ഇത് കർക്കിടകമാസം. കർക്കിടകമാസത്തിൽ ആരോഗ്യപരിപാലനത്തിൽ മലയാളികൾ ബദ്ധശ്രദ്ധരാവാറുണ്ട്. ആരോഗ്യപരിപാലനത്തിൽ കർക്കിടകക്കഞ്ഞിക്ക് മുഖ്യസ്ഥാനവുമുണ്ട്.
കർക്കിടകത്തിലെ പത്തിലക്കറികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഞാനിന്നൊരു ചമ്മന്തിയുണ്ടാക്കി, വിവിധയിനം ഔഷധയിലകൾ ചേർത്ത്. അതിൽ 10 ഇലകൾ ചേർത്തു. കറിവേപ്പ്, തഴുതാമ, കുടകൻ, മുയൽച്ചെവിയൻ, കീഴാർനെല്ലി, തൊട്ടാവാടി, ചൊറിയണം (ഇല തിളച്ച വെള്ളത്തിലിട്ടു വച്ചിട്ട് എടുത്തു ), പുളിയാർ, മുക്കുറ്റി, ചെറുപൂള ഇവയുടെ ഇലകളും, ചുവന്നുള്ളി, വാളൻപുളി, ഇഞ്ചി, മാങ്ങ, തേങ്ങാ, കാന്താരിമുളക്, ഉപ്പ് ഇവ ചേർത്ത് ഒരു ചമ്മന്തി. ചിലർ മുളപ്പിച്ച എള്ളും ചമ്മന്തിയരക്കാൻ ഉപയോഗിക്കുന്നു. പത്തിലകൾചേർത്ത് കർക്കിടകമാസത്തിൽ ഒന്നു രണ്ടു തവണയെങ്കിലും ചമ്മന്തിയുണ്ടാക്കിക്കഴിക്കാൻ പണ്ടുള്ളവർ പറയുമായിരുന്നു. എല്ലായിലകളും കൂടി ഒന്നിച്ചരച്ചാൽ പലർക്കും രുചി പിടിക്കാതെ വന്നേക്കാം. രണ്ടുമൂന്നു തരം ഇലകൾ വീതം എടുത്തു എല്ലാ ദിവസവും മാറ്റി മാറ്റി ഉപയോഗിക്കുക.
ചിലർക്ക് ഇലകൾ അധികരിച്ചാൽ രുചി പിടിയ്ക്കാതെ വരും. അങ്ങനെയുള്ളവർക്ക്, ദിവസേന രണ്ടുമൂന്നുതരം ഇലകൾ ചേർത്ത് ചമ്മന്തിയുണ്ടാക്കാം.
എല്ലാം സംബന്ധിക്കുന്നതിനാൽ സംബന്ധി എന്നു പറഞ്ഞുപറഞ്ഞ് അത് സമ്മന്തിയായി. ഇപ്പോൾ കൂടുതൽ പേരും ചമ്മന്തി എന്നു പറയുന്നു. ചമ്മന്തിയ്ക്കു് ആ പേരു വന്നതിന്റെ പിന്നിലെ കഥയിതാണ്.
പനിക്കൂർക്കയില, കയ്യൂന്നി (കയ്യന്യം) ഇവയൊക്കെ പത്തിലച്ചമ്മന്തിയിൽ ചിലർ ചേർക്കാറുണ്ട്. മുരിങ്ങയില ഒഴിച്ചുള്ള ഇലക്കറികളെല്ലാം ഇപ്പോൾ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും അമിതവണ്ണം കുറയ്ക്കാനും നല്ലതാണ്.
പത്തിലത്തോരൻ ഉണ്ടാക്കാൻ പയർ, ചീര, കയ്യന്യം, ചേമ്പ്, ചേന, കാച്ചിൽ, മുരിക്ക്, തകര, തഴുതാമ, കോവൽ, പാവൽ, തുടങ്ങിയവയുടെ ഇലകളും ചേമ്പിൻതാൾ, ഉള്ളിത്താൾ, ചേനപ്പിണ്ടി എന്നിവയുമൊക്കെ ഓരോരുത്തരുടെയും അടുക്കളത്തോട്ടത്തിൽനിന്നു കിട്ടുന്നതനുസരിച്ച് ഇലത്തോരനുണ്ടാക്കുന്നു.
വെളിഞ്ചേമ്പിന്റെ ഇലകൾ അതിന്റെ താളിലെ നൂൽ കൊണ്ടു് കെട്ടി ‘പോലീസുകാരന്റെ തൊപ്പി’ പണ്ടത്തെ പോലീസുകാരന്റെ തൊപ്പിയുടെ ആകൃതിയിൽ കെട്ടി കുടമ്പുളി, കറിവേപ്പില, പച്ചമുളക് കീറിയത് ഇവ ഇട്ട് അടച്ചു വേവിച്ച് വെള്ളം വറ്റുമ്പോൾ മഞ്ഞൾ, തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, പച്ചമുളക് കീറിയിട്ട് വേവിച്ചതിനാൽ ഒന്നോ രണ്ടോ മതി, ഇവ ചേർത്ത് അരച്ച അരപ്പും പാകത്തിന് ഉപ്പും ചേർത്ത് ചൂടാകുമ്പോൾ പിരളനായി, വാങ്ങി വച്ചിട്ട്, കടുക്, ചുവന്നുള്ളി, കറിവേപ്പില ഇവയിട്ട് മൂപ്പിച്ച് വേവിച്ചുവച്ച കറിയിൽ ചേർത്തിളക്കി ചൂടോടെ കഴിക്കാം.












