കര്‍ക്കിടക കഞ്ഞി എന്ന് കേട്ടിരിക്കും. ഇനി മേല്‍ ഇതും കൂടി മന:പാഠമാക്കുക. യവം
കഞ്ഞി. യവം എന്ന് കേള്‍ക്കുമ്പോള്‍ കൗതുകപ്പെടേണ്ടതില്ല. നമുക്ക് മിക്കവര്‍ക്കും പരിചയമുള്ളത് തന്നെ. കുറേ പഴയ കഥ. പനിച്ചു പൊരിയുമ്പോള്‍ രോഗിക്ക് ബാര്‍ലി വെള്ളവും കരിപ്പുവട്ടി കാപ്പിയും കൊടുക്കുന്ന ഒരു കാലം.
ബാര്‍ലി വെള്ളം ഏറെക്കുറെ കഞ്ഞി വെള്ളം പോലിരിക്കും. ബാര്‍ലി കഞ്ഞിയുണ്ടാക്കി
അതില്‍ നിന്നും വെള്ളം ശേഖരിക്കുന്നതാണ് ബാര്‍ലി വെള്ളം. ബാര്‍ലി ചോറ് സാധാരണയായി ഭക്ഷണത്തിനുപയോഗിക്കാറില്ല.
ബാര്‍ലി വെള്ളം കുടിക്കുന്ന മാത്രയില്‍ പനിക്കാരന്റെ ക്ഷീണം പമ്പ കടക്കും. മാത്രമല്ല രോഗത്തില്‍ നിന്ന് ആശ്വാസവും ലഭിക്കും.
ബാര്‍ലി ചെടിയില്‍ നിന്നും കൊയ്‌തെടുക്കുന്ന ബാര്‍ലി വിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ച് ഈര്‍പ്പം അകറ്റി എടുക്കുന്നതാണ് യവം അരി. അതില്‍ തയ്യാറാക്കുന്ന കഞ്ഞി പ്രമേഹ രോഗികള്‍ക്ക് ഉത്തമമത്രേ. പ്രമേഹരോഗം ഇല്ലാത്തവരും അത് വ്യാപകമായി ഉപയോഗിച്ചു വരുന്നു.
ഏതും ഔഷധം എന്ന് കേട്ടാല്‍ ഓടിയണയുന്ന മലയാളികള്‍ മാത്രമല്ല വിദേശികളും യവം അരി പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗ പ്രതിരോധശേഷി നില നിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ ആര്‍ത്തവം കഴിഞ്ഞവരും ആര്‍ത്തവത്തോട് അടുക്കുന്നവരും യവം കഞ്ഞി കുടിക്കുന്നത് നന്നായിരിക്കും.
യവം അരിയില്‍ ധാരാളം ജീവകങ്ങളും ഖനിജങ്ങളും ഭക്ഷ്യ നാരു ഘടകങ്ങളും ബീറ്റ – ഗ്ലൂക്കണും (beta-glucan) മെച്ചപ്പെട്ട അളവില്‍ കാണപ്പെടുന്നു. ബീറ്റ ഗ്ലൂക്കനും നാരു ഘടകവും ചേര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. ഇതിലെ മെഗ്‌നീഷ്യം പിന്നെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്തുന്നു.
ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നാര് ഘടകം മലബന്ധം ഇല്ലാതാക്കുന്നു. മലബന്ധം ഉള്‍പ്പെടെ ഉദര പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത് കഴിക്കുന്നത് നന്നത്രേ.
ഇതിലൊക്കെയുപരി ഇത് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നൊരു ധാരണ പരക്കെയുണ്ട്. ഒരുപക്ഷേ അതാവാം വിദേശ മാര്‍ക്കറ്റുകളില്‍ വരെ യവം അരിക്കുള്ള വര്‍ദ്ധിച്ച ഡിമാന്‍ഡ്.
ബാര്‍ലി വ്യാവസായികമായി ഉപയോഗിക്കുന്ന ഒരു ധാന്യമാണ്. ബാര്‍ലിയില്‍ നിന്നാണ് ബിയര്‍ ഉല്‍പാദിപ്പിക്കുന്നത്. ജനത്തിന് ബിയറിനോടുള്ള താല്പര്യം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.
ഒരു ധാന്യ സസ്യമാണ് യവം. പോയേസീ എന്ന പുല്ല് കുടുംബത്തിലാണ് (family Poaceae) ഈ സസ്യം ഉള്‍പ്പെടുന്നത്. ഹോര്‍ഡിയം ജീനസില്‍ (genus Hordeum) ഹോര്‍ഡിയം വള്‍ഗാരെയാണ് (Hordeum vulgare) സാധാരണ ഇനം.












