LIMA WORLD LIBRARY

മാവേലിയും മലയാളിയും – സ്വപ്ന ജേക്കബ് (ഗൾഫ്)

തുടക്കം ഒരു കണ്ടെത്തലിൽ നിന്നായിരുന്നു, അതും വർഷങ്ങൾക്ക് മുൻപ്. പിന്നീട് മനസ്സിലായി ഒരുപാട് പേർക്ക് അതേ സംശയം ഉണ്ടായി എന്ന്. വാമൊഴിയായി പകർന്നു കിട്ടിയ ഒരോണക്കഥ മാത്രമല്ലേ നമുക്കുണ്ടായിരുന്നത്. അതായത് കേരളം ഭരിച്ചിരുന്ന അല്ലെങ്കിൽ കേരളം ആസ്ഥാനമായി ഭരിച്ചിരുന്ന  ധർമ്മിഷ്ടനും ദാനശീലനുമായ രാജാവായിരുന്നു മഹാബലി. മഹാബലിയുടെ ഭരണത്തിൽ അസൂയപൂണ്ട ദൈവങ്ങൾ മഹാവിഷ്ണുവിനോട് പറഞ്ഞു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിച്ചു. പാതാളത്തിലേക്ക് പോകുന്നതിന് മുൻപ് അദ്ദേഹം മഹാവിഷ്ണുവിനോട് വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ അനുവാദം ചോദിച്ചു. മഹാവിഷ്ണു അതിനനുവദിച്ചു. കേരളീയർ, ചിങ്ങമാസത്തിലെ തിരുവോണദിവസം പ്രജകളെ കാണാൻ മാവേലി വരും എന്നു വിശ്വസിച്ച് സദ്യയും, പൂവിടലും, ഊഞ്ഞാലാട്ടവും, ഓണക്കളികളുമായി ഓണമാഘോഷിക്കുകയും ചെയ്യുന്നു. സ്കൂളുകളിൽ പഠിച്ചിരുന്ന കഥ  ഇതായിരുന്നു, പ്രവാസിയായപ്പോൾ അമ്മമാർ ജനലിൽ കൂടി മാവേലി വന്നു നോക്കും എന്നൊക്കെ പറഞ്ഞു കുട്ടികളെക്കൊണ്ട് പച്ചക്കറികൾ കഴിപ്പിക്കുകയും, രണ്ടു മൂന്നു ദിവസം ഒരേ കറികൾ കൂട്ടി മടുക്കുമ്പോൾ കുട്ടികൾ ഓണം വേണ്ടായിരുന്നു എന്നു പറയുകയും ചെയ്യുന്നതും കണ്ടു.

ഇങ്ങനെയൊക്കെ കാലം കടന്നു പോകവേ ആണ് ഇന്റർനെറ്റ് അവതരിക്കുകയും ഓണം നെറ്റോണമായി മാറുകയും ചെയ്തത്. പീന്നീട് അറിവുകൾ വിരൽത്തുമ്പിലെത്തിയപ്പോൾ വെറുതെ ഒരു ഓണക്കാലത്ത് നെറ്റിൽ നോക്കിയപ്പോഴാണ് മേൽപ്പറഞ്ഞ കണ്ടെത്തൽ നടന്നത്. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായിരുന്നു വാമനൻ. ആറാമത്തെ അവതാരമായിരുന്നു പരശുരാമൻ. പരശുരാമൻ മഴുവെറിഞ്ഞുണ്ടായ കേരളത്തിൽ എങ്ങനെയാണ് അഞ്ചാമത്തെ അവതാരമായ വാമനൻ എത്തുന്നത്?

കുറെ വർഷങ്ങൾ ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. കോറോണക്കാലം വന്നതോട് കൂടി ഏതൊക്കെ തരം ഉത്തരം വേണം, ഗൂഢാലോചനാസിദ്ധാന്തങ്ങൾ മുതൽ എല്ലാം കിട്ടി.

