് അവരുടെ അന്വേഷങ്ങളുടെ അവസാന ചാപ്റ്റര്‍ അടച്ചു വയ്ക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ദക്ഷിണ പാദങ്ങളില്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ഉത്തുംഗ ശ്രുംഗങ്ങളില്‍ആധുനിക ജനാധിപത്യ ബോധത്തിന്റെ ഉത്തമ വക്താക്കളായി വര്‍ത്തിക്കേണ്ട ഇക്കൂട്ടര്‍ ബാലവാടിയിലെകുട്ടികളുടെ നിലവാരത്തില്‍ തറ പറ പാടുമ്പോള്‍ അത് കേട്ടിരുന്നു വെറുതേ ഇളിക്കുന്ന സാക്ഷര കേരളത്തിന്റെസാംസ്‌ക്കാരിക നായകളെ കാണുമ്പൊള്‍ ഇവന്റെയൊക്കെ തലയ്ക്കകത്ത് മണ്ണാങ്കട്ടയോ ചകിരിച്ചോറോ എന്ന്ആരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ എന്നാണ് എന്റെ വിനീതമായ സംശയം.
പ്രപഞ്ചം സൃഷ്ടിച്ചതാര് എന്ന ഇവരുടെ ചോദ്യം ഇതേ നിലവാരത്തില്‍ ഉള്ളതായതിനാല്‍ അതിന് ഉത്തരംപറയുന്നയാള്‍ ആ നിലവാരത്തിലേക്ക് താഴേണ്ടി വരുന്നു. ചോദ്യകര്‍ത്താവായ താനായിരുന്നെങ്കില്‍ മണ്ണ് കുഴച്ചുംകല്ല് വിരിച്ചും ഈ പ്രപഞ്ചം ഇതുപോലെ പണിതു വയ്ക്കുമായിരുന്നു എന്നാണ് ഈ ചോദ്യത്തിലൂടെ അവര്‍പറയാതെ പറയുന്ന വാദം. അതുകൊണ്ടു തന്നെ ഉത്തരം പറയുന്നയാള്‍ക്ക് കൗപീനമുടുത്ത് കല്ലടിക്കുകയുംചെരിപ്പിടാതെ മണ്ണ് ചവിട്ടിക്കുഴക്കുകയും ചെയ്യുന്ന ഒരു ദൈവത്തിനെത്തന്നെ അവര്‍ക്ക് കാണിച്ചു കൊടുക്കേണ്ടിവരും.
ഇവിടെയാണ് ദൈവം ആത്മാവാകുന്നു എന്ന ദാര്‍ശനിക സംജ്ഞ ആത്മീകവും ഭൗതികവുമായ അര്‍ത്ഥതലങ്ങളില്‍ ഉത്തരമായി ഭവിക്കുന്നത്. ആത്മാവ് എന്നത് ആര്‍ക്കും കണാവുന്ന ഔസേപ്പായി വന്ന് ഒരുയുക്തിവാദിയുടെയും സ്വതന്ത്ര ചിന്തകന്റെയും കൈ പിടിച്ച് കുലുക്കാന്‍ പോകുന്നില്ല എന്ന് ആദ്യം മനസ്സിലാക്കണം. അത് രൂപമല്ലാത്ത ദൃശ്യമല്ലാത്ത . സ്പര്‍ശ്യമല്ലാത്ത പ്രതിഭാസമാണ്. അത് ഊര്‍ജ്ജമാണ്ശക്തിയാണ് സൗന്ദര്യമാണ് ചിന്തയാണ്.
ആ ശാക്തിക സമൂര്‍ത്തതകളുടെ ചിന്താ വ്യാപാരങ്ങളില്‍ നിന്ന് അത്യുന്നതങ്ങളായ അതിന്റെ പ്രായോഗികനിലവാരങ്ങളില്‍ നിന്ന് സത്യ സൗന്ദര്യങ്ങളുടെ പുത്തന്‍ വേര്‍ഷനുകള്‍ വിരിഞ്ഞിറങ്ങുമ്പോള്‍ പൊട്ടിത്തെറിച്ചനക്ഷത്ര കഷണമായി മഹാകാല വീഥിയില്‍ വീണു കിടക്കുന്ന മനുഷ്യന്‍ എന്ന കഷണത്തിന് അതൊന്നുംപൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവുന്നില്ല എന്നതല്ലേ സത്യം. !
ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും കാണപ്പെടുന്ന വര്‍ത്തമാന പ്രപഞ്ചത്തിന്റെ രണ്ടായിഅനുഭവപ്പെടുന്ന രണ്ടു കഷണങ്ങളാണ്. ഈ കഷണങ്ങളില്‍ നില നില്‍ക്കുന്ന ബോധാവസ്ഥ എന്ന സവിശേഷസാഹചര്യം ഉള്ളത് കൊണ്ട് മാത്രമാണ് ഈ ആശയ സംവേദനം സാധ്യമാവുന്നത് എന്നത് പോലെ സര്‍വ്വപ്രപഞ്ചത്തിലുമായി നില നില്‍ക്കുകയും അനിവാര്യമായ ആശയ വിശ്ലേഷണങ്ങളിലൂടെ അതിന്റെ വര്‍ത്തമാനതല്‍സ്ഥിതി സാധ്യമാക്കുകയും ചെയ്യുന്ന ഒരു സംവിധാനം നമ്മളിലുള്ള ചെറുതിന്റെ ഒരു
വലിയ പതിപ്പായി ഉണ്ടായിരിക്കണമല്ലോ? അതുകൊണ്ടല്ലേ പ്രകാശ വര്‍ഷങ്ങളിലൂടെയും പ്രദീപ്തചലനങ്ങളിലൂടെയും ഈ പ്രപഞ്ചം ഇവിടെയുണ്ടെന്ന് പ്രപഞ്ചവും പ്രപഞ്ച ഭാഗമായ നമ്മളും മനസ്സിലാക്കുന്നത് ?
നമ്മള്‍ എന്ന കുഞ്ഞന്‍ നക്ഷത്ര പിണ്ഡങ്ങളില്‍ ഉള്‍ച്ചേര്‍ന്നു കൊണ്ട് ഞാന്‍ എന്ന എന്നെയും നീ എന്നനിന്നെയും എനിക്കും നിനക്കും പരിചയസപ്പെടുത്തുന്ന ഈ ഊര്‍ജ്ജ പ്രസരണ ശാക്തിക സംവിധാനംനിലവിലുള്ളത് നമുക്കറിയുന്ന അനുഭവമാണല്ലോ എന്നിരിക്കെ,
ലബോറട്ടറി പരിശോധനകള്‍ക്കു വഴങ്ങാതെ എന്നിലും നിന്നിലും സജീവ സാന്നിധ്യമായിരിക്കുന്ന ഈ ശാക്തികസംവിധാനം ആനുപാതികമായ അളവില്‍ സര്‍വ്വ പ്രപഞ്ചത്തിലുമായി നിറഞ്ഞു നിന്നുകൊണ്ടാവണമല്ലോഅതിന്റെ തല്‍സ്ഥിതി നില നിര്‍ത്തുന്നത് ? യുക്തിസഹവും സ്വതന്ത്ര ചിന്താ പരവുമായ ഈ സത്യംഅംഗീകരിക്കുകയാണെങ്കില്‍ കല്‍ വിഗ്രഹങ്ങളിലും കാശുരൂപങ്ങളിലും ദൈവത്തെ അന്വേഷിച്ചു അലഞ്ഞുനടക്കുന്ന നമ്മുടെ സുഹൃത്തുക്കളുടെ വിലപ്പെട്ട ഊര്‍ജ്ജം അവര്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്നമറ്റേതെങ്കിലും ഉല്‍പ്പാദന ക്ഷമമായ മേഖലകളിലേക്ക് വഴി തിരിച്ചു വിടാനാവുമായിരുന്നു എന്ന് എനിക്ക്‌തോന്നുന്നു.
പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ആ ദൈവത്തിനെ സൃഷ്ടിച്ചതാര് എന്ന മണ്ടന്‍ ചോദ്യം ഇവരുടെഅനുയായികള്‍ ലോകത്താകമാനവും ചോദിച്ചു നടക്കുന്നുണ്ട്. മാവില്‍ക്കയറി മാങ്ങാ പരിച്ചതാര് എന്നലളിതമായ ഒരു സംജ്ഞയില്‍ ഇവര്‍ മഹാ പ്രപഞ്ചത്തെയും അതിന്റെ ബോധാവസ്ഥ എന്ന പ്രപഞ്ചാത്മാവിനെയുംബോണ്‍സായ് ചെയ്യുകയാണ് ഇതിലൂടെ ?
ആകെയുണ്ടെന്നു പറയപ്പെടുന്നതിന്റെ അഞ്ചു ശതമാനം പോലും സങ്കല്‍പിക്കാന്‍ ആയിട്ടില്ലെന്ന് വിലപിക്കുന്നഇവരുടെ ആചാര്യന്മാരുടെ പാഴ് വാക്കുകളില്‍ തൂങ്ങിപ്പിടിച്ചു കിടന്നു കൊണ്ടാണ് ഇവര്‍ ഈ ചോദ്യം വെറുതെചോദിച്ചു കൊണ്ടിരിക്കുന്നത്.
ദ്രവ്യവും ഊര്‍ജ്ജവും സമയവും ഒത്തുചേര്‍ന്ന ഒരിടത്ത് പ്രപഞ്ചമുണ്ടാവാന്‍ ഒരു ദൈവത്തിന്റെആവശ്യമുണ്ടാട്ടിരുന്നില്ല എന്ന സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വാക്കുകളില്‍ നിന്നാവും ഇവര്‍ പ്രചോദനംഉള്‍ക്കൊള്ളുന്നത് എന്ന് കരുതാമെങ്കിലും ഈ സംയോജനത്തിനു പിന്നിലെ ഒരു മുന്‍ ചിന്തയുടെ സാന്നിധ്യംബഹുമാന്യനായ സ്റ്റീഫന്‍ ഹോക്കിങ്സിനും നിഷേധിക്കാന്‍ ആവുമെന്നു തോന്നുന്നില്ല.
ഇക്കൂട്ടരുടെ വാദഗതികള്‍ അവര്‍ അവതരിപ്പിക്കുന്ന ഒരു രീതി എന്ന് പറയാവുന്നത് നമ്മുടെനേഴ്‌സറിക്കുട്ടികളെപ്പോലും നാണിപ്പിക്കുന്ന ഒരു നിലവാരത്തില്‍ ആണെന്നുള്ളതാണ് ഏറെ ലജ്ജാകരം. താന്റോമന്‍ കത്തോലിക്കന്‍ ആണെന്ന് അവകാശപ്പെടുന്ന ഒരു മാന്യദേഹം തങ്ങളുടെ പുസ്തകത്തിലെയുംജീവിതത്തിലെയും നേതാക്കളുടെ വികൃതികള്‍ ഒളിഞ്ഞു നോക്കി നുള്ളിക്കീറിക്കൊണ്ടാണ് മലര്‍ന്നു കിടന്നുസ്വയം തുപ്പുന്നത്.. ! വളയത്തിലൂടെ ചാടിക്കൊണ്ടു വളയത്തെ കുറ്റം പറയുന്നതില്‍ എന്ത് ലോജിക് ആണുള്ളത്എന്ന് എന്തുകൊണ്ട് ഈ വയോധികനു മനസ്സിലാവുന്നില്ല എന്നതാണ് എന്റെ എളിയ സംശയം. ന്യായമായുംഅദ്ദേഹം. വളയത്തില്‍ നിന്ന് പുറത്തു വരട്ടെ. എന്നിട്ടു നിവര്‍ന്നു നിന്ന് സംസാരിക്കട്ടെ.
മത ഗ്രന്ഥങ്ങളും മത സംവിധാനങ്ങളും മനുഷ്യ സൃഷ്ടികള്‍ മാത്രമാണെന്ന് മനസിലാക്കുകയും അപൂര്‍ണ്ണനുംസ്വാര്‍ത്ഥമതിയുമായ മനുഷ്യന്റെ ഏതൊരു പ്രവര്‍ത്തികളിലും ആ അപൂര്‍ണ്ണതയും സ്വാര്‍ത്ഥതയും നിഴല്‍ വിരിച്ചുനില്‍ക്കുന്നുണ്ടാവും എന്ന് അംഗീകരിക്കുകയും ചെയ്താല്‍പ്പിന്നെ ഇദ്ദേഹത്തില്‍ നിന്നുള്ള ഒരു വാക്കിന് പോലുംപ്രസക്തി ഉണ്ടാവില്ല എന്ന് എനിക്ക് തോന്നുന്നു. ഏറ്റവും ചുരുങ്ങിയത് ഞാനൊരു റോമന്‍ കത്തോലിക്കനാണ്എന്ന അദ്ദേഹത്തിന്റെ വാണിയന്‍ കളി നിലവാരത്തിലുള്ള ആ പരിചയപ്പെടുത്തല്‍ എങ്കിലുംഒഴിവാക്കാമായിരുന്നു.
മറ്റൊരു മഹാന്റെ മേഖല കിത്താബുകളിലെ ലൈംഗിക വികൃതികള്‍ ചികഞ്ഞ് പുറത്തെടുക്കലാണ്. മനുഷ്യന്റെകഥ പറയുന്ന ഏതു കാലത്താണ്, ഏതു സമൂഹത്തിലാണ് ജീവന്റെ അടിസ്ഥാന ചോദനയായ ലൈംഗികാവേശപ്രകടനങ്ങള്‍ ഇല്ലാതിരുന്നിട്ടുള്ളത് സര്‍ ? കാലാ കാലങ്ങളില്‍ മനുഷ്യന്‍ കെട്ടിപ്പൊക്കിയ വേലിക്കാലുകളില്‍ചിലതൊക്കെ ഇന്നും നില നില്‍ക്കുന്നത് കൊണ്ട് മാത്രമാണല്ലോ വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ഥങ്ങളായലൈംഗിക നീതികള്‍ നടപ്പിലായിട്ടുള്ളത് എന്ന് സമക്ഷത്തില്‍ നിന്ന് മനസ്സിലാക്കിയാല്‍ മതിയാവുമല്ലോ ?.
ഇനി യേശു ജീവിച്ചിരുന്നതിനു തെളിവുകള്‍ ഇല്ലെന്നും മഹാ പെണ്ണ് പിടിയനായിരുന്നു എന്ന്വരുത്തിത്തീര്‍ക്കാനുമാണ് മറ്റൊരാശാന്റെ പരിശ്രമങ്ങള്‍. ( നമ്മുടെ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ പതക്കഭാഷയിലും ഈ വാദമുണ്ട്.! ) ജീവിച്ചിരുന്നിട്ടില്ലാത്ത ഒരാള്‍ എങ്ങിനെ പെണ്ണ് പിടിക്കും എന്ന ചോദ്യം ഞാന്‍ചോദിക്കുന്നില്ല.
താന്‍ ദൈവമാണെന്ന് യേശു ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ സര്‍ ?. തനിക്കു വേണ്ടി അരമനകള്‍ പണിയണമെന്നുംലഞ്ചിന് ആസ്‌ട്രേലിയന്‍ ആട്ടിന്‍കരള്‍ ഉലര്‍ത്തി വയ്ക്കണമെന്നും യേശു പറഞ്ഞിട്ടുമില്ല. പറഞ്ഞതാവട്ടെ, അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും മോചിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്. വഴിയില്‍ മുറിവേറ്റു വീണുകിടന്നവനെ താങ്ങി സത്രത്തില്‍ എത്തിക്കുന്ന കരുതലിനെക്കുറിച്ചാണ്. വയല്‍പ്പൂവിന്റെ വന്യ സൗന്ദര്യത്തിന് രാജാധികാരത്തിന്റെ കിരീട രത്‌നത്തെക്കാള്‍ വിലമതിക്കപ്പെട്ട സൗന്ദര്യബോധത്തിന്റെ പ്രകൃതി സംരക്ഷണത്തെക്കുറിച്ചാണ്. ആഗോള മനുഷ്യരാശിയെ അയല്‍ക്കാരനാക്കി ചേര്‍ത്തുപിടിക്കുന്ന കരുതലില്‍ അധിഷ്ഠിതമായ സ്‌നേഹത്തെക്കുറിച്ചാണ്.
