സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് പകരുന്ന ദിനമാണ് ക്രിസ്തുമസ്സ്.
യേശുക്രിസ്തുവിന്റെ തിരുപ്പിറവി അനുസ്മരിപ്പിക്കുന്ന ഡിസംബര്‍ 25
ജാതിമതഭേദമന്യേ മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന മഹോത്സവമായി മാറിയിരിക്കുന്നു.
അന്ധകാരത്തില്‍ വഴി തെളിക്കുന്ന നക്ഷത്രം
പോലെ അനവധി നന്മകള്‍ പകരുന്ന പുണ്യദിനമായ ക്രിസ്തുമസ്സിന്റെ പ്രധാന സന്ദേശം
സ്‌നേഹമാണ്. യുദ്ധങ്ങളും കലഹങ്ങളും കൊടുമ്പിരി കൊള്ളുന്ന ഇക്കാലത്തും
‘ ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം ‘ എന്ന ദൈവദൂതരുടെ വചനം ഏറെ പ്രസക്തമാണ്. പരസ്പരം
ക്ഷമിച്ചു സൗഹൃദത്തോടെ മുന്നോട്ടു
പോകുമ്പോള്‍ സമൂഹത്തിലും സൗഹാര്‍ദ്ദം വളരുന്നു.
പുല്‍ക്കൂട്ടിലുള്ള മനുഷ്യപുത്രന്റെ ജനനം എളിമയോടെ ജീവിക്കുവാനുള്ള പ്രേരണ പകരുന്നു.
ക്രിസ്തുയേശുവിന്റെ നല്ല ഭടനായി
നീയും എന്നോടൊപ്പം കഷ്ടം സഹിക്കുക.. ഞങ്ങള്‍ സ്‌കൂളില്‍ പഠിച്ച സന്ദേശമാണ്.
ഇരുണ്ട സാഹചര്യങ്ങളിലും പ്രത്യാശ കൈവിടാതെ മുന്നേറുവാന്‍ , നല്ലൊരു
നാളെയെത്തുമെന്ന വിശ്വാസമാണ് ഓരോ വര്‍ഷവും പുല്‍ക്കൂടൊരുക്കുമ്പോള്‍ ലഭിക്കുന്നത്.
സ്‌നേഹം , സമാധാനം , പങ്കിടല്‍ , ക്ഷമ , പ്രത്യാശ എന്നിവ ജീവിതത്തിന്റെ തന്നെ ഭാഗമാക്കുമ്പോള്‍
തിരുനാളിന്റെ നന്മകള്‍ ജീവിതത്തില്‍ ഉടനീളം
നിലനില്‍ക്കും. മറ്റുള്ളവരുടെ വേദനകള്‍ തിരിച്ചറിയുവാനും ഒരു പുഞ്ചിരിയിലൂടെയെങ്കിലും
പ്രതീക്ഷ നല്‍കുകയും ചെയ്യുമ്പോള്‍
നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കുക എന്ന സന്ദേശം ജീവിതത്തിന്റെ തന്നെ ഭാഗമാകുന്നു.
മിഷനറിമാരും , പുരോഹിതന്മാരും ഇടയ്ക്ക് വന്ന്
ക്ലാസ്സുകളും പ്രസംഗങ്ങളും നടത്തുന്ന പതിവ്
ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലുണ്ടായിരുന്നു. സ്‌കൂള്‍ ചാപ്പലിന്റെ നിലത്ത് വിരിച്ച കാര്‍പ്പറ്റില്‍ ഇരുന്ന് ശ്രവിച്ച ഉല്‍സുല എന്ന പെണ്‍കുട്ടിയുടെ കഥ ഓര്‍മ്മയിലുണ്ട്.
വളരെ ദരിദ്രയായ ഒരു പെണ്‍കുട്ടിയാണ് ഉല്‍സുല . വീട്ടുജോലി ചെയ്യുന്ന ഭവനത്തില്‍ നിന്നും തനിക്ക് ലഭിച്ച ക്രിസ്തുമസ്സ് സമ്മാനവുമായി ഒരു ടാക്‌സിയില്‍ കയറി ചേരി
പോലൊരു പ്രദേശത്തേക്ക് അവള്‍ പുറപ്പെടുന്നു. അവിടെ അനാഥനായ ഒരു കുട്ടിക്ക് തനിക്ക് ലഭിച്ച സമ്മാനം നല്‍കി ആ ടാക്‌സിയില്‍ തന്നെ മടക്കയാത്രക്കൊരുങ്ങുന്നു. ആ പെണ്‍കുട്ടിയുടെ
നന്മ നിറഞ്ഞ പ്രവര്‍ത്തിയില്‍ സ്തബ്ധനായി
നില്‍ക്കുന്ന ടാക്‌സി ഡ്രൈവറുടെ വാക്കുകളില്‍
നിന്നാണ് ക്രിസ്തുമസ്സിന്റെ യഥാര്‍ത്ഥ സന്ദേശം
എന്താണെന്ന് കഥ പറഞ്ഞു തന്ന പുരോഹിതന്‍ മനസ്സിലാക്കി തന്നത്.
ഇനി ചില ക്രിസ്തുമസ്സ് ഓര്‍മ്മകളിലേക്കും മനസ്സു
പായിക്കട്ടെ.
ഈറ്റയും , വര്‍ണ്ണക്കടലാസും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നക്ഷത്രം ഡിസംബര്‍
ആദ്യം തന്നെ വരാന്തയില്‍ തൂക്കിയിടും. സഹോദരന്മാര്‍ സ്വയം നിര്‍മ്മിച്ചൊരുക്കുന്ന നക്ഷത്രത്തിന് നല്ല ചന്തമായിരുന്നു. അന്നൊക്കെ
ക്രിസ്തുമസ്സിന് മാത്രം ലഭിക്കുന്ന വിശേഷപ്പെട്ട
പലഹാരമാണ് കേക്ക്. കോട്ടയത്തെ
റൊസാരിയോ ബേക്കറിക്കാര്‍ കേക്കും , റൊട്ടിയും
മറ്റും നിറച്ച കൈവണ്ടിയില്‍ മണിയും മുഴക്കി
വീടു വീടാന്തരം എത്തും. അതിവിശിഷ്ടമായി
ലഭിക്കുന്ന അപൂര്‍വ്വസ്വാദിനെ വരവേല്‍ക്കുവാന്‍
ഞങ്ങള്‍ കുട്ടികള്‍ മൂന്നു പേരും ഗേറ്റിങ്കല്‍ കാത്തു നില്‍ക്കും. അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കുമായി അഞ്ചായി പകുത്ത് നല്‍കുന്നതിലെ ദിവ്യമായ ഒരു കഷ്ണം കേക്ക് നുള്ളി നുളളി കഴിച്ചാണ് ഞാന്‍ ക്രിസ്തുമസ്സ് ദിനം ആഘോഷിച്ചിരുന്നത്. ഇന്നിപ്പോള്‍ കേക്ക് എന്നു പറഞ്ഞാല്‍ ഒരു ചായക്കടി പോലെയേ ഉള്ളൂ. ചെറുപ്പത്തില്‍ അതൊരു വലിയ സംഭവമായിരുന്നു.
. ഉച്ചയ്ക്ക് റേഡിയോയില്‍ നിന്നും ഒഴുകിയെത്തുന്ന ക്രിസ്തുമസ്സ് ഗാനങ്ങളായിരുന്നു മറ്റൊരാകര്‍ഷണം. ദൈവപുത്രന് വീഥിയൊരുക്കുവാന്‍ .. . , നിത്യ വിശുദ്ധയാം കന്യാമറിയമേ തുടങ്ങിയ ഗാനങ്ങളൊക്കെ കാലത്തെ അതിജീവിച്ച്
ഇന്ന് ശ്രോതാക്കളില്‍ ക്രിസ്തുമസ്സ് ഓര്‍മ്മകള്‍
ഉണര്‍ത്തുന്നു.
സുരേഷിന്റെ അച്ഛന്‍ PWD ഉദ്യോഗസ്ഥനായിരുന്നു. കാക്കനാടുള്ള ക്വാര്‍ട്ടേഴ്‌സില്‍ അയല്‍വാസികളായി ധാരാളം ക്രിസ്തീയ കുടുംബങ്ങള്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളായ വര്‍ഗീസ് ചേട്ടന്റെ വീട്ടിലാണ്
വിവാഹശേഷം ക്രിസ്തുമസ്സും, ഈസ്റ്ററും ഒക്കെ
ഗംഭീരമായി ആഘോഷിച്ചിട്ടുള്ളത്. ആഘോഷത്തിന്റെ ഐക്യവും പൊരുളും അറിഞ്ഞിട്ടുള്ളതും അവിടെ നിന്നാണ്. കട്‌ലറ്റിലും
ചള്ളാസിലും തുടക്കമിടുന്ന വിഭവസമൃദ്ധമായ ഉച്ചയൂണിന് ജാതിഭേദമന്യേ സുഹൃത്തുക്കളും അയല്‍ക്കാരുമൊക്കെ ഉണ്ടാകും. ഹൈന്ദവരായ കുട്ടികള്‍ വര്‍ഗീസ് മുത്തച്ഛന്നെന്നാണ് വര്‍ഗീസ് ചേട്ടനെ സംബോധന ചെയ്തിരുന്നതെന്നതും കൗതുകമുണര്‍ത്തിയിരുന്നു.
ഈ ക്രിസ്തുമസ്സ് ഓരോ ഭവനങ്ങളിലും ഹൃദയങ്ങളിലും സ്‌നേഹത്തിന്റെ നക്ഷത്രങ്ങള്‍ തെളിക്കട്ടെ. ദുഃഖത്താല്‍ തളര്‍ന്ന മനസ്സുകളില്‍
ആശ്വാസവും , പ്രതീക്ഷ നഷ്ടപ്പെട്ട ഹൃദയങ്ങളില്‍
നവോത്സാഹവും നിറയ്ക്കട്ടെ. ഒരു ദിവസത്തെ
ആഘോഷം മാത്രമായൊതുങ്ങാതെ ജീവിതത്തെ
മുഴുവന്‍ നയിക്കുന്ന വഴികാട്ടിയായി മാറട്ടെ.
ഒരു ചെറു മെഴുകുതിരിയ്ക്ക് ഇരുട്ടിനെ തുടച്ചു നീക്കാമെങ്കില്‍ സ്‌നേഹവും സമാധാനവും ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കും. ബെത് ലഹേമിലെ തൊഴുത്തില്‍ നമുക്കായി പിറന്ന
ദൈവപുത്രന്‍ പകര്‍ന്ന വെളിച്ചം എന്നും നമ്മുടെയെല്ലാം ഹൃദയങ്ങളില്‍ നിറയട്ടെ. ഏവര്‍ക്കും ആശംസകള്‍.











