“താങ്കളും കുടുംബവും സുഹൃത്തുക്കളും സുരക്ഷിതരായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്നു പ്രതീക്ഷിക്കുന്നു.” ടോക്കിയോ ഒളിംപിക്സ് അക്കോമൊഡേഷൻ സമിതി ഇന്നലെ ആഗോളതലത്തിൽ അയച്ച സന്ദേശത്തിൻ്റെ ആദ്യ വരികളാണ്. ലോകത്ത് എവിടെ നിന്നു ടോക്കിയോയിൽ വന്നാലും ആദ്യ മൂന്നുനാൾ പൊതുഗതാഗതം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും കിട്ടി. ബസ് കയറാൻ ഓരോരുത്തർക്കും സ്ഥലം നിശ്ചയിച്ചൊരു അറിയിപ്പ് നേരത്തെ വന്നിരുന്നു.എൻ്റെ ഒരു സംശയത്തിനു മറുപടിയായി ഇന്ത്യയിലെ സ്ഥിതിയിൽ ഞങ്ങൾക്കെല്ലാം ദുഃഖമുണ്ടെന്ന് പ്രത്യേക മൊരു വരിയുണ്ടായിരുന്നു. എല്ലാം നേരെയാകട്ടെ എന്ന ആശംസയും .
മേൽ പറഞ്ഞ മെയ്ൽ വായിച്ചപ്പോൾ ഓർമകൾ 2018ലെ പ്രളയകാലത്തേക്ക് പോകുന്നു. ജക്കാർത്ത ഏഷ്യൻ ഗെയിംസിന് കേരളത്തിൽ നിന്നു പോയ റിപ്പോർട്ടർമാരിൽ ഞാനും അൻസാർ എസ്. രാജും സ്റ്റാൻ റായനും ഒഴികെയെല്ലാവരും ജക്കാർത്തയിൽ എത്തിയ ശേഷമാണ് കേരളത്തിൽ പ്രളയം രൂക്ഷമായത്. (മാതൃഭുമിയിലെ ജോസഫ് മാത്യു, ഏഷ്യാനെറ്റിലെ ജോബി ജോർജ് എന്നിവർ എത്തിയ കാര്യം അറിയിക്കുകയും ചെയ്തു) .ഞങ്ങൾക്കു പോകേണ്ട ദിവസം രാവിലെ കൊച്ചി വിമാനത്താവളം അടച്ചു. പിന്നീട് സ്റ്റാൻ ചെന്നൈ വഴിയും ഞാനും അൻസാറും തിരുവനന്തപുരത്തു നിന്നും പോയി. ഒരു നാൾ വൈകി ഞങ്ങൾ ചെല്ലുമ്പോൾ ചോദ്യം മുഴുവൻ പ്രളയത്തെക്കുറിച്ചായിരുന്നു.
ഇംഗ്ലണ്ടിൽ നിന്നെത്തിയ ഹോക്കി വിദഗ്ധന് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് അസോഷ്യേറ്റഡ് പ്രസ്സ് മുൻ സ്പോർട്സ് എഡിറ്റർ സന്ദീപ് സിങ് നഖായ് പറഞ്ഞു. “എൻ്റെ ഉറ്റ സൃഹൃത്ത്; കേരളത്തിൽ നിന്ന് ” . പ്രളയം എങ്ങനെയായി എന്നായിരുന്നു സായിപ്പിൻ്റെ ആദ്യ ചോദ്യം .
