അധ്യായം-4
എന്തു കൊണ്ടാണു ദേവുവില്‍ ഇത്തരമൊരു ഭാവമാറ്റമുണ്ടാവുന്നതെന്നു രവി ആലോചിച്ചു. പണ്ടെന്നോ പറഞ്ഞു കേട്ടിട്ടുള്ള പ്രേതകഥകളിലൊന്നും അഭ്യസ്തവിദ്യനായ അയാള്‍ക്കത്ര വിശ്വാസം പോര. പക്ഷേ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ്ണഗര്‍ഭിണി ആയിരുന്ന കുഞ്ഞാത്തോല്‍ ഒരപകടത്തില്‍ മരണപ്പെട്ടതിനു ശേഷം ഏഴുകടലുകള്‍ക്കപ്പുറം ഉമയിലും ചില സ്വഭാവ വ്യതിയാനങ്ങള്‍ വന്നിരുന്നത് അയാളോര്‍ത്തു. ‘ഹോര്‍മ്മോണല്‍ ഇംബാലന്‍സ്’ എന്ന് പറഞ്ഞ് അമേരിക്കന്‍ ഡോക്ടഴ്‌സ് അതു നിസ്സാരമാക്കിയപ്പോഴും സൂക്ഷിക്കണമെന്ന് പറഞ്ഞു വാര്യര്‍ ആധി പൂണ്ടത് രവിക്കറിയാം. അമ്മയില്ലാത്ത മകളെപറ്റിയുള്ള അച്ഛന്റെ അമിത ഉല്‍കണ്ഠ എന്നേ അന്ന് തോന്നിയിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ ദേവികയിലുണ്ടാവുന്ന ചെറിയ ഭാവമാറ്റങ്ങളില്‍ തന്റെ അച്ഛന്‍മനസ്സും എത്ര പരിഭ്രമിക്കുന്നു!
‘രവിയേട്ടാ…. ദേവൂട്ടീ… ബ്രേക് ഫാസ്റ്റ് റെഡി, വന്നോളൂ…’
ഉമയുടെ ശബ്ദം കേട്ടപ്പോള്‍ അയാള്‍ ദേവികയെ നോക്കി.
മാവിന്റെ ചുവട്ടില്‍ മുല്ലപ്പൂ കുലുക്കി വീഴ്ത്താന്‍ ശ്രമിക്കുകയാണവള്‍, ആ പതിനഞ്ചുകാരിയുടെ അതേ നിഷ്‌കളങ്കതയോടെ. രവി വിളിച്ചപ്പോള്‍ പൂപ്പടയും കയ്യിലെടുത്ത്, അവള്‍ കൂടെചെന്നു. പാദം മുട്ടി കിടക്കുന്ന നീളന്‍ പട്ടുപാവാട ഒതുക്കിപ്പിടിച്ച് വീഴാതെ നടക്കാന്‍ അവള്‍ പ്രയത്‌നിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ കൈനീട്ടി അവളെ സഹായിച്ചു.
രവിയുടെ ഇഷ്ടഭക്ഷണം ആയ ഇഡ്ഡലിയും വറ്റല്‍മുളക് ചുട്ടരച്ച തേങ്ങാചമ്മന്തിയുമായിരുന്നു പ്രാതലിന്. അമേരിക്കയിലാണു താമസമെങ്കിലും ദിവസം ഒരു നേരമെങ്കിലും ഇഡ്ഡലി കഴിച്ചില്ലെങ്കില്‍ അയാള്‍ക്ക് തൃപ്തി ഉണ്ടാവില്ല. പതിവ് പോലെ ദേവികക്ക് വേണ്ടി ഉമ റ്റൊമാറ്റോ കെച്ചപ്പും കരുതിയിരുന്നു. എരിവുള്ള ആഹാരം ദേവികക്ക് ഇഷ്ടമില്ല. എന്നാല്‍ ഇന്ന് നിര്‍ലോഭം ചമ്മന്തിയൊഴിച്ച് വളരെ രുചിയോടെ ദേവിക ഇഡ്ഡലി കഴിക്കുന്ന കാഴ്ച കണ്ട് രവിയും ഉമയും അത്ഭുതസ്തബ്ധരായി. അവരെയൊന്ന് നോക്കി പുഞ്ചിരിച്ച് ദേവിക കൈകഴുകാന്‍ പോയി.
‘ഉമേ…എന്ത് തോന്നുന്നു നിനക്ക്?’ അയാള്‍ ഭാര്യയോടാരാഞ്ഞു.
‘നാട്ടിലെത്തിയപ്പോള്‍ ദേവൂട്ടിയുടെ ശീലങ്ങള്‍ക്ക് നല്ല മാറ്റം. പോസിറ്റീവ് ആയി തോന്നുന്നു.’ ഉമ പറഞ്ഞു.
കുറുമ്പുകാരിയായ ഓമനപുത്രി കുറുമ്പുവെടിയുന്നതില്‍ ആശ്വാസം കൊള്ളുന്ന മാതാവിന്റെ മുഖം. അത് കണ്ടപ്പോള്‍ അയാള്‍ക്കൊരു കാര്യം മനസ്സിലായി. താനല്ലാതെ മറ്റാരും ചുറ്റുപാടും ഉരുത്തിരിയുന്ന അദ്ര്യശ്യമായ സാന്നിധ്യം അനുഭവിക്കുന്നില്ല. എന്താണതിനര്‍ത്ഥം? ഇതെല്ലാമൊരു നിയോഗം പോലെ തോന്നുന്നു. തനിക്കെന്തെങ്കിലും പ്രത്യേകിച്ച് ചെയ്യേണ്ടതായുണ്ടോ? അയാള്‍ ചിന്തിച്ചു. തനിക്ക് ചുറ്റും വീശിയടിച്ച് എന്തോ പറയാന്‍ വെമ്പുന്ന കാറ്റും, ദേവുവില്‍ തനിക്ക് മാത്രം കാണാന്‍ പറ്റുന്ന ഭാവമാറ്റങ്ങളും, കോയിക്കല്‍ മനയിലെ കരിമ്പനക്കൂട്ടങ്ങളിലേക്ക് ആകര്‍ഷിക്കുന്ന കാന്തികശക്തിയും എല്ലാം ഒരു ചക്രവ്യൂഹത്തിലേക്കെന്ന പോലെ തന്നെ ആകര്‍ഷിക്കുകയാണോ? ആ തോന്നലില്‍ നെറ്റിത്തടം വിയര്‍ത്തൊഴുകുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല, പക്ഷേ പാലപ്പൂവിന്റെ ഗന്ധം നിറഞ്ഞൊരു കാറ്റ് അയാളുടെ മനസ്സിലൊരു ചുഴലിക്കാറ്റായി രൂപം പ്രാപിച്ച് കഴിഞ്ഞിരുന്നു. പാടത്തിനപ്പുറത്തേക്ക് കണ്ണോടിച്ച അയാള്‍ ഞെട്ടിപോയി…. അവിടെ പ്രഭാതസൂര്യനെ മറച്ച് നിന്നിരുന്ന മൂടല്‍മഞ്ഞ് ഒഴുകി മാറിയപ്പോള്‍ ശുഭ്രവസ്ത്രധാരിയായ ഒരു സ്ത്രീരൂപം…..!. അതിസുന്ദരിയായ ഒരു യുവതി!
About The Author
No related posts.