LIMA WORLD LIBRARY

മരണമാര്‍ഗ്ഗം സുഗമമാക്കുന്ന മരുന്ന് വാണിഭക്കാര്‍-ജയരാജ് പുതുമഠം

‘കുറുന്തോട്ടിക്ക് വാതം’ എന്നത് പ്രശസ്തമായ ഒരു നാടന്‍ ചൊല്ലാണ്.
കുറുന്തോട്ടി എന്ന സസ്യം വാതരോഗശമനത്തിനുള്ള മികച്ച ആയുര്‍വേദ ഔഷധമാണെന്നാണ് നാട്ടറിവിലൂടെ കേട്ടറിവുള്ളത്.
അങ്ങനെയുള്ള ഈ ഔഷധത്തിന്‌പോലും വാതരോഗം പിടിപ്പെട്ടാല്‍ കാര്യങ്ങളുടെ സ്ഥിതി ചിന്തകള്‍ക്കപ്പുറം വളര്‍ന്ന് വലുതായിരിക്കുന്നു എന്ന് അനുമാനിക്കാവുന്നതേയുള്ളൂ എന്നാണ് ഈ പഴമൊഴിയിലെ തത്വം.
ജീവശരീരങ്ങള്‍ക്ക് നിലവാരം കുറയുമ്പോള്‍ പുനര്‍നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന പദാര്‍ഥങ്ങളെയാണ് മരുന്നുകള്‍ എന്ന സംജ്ഞയിലൂടെ ഭാഷാ പിതാക്കള്‍ പൊതുവെ ഉപയോഗിച്ചുവരുന്നത്.
എന്നാല്‍ ഔഷധംതന്നെ നിലവാരം കുറഞ്ഞ് വിഷവാഹിനിയായി രൂപാന്തരപ്പെടുന്ന ഒരവസ്ഥയെക്കുറിച്ച് ജനാധിപത്യരാജ്യത്തെ ഇരകള്‍ക്ക് ആലോചിക്കാനേ വയ്യ.
മാനവികത കെട്ട ഇത്തരം ക്രൂര വിനോദങ്ങളുടെ കലവറയായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ രാമരാജ്യം.
എന്‍. എസ്. ക്യു. (നോട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി) വിന്റെ പരിശോധനയില്‍ 35 കമ്പനികളുടെ 56 ഇനം മരുന്നുകളില്‍ നിലവാരമില്ലായ്മ തെളിഞ്ഞിട്ട് അധികം സമയമായിട്ടില്ല. പരിശോധനയ്ക്ക് വിധേയമാകാത്തതും തെളിയാന്‍ കാത്തിരിക്കുന്നതുമായ ‘ഗുണ്ടു’കള്‍ വേറെ.
78 വര്‍ഷം മുന്‍പ് സ്വാതന്ത്ര്യം ലഭിച്ച ഒരു രാജ്യത്താണ് ഇമ്മാതിരി ക്രൂരകേളികള്‍ തുടരുന്നത് എന്നോര്‍ക്കണം.

കോടിക്കണക്കിനു രൂപയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കറുത്ത പെട്ടിയിലേക്ക് മരുന്ന് മാഫിയകള്‍ സംഭാവനയായി നിക്ഷേപിച്ചിട്ടുള്ളത്. അതെങ്ങനെ മുതലാക്കാമെന്ന ചാണക്യസൂത്രവും അവര്‍ക്കറിയാം.
അതുകൊണ്ട്, നമുക്ക് ‘അഹല്യാമോക്ഷ’വും ഭജിച്ചുകൊണ്ട് നിലവാരം കുറഞ്ഞ മരുന്നുകള്‍ ഭുജിച്ചിറക്കി ശേഷിച്ചകാലം തള്ളിനീക്കാമെന്ന് കരുതാമോ.

അഴുകിയ സമൂഹത്തിന്റെ എല്ലാ ശാഖകളിലും അതിന്റെ ദുര്‍ഗന്ധങ്ങള്‍ വമിച്ചുകൊണ്ടിരിക്കും എന്നതിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ചുമ മരുന്ന് കഴിച്ചതിന്റെ പേരില്‍ മരണത്തിലേക്ക് വഴുതിവീണ കുട്ടികളുടെ കഥ. രണ്ടാഴ്ച്ചയ്ക്കിടെ 11 കുട്ടികളുടെ മരണവൃത്താന്തമാണ് (അതോ കൂടുതലോ) ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ ഇതെഴുതുമ്പോള്‍ 20 മരണം സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ കെയ്‌സണ്‍ ഫാര്‍മയുടെ 19 മരുന്നുകള്‍ നിരോധിച്ചു കഴിഞ്ഞു. ‘കോള്‍ഡ്രിഫ്’ ചുമമരുന്ന് നിരോധിച്ചുകൊണ്ട് ഉത്തര്‍ പ്രദേശിലും ഉത്തര കബ്ഡിലും, മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു.

