ആളുകള്‍ കൂട്ടം കൂടിയിരുന്നു
ചക്ക മുറിച്ചു ചുള പറിക്കുന്നു…
കണ്ടിട്ടു പച്ചച്ചക്കയാണെന്നു
തോന്നുന്നുണ്ടു..
ചക്ക വറുക്കാനുള്ള പുറപ്പാടായിരിക്കണം..
സ്ത്രീകളും പുരുഷനും എല്ലാരുമുണ്ടു..
വീടിനോടു ചേര്‍ന്നുള്ള ഒരു ഷെഡ്ഢിലാണവരുടെ ഇരിപ്പ്.
വറുക്കല്‍ കേന്ദ്രത്തിന്റെ ഉടമസ്ഥയാവണം
മേല്‍നോട്ടത്തിനായ് വന്നു നില്‍പ്പുണ്ടു..
അവരുടെ കൈയിലുള്ള ചെറിയ സ്റ്റീല്‍ പാത്രത്തില്‍
വെളിച്ചെണ്ണയാണെന്നു തോന്നുന്നു…
ചക്ക പറിക്കുമ്പോള്‍ കയ്യില്‍ ചക്ക മുളഞ്ഞില്‍ പറ്റാതിരിക്കുവാന്‍
വെളിച്ചെണ്ണ പുരട്ടുക പതിവാണല്ലോ..
ചുള പറിച്ചു താഴെ വെച്ചിട്ടുള്ള ഒരു ചുവന്ന പാത്രത്തിലേക്കാണിടുന്നതു..
സ്ത്രീകള്‍ ഇരിക്കുന്നതിന്റെ പുറകു ഭാഗത്തു അടുപ്പുകള്‍ കാണാം
അടുപ്പിനു മുകളില്‍ ഒരു അലൂമിനിയം പാത്രം ഇരിക്കുന്നുണ്ടു….
പറിച്ചെടുത്ത ചുളകള്‍ കുരുവും പൊല്ലയും നീക്കി
ഒരേ വലുപ്പത്തില്‍ അരിഞ്ഞെടുക്കും.
ചിലര്‍ അതില്‍ മഞ്ഞ നിറം കിട്ടുവാനാവണം
മഞ്ഞള്‍ വെള്ളം തളിക്കുമത്രേ..
പിന്നെ അടുപ്പത്തു വെച്ച വലിയ ചീനച്ചട്ടിയില്‍
എണ്ണയൊഴിച്ചു തീ നന്നായ് കത്തിച്ചു
എണ്ണ നന്നായ് വെട്ടിത്തിളക്കുമ്പോള്‍
അരിഞ്ഞു വെച്ച ചക്കച്ചുളകള്‍ വാരി വിതര്‍ത്തിയിട്ടു
വലിയ ചട്ടുകം കൊണ്ടു ഒന്നിളക്കിക്കൊടുക്കും..
എണ്ണയില്‍ കിടന്നു തിളച്ചു മറിഞ്ഞു
നന്നായ് മൂക്കുമ്പോള്‍
കലക്കി വെച്ച ഉപ്പു വെള്ളം മെല്ലെ തളിക്കും
അപ്പോള്‍ ശ് ശ് എന്നൊരു ശബ്ദമുണ്ടാകും..
ഒപ്പം എണ്ണ പതഞ്ഞുയരും..
പതയൊന്നടങ്ങുമ്പോള്‍ വലിയ കണ്ണുള്ള
അരിപ്പക്കയില്‍ കൊണ്ടു കോരിയെടുത്തു
അരിപ്പപ്പാത്രത്തില്‍ കൊട്ടിയിടും..
എണ്ണ വാര്‍ന്നു പോകുവാനാണിങ്ങനെ
ചെയ്യുന്നതു.
ചിലപ്പോള്‍ ന്യൂസ് പേപ്പര്‍ വിടര്‍ത്തിയിട്ടു
അതിലും ഇടാറുണ്ടു..
മൂത്തു കഴിയുമ്പോള്‍ നല്ലൊരു വാസനയുയരും..
ഒരു പിടി വാരി വായിലിട്ടു കറുമുറു കറു മുറു ചവച്ചു തിന്നാല്‍
ആഹാ അതിന്റെയൊരു രുചിയുണ്ടല്ലോ..
അതു പറഞ്ഞറിയിക്കുവാന്‍ വയ്യ കേട്ടോ..











