മാണിയുടെ വിടര്‍ന്ന കണ്ണുകള്‍ മിനിയുടെ കണ്ണുകളില്‍ നട്ടിരുന്നു. കണ്ണുകളില്‍ ജിജ്ഞാസയോ, വിമുഖതയോ, ആനന്ദാശ്രുക്കളോ ഒന്നമറിയില്ല. മനസ്സ് പെട്ടെന്ന് ഞെളിപിരികൊണ്ടു. ഇവള്‍ എന്താണ് പറയുന്നത്. അവളുടെ മുറിയില്‍ ഉറങ്ങാനോ? ഉള്ളില്‍ അറിയാതെ ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു. അവള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഔദാര്യമായി കാണുകയോ കണ്ണടച്ച് തള്ളികളയുകയോ ചെയ്യാം. എന്റെ സാന്നിദ്ധ്യം അവള്‍ ആഗ്രഹിക്കുന്നുണ്ട്. ആ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് അതല്ലേ. ആണോ? അതോ യൗവന മോഹത്തിന്റെ മനുഷ്യസഹജമായ ചാപല്യമോ? അവിടെ സമ്മര്‍ദ്ദങ്ങള്‍ മോഹങ്ങള്‍ ഉടലെടുക്കും. അത് തെറ്റുകളിലേക്ക് വഴുതിപോകാനുള്ള അവസരങ്ങളുണ്ടാക്കും. എന്താണ് ഇങ്ങനെ ചിന്തിച്ചിരിക്കുന്നത്. ഇന്നുവരെ രണ്ട്‌പേരും അങ്ങനെയൊരവസ്ഥയ്ക്ക് വശംവദരായിട്ടില്ലല്ലോ ഒറ്റ നോട്ടത്തില്‍ ഏതൊരു പുരുഷനും അവളില്‍ ആകൃഷ്ടനാകും. അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ വികാരവിഹായസ് മുറ്റി നില്‍ക്കുകയെന്ന് തോന്നും., സത്യത്തില്‍ ഞാനവളുടെ സൗന്ദര്യത്തില്‍ അഭിമാനം കൊള്ളുന്നു.എന്നാല്‍ ഞാനവളുടെ സൗന്ദര്യം കണ്ടത് അവളുടെ രൂപഭംഗിയുള്ള ശരീരത്തിലല്ല. ആ സ്വാഭാവ രീതികള്‍ ആരെയും അവളോടടുപ്പിക്കും.
അത് ഹോട്ടലില്‍ വെച്ച് നേരിട്ടനുഭവിച്ചതാണ്. അതുകൊണ്ടാണ് അവളെന്റെ ഉത്തമസുഹൃത്തായതും. അവളില്‍ കാണുന്ന സ്‌നേഹവും ആത്മാര്‍ത്ഥതയും, മന്ദഹാസവും ആരിലും ആദരവുണ്ടാക്കുന്നതാണ്. തണുപ്പ് കാലത്ത് പോലും ഓരോ ദിവസവും അവള്‍ കുളിച്ച് ശരീരം ശുദ്ധി ചെയ്തിട്ടാണ് ഉറങ്ങാറുള്ളത്. അത് അടുക്കളയിലെ വീറും വൃത്തിയുമൊക്കെ കാണുമ്പോള്‍ ചെറുപ്പം മുതലെ അവളുടെ വീട്ടില്‍ നിന്ന് ലഭിച്ച പാഠങ്ങളായിട്ടാണ് തോന്നുന്നത്. എപ്പോഴും മന്ദസ്മിതം പരത്തുന്ന പുഞ്ചിരി എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അപ്പോഴൊക്കെ ആദരവും സ്‌നേഹവുമേ തോന്നിയിട്ടുള്ളു. അതിനപ്പുറം മാദകലഹരിയോടെ കാണോന സംസാരിക്കാനോ ശ്രമിച്ചിട്ടില്ല.