പെരുകുന്ന മരുന്ന് വിഷം

ഖര രൂപത്തിലുള്ള മരുന്ന് മിശ്രിതം ലായനി രൂപത്തിലാക്കാന്‍ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ‘സിന്തറ്റിക് പ്രൊപ്പിലിന്‍ ഗ്ളൈകോള്‍’ എന്ന രാസികം. ഇത് അംഗീകൃത നിലവാരമുള്ള ഒരു വസ്തുവാണ്. ലാഭമോഹികള്‍ ഇതിന് പകരം വിലകുറഞ്ഞ ‘ഡ്രൈ എത്തിലിന്‍ ഗ്ളൈക്കോള്‍’ എന്ന വീര്യം കൂടിയ രാസപദാര്‍ത്ഥം ഉപയോഗിച്ചാല്‍ ചുമമരുന്നിന്റെ ഭാവം മാറി അത് മരണമരുന്നായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നതത്രേ.
മരുന്ന് നിര്‍മ്മിതിക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ശേഖരണ സമയം മുതല്‍ അതിന്റെ നിര്‍മ്മാണ സ്ഥലങ്ങളിലും വിതരണ സ്ഥാപനങ്ങളിലും സൂക്ഷ്മമായ പരിശോധനകള്‍ നടത്തേണ്ടതാണ് എന്നാണ് വെപ്പ്. 2022 ല്‍ ‘മെയ്ഡന്‍ ഫാര്‍മസ്യൂ ട്ടിക്കല്‍സ്’ കമ്പനിയുടെ ചുമ മരുന്ന് കഴിച്ച് 70 കുട്ടികള്‍ ഗാമ്പിയയില്‍ മരിച്ചവിവരം ആരും മറന്നുകാണില്ല എന്ന് കരുതുന്നു.
ഫാര്‍മ കമ്പനികള്‍ക്ക് മരുന്നുല്‍പ്പാദനത്തിന്റെ തുടക്കത്തില്‍ ലൈസെന്‍സ് കിട്ടണമെങ്കില്‍ ഉല്‍പ്പാദിപ്പിച്ച മരുന്ന് സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തേണ്ടതുണ്ട്. തുടര്‍ന്ന് നിര്‍മ്മിക്കുന്ന ബാച്ചിലെ മരുന്നുകള്‍ സ്വകാര്യകമ്പനിയുടെ ലാബിലോ, സര്‍ക്കാര്‍ അംഗീകൃതമായ മറ്റ് ലാബുകളിലോ പരിശോധിച്ചാല്‍ ഈ കടമ്പ കടക്കാന്‍ കഴിയുമത്രേ.
ഇതിന്റെ ക്വാളിറ്റി പരിശോധന നടത്തേണ്ടത് ഡ്രഗ് കണ്ട്രോള്‍ വകുപ്പായതുകൊണ്ട് ഈ പരിശോധന വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാ നുള്ള വിവേചനാധികാരം ഡ്രഗ് കണ്‍ട്രോളറുടെ കൈകളില്‍ നിക്ഷിപ്തമാണ്താനും.

‘എത്രയായാലും മനുഷ്യരല്ലേ…’

മരുന്ന്, മാലിന്യമാകുന്നതിന്റെ രഹസ്യം മനസ്സിലായിക്കാണുമല്ലോ.

