പ്രഥമ പുത്രന്‍ കുഞ്ഞായിരുന്ന പ്പോള്‍ കാട്ടാത്ത കുറുമ്പുകളില്ല.. ശരിക്കും കുറുമ്പനുണ്ണി എന്നാണ് പേരിടേണ്ടിയിരുന്നത്..അന്ന് തൃശ്ശൂര് അച്ഛന്റെ വീട്ടിലായിരുന്നു താമസം.. അച്ചാച്ചന്റെയും അമ്മാമ്മയുടെയും അമ്മായിമാരുടെയും ബന്ധുമിത്രാദികളു ടെയും എന്തിന് അയല്‍ക്കാരുടെയും
ഒക്കെ ഓമനയായിരുന്നു കുഞ്ഞുണ്ണി..
നേരം വെളുക്കുമ്പോള്‍ അയല്‍ വക്കത്തെ കുഞ്ഞു ചേച്ചിമാര്‍ ഒക്കെ വന്നു കുഞ്ഞനെ എടുത്തു കൊണ്ടു പോകും..
എല്ലാരും പുന്നാരിച്ചു പുന്നാരി ച്ചു തലയില്‍ കയറ്റി വെച്ചിരിക്കുന്നതു കൊണ്ട് ചെക്കന് അതിന്റെ ഒരഹങ്കാര മൊക്കെ ഉണ്ടായിരുന്നു.. മാത്രമല്ല അവരുടെയൊക്കെ കണ്ണിലുണ്ണിയായി രുന്നതു കൊണ്ട് വല്ലപ്പൊഴും കാണുന്ന അമ്മയെ അതായത് നമ്മളെ ചെറുക്കന് ലേശം പുശ്ചവും ഉണ്ടായിരുന്നോ ഉണ്ടായിരുന്നോ എന്നൊരു സംശയവും ഇല്ലാതില്ല…
നമ്മള് പാവം നേരം വെളുക്കുമ്പോ ജോലിക്കു പോകുമല്ലോ.. പിന്നെ സന്ധ്യ യാവുമ്പഴല്ലേ കൂടണയൂ.. പകല്‍ മുഴുവന്‍ കുഞ്ഞനെ പരിപാലിക്കുന്നത് അവന്റെ പുന്നാര അമ്മാമ്മയും പുന്നാര അമ്മായിയും കൂടിയാണ്… അമ്മായിക്ക് അന്ന് കുട്ടികളായിട്ടില്ല…അതു കൊണ്ട് വാത്സല്യം കുറച്ച് കൂടുതലുമാണ്.. ആ വാത്സല്യം അവള്‍ക്കു മക്കളുണ്ടായിട്ടും നില നിന്നിരുന്നു എന്നതാണ് വാസ്തവം…
പകല്‍ ഇവനെ കുളിപ്പിച്ച് കുട്ടപ്പനാക്കി കുറുക്കും പാലുമൊക്കെ കൊടുത്ത്, അതും മുറ്റത്തു കൊണ്ടു നടന്ന് കാക്കേം പൂച്ചേo കാട്ടിക്കൊടുത്ത്, താരാട്ട് പാടി തോളിലിട്ട് ഉറക്കും.. ചില ദിവസങ്ങളില്‍ ചെക്കന്‍ ഉറങ്ങില്ല… പിന്നെ ഉച്ചക്ക് ഊണു കഴിഞ്ഞ് അമ്മായിയും മോനും കൂടി കിടന്നുറങ്ങും…
ആ വീട്ടില്‍ പൂമുഖം പകുതി അര ഭിത്തിയും ബാക്കി ഭാഗം അഴിയിട്ടടച്ച്
വാതില്‍ വെച്ചിരിക്കുന്ന രീതിയിലാണ്… മുന്‍ വശത്ത് വലിയൊരു കുളവും മരങ്ങളുമൊക്കെ ഉണ്ട്.. എപ്പൊഴും നല്ല കാറ്റായിരിക്കും… റേഡിയോയില്‍ ചലച്ചി ത്ര ഗാനങ്ങളും വെച്ച് അവിടെ കിടന്നാല്‍ ഉറങ്ങിപ്പോവുന്നത് അറിയുകയില്ല..
അങ്ങനെ ഒരു ദിവസം പതിവു പോലെ കുളിയും ഊണുമൊക്കെ കഴിഞ്ഞ് അമ്മായീം മോനും ഉറങ്ങാന്‍ കിടന്നു…ചലച്ചിത്ര ഗാനവും കാറ്റു മൊക്കെ ചേര്‍ന്ന് രണ്ടാളും ഉറക്കമായി..
കുറേ കഴിഞ്ഞ് എന്തോ അനക്കം കേട്ട് അമ്മായി കണ്ണു തുറന്നപ്പോ, കൊച്ചിനെ കാണാനില്ല.. പേടിക്കാന്‍ ബാക്കി വല്ലതും വേണോ… വാതിലൊക്കെ അടഞ്ഞു കിടപ്പുണ്ട്..
ചാടിപ്പിടഞ്ഞ് എഴുന്നേറ്റ് ചുറ്റും നോക്കി ‘മോനേ.. മോനേ…’ എന്നു നിലവിളിച്ചു… കരച്ചില് കേട്ട് അമ്മാമ്മയും മറ്റും എണീറ്റു വന്നു…
ജോലിക്ക് പോയ അമ്മ തിരിച്ചു വരുമ്പോ എന്തു സമാധാനം പറയും.. എല്ലാവരും അന്ധാളിച്ചു നില്‍ക്കേ, സൈഡില്‍ ചരുമുറി എന്നു വിളിക്കുന്ന ഒരു മുറിയുണ്ട്… അതിന്റെ വാതിലിനു പുറകില്‍ ഒരനക്കം… അമ്മായി അവിടേക്കു പാഞ്ഞു ചെന്നു…
നോക്കിയപ്പോ ചെക്കനുണ്ട് അവിടെ ഒളിച്ചു നില്‍ക്കുന്നു..അമ്മായിയെ കണ്ടതും ഒരു കള്ളച്ചിരിയോടെ ചെക്കന്‍ കൊഞ്ചിപ്പറഞ്ഞു..
‘ വാവ തുന്ദന്തരന്‍… ‘
ആ തുന്ദന്തരന്റെ രൂപം കണ്ട് കരച്ചിലിനിടയിലും അമ്മായി പൊട്ടിച്ചിരിച്ചു പോയി…
കയ്യില്‍ അമ്മായീടെ കണ്മഷിച്ചെപ്പ് ഇരിപ്പുണ്ട്..മുഖം മുഴുവന്‍ കണ്‍മഷി വാരിത്തേച്ചിട്ടുണ്ട്…
കുളിപ്പിക്കലും കണ്ണെഴുതിക്കലും കഴിഞ്ഞ് അമ്മായി അര ഭിത്തിയില്‍ വെച്ച കണ്മഷിച്ചെപ്പ് അമ്മായി ഉറങ്ങുന്ന നേരം നോക്കി ചെക്കന്‍ തപ്പിയെടുത്ത് സ്വയം മേക്കപ്പ് ചെയ്തതാണ്..
പിന്നെ ആ കരി അത്രയും തുടച്ചു കളയാന്‍ അമ്മായി പെട്ട പാട്…
വൈകീട്ട് ജോലി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയപ്പോ, ഈ കഥ പറഞ്ഞ് അമ്മായി ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി..
ചിരി കാരണം കഥ പറഞ്ഞു മുഴുമിപ്പിക്കാന്‍ കഴിയുന്നില്ല… ബാക്കി പൂര്‍ത്തിയാക്കിയത്
അവന്റെ പുന്നാര അമ്മാമ്മയാണ്.. ??
അതൊക്കെ കേട്ട് ചെക്കന്‍ അഭിമാന പുളകിതനായി അങ്ങനെ നിന്നു..
കുറേ കാലത്തേക്ക് അവന്റെയീ വീരസ്യ മൊക്കെ ആരു വന്നാലും അമ്മായി പറഞ്ഞു കേള്‍പ്പിക്കുമായയിരുന്നു..
അതില്‍ പിന്നീട് കുറേക്കാലം, മുതിര്‍ന്നിട്ടും, ഞങ്ങള്‍ അവനെ ‘ വാവ തുന്ദരന്‍.. ‘ എന്നു പറഞ്ഞു കളിയാക്കു മായിരുന്നു…
പിള്ളേരുടെ ഓരോ ബാല ലീലകള്‍..
അതൊക്കെ എത്ര നല്ല കാലമായിരുന്നു..
സന്തോഷത്തിന്റെ, സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ, പ്രത്യാശയുടെ സുന്ദര കാലഘട്ടം…
ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ആ മോഹന കാലം…