അവളോട് മധുരമായി സംസാരിക്കാന്‍ ആവശ്യമില്ലാത്ത കണ്ണുകള്‍കൊണ്ട് നോക്കുവാന്‍, പ്രണയത്തിന്റെ പ്രതീതി ഉളവാക്കുവാന്‍ അവസരങ്ങള്‍ ധാരാളമായി ലഭങിച്ചിട്ടുണ്ട്. ക്ഷണനേരം കൊണ്ട് മനസ്സില്‍ മുളക്കുന്ന പ്രേമവികാരങ്ങളെ മനപൂര്‍വ്വമല്ല സ്‌നേഹപൂര്‍വ്വം പ്രണമിക്കാനേ ശ്രമിച്ചിട്ടുള്ളു. പ്രണയം തുടങ്ങിയാല്‍ അതിന് വിശ്രമമില്ല. ഹൃദയം എപ്പോഴളും പ്രണയതീരത്തേക്ക് ഒഴുകിക്കൊണ്ടിരിക്കും. ഇതിനിടയില്‍ എന്തെല്ലാമാണ് സംഭവിക്കുന്നത്?. ദിവസവും ഒരു പ്രാവശ്യമെങ്കിലും ഫോണ്‍ചെയ്യണം, റ്റെക്‌സ് മെസേജ് കൊടുക്കണം. എല്ലാ വിവിരങ്ങളും കൈമാറണം. അങ്ങനെ ആരുമറിയാതെ ആദ്യത്തെ കൂടികായഴ്ചയൊരുക്കുന്നു. ആലിംഗനബദ്ധരാകുന്നു. മാറോടണയ്ക്കുന്നു, കവിളില്‍ ചുംബിക്കുന്നു, മടിയില്‍ വിശ്രമിക്കുന്നു. കാമപാരവശ്യത്താല്‍ സുഖകരമായ ഒരു സ്പര്‍ശനം ആഗ്രഹിക്കുന്നു. കണ്ണുകളടയുന്നു. പരിഭ്രമമെല്ലാം മാറിപോകുന്നു. വിറപൂണ്ട ശരീരം പുളകമണിയുന്നു. ശരീരം വിയര്‍ക്കുന്നു. പ്രണയം അനന്തമായി അനശ്വരമായ വളരുന്നു. തുടര്‍ന്ന് പ്രമയം പഠനത്തിന് തടസ്സമാകുന്നു. കണ്മുകള്‍ നിറയുന്നു. കാരണം വായും നിറഞ്#ു വന്നു. കര്‍മ്മം നടന്നു. ഇനിയും സ്ത്രീകള്‍ ബാക്കിയാവുന്നു. കാമതാപം തീര്‍ക്കാന്‍ വന്ന കാമുകനെ കാണാനില്ല. കരഞ്ഞുകൊണ്ട് ശാപവാക്കുകള്‍ ചൊരിഞ്ഞു. മാണിക്ക് മനസ്സലിവ് തോന്നി. മിനി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഇവന്‍ ഏത് ലോകത്താണ്.
നല്ലൊരു കാര്യം പറഞ്ഞപ്പോള്‍ എന്താണ് ഇത്ര ആലോചിക്കാന്‍. അവള്‍ പരിഭവത്തോടെ ചോദിച്ചു. നീയെന്താ സ്വപ്നം കാണുകയാ. ഞാന്‍ പറഞ്ഞത് കേട്ടില്ലേ.? അവന്റെ ശ്രദ്ധ തിരിഞ്ഞു. അവളുടെ ക്ഷണം തള്ളിക്കളഞ്ഞാല്‍ അതൊരു വിഷമമാകും. എന്നാല്‍ മറ്റുള്ളവരില്‍ അത് തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കില്ലേ?. പിന്നീടവള്‍ക്ക് താന്‍ കാട്ടിയത് അവിവേകമായി തോന്നിയാലോ? അവള്‍ എടുക്കുന്നത് ശരീയായ ഒരു നിലപാടാണോ? പലരും തീക്ഷ്ണമായി മനസ്സില്‍ തെളിഞ്ഞു. അവള്‍ എന്നോട് സഹതാപം കാട്ടുമ്പോള്‍ അവള്‍ക്കത് വേദനയായി മാറിയാല്‍ എനിക്കുമത് സഹിക്കാനാവില്ല. അവിവാഹിതയായ ഒരു സ്ത്രീകൊപ്പം ഒരു പുരുഷന്‍ രാത്രികാലമുറങ്ങുക അത് കുറ്റമായി ഒരു സംഘര്‍ഷമായി മനസ്സിനെയുലച്ചു. ധാരാളമാളുകള്‍ വിവാഹിതരാകാതെ ഒന്നിച്ചുറങ്ങി കാമവികാരം പങ്കിടുന്നുണ്ട്.
‘മിനി ഞാനങ്ങനെ നിന്റെ മുറിയില്‍ കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് സംശയങ്ങളും മിഥ്യാധാരണകളുമുണ്ടാകില്ലേ?’
അവള്‍ക്ക് ദേഷ്യമാണ് തോന്നിയത്. ഒരാള്‍ സഹായിക്കാന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ ആശങ്കകളെപ്പറ്റി ചിന്തിക്കുന്നു. സ്വന്തം കുറവുകള്‍ മനസ്സിലാക്കാതെ മറ്റുള്ളവര്‍ പറയാനിരിക്കുന്ന കുറ്റങ്ങളാണ് അവനെ കുറവുള്ളവനാക്കുന്നത്.
