LIMA WORLD LIBRARY

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 25) Karoor Soman

വികാരഭരിതമായ നിമിഷങ്ങള്‍. അവളുടെ അതുല്യമായ ശരീരഭംഗി. അനര്‍ത്ഥങ്ങളുണ്ടാക്കാന്‍ എളുപ്പമാണ്. അവന്‍ അങ്ങനെ കണ്ണെടുക്കാതെ നിന്നു. ആ സൗന്ദര്യം മുറിക്കുളളില്‍ പ്രകാശിച്ചുനിന്നു. ഉളളിന്റെയുള്ളില്‍ ദുസ്വഭാവും സല്‍സ്വഭാവവും തമ്മിലുള്ള ഒരു വടംവലി തന്നെ നടന്നു. യൗവനത്തിന് ഇതൊക്കെ മധുരം നല്‍കും. മധുരം അനുഭവിച്ച് കഴിയുമ്പോള്‍ കയ്പ്പായിമാറും. പിന്നിടുള്ളത് ദുഃഖമാണ്. അവള്‍ക്കോ ഹൃദയം തകരുന്ന അനുഭവം. എന്നിട്ടും എന്താണ് നിന്റെ കണ്ണുകള്‍ അവളുടെ ആകര്‍ഷകമായ തുടകളിലും യൗവനം മുറ്റിനില്‍ക്കുന്ന സ്തനങ്ങളിലും ഉടക്കി നില്‍ക്കുന്നത് വര്‍ഷകാല മേഘങ്ങളെ പോലെ നിന്നില്‍ ഒഴുകുന്നത് എന്താണ്? അനുരാഗമേഘങ്ങളോ? അതോ അതില്‍ വിരിയുന്ന മഴവില്ലോ? ഇങ്ങനെ നോക്കി നിന്നാല്‍ വികാരം തുള്ളിതുളുമ്പി വരും. സര്‍വ്വശക്തിയുമുപയോഗിച്ച് വാരിപ്പുണരാന്‍ തോന്നും. അവള്‍ ഗാഢനിദ്രയിലാണ്. അഥവ കണ്ണ് തുറന്ന് ഈ നില്‍പ് കണ്ടാല്‍ ഈ മുറിയില്‍ നിന്ന് ആട്ടിപ്പുറത്തക്കാനും മടിക്കില്ല. അതോര്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.

 

മനസ്സില്‍ തെളിഞ്ഞ പ്രകാശം മങ്ങി. പെട്ടെന്ന് അവന്‍ പുതച്ചിരുന്ന പുതപ്പെടുത്ത് അവളെ പുതപ്പിച്ചു. ആരോ സ്പര്‍ശിക്കുന്നതായി തോന്നി, അവള്‍ കണ്ണു തുറന്നു. അപ്പോഴേക്കും അവന്‍ ലൈറ്റണച്ച് ബെഡ്ഡില്‍ പോയി കിടന്നു. അവനുറങ്ങിയപ്പോള്‍ അവളുടെ മനസ്സുണര്‍ന്നു. മനസ്സ് വ്യാകുലപ്പെട്ടു. നാണം മാത്രമല്ല ലജ്ജയും തോന്നുന്നു. എന്റെ പുതപ്പ് മാറിയതുകൊണ്ട് എന്റെ ശരീരഭാഗങ്ങളും അവന്‍ കണ്ടുകാമും. അവള്‍ക്കു വല്ലാത സങ്കോചം തോന്നി.

 

പെട്ടെന്ന് മനസ്സില്‍ മന്ദഹാസം പൊഴിച്ചു. അപ്പോള്‍ മനസ്സില്‍ കുളിര് തോന്നി. മഞ്ഞില്‍ തെളിഞ്ഞ നിലാവ് പോലെ പ്രണയം അവളുടെ മിഴികളില്‍ തളംകെട്ടികിടന്നു. ഉറങ്ങാന്‍ കഴിയുന്നില്ല. മാണിയെ ആരാധനയോടെ സ്‌നേഹത്തോടെ കണ്ടു. ഹൃദയം നിറയെ അവന്റെ രൂപമാണ്. എങ്ങും നിശബ്ദമായിരുന്നു. ഇപ്പോഴും അവനെന്നെ പരാജയപ്പെടുത്തിയിരിക്കുന്നു. സ്‌നേഹോഷ്മളമായ പെരുമാറ്റം. സ്വന്തം പുതപ്പ് എന്റെ നഗ്നശരീരത്തെ പുതപ്പിച്ചു. അങ്ങനെ സംഭവിക്കാന്‍ കാരണം ശരീരം നഗ്നമായിരുന്നതു തന്നെയല്ലേ. എന്തൊന്നില്ലാത്ത സുഖാനുഭൂതിയോടെ അനുഭവങ്ങള്‍ അവളെ മനോഹരമായ ഒരു ഉദ്യാനത്തിലേക്ക് കൊണ്ടുപോയി. വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍പോലെ പ്രണയപുഷ്പങ്ങള്‍ മനസ്സ് നിറയെ കണ്ടു. എന്നാലും ഇനിയും അവന്റെ മുഖത്ത് നോക്കാന്‍ ഒരു ചമ്മലുണ്ട്. എന്തിന് ചമ്മലുണ്ടാകണം.ശരീരത്തിന് ഒരു മങ്ങലും ഉണ്ടായിട്ടില്ല. അനുരാഗവിവശനായില്ല. ഇപ്പോള്‍ ശരിക്കും ആനന്ദകരമായ ഒരു സ്പര്‍ശനം എന്റെ മനസ്സിനല്ലേ ഉണ്ടായത്. അതിപ്പോള്‍ ഹൃദയത്തിലിരുന്ന് സ്പന്ദിക്കുന്നു. അവള്‍ വിടര്‍ന്ന മിഴികളോടെ ഇരുട്ടിന്റെ അന്തരാതാമാവിലേക്ക് ഒഴുകിയൊഴുകി പരന്നു. ഉറക്കത്തിലും അവളുടെ അന്തരാത്മാവ് മന്ദഹസിച്ചുകൊണ്ടിരുന്നു.

 

മഞ്ഞുകാലം ആരംഭിച്ചു. മരങ്ങള്‍ ഇലകളെ പൊഴിച്ചു. കമ്പുകള്‍ അസ്ഥികൂടങ്ങളായി. സൂര്യപ്രഭയില്‍ മഞ്ഞ് പൊഴിയുന്നത് കാണാന്‍ അതിസുന്ദരമായി തോന്നി. എല്ലാ മരങ്ങളും മഞ്ഞിനെ ഭയന്ന് ഇലപൊഴിച്ചെങ്കിലും ആരെയും കൂസ്സാതെ ഒരിലപോലും കൊഴിക്കാതെ ക്രിസ്തുമസ്സ് മരങ്ങള്‍ അങ്ങിങ്ങായി കണ്ടപ്പോള്‍ ആശ്ചര്യംതോന്നി. ആകാശത്ത് നിന്ന് പെയ്തിറങ്ങുന്ന മഞ്ഞ് മരത്തില്‍ വീടിന് മുകളില്‍ തെരുവീഥികളില്‍ എല്ലായിടവും വെളഅളി മേഘങ്ങളെപോലെ കിടന്നു. എങ്ങും മഞ്ഞുപാളികളുടെ സൗന്ദര്യം നിറഞ്ഞു നിന്നു. അതില്‍ ഒരു കൂട്ടര്‍ വൃക്ഷങ്ങളുടെ ശിഖിരങ്ങളില്‍ വിശ്രമിച്ചു. ആകാശമാകെ മൂടല്‍ മഞ്ഞുപോലെ തോന്നി. മഞ്ഞുമൂടികിടന്ന നടപ്പാതയിലൂടെ നടക്കുമ്പോള്‍ മിനി മാണിയോട് ചോദിച്ചു.
‘നീ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. അല്ലേ?’
‘നീണ്ട നാളുകളായി അമ്മയെ ഒന്ന് കാണാന്‍ കാത്തിരിക്കയല്ലേ?’

 

‘കമ്പനി അവധി തരുമ്പോള്‍ എന്തിന് പോകാതിരിക്കണം. നിനക്കും അവധി കിട്ടുമല്ലോ എന്തുകൊണ്ട് നമ്മുക്ക് ഒന്നിച്ച് പൊയ്ക്കൂടാ മിനി?’
വിവാഹാലോചനകളെപ്പറ്റിയുള്ള ചിന്ത അവളെ മഥിച്ചു. അച്ഛന്‍ ധാരാളം ആലോചനകള്‍ മകള്‍ക്കായി നടത്തികൊണ്ടിരിക്കുന്നു. പലരുടെയും ഫോട്ടോകളും അയച്ചുതന്നു. എല്ലാം ഗള്‍ഫില്‍നിന്നുള്ള ആലോചനകള്‍. ഒരെണ്ണം നാട്ടില്‍ ജോലിയുള്ള ആള്‍. മഞ്ഞ് കാറ്റ് ആഞ്ഞുവീശി. അവളുടെ മുഖം മ്ലാനവും നിരാശയും നിറഞ്ഞതായിരുന്നു. രണ്ട്‌പേരും ഇപ്പോള്‍ ജോലി ചെയ്യുന്നത് ഒരേ സ്ഥലത്താണ്യ റെയില്‍വേ സ്റ്റേഷനുള്ളില്‍ യാത്രക്കാര്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക, സംശയങ്ങള്‍ പരിഹരിച്ചുകൊടുക്കുക ടിക്കറ്റ് ചെക്ക് ചെയ്യുക തുടങ്ങിയവ. മാണിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട്‌പേരും ഒന്നിച്ചാണ് അപേയച്ചത്. രണ്ട് പേരും ഒരേ ദിവസം ഇന്റര്‍വ്യൂവില്‍ സംബന്ധിക്കയും അതില്‍ വിജയിക്കമാത്രമല്ല ഒരേസ്ഥലത്ത് ജോലി ലഭിക്കുകയും ചെയ്തു കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ജോലിയുമായി ബന്ധപ്പെട്ട് ധാരാളം ദുരിതങ്ങളും വിഷമതകളും അവര്‍ അനുഭവിച്ചിരുന്നു. എന്നാല്‍ മിനിയെ ഇപ്പോള്‍ മുറിവേല്‍പ്പിക്കുന്നത് ഭാവി വരന്‍ ആരെന്നുള്ളതാണ്. അന്തരാത്മാവില്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ട്. ആ വ്യക്തി എന്നന്നേക്കുമായി നഷ്ടപ്പെടുക അതവള്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു അതിനാല്‍ മറ്റൊരുപുരുഷനെപ്പറ്റി ചിന്തിക്കാനുള്ള കരുത്തില്ലായിരുന്നു.

 

അവന്‍ അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി. രണ്ട്‌പേര്‍ക്കും അഗാധമായ പ്രണയമുണ്ട്. ആ പ്രണയവും ക്ലേശവും രണ്ട്‌പേരും അനുഭവിക്കയും ചെയ്യുന്നുണ്ട്. എന്നാല്‍ അത് തുറന്ന് പറയുവാന്‍ രണ്ട്‌പേരും തയ്യാറല്ല. രണ്ട്‌പേരുടെയും മനസ്സില്‍ അപേക്ഷ നിരസിക്കപ്പെടുമോ എന്ന ഭയമാണ്. അങ്ങനെ സംഭവിച്ചാല്‍ അവരുടെ അളവറ്റ സ്‌നേഹത്തിന് അത് താങ്ങാനാവില്ല. അത് ഹൃദയം കീറിമുറിക്കുന്നതിന് തുല്യമാണ്. എങ്കില്‍ എന്തുകൊണ്ട് തുറന്ന് പറഞ്ഞൂടാ? സ്‌നേഹവും പ്രണയവും ഒന്നും മൂടിവെക്കാറില്ല. തുറന്ന് പറയുന്നതാണ്. നിങ്ങള്‍ പ്രണയിക്കുന്തോറും ഒപ്പം വേദനയും തിന്നുകയല്ലേ? പ്രണയത്തിന്റെ തീവ്രത അവള്‍ മനസ്സിലാക്കിയിരിക്കുന്ന് ശരീരം പുരുഷന് സമര്‍പ്പിക്കുക എന്നതാണ്. പുരുഷനെന്നും കാമതാപം തീര്‍ക്കുകയാണ്. അങ്ങനെ ഒരു പുരുഷനുമായി പ്രണയിക്കാന്‍ താല്‍പര്യമില്ല. അതിലൂടെ ഒരു തീരാദുഖം ഉണ്ടായില്ലെന്ന് എന്താണുറപ്പുള്ളത്. എതായാലും സര്‍വ്വസ്വവും പണയപ്പെടുത്തി പ്രണയത്തിന്റെ പേരില്‍ സുഖനിദ്രകൊള്ളാന്‍ ഒട്ടും താല്‍പര്യമില്ല. അത്തരത്തിലുള്ള സുഖഭോഗങ്ങള്‍ ഈ രാജ്യക്കാര്‍ അനുഭവിക്കുന്നതുകൊണ്ടാണ് വിവാഹമോചനത്തിന്റെ എണ്ണം കൂടുന്നത്. അവളുടെ മനോവികാരം എന്തെന്നറിയാന്‍ ചോദിച്ചിട്ടും ഇവള്‍ എന്താണ് മറുപടി പറയാത്തത്?

 

‘എന്താ ഞാന്‍ ചോദിച്ചത് കോട്ടില്ലേ?’
‘കേട്ടു… ഞാന്‍ വരാം. നിനക്ക് എന്നേടൊപ്പം എന്റെ വീട്ടില്‍ വരാമോ?’
അവന്റെ മുഖം തെളിഞ്ഞു. ഒപ്പം വരാമെന്ന് ഏറ്റു. അവളുടെ വീട് കാണാന്‍ മനസ്സില്‍ ആഗ്രഹമുണ്ട്. അത് സന്തോഷമുള്ള ഒരു കാര്യമാണ്. അവന്റെ മനസ്സിനെ അലട്ടിയ മറ്റൊരു കാര്യം, എനിക്ക് സ്വന്തമായിട്ടൊരു വീടില്ല. അമ്മ താമസ്സിക്കുന്ന വീട് സ്വന്തം വീടുപോലെയെന്നാണ് അമ്മ പറഞ്ഞത്. വലിയൊരു വീടാണ്. എത്ര പേരുണ്ടെങ്കിലും താമസ്സിക്കാം. അതിന് ഏലി അമ്മച്ചി എതിരൊന്നും പറയില്ലെന്നാണ് വിശ്വാസം. അവള്‍ ഒരു മഞ്ഞുപാളില്‍ ചവുട്ടി തെറ്റിവീഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ കൈയ്യില്‍പിടിച്ച് നിറുത്തി. അവള്‍ നോക്കി ചിരിച്ചു.

 

