ടോക്കിയോ ഒളിംപിക്സിന് പോകണോ ? – സനിൽ പി. തോമസ്

Facebook
Twitter
WhatsApp
Email

ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാൻ അക്രഡിറ്റേഷൻ കിട്ടിയ ആദ്യ മലയാളി മനോരമയുടെ മുൻ അസി.എഡിറ്റർ കുര്യൻ പാമ്പാടിയാണ്. 1976ലെ മോൺടിയോൾ ഒളിംപിക്സ് അദ്ദേഹം റിപ്പോർട്ട് ചെയ്തു. മറ്റുള്ളവർ വിദേശത്ത് സ്പോർട്സ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയുമാണ് പാമ്പാടി സാർ. ഞാൻ ഏറ്റവും ഒടുവിൽ, 2018ൽ ജക്കാർത്തയിലും 2019 ൽ ദോഹയിലും പോയി വന്നപ്പോൾ വിശേഷം അറിയാൻ ആദ്യം വിളിച്ചതും അദ്ദേഹമാണ് . ടോക്കിയോ ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാൻ എനിക്ക് അക്രഡിറ്റേഷൻ കിട്ടിയതുമുതൽ അദ്ദേഹം ഇടയ്ക്കിടെ വിളിച്ചു പ്രോത്സാഹിപ്പിക്കുമായിരുന്നു.കഴിഞ്ഞ ദിവസം സാർ വിളിച്ചിട്ടു പറഞ്ഞു .”സനിൽ, താൻ ഇത്തവണ പോകേണ്ട “.
2018 അവസാനം മുതൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഐറിൻ കോശി ഓർമിപ്പിക്കുമായിരുന്നു. ” സനിൽ അങ്കിളേ, ജപ്പാനിൽ എല്ലാം വളരെ നേരത്തെയാണ്. ശ്രദ്ധിച്ചോണം. ”
ഇതുവരെയെല്ലാം കൃത്യമായി ചെയ്തു. ഏതെങ്കിലും മറുപടി കണ്ടില്ലെങ്കിൽ ഐ.ഒ.എയിൽ നിന്ന് നേഹ മഹേശ്വരിയുടെ ഫോൺ കോൾ ഉറപ്പായിരുന്നു.
പക്ഷേ, കഴിഞ്ഞ രണ്ടാഴ്ചയായി ടോക്കിയോയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയുന്നില്ല.
മീഡിയ ഹോട്ടലിലെ മുറി റദ്ദാക്കി, അവിടെ വരുമ്പോൾ വേറെ മുറി കണ്ടെത്താമെന്ന് പറഞ്ഞപ്പോൾ, മറ്റു ഹോട്ടലുകളിൽ താമസിച്ചാൽ ആദ്യ മൂന്നുനാൾ പൊതുഗതാഗതം അനുവദിക്കില്ല എന്നു മറുപടി. കഴിഞ്ഞ ദിവസം അതു തിരുത്തി.15 ദിവസം പൊതുഗതാഗതം അനുവദിക്കില എന്ന അറിയിപ്പ് കിട്ടി.. ജൂൺ 11 ആണ് ഡെഡ് ലൈൻ. 2019 ആദ്യം മുറി ബുക്ക് ചെയ്തതാണ്. വാടക അഡ്വാൻസ് 2019 സെപ്റ്റംബറിൽ അടച്ചു.
ടോക്കിയോ മീഡിയാ കമ്മിറ്റി പറയുന്നു. ഫ്ളൈറ്റ് ഡീറ്റേത്സ് ഒൻപതിനു മുമ്പ് കൊടുക്കണം. ഇല്ലെങ്കിൽ ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഫ്ളൈറ്റ് വിവരം നൽകണം.
2020 ജൂലൈയിലെ യാത്രയ്ക്ക് ആ വർഷം ഫെബ്രുവരിയിൽ ടിക്കറ്റ് എടുത്തത് വെറുതേയായി.
നാല്പതിൽ താഴെ പേർക്കാണ് ഇന്ത്യയിൽ നിന്ന് മീഡിയ അക്രഡിറ്റേഷൻ. അതിലൊരാളാകാൻ സാധിച്ചത് ഐ.ഒ.എയിൽ എനിക്ക് അഭ്യുദയകാംക്ഷികൾ ഏറെയുള്ളതുകൊണ്ടു മാത്രമാണ്. ദൈവാനുഗ്രഹമെന്നു പറയണം.
കഴിഞ്ഞ ദിവസം ഡൽഹിയിലും മറ്റുമുള്ള സുഹൃത്തുക്കളെ വിളിച്ചു. അവരിൽ പലരും തീരുമാനമെടുക്കാനാവാതെ വിഷമിക്കുകയാണ്.
ഒളിംപിക്സിന് എത്തിയാൽ ഹോട്ടൽ – സ്റ്റേഡിയം യാത്ര മാത്രമാകും. കളിക്കാരെ കാണാനാകില്ല. കാണികളും ഇല്ല. ഒളിംപിക് വില്ലേജിലെ ഇൻ്റർനാഷനൽ സോൺ ആണ് എൻ്റെ ഇഷ്ട ഇടം. അവിടെ കയറ്റില്ല . മുമ്പ് ടോക്കിയോയിലും ഹിരോഷിമയിലുമായി മൂന്നാഴ്ച ചെലവിട്ട അനുഭവത്തിൽ ജപ്പാൻ ഭക്ഷണം കഴിച്ച് ജീവിക്കാനാവില്ല എന്ന് ഉറപ്പാണ്. പുറത്തു റസ്റ്ററൻ്റിൽ കയറ്റില്ല. താരങ്ങൾക്കും വിലക്കുകൾ ബാധകം.
ഇന്ന് ഐറിൻ പറഞ്ഞു. ” എൻ്റെ പേഴ്സനൽ അഭിപ്രായത്തിൽ ,സനിൽ അങ്കിളേ യാത്ര വേണ്ടെന്നു തോന്നുന്നു ” .ഒളിംപിക്സ് ഒരുക്കങ്ങൾ കാണാൻ ടോക്കിയോയിൽ പോയ ഐറിൻ ഒളിംപിക് വേദികളിലൊന്നിൽ ഇന്ത്യൻ റസ്റ്ററൻ്റ് കണ്ടുവച്ചിരുന്നു. പക്ഷേ, ഇനി രക്ഷയില്ല.
ജക്കാർത്തയിൽ നിന്നുള്ള മടക്കയാത്രയിൽ ക്വാലലംപുരിൽ വച്ച് കേരള കൗമുദി സ്പോർട്സ് ലേഖകൻ അൻസാർ എസ്. രാജാണ് എന്നിൽ വീണ്ടും ഒരു ഒളിംപിക്സ് എന്ന മോഹം ഉണർത്തിയത്. അന്നു മുതലുള്ള തയാറെടുപ്പാണ്.
ഇനി ഒന്നര മാസമുണ്ട്. പക്ഷേ, തീരുമാനം അടുത്തയാഴ്ച എടുക്കണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *