LIMA WORLD LIBRARY

ലോകത്തിലെ ഏറ്റവും സെക്സിയായ ഭാഷ – മലയാളം, ഒരു ഭാഷാപ്രണയത്തിന്റെ മൊഴികള്‍-ലീലാമ്മ തോമസ്, ബോട്‌സ്വാന

ഭാഷകള്‍ അനവധി –
ചിലത് വാക്കുകളുടെ കലാപമാണ്, ചിലത് ശബ്ദങ്ങളുടെ മൃദുസംഗീതം.
എന്നാല്‍ മനുഷ്യഹൃദയത്തിന്റെ താളത്തിന് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഭാഷ മലയാളം തന്നെയാണ്.
അതില്‍ ഉണ്ട് മണമുള്ള മണ്ണിന്റെ ഗന്ധം, കടലിന്റെ ആഴം, മിണ്ടാത്ത കവിതയുടെ നനുത്ത പച്ചപ്പും.

ചില മലയാള വാക്കുകള്‍ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ രസം തീരും;
പക്ഷേ അതേ വാക്ക് മലയാളത്തില്‍ പറഞ്ഞാല്‍ –
‘എലിപുന്നെല്ല് കാണുന്ന” പോലെ ഒരു അജ്ഞാതമധുരം ഉണരും.
മലയാളം വെറും ആശയവിനിമയമല്ല;
അത് ഹൃദയത്തിന്റെ നാഡിയിലൊഴുകുന്ന പ്രണയധാരയാണ്.

മലയാളത്തില്‍ സംസാരിക്കാന്‍ മുമ്പ് നാവ് വൃത്തിയാക്കണം –
കാരണം ഈ ഭാഷ ശബ്ദത്തിനപ്പുറം ഭാവത്തിന്റെ വിശുദ്ധി ആവശ്യപ്പെടുന്നു.
‘മലയാളം’ എന്ന വാക്ക് തന്നെ അത്ഭുതമാണ് –
വായിച്ചാലും മറിച്ച് വായിച്ചാലും അതേ സംഗീതം.
കാലമെന്ന ദൂരമുണ്ടായാലും മലയാളം എപ്പോഴും കാത്തിരിക്കുന്നു –
അത് സ്‌നേഹത്തിന്റെ കാത്തിരിപ്പ് തന്നെയാണ്.

മലയാളത്തില്‍ അരുളപ്പാട് ഉണ്ട്.
മലയാളികള്‍ ആ അരുളപ്പാടിനായി കാത്തിരിക്കും.
ഇംഗ്ലീഷുകാര്‍ക്ക് പ്രൊഫൈസി ഉണ്ട് –
പക്ഷേ അവര്‍ കാത്തിരിക്കാറില്ല!
ഇതിലാണോ ഭാഷകളുടെ ആത്മാവിനെയും മനുഷ്യന്റെ ഹൃദയത്തിനെയും വേര്‍തിരിക്കുന്നത്?

ബോട്‌സ്വാനയിലെ എന്റെ വീട്ടിനടുത്ത് താമസിക്കുന്ന ഒരു ചൈനക്കാരി സംസാരിക്കുമ്പോള്‍,
അവളുടെ ഭാഷ ചെമ്പുകുടം വീഴുമ്പോഴുണ്ടാകുന്ന ശബ്ദങ്ങളുടെ സിംഫണിപോലെ.
ഞാന്‍ യാത്രചെയ്ത രാജ്യങ്ങളിലെല്ലാം എന്റെ പേര് വ്യത്യസ്തമായി.
അറബികള്‍ എന്നെ ”ലൈല”,
ഇംഗ്ലീഷുകാര്‍ ”ലീലുസ്”,
ചൈനക്കാര്‍ ”ലോലോ”,
പലസ്തീനികള്‍ ”ലീ” എന്നു വിളിച്ചു.
പക്ഷേ എനിക്ക് അറിയാം – ‘ലീലാമ്മ’ എന്ന പേര് മലയാളത്തിലാണ് പൂര്‍ണ്ണത നേടുന്നത്.

മലയാളം ബുദ്ധിമുട്ടുള്ള ഭാഷയാണെന്ന് വിദേശികള്‍ പറയുന്നു.
കാരണം അതില്‍ ഒരു വസ്തുവിനെ പറയാന്‍ പത്ത് വഴികളുണ്ട്!
ഒരു ”ആ” ചേര്‍ത്താല്‍ നാമത്തില്‍ ബന്ധം പിറക്കും, ജീവന്‍ തളിര്‍ക്കും.
അതുകൊണ്ടാവാം അതിന്റെ അര്‍ത്ഥമില്ലാത്തതുപോലെ തോന്നുന്ന വാക്കുകള്‍ക്കുള്ളില്‍
ആത്മാവിന്റെ പാട്ടുകള്‍ ഒളിഞ്ഞിരിക്കുക.
മലയാളം പഠിച്ചാല്‍ മറ്റെല്ലാ ഭാഷകളെയും മനസ്സിലാക്കാന്‍ എളുപ്പമാകും –
അത് ഭാഷയല്ല, ഒരു ചിന്താശൈലിയാണ്.

തമിഴിന്റെ ഒഴുക്ക് സമാധാനമാണ്;
പക്ഷേ മലയാളം കടലാണ് –
അടിയിലുണ്ടാകുന്ന ആഴം നമുക്ക് നേരെ കാണാനാവില്ല,
പക്ഷേ അതാണ് നമ്മെ കൈമുതലാക്കുന്നത്.

ഞാന്‍ ഒരു സ്വദേശി മലയാളിയാണ്,
എന്നാല്‍ ചെറുപ്പം മുതലേ ഈ ഭാഷ എന്റെ പ്രണയമായി മാറി.
ഇംഗ്ലീഷ് കുറച്ച് സംസാരിക്കും,
പക്ഷേ മലയാളം പറയുമ്പോഴാണ് ഹൃദയം പാടുന്നത്.

മലയാളം പറയാന്‍ നാവ് വളയ്ക്കണം,
പക്ഷേ അതില്‍ നിന്നാണ് സംഗീതം ജനിക്കുന്നത്.
ആ സംഗീതം കേള്‍ക്കുന്നവര്‍ക്ക് മലയാളം വെറും ഭാഷയല്ല;
അത് അരുളിന്റെ ശബ്ദം,
പ്രണയത്തിന്റെ ആലാപനം,
അസ്തിത്വത്തിന്റെ നാദം തന്നെയാണ്.

എന്റെ ഭാഷ എനിക്ക് എന്റെ മുഖം തന്നെയാണ്.
മലയാളം എന്നെ മാത്രം പറഞ്ഞിട്ടില്ല – അത് എന്നെ ഉണ്ടാക്കിയുമിരിക്കുന്നു.
ലോകത്തിന്റെ ഏതു അറ്റത്തായാലും,
മലയോര കാറ്റില്‍നിന്ന് ആഫ്രിക്കന്‍ മരുഭൂമിവരെ,
ഞാന്‍ സംസാരിക്കുന്നത് ഒരു ഭാഷയിലൂടെ അല്ല –
ഒരു സ്‌നേഹത്തിന്റെ ശബ്ദത്തിലൂടെയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px