LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 27)

ഉച്ചയ്ക്ക് തൃശൂരിനടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

മലപ്പുറത്തെത്തുവാന്‍ ഇനിയും മൂന്നുമണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടി വരും. മനസ്സു മുഴുവന്‍ ഫഹദ് സാറായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടല്‍ ആയിരിക്കുമിത്. ഇന്നിപ്പോള്‍ അദ്ദേഹത്തിനും ജരാനരകള്‍ ബാധിച്ചു കാണും. പണ്ടത്തെ രൂപഭംദി മുഴുവന്‍ ചോര്‍ന്നു പോയിത്തുടങ്ങിയ എന്നെ അദ്ദേഹം തിരിച്ചറിയാതെ വരുമോ? ഏയ്… ഒരിക്കലുമില്ല. ആ മനസ്സു മുഴുവന്‍ ഞാന്‍ മാത്രമായിരിക്കും. ഹൃദയം മൂകമായി മന്ത്രിച്ചു.

നിമിഷങ്ങള്‍ക്ക് ചിറകു പോരെന്നു തോന്നി. തുടിച്ചുയരുന്ന മനസ്സിനെ അടക്കി നിര്‍ത്തുവാന്‍ പാടുപെട്ടു.

കാര്‍ ചിരപരിചിതമായ വഴികളിലൂടെ പാഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. ഒടുവില്‍ എന്റെ മനസ്സിനെ ഉദ്വേഗഭരിതമാക്കി കൊണ്ട് ഫഹദ് സാറിന്റെ ചെറിയ വീടു നില്‍ക്കുന്ന ഇടവഴികളിലൂടെ കാര്‍ പാഞ്ഞു തുടങ്ങി.
അല്‍പം ദൂരെയായി കണ്മുന്നില്‍ ആ വീടു തെളിഞ്ഞു വന്നു. അല്‍പ സ്വല്പം മാറ്റങ്ങളോടെ ആ ഗൃഹം അതേ പോലെ നിലനില്‍ക്കുന്നു. അതിനടുത്തായി മറ്റൊരു ഇരുനില വീടു കണ്ടു. ഒരു പക്ഷെ അത് അദ്ദേഹം പണിയിച്ചതായിരിക്കുമോ? അവിടെയായിരിക്കുമോ അദ്ദേഹമിപ്പോള്‍ താമസിക്കുന്നത്?

മനസ്സ് ചോദ്യശരങ്ങളില്‍പ്പെട്ട് വീര്‍പ്പുമുട്ടി. ഹൃദയമിടിപ്പ് കുതിച്ചുയര്‍ന്നു.എന്നാല്‍ മനസ്സിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കാര്‍ വീണ്ടും മുന്നോട്ടു പാഞ്ഞു.
അപ്പോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാന്‍ മുന്നോട്ടാഞ്ഞു.

”നിര്‍ത്തൂ… ഇതാണ് ഫഹദ് സാറിന്റെ വീട്… ഇവിടെ നിര്‍ത്തൂ…’ മഴക്കത്തിലാണ്ടിരുന്ന അരുണ്‍ ഞെട്ടി ഉണര്‍ന്നു.

”മാഡം… എന്താണ് പറയുന്നത്? നമ്മള്‍ എവിടെയെത്തി?”

”അരുണ്‍… നമ്മള്‍ ഫഹദ് സാറിന്റെ വീടു പിന്നിട്ട് വളരെ മുന്നിലെത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ വീട് അല്‍പം മുമ്പ് ഞാന്‍ കണ്ടിരുന്നു.”

അപ്പോഴേയ്ക്കും കാറിന്റെ സ്പീഡ് ,ഡ്രൈവര്‍ വളരെ കുറച്ചിരുന്നു. കാര്‍ അരികിലേയ്ക്ക് ഒതുക്കി നിര്‍ത്തി അയാള്‍ ചോദിച്ചു.

”സര്‍, പറഞ്ഞു തന്ന വഴി ഇതു തന്നെയാണ്. വീട് എവിടെയാണെന്ന് പറഞ്ഞില്ല.”

”ഓ… സോറി… ഞാന്‍ ഒന്നുമയങ്ങിപ്പോയി. മാഡം എന്താണ് പറഞ്ഞത്? നമ്മള്‍ ആ വീട് പിന്നിട്ടുവെന്നോ?”

”അതെ അരുണ്‍… ഫഹദ് സാറിന്റെ വീട് ഏറെ പിന്നിലായി ക്കഴിഞ്ഞു. നമ്മളിനി പുറകോട്ട് പോയാല്‍ മാത്രമേ അദ്ദേഹത്തിന്റെ വീട് കാണുകയുള്ളൂ.”

”ഓ… സോറി എനിക്കീ വഴി മാത്രമേ മാഡത്തിന്റെയും ഫഹദ് സാറിന്റെയും സുഹൃത്തുക്കള്‍ വഴി .അറിയുകയുള്ളു. ഇവിടെയെത്തിയാല്‍ വീട് അന്വേഷിച്ച് കണ്ടുപിടിക്കാമെന്നു കരുതി. മാഡത്തിന് അറിയാവുന്ന സ്ഥിതിക്ക് ഇനി അതുവേണ്ടല്ലോ…’

അരുണ്‍ പറഞ്ഞതു കേട്ട് ഡ്രൈവര്‍ കാര്‍ പുറകോട്ടെടുക്കുവാന്‍ തുടങ്ങി. അല്‍പദൂരം ചെന്ന് ഒരു വളവില്‍ കാര്‍ തിരിച്ചെടുത്ത് വീണ്ടും മുന്നോട്ടു പോയി. ഫഹദ് സാറിന്റെ വീടിനടുത്തെത്തിയപ്പോള്‍ വീടു ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു.

”അതെ… ഇതു തന്നെയാണ് വീട്… ഫഹദ് സാറിന്റെ ഭാര്യയായി ഇവിടെ പണ്ടു വന്നത് എനിക്കൊരിക്കലും മറക്കാനാവുകയില്ല അരുണ്‍…’

ഒരു മന്ത്രധ്വനി പോലെ പതുക്കെ ഞാന്‍ പറഞ്ഞു.

വികാരഭരിതമായിരുന്നു എന്റെ വാക്കുകള്‍. നിര്‍ത്തിയ കാറില്‍ നിന്നുമിറങ്ങുമ്പോള്‍ അറിയാതെ കാലുകള്‍ വിറപൂണ്ടു. വികാര വിക്ഷോഭത്താല്‍ ഹൃദയത്തെ അടക്കി നിര്‍ത്താന്‍ പാടുപെട്ടു.

ഏതോ മുജജ്ന്മത്തിലെന്ന പോലെ ഓര്‍മ്മകള്‍ ഉണരുന്ന ഈ മണ്ണില്‍ ഞാനിതാ വീണ്ടും വന്നെത്തിയിരിയ്ക്കുന്നു.
ഇവിടെപ്പതിഞ്ഞ എന്റെ കാലടിപ്പാടുകള്‍ ഇന്നും മായാതെ നിലനില്‍ക്കുന്നുവോ? കാലങ്ങളോളം സ്മരണകള്‍ പുഷ്പാര്‍ച്ചന നടത്തിയ ഒരു വിഗ്രഹം ആ പൂമുഖത്ത് എന്നെക്കാത്ത് നില്‍പൂണ്ടാവുമോ?

ഹൃദയത്തില്‍ തേന്‍ മഴപെയ്യിച്ച ആ സ്‌നേഹ- വചസ്സുകള്‍ ഇന്നും എന്റെ കാതിനെ കുളിരണിയിക്കുന്നുവോ? എവിടെ? എവിടെ? മനസ്സിനുള്ളില്‍ ആരാധനാ മലരുകള്‍ കൊരുത്തു വച്ച് ഞാന്‍ പൂജിച്ചിരുന്ന ആ ആരാധനാ വിഗ്രഹം ഇന്നെവിടെ?

അനുഭവങ്ങളുടെ കൊടുങ്കാറ്റാല്‍ കാലം മനസ്സിനുള്ളില്‍ പൊടിപടലങ്ങളുയര്‍ത്തിയപ്പോഴും മങ്ങാതെ, മായാതെ ആ വിഗ്രഹം മാത്രം ഹൃദയത്തിനുള്ളില്‍ ഇത്രകാലവും പൊടിയണിയാതെ കിടന്നു.

