LIMA WORLD LIBRARY

അഷിതയുടെ കല്ലുവച്ചനുണകൾ – ശ്രീ മിഥില

ഈ കഥ ഒരു മനഃശാസ്ത്ര പരമായ കഥയാണ്.

ഒരു കുഞ്ഞിന്റെ അല്ല എല്ലാ കുഞ്ഞുങ്ങളുടെയും കുസൃതിയും ഓമനത്വവും നിഷ്കളങ്കതയും ഒരുമിച്ച് ചാലിച്ചെഴുതിയ അഴകാർന്ന ഒരു ചെറുകഥ.

മുതിർന്നവരെ കണ്ടും കേട്ടുമാണ് കുട്ടികൾ പഠിക്കുന്നത്. സിസ്റ്റർ കുറ്റപ്പെടുത്തിയതാണെങ്കിലും കാര്യം സത്യമാണ്.
പണ്ട് കുട്ടികൾക്ക് തെറ്റു ചെയ്‌താൽ അടിയിൽകുറയാത്ത ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ അതുകൊണ്ട് അവർ ആ തെറ്റ് ആവർത്തിച്ചി രുന്നില്ല എന്ന്‌ പറയാനാവുമോ?
അതുകൊണ്ട് ഇന്നത്തെ കുട്ടികളെ അടിച്ചുവളർത്താത്തതുകൊണ്ടല്ല കുട്ടികൾ തെറ്റിലേക്ക് പോകുന്നതും അതാവർത്തിക്കുന്നതും എന്നാണ് എനിക്കും പറയാനുള്ളത്

ഹോംവർക്ക് ചെയ്യാത്തതിന് ഉമയുടെ മറുപടി ടീച്ചറോട് പറഞ്ഞ എസ്ക്യൂസ്‌സ് കള്ളമല്ല തമാശയാണെന്നാണ്. കൂടെ അവൾ ചോദിക്കുന്നുണ്ട് “അമ്മ നുണ പറയാറില്ലേ”?
പിരിവിന് മാമന്മാർ വന്നപ്പോൾ ആളില്ലെന്ന് പറയാൻ പറഞ്ഞത് അവൾ ഓർത്തുവച്ചിരിക്കുന്നു.

കുഞ്ഞുങ്ങളുടെ മനസ്സ് നിഷ്‌ക്കളങ്കമാണെങ്കിലും അവരുടെ ബുദ്ധികൂർമ്മത അപാരമാണ്. അവർ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് നാം വിചാരിക്കുന്ന പലകാര്യങ്ങളും അവർ ശ്രദ്ധിക്കുകയും അത് ഓർത്തുവയ്ക്കുകയും ചെയ്യാറുണ്ട്.

കുഞ്ഞുങ്ങളുടെ മനഃശാസ്ത്രം അറിയുന്നതിന് അവരുടെ അധ്യാപകർപോലും ശ്രദ്ധിക്കാറില്ല.

കുഞ്ഞുങ്ങളുടെ മനസ്സ് ഒരു വെള്ളപ്പേപ്പർപോലെയാണ്. അതിൽ നമുക്ക് എന്തും എഴുതിച്ചർക്കാം. അതുകൊണ്ട്തന്നെ വളരെ ശ്രദ്ധയോടെ, കരുതലോടെ, എല്ലാത്തിനുമുപരി സ്നേഹത്തോടെ, അവരെ നാം മനസ്സിലാക്കുന്നു എന്നതിരിച്ചറിവ് നൽകിക്കൊണ്ട് കുഞ്ഞുങ്ങളെ നാം സമീപിക്കാതിരുന്നാൽ അത് ഗുരുതരമായ തെറ്റിലേയ്ക്ക് നയിക്കും എന്നാണ് ആഷിതയ്ക്ക് അധ്യാപകരോടും മാതാപിതാക്കളോടും പറയാനുള്ളത് എന്ന് തോന്നി

മകളുടെ നിഷ്‌ക്കളങ്കമായ ചോദ്യം ആവർത്തിക്കുമ്പോൾ
ഉമയുടെ അമ്മയുടെ ദയനീയാവസ്ഥ കണ്ടിട്ടാവണം ഫോട്ടോയിലിരുന്ന അമ്മൂമ്മയും ആകാശത്തെ നക്ഷത്രവും പൊട്ടിച്ചിരിച്ചത്.

വെയിലും നിഴലും മാറിമാറിത്തലോടുന്ന,
തോന്നുമ്പോലൊഴുകുന്ന ഒരു പുഴപോലെയാണ് കുഞ്ഞുങ്ങളുടെ മനസ്സ് എന്ന് അഷിത പറയുന്നു.

മീന B R നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ കൂട്ടുകാരനെ വില്ലനാക്കി തല്ലുകൊടുത്തപ്പോൾ കുഞ്ഞുങ്ങളുടെ മനസ്സിൽ പതിഞ്ഞത് സ്നേഹിക്കുന്നത് തെറ്റാണ് അല്ലെങ്കിൽ പാപമാണ് എന്ന ഒരുതെറ്റായ സന്ദേശമാണ്.

ചുരുക്കത്തിൽ കേട്ടതും കണ്ടതും വള്ളിപുള്ളിവിടാതെ ഓർത്തുവയ്ക്കുന്ന അതിലൂടെ സഞ്ചരിക്കാൻ ബാധ്യസ്ഥരാകുന്ന കുഞ്ഞുങ്ങളെ നേർവഴി നടത്തേണ്ടത് വളരെ ബുദ്ധിപൂർവ്വവും കരുതലോടെയുമായിരിക്കണം
അതിനായി കുടുംബവും സമൂഹവും ഒന്നുപോലെ കടപ്പെട്ടിരിക്കുന്നു.

കുഞ്ഞുങ്ങൾ ബുദ്ധിയും ചിന്താശേഷിയുമുള്ള
ഓരോ വ്യക്തിത്വങ്ങളാണ്. അവരെ ഓരോന്നും പഠിപ്പിക്കുകയല്ല പഠിക്കാൻ സഹായിക്കുകയാവണം നമ്മുടെ ഡ്യൂട്ടി.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px