സി.വി.പാപ്പച്ചന് ബിഗ് സല്യൂട്ട് – സനിൽ പി. തോമസ്

Facebook
Twitter
WhatsApp
Email

കേരള പൊലീസിലെ മൂന്നു ഫുട്ബോൾ താരങ്ങൾ – സി.വി. പാപ്പച്ചൻ, പി.ടി. മെഹബൂബ്, സി.എം. സുധീർ കുമാർ എന്നിവർ ഇന്ന്  ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. ഡപ്യൂട്ടി കമൻഡാൻ്റ് പാപ്പച്ചനുമായി ഇന്നലെ ഏറെ നേരം സംസാരിച്ചു. ഞങ്ങൾ ആദ്യം കണ്ടുമുട്ടിയ 1987 ലെ ദേശീയ ഗെയിംസിലെയും 1988ലെ കൊല്ലം സന്തോഷ് ട്രോഫിയിലെയും ഓർമകൾ പങ്കുവച്ചു.
ഞാൻ മനോരമയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്ത ആദ്യ സന്തോഷ് ട്രോഫിയായിരുന്നു 1988 ലേത്. ആൻഡ്രൂസ് ഫിലിപ്പിൻ്റെ അസിസ്റ്റൻ്റ് ആയിരുന്നു ഞാൻ. ( ഇടയ്ക്ക് മുൻ താരങ്ങളെ തേടി ക്രിസ് തോമസ് എത്തുമായിരുന്നു ) ഫൊട്ടോഗ്രാഫർമാരായി ഫിറോസ് ബാബുവും റോക്കി ജോർജും .ഒരു മാസത്തോളം കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളുടെ കണ്ണും കാതും. ഇന്ത്യയിലെ പ്രമുഖ പത്രങ്ങളുടെയെല്ലം റിപ്പോർട്ടർമാരും ഫൊട്ടോഗ്രാഫർമാരും. കളി കാണാൻ ഗോവയിൽ നിന്നും ബംഗാളിൽ നിന്നും ആരാധകർ . മുൻ താരങ്ങൾ എത്രയെത്ര. ആകെയൊരു ഉത്സവം.
ടെലിഗ്രാഫിൻ്റ സുജിത്ത് ഭർ, സ്പോർട്സ് വേൾഡിൻ്റെ സുഭാഷ് സർക്കാർ, പിന്നെ സരോജ് , ദെബാശിഷ് തുടങ്ങി കൊൽക്കത്തയിൽ നിന്ന് ഒരു ഡസനിലേറെ ലേഖകരും ഫൊട്ടോഗ്രാഫർമാരും. ദ് ഹിന്ദുവിൻ്റെ നിർമൽ ശേഖർ, ഫൊട്ടോഗ്രാഫർ ശ്രീധർ, ഇന്ത്യൻ എക്സ്പ്രസ്സിൽ നിന്ന് ശ്രീകുമാറും വിദഗ്ധനായി ആൽബർട് ഫെർണാണ്ടോയും. ഡെക്കാൻ ഹെറാൾഡിൽ നിന്ന് ഡി. രവികുമാർ ,
മാതൃഭൂമിയുടെ പി, കെ ഹരികുമാർ ,ഫാട്ടോ ഗ്രാഫർ രാജൻ പൊതുവാൾ , കേരള കമുദിയിൽ നിന്ന് കെ.ഡി.ദയാലും രവി മേനോനും, ദേശാഭിമാനിയിൽ നിന്ന് കെ. കോയ, എ.എൻ. രവീന്ദ്രദാസ്, ഫൊട്ടോഗ്രാഫർ രവികുമാർ ,ദീപികയുടെ ഷാജി ജേക്കബും സി.പി. രാജശേഖരനും .പിന്നെ പ്രാദേശിക ലേഖകർ .കളിയില്ലായിരുന്ന ദിവസം
മാധ്യമ പ്രവർത്തകർക്കായി കൊല്ലം പ്രസ്സ് ക്ലബ് ഒരുക്കിയ ബോട്ട് യാത്രയും നഗരസഭാ അധ്യക്ഷൻ കായൽ തീരത്തെ തൻ്റെ തെങ്ങിൻ തോപ്പിൽ ഒരുക്കിയ അത്താഴ വിരുന്നും വേറിട്ട അനുഭവമായി.ബംഗാളിൻ്റെ ജയം തേടിയെത്തിയ കൊൽക്കത്ത റിപ്പോർട്ടർമാർ വൈകിട്ട് ഫോമിലായാൽ ഈസ്റ്റ് ബംഗാൾ , മോഹൻ ബഗാൻ ആരാധകരായി മാറും. ഇവരെ പിടിച്ചു മാറ്റുക ഞങ്ങളുടെ പണിയായിരുന്നു.
കളിക്കളത്തിലോ?
ദേശീയ ഗെയിംസിൽ പഞ്ചാബിനെ തോൽപ്പിച്ച് സ്വർണം നേടിയ കേരള ടീം.( ദേശീയ ഗെയിംസ് സെമിവരെ കൊല്ലത്തും ഫൈനൽ തിരുവന പുരത്തും ആയിരുന്നു നടന്നത്)
കോച്ച് സി.സി. ജേക്കബ്, മാനേജർ ചാലക്കുടി നഗരപിതാവ് കൂടിയായ എം.എൽ. ജേക്കബ്.കേരള നായകൻ തോമസ് സെബാസ്റ്റ്യൻ .
ഐ.എം.വിജയൻ അരങ്ങേറ്റം കുറിച്ച സന്തോഷ് ട്രോഫി.
സി.വി. പാപ്പച്ചൻ, വി.പി. സത്യൻ, തോബിയാസ്, കുരികേശ് മാത്യു, ക്ളീറ്റസ്, യു.ഷെറഫലി, ഗണേശൻ, മോഹനൻ, സി.കെ.ജയചന്ദ്രൻ ,അഷ്റഫ് , ബെന്നി, ഹരിദാസ് , ഗോളി കെ.ടി. ചാക്കോ (ശ്രീഹർഷനും ശ്യാമും ഉണ്ടായിരുന്നു.) തുടങ്ങിയവരൊക്കെ ഓർമയിൽ വരുന്നു.
ഫൈനലിൽ ടൈബ്രേക്കറിൽ പഞ്ചാബിനോട് കേരളം തോറ്റു. അവിശ്വസനീയം .പക്ഷേ, ദേശീയ ഗെയിംസ് ഫൈനലിൽ കേരളത്തോട് തോറ്റ ടീമിനെയല്ല പഞ്ചാബ് സന്തോഷ് ട്രോഫിക്കായി ഇറക്കിയത് എന്ന് ഓർക്കണം.
നിറഞ്ഞു കവിഞ്ഞ ഗാലറികൾ. നഗരത്തിലെവിടെയും ഫുട്ബോൾ ജ്വരം. നാട്ടിലെങ്ങും ഫുട്ബോൾ ചർച്ച .ഇന്നു കാലം മാറി. ദേശീയ ലീഗിൽ നിന്ന് ഐ.ലീഗിലേക്കും ഐ.എസ്.എലിലേക്കുമുള്ള മാറ്റത്തിൽ സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പും ആർക്കും വേണ്ടാതായി. സന്തോഷ് ട്രോഫി ജയിച്ചാൽ പൊതു അവധി പ്രഖ്യാപിച്ച കാലമുണ്ടായിരുന്നു.