യേശു ഒരു കഥാപാത്രമായിരുന്നു എന്ന ആശാന്റെ വാദം അംഗീകരിച്ചാല്‍ത്തന്നെയും ഇതൊക്കെ മതി എനിക്കുംഎന്നെപ്പോലുള്ളവര്‍ക്കും ആ കഥാപാത്രത്തെ റോള്‍ മോഡലായി അംഗീകരിക്കുവാന്‍. അല്ലെങ്കില്‍ ഇതിനേക്കാള്‍മഹത്തായ ഒരു പ്രായോഗിക കര്‍മ്മ പരിപാടിയുമായി യുക്തി വാദികളോ സ്വതന്ത്ര ചിന്തകരോ മുന്നോട്ടു വരട്ടെ. വന്നിട്ടുണ്ടോ ? ഇല്ലല്ലോ? എങ്കില്‍പ്പിന്നെ വയസാം കാലത്ത് കൊച്ചുമക്കളെയും കളിപ്പിച്ച് വീട്ടിലിരിക്ക് സാറന്മാരെ.
ആധുനിക ശാസ്ത്രം അതിന്റെ വളര്‍ച്ചയുടെ ഉത്തുംഗ സോപാനങ്ങളില്‍ വിഹരിക്കുന്ന ഇന്നുകളില്‍പ്പോലുംഎങ്ങിനെ ഭൂമിയില്‍ ജീവനുണ്ടായി എന്ന ചോദ്യത്തിന് ഉത്തരമില്ല. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്രശ്മികളും മിന്നല്പിണരുകളില്‍ നിന്നും അഗ്‌നിവര്‍വത സ്‌പോടനങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജവും സ്വാധീനിച്ചിട്ടാണ്ജീവന്‍ ഉരുത്തിരിയുന്നതിനുള്ള ആദ്യ ഘടകമായ അമിനോ ആസിഡുകള്‍ ഉണ്ടായതെന്ന് ശാസ്ത്രംപറയുമ്പോളും ഇതേ സാഹചര്യങ്ങള്‍ നില നില്‍ക്കുന്ന പ്രപഞ്ചത്തിലെ മറ്റെവിടെയെങ്കിലും ജീവന്‍ഉരുത്തിരിഞ്ഞതായി കണ്ടെത്താന്‍ ശാസ്ത്രക്കണ്ണുകള്‍ക്കു സാധിക്കുന്നുമില്ല..