വടക്കേ ഇൻഡ്യയിൽ ഓണം വാമനമൂർത്തിയുടെ അവതാരദിവസമാണ്. മഹാബലി പാതാളലോകങ്ങളിലെ രാജാവായിരുന്നു. അദ്ദേഹം ഈരേഴ് പതിനാല് ലോകങ്ങൾ  കീഴടക്കാൻ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു. ഭൂലോകം, ഭുവർലോകം, സ്വർഗ്ഗലോകം, മഹർലോകം, ജനോലോകം, തപോലോകം, സത്യലോകം എന്നീ ഉപരിലോകങ്ങളും, അതളം, വിതളം, സുതളം, തളാതളം, മഹാതളം, രസാതളം, പാതാളം എന്നീ താഴെയുള്ള ഗ്രഹങ്ങളും ചേർന്നതാണ് ഈരേഴ് പതിനാല് ലോകങ്ങൾ. ഇതിൽ രസാതളം, പാതാളം എന്നീ ഏറ്റവും താഴെയുള്ള ഗ്രഹങ്ങളായിരുന്നു മഹാബലിയുടേത്. പാതാള ലോകങ്ങളെല്ലാം കീഴടക്കിയ ശേഷം വലിയൊരു സൈന്യവുമായി ഇന്ദ്രനെ തോൽപ്പിക്കാൻ മഹാബലി സ്വർഗ്ഗലോകത്തിലെത്തി. മഹാബലിയെ കണ്ടതും ഇന്ദ്രൻ ഓടി രക്ഷപ്പെട്ടു. അതുകൊണ്ടും തൃപ്തിപ്പെടാതെ മഹാബലി ദേവന്മാരുടെ മാതാവായ അദിതി  മാതാവിന്റെ കുണ്ഡലങ്ങൾ പറിച്ചെടുത്തു. പീന്നീട് പതിനാല് ലോകങ്ങളെയും തോൽപ്പിക്കാൻ വിശ്വജിത്ത് എന്ന ഒരു യാഗം ആരംഭിച്ചു. അദിതി മാതാവ് വിഷ്ണുവിനെ കഠിനമായി തപസ്സുചെയ്തു ഇന്ദ്രനെ സഹായിക്കണമെന്ന് അപേക്ഷിച്ചു. തപസിന്റെ ഫലമായി വിഷ്ണു അദിതി മാതാവിന്റെ മകനായി ജനിച്ചു. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിൽ ജനിച്ച വാമനൻ ക്ഷണങ്ങൾ കൊണ്ട് വളർന്നു,  മാതാപിതാക്കളുടെയും ദേവകളുടെയും അനുഗ്രഹത്തോട് കൂടി വാമനമൂര്ത്തി, മഹാബലി യാഗം നടത്തുന്നിടത്ത് ചെന്നു. ശുക്രാചാര്യരുടെ കീഴിലായിരുന്നു യാഗം. ശുക്രാചാര്യർ തടഞ്ഞെങ്കിലും കേൾക്കാതെ മഹാബലി ദാനം നല്കാൻ തയ്യാറായി. പിന്നീടുള്ള കഥകൾ ഇവിടെയും സമാനമാണ്. വാമനൻ ആദ്യ ചുവടിൽ ഭൂമി ഉൾപ്പടെയുള്ള ഉപരിലോകങ്ങളും, രണ്ടാമത്തെ ചുവടിൽ പാതാളങ്ങളും ആളന്നു. മഹാബലിയുടെ അഹങ്കാരമെല്ലാം ശമിച്ച് മൂന്നാമത്തെ അടി കൊടുക്കാൻ നിവൃത്തിയില്ലാതെ വാമനമൂർത്തിയുടെ പാദങ്ങളിൽ ശരണാഗതി പ്രാപിച്ചു. വാമനൻ മഹാബലിയുടെ തലയിൽ മൂന്നാമത്തെ അടി വച്ചു. എങ്ങനെയാണോ മഹാബലി അഹം എന്ന ഭാവം ത്യജിച്ചത് അതാണ് ഓണത്തിന്റെ സന്ദേശം. പ്രസന്നനായ വാമനൻ, മായാസുരനാൽ നിർമ്മിക്കപ്പെട്ടതും, സ്വർഗ്ഗലോകത്തെക്കാൾ സുന്ദരവുമായ സുതലം എന്ന പാതാളലോകം മഹാബലിക്ക് കൊടുക്കുകയും, വാമനൻ ഇന്നും  മഹാബലിയുടെ കാവൽക്കാരനായി സുതലത്തിൽ  താമസിക്കുകയും ചെയ്യുന്നുവെന്നും, കൂടാതെ ചിരഞ്ജീവി ആകാനുള്ള വരവും,  അടുത്ത മന്വന്തരത്തിൽ ഇന്ദ്രനാവാനുള്ള അനുഗ്രഹവും  കൊടുക്കുകയും ചെയ്തുവെന്നും പറയുന്നു.