സ്കൂൾ വിദ്യാർഥിയായിരിക്കെ 1973 ലെ കേരളത്തിൻ്റെ പ്രഥമ സന്തോഷ് ട്രോഫി വിജയം റേഡിയോയിൽ കേട്ടും പത്രത്തിൽ വായിച്ചും ആസ്വദിച്ചതോർക്കുന്നു. അന്നത്തെ സൂപ്പർ താരങ്ങളെ പിന്നീട് പല തവണ നേരിട്ടു കണ്ടപ്പോൾ തോന്നിയ സന്തോഷം എത്രയായിരുന്നു. കൊല്ലത്ത് സേതുമാധവനും വിക്ടർ മഞ്ജിലയും എം.എം. ജേക്കബും ജാഫറുമൊക്കെ വന്നത് ഓർക്കുന്നു.
കൊല്ലത്ത് പരിചയപ്പെട്ട മാധ്യമ പ്രവർത്തകർ പലരും പിന്നീട് ഉറ്റ സുഹൃത്തുക്കളായി.
നിർമൽ ശേഖർ പിന്നീട് ഫുട്ബോൾ ഉപേക്ഷിച്ച് ലോകം അറിയുന്ന ടെന്നിസ് റിപ്പോർട്ടറും ഹിന്ദുവിൻ്റെ സ്പാർട്സ് എഡിറ്ററുമായി വളർന്നു. നിർമലുമായുളള സൗഹൃദത്തിൽ ഞാൻ മകന് നിർമൽ എന്നു പേരിട്ടു. മകൾ നിത് അവളുടെ ജേണലിസം പഠനത്തിൻ്റെ ഭാഗമായി ഒരിക്കൽ ചെന്നൈ ഹിന്ദു ഓഫിസിൽ എത്തിയപ്പോൾ നിർമൽ ഹൃദയപൂർവം സ്വീകരിച്ചു.
നിർമൽ ശേഖർ അകാലത്തിൽ വേർപിരിഞ്ഞു. നിർമലിന് ആദരാഞ്ജലി അർപ്പിച്ച് ഞാൻ മാതൃഭുമി സ്പോർട്സ് മാസികയിൽ എഴുതിയിരുന്നു.
പി.കെ. ഹരികുമാർ ,ആൻ ഡ്രൂസ് ഫിലിപ്പ്, ദയാൽ , കെ.കോയ എന്നിവരും യാത്രയായി.
കളിക്കാരിൽ വി.പി.സത്യനും തോമസ് സെബാസ്റ്റ്യനും ഓർമയായി. എം.എൽ ജേക്കബും അന്തരിച്ചു.
റിപ്പോർട്ടർമാരെപ്പോലെ അന്നത്തെ കളിക്കാരും സൗഹൃദം സൂക്ഷിക്കുന്നു. എത്ര പ്രൊമോഷൻ കിട്ടിയിട്ടും അവരുടെയൊക്കെ പെരുമാറ്റത്തിൽ ഒരു മാറ്റവുമില്ല. തോ ബിയാസിനൊപ്പം ഏഷ്യാ നെറ്റ് സംഘടിപ്പിച്ച ചർച്ചയിൽ ( കടപ്പാട്: അനിൽ അടൂർ) പങ്കെടുത്തത് നല്ല അനുഭവമായിരുന്നു. ട്രെയ്ൻ മിസ് ചെയ്യാതിരിക്കാൻ ബൈക്കിൽ ഷോർട്ട് കട്ട് ചാടി എന്നെ തൃശൂർ റയിൽവേ സ്റ്റേഷനിൽ എത്തിച്ച പാപ്പച്ചൻ, എവിടെക്കണ്ടാലും പുത്തൻ തമാശകളുമായി ഓടി വന്ന് തോളിൽ കൈയിടുന്ന ഐ.എം. വിജയൻ (പക്ഷേ,ഒരു ചടങ്ങിന് വിളിച്ചാൽ വിജയൻ വരുമെന്ന് ഉറപ്പില്ല; ഇതിനിടെ മറ്റാരെങ്കിലും വിളിച്ചാൽ ആ കൂടെ പോകും )… നല്ല നല്ല ഓർമകൾഎത്രയോ.

About The Author

Leave a Reply

Your email address will not be published. Required fields are marked *