വാഴക്കുല കണ്ട കിനാവുകളില്‍ അരിവാള്‍ എത്തി. തള്ളവാഴയുടെ ചുവട്ടില്‍ നിന്ന കുഞ്ഞന്‍ തൈകള്‍ അത് കണ്ട് കൗതുകപ്പെട്ടു. വാഴക്കുലയുടെ അതിജീവനത്തിന്റെ കരുത്ത്. അതാണവിടെ കണ്ടത്.
എന്താണുണ്ടായത്.
വാഴക്കുല കാണാത്തവര്‍ വിരളമായിരിക്കും. വാഴക്കുലയില്‍ കായ്കള്‍ മുകളിലേക്ക് അരിവാളിന്റെ ആകൃതിയില്‍ വളഞ്ഞാണ് വളരുന്നത്. ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.
ഗ്രാവിറ്റി അഥവ ഭൂഗുരുത്വമാണതിന് കാരണം. ഭൂമി ഒരു വസ്തുവില്‍ പ്രയോഗിക്കുന്ന ബലമാണ് ഗ്രാവിറ്റി (gravity). വാഴക്കുലയിലെ കായ്കള്‍ ഗ്രാവിറ്റി അതിജീവിച്ച് മുകളിലേക്ക് വളരുമ്പോള്‍ അതിന്റെ ഉടലില്‍ ഉണ്ടാവുന്നതാണ് ഈ വ്യതിയാനം.
ഗ്രാവിറ്റിയും ഉടലുമാത്മാവും തമ്മിലൊരു യുദ്ധം. തന്റെ ചുറ്റുപാടില്‍ ഓരോ ജീവിയും യുദ്ധങ്ങളിലൂടെയാണ് അതിജീവിക്കുന്നത്.
അതിജീവനവും ജീവിത വിജയവും സാരവത്തായ യുദ്ധങ്ങളുടെ ആകെത്തുക യാണ്. ഇവിടെ വാഴക്കുല ഒരു സിംബല്‍ ആണ്. ഒരു അടയാളവും ബോധവുമാണ്.
നിങ്ങള്‍ ഒരു കല്ല് ആകാശത്തേക്ക് എറിഞ്ഞാല്‍ അത് ഭൂമി വിട്ട് സ്വര്‍ഗ്ഗരാജ്യം തേടി പോവുകയൊന്നുമില്ല. മടങ്ങി വരും. കാരണമെന്താ. ഗ്രാവിറ്റി.
അപ്പോള്‍ ആകാശ ഗോളങ്ങളിലേക്ക് പേടകങ്ങള്‍ കുതിക്കുന്നതോ. അവ ഭൂമിയുടെ ഗ്രാവിറ്റേഷന്‍ ഫോഴ്‌സിനെ അഥവ ഭ്രൂഗുരുത്വ ബലത്തെ അതിജീവിക്കുന്നു.
വാഴക്കുല മാത്രമല്ല എല്ലാത്തരം ചെടികളും ആകാശം നോക്കിയാണ് വളരുന്നത്. സസ്യജാലങ്ങള്‍ സൂര്യനെ പ്രണയിക്കുന്നു. അവയ്ക്ക് കാമുക സൂര്യനെ നോക്കിയിരിക്കാനുള്ള പ്രേരണയും താല്പര്യവുമുണ്ട്. അതാണ് ഫോട്ടോട്രോപ്പിസം (phototropism). സസ്യ ജാതികള്‍ വെളിച്ചമുള്ള ദിശയിലേക്ക് വളരുന്നു. അതൊരു ജൈവ ബോധമാണ്. തങ്ങളുടെ ആവശ്യത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെട്ട പ്രണയമാണ്.
ജീവശാസ്ത്രപരമായി പ്രണയം ഒരു ആവശ്യകതയില്‍ നിന്നും ആര്‍ജിച്ച ബോധവും അനുഭവവും ആണല്ലോ. അത് നാഡീ ബന്ധിതമായ ഒരു ജൈവ പ്രക്രിയയാണ്. ജീവിക്ക് ആവശ്യമുള്ള കാലമത്രയും അത് നിലനില്‍ക്കും.