എന്റെ കണ്മുന്നില്‍ ആ വിഗ്രഹം കാണിച്ചു തരൂ ഭഗവാനെ… ഒരു നോക്ക്… ഒരു നോക്ക് മാത്രം… ഞാനാ കാലടികളില്‍ കണ്ണുനീര്‍ കൊണ്ട് പുഷ്പാര്‍ച്ചന നടത്തട്ടെ. മനസ്സറിയാതെയെങ്കിലും പാപക്കറവീണ ഈ കരങ്ങള്‍ കൂപ്പി ഞാനദ്ദേഹത്തോട് മാപ്പിരക്കട്ടെ….

ഒരു ജന്മം മുഴുവന്‍ എനിക്കായൊഴുക്കിയ കണ്ണുനീരലകളെ ഈ കരങ്ങളാല്‍ തുടച്ചു നീക്കട്ടെ. എവിടെ ഭഗവാനെ? എന്റെ കണ്മുന്നില്‍ അദ്ദേഹത്തെ കാണുച്ചു തരൂ. മനസ്സ് പ്രാര്‍ത്ഥനാ നിര്‍ഭരമായി കേണു.

എന്നാല്‍ പൂമുഖത്തെത്തിയിട്ടും, ഒച്ചയും ആളനക്കവുമില്ലാതെ അടഞ്ഞു കിടന്ന ആ വീട്ടിനുള്ളില്‍ ആള്‍പ്പെരുമാറ്റമൊന്നും തോന്നിയില്ല. ഭഗവാന്‍ എന്നെ കൈവിട്ടുവോ? വീടിനു മുന്നില്‍ മുറ്റത്ത് കുന്നുകൂടിക്കിടക്കുന്ന കരിയിലകള്‍. അതുകണ്ടാല്‍ മാസങ്ങളായി അവിടം അടിച്ചു വാരിയിട്ടെന്നു തോന്നും.

അരുണ്‍ പതുക്കെ വാതിലില്‍ മുട്ടി വിളിച്ചു. എന്നാല്‍ അകത്തു നിന്നും മറുപടിയൊന്നും കേള്‍ക്കാത്തതിനാല്‍ അരുണ്‍ തിരിഞ്ഞ് എന്നോടായി പറഞ്ഞു.

”മാഡം… അകത്ത് ആളുള്ളതായി തോന്നുന്നില്ല. നമുക്ക് അടുത്ത വീട്ടില്‍ അന്വേഷിച്ചാലോ?”

”ഇല്ല… അങ്ങിനെ വരികയില്ല… അദ്ദേഹം എവിടെപ്പോകാനാണ്?”

ഒരായിരം കാതങ്ങള്‍ക്കപ്പുറത്തു നിന്ന് അദ്ദേഹത്തെത്തേടി, ഹൃദയമിടിപ്പോടെ കടന്നു വന്ന എന്നെക്കാത്ത് അദ്ദേഹം അകത്തെവിടെയോ ഇരിപ്പുണ്ടാവും.

ഹൃദയാഴങ്ങളില്‍ എനിക്കായി കൊരുത്തു വച്ച പ്രണയ മലരുകള്‍ കൈമാറാന്‍… കാലങ്ങളോളം വീര്‍പ്പുമുട്ടിപ്പിടഞ്ഞ മനസ്സിന്റെ അകത്തളങ്ങളില്‍ ഒരുക്കി വച്ച പ്രേമാമൃതം എനിക്കു പകര്‍ന്നു നല്‍കാന്‍.
അദ്ദേഹമിപ്പോഴെത്തും, കൂടെ സ്‌നേഹനിധിയായ ആ ഉമ്മയും.
ആ കാലടികളുടെ മൃദു സ്പര്‍ശം എനിക്കു കേള്‍ക്കാം. എന്റെ ഹൃദയത്തിനുള്ളില്‍ അവ മുഴങ്ങി കേള്‍ക്കാം. പക്ഷെ കാതോര്‍ത്തു നിന്ന എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അരുണ്‍ വീണ്ടും പറഞ്ഞു.

”ഇല്ല മാഡം… ഈ വീട്ടില്‍ ആരുമില്ല. ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഇതിനോടകം വന്നെത്തുമായിരുന്നു. നമുക്ക് അടുത്ത വീട്ടില്‍ അന്വേഷിക്കാം. ചിലപ്പോള്‍ അദ്ദേഹം അവിടെയാണ് താമസിക്കുന്നതെങ്കിലോ?”

മുന്നോട്ടു നടന്നു തുടങ്ങിയ അരുണിനെ പിന്തുടരുകയല്ലാതെ മറ്റു ഗത്യന്തരമില്ലായിരുന്നു. അരുണിന്റെ കാലടികളെ പിന്തുടര്‍ന്ന് ഒരു മന്ദബുദ്ധിയെപ്പോലെ ഞാനും നടന്നു. ഒടുവില്‍ ആ രണ്ടുനില കെട്ടിടത്തിനു മുന്നിലെത്തി അരുണ്‍ നിന്നു. പെട്ടെന്ന് പൂമുഖ വാതിക്കല്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. മെലിഞ്ഞു നീണ്ട് സുമുഖനായ ഒരാള്‍. പ്രായം അമ്പതിനോടടുത്ത് കാണും. അദ്ദേഹം ഞങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു കൊണ്ട് അകത്തേയ്ക്കു ക്ഷണിച്ചു.

”വരൂ… നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? ഈ ദിക്കില്‍ ആദ്യമായിട്ടാണെന്നു തോന്നുന്നു.”

അപരിചിതരെങ്കിലും ഞങ്ങളെക്കണ്ടിട്ട് മാന്യന്മാരാണെന്നു തോന്നിയതു കൊണ്ടാകും അദ്ദേഹം ഭയലേശമന്യേ ഞങ്ങളെ അകത്തേയ്ക്കു ക്ഷണിച്ചു. അദ്ദേഹത്തിന്റെ ചോദ്യത്തിനു മറുപടിയായി അരുണ്‍ പറഞ്ഞു.

”ഞങ്ങള്‍ എറണാകുളത്തു നിന്ന് വരികയാണ്. ഇവിടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഫഹദ് സാറിനെ അന്വേഷിച്ചെത്തിയതാണ്.”

”ഞാന്‍ കണ്ടു. നിങ്ങള്‍ അങ്ങോട്ടു പോകുന്നത്. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ ആള്‍ക്കാരാണെന്നും മനസ്സിലായി. ആട്ടെ നിങ്ങള്‍ അദ്ദേഹത്തിന്റെ ആരാണ്?”

”ഞങ്ങള്‍ അദ്ദേഹത്തിന്റെ ആരുമല്ല. മഹാരാജാസ് കോളേജില്‍ മാഡം അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു. വളരെക്കാലം മുമ്പ്… ഇപ്പോള്‍ മാഡം ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി വര്‍ക്കു ചെയ്യുന്നു. ഞാന്‍ മാഡത്തിന്റെ സ്റ്റുഡന്റാണ്.

”ഓഹോ… അപ്പോള്‍ നിങ്ങള്‍ ഡല്‍ഹിയില്‍ നിന്നു വരുന്നവരാണല്ലേ?” അങ്ങനെ പറഞ്ഞ് അയാള്‍ അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കി. പിന്നെ അല്‍പനേരം എന്തോ ഓര്‍ത്തിരുന്നു. അല്‍പം കഴിഞ്ഞ് അയാള്‍ അരുണിനെ നോക്കിപ്പറഞ്ഞു.