വിദൂര നക്ഷത്രങ്ങളുടെ വിശാല വിഹായസുകളില്‍ ഗവേഷണപ്പന്തുകള്‍ എറിഞ്ഞു കളിക്കുന്ന ശാസ്ത്രകൊച്ചാട്ടന്മാര്‍ക്ക്, അതല്ലെങ്കില്‍ സ്വിസ്സ് /ഫ്രഞ്ച് അതിര്‍ത്തി മേഖലയിലെ സംയുക്ത ശാസ്ത്ര സംരംഭ ( സേണ്‍ ) ട്രഞ്ചുകളില്‍ അതി സൂക്ഷ്മങ്ങളായ പ്രോട്ടോണുകളെ എറിഞ്ഞു പൊട്ടിച്ച് ദൈവകണം കണ്ടെടുത്ത ശാസ്ത്രവല്യേട്ടന്മാര്‍ക്ക് അമിനോ ആസിഡുകള്‍ ഉണ്ടാക്കുന്നതിനുള്ള ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ഒരു പൂവിറുക്കുന്നലാഘവത്തം പോലും ആവശ്യമില്ല എന്നിരിക്കെ അങ്ങിനെയൊന്നുണ്ടാക്കിയാല്‍ എത്ര ലളിതമായി നമുക്ക്മനുഷ്യക്കുട്ടികളെത്തന്നെ ഉണ്ടാക്കിയെടുക്കാം ! പ്രസവ വേദന സഹിക്കാനാവാതെയും സാന്ദര്യം ചോര്‍ന്നുപോയാലോ എന്ന ഭയം മൂലവും കുട്ടികളേ വേണ്ട എന്ന് ചിന്തിക്കുന്ന ആധുനിക ന്യൂജെന്‍ വനിതകള്‍ക്കിടയില്‍ഉല്‍പ്പന്നത്തിന് വലിയ മാര്‍ക്കറ്റ് വാല്യൂ ഉറപ്പാക്കുകയും ചെയ്യാം.
ദൈവം ഇല്ല എന്ന് സ്ഥാപിക്കുന്നതിനുള്ള ശാസ്ത്ര വളര്‍ച്ചയൊന്നും ഒരു കാലത്തും മനുഷ്യന്‍ എന്ന ഈരണ്ടുകാലന്‍ ജീവി നേടാന്‍ പോകുന്നേയില്ല. നേടണമെങ്കില്‍ പ്രപഞ്ചത്തെ തൊട്ടറിയാന്‍ അവനു സാധിക്കണം. നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങാനിരിക്കുന്ന ഈ ഈയാംപാറ്റകള്‍ക്ക് പ്രകാശംഇന്ധനമാക്കിയാല്‍പ്പോലും കഷ്ടിച്ച് നമ്മുടെ പ്രോക്‌സിമ സെഞ്ച്വറിയില്‍ എത്തിച്ചേരാന്‍ സാധിച്ചേക്കാം – അത്രതന്നെ. അത് ആനയുടെ വാലിലെ ഒരു രോമത്തിന്റെ ഒരായിരത്തില്‍ ഒന്നുപോലും ആകുന്നില്ലാ എന്ന് കൂടിഅറിയേണ്ടതുണ്ട്. നമ്മുടെ ഈ മില്‍ക്കിവേയില്‍ നിന്ന് ഒന്ന് പുറത്ത് കടക്കണമെങ്കില്‍പ്പോലും ഒ. രുലക്ഷത്തോളം വര്‍ഷങ്ങള്‍ വേണ്ടി വരും എന്നത് ആര്‍ക്കാണറിഞ്ഞു കൂടാത്തത് ? !
തല്‍ക്കാലം ഒന്നും നടക്കില്ല. നിയതമായ ഒരു താള ക്രമത്തില്‍ പ്രപഞ്ചവും അതിന്റെ ഭാഗമായതിനാല്‍ അതേതാളത്തില്‍ നമ്മളും ചലിച്ചു കൊണ്ടേയിരിക്കുന്നു.
മനുഷ്യ വംശ ചരിത്രത്തില്‍ വിളക്ക് മരങ്ങളായി തിളങ്ങി നിന്ന ആശയങ്ങളുടെ പ്രകാശ വീചികള്‍ എറ്റുവാങ്ങിക്കൊണ്ടാണ് ലോകം ഇതുവരെയും നില നിന്നിട്ടുള്ളത് എന്നതിനാല്‍ അതവിടെ നില്‍ക്കട്ടെ. ഇതിനേക്കാളൊക്കെ മൂല്യവത്തായ മറ്റൊരു വെളിച്ചം നമ്മുടെ സ്വപ്നങ്ങളില്‍ മാത്രമാണ് എന്നതിനാല്‍അങ്ങോട്ടേക്കുള്ള യാത്രയില്‍ പോലും ഈ തോള്‍സഞ്ചികള്‍ നമുക്ക് സഹായകമാവുകയേയുളളു.