‘എന്റെ മുറിയില്‍ ഒരു പുരുഷന്‍ കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്ത് സങ്കടം. നീ മടങ്ങിപോയാല്‍ എന്റെ ദുഖം വര്‍ദ്ധിക്കുകയേയുള്ളൂ. എന്റെ മുറിയില്‍ നിനക്ക് കഴിയാന്‍ എനിക്കാരുടെയും അനുമതി ആവശ്യമില്ല. നിനക്കുള്ള വിഷമത്തില്‍ ഞാനും പങ്കാളിയാകുന്നു. അതിനപ്പുറം മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും പഠിപ്പിച്ചാലും എന്റെ തലയില്‍ കാണില്ല. ഇത് ഇന്ത്യയല്ലെന്ന് ഓര്‍ക്കണം. മറ്റുള്ളവരെ വ്രണപ്പെടുത്താന്‍ ഇതില്‍ എന്തിരിക്കുന്നു. അവര്‍ക്ക് കേരളത്തിലെ ദുര്‍ചിന്തയും ദുരാചാരങ്ങളേ ആദ്യം മനസ്സിലേക്ക് കടന്നുവരൂ. അത്തരക്കാര്‍ മറ്റുള്ളവര്‍ക്ക് ഒരു നന്മയും ചെയ്യുന്നവരല്ല. എന്തിന് പറയണം. നന്മചിന്തിക്കപോലുമില്ല. അവന്റെ ദുഃഖത്തിന് പരിഹാരം കാണാന്‍ എന്റെ മുന്നിലെ മാര്‍ഗ്ഗം ഇതുമാത്രമാണ്. ഞാനിവിടെ സുഖമായി മെത്തയിലുറങ്ങുമ്പോള്‍ എന്റെ ആത്മസുഹൃത്ത് മറ്റൊരിടത്ത് പോയിരുന്ന് ഉറങ്ങുക. അതെനിക്ക് കടുത്ത നിരാശയാണ് തരുന്നത്. അവള്‍ ആത്മധൈര്യത്തോടെ അറിയിച്ചു. ആര്‍ക്ക് എന്തൊക്കെ സംശയങ്ങള്‍ ഉണ്ടായാലും ഞാനങ്ങ് സഹിച്ചു. ഈ നാട്ടില്‍ ആണും പെണ്ണും ഒന്നിച്ചുറങ്ങുന്നത് വിവാഹിതരായിട്ടാണോ? എന്റെ മുറിയില്‍ കഴിയാന്‍ പറഞ്ഞത് എന്റെ ഒപ്പം ഉറങ്ങാനല്ല നിനക്കൊരു കട്ടില്‍ കൂടി വാങ്ങാം.’
‘മിനി നീ ഒന്നുകൂടി ആലോചിക്ക് പെട്ടെന്നൊരു തീരുമാനം വേണോ?’
‘അല്ലാ. നിന്റെ പറച്ചില്‍ കോട്ടാല്‍ തോന്നുമല്ലോ ഞാന്‍ നിന്നെ കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചെന്ന്.നിന്റെ വിഷമം എന്റെയും വിഷമം അത്രതന്നെ. എന്താ നിനക്ക് എന്റെ മുറിയില്‍ ഉറങ്ങാന്‍ വിഷമമുണ്ടോ?’
അവന്‍ നിശബ്ദനായി നോക്കി. ആശ തരുമ്പോള്‍ അത് നിരാശയില്‍ ആക്കരുത്. അവള്‍ക്ക് ഞാനൊരു ബാദ്ധ്യതയായി മാറുകയാണോ? എന്തിനാണ് അങ്ങനെയൊരു ചിന്തുണ്ടാകുന്നത്. അവളുടെ ചുമലില്‍ ഞാനൊരു ഭാരവും കൊടുത്തിട്ടില്ല. ഒരു പക്ഷെ ഉറക്കത്തിന് അനയോജ്യമല്ലാത്ത ഒരിടത്ത് പോകേണ്ടതില്ല അതായിരിക്കും അവളെ ഭരിക്കുന്നത്. പുറമെ പൂക്കളുടെ സുഗന്ധവും പേറി ഇളം ചൂടുള്ള കാറ്റ് വിഹരിക്കുന്നു. തണുപ്പ് മാറി പൂക്കാലമായതിനാല്‍ സൂര്യപ്രഭയില്‍ പ്രപഞ്ചമാകെ വെളിച്ചം വിതറി നിന്നു. പ്രാവുകളുടെ ശബ്ദം കാതുകളില്‍ പതിഞ്ഞു. അവന്റെ മറുപടിക്കായി അവള്‍ വെമ്പല്‍കൊണ്ടുനിന്നു. മാത്രമല്ല യാത്രപറഞ്ഞ് പോകുമോ എന്നവള്‍ ഭയക്കുന്നു. അവള്‍ മനസ്സില്‍ ഒരു കാര്യം ഉറപ്പിച്ചു. അവന്റെ സ്‌നേഹം ആത്മാര്‍ത്ഥമെങ്കില്‍ അവന്‍ എന്നെ വിട്ടപോകില്ല. അങ്ങനെയായല്‍ അത് ഹൃദയത്തെ കൂടുതല്‍ വ്രണപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂ.