മാണി ഒപ്പം വീട്ടില്‍ വരാമെന്നേറ്റപ്പോള്‍ മനസ്സിന് ആത്മസംതൃപ്തി പകര്‍ന്നെങ്കിലും ഉള്ളില്‍ നേരിയ ആശങ്കകള്‍. സത്യത്തില്‍ അച്ഛനെയും അമ്മയേയും ഒന്ന് കാണിക്കാനും അവരുടെ സമ്മതം വാങ്ങുവാനുമാണ് മനസ്സിലെ ആഗ്രഹം. മൂത്ത സഹോദരന്‍ ഗള്‍ഫിലായതിനാല്‍ എതിര്‍പ്പൊന്നുമുണ്ടാകില്ല. തല്‍ക്കാലം ഈ കാര്യം മാണി അറിയേണ്ട. ഇനിയും വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാതെ വന്നാലോ? ആ ചിന്ത ഉള്ളില്‍ മെഴുകുതിരിപോലെ എരിഞ്ഞു. അച്ഛന്‍ മതത്തിന്റെ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട വ്യക്തിയാണ്. പഴയകാല ആചാരങ്ങളിലും പ്രതാപത്തിലും ഉറച്ചു വിശ്വസിക്കുന്നു. ആ പഴഞ്ചന്‍ സ്വഭാവം എന്റെയടുക്കല്‍ വിലപോവില്ലെന്ന് അച്ഛനറിയാം. അതുകൊണ്ടാണല്ലോ അച്ഛന്‍ വരനെ തേടി മകളുടെ മുന്നില്‍ ഹാജരാക്കുന്നതിന് പകരം മകള്‍ മരുമകനെ അച്ഛന്റെ മുന്നില്‍ ഹാജരാക്കുന്നത്. പോകുന്നതിന് മുമ്പായി അച്ഛനെ വിവരമറിയിച്ച് അഭിപ്രായമറിയണം. അച്ഛന് ഞാന്‍ സ്‌നേഹിക്കുന്ന പുരുഷനെ ഉള്‍ക്കൊള്ളാന്‍ പ്രയാസമെങ്കില്‍ നിത്യകന്യകയായി ജീവിക്കാനാണ് ആഗ്രഹമെന്ന് തുറന്ന് പറയണം. മകള്‍ പഠിച്ച് വളര്‍ന്ന് പാശ്ചാത്യരാജ്യത്ത് പോയി മാതാപിതാക്കളെ ധിക്കരിക്കുന്നവളായി ഒരു പേരുണ്ടാക്കാന്‍ താല്‍പര്യമില്ല. അവര്‍ വളര്‍ത്തി വലുതാക്കിയ മകള്‍ ഒരു നിഷേധിയായി മാറാനും ആഗ്രഹമില്ല. അവരുടെ അനുവാദം കിട്ടില്ലെങ്കില്‍ ഒരു കന്യകാ പദവി തന്നെ ധാരാളം. അച്ഛനില്‍ നിക്ഷേധാത്മകമായ ഒരു നിലപാട് ഉണ്ടാകില്ലെന്നാണ് വിശ്വാസം. അഭിപ്രായഭിന്നതകളെക്കാള്‍ നല്ലത് അഭിപ്രായ സമന്വയമാണ്. മാണിയുടെ കാല്‍ മഞ്ഞില്‍ അമര്‍ന്നുപോയത് അവള്‍ ശ്രദ്ധിച്ചു. വെയലില്‍ മഞ്ഞ് ഉരുകിയൊലിച്ചു പൊയ്‌ക്കോണ്ടിരുന്നു. നാട്ടിലേക്ക് പോകാന്‍ അവളുടെ മനസ്സും ആവേശം കൊണ്ടു. മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു. പല വിഷയങ്ങളിലും സമുദായക്കാര്‍ മനസ്സിനെ ഭാരപ്പെടുത്തിയെങ്കിലും ജന്മനാട് ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ആദ്യത്തെ ഒന്നരവര്‍ഷം കഷ്ടപ്പെട്ടെങ്കിലും ജീശ്വരന്‍നല്ലൊരു വഴി തുറന്ന് തന്നു. തന്‍മൂലം അച്ഛനും അമ്മയ്ക്കും കുറെ കാശൊക്കെ അയക്കാന്‍ കഴിഞ്ഞു. അച്ഛന് പണം ആവശ്യമില്ലെങ്കിലും അതിമ്പോലും എന്നെ നിര്‍ബന്ധിച്ചത് മാണിയാണ്. അവന്‍ എന്നെ സ്‌നേഹിക്കുന്നത് കണ്ണ് നിറയെയല്ല ഹൃദയം നിറയെയാണ്.

 

വീട്ടിലെത്തി കാപ്പി കുടിച്ചുകൊണ്ടിരിക്കെ ചോദിച്ചു. ‘നിനക്ക് നിന്റെ അമ്മ ഏതെങ്കിലും പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ടോ?’
‘കഴിഞ്ഞ ദിവസം അമ്മ ചോദിച്ചു. നീ മലയാളിപെണ്ണിനെ കെട്ടുമെങ്കില്‍ എനിക്കറിയാവുന്ന നല്ല പിള്ളേരുണ്ട്….’
‘അപ്പോള്‍ ഞാന്‍ പറയുന്ന പെണ്ണിനെ നീ കെട്ടില്ല?’
‘എന്തിനാ നീ പറയുന്ന പെണ്ണിനെ കെട്ടുന്നേ. നിന്നെ കെട്ടിയാല്‍ കൊള്ളില്ലേ?’
‘അത് ശരി എന്നാലേ, ഈ നമ്പൂതിരിപെണ്ണിനെ കെട്ടാന്‍ നിന്നെക്കാള്‍ യോഗ്യന്മാരുണ്ട്. നീയും കണ്ടല്ലോ മൂന്ന് ഫോട്ടോകള്‍.’
‘നമ്പൂതിരി പെണ്ണെന്ന് പറയുന്നതിനെക്കാള്‍ നല്ലത് സുന്ദരി പെണ്ണെന്ന് പറയുന്നതാ. കാണാന്‍ ഒരു യോഗ്യതയുമില്ലാത്ത ഈ കറുമ്പനെ നിനക്കെന്നല്ല ആര്‍ക്കും ഇഷ്ടപ്പെടില്ല.’ അവന്റെ മുഖം മങ്ങി.

 

‘അത് നീ മാത്രമങ്ങ് തീരുമാനിച്ചാല്‍ മതിയോ? നിന്റെയഴക് പെണ്ണിനേ മനസ്സിലാകൂ, അറിയാമോ? എന്നല് നാളെ ഞാനും കൂടി ലീവിന് എഴുതികൊടുക്കാം. ഒന്നിച്ച് പോകുകയും വരികയും നിന്റെ കല്യാണം കാണുകയും ചെയ്യാം. എന്തായാലും ഒരു മാസം അടിച്ച്‌പൊളിച്ച് കഴിയണം.’
അവളുടെ കവിളുകള്‍ തുടുത്തു. കണ്ണുകള്‍ പുഞ്ചിരിച്ചു. മുറിയിലെ ഹീറ്ററില്‍ നിന്നുള്ള ചൂടുള്ള കാറ്റിനേക്കാള്‍ അവരില്‍ കുളിര്‍മയുള്ള കാറ്റ് ആഞ്ഞുവീശി. അവളുടെ വാക്കുകളില്‍ അവന് സന്തോഷം തോന്നി. അവളുടെ മുഖത്ത് ഇമവെട്ടാതെ നോക്കിയിരുന്നു. എന്റെ ആഗ്രഹം സഫലമാകാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. അമ്മയോട് മനസ്സിന്റെ ആഗ്രഹം തുറന്ന് പറയുക. ഇവള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മറ്റൊരാളെ നോക്കിയാല്‍ മതിയല്ലോ. അവരില്‍ മോഹങ്ങള്‍ വളര്‍ന്നുകൊണ്ടിരുന്നു. സൂര്യന്‍ എരിയുകയും അണയുകയും ചെയ്തു. മഞ്ഞില്‍ പ്രകൃതിയാകെ മരവിച്ചു നിന്നു. തണുപ്പിലും പ്രാവുകള്‍ കൂട്ടുംകൂട്ടമായി പറന്നു. അത് തണുപ്പില്‍ നിന്ന് രക്ഷപെടാനുള്ള പറക്കലായിരുന്നു. മഞ്ഞ് മനോഹരമായി മണ്ണിലേക്ക് പറന്നിറങ്ങി. മണ്ണിനെയും മരത്തേയും പുണര്‍ന്നു. മാണിയും മിനിയും നാട്ടിലേക്ക് ഹീത്രു വീമാനത്താവളത്തില്‍ നിന്നും മുംബൈയിലൂടെ കേരളത്തിലേക്ക് യാത്രതിരിച്ചു.

 

എയര്‍പേര്‍ട്ടിന് പുറത്ത് മകനെയും കാത്ത് സിന്ധു വീര്‍പ്പടക്കി നിന്നു. സിന്ധുവിനൊപ്പം തുളസിയുമുണ്ടായിരുന്നു. മകനെ മുന്നില്‍ കണ്ടപാടെ അതീവസന്തോഷത്തോടെ കെട്ടിപ്പിടിച്ച് കവിളിലും നെറ്റിയിലും ചുംബിച്ചു. കണ്ണുകള്‍ നീറുകയും അധരങ്ങള്‍ വിതുമ്പുകയും ചെയ്തു.
മാണിയുടെ നിഴല്‍ പോലെ കൂടെ നിന്ന മിനി കാലില്‍തൊട്ട് വന്ദിച്ചു. മിനിയുടെ കവിളത്തൊരുമ്മ കൊടുക്കാനും സിന്ധു മറന്നില്ല. അവര്‍ രണ്ടുപേരും കൂടി ട്രോളിയും തള്ളി പുറത്തേക്ക് വരുമ്പോള്‍ ആര്‍ക്കും തോന്നുക ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ്. അവളെ ഒപ്പം കൊണ്ടുപോവുക…, മനസ്സിനല്‍പം മടി തോന്നി. അവര്‍ ഒന്നിച്ച് ജോലി ചെയ്യുന്നെന്നും ഒന്നിച്ച് താമസിക്കുന്നെന്നുമൊക്കെ പറഞ്ഞാല്‍ ഈ നാട്ടുകാര്‍ മറ്റുവല്ലതും പറയും. ഒരു പെണ്ണിനെ അപമാനിക്കാന്‍ കിംവദന്തിപരത്താന്‍ സമര്‍ത്ഥരായ മനുഷ്യര്‍ ഈ നാട്ടിലുണ്ട്. മനസ്സൊന്ന് പുകഞ്ഞെങ്കിലും അതിനെ കത്തിക്കാന്‍ സിന്ധു തയ്യാറായില്ല.
അവര്‍ നല്ല സുഹൃത്തുക്കളാണ്. അവന്‍ ഉള്ളാലെ അവളെ സ്‌നേഹിക്കുന്ന കാര്യവും സംസാരത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. എന്നാലും ഈ നാട്ടുകാരെ സൂക്ഷിക്കണം. ഇന്നവര്‍ വന്നത് നന്നായി. നാളെ വന്നിരുന്നുവെങ്കില്‍ കേരളം മുഴുവന്‍ പൊതു ബന്ദാണ്. മാസങ്ങള്‍ക്ക് മുന്‍പേ ലീവും വിമാനടിക്കറ്റും എടുത്ത് ജന്മനാട് കാണാന്‍ വരുമ്പോള്‍ അവരെ സ്വീകരിക്കുന്നത് ബന്തുകളാണ്. എത്രയോ വിദേശ യാത്രക്കാരെയാണ് ഈ ബന്ത് വലച്ചിട്ടുള്ളത്. കഴിഞ്ഞ ബന്ദില്‍ രണ്ട് ദിവസം വരെ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരുന്നവരുമുണ്ട്.

 

മനുഷ്യ ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന ചട്ടങ്ങള്‍. ആ ചട്ടങ്ങളെ കാറ്റില്‍ പറത്തുന്ന രാഷ്ട്രീയക്കാര്‍. എങ്ങും ഒളിഞ്ഞിരിക്കുന്നത് അജ്ഞതയും നിഗൂഢതകളുമാണ്. അവര്‍ക്ക് ചൂട് അനുഭവപ്പെട്ടു. മഞ്ഞ് രാജ്യത്ത് നിന്ന് വന്നെത്തിയത് ചൂടുള്ള ദേശത്താണ്. ഹിമശകലങ്ങള്‍ക്ക് പകരം മുഖത്തേക്കടിക്കുന്നത് ചൂടുള്ള കാറ്റാണ്. സിന്ധു അവരുമായി കുശലസംഭാഷണങ്ങള്‍ നടത്തി. സമ്പന്ന രാജ്യത്ത് നിന്നും ദരിദ്രരാജ്യത്തേക്ക് വന്നതിന്റെ യാതൊരു നാട്യങ്ങളും അവരില്‍ കണ്ടില്ല. അവരുടെ കണ്ണുകളില്‍ സന്തോഷം അലയടിച്ചു നിന്നു. സൂര്യപ്രകാശം മണ്ണില്‍ തിളച്ചു. വൃക്ഷങ്ങള്‍ വാടികൊഴിഞ്ഞു നിന്നു. സിന്ധു മിനിയെ ഉറ്റുനോക്കി. മിഴികളുടെ തിളക്കവും നീണ്ട മൂക്കും കാണാനഴകുള്ള പുരികകൊടികളും ആ മുഖത്തിന് ചേരുന്നുണ്ട്. സ്‌നേഹവാത്സല്യത്തോടെ രണ്ട്‌പേരെയും കാറിനുള്ളിലേക്ക് ക്ഷണിച്ചു. ചൂടുള്ള കാറ്റില്‍ തെങ്ങോലകള്‍ ഇളകിയാടി. എയര്‍പോര്‍ട്ടില്‍ നിന്നും യാത്രയായി. വിശേഷങ്ങള്‍ ഓരോന്നും തിരക്കിക്കൊണ്ടിരിക്കെ ഒരു ഹോട്ടലില്‍ കയറി കാപ്പിയും പലഹാരങ്ങളും കഴിച്ചു.

 

മാണി നെയ്യപ്പം രണ്ടെണ്ണം കഴിച്ചപ്പോള്‍ മിനി പറഞ്ഞു. ‘അവിടെയും മാണിക്ക് നെയ്യപ്പം വലിയ ഇഷ്ടമാ.’
സിന്ധു പുഞ്ചിരിയോടെ പറഞ്ഞു. ‘ചെറുപ്പത്തിലെ അവന് ഏറെ ഇഷ്ടം നെയ്യപ്പമാ. നാടകം നടക്കുന്ന സ്ഥലത്ത് രമേശ് ചേട്ടന്‍ അവന് പ്രത്യേകമായിട്ട് നെയ്യപ്പം ആരെയെങ്കിലും വിട്ട് വാങ്ങിപ്പിക്കും.’
അച്ഛനെക്കുറിച്ചുള്ള മങ്ങിയ ഓര്‍മകള്‍ അവന്റെ മനസിന്റെ ഭാരമേറ്റി.
‘നെയ്യപ്പത്തിനായി ഞാന്‍ കരഞ്ഞ കാര്യം മാത്രമെന്തിനാ ഇനി പറയാതിരിക്കുന്നേ….?’

 

മകന്റെ കണ്ണുകളിലെ ഗൗരവമേറിയ തിളക്കം കണ്ടപ്പോള്‍ സിന്ധു രമേശിനെയോര്‍ത്തു. അവന്റെ മുഖത്ത് രമേശിനെ കാണാം. ഓര്‍മ്മകളുടെ തിരിനാളം മകനില്‍ കാണാന്‍ കഴിഞ്ഞു. അവര്‍ വീണ്ടും യാത്രയായി. സിന്ധുവിന്റെ മനസ്സ് സന്തോഷത്താല്‍ തരതല്ലി നിന്നെങ്കിലും മിനി മതാപിതാക്കളെ കാണ്‌തെ ഇവനൊപ്പം വന്നത് ഒട്ടും ന്യായീകരിക്കാനാവില്ല. അവരുടെ മനസ്സ് മകളെ കാണാന്‍ എത്ര വെമ്പല്‍ കൊള്ളുന്നുണ്ടാകും. നിര്‍ഭാഗ്യവശാല്‍ മകനും അമ്മയുടെ നിലപാടുതന്നെയായിരുന്നു. സിന്ധുവിന്റെ മനസ്സില്‍ ആകുലചിന്തകളുണ്ടായി. ഞാനെന്തെങ്കിലും ചോദിച്ചാല്‍ അതവളുടെ മനസ്സിന്റെ ആഴത്തിലേക്ക് കടന്നുചെല്ലും. മനസ്സിനെ തളര്‍ത്തും. എന്തായാലും ഒരു പെണ്‍കുട്ടി ഇങ്ങനെ അപരിചിതമായ വഴിയിലൂടെ സഞ്ചരിക്കാന്‍ പാടില്ല. അമര്‍ഷം മകനോട് പ്രകടിപ്പിച്ചാലും അവനും ഒരമ്മയുടെ വികാരം മനസ്സിലാക്കാനുള്ള മനസ്സ് കാണില്ല. അവള്‍ അവനൊപ്പം വന്നതിന്റെ ഉദ്ദേശവും മനസ്സിലാകുന്നില്ല. അതോ സ്‌നേഹം ഒരനുഭൂതിയായി ഇരിപ്പിലും നടപ്പിലും ഒപ്പംകൊണ്ടുനടക്കുകയാണോ? മനസ്സില്‍ അമന്മച്ചിയുടെ മുഖം നിറഞ്ഞു. അമ്മച്ചി എങ്ങനെയായിരിക്കും ഇതിനോട് പ്രതികരികകുക. എന്തെങ്കിലും കള്ളംപറഞ്ഞ് രക്ഷപെടുകയേ മാര്‍ഗ്ഗമുള്ളൂ. വല്ലാത്ത നിര്‍വികാരത മുഖത്ത് തെളിഞ്ഞു. കാര്‍ വയല്‍പാടങ്ങള്‍ കടന്ന് മുന്നോട്ട്‌പോയി. അവള്‍ക്ക് ആ സ്ഥലം ഏറെ ഇഷ്ടപ്പെട്ടു. നെല്‍പ്പാടം പ്രകാശകിരണങ്ങളാല്‍ തിളങ്ങി. ഇനിയും കൊയത്ത് കാലമാണ്. വയല്‍ കിളികള്‍ പാടത്തിന് മുകളിലൂടെ പറക്കുന്നു. ആരിലും കവിത തുളുമ്പുന്ന പ്രകൃതി സൗന്ദര്യം. കാര്‍ വീട്ടമുറ്റത്തേക്ക് പ്രവേശിച്ചു. ഏലി ഒന്ന് മുറുക്കിതുപ്പിയിട്ട് അവരുടെയടുത്തേക്ക് വന്നു. ഏലി കണ്ണുമടച്ച് എന്തും വിശ്വസിക്കുന്ന ആളല്ലെന്ന് സിന്ധുവിന് അറിയാം. ദൈവമേ അവരുടെമേല്‍ കുറ്റങ്ങള്‍ ഒന്നും കാമരുതേ സിന്ധു മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px