ഹേയ് മനുഷ്യാ…
നടന്നു തീര്‍ത്ത സ്വപ്ന ദൂരങ്ങളില്‍ ഞാന്‍ പണിത മഞ്ഞു കൂടാരങ്ങള്‍ ഉരുകിയൊലിച്ചു തുടങ്ങിയിരിക്കുന്നു. ചങ്ങലക്കെട്ടുകളിലുലയാത്ത എന്റെ ഹൃദയം പക്ഷേ ആ മഞ്ഞിന്റെ മരവിപ്പില്‍ തീപിടിച്ച നിന്റെ ഉമ്മകള്‍ക്ക് വേണ്ടി കൊതിക്കുന്നത് പോലെ..
നിന്റെ ഹൃദയത്തിലേക്ക് ഞാന്‍ യാത്ര ചെയ്തത് ഒരു പൂവിന്റെ മൃദുലതയോടെയായിരുന്നു, നീയതറിയുന്നില്ലെന്ന് മാത്രം. തീഷ്ണമായ സ്‌നേഹത്തിന്റെ പച്ചയില്‍ എനിക്കും നിനക്കുമി ടയില്‍ ചിലപ്പോഴൊക്കെ ഒരു മുഴുവസന്തം പടവുകള്‍ കയറി വരുമായിരുന്നു. അജ്ഞാതനായ നിന്നോട് എന്തിനാണ് ഞാനിതൊക്കെ പറയുന്നത്? നീ അറിയാതെ നിന്നെ പ്രണയിക്കുന്നതും, ആത്മാവിന്റെ ചിറകില്‍ നിനക്കായൊരിടം കരുതുന്നതും, നിനക്ക് നിറയാനായി ശൂന്യമാകുന്നതുമെല്ലാം…?
എനിക്ക് കൂട്ടായി എന്നുമുണ്ടാവുന്ന നിശബ്ദതയോട് മാത്രം ഇതൊക്കെ പങ്കുവയ്ക്കുമ്പോള്‍, നിന്നോടുള്ള പ്രണയത്തിന്റെ ഓര്‍മ്മകളുടെ ഒറ്റമരക്കൊമ്പിലിരുന്ന് ഞാന്‍ ചിലപ്പോഴൊക്കെ അഹങ്കരിക്കാറുണ്ട്.. നിറ വസന്തങ്ങളിലേക്ക് യാത്ര പോകാറുണ്ട്…വെറുതെ… വെറും വെറുതെ..













