കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം- 8

Facebook
Twitter
WhatsApp
Email

അധ്യായം- 8

അപ്രതീക്ഷിതമായി കണ്മുന്നില്‍ വന്നു തന്നെ അസ്വസ്ഥനാക്കുന്ന ആ രൂപത്തോട് ഭയമുണ്ടെങ്കിലും എന്തുകൊണ്ടോ ഒരു പ്രതിപത്തി രവിക്ക് തോന്നിത്തുടങ്ങി. തന്നില്‍ നിന്നും അതെന്തോ സഹായമഭ്യര്‍ത്ഥിക്കും പോലെ…

എവിടെയോ എന്തോ ദുരൂഹതയുണ്ട്. അതിന്റെ ചുരുളഴിക്കാനുള്ള നിയോഗം ഒരുപക്ഷേ തന്റേതാവണം. രവിയുടെ മനസ് മന്ത്രിച്ചു.

ഇരുവശവും നെല്‍ച്ചെടികള്‍ നിറഞ്ഞ വരമ്പിലൂടെ അയാള്‍ വാര്യത്തേയ്ക്ക് നടന്നു. കൊയ്ത്തിനു പാകമായി നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കാറ്റിലിളകുന്നത് കാണാന്‍ നല്ല ഭംഗി. എവിടെപ്പോയി എന്ന് ഉമ ചോദിച്ചാല്‍ മനയ്ക്കല്‍ പോയ കാര്യം പറയണോ? കുഞ്ഞാത്തോലിനെ പറ്റി കേട്ടറിഞ്ഞ കാര്യങ്ങളറിഞ്ഞാല്‍ അവള്‍ എങ്ങനെ പ്രതികരിക്കും എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് ഉത്സാഹം നഷ്ടപ്പെട്ടു.
ചിന്താകുലനായി വാര്യത്തിന്റെ പടിപ്പുരയിലേക്കുള്ള പടികള്‍ കയറിച്ചെന്ന് നീളന്‍ മുറ്റവും കടന്ന് പൂമുഖവാതില്‍ തുറന്ന അയാളെ എതിരേറ്റത് ഉമയുടെ പേടിച്ചരണ്ട മുഖമായിരുന്നു. അയാളെ കണ്ടതും കസേരയില്‍ താടിക്ക് കൈയും കൊടുത്തിരുന്നിരുന്ന അവള്‍ ഓടിച്ചെന്നയാളെ കെട്ടിപ്പിടിച്ചു.

അമിതമായി വിഷമിക്കുമ്പോഴും സന്തോഷിക്കുമ്പോഴും ഉമ അങ്ങനെതന്നെയാണെന്ന് അയാള്‍ ഓര്‍ത്തു. അമ്മയില്ലാതെ വളര്‍ന്ന അച്ഛന്‍ കുട്ടിയായതിന്റെ ഗുണങ്ങളും ദോഷങ്ങളും വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ താമസമാക്കിയ ആദ്യവര്‍ഷങ്ങളില്‍ രണ്ടാളും അനുഭവിച്ചു. ചിലപ്പോള്‍ വാത്സല്യം കൊതിക്കുന്ന തീരെ ചെറിയ പെണ്‍കുട്ടിയായും ചിലപ്പോള്‍ വാത്സല്യമൂറുന്ന അമ്മഭാവത്തിലും അവള്‍ തന്നെ വിസ്മയിപ്പിക്കുമായിരുന്നു. ഉമയുടെ ചുമലില്‍ തഴുകി അയാള്‍ കാര്യമന്വേഷിച്ചു.

സൂര്യദേവന്‍ തിരുമേനിയുടെ ഫോണ്‍കാള്‍ വന്ന കാര്യം അച്ഛനോട് പറയാന്‍ മുറിയില്‍ ചെന്നതും കഴുത്തിലാരോ അമര്‍ത്തിയ മട്ടില്‍ ശ്വാസംമുട്ടിപ്പിടയുന്ന അച്ഛനെ കണ്ട കാര്യവും അവള്‍ രവിയോട് പറഞ്ഞു. താനോടിയടുത്ത് ചെന്നപ്പോള്‍ മുറിയുടെ വാതില്‍ ആരോ തുറന്നടച്ചത് പോലൊരു ശബ്ദവും. അച്ഛന്റെ ശ്വാസോച്ഛാസം ക്രമേണ സാധാരണഗതിയിലായെങ്കിലും എന്തോ പറയാന്‍ ശ്രമിക്കും പോലെ അച്ഛന്‍ തന്നെ നോക്കിയ നിമിഷത്തിലാണു പുറത്തെ വാതില്‍ ശക്തിയോടെ വലിച്ചടച്ച ശബ്ദം വീണ്ടും ഉയര്‍ന്നത്.

‘എന്തോ കുഴപ്പമുണ്ട് രവിയേട്ടാ…എന്റെ മനസ്സ് പറയുന്നു, എന്തോ നടക്കാന്‍ പോവുന്നുവെന്ന്……….’ ഉമ വല്ലാതെ സങ്കടപ്പെട്ടു. ആ കാഴ്ച്ചയുടെ ആഘാതത്തില്‍ നിന്നും അവള്‍ ഇതുവരെ മുക്തയായിട്ടില്ലെന്നു അവളുടെ കിതപ്പും ശബ്ദവും വെളിപ്പെടുത്തി.

‘തിരുമേനി വരട്ടെ…. നമുക്കു ഇക്കാര്യം കൂടി പറയാം. വൈദ്യം മാത്രമല്ല മന്ത്രവും വശമുള്ള ആളാണദ്ദേഹം എന്നല്ലേ നാരായണേട്ടന്‍ പറഞ്ഞത്. നീ പേടിക്കാതെ ഉമേ….’ അവളെ സമാധാനിപ്പിക്കവേ അയാള്‍ ദേവൂട്ടിയെ തിരക്കി.

ദേവു മട്ടുപ്പാവിലെ മുറിയില്‍ എന്തോ വായിക്കുന്നുണ്ടായിരുന്നു എന്ന് അവള്‍ പറഞ്ഞപ്പോള്‍ രവി മുകളിലേക്കുള്ള ഏണിപ്പടിയില്‍ കാല്‍ വച്ചു. മരപ്പടികളില്‍ താളമുണര്‍ത്തി അയാള്‍ ചവിട്ടിക്കയറുന്നത് ഉമ നോക്കി നിന്നു. ഇപ്പോള്‍ അവള്‍ക്ക് അല്‍പ്പം ധൈര്യമൊക്കെയായിത്തുടങ്ങി. എന്തിനുമേതിനും ഉമയുടെ അവസാനവാക്ക് രവിയാണ്. അയാളുടെ വിരല്‍ത്തുമ്പില്‍ അവള്‍ക്കെന്നും സുരക്ഷിതത്വബോധം അനുഭവപ്പെടുമായിരുന്നു.

മട്ടുപ്പാവിലെ ഗസ്റ്റ്‌റൂമില്‍ നിലത്തിരുന്നു ദേവു എന്ത് ചെയ്യുകയാണെന്ന് അയാള്‍ നോക്കി. ചുറ്റും പരന്ന് കിടക്കുന്ന മഞ്ചാടിമണികള്‍ എണ്ണിയും വാരിയും കളിക്കുകയാണവള്‍. അപ്പോഴാണ് നിലത്തുവീണു കിടന്ന ഒരു വലിയ മഞ്ചാടിക്കുരു അയാളുടെ കണ്ണില്‍പ്പെട്ടത്. അതിന്റെ അസാമാന്യവലിപ്പത്തില്‍ കൗതുകംപൂണ്ട് അയാള്‍ വീണ്ടും അതില്‍ നോക്കിയതും അത് വിണ്ടുപൊട്ടി പരിപ്പ് പാതിയോളം പുറത്തുവന്നു. ആ കാഴ്ച കണ്ടതും ഗര്‍ഭപാത്രം പിളര്‍ന്ന് പുറത്തുവന്ന ഒരു ശിശുവിന്റെ ചിത്രം എങ്ങനെയോ അയാളുടെ മനസ്സില്‍ തെളിഞ്ഞു. ആ ഉള്‍ക്കാഴ്ച അയാളെ നോവിക്കുകയും ചെയ്തു.

അല്‍പ്പസമയം ദേവൂട്ടിയ്‌ക്കൊപ്പം ചിലവഴിച്ചപ്പോള്‍ മനസ്സ് അല്പം ശാന്തമായതുപോലെ. അനാവശ്യമായ ആധികളൊക്കെ ഒഴിഞ്ഞകന്ന, സ്വച്ഛമായ ആ അനുഭവം അയാളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. കുഞ്ഞാത്തോലും വാര്യരും വിനയനുമൊന്നും അയാളുടെയും മകളുടെയും ലോകത്തില്‍ പ്രവേശിച്ചില്ല, പക്ഷേ അത് അധികനേരം നീണ്ടില്ല. ഉമയുടെ വിളിയൊച്ച കേട്ട് താഴേക്ക് ചെന്ന രവി പടിപ്പുരയില്‍ സൂര്യദേവന്‍ തിരുമേനി എത്തിയെന്ന് ഉമ അറിയിച്ചതിനാല്‍ അദ്ദേഹത്തെ ആനയിക്കാന്‍ പുറത്തേക്കു നടന്നു. കാറില്‍ നിന്നും ഇറങ്ങാന്‍ തിരുമേനിയെ സഹായിക്കുമ്പോള്‍, നട്ടുച്ചക്ക് തിളങ്ങിനിന്ന വെയില്‍ മാറി ആകാശം കറുപ്പണിഞ്ഞത് രവി ശ്രദ്ധിച്ചില്ലെങ്കിലും സൂര്യദേവന്‍ തിരുമേനിയുടെ തീഷ്ണനയനങ്ങള്‍ കണ്ടു. മുന്നോട്ടു വച്ച കാല്‍ അദ്ദേഹം പിന്‍വലിച്ചത് കണ്ടു രവി ചോദ്യഭാവത്തോടെ നോക്കി.

‘പതിനഞ്ചുദിനം കാത്തേപറ്റൂ. നാളെ കൃഷ്ണപക്ഷം തുടങ്ങും, അമാവാസി കഴിയട്ടെ, എന്നിട്ട് തീര്‍ച്ചയാക്കാം.’ ഉമ ഇന്ന് കണ്ട കാഴ്ചയെപ്പറ്റി രവി പറയാന്‍ തുടങ്ങും മുന്‍പേ തിരുമേനി കൂട്ടിച്ചേര്‍ത്തു. ‘എല്ലാം മനസിലായിരിക്കണു…കര്‍മഫലം… അതൊക്കെ ആര് നിരീച്ചാലും മാറ്റാന്‍ കഴീല്ല… വാര്യരുടെ ആയുസ്സ് നീട്ടാന്‍ നോമെന്നല്ല ആര് തുനിഞ്ഞാലും ഫലമുണ്ടാവുമെന്ന് തോന്നുന്നില്ല. ഓരോന്നും ഓരോ കാലത്തനുഭവിച്ചേ പറ്റൂ.’

‘പിന്നെ, താനൊന്നു സൗകര്യം പോലെ വന്നു കണ്ടോളൂ…ഒന്ന് പ്രശ്‌നം വച്ച് നോക്കാം. ദേവു…അതല്ലേ കുട്ടീടെ പേര്?’ തിരുമേനിയുടെ ചോദ്യം കേട്ട് രവി അത്ഭുതപ്പെട്ടു.
‘ഒന്നും പേടിക്കണ്ട, രേവതിനാളില്‍ ശുക്രദശയിലാണ് ജനനം. നന്നായി വരും.’

അദ്ദേഹം പറഞ്ഞപ്പോള്‍ ചൂടില്‍ വെന്തു നിന്നിരുന്ന മനസ്സില്‍ മഞ്ഞുവീണ പ്രതീതിയാണ് രവിക്കുണ്ടായത്. അദ്ദേഹത്തെ യാത്രയയച്ച് മടങ്ങുമ്പോള്‍ നാളെത്തന്നെ തിരുമേനിയെ ചെന്ന് കാണണമെന്ന് രവി തീരുമാനിച്ചുകഴിഞ്ഞിരുന്നു. പൂമുഖത്തെത്തിയപ്പോള്‍ കൂടെ തിരുമേനിയെ കാണാഞ്ഞു ഉമ അമ്പരന്നു.

‘നാളെ അങ്ങ്‌ചെന്ന് കാണണം, പ്രശ്‌നം വച്ച് നോക്കിയിട്ടു ചികിത്സ തുടങ്ങാം എന്നാണദ്ദേഹം പറഞ്ഞത്’ അവളെ ആശ്വസിപ്പിക്കുവാന്‍ രവി പറഞ്ഞു.

അച്ഛനെന്നു പറഞ്ഞാല്‍ ഉമക്കു ജീവനാണ്. അവളുടെ ഓര്‍മകളില്‍ സ്‌നേഹമയനായ, വാത്സല്യത്തിന്റെ മൂര്‍ത്തീഭാവമായ ഒരച്ഛനുണ്ട്. ബാല്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ അമ്മ നഷ്ടപ്പെട്ട ഒരു പെണ്‍കുഞ്ഞിനെ മാറോടു ചേര്‍ത്തുറക്കിയിരുന്ന, അവള്‍ക്കു വേണ്ടി വേറൊരു ജീവിതം പോലും വേണ്ടെന്നുവച്ച ഒരച്ഛന്‍. ആ അച്ഛനുവേണ്ടി മകള്‍ ആധി പിടിക്കാതിരിക്കുന്നതെങ്ങിനെ? അത് രവിക്ക് നന്നായി അറിയാം.

അന്ന് വൈകിട്ട് അക്കരെക്കാവില്‍ പോയി വാര്യരുടെ പേരില്‍ മഹാമൃത്യുഞ്ജയഹോമം കഴിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ഉമയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവള്‍ക്കു കുഞ്ഞാത്തോലിനെയും ഓര്‍മ്മ വന്നു. അച്ഛനില്ലാതെ വളര്‍ന്ന കുഞ്ഞാത്തോലും അമ്മയില്ലാതെ വളര്‍ന്ന ഉമയും. ഇരുശരീരവും ഒരു മനസ്സുമായിരുന്ന ആത്മമിത്രങ്ങള്‍. മനസ്സ് കൊണ്ട് വാര്യരെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നവള്‍ പറഞ്ഞിട്ടുള്ളത് ഉമ ഓര്‍ത്തു. എന്ത് കൊണ്ടാണ് തന്റെ പ്രീയപ്പെട്ടവര്‍ക്കൊക്കെ ദുര്‍വിധി വരുന്നതെന്നും എല്ലാറ്റിനും ഒരു പ്രതിവിധി കാട്ടിത്തരണേയെന്നും ഉമ ദേവിയോട് മനസ്സുനൊന്തു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അമ്പലമുറ്റത്തെ അരയാലില്‍ നിന്നും ഒരുകൂട്ടം പ്രാവുകള്‍ പേടിച്ചരണ്ട് പറന്നകന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *