LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 25)

വളവുകള്‍ തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാര്‍ ഒടുവില്‍ പടിപ്പുരയും വിശാലമായ മുറ്റവുമുള്ള വീടിനു മുന്നിലെത്തി നിന്നു. മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം കണ്ടു. കുറെപ്പേര്‍ അവിടവിടെയായി കൂടി നില്‍ക്കുന്നു. കുറെ കസേരകളും മുറ്റത്ത് ഇട്ടിട്ടുണ്ട്. മായയുടെയും മഞ്ജുവിന്റെയും ഭര്‍ത്താക്കന്മാര്‍ ഓടി നടന്ന് കാര്യങ്ങള്‍ ചെയ്യുന്നു.

വടക്കു വശത്ത് മാവുവെട്ടുന്ന ശബ്ദം കേള്‍ക്കാം.വിറയാര്‍ന്ന കാലടികളോടെ അകത്തേയ്ക്ക് നടക്കുമ്പോള്‍ കണ്ടു. പൂമുഖത്ത് നിറതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നില്‍ വാഴയിലയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു അമ്മ. ആ നീണ്ട നിദ്രയിലും അമ്മ എത്ര സുന്ദരിയാണെന്നോര്‍ത്തു. പ്രൗഢയായ ഒരു തറവാട്ടമ്മ….

ഒരു വശത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മായയും മഞ്ജുവും അവരുടെ മക്കളും. എന്നെക്കണ്ട് അവര്‍ എഴുന്നേറ്റോടി വന്നു.

”നമ്മുടെ അമ്മ പോയി ചേച്ചീ… ഇനി നമുക്ക് ആരുണ്ട്?”

മായയും മഞ്ജുവും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോള്‍ വിഫലമായി സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ഒരു ജന്മം മുഴുവന്‍ മക്കള്‍ക്കായി ഹോമിച്ച അമ്മ. ആ അമ്മയുടെ ചലനരഹിതമായ ശരീരം കാണുമ്പോള്‍ ഞങ്ങള്‍ അനാഥരാക്കപ്പെട്ടതു പോലെ തോന്നി. മുലപ്പാല്‍ മണം മാറാത്ത കുഞ്ഞുങ്ങളെപ്പോലെ ആ മാറത്ത് തലചായ്ച്ച് പൊട്ടിക്കരയുമ്പോള്‍ അനാഥത്വം ഞങ്ങളെ വരിഞ്ഞു മുറുക്കി.

ഈ ലോകത്ത് എന്തൊക്കെ ലഭിച്ചാലും മാതൃ-സ്‌നേഹത്തോളം അതിന് വിലയുണ്ടാവുകയില്ല. മുലപ്പാല്‍ മധുരം പോലെ ധന്യമായ മറ്റൊന്നും ഈ ലോകത്ത് ഈ ജന്മത്തില്‍ രുചിക്കുകയുമില്ല.
മക്കളുടെ ഏതൊരു ദുഃഖവും സ്‌നേഹമാകുന്ന ആ പാല്‍ക്കടലില്‍ അലിയിച്ചൊഴുക്കാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക?

ഇവിടെ അമ്മ പോയതോടെ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അനാഥയാക്കപ്പെട്ടിരിക്കുന്നു. സമാശ്വസത്തിന്റെ ഒരിറ്റു മഞ്ഞുതുള്ളി, അതിനി എവിടെയാണ് ഞാന്‍ തേടി അലയേണ്ടത്?

അമ്മേ… കണ്ണുനീര്‍ പുഷ്പങ്ങള്‍ ഈ കാല്‍ക്കല്‍ അര്‍ച്ചന ചെയ്ത് ഞാന്‍ എന്റെ ദുഃഖഭാരത്തെ ഇവിടെ അടിയറ വയ്ക്കട്ടെ…

കൊടിയ ദുഃഖത്തിന്റെ അനാഥത്വത്തിന്റെ ചൂടേറ്റ് മരുഭൂമിയിലെന്ന പോലെ തപിക്കുന്ന ഈ മകള്‍ക്ക് ആ ശുഷ്‌ക്കിച്ച കരങ്ങളുടെ ഒരു തലോടല്‍… അതുമതിയായിരുന്നു. എല്ലാ ദുഃഖങ്ങളില്‍ നിന്നും, കൊടിയ വേദനകളില്‍ നിന്നും ഒരു വൈദ്യനെ എന്നപ്പോലെ ആശ്വാസം പകരാന്‍…

എന്നാലിന്നിപ്പോള്‍ അകലങ്ങളിലിരുന്ന് അമ്മ കാണുന്നുണ്ടോ? സങ്കടക്കടലിലകപ്പെട്ട് നട്ടം തിരിയുന്ന ഈ പുത്രിയെ…

മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഭര്‍ത്താവും, മകനുമാണ് ഒരു സ്ത്രീയ്ക്ക് ആശ്രയമായിത്തീരേണ്ടത്. എന്നാലാ ആശ്രയം എനിക്ക് നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. പിന്നെയുള്ളത് ഏതോ തെറ്റിദ്ധാരണയാല്‍ എന്നോട് കൊടിയ ശത്രുത്വം വച്ചു പുലര്‍ത്തുന്ന മകളാണ്. അവള്‍ക്ക് വേണ്ടത് എന്റെ സമ്പത്തു മാത്രമാണ്. സ്‌നേഹത്തിന്റെ ഒരിറ്റു ദാഹജലം പോലും പകര്‍ന്നു നല്‍കാന്‍ കൂട്ടാക്കാത്ത അവളുടെ മുന്നില്‍ അതിനു വേണ്ടി കൈനീട്ടിയിട്ടെന്തു കാര്യം? ഞാനിന്ന് അനാഥയാണ് അമ്മേ… എല്ലാ അര്‍ത്ഥത്തിലും അനാഥ…

ഹൃദയം തകര്‍ന്ന് പൊട്ടിക്കരയുമ്പോള്‍ മായയും മഞ്ജുവും എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രളയജലത്തിലെന്ന പോലെ ദുഃഖം കരകവിഞ്ഞൊഴുകി.

തീരങ്ങളെ തല്ലിത്തകര്‍ത്ത് ആര്‍ത്തലച്ചൊഴുകിയ ആ പ്രളയ ജലം ഒടുവില്‍ ഒരു മാസ്മരിക കരസ്പര്‍ശത്താല്‍ പൊടുന്നനെയൊടുങ്ങി ശാന്തമായി. അത് അരുണിന്റേതായിരുന്നു. ഒരു പുത്രനെന്നപോലെ അവന്‍ എന്റെ കരങ്ങള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നെമെല്ലെ നടത്തി.

”വരൂ മാഡം… ഇനി കരയരുത്. മാഡത്തിന്റെ ഏതു ദുഃഖത്തിലും ഞാനുണ്ടാവും കൂടെ. എന്നെ മാഡത്തിന്റെ മകനായിത്തന്നെ കരുതിക്കോളൂ. അങ്ങനെ സാന്ത്വന വചസ്സുകള്‍ പറഞ്ഞ് അവന്‍ എന്റെ കൂടെ നിന്നു. ഏതോ മുജ്ജന്മ ബന്ധം പോലെ എനിക്കു വരദാനമായി ലഭിച്ച മകന്‍.

ഇവനുള്ളപ്പോള്‍ ഞാനെന്തിനാണ് ദുഃഖിക്കുന്നത്? മനസ്സ് തിരയടങ്ങിയ കടല്‍ പോലെ ശാന്തമായി. അവിടെ ചെറിയ ഓളങ്ങള്‍ മാത്രം ഇടയ്ക്കിടെ തീരത്തു വന്ന് തല്ലിയലച്ച് മടങ്ങി.

ഒടുവില്‍ അമ്മയെ ദഹിപ്പിക്കാനായി പുറത്തേയ്‌ക്കെടുക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ മക്കളും, കൊച്ചുമക്കളും വായ്ക്കരിയിട്ട ശേഷം ആ ശരീരം പുറത്തേയ്‌ക്കെടുക്കുമ്പോള്‍ മായ ബോധം കെട്ടു വീണു. അവളായിരുന്നല്ലോ അമ്മയ്‌ക്കെന്നും തുണയായി കൂടെ നിന്നത്. എന്നാല്‍ അമ്മയോടുള്ള കടമകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത മകളെന്ന ദുഃഖം എന്നില്‍ ബാക്കി നില്‍ക്കുന്നു.

വടക്കു വശത്തൊരുക്കിയ ചിതയില്‍ എരിഞ്ഞടങ്ങുന്ന അമ്മയുടെ ചേതനയറ്റ ശരീരം ജനലിലൂടെ നോക്കി ഏറെനേരം നിശ്ചലയായി നിന്നു. ആളിക്കത്തുന്ന ആ ചിത എന്റെ മനസ്സിലും എരിഞ്ഞടങ്ങുന്നുണ്ടോ? വിട പറഞ്ഞു പോകുന്ന ആ ആത്മാവിനോടുള്ള കടപ്പാട് ഏതു ജന്മത്തിലാണ് എനിക്കു പൂര്‍ത്തീകരിക്കാന്‍ കഴിയുക? എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും വീട്ടിത്തീര്‍ക്കാനാവാത്ത കടപ്പാടല്ലെ മക്കള്‍ക്ക് അമ്മയോടുണ്ടാവുക?

അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത് മായയുടെ ഇളയമകന്‍ വിപിനാണ്. മൂന്നു പെണ്മക്കള്‍ മാത്രമുള്ള അമ്മയ്ക്ക് കര്‍മ്മം ചെയ്യുവാന്‍ ഭാഗ്യമുണ്ടായത് അവനാണ്. കുടുംബത്തില്‍ ഇനി ആകെയുള്ള ആണ്‍തരി.

ആരോ പറയുന്നതു കേട്ടു, ‘ പുത്രന്മാരുണ്ടായാല്‍ പോരാ… അനുഭവിക്കാന്‍ യോഗം വേണം…’ നാട്ടുകാരില്‍ ആരുടെയോ ഒളിയമ്പ് എന്റെ നേര്‍ക്കാണെന്നു തോന്നി. തുടര്‍ന്നാ ശബ്ദം വീണ്ടും കേട്ടു.

”അതെങ്ങനാ… സുകൃതക്ഷയം അല്ലാതെന്താ? ഈ ജന്മത്തിലും മുജ്ജന്മത്തിലും പാപം ചെയ്യാത്തവര്‍ക്കല്ലെ സദ്ഗതി വരൂ. മറ്റുള്ളവരെ മനഃപൂര്‍വ്വം വേദനിപ്പിക്കുന്നത് പാപം തന്നാണെ…’

ഹൃദയം കുത്തിക്കീറുന്ന വാക്കുകള്‍, നെഞ്ചിനകത്തു കൂടി ശരം പോലെ പാഞ്ഞു പോയി.

ഈ നാട്ടുകാര്‍ക്കെല്ലാം ഫഹദ് സാറിനെ അറിയാം. ഞാന്‍ കാരണം അദ്ദേഹത്തിനുണ്ടായ അധഃപതനവും… എന്നാല്‍ ഒന്നും ഞാന്‍ മനഃപൂര്‍വ്വം ചെയ്തതല്ലെന്ന് അവര്‍ക്കറിയില്ലല്ലോ…

അവരുടെ കണ്ണില്‍ ഞാന്‍, താലികെട്ടിയ പുരുഷനെ മനഃപൂര്‍വ്വം ഇട്ടെറിഞ്ഞു പോയ നിഷ്ഠൂരയായ സ്ത്രീയാണ്. അയാളുടെ ഹൃദയം കുത്തിക്കീറിയവളാണ്.
എല്ലാം കുറെയൊക്കെ കോളേജിലെ സഹപാഠികള്‍ പറഞ്ഞുണ്ടാക്കിയ കഥകളാവാം. ചുരുക്കം ചിലര്‍ക്കൊഴിക്കെ ബാക്കിയാര്‍ക്കും യഥാര്‍ത്ഥ കഥകള്‍ അറിയില്ലല്ലോ? അല്ലെങ്കില്‍ നിസ്സഹായയായ ഒരു പെണ്ണിന്റെ രോദനം അവര്‍ കെട്ടില്ലെന്നു വരുമോ?

അവര്‍ക്കെല്ലാം ഞാന്‍ രണ്ടു പുരുഷന്മാരെ ചതിച്ചവളാണ്.
ജ്വലിയ്ക്കുന്ന സൗന്ദര്യവുമായി പുരുഷന്മാരെ വശീകരിക്കാന്‍ നടക്കുന്ന ഒരു വേശ്യയോടാവുമോ അവര്‍ എന്നെ ഉപമിച്ചിട്ടുണ്ടാവുക? ഒടുവില്‍ കോളേജിലെ സഹപാഠികളായ നിമിഷയെപ്പോലുള്ള ഉറ്റസുഹൃത്തുക്കള്‍ വരെ എന്നെ കുറ്റപ്പെടുത്തിയില്ലെ? അവര്‍ക്കെല്ലാം ഫഹദ് സാര്‍ ജീവനായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ തിരഞ്ഞ എന്റെ കണ്ണുകള്‍ക്ക് സഹപാഠികളിലൊരാളെ കണ്ടെത്തുവാന്‍ കഴിഞ്ഞു. എന്റെ ശത്രുനിരയില്‍പ്പെട്ട ഒരാള്‍… ഞാന്‍ തിരിച്ചറിഞ്ഞു എന്നു തോന്നിയിട്ടോ എന്തോ അയാള്‍ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു കളഞ്ഞു. മുമ്പ് എന്റെ അയല്‍വാസിയായിരുന്ന. ചെറുപ്പത്തില്‍ കോളേജില്‍ വച്ച് എന്നെ പ്രണയിച്ചിരുന്ന നിരഞ്ജന്‍ ആയിരുന്നു അത്.

പലപ്പോഴും ഞാന്‍ തിരിഞ്ഞു നോക്കാതെ തഴഞ്ഞിരുന്ന ഒരാള്‍… അയാളുടെ പ്രേമാഭ്യര്‍ത്ഥനയെ പുറംകാലു കൊണ്ട് തട്ടിയെറിഞ്ഞിരുന്നു. ഞാന്‍ ഫഹദ് സാറിനെ പ്രണയിച്ചപ്പോള്‍ അവന്റെ കണ്ണില്‍ പ്രണയ നൈരാശ്യമുണ്ടായിരുന്നു.
എന്നാല്‍ ഇന്നിപ്പോള്‍ അന്നത്തെ പ്രണയത്തിനുപകരം അയാളുടെ കണ്ണില്‍ കത്തിജ്വലിക്കുന്നത് എന്നോടുള്ള വിദ്വേഷമല്ലേ?

ഇത്രകാലങ്ങള്‍ക്കു ശേഷം, ജീവിതത്തില്‍ നിലയില്ലാക്കയത്തില്‍ വീണു പോയ എന്നെക്കാണുവാനെത്തിയതായിരിക്കുമോ അയാള്‍? അഭയമായ്ത്തീര്‍ന്ന എല്ലാവരേയും വേര്‍പിരിഞ്ഞ് ഒടുവില്‍ ഒരു പിടിവള്ളിക്കായ് കേഴുന്ന എന്നെക്കാണുവാന്‍… കണ്ടു സന്തോഷിക്കുവാന്‍…

പ്രതികാരാഗ്‌നിയില്‍ പിടയുന്ന ആ കണ്ണുകളിലെ തീക്കനല്‍ തിളക്കം അതല്ലെ വിളിച്ചു പറയുന്നത്. അതെ… എന്റെ ശത്രു പക്ഷത്ത് നില്‍ക്കുന്നത് അയാള്‍ തന്നെയാണ്. അയല്‍ക്കാര്‍ക്കിടയില്‍ എന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി അയാള്‍ സംതൃപ്തി നേടുന്നു. ക്രൂരമായ സംതൃപ്തി…..

ഒരിക്കല്‍ കൂടി പഴയ ഉറ്റ സുഹൃത്തുക്കളെക്കാണുവാന്‍ മോഹം തോന്നി. ആനന്ദും, അഭിലാഷും, നിമിഷയും… അവര്‍ ഇന്നെവിടെയായിരിക്കും? നിമിഷയെയെങ്കിലും കണ്ടെത്തിയാല്‍ മതിയായിരുന്നു. ഒടുവില്‍ എന്നെക്കുറ്റപ്പെടുത്തിയെഴുതിയ ഒരു കത്തിനു ശേഷം അവളെപ്പറ്റി ഒരു വിവരമുണ്ടായില്ല.

അവളെക്കണ്ടെത്തിയാല്‍ ആ മാറില്‍ തലചായ്ച്ച് ഒന്നു പൊട്ടിക്കരയാന്‍, എന്റേതല്ലാത്ത തെറ്റുകള്‍ക്കാണ് ഞാന്‍ ശിക്ഷിക്കപ്പെടുന്നതെന്നറിയ്ക്കാന്‍, എനിക്കു കഴിഞ്ഞെങ്കില്‍…

പഞ്ചാഗ്‌നി മദ്ധ്യത്തില്‍ എന്നെ എരിച്ചു കൊണ്ട് കടന്നു പോയ ഏതാനും ദിനരാത്രങ്ങള്‍ക്കൊടുവില്‍ അമ്മയുടെ മരണാനന്തര കര്‍മ്മങ്ങളും കഴിഞ്ഞു.

ഈ ദിനങ്ങളില്‍ ചില അയല്‍വാസികളില്‍ നിന്നും ചില ഒളിയമ്പുകള്‍ എന്നെ ജീവനോട് ദഹിപ്പിക്കും വിധം പാഞ്ഞു വന്നു. എരിതീയില്‍ എണ്ണയൊഴിക്കും പോലുള്ള അവരുടെ പ്രകടനങ്ങള്‍ അസഹ്യമായിരുന്നു. ഈ ദിനങ്ങളില്‍ ആശ്വസിപ്പിക്കുവാന്‍ അരുണ്‍ അടുത്തില്ലാതെ പോയി. ഏതാനും ദിനങ്ങള്‍ എങ്ങോ പോയി മടങ്ങിയെത്തിയ അവന്‍ തിരികെയെത്തിയപ്പോള്‍ എന്റെ കോലം കണ്ട് ഞെട്ടി.

കണ്ണുകള്‍ക്കടിയിലെ കറുത്തപാടുകളും, കുഴിഞ്ഞ കണ്ണുകളും, മെലിഞ്ഞ ശരീരവും കണ്ട് അവന്‍ അദ്ഭുതപ്പെട്ടു.

”എന്തുപറ്റി മാഡം? ഇത്ര ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇത്രത്തോളം മാറിപ്പോകുവാന്‍… ഞാന്‍ പോകുമ്പോഴുള്ള ആളല്ലല്ലോ ഇപ്പോള്‍?” അവന്‍ ആരാഞ്ഞു.
എന്റെ മൗനം കണ്ട് അവന്‍ തുടര്‍ന്നു.

”സോറി മാഡം… ഞാന്‍ എന്റെ അമ്മയുടെ നാട്ടിലൊന്നു പോയതാണ്… കോഴിക്കോട്… അവിടെ എന്റെ മുത്തശ്ശിയും മരിച്ചു പോയ വല്യമ്മയുടെ രണ്ടു മക്കളുമുണ്ട്. അവരെക്കണ്ടു മടങ്ങി. ഇവിടെ നിന്നു പോകുമ്പോള്‍ മാഡം ആകെ പരിക്ഷീണിതയായിരുന്നു. അതുകൊണ്ട് കണ്ട്പറയാന്‍ കഴിഞ്ഞില്ല.”

”അതുസാരമില്ല കുട്ടീ… അല്ലെങ്കില്‍ തന്നെ നീയെനിക്ക് ആരുമല്ലാതിരുന്നിട്ടും ഇത്രയൊക്കെ എനിക്കു വേണ്ടി ചെയ്യുന്നില്ലെ. അതിന് ഞാന്‍ എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇനി മരണം മാത്രമേ എനിക്കാശ്വാസമായുള്ളൂ…’

‘അങ്ങിനെ പറയരുത് മാഡം…. ഞാനൊരു സന്തോഷവാര്‍ത്തയുമായാണ് മടങ്ങിയെത്തിയിട്ടുള്ളത്…’

‘എന്താണ് അരുണ്‍? ‘ഒട്ടൊരു ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചു.

”ഞാന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നില്ലെ മാഡത്തിന്റെ പഴയ രഹസ്യങ്ങള്‍ ഞാന്‍ കണ്ടെത്തുമെന്ന്. ഇന്നിപ്പോള്‍ ഞാനതില്‍ വിജയിച്ചിരിക്കുന്നു…’
അരുണ്‍ പറഞ്ഞു വരുന്നത് ഫഹദ്‌സാറിനെ അവന്‍ കണ്ടെത്തിയെന്നാണോ? മനസ്സ് അജ്ഞാതമായ ഉല്‍ക്കണ്ഠയാല്‍ തുടികൊട്ടി. എങ്കിലും ഒന്നുമറിയാത്ത പോലെ ഞാനവനെ നോക്കി.

”എന്താണ് കണ്ടെത്തിയ രഹസ്യമെന്ന് അറിയണ്ടെ? മാഡത്തിന്റെ പഴയകാലം… കാമുകന്‍… എല്ലാ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.”