കുപ്രചരണങ്ങളുടെ വഴികള്‍

ഔഷധ മാഫിയയുടെ ക്രൂരവര്‍ണ്ണങ്ങളെക്കുറിച്ച് ഇതിനുമുമ്പും അപസര്‍പ്പക കഥകള്‍ വ്യാപരിച്ചിട്ടുണ്ട്.
അതിലൊന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക ശ്രദ്ധയില്‍ പുറത്തിറങ്ങി അനേകര്‍ക്ക് ഉപകാരപ്രദമായി തീര്‍ന്നിട്ടുള്ള ജനൗഷധി മരുന്നുകളെക്കുറിച്ചാണ്.
ഇവ വ്യാജനിര്‍മ്മിതിയാണെന്നും രോഗശമനത്തിന് ആവശ്യമായ വിഭവങ്ങളുടെ അഭാവം ഇവയില്‍ സമൃദ്ധമാണെന്നുമൊക്കെയാണ് ഇക്കൂട്ടരുടെ പ്രചരണം. ബഹുരാഷ്ട്രകുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ ധനമോഹികളായ ഡോക്ടര്‍മാരുടെ സഹായത്തോടെ ബ്രാന്‍ഡ് നെയിം മാത്രം എഴുതി വില്‍പ്പിക്കുന്ന സമ്പ്രദായത്തിലൂടെ ലാഭം കൊയ്യുന്ന വിപണിതന്ത്രത്തിന്റെ വിജയമാണ് ഈ കുറുക്കന്മാരുടെ ഉന്നം.
ഡോക്ടര്‍മാര്‍ മരുന്നിലെ ഇന്‍ക്രിഡിയന്‍സ് മാത്രം എഴുതിയാല്‍ മതിയെന്നും, ആ ഇന്‍ക്രിഡിയന്‍സ് ഉള്‍ക്കൊള്ളുന്ന വിലകുറവുള്ള മരുന്നുകള്‍ തെരഞ്ഞെടുക്കാനുള്ള വാങ്ങുന്നവന്റെ സ്വാതന്ത്ര്യവും, അത്തരം മരുന്നുകള്‍ മാത്രം കൊടുക്കാനുള്ള കടയുടമയുടെ വിവേകചിന്തയേയും തട്ടിമാറ്റിക്കൊണ്ടാണ് ഈ ലോബിയുടെ മുന്നേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഈ അധമന്മാര്‍ ഏതുതരം അനീതിക്രിയകളും തുടരാനുള്ള ശേഷിക്കുവേണ്ടി ഉപവസിക്കാന്‍ ഒരുങ്ങിയിരിക്കുന്നവരാണ്. അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്തവരുടെ പ്രത്യേക ഭൂമികകളാല്‍ സംരക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥ ഗുണ്ടായിസം നൃത്തമാടുന്ന നിലവിലെ ജനാധിപത്യ സംവിധാനത്തില്‍ ഈ രോഗത്തിന് ഔഷധം ഉണ്ടാകുമെന്ന് കരുതാനാകില്ല

‘കോള്‍ഡ്രിഫ്’ ചുമമരുന്ന് നിരോധിച്ചുകൊണ്ട് ഉത്തര്‍ പ്രദേശിലും ഉത്തര കബ്ഡിലും, മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പ്രഖ്യാപിച്ചുകഴിഞ്ഞു.
വിപണിയില്‍ സജീവമായ മരുന്നുകള്‍ നിരോധിക്കുവാനുള്ള അധികാരം കേന്ദ്ര ഡ്രഗ് കണ്ട്രോള്‍ ജനറലില്‍ മാത്രം നിക്ഷിപ്തമാണ്. പ്രത്യേക ബാച്ചിലുള്ള മരുന്നുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് ആവൂ.

കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഈ അപകട ലായനി ഉപയോഗിച്ചുകൂടാ എന്നാണ് പുതിയ വെളിപ്പെടുത്താല്‍ ഇറങ്ങിയിരിക്കുന്നത്.
ശാസ്ത്രസാങ്കേതിക കുതിപ്പില്‍ അന്യഗ്രഹങ്ങളില്‍പ്പോലും ഭാരതത്തിന്റെ കൊടിയടയാളങ്ങള്‍ നാട്ടുന്ന ഈ കാലത്ത് മനസ്സിലെ മാറാലക്കൂട്ടങ്ങളുമായി രംഗപ്രവേശംചെയ്ത് രോഗികളില്‍ അവശത പെരുപ്പിച്ച് മരണശയ്യയിലേക്കുള്ള യാത്രയെ ത്വരിതപ്പെടുത്തുന്ന ഇത്തരം സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ കൊലക്കുറ്റത്തിനുള്ള ശിക്ഷാവിധി നടപ്പാക്കുന്നതാണ് ഭാരതജനതയ്ക്ക് ഭയമില്ലാതെ മരുന്നുകള്‍ ഭുജിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഏക മാര്‍ഗ്ഗം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px