മസ്തിഷ്‌ക കോശങ്ങളില്‍ ഘനീഭവിച്ച ഭാവനയുടെ നിറഞ്ഞാട്ടത്തില്‍ പിറന്നു വീഴുന്ന പ്രണയത്തിന്റെ ആകൃതിയുള്ള കവിതകള്‍ക്കും ഗാനങ്ങള്‍ക്കും ലൈംഗിക ഹോര്‍മോണുകളുടെ ഗന്ധമാണ്. കാറ്റിനൊത്തു പാടുന്ന ഓടക്കുഴലിന് എന്തുകൊണ്ട് താന്‍ പാടുന്നു എന്നറിയില്ല.
ഭൂലോകത്തുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആഹാരം ഉല്പാദിപ്പിക്കുന്നത് സസ്യങ്ങളാണ് (producers). സാങ്കേതികമായി ഫോട്ടോസിന്തസിസ് (photosynthesis). സൗരോര്‍ജത്തെ തന്മാത്രകളില്‍ (ATP) പൂട്ടി ഭക്ഷണമായി ജീവജാതികള്‍ക്ക് വിളമ്പുന്ന ഭക്ഷ്യോല്‍പാദകര്‍. അതാണ് സസ്യകുലം. നാം തിന്നാന്‍ വേണ്ടി മാത്രം പിറന്നവര്‍. ഉപഭോക്താക്കള്‍ (consumers) എന്ന് അടയാളപ്പെടുത്താം. സസ്യകുലം ഇവരോട് പൊറുക്കട്ടെ.
തിന്നാന്‍ വേണ്ടി ജീവിക്കുന്നവരെ ചില ഹോട്ടലുകള്‍ക്ക് മുന്നിലെ ക്യൂകളില്‍ കണ്ടിരിക്കുന്നു. എപ്പോഴോ അവരില്‍ പലരെയും ആശുപത്രികളില്‍ വിദഗ്ദ്ധരുടെ കണ്‍സള്‍ട്ടിംഗ് മുറികളുടെ മുന്നിലെ ക്യൂവിലും കാണാനായി. പഞ്ചന ക്ഷത്ര ഹോസ്പിറ്റലുകള്‍ക്ക് വളര്‍ന്നു പന്തലിക്കാന്‍ ഇതില്‍പരം സഹായമെന്ത്.
അതവിടെ നില്‍ക്കട്ടെ. പടവലങ്ങ (nsake gourd) താഴേക്ക് വളരുന്നതോ. പിന്നെയും തോറ്റു. അതിന്റെ വളരുന്ന അഗ്രഭാഗം ഒന്ന് ശ്രദ്ധിച്ചു നോക്കുക. എപ്പോഴും മുകളിലേക്ക് ചെറുതായിട്ടെങ്കിലും വളഞ്ഞിരിക്കും. പടവലങ്ങയുടെ നീളവും ഭാരവും കൊണ്ട് ഗ്രാവിറ്റിയെ അതിജീവിക്കാനുള്ള ശേഷി കുറവാണ്.
വലിപ്പം കുറഞ്ഞ പടവലങ്ങ കാണുക. മലയാള അക്ഷര ലിപികളില്‍ മനോഹരിയായ ‘റ’ തിരിച്ചിട്ടതു പോലെ വളഞ്ഞിരിക്കുന്നത് കാണാം.
പടവലങ്ങ മുകളിലേക്ക് വളരാതെ താഴേക്ക് നീളത്തില്‍, വലിപ്പത്തില്‍, വരുന്നതിലേക്ക് കര്‍ഷകര്‍ അതിന്റെ അഗ്രത്തില്‍ കല്ല് ചരടില്‍ കെട്ടിയിരിക്കുന്നത് ചിലരെങ്കിലും കണ്ടിട്ടുണ്ടാവും. ഇനിയും കണ്ടിട്ടില്ലാത്തവര്‍ ഒരു പച്ചക്കറി തോട്ടം സന്ദര്‍ശിക്കുക. കര്‍ഷകരോട് ചോദിക്കാനും മടിക്കേണ്ട.
അപ്പോള്‍ മത്തനോ.