പ്രഹ്ളാദന്റെ മകൻ വിരോചനന്റെ മകനായിരുന്നല്ലോ മഹാബലി. പ്രഹ്ലാദന് വേണ്ടിയായിരുന്നു മഹാവിഷ്ണു നരസിംഹാവതാരം എടുത്തത്. പ്രഹ്ളാദന്റെ രാജ്യമായ ആന്ധ്ര പ്രദേശിലെ ഡക്കാൺ പ്രദേശമായിരുന്നു മഹാബലി ഭരിച്ചിരുന്നതെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. പീന്നീട് പരശുരാമൻ  പാപപരിഹാരാർത്ഥം ബ്രാഹ്മണർക്ക് സ്ഥലം കൊടുക്കാൻ വേണ്ടി കേരളമുണ്ടാക്കി, ഡക്കാണിൽ  നിന്നു ബ്രാഹ്മണരെ  കൊണ്ടുവന്നു താമസിപ്പിച്ചു. വന്നവർ തങ്ങളുടെ ആചാരമായ ഓണം ആഘോഷിക്കുന്നത് തുടർന്നുവന്നുവെന്നു മറ്റൊരു വാദം.

ഏഴ് ഭൂഖണ്ഡങ്ങളായിരുന്നു ഏഴു പാതാളലോകങ്ങളെന്നും, . ഭൂവൽക്കത്തിൽ കൂടിയുള്ള തുരങ്കങ്ങൾ വഴി എല്ലാ പാതാളങ്ങളും പരസ്പരം ബന്ധിപ്പിച്ചിരുന്നു എന്നുമാണ് ഗൂഢാലോചനസിദ്ധാന്തക്കാരുടെ വാദം.  മഹാബലി നാടുകടത്തപ്പെട്ട ഒരു രാജാവായിരുന്നു അവരുടെ കഥയിൽ. ഭൂവൽക്കത്തിനുള്ളിൽ കൂടിയുള്ള ഒരു തുരങ്കത്തിൽ കൂടി മാവേലി, അന്നത്തെ പാതാളമായിരുന്ന തെക്കേ അമേരിക്കയിലേക്ക് നാട് കടത്തപ്പെടുകയായിരുന്നു എന്നൊക്കെയാണ് പറയുന്നത്. തമാശയായി തോന്നുമെങ്കിലും ഒരു കാര്യമുണ്ട്. മായാസുരൻ ആയിരുന്നു പാതാളലോകങ്ങളിലെ വാസ്തുവിദ്യ ചെയ്തിരുന്നത്. തെക്കേയമേരിക്കയിൽ അക്കാലത്തുണ്ടായിരുന്നതും മായന്മാർ ആയിരുന്നത്രേ.

കേരളം ഒന്പതാം നൂറ്റാണ്ടിലെ ആര്യമാരുടെ വരവിന് മുൻപു ചേരളമായിരുന്നുവെന്ന് ചരിത്രം. അക്കാലത്തും ചിങ്ങമാസത്തിൽ വിളവെടുപ്പുത്സവമുണ്ടായിരുന്നു. കൂടാതെ മഴകഴിഞ്ഞു മാനം തെളിഞ്ഞു നില്ക്കുന്ന ചിങ്ങമാസത്തിലായിരുന്നു വിദേശികൾ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിന് കേരളത്തിലെത്തിയിരുന്നത്.  സുഗന്ധദ്രവ്യങ്ങൾക്ക് പകരം സ്വർണ്ണം കിട്ടിയിരുന്നത് കൊണ്ട് പൊന്നിൻചിങ്ങം എന്നും ചിങ്ങമാസത്തെ വിളിച്ചു തുടങ്ങി. പണമൊക്കെ രാജാവായിരുന്നു സ്വീകരിച്ചിരുന്നതെങ്കിലും പിന്നീടത് തുല്യമായി ജനങ്ങൾക്ക് വീതിച്ചു നല്കിയിരുന്നത്രേ. ആര്യന്മാർ ചാതുർവർണ്യം കൊണ്ടുവന്നതോട് കൂടി കേരളത്തിൽ മാനുഷരെല്ലാരും ഒന്നുപോലെ അല്ലാതായി എന്നും ഒരു പക്ഷം. എതിർക്കുന്നവർ അസുരന്മാരായി. ദേശവാസികളുടെ തനത് ദൈവങ്ങളും, ഓണക്കഥയ്ക്ക് സമാനങ്ങളായ കഥകളും രണ്ടാംകിടയായി. യഥാർത്ഥത്തിൽ അക്കാലത്ത് ജീവിച്ചിരുന്ന ഏതെങ്കിലും ഇല്ലാതാക്കപ്പെട്ട രാജാവിനെയായിരിക്കുമോ മഹാബലി എന്ന അസുരരാജാവായി കല്പ്പിച്ച് ഇന്നത്തെ ഓണക്കഥയ്ക്ക് കാരണമായത്?