‘എന്താ നിനക്ക് എന്റെ ആശീര്‍വാദം വേണോ പോകാന്‍. ഞാനാരാ നിന്നെ തടയാന്‍….’
അത്രയും പറഞ്ഞിട്ടവള്‍ മുറിവിട്ടുപോയി, അവള്‍ പറഞ്ഞവാക്കുകള്‍ മനസ്സിനെ ഇളക്കിമറിച്ചു. ജീവിതത്തിലെ ദുഖങ്ങള്‍ പങ്കുവെക്കാന്‍ ഇതുപോലെ മുന്നോട്ട് വരുന്ന സ്ത്രീകള്‍ കുറവാണ്. പലരും കാമവികാരത്തെ മാറോടമര്‍ത്താനോ പ്രണയവികാരത്തില്‍ മുഴുകി കഴിയാനോ ആയിരിക്കും കടന്നുവരിക. ഇതും ഒരു പ്രമയമല്ലെന്ന് പറയാനാകുമോ?. സ്‌നേഹം ഹൃദയത്തെ കീഴടക്കുമ്പോള്‍ പിരിഞ്ഞുപോകാന്‍ മനസ്സ് വരില്ല. വിഷമഘട്ടങ്ങള്‍ വരുമ്പോള്‍ അവര്‍ അത് പങ്കുവെക്കും. തുറന്നുപറയുന്ന ഒരാള്‍ മറ്റൊരാള്‍ക്ക് ശാന്തി പകരുന്നു. ഇപ്പോള്‍ അവളുടെ അപേക്ഷങയോ ആവശ്യമോ നിനക്ക് നിരാകരിക്കാന്‍ കഴിയുന്നുണ്ടോ? അഥവ നീ ഇവിടെ നിന്ന് പോയാലും നിന്റെ ഹൃദയം ഇവിടെ തന്നെയായിരിക്കില്ലേ?. നിമിഷങ്ങള്‍ അവന്റെ കണ്ണുകള്‍ നിശ്ചലമായി. എന്താണ് അരുതാത്ത ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരുന്നത്. അതിനെ അംഗീകരിക്കാനാവുന്നില്ല. പ്രണയത്തെ തലോടി ജീവിക്കുവാന്‍ മനസ്സ് ഇന്നുവരെ ഒരുമ്പെട്ടിട്ടില്ല. മനുഷ്യനല്ലേ അവന്റെ ഭാവനയില്‍ പ്രണയം മന്ദഹാസം പൊഴിക്കും. സുന്ദരി സുന്ദരന്മാര്‍ കടന്നുവരും. അതൊക്കെ മനസ്സ് നിര്‍വ്വഹിക്കുന്ന ചില കടമങ്ങള്‍ അല്ലാതെ എന്താണ്? എന്തായാലും ഇങ്ങനെയൊരു സമീപനം അവള്‍ എടുക്കുമെന്ന് കരുതിയില്ല. പുറത്തെ പ്രകാശം പോലെ അവന്റെ കണ്‍മുന്നിലും ഒരു നറുതിരിവെട്ടം തെളിഞ്ഞു.
അവള്‍ മുറിയില്‍ നിന്ന് പോയി. അല്‍പം കഴിഞ്ഞ് ബെഡ്ഡില്‍ നിന്നെഴുന്നേറ്റ് പുറത്തേക്ക് വന്നു. മനസ്സിന് നൊമ്പരം തോന്നി. അവള്‍ അടുക്കളില്‍ ബ്രെഡ്ഡും താറാമുട്ടയും ഉണ്ടാക്കുന്ന തിരക്കിലാണ്.
‘ഇതാ നിനക്ക് വേണ്ടി കഴിക്കാനുണ്ടാക്കിയിട്ടുണ്ട്. ഇനിയും ഇതുപോലെ ഉണ്ടാക്കാനാവില്ലങ്കിലോ? കഴിച്ചിട്ട് പോകുക.’
വേദനയോടെ അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് തെളിയുന്നത് ഗൗരവമാണോ അനുകമ്പയാണോ ഒന്നു മനസ്സിലാകുന്നില്ല. രണ്ട്‌പേര്‍ക്കും ഒരു സന്തോഷവുമില്ല. അവന്റെ ഹൃദയം വിങ്ങി. എന്തിനാണ് ഹൃദയത്തെ പീഡിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സൃഷ്ടിച്ചെടുത്ത സ്‌നേഹവും സൗഹൃദവുമൊക്കെ ഇത്രവേഗത്തില്‍ നഷ്ടപ്പെടുത്തണോ? ഇതോര്‍ത്ത് പിന്നീട് ദുഖിക്കേണ്ടി വരില്ലേ? ഇവിടെ താമസ്സിച്ചാല്‍ രണ്ട് കൂട്ടര്‍ക്കും നല്ലതല്ലേ? ഇവിടുത്തെ സ്‌നേഹം നിറഞ്ഞ അന്തരീക്ഷം മറ്റ് എവിടെ പോയാലും കിട്ടില്ല. അതുറപ്പാണ്. ദൂരെ ഒരു ജോലി കിട്ടുമ്പോഴോ അതല്ലെങ്കില്‍ വിവാഹം കഴിക്കുമ്പോഴോ മാറിതാമസിച്ചാല്‍ പോരായോ? അവള്‍ യാത്രാനുമതി തന്നിരിക്കുന്നു. ഇനിയും മുഹൂര്‍ത്തം തെറ്റിക്കാതെ പോകാന്‍ നോക്കുക അതല്ലെങ്കില്‍ അവള്‍ക്കൊപ്പം താമസ്സിക്കാമെന്ന് സമ്മതിക്കുക. മനസ്സിന് യാതൊരു ചാഞ്ചല്യവും തോന്നിയില്ല. അവന്‍ അറിയിച്ചു. മിനിയെ പിരിഞ്ഞ് പോകാന്‍ എനിക്കും മനസ്സ് വരുന്നില്ല. ഓ സ്‌നതോഷം ഇപ്പോഴെങ്കിലും നീ പറഞ്ഞല്ലോ. അവളുടെ മുഖത്തെ വിഷാദം മാറുകയും സന്തോഷത്താല്‍ മുഖം വിടരുകയും ടെയ്തു. പെട്ടെന്നവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുറിയില്‍ നിന്ന് ഇറങ്ങി വന്നത് വിഷമത്തോടെയായിരുന്നു. അവന്റെ മൗനമാണ് എന്നെ വിഷമിപ്പിച്ചത്. സ്വന്തം മുറിപോലും അവന് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവന്‍ പെട്ടെന്ന് സന്നദ്ധത പ്രകടിപ്പിക്കുമെന്ന് കരുതി. അതുപോലുമുണ്ടായില്ല. അപ്പോള്‍ എന്നെ അവഗണിക്കുന്നതായി തോന്നി. ഇറങ്ങിപോന്നു. പുറത്തെ വസന്തം പോലം അവരുടെ മുന്നിലും പൂക്കള്‍ വിടര്‍ന്നു. സുഗന്ധം പരന്നു. അടുപ്പില്‍ നിന്നുള്ള കറുത്ത പുകയിലും ആ സുഗന്ധം നിറഞ്ഞുനിന്നു.
അവര്‍ ഒന്നിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ അവള്‍ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു.
‘വീടിന്റെ ഓണര്‍ രമ ചേച്ചിയോട് ഞാനൊരു കള്ളം പറയാന്‍ തീരുമാനിച്ചു. എന്താണെന്നറിയാമോ?’
അവന്‍ അറിയില്ലെന്ന് മൂളി അവള്‍ ഗൗരവപൂര്‍വ്വം പറഞ്ഞു.
‘ഇനിയും നമ്മള്‍ പാര്‍ട്ട്‌നേഴ്‌സാണ്. ഒന്നിച്ച് ജീവിക്കുവാന്‍ തീരുമാനിച്ചു. അതുകൊണ്ട് നീ മുറി ഒഴിയുന്നു. എന്റെ ഐഡിയ എങ്ങനെയുണ്ട്?’