ഫഹദ് സാര്‍ ഇവിടുന്നു പോയിട്ട് കുറച്ചു വര്‍ഷങ്ങളായി. അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ ഉമ്മ മരിച്ചു. അതില്‍പ്പിന്നെ അദ്ദേഹം ആ വീടു വിറ്റ് കണ്ണൂര്‍ക്ക് പോയി. കണ്ണൂര് എവിടെയാണ് താമസം എന്നറിയില്ല. എന്തു ചെയ്യുന്നു എന്നും അറിയില്ല. ഞാനാണ് ഈ വീടും സ്ഥലവും വാങ്ങിച്ചത്. അപ്പോള്‍ അദ്ദേഹം ഒരഭ്യര്‍ത്ഥന വച്ചിരുന്നു.അദ്ദേഹത്തിന്റെ മരണം വരെ ആ വീടു മാത്രം ഇടിച്ചു കളയരുതെന്ന്. അദ്ദേഹത്തിന്റെ ഉമ്മ ഉറങ്ങുന്ന വീടാണിതെന്ന്. ഇവിടെ അദ്ദേഹത്തിന് വല്ലപ്പോഴും വന്ന് താമസിക്കണമെന്ന്. അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നറിയാം. അദ്ദേഹത്തോടുള്ള ബഹുമാനത്താല്‍ ഞാനാ അഭ്യര്‍ത്ഥന കൈക്കൊണ്ടു. അന്ന് നിലവിലിരുന്നതിലും വളരെ താഴ്ന്ന വിലയ്ക്കാണ് അദ്ദേഹം ഈ സ്ഥലം എനിക്കു കൈമാറിയത്.
ഞാനിവിടെ വീടു വച്ച് താമസമാക്കിയിട്ടിപ്പോള്‍ നാലഞ്ചു കൊല്ലമാകുന്നു. അതില്‍പ്പിന്നെ അദ്ദേഹം ഒന്നു രണ്ടു തവണ ഇവിടെ വന്ന് താമസിച്ചിരുന്നു. പക്ഷെ അപ്പോളദ്ദേഹം എന്തെങ്കിലും സംസാരിക്കാന്‍ വിമുഖനായിരുന്നു. എന്തോ കടുത്ത ദുഃഖങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നതായി തോന്നി.
ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല. വല്ലതും ചോദിച്ചാല്‍ ഒരു വേദാന്തിയെപ്പോലെ അദ്ദേഹം ഉത്തരം പറയും. അദ്ദേഹത്തിന്റെ മനോനില ശരിയല്ലെന്നു തോന്നി ഞാന്‍ മടങ്ങിപ്പോന്നു. നിങ്ങളിപ്പോള്‍ ഈ വീടെങ്ങിനെ കണ്ടുപിടിച്ചു?

പെട്ടെന്ന് വികാരഭരിതയായി ഞാന്‍പറഞ്ഞു.

”വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനിവിടെ വന്നിട്ടുണ്ട്. അല്‍പ ദിവസങ്ങള്‍ ഉമ്മയോടും അദ്ദേഹത്തോടുമൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്.”

ഞാനതു പറയുമ്പോള്‍ ആ മനുഷ്യന്‍ എന്നെ ഉറ്റുനോക്കി എന്തോ ആലോചിച്ചിരുന്നു. അദ്ദേഹം കൂടുതലായി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവിടെ നിന്നും പോരുകയാണ് നല്ലതെന്നു തോന്നി. ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ അരുണും കൂടെ എഴുന്നേറ്റു .

”ഞങ്ങള്‍ ഇറങ്ങട്ടെ… എക്‌സ്‌ക്യൂസ്മി .താങ്കളുടെ പേരെന്താണെന്നും എന്തു ചെയ്യുന്നുവെന്നും ഇതുവരെ ചോദിച്ചില്ല.”

”എന്റെ പേര് ബാലചന്ദ്രന്‍. ഞാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനീയറായി വര്‍ക്കു ചെയ്യുന്നു. എന്റെ ഭാര്യയ്ക്കും ജോലിയുണ്ട്. അവള്‍ കളക്ട്രേറ്റില്‍ വര്‍ക്കു ചെയ്യുന്നു. ഞങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ മോള്‍ ഡിഗ്രിയ്ക്കും മോന്‍ പത്താംക്ലാസ്സിലും പഠിക്കുന്നു.”

”വളരെ നന്ദിയുണ്ട്. താങ്കള്‍ ഫഹദ് സാറിനെപ്പറ്റി ഇത്രയും വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയതിന്. ഇനി ഞങ്ങള്‍ ഇറങ്ങട്ടെ. പറ്റുമെങ്കില്‍ കണ്ണൂരു കൂടി ഒന്നു പോകണം. അവിടെ ആരോടെങ്കിലും തിരക്കിയാല്‍ അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ കഴിയുമായിരിക്കും.”

