
ഓരോ കുട്ടിയും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഇത് .
ഹിറ്റ്ലർ യഹൂദജനതയോട് കാട്ടിയ ക്രൂരതയിൽ നാമാവശേഷമാക്കപ്പെട്ട ഒരു കുടുംബമാണ് ആൻഫ്രാങ്കിന്റേത് .ഒളിത്താവളത്തിന്റെ ഇരുട്ടുമുറികളിൽ രൂപം കൊണ്ട ഹൃദയത്തുടിപ്പുകളാണത് .ഒടുവിൽ ആനിന്റെ കുടുംബവും പിടിക്കപ്പെട്ടു .1945–ൽ ആൻഫ്രാങ്ക് തടവറയിൽ കിടന്നു തന്നെ മരണത്തിന് കീഴടങ്ങി .ഓരോ ദിവസത്തെയും ഡയറിക്കുറിപ്പുകൾ തുടങ്ങുന്നത് “പ്രിയപ്പെട്ട കിറ്റീ “എന്നു സംബോധന ചെയ്തുകൊണ്ടാണ് . ഇടുങ്ങിയ ഇരുട്ടുമുറിയിൽ മരണത്തെ പ്രതീക്ഷിച്ചു കഴിയുമ്പോഴും ആ പതിമൂന്നുകാരിയുടെ മുന്നിൽ ഭാവിയെക്കുറിച്ചുള്ള അഭിനിവേശമായിരുന്നു .മരണം മുന്നിലുണ്ട് എന്നവൾക്കറിയാം .പക്ഷേ യാതൊരു കൂസലുമില്ലാതെ അവളെഴുതുന്നു .”ഇന്ന് ഞാനാകെ തിരക്കിലാണ് …”ഗലീലിയോ ഗലീലി “വായിച്ചു തീർക്കണം .പിന്നെ ക്രോസിന്റെ രണ്ടാം ഭാഗം വായിക്കണം .അന്യഭാഷാ പദങ്ങൾ പഠിക്കണം .യുദ്ധമൊന്നു തീർന്നിട്ട് വേണം ഒളിത്താവളം എന്നപേരിൽ ഒരു പുസ്തകം രചിക്കുവാൻ .”
അങ്ങനെ വായിച്ചു തീർക്കുവാനും എഴുതിത്തീർക്കാനുമുള്ള പുസ്തകങ്ങളുടെ പ ട്ടികകൾ നീളുന്നു .
പുസ്തകം വായിച്ചു തീരുമ്പോൾ ഓഗസ്റ്റ് ഒന്നിന് അവൾ പറഞ്ഞവസാനിപ്പിച്ച കുറിപ്പുകൾ നമ്മളെ കരയിപ്പിക്കും .
നിസ്സാര ദുഃഖങ്ങളെപ്പോലും പെരുപ്പിച്ചുകാട്ടി ചിലർ ജീവിതത്തെ ദുസ്സഹമാക്കുമ്പോൾ ആൻഫ്രാങ്കിനെപ്പോലുള്ളവർ ജീവിതത്തിലെ വളർച്ചയിലും തളർച്ചയിലും ആനന്ദം കണ്ടെത്തുന്നു .
ഒളിത്താവളം ആക്രമിക്കപ്പെട്ട് എത്രയോ വർഷങ്ങൾക്കു ശേഷം ആരോ നടത്തിയ തിരച്ചിലുകൾക്കിടയിൽ അലക്ഷ്യമായി കിടന്ന ഡയറിക്കുറിപ്പുകൾ പിന്നീട് പുസ്തകമായി മാറി .അതിൽ കുട്ടികൾ ഓർത്തുവയ്ക്കേണ്ട ഒരു വാചകമുണ്ട് .
‘നല്ല ഉപദേശങ്ങൾ കൊടുക്കാനും നേർവഴികാട്ടാനും മാത്രമേ രക്ഷിതാക്കൾക്ക് കഴിയൂ .എന്നാൽ സ്വാഭാവരൂപീകരണത്തിന്റെ മുഴുവൻ ചുമതലയും അവരവർക്കുതന്നെയുള്ളതാണ് .”
A.S.ഇന്ദിര