അതുകേട്ടപ്പോള്‍ ഒരു ഞെട്ടലാണുണ്ടായത്. തല പെട്ടെന്ന് കുനിഞ്ഞു. ഇവിടെ സത്യത്തിനല്ല പ്രസക്തി. കള്ളത്തിനാണ്. അത് വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പച്ചക്കള്ളമാണെങ്കിലും ഗൂഢമായൊരു സന്തോഷം ഉള്ളിന്റെയുള്ളില്‍ തോന്നാതിരുന്നില്ല. മനസ്സോടെ പറയുന്നതല്ലേ ഫലം ലഭിക്കാതിരിക്കില്ല. അതെ, മനപ്പായസത്തിന് മധുരം കുറയ്‌ക്കേണ്ടതില്ല. മുഖം മുകളിലേക്കുയര്‍ന്നു. അവള്‍ ചോദിച്ചു.
‘ഇനിയും വാടക എപ്പോഴാ കൊടുക്കേണ്ടത്?’
‘ഒരാഴ്ചയുണ്ട്.’
‘ങാ സാരമില്ല. സാധാരണ ഒരാഴ്ചയല്ല ഒരു മാസത്തെ അഡ്വാന്‍സ് നോട്ടിസ്സാണ് കൊടുക്കേണ്ടത്. ഇത് അതിന് വീടൊന്നുമല്ല. വെറും മുറി. എന്തായാലും രമ ചേച്ചിക്ക് മുന്നില്‍ ഞാനീ അപേക്ഷയങ്ങ് സമര്‍പ്പിക്കാം. നിന്നോട് ചോദിച്ചാലും വള്ളിപുള്ളി വിത്യസപ്പെടുത്തി പറയരുത്. കേട്ടല്ലോ….’
‘എനിക്ക് മടിയൊന്നുമില്ല. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എടുത്ത തീരുമാനമെന്നുകൂടി പറയണോ?’
‘വേണ്ട… വേണ്ട. നീ ഓരോന്ന് പറഞ്ഞ് കുളമാക്കേണ്ട. അവരെ സോപ്പിട്ട് ഞാന്‍ പറഞ്ഞോളാം. പുള്ളിക്കാരിയെ കഴിഞ്ഞ ഒരു ദിവസം കണ്ടപ്പോള്‍ ആ സൗന്ദര്യത്തെ ഞാനല്പമൊന്ന് പൊക്കി. അതങ്ങ് ഏറ്റു. ആ മുഖത്തെ സന്തോഷമൊന്ന് കാണേണ്ടതായിരുന്നു. അത് നിന്നോട് പറയാന്‍ ഞാനങ്ങ് മറന്നു. അവരുടെ സന്തോഷവും ചിരിയും കണ്ടാല്‍ തോന്നും എന്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്ന്.’
‘നിന്റെ അച്ഛന് സുഖമില്ലെന്ന് നീ പറഞ്ഞല്ലോ. ഇപ്പോള്‍ എങ്ങനെയുണ്ട്?’
‘നിനക്ക് ഇപ്പോഴെങ്കിലും ഒന്ന് ചോദിക്കാന്‍ തോന്നിയല്ലോ. നിന്റെ അച്ഛനെപ്പോലെ എഴുത്തുകാരനല്ലെങ്കിലും ധാരാളം വായിക്കുന്ന ആളാ. അച്ഛന് കുറവുണ്ട്. നാട്ടില്‍ എപ്പോഴും ഓരോരോ പനി മാറിമാറി വരികയല്ലേ? എന്റെ അച്ഛന്റെ ഭാഷയില്‍ അതും പൂര്‍വ്വപിതാക്കള്‍ ചെയ്ത പുണ്യമാണോ അതോ പാപമാണോ ആരറിഞ്ഞു’, അവര്‍ ചിരിച്ചു.
‘സത്യത്തില്‍ ഞാന്‍ ചോദിക്കാന്‍ മറന്നതല്ല. കഴിഞ്ഞ രണ്ട് രാത്രിയിലും നമ്മള്‍ തമ്മില്‍ കണ്ടില്ലല്ലോ. ഇന്ന് ബാങ്ക് ഹോളിഡേ ആയിട്ടല്ലേ കാണാന്‍ കഴിഞ്ഞത്. പിന്നെ നാട്ടിലെ പകര്‍ച്ച വ്യാധികള്‍ക്ക് കാരണം വെടിപ്പില്ലാത്തതാണ്. നല്ല മനസ്സുള്ളവരുടെ ചുറ്റുപാടുകള്‍ വൃത്തിയായി കിടക്കും. അവിടെ പകര്‍ച്ചവാധികള്‍ കുറയുകയും ചെയ്യും.’
