അവന് വേദനയോടെ എഴുന്നേറ്റു പോയത് അവള്‍ നിമിഷങ്ങള്‍ നോക്കിയിരുന്നു. ഞാന്‍ പറഞ്ഞത് സത്യമല്ലേ? മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവെങ്കില്‍ സ്‌നേഹത്തോടെ അവന്‍ വിളിച്ച് പറയുമായിരുന്നു. ആ കാണിച്ചത് വലിയൊരു തെറ്റല്ലേ? അതിനുള്ള ശിക്ഷ അവന് കിട്ടണം. ഇപ്പോഴും എവിടെയായിരുന്നുവെന്ന് വ്യക്തമായ ഒരു മറുപടി തരാതെയാണ് പോയത്. അവന്‍ ചെയ്ത തെറ്റിനെ നീതീകരിക്കാനാവില്ല. അത് സമ്മതിച്ചു. എന്നാല്‍ നീ പറഞ്ഞ വാക്കുകള്‍ അവന്റെ ഹൃദയത്തില്‍ എത്രമാത്രം മുറിവേല്‍പ്പിച്ചുകാണുമെന്ന് നീ ചിന്തിച്ചോ?. നീയൊരു ചുഴലിക്കാറ്റുപോലെ അവനിലേക്ക് തള്ളിക്കയറുകയായിരുന്നു.
സ്വയം നീതീകരിക്കപ്പെടുമ്പോള്‍ ഉള്ളില്‍ അസഹിഷ്ണത, പിണക്കം ശരിയല്ല. നിസ്വാര്‍ത്ഥ സ്‌നേഹം എല്ലാ തിന്മകളെയും നന്മകള്‍കൊണ്ടല്ലേ നേരിടേണ്ടത്. അതിന് വിനയവും സൗമ്യതയും, ശാന്തതയും വേണം. അവിടെ സന്തോഷം മാത്രമല്ല ആവശ്വാസവും ലഭിക്കും. ഇവിടെ എന്താണ് സംഭവിച്ചത്. അവന്റെ ആകുലചിന്തകള്‍ എന്തെന്ന് തിരക്കാതെ വീണ്ടും ആകുല ചിന്തയിലേക്ക് മടക്കി വിടുകയല്ലേ ചെയ്തത്. ഇതാണോ അവന്‍ നിന്നില്‍ നിന്ന് പ്രതീക്ഷിച്ചത്. അവന്‍ നിസ്സാരമാ. ഒരാവശ്യവുമായി വന്നപ്പോള്‍ അവന്‍ അഭിമുഖീകരിച്ചത് എന്താണ്? അവന് താല്‍പര്യമില്ലാത്ത ഒരമ്മയെ മുന്നില്‍ കൊണ്ടു നിറുത്തുകയല്ലേ ചെയ്തത്? അവനെ അങ്ങനെയൊരു സാഹചര്യത്തില്‍ എത്തിച്ചത് എന്തെന്ന് നിനക്കറിയാമോ? അനുഭവങ്ങളില്‍ നിന്നല്ലേ മനുഷ്യന്‍ ഓരോരോ പാഠങ്ങള്‍ പഠിക്കുന്നത്. അമ്മയും മകനും വാദിയും പ്രതിയുമായി നില്‍ക്കുന്നു. ഇതില്‍ ആരാണ് പ്രതിക്കൂട്ടിലെന്ന് നിനക്കറിയില്ല. നീ പറഞ്ഞ വാക്കുകളില്‍ എന്താത്മാര്‍ത്ഥതയാണ് ഉള്ളത്? പെട്ടെന്നുണ്ടായ രോക്ഷത്തില്‍ പറഞ്ഞുപോയ വാക്കുകളാണ്.
അത് ബന്ധങ്ങളില്‍ പിളര്‍പ്പ് ഉണ്ടാകുമോ എന്നവള്‍ ഭയന്നു. ഇപ്പോള്‍ രോക്ഷത്തെക്കാള്‍ വേദനയാണ് തോന്നുന്നത്. ഇവിടെ ആകെയുള്ള ഒരു ബന്ധുവും ചങ്ങാതിയും അവനാണ്. എങ്ങുനിന്നോ വന്നു. പരിചയപ്പെട്ടു. ഇപ്പോള്‍ ഒരു വീട്ടില്‍ അതോടെ കൂടുതലറിയാന്‍ അവസരമായി. അവന്റെ സംസാരത്തില്‍, ഇടപെടലുകളില്‍ എല്ലാം നിഴലിച്ച് കണ്ടത് സ്‌നേഹമായിരുന്നു. മറിച്ച് ഒരു യൗവ്വനക്കാരന്റെ കണ്ണുകളില്‍ തെളിഞ്ഞത് പ്രേമമല്ലായിരുന്നു. അത് ഹൃദയത്തില്‍ ആഴമായി ആഴ്ന്നിറങ്ങി. വീണ്ടും മനസ്സ് തുടിച്ചു. ഇവനൊരു യുവാവല്ലേ. പ്രേമത്തെപ്പറ്റി ഒന്നുമറിയില്ലേ? ഒരു സ്ത്രീയുമായി പ്രണയം പങ്കുവെച്ചൂടോ? അവളുടെ കവിളില്‍ തലോടല്‍, ചുണ്ടിലൊന്ന് ചുംബിക്കാന്‍ മനസ്സില്ലാത്തത് എന്താണ്? അതൊക്കെ ഓര്‍ത്ത് വെറുതെ ശരീരത്തെ ത്രസ്സിപ്പിച്ചിട്ട് എന്ത ഗുണം. മനസ്സില്‍ പലവെട്ടം തോന്നിയിട്ടുണ്ട്. നമ്പൂതിരി പെണ്ണല്ലേ. പഴയ അയിത്തം ഇപ്പോഴും മനസ്സില്‍ കാത്ത് സൂക്ഷിക്കുന്നുണ്ടാകും. അതായിരിക്കും എന്നെ ഉള്‍ക്കൊള്ളാന്‍ പ്രയാസം. മനസ്സെങ്ങോ അലഞ്ഞു നടക്കുന്നതിനിടയില്‍ അവളോര്‍ത്തു. അവന്‍ ചായ കുടിച്ചു കാണില്ല. അതെങ്ങനെ? പാല്‍ കൊടുക്കാതെ ചായ ഇടാനാകില്ലല്ലോ. പാല്‍ കൊടുക്കുന്നതിന് പകരം രാവിലെ കഴിക്കാന്‍ ചൂടുള്ള പുട്ടും പപ്പടവുമല്ലേ കൊടുത്തത്.
മനസ്സ് ശക്തമായി അവനിലേക്ക് ചെന്നു. മനസ്സിനെ നിയന്ത്രിക്കാനായില്ല. വേഗത്തില്‍ എഴുന്നേറ്റ് അടുക്കളയിലേക്കോടി. ഒരു പെണ്ണിനെപോലെ സംസാരിക്കണം. ചില മനുഷ്യരെ കണ്ടിട്ടില്ലെ. എടുത്തടിച്ച് സംസാരിക്കും. അല്ലെങ്കില്‍ യാതൊരു ആലോചനയുമില്ലതെ സംസാരിക്കും. കള്ളുകുടിയനെങ്കില്‍ ആവേശത്തോടെ എന്തും വിളിച്ച് പറയും. ഇനിയെങ്കിലും അവന്റെ മുന്നില്‍ ഒരു വിപ്ലവകാരിയാകാന്‍ ശ്രമിക്കരുത്. സംസാരിക്കുമ്പോള്‍ വിവേകത്തോടെ സംസാരിക്കണം. സ്വന്തം ഇഷ്ടം മറ്റുള്ളവര്‍ക്ക് അനിഷ്ടമാകാതെ ശ്രദ്ധിക്കണം. ഭാര്യയെപ്പോലെ ഇണയും തുണയുമാകേണ്ടേ. എന്നാല്‍ ഹൃദയത്തെ ഹനിക്കുംവിധം സംസ്സാരിക്കരുതം. അവള്‍ ആവി പറക്കുന്ന ചായകപ്പുമായി അവന്റെ മുറിയിലേക്ക് ചെന്നു. വാതില്‍ക്കല്‍ ചെന്നപ്പോള്‍ ബോധപൂര്‍വ്വമൊന്ന് മുരടനക്കി. അകത്ത് കയറി ചായ മേശപ്പുറത്ത് വെച്ചു. അവന്‍ ബെഡ്ഡില്‍ കണ്ണടച്ച് മൂടിപ്പുതച്ച് കിടന്നു.
അവള്‍ ചെറുതായൊന്ന് പുഞ്ചിരിച്ചു. അവള്‍ അറിയിച്ചു. ഹലോ സാറെ ചായ അവന്‍ കണ്ണുതുറന്നു. ഏത് നിമിഷവും ഉറങ്ങാന്‍ കണ്ണുകള്‍ തയ്യാറായിട്ടാണ് രാവിലെ വന്നത്. ലൈബ്രറിയില്‍ രണ്ട് മണിക്കൂര്‍ ഇരുന്നുറങ്ങി. ഒരു ചായ കുടിച്ചിട്ട് കിടക്കാനാണ് വന്നത്. മിനിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ചായ കുടിക്കാനും താല്‍പര്യം തോന്നിയില്ല. വന്നുകിടന്ന് മയങ്ങിപോയി. മിനി ചായ ഉണ്ടാക്കിവരുമെന്ന് പ്രതീക്ഷിച്ചതല്ല. മാനസികമായി ഒത്തിരി അകലമില്ലാത്തവര്‍. മുഖത്തടിച്ചതുപോലെ സംസ്സാരിച്ചെങ്കിലും ഒരു ചായയിടാന്‍ പാല്‍ കടമായി ചോദിച്ചതല്ലേ. തെറ്റായി തോന്നിയിട്ടുണ്ടാകും. എന്നോട് പിണങ്ങിയിരിക്കാന്‍ മനസ്സ് വരില്ല,. മുന്‍മ്പൊക്കെ ചായ ഇടുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും സമ്മതം ചോദിക്കാതെ ഇടാറുണ്ട്. രണ്ട്‌പേരും കാണുന്നത് അപൂര്‍വ്വമായിട്ടാണെങ്കിലും പരസ്പര സ്‌നേഹത്തിനും സഹകരണത്തിനും യാതൊരു കുറവും ഉണ്ടായിട്ടില്ല.
പിന്നെ രണ്ട് പേരും ആവശ്യമുള്ളതൊക്കെ ഫ്രിഡ്ജില്‍ വാങ്ങിവെക്കാറുണ്ട്. ഇന്ന് ആദ്യമായിട്ടാണ് പാല്‍പാത്രം ഒഴിഞ്ഞു കണ്ടത്. അവളുടെ പാല്‍ അതില്‍ കണ്ടു. പാലെടുത്ത് ചായിട്ടാല്‍ അവളൊന്നും പറയില്ല. എന്നാലും മനസ്സനുവദിച്ചില്ല. മറ്റുള്ളവരുടെ മുതല്‍ എത്ര ചെറുതാണെങ്കിലും ചോദിച്ച് വാങ്ങുക അതല്ലേ അന്തസ്സ്. ചോദിക്കാതെ എടുക്കുന്നത് തെറ്റ് മാത്രമല്ല അത് മാന്യന്മാര്‍ക്ക് ചേര്‍ന്നൊരു കാര്യമല്ല. മനസ്സ് ഇപ്പോഴാണ് സ്വതന്ത്രമായത്. ആത്മസുഹൃത്തിന്റെ സ്‌നേഹം നേരില്‍ കാണാനായല്ലോ. അതെ. സ്‌നേഹം അഗാധമായ ആഴക്കടലാണ്. യഥാര്‍ത്ഥ സ്‌നേഹം ദീര്‍ഘായുസ്സോടെയിരിക്കുന്നു. അവിടെ ശരീരവും മനസ്സും ഹൃദയവും ആത്മാവും ഒന്നായി സംഗമിക്കുന്നു. അവന്‍ എഴുന്നേറ്റിരുന്നപ്പോള്‍ അവള്‍ ചായ എടുത്ത് നീട്ടിയിട്ട് ചോദിച്ചു.
എന്നോട് പിണക്കമുണ്ടോ?
എന്തിന്? അമ്മയെ സ്‌നേഹിക്കാത്തവന്‍ മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കും. മിനിയോട് ഞാനും യോദിക്കുന്നു. ഈ മണ്ണിലെ മനുഷ്യരെ സൃഷ്ടിക്കുന്നശില്‍പ്പികള്‍. അവരെ വെറുക്കുക, ഉപേക്ഷിക്കുക ഈശ്വരന്‍പോലും പൊറുക്കില്ല അല്ലേ? അമ്മയില്‍ നിന്നല്ലേ ഒരു കുഞ്ഞ് ആദ്യസ്‌നേഹം പഠിക്കുന്നത്? എന്നിട്ടും നീയെന്തേ ഇങ്ങനെ അല്ലേ? അവന്‍ ചായ കുടിച്ചുകൊണ്ടിരുന്നു. അമ്മയുടെ സ്‌നേഹത്തിന് തല്‍ക്കാലം വിരാമമിടുന്നതാണ് നല്ലത്. ആദ്യം അറിയേണ്ടത് തലേ രാത്രി ഇവന്‍ എവിടെയായിരുന്നു?. അവളുടെ സാമീപ്യം അവനും ഇഷ്ടപ്പെട്ടു. ഇപ്പോള്‍ രാവിലെ കണ്ട മിനിയല്ല മുന്നിലിരിക്കുന്നത്. തിളങ്ങുന്ന കണ്ണുള്ളവള്‍ ദേഷ്യപ്പെട്ട് നോക്കിയാല്‍ ആരിലും ഭയം, ഉല്‍ക്കണ്ഠ ഉടലെടുക്കുക സ്വാഭാവികമാണ്. അതുകൊണ്ടാണ് പെട്ടെന്ന് കട്ടിലിനെ സമീപിച്ചത്. ചായയിടാന്‍ ചെന്നപ്പോള്‍ പാലില്ല. അത് ചോദിച്ചപ്പോള്‍ ഞാനെന്നും എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമുയര്‍ന്നു.
എന്റെ ചെറുപ്പം മുതല്‍ ആ ചോദ്യം ഒരായിരം പ്രാവശ്യം ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. ഉത്തരം ലഭിക്കാത്ത ഒരു മാനസികാവസ്ഥയിലേക്ക് എന്നെ ആ ചോദ്യമെത്തിച്ചു. അതോര്‍ക്കുമ്പോള്‍ മനസ്സിന്നും തേങ്ങുന്നു. എന്റെ അമ്മ എന്തുകൊണ്ട് ഒരു അഭിസാരികയായി. സ്വയം നന്നായയി കാണിക്കാന്‍ അഭിനയം ഒരു മറയാക്കിയത് എന്തിന്? ഈ രാജ്യത്ത് വന്നപ്പോഴാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ മഹത്വമല്ല കാഠിന്യം കുറച്ചുകൂടി മനസ്സിലായത്. ഇഷ്ടമുള്ള ആണും പെണ്ണും അവരുടെ ഇഷ്ടാനുസരണം ഇണചേരുന്നു. അതൊക്കെ കണ്ടെത്തി വാര്‍ത്തയാക്കാനും ഇവിടുത്തുകാര്‍ തയ്യാറല്ല. പത്രങ്ങളില്‍ അങ്ങനെയൊരു വാര്‍ത്ത വരാറില്ല. മറിച്ച് മറ്റൊരു വാര്‍ത്ത വരുന്നത് പ്രമുഖരായവര്‍ വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്നുള്ളതാണ്. അങ്ങനെയെങ്കില്‍ പ്രമുഖരല്ലാത്തവരുടെ എണ്ണം എത്രയായിരിക്കും. പ്രായമായ മാളുമുതല്‍ അമ്മയില്‍ നിന്ന് അകന്ന് ജീവിക്കാനാണ് ആഗ്രഹിച്ചത്. കേരളത്തിന് പുറത്തുപോയി പഠിക്കണമെന്ന് കന്യാസ്ത്രീയമ്മയോടും അപേക്ഷിച്ചതു ഈ ഒറ്റ കാരണത്താലാണ്. ഇത്രയുമകലത്തില്‍ പ്രതീക്ഷിച്ചതല്ല.
എത്രയകലത്തിലായോ അത്രയും മനസ്സ് സന്തോഷിക്കയാണ് ചെയ്തത്. കേരളത്തിലുണ്ടായിരുന്നപ്പോള്‍ അമ്മയെ ഓര്‍ത്ത് സങ്കടപ്പെട്ടിട്ടുണ്ട്. ഇവിടെ വന്നപ്പോള്‍ എല്ലാ വിചാരണകള്‍ക്കും മാറ്റമുണ്ടായി. ഒപു പുതിയ ഭൂമിയും ആകാശവും മുന്നില്‍ തെളിഞ്ഞു. ഇവിടെ നിന്ന് നോക്കുമ്പോള്‍ അമ്മയെ പഴിച്ചതും ശപിച്ചതുമൊക്കെ തെറ്റായി തോന്നാറുണ്ട്. ഇവിടെ ആര്‍ക്കും അനുയോജ്യരായ അനുയോജ്യമായ സ്ത്രീപുരുഷന്മാരെ കണ്ടെത്തി ഒപ്പം പാര്‍ക്കാം. ആര്‍ക്കും ഒരു പരാതിയോ പരിഭവമോ ഇല്ല. ഏതെല്ലാം രാജ്യക്കാര്‍ പരസ്പരം ഒന്നിച്ച് കഴിയിയുന്നു. പകലിന്റെ മക്കളെന്ന് അവകാശപ്പെടുന്നു. ബന്ധം നിന്ന് ഇന്ത്യയില്‍ ദീര്‍ഘായുസുള്ള ദാമ്പത്യജീവിതം കാണുമ്പോള്‍ ഇവിടെ അല്‍പായുസ് മാത്രം. അവിടുത്തെ സ്ത്രീകള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി ദീര്‍ഘായുസ്സുള്ളവരായി ജീവിക്കുമ്പോള്‍ ഇവിടുത്തെ സ്ത്രീകളുടെ ഹൃദയം കലങ്ങുന്നില്ല. മോഹങ്ങള്‍ മുരടിക്കുന്നില്ല സ്വതന്ത്രരാണ്. അവരുടെ മുഖത്ത് പ്രകാശമാണ്. മുഖം പ്രകാശിക്കണമെങ്കില്‍ ഹൃദയം ശുദ്ധമാകണം. ഹൃദയത്തില്‍ അശുദ്ധി പെരുകുമ്പോള്‍ ഒപ്പം നിദ്രകൊണ്ടവര്‍ പരസ്പരം പിരിയുന്നു. അതും നല്ല സുഹൃത്തുക്കളായി. മനസ്സിന് മുറിവേറ്റവര്‍ക്ക് ഹൃദയംഗമായി സ്‌നേഹിക്കാനാവില്ല. അങ്ങനെ മുറിവേറ്റും വേദനിച്ചും ജീവിതത്തെ സമര്‍പ്പിച്ച ധന്യത നേടാന്‍ ആര്‍ക്കാണ് താല്‍പര്യം? മൂടിക്കെട്ടിയ മുഖത്തേക്ക് നോക്കി ചോദിച്ചു. എന്താ ചിന്തിക്കുന്നേ? ചായ നന്നായില്ലേ? അവന്‍ താല്‍പര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. അമ്മയെപ്പറ്റി ഓര്‍ത്തിരുന്നുപോയി എന്നു പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല.
അങ്ങനെ മറുപടികൊടുത്താല്‍ അവള്‍ ഉടനടി ചോദിക്കും അമ്മയോട് സ്‌നേഹവും സഹതാപവും തോന്നിയോ? എല്ലാം ഉള്ളിലൊതുക്കി സ്‌നേഹത്തോടെ പറഞ്ഞു. ചായ നന്നായിട്ടുണ്ട്? വീണ്ടും മനസ്സറിയിച്ചു. സ്‌നേഹത്തോടെ ചോദിക്ക് അവളുടെ മുഖത്ത് പുഞ്ചിരിയുടെ നിലാവ് തെളിഞ്ഞു. അവിടെ ഇരുട്ട് വരാന്‍ പാടില്ല. ഒന്ന് വിചാരിച്ചിട്ട് മറ്റൊന്ന് പറയരുത്. ഒരു വിത്ത് വിതച്ചാല്‍ പല വിത്തുകള്‍ വിളയും . സംസ്സാരിക്കുമ്പോഴും വാക്കുകള്‍ വിത്തുകളെ പോലെയാകണം. എന്തുചെയ്യാനാണ്. മറ്റ് പെണ്‍പിള്ളേരെപ്പോലെ സ്‌നേഹത്തില്‍ സ്വാധീനിക്കാനും സ്‌നേഹപ്രകടനങ്ങള്‍ നടത്താനുമറിയില്ല. സത്യത്തില്‍ മാണിയോട് നന്ദിയും സ്‌നേഹവും കൊടുക്കാന്‍ കടപ്പെട്ടവളാണ്. അവന്‍ ആ വകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ല. ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ മഹത്വവും മാഹാത്മ്യവും നീണ്ട നാളത്തെ മാണിക്കൊപ്പമുള്ള ജീവിതത്തില്‍ നിന്ന് പഠിച്ചതല്ലേ? സ്വന്തം നാട്ടില്‍ ഒരു സ്ത്രീയും പുരുഷനും ഇങ്ങനെ താമസ്സിച്ചിരുന്നുവെങ്കില്‍എന്തെല്ലാം അപവാദവും പഴിയും വിവരമില്ലാത്ത മനുഷ്യര്‍ പറഞ്ഞ് നടക്കുമായിരുന്നു. ചില മനുഷ്യരുടെ മനസ്സുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് പൊന്നും ധനവും മാത്രമല്ല പരദൂഷണം അസൂയ മുതലായവയാണ്. നല്ലവരും ദുഷ്ടന്മാരും മണ്ണില്‍ ജ്‌നമമെടുത്തിരിക്കുന്നു. അവള്‍ അന്വേഷിച്ചു.
കഴിഞ്ഞ രാത്രിയില്‍ എവിടയാ ഉറങ്ങിയേ? അവന്റെ മുഖം തെല്ലൊന്ന് മങ്ങി. ഉള്ളില്‍ കുറ്റബോധം മാത്രമല്ല അതിന്റെ ഭാരവുമുണ്ട്. മൊബൈല്‍ വീട്ടിലെന്ന് മനസ്സിലാക്കിയത് മിനിയെ വിളിക്കാന്‍ പോക്കറ്റില്‍ മൊബൈല്‍ തപ്പുമ്പോഴായിരുന്നു. രാത്രി ഒന്‍പത് കഴിഞ്ഞപ്പോള്‍ പുറത്ത് പോയി വിളിക്കാന്‍ തീരുമാനിച്ചു. പുറത്തേക്ക് ഇറങ്ങാനൊരുങ്ങിയപ്പോള്‍ പേമാരിയും മഴയും പുറത്ത് ആര്‍ത്തട്ടഹസ്സിക്കുന്നു. വീണ്ടും കാത്ത് കാത്തിരുന്നു. മഴക്കൊരു കുറവും കണ്ടില്ല. പുറത്തേക്ക് പോകാനുള്ള താല്‍പര്യവും അതോടെ കുറഞ്ഞു. മനഃസാക്ഷിയുള്ള ആര്‍#ക്കും അത് കണ്ടിരിക്കാനാകില്ല. പ്രതികരിക്കും. അതിനവള്‍ എന്റെ അമ്മയെ കടമെടുത്തു എന്ന് മാത്രം. ഏതാനും നിമിഷങ്ങള്‍ ആ മുഖത്തേക്ക് നോക്കി. കുറ്റബോധം ആ മുഖത്ത് തെളിഞ്ഞു. ഞാന്‍ ഇന്നലെ സ്റ്റാറ്റ്‌ഫോഡ് ലൈബ്രറിയില്‍ ആയിരുന്നു.
എന്താ പഠിത്തം അങ്ങോട്ട് മാറ്റിയോ? ഇനിയും ഇതിന് എന്തുത്തരമാണ് കൊടുക്കേണ്ടത്. പകല്‍ മുഴുവനും ലണ്ടന്‍ പട്ടണത്തിലെ പ്രമുഖ സ്ഥാപനങ്ങളിലൊക്കെ ഒരു ജോലിക്കായി അലഞ്ഞു നടക്കുകയാണ്. ഇതിന് മുന്‍പ് മറ്റുള്ളവര്‍ക്കായി അലഞ്ഞു. ഇപ്പോള്‍ എനിക്കുവേണ്ടി മാത്രമലയുന്നു. ഒരു വിദ്യാര്‍ത്ഥിയായി വന്നത് ജീവിതം ഇത്ര ദുരിതമാക്കുമെന്ന് കരുതിയില്ല. നിത്യവും ലോകത്തിന്റെ പലഭാഗത്ത് നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളല്ലെ വന്നുകൊണ്ടിരിക്കുന്നത്. ഇത്രയും പേര്‍ക്ക് ജോലി എവിടുന്ന് കൊടുക്കും. ഈ പട്ടണത്തില്‍ എന്നെപോലെ അലഞ്ഞ് നടക്കുന്നവര്‍ ധാരാളമാണ്. ആര്‍ക്കാണ് അടങ്ങിയിരിക്കാനാവുക. ലോകത്തെ ഏറ്റവും ചിലവേറിയ പട്ടണമല്ലേ. പൗണ്ട് ഇല്ലാതെ ജീവിക്കാനാവില്ല. ജോലി തിരക്കി ചെല്ലുമ്പോഴൊക്കെ എല്ലാവരും കണ്ണടയ്ക്കുന്നു. മറ്റൊരുകൂട്ടര്‍ തെരുവിഥികളിലും കെട്ടിട സമുച്ചയങ്ങളിലും യന്തങ്ങളെപ്പോലെ പണി ചെയ്യുന്നു. ലണ്ടന് പുറത്ത് ജോലിക്ക് സ്ദ്ധ്യതയുണ്ടെന്നാണ് പലരും പറഞ്ഞത്. അതെങ്ങനെ ശരിയാകില്ല. പഠിത്തം ഇവിടെയും പണി മറ്റൊരിടത്തായാല്‍ മനസ്സിന് എന്ത് സംതൃപ്തിയാണ്. അതുമല്ല ഈസ്റ്റ് ഹാമിലെ അമ്പലം ഈ പട്ടിണി പാവങ്ങള്‍ക്ക് ആഹാരം തരുന്നു. ഇവിടെ നിന്ന് പോയാല്‍ മുഴുപട്ടിണിയായിരിക്കും. എന്തായാലും ഈ നഗരം എന്നെ കൈവിടില്ലെന്നുള്ള ഉറപ്പുണ്ട്. അവളപടെ തിളക്കമാര്‍ന്ന കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
പഠിത്തം അങ്ങോട്ട് മാറിയാലോ എന്നാലോചനയുണ്ട്. ഈ മുറിക്കുള്ളില്‍ വന്നിരുന്നാല്‍ മനസ്സ് മുഴുവന്‍ മടി. ഒരു മൂടുമില്ല.
എന്നിട്ട് ഒന്ന് ഫോണ്‍ ചെയ്യാന്‍ മനസ്സ് തോന്നിയില്ലല്ലോ അവളുടെ മുഖത്തെ പരിഭവം അവന്‍ നേരില്‍ കണ്ടു. ആ നോട്ടത്തെ നേരിടാനായില്ല. കണ്ണുകള്‍ വലിഞ്ഞു. അവള്‍ തറപ്പിച്ചുതന്നെ നോക്കിയിരുന്നു. മനോവ്യാധിക്ക് മരുന്നില്ല. ആ മുഖം അത് പറയുന്നുണ്ട്. അതോ മാനം വീണാലും മാന്യത കാക്കണമെന്നാണോ? എന്ത് വിശദീകരണമാണ് കൊടുക്കേണ്ടത്. സത്യം തുറന്നു പറഞ്ഞആല്‍ അവള്‍ വിശ്വസിക്കുമോ? എന്തൊക്കെയോ സംശയങ്ങളുമായിട്ടാണ് അവള്‍ രാവിലെ എന്നെ നോക്കിയത്. മലയാളി പെണ്ണല്ലേ സംശയം തോന്നും. മനസ്സിന് ധൈര്യമുള്ളതുകൊണ്ട് ആരൊക്കെ എന്ത് പറഞ്ഞാലും അതൊന്നും ഗൗരവമായി എടുക്കാറില്ല. മിനി ആ ഗണത്തില്‍പ്പെടുന്നവളല്ലെന്നാണ് വിശ്വാസം. സാധാരണ സ്ത്രീകളില്‍ കാണുന്ന അസൂയ, പരദൂഷണം, പൊങ്ങച്ചം, പൊള്ളവാക്കുകള്‍ ഇന്നുവരെയുള്ള ഇടപെടലുകളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.
അവധിയുടെ ദിവസങ്ങളില്‍പോലും റ്റി.വിയുടെ മുന്നില്‍ പോയിരുന്ന് സമയം കളാറില്ല. ആ ദിവസങ്ങളില്‍ വായനയാണ് പ്രിയം. ഈസ്റ്റഹാം ലൈബ്രറിയില്‍ മലയാളം പുസ്തകങ്ങളുണ്ടല്ലോ. ഇന്റര്‍നെറ്റില്‍ ലൈംഗികാസക്തിവളര്‍ത്തുന്ന എത്രയോ അശ്ലീല ദൃശ്യങ്ങളാണ് യുവതീയുവാക്കള്‍ കാണുന്നത്. പഠനത്തിനും ന്യൂസ് കാണാനുമാണ് അവള്‍ കംമ്പ്യൂട്ടര്‍ തുറക്കുന്നത്. പഠിച്ചത് പറയാനല്ല പയറ്റാനാണെന്നാണ് ഒരിക്കല്‍ എന്നോട് പറഞ്ഞത്. അതുകൊണ്ടല്ലേ അവളുടെ അച്ഛന്‍ തൊഴുത് ആരാധിക്കുന്ന ദൈവത്തെ അവള്‍ തൊഴാത്തത്. എന്തിനും ശക്തമായൊരു തീരുമാനം അവള്‍ക്കുണ്ട്. അവളുടെ സ്‌നേഹാദരവോടുള്ള പെരുമാറ്റം കാണുമ്പോള്‍ കണ്ണുമിഴിച്ച് നോക്കി നില്‍ക്കാറുണ്ട്. അത് കഴിഞ്ഞ ഓണത്തിനും ക്രിസ്തുമസ്സിനും നേരില്‍കാണുകയും ചെയ്തു. രണ്ട് പ്രാവശ്യവും അറിവിലുള്ള കൂട്ടുകാരെ വിളിച്ച് സ്വാദുള്ള സദ്യയൊരുക്കി കൊടുത്തപ്പോള്‍ നേരില്‍ കണ്ടു.
അന്ന് ഒരു പെണ്ണ് കളിയാക്കി പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ഹോട്ടലില്‍ പണി ചെയ്തതിന്റെ ഗുണം ഭക്ഷണത്തില്‍ കാണുന്നുണ്ട്. അവളുടെ മുഖത്തേക്ക് നോക്കി. സൗന്ദര്യം കുഞ്ഞ് സൂര്യനെപോലെ മുഖത്ത് തെളിഞ്ഞു നിന്നു. ആ സൗന്ദര്യത്തിന് ചുണ്ടില്‍ പുരട്ടാന്‍ ലിപ്സ്റ്റിക്കോ, കവിളില്‍ പുരട്ടാന്‍ പൗഡറിന്റെയോ പുരികത്ത് പുരട്ടാന്‍ കണ്‍മഷിയുടെയോ ആവശ്യമില്ലായിരുന്നു. സ്വന്തം സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ യാതൊരു താല്‍പര്യവുമില്ലാത്തവള്‍. സ്ത്രീകള്‍ ഇങ്ങനെയുണ്ടോ? ഒരസ്വസ്ഥതയോടെ പറഞ്ഞു. ഇന്നലെ ഫോണെടുക്കാന്‍ മറന്നുപോയി. രാത്രി ഒന്‍പത് കഴിഞ്ഞ് നിന്നെ വിളിക്കാനിറങ്ങി. പക്ഷെ ഭയങ്കര കാറ്റും മഴയുമായിരുന്നു. സോറിയുണ്ട്. അവള്‍ തൃപ്തയായി. എന്നെപ്പറ്റി ചിന്തിക്കാന്‍ അവന് മനസ്സുണ്ടായല്ലോ. കൂടപ്പിറപ്പിനെപോലെയല്ലെ ജീവിതം മനസ്സ്വരും. വീണ്ടും ചോദിച്ചു അല്ല നീ ഇന്നുവരെ രാത്രിയില്‍ അവിടെ പോയിരുന്ന് പഠിച്ചിട്ടില്ലല്ലോ. ഇപ്പോള്‍ അങ്ങനെ തോന്നാന്‍ എന്താ കാരണം? അവന്‍ ശാന്തനായി പറഞ്ഞു. രാത്രി അവിടെ ഉറങ്ങാന്‍ പറ്റുമെങ്കില്‍ വാടക ലാഭിക്കാമല്ലോ. അവള്‍ കണ്ണുമിഴിച്ച് നോക്കി.
(തുടരും)







