ഊട്ടിയിലെ ഏറ്റവും ആകര്‍ഷകമായ ഒരു കാഴ്ച അവിടെ നടക്കുന്ന ഫ്‌ലവര്‍ ഷോ (flower show) അഥവ പുഷ്പ പ്രദര്‍ശനം ആണ്. റോസ് ഗാര്‍ഡന്‍ പകരുന്ന ദൃശ്യ ചാരുത വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ പ്രയാസമാണ്. മെയ് മാസത്തിലാണ് ഫ്‌ലവര്‍ ഷോ സംഘടിപ്പിക്കുന്നത്. മുന്നൂറിലേറെയിനം പുഷ്പിച്ച റോസാച്ചെടികളെ നമുക്ക് പരിചയപ്പെടാം.
ഊട്ടിയുടെ അഭിമാനമാണ് ഈ പുഷ്പ പ്രദര്‍ശനം. നാം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അനവധി നിറങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളെ മനം കുളിര്‍ക്കെ കണ്ടാസ്വദിക്കാം. ഫ്‌ലവര്‍ ഷോ ഇല്ലാത്ത സമയങ്ങളിലും റോസ് ഗാര്‍ഡനില്‍ പോയി സൗന്ദര്യം ആസ്വദിക്കുകയും നിലവിലുള്ള ചെടികളെ കണ്ടു മടങ്ങുകയും ചെയ്യാം.
ഇത് പ്രധാനമായും റോസാ ചെടികളുടെ ഒരു ഉദ്യാനമാണ്. എങ്കിലും റോസാച്ചെടികള്‍ കൂടാതെ അനവധി അപൂര്‍വ്വ പുഷ്പങ്ങളും നമുക്കവിടെ പരിചയപ്പെടാം.
ചുറ്റിലുമുള്ള കുന്നുകള്‍ താഴെക്കിറങ്ങി പൂക്കള്‍ക്കായി ഒരു പ്രത്യേക ആവാസം തീര്‍ത്തിരിക്കുകയാണ്. അതിവിസ്തൃതമായ ഈ പ്രദേശത്ത് വെട്ടി നിരത്തിയ തടങ്ങള്‍. ഓരോ തടങ്ങളിലും തളിര്‍ത്തും പൂത്തും നില്‍ക്കുന്ന ചെടികള്‍. കണ്ണുകളെ കൗതുകപ്പെടുത്തുകയും കുളിരണിയിക്കുകയും ചെയ്യുന്ന ദൃശ്യ ചാരുത.
വിവിധ തരം റോസാച്ചെടികളെ കൊണ്ടു മാത്രമല്ല മറ്റനവധി തരം ചെടികളെ കൊണ്ടും സമൃദ്ധമാണ് റോസ് ഗാര്‍ഡന്‍. അവയെ കാണാനും കൊച്ചു വര്‍ത്തമാനം പറയാനും തൊട്ടുരുമി നടക്കാനും അവയ്ക്കിടയില്‍ വിശ്രമിക്കാനും നടപ്പാതകളും വഴിയമ്പലങ്ങളും കൊണ്ട് അലങ്കൃതമായ അതിമോഹന ആവാസവ്യവസ്ഥയാണ് ഊട്ടിയിലെ റോസ് ഗാര്‍ഡന്‍.
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഊട്ടിയിലെ ഫ്‌ലവര്‍ ഷോ കാണുന്നതിനു മാത്രമായി ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്നു. ഊട്ടി സന്ദര്‍ശിച്ചാല്‍ റോസ് ഗാര്‍ഡനില്‍ പോയി ഒരു റോസാച്ചെടി എങ്കിലും വാങ്ങുക സന്തോഷമുള്ള കാര്യമാണ്.
റോസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നതിന് പ്രവേശന ഫീസ് ഒടുക്കേണ്ടതാണ്. എത്രയോ ആയിരം ഉറുപ്പികയാണ് പ്രതിദിനം വരുമാനമായി ഇവിടെ ലഭിക്കുന്നത്. എന്നാല്‍ അതിനനുസരിച്ച് ഈ ഗാര്‍ഡനെ അധികൃതര്‍ പരിപാലിക്കുന്നുണ്ടോ. റോസ് ഗാര്‍ഡന്‍ കാണുന്ന ഓരോരുത്തര്‍ക്കും തീര്‍ച്ചയായും അതിന് ഉത്തരമുണ്ടാവും.
ജീവിതത്തില്‍ ആദ്യമായി ഒരു പൂന്തോട്ടം സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് ഒരു പൂന്തോട്ടം എപ്രകാരം സംരക്ഷിയ്ക്കപ്പെടണം എന്ന അറിവ് കുറവായിരിക്കും. അത്തരക്കാര്‍ക്ക് ഒരു പക്ഷേ മണിക്കൂറുകള്‍ ചെലവിട്ടാല്‍ കൂടി അവിടെ കാഴ്ചകള്‍ മതിയായി എന്ന് വരില്ല. ജീവിതത്തിന്റെ സായന്തന വേളയിലെങ്കിലും ഒരു പൂന്തോട്ടം സന്ദര്‍ശിക്കാന്‍ മറന്നു പോകരുത്. മനസ്സിനെ അത്രയേറെ ഉല്ലാസ ഭരിതമാക്കുന്ന മറ്റൊരു ദൃശ്യവും ഈ ഭൂമുഖത്തില്ല. നമ്മെ സന്തോഷപൂര്‍ണ്ണമാക്കുക മാത്രമല്ല ആരോഗ്യകരമായ ഒരു ജീവിതവും അത്തരം ദൃശ്യങ്ങള്‍ പ്രധാനം ചെയ്യുന്നു.