അത്ലറ്റിക്സ് തുടങ്ങിയ ദിവസം അന്നത്തെ കേന്ദ്ര സ്പോർട്സ് മന്ത്രി, ഒളിംപിക് വെള്ളി മെഡൽ ജേതാവ് രാജ്യവർധൻ സിങ് രാത്തോഡ് സ്റ്റേഡിയത്തിൽ എത്തി. വി.വി.ഐ.പി. ബോക്സിൽ മാധ്യമ പ്രവർത്തകർക്കു കടക്കണമെങ്കിൽ ഉള്ളിൽ ഉള്ള ആരെങ്കിലും അനുവദിക്കണം. ഭാഗ്യത്തിന് എ.എഫ്.ഐ പ്ലാനിങ് സമിതി അധ്യക്ഷൻ ഡോ. ലളിത് കുമാർ ബനോട്ട് ഫ്രൂട്ട് ജൂസ് കുടിക്കാൻ പിന്നിലേക്കു വന്നു.ഞാൻ അകത്ത്. രാത്തോഡിനെ മുൻ പരിചയമില്ല. അദ്ദേഹത്തിൻ്റെ തൊട്ടടുത്ത സീറ്റിൽ രാജാ രൺധീർ സിങ് ഉണ്ട്. കണ്ട ഉടനെ കേരളത്തിലെ പ്രളയത്തെക്കുറിച്ചു രാജാ ചോദിച്ചു. രാത്തോഡിൻ്റെ മുന്നിൽ ചെന്നു ഞാൻ പരിചയപ്പെടുത്തി. അടുത്തുണ്ടായിരുന്ന എ.എഫ്.ഐ സാരഥി അഡിൽ സുമരിവാല രാത്തോഡ് കേൾക്കെ പ്രളയത്തെക്കുറിച്ചു ചോദിച്ചു. ഇവിടെ വന്നിട്ട് നാട്ടിലേക്കു വിളിച്ചോ? സനിലിൻ്റെ ഫാമിലിയിൽ എല്ലാവരും സേഫ് ആണല്ലോ അല്ലേ?
ഇതെല്ലാം കേട്ടിട്ടും രാത്തോഡ് പ്രളയത്തെക്കുറിച്ച് ഒരക്ഷരം ചോദിച്ചില്ല. ഏഷ്യൻ ഗെയിംസ് വനിതാ വോളിബോൾ ടീമിൽ കേരളീയരാണു കൂടുതൽ അല്ലേ? ഫുട്ബോളും അത് ലറ്റിക്സും കഴിഞ്ഞാൽ കേരളത്തിൽ കൂടുതൽ പ്രചാരം ഏതു കളികൾക്കാണ്? ഏതിലൊക്കെയാണ് ഇവിടെ സാധ്യത? ഒളിംപിക് മെഡൽ ലക്ഷ്യമിടുന്ന ആരെങ്കിലും ഉണ്ടോ? തുടങ്ങി പല ചോദ്യങ്ങളും ഇങ്ങോട്ടു ചോദിച്ചു. ഏതാനും ദിവസം ഉണ്ടാകും; ഇടയ്ക്ക് വീണ്ടും കാണാം എന്നു പറഞ്ഞു യാത്രയാക്കിയപ്പോഴും അദ്ദേഹം പ്രളയകാര്യം തിരക്കിയില്ല . ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് അദ്ഭുതം തോന്നാറുണ്ട്. രാജാ രൺധീറും അഡിലും ചോദിച്ചത് അദ്ദേഹം കേട്ടതുമാണ്. പ്രളയത്തെക്കുറിച്ചൊന്നും സംസാരിക്കരുതെന്ന് ആരെങ്കിലും അദ്ദേഹത്തിന്നു നിർദേശം നൽകിയിരുന്നോ?
അതോ , സ്പോർട് സിനിടയിൽ മറ്റൊന്നും വരേണ്ടെന്ന് അദ്ദേഹം ചിന്തിച്ചോ? സാധ്യതയില്ലാതില്ല. കാരണം ട്രാക്കിൽ മത്സരം കടുത്തപ്പോഴൊക്കെ രാത്തോഡ് സീറ്റ് വിട്ട് എഴുനേറ്റ് നിന്ന് ആസ്വദിക്കുന്നതു കണ്ടു.
About The Author
No related posts.