പെട്ടെന്ന് ഞാന്‍ പറഞ്ഞു. ”വേണ്ട അരുണ്‍ അദ്ദേഹം എവിടെയാണെന്നു വച്ച് അന്വേഷിക്കാനാണ്. നമുക്ക് തിരിച്ചു പോകാം.”

ഞാന്‍ അല്‍പം നിരാശയോടെ പറഞ്ഞു. അപ്പോള്‍ ബാലചന്ദ്രന്‍ വീണ്ടും പറഞ്ഞു.

”അദ്ദേഹം മഹാരാജാസിലെ പ്രൊഫസര്‍ ആയിരുന്നു എന്നറിയാം. വര്‍ഷങ്ങള്‍ക്കു മുമ്പ് മാനസിക വിഭ്രാന്തിയ്ക്കടിപ്പെട്ട് സസ്‌പെന്‍ഷനിലായ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. വീണ്ടുമെങ്ങിനെയൊക്കെയോ ആ ജോലു തിരിച്ചു കിട്ടി. എന്നാല്‍ ഉമ്മ മരിച്ചതോടെ വീണ്ടും വിഷാദ രോഗത്തിനടിപ്പെട്ട് മാനസിക നിലതെറ്റി വിരമിക്കേണ്ടി വന്നു. അങ്ങിനെയാണ് അദ്ദേഹം കണ്ണൂര്‍ക്ക് പോയത്. അവിടെ അദ്ദേഹം എന്തു ചെയ്യുന്നു എന്നറിയില്ല.”

ബാലചന്ദ്രനില്‍ നിന്നും അദ്ദേഹത്തെപ്പറ്റി ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങള്‍ വളരെയേറെ നിരാശപ്പെടുത്തുന്നതായിരുന്നു.

അല്‍പം മുമ്പ് മോഹനസ്വപ്നങ്ങളുടെ ഉത്തുംഗശ്യംഗത്തിലെത്തിയ മനസ്സ് പിടിവിട്ട് താഴേയ്ക്കു നിപതിച്ചത് വളരെ പെട്ടെന്നാണ്. സ്വപ്നങ്ങളുടെ ഉയരങ്ങളില്‍ നിന്നും താഴേയ്ക്കുള്ള ആ പതനം അത്യഗാധമായിരുന്നു. ഹൃദയം പല നുറുങ്ങുകളായി കീറി മുറിഞ്ഞു. പൊട്ടിക്കരയാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു.

ആര്‍ത്തലയ്ക്കുന്ന ഹൃദയവുമായി പടിക്കെട്ടു കടക്കുമ്പോള്‍ ഞാനൊരിക്കല്‍ കൂടി തിരിഞ്ഞു നോക്കി ”മോളേ, ജ്ജ് പൂവ്വാണോ” എന്ന് ചോദിച്ച് സ്‌നേഹമസൃണമായ മുഖത്തോടെ പൂമുഖവാതില്‍ക്കല്‍ നില്‍ക്കുന്ന ഉമ്മ… ഉമ്മയ്ക്കരുകില്‍ പ്രേമ-മഗ്‌നമായ കണ്ണുകളോടെ അനുരാഗപരവശനായി എന്നെ നോക്കി നില്‍ക്കുന്ന അദ്ദേഹം. കണ്മുന്നില്‍ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ… എല്ലാം ഒരു സ്വപ്നമായിരുന്നോ? അല്ലെങ്കില്‍ അദ്ദേഹവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കു പോലും വിധിയ്ക്കാത്ത ദൈവം, അദ്ദേഹവുമായുള്ള ഒരു ഒത്തുചേരലിന് ഇടം നല്‍കുമോ?

നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടയ്ക്കുവാന്‍ മിനക്കെടാതെ മുഖം തിരിച്ച് പടിയിറങ്ങുമ്പോള്‍ പുറകില്‍ നിന്നും ആ ചോദ്യം കേട്ടു.

(തുടരും )

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px