‘നീ എന്റെ അച്ഛന്റെ കാര്യം ചോദിച്ചപ്പോള്‍ എനിക്ക് നിന്റെ അമ്മയുടെ കാര്യമറിയാനും ആഗ്രഹമുണ്ട്. പലപ്പോഴും നിന്നോട് ചോദിക്കണമെന്ന് കരുതി. നിനക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി ചോദിക്കാത്തതാണ്. നീ എല്ലാം എന്നോട് പറയാറില്ലേ. പ്ലീസ് എന്താ നിന്റെ അമ്മയോട് നിനക്ക് സ്‌നേഹമില്ലാത്തത്?’
അവന്റെ മുഖം മ്ലാനമായി. ‘പെറ്റുവളര്‍ത്തിയ അമ്മ. സയന്‍സിനു പോലും നിര്‍വചിക്കുവാന്‍ പ്രയാസമുള്ള ഗര്‍ഭപാത്രത്തിന്റെ ഉടമ. മണ്ണിലെ ഏറ്റവും വലിയ പദവി. മക്കളെ ജനിപ്പിക്കുന്ന അമ്മമാര്‍ മക്കളെ സ്‌നേഹത്തിലും അനുസരണയിലും കാരുണ്യത്തിലും വളര്‍ത്തി വലുതാക്കേണ്ടവരാണ്. അമ്മയുടെ അമ്മിഞ്ഞപ്പാല്‍ കുടിച്ച് വളര്‍ന്നു. അച്ഛന്റെയും അമ്മയുടെയും മദ്ധ്യത്തില്‍ സന്തോഷത്തോടെ ജീവിച്ചു. അച്ഛന്റെ മരണത്തോടെ അമ്മയാകെ മാറി. നാടകത്തിലും സിനമയിലും അഭിനയവുമായി ലോകം ചുറ്റിനടന്നു. മകനെ അനാഥാലയത്തിലെ ബോര്‍ഡിംഗിലാക്കി. അമ്മയുടെ ലക്ഷ്യം ഈ ആധുനിക ലോകത്തിന്റെ സുഖത്തിലായിരുന്നു. അമ്മയിലുള്ള വിശ്വാസം ചെറുപ്പത്തിലേ കുറഞ്ഞു. സ്‌നേഹത്തിന്റെ ഉറവിടമായ അമ്മ മകനെ കാണാന്‍ മാസത്തിലൊരിക്കലോ മറ്റോ വരും. ഒപ്പും കുറെ മിഠായി പാത്രങ്ങള്‍, കാറില്‍ കാത്തിരിക്കുന്ന ആണുങ്ങള്‍. കാമസുഖത്തിന് വേണ്ടി പോകുന്ന പെറ്റമ്മയെ വെറുത്തു. ഒടുവില്‍ ഒരു പത്രത്തിലും ആ വാര്‍ത്ത പരന്നു. അതോടെ അമ്മ മാനസികരോഗിയായി.’
പെട്ടന്നവള്‍ എടുത്തടിച്ചതുപോലെ പറഞ്ഞു. ‘നിറുത്ത്, നിറുത്ത്.’ അവള്‍ ആ മുഖത്തേക്ക് തുറിച്ചു നോക്കിയിട്ട് ദൃഢസ്വരത്തില്‍ പറഞ്ഞു. ‘ഇവിടെ എന്തൊക്കെയോ തകിടം മറിച്ചില്‍ ഞാന്‍ കാണുന്നു. സത്യമോ മിഥ്യയോ, തിരിച്ചറിയാന്‍ പ്രയാസം. അമ്മയെ ചെറുപ്പം മുതല്‍ വെറുക്കുന്ന മകന്‍. അതിന് അവന്‍ കണ്ടെത്തിയ കാരണങ്ങള്‍, തന്നെ ബോര്‍ഡിംഗില്‍ വിട്ടു. അമ്മയ്ക്ക് മകനെ വേണ്ട, അമ്മ മറ്റ് പുരുഷന്‍മാരുമായി കിടക്ക പങ്കിടുന്നു. മുന്നില്‍ മുഖുമൂടിയായി ജീവിക്കുന്ന ഒരമ്മയെ ഒരു മകനോ മകള്‍ക്കോ ഉള്‍ക്കൊള്ളാനാകില്ല. ഇവിടെ പ്രതിസ്ഥാനത്ത് അമ്മയാണ്. നീ സത്യത്തെ തിരിച്ചറിയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ഒരു പത്രവാര്‍ത്തയാണ്. എപ്പോഴും ഇരകളെ സൃഷ്ടിക്കുന്ന പത്രവാര്‍ത്തകളെ അതെ ഭാവത്തിലും രൂപത്തിലും നീ ഹൃദയത്തില്‍ സൃഷ്ടിക്കുന്നു. അമ്മ എന്നും മക്കളുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരു കുടുംബത്തിന്റെ വിഷമമേറിയ ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കുന്നവരാണ് അമ്മമാര്‍. ഇവിടെ അമ്മ ഏറ്റെടുത്ത ചുമതലകള്‍ എന്താണ്? അമ്മ ലൈംഗികസുഖത്തിന് വേണ്ടി നടന്നുവെങ്കില്‍ നീ എന്തിന് വേവലാതിപ്പെടണം? ഇവിടുത്തെ കൂടുതല്‍ സ്ത്രീകള്‍ സ്‌കൂള്‍ കാലഘട്ടം മുതലെ കാമത്തില്‍ സ്‌നാനപ്പെടുന്നവരാണ്. ഓരോ പെണ്ണിന് ചുറ്റും എത്രയെത്ര കാമുകന്‍മാര്‍. മോനെ മാണി സുന്ദരിമാര്‍ക്ക് കുളിരും കുളിര്‍മ്മയും നല്‍കാന്‍ കളിമണ്ണ് കൊണ്ടുതീര്‍ത്ത മണ്‍പ്രതിമകള്‍ക്കാവില്ല. അതിന് ജീവനുള്ള പുരുഷന്‍തന്നെ വേണം. അതിന് ഉദാരമതികളായ പുരുഷന്‍മാര്‍ കാമപാര്യവശയ്‌ത്തോടെ കടന്നുവരും മാറോടണക്കും. അത് നിന്റെ അമ്മയായതുകൊണ്ട് ഇതൊന്നും സംഭവിക്കാന്‍ പാടില്ലെന്നുണ്ടോ?’
അവന്റെ മുഖം വിദ്വോഷത്താല്‍ നിറഞ്ഞു.
‘നിന്റെ അമ്മയ്ക്ക് ഇങ്ങനെ സംഭവിച്ചാല്‍ നീ ഇതുപോലെ തന്നെ പറയുമോ?’
‘മാണി നിനക്കറിയാമല്ലോ. എന്റെ വിഷയം സൈക്കോളജിയാണ്. നീ പറഞ്ഞ കഥവെച്ച് നോക്കുമ്പോള്‍ ചെറുപ്പത്തില്‍ നീ കണ്ട സംശയങ്ങളും നിരാശകളും നിന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. അസത്യം മനുഷ്യനെയെന്നും നിരാശയുടെയും അറിവില്ലായ്മയുടെയും നിഴലിലാണ് നിറുത്തുന്നത്. അഭിനയരംഗത്ത് മാത്രമല്ല എല്ലാ രംഗത്തും ഈ താരസുന്ദരിമാരും അന്തപുരവാസവുമുണ്ട്. നീ വെറുതെ നിന്റെ അമ്മയെ അപമാനിക്ക മാത്രമല്ല ദുഖിപ്പിക്കുകകൂടി ചെയ്യുന്നു. ഒരു വാര്‍ത്ത് കണ്ട് ജന്മം നല്‍കി. അമ്മയെ ഒരു ദുര്‍നടപ്പുകാരിയായി എനിക്ക് വിശ്വസിക്കാനാവില്ല. കാരണം നിന്റെ നിര്‍മ്മലമായ സ്വഭാവം കാണുമ്പോള്‍ നിന്റെ അമ്മയെപ്പറ്റി അങ്ങനെ ചിന്തിക്കാന്‍ ആര്‍ക്കാണ് കഴിയുക.’
‘നീ പറയുന്നതുപോലെയല്ല കാര്യങ്ങള്‍?’
‘പിന്നെ നീ പറയുന്ന കാര്യങ്ങളല്ലേ സത്യം. ഞാനൊന്ന് ചോദിക്കട്ടെ. നീ നേരില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടോ. ഏതോ മഞ്ഞപത്രത്തില്‍ എന്തോ അനാവശ്യങ്ങള്‍ എഴുതി വന്നതുകൊണ്ട് സ്വന്തം അമ്മയെ വെറുക്കാന്‍ നിനക്ക് എങ്ങനെ കഴിയുന്നു.യ ഇങ്ങനെയെങ്കില്‍ നീ കെട്ടുന്ന പെണ്ണിന്റെ ഭാവിയും കട്ടപ്പുക. മറ്റൊനന് നിന്റെ അമ്മ മാനസിക രോഗിയായത് പത്രവാര്‍ത്തക്ക് ശേഷമല്ലേ? എന്താ അതിന് കാരണം?’
അവന്റെ മുഖഭാവങ്ങള്‍ മാറിവന്നു.
(തുടരും)