അരുണ്‍ വിജയശ്രീലാളിതനെപ്പോലെ പറഞ്ഞു. അവന്‍ തുടര്‍ന്നു.
”മാഡം മുമ്പൊരിക്കല്‍ പേരു പറയാതെ എന്നോടു പറഞ്ഞ ആ പഴയ കഥയിലെ നായകനില്ലെ… മാഡത്തിന്റെ പഴയ അദ്ധ്യാപകന്‍… അദ്ദേഹത്തിന്റെ പേരും, മേല്‍വിലാസവും എല്ലാം ഞാന്‍ കണ്ടെത്തി. മാഡം ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്കങ്ങോട്ടു പോകാം…’
മനസ്സ് പിടിവിട്ട ചിത്രശലഭത്തെ പോലെ പാറിപ്പറന്നു പോയി. ഏതോ മരക്കൊമ്പിന്റെ ഉച്ചയിലിരുന്ന് അത് തന്റെ ചിറകു വിടര്‍ത്തി ആനന്ദ നൃത്തം ചെയ്തു . പക്ഷെ പെട്ടെന്നു തന്നെ ആ ചിത്രശലഭം താഴേയ്ക്ക് മടങ്ങി വന്നു. അരുത്… സ്വയം മറക്കരുത്… മനസ്സു ശാസിച്ചു. ഭര്‍ത്താവു മരിച്ച് അധിക നാളുകളാകാത്ത ഞാന്‍ പഴയ കാമുകനെത്തോടിപ്പോയെന്ന അപവാദം കൂടി ഇനി കേള്‍ക്കണോ?…

മരക്കൊമ്പിലെ ചിത്രശലഭം ചിറകൊതുക്കി മനസ്സിന്റെ ഏതോ കോണിലൊളിച്ചു.

”എന്താ മാഡം ഒന്നും മിണ്ടാത്തത്… ഫഹദ് സാര്‍ എന്നല്ലെ അദ്ദേഹത്തിന്റെ പേര്… ഞാന്‍ കോളേജില്‍ ചെന്ന് മാഡത്തിന്റെ പഴയ സുഹൃത്തുക്കളെക്കണ്ടപ്പോള്‍ അവര്‍ പറഞ്ഞതാണ്. അവരില്‍ ചിലര്‍ അദ്ധ്യാപകരായി ഇപ്പോഴും ആ കോളേജിലുണ്ട്.”
”ആരൊക്കെയാണ് അരുണ്‍? അവരുടെ പേരു ചോദിച്ചോ?” ഞാന്‍ ജിജ്ഞാസയോടെ തിരക്കി.

”ഉവ്വ് .ഒരു ആനന്ദ്, പിന്നെ നിമിഷ, ശ്രീജിത്ത് ഇതൊക്കെയാണ് അവരുടെ പേരുകള്‍…’

‘അവരൊക്കെ എന്നെ അന്വേഷിച്ചോ? എന്നോടവര്‍ക്ക് വിരോധമൊന്നുമില്ലല്ലോ?”

എന്റെ ഉല്‍കണ്ഠ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.

”അവര്‍ക്ക് മാഡത്തെപ്പറ്റി എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടെന്നു തോന്നി. അതുകൊണ്ടു തന്നെ മാഡം ഇവിടെയുണ്ടെന്നറിയിച്ചിട്ടും അവര്‍ എന്റെ കൂടെ വരാന്‍ ഉത്സാഹം കാണിച്ചില്ല. അവര്‍ തെറ്റിദ്ധരിക്കാന്‍ കാരണം എന്താണ്?”

അരുണ്‍ ഉദ്വേഗത്തോടെ ചോദിച്ചു.

‘എല്ലാം എന്റെ തലേവിധിയാണ് അരുണ്‍. ഞാന്‍ കാരണം ഫഹദ് സാറിന് ജീവിതത്തില്‍ സംഭവിച്ച അധഃപതനമാണ് അവര്‍ക്ക് എന്നോടുള്ള വിരോധത്തിനു കാരണം. എന്നെ വേര്‍പിരിഞ്ഞ അദ്ദേഹം ഒരു മദ്യപാനിയായി. പിന്നെ ഭ്രാന്തനെപ്പോലെ കുറെനാള്‍ അലഞ്ഞു നടന്നു.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px