തൃക്കാക്കര ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരരാജാവായിരുന്നു മഹാബലി എന്നു വിശ്വസിക്കുന്നവരാണ്  കൂടുതൽ. കാൽക്കരനാട് എന്നായിരുന്നു അന്ന് തൃക്കാക്കര അറിയപ്പെട്ടിരുന്നത്. തൃപ്പൂണിത്തറ ആസ്ഥാനമാക്കി ഭരിച്ച, വൈഷ്ണവരാൽ പുറത്താക്കപ്പെട്ട ശൈവരാജാവായിരുന്നു മാവേലി എന്നു കരുതുന്നവരും ഉണ്ട്. തമിഴ്നാട്ടിലെ സംഘകാലകൃതികളിലും ഓണത്തിന് സമാനമായ ഒരു ഉത്സവത്തെക്കുറിച്ച് പറയുന്നുണ്ട്. ഇന്ദ്രന്റെ വിജയം എന്ന അർത്ഥത്തിൽ ഇന്ദ്രവിഴ എന്നായിരുന്നു ഉത്സവത്തിന്റെ പേര്. കേരളത്തിലും ക്ഷേത്രോത്സവമായി തുടങ്ങിയ ഉത്സവം പീന്നീട് ദേശീയോത്സവമായി കാലക്രമേണ പരിണമിക്കുകയായിരുന്നു. കാരണം ആദ്ധ്യാത്മികമായോ, ബുദ്ധിപരമായോ  ആയിരുന്നില്ല മലയാളികൾ ഓണത്തെ അനുഭവിച്ചത്. ഓണനിലാവും, ഓണവെയിലും ഹൃദയത്തിലേക്കാണ് അവർ സ്വീകരിച്ചത്. അത്കൊണ്ട് തന്നെ ഇനി ഒരു കഥയ്ക്കും ഓണം എന്ന വികാരത്തെ ഇല്ലാതാക്കാനുമാവില്ല. മാനുഷരെല്ലാരും ഒന്നു പോലെ ജീവിച്ചിരുന്ന മനോഹരമായ ഒരു കാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വവും, സ്വന്തം ജീവിതത്തിന്റെ തന്നെ സ്വപ്നങ്ങളിലേക്കുള്ള മടങ്ങിപ്പോക്കും ഒക്കെയാണ് എല്ലാ  ഉത്സവങ്ങളെയും പോലെ മലയാളിക്ക് ഓണവും. ധനുമാസ രാവുകളുടെ സൌന്ദര്യം ആ ഓർമ്മകളെ മായിക്കുന്നത് വരെ ഓണം ഹൃദയത്തിൽ തന്നെ ഉണ്ടാവും.

ഓണക്കഥയുടെ വിശദാംശങ്ങൾ അറിയാത്ത ഞങ്ങളുടെ തലമുറയിലെയും, ഞങ്ങൾക്ക് തൊട്ട് മുൻപുള്ള തലമുറയിലെയും സാധാരണക്കാരെ പക്ഷേ അന്നത്തെ ഓണചിന്തകൾ നല്ലരീതിയിലായിരുന്നോ സ്വാധീനിച്ചത്? മഹാബലിയുടെ ഭരണത്തിൽ അസൂയ പൂണ്ട ദൈവങ്ങൾ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നത് ഈശ്വരനെ മനസ്സിലാക്കുന്നതിൽ തടസ്സമായി നിന്നിട്ടുണ്ട് എന്നു തീർച്ചയാണ്. ദൈവം സ്നേഹമാണ്, കരുണയാണ് എന്നൊക്കെ പഠിക്കുമ്പോഴും ദൈവം നീതിമാനാണോ എന്നൊരു ചോദ്യം അറിയാതെ ഉയർന്നു വരും. അതിനേറ്റവും നല്ല ഉദാഹരണമാണ് കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുള്ള “ഒരുപാട് സ്നേഹിക്കരുത്, ദൈവം പിരിച്ചുകളയും” എന്ന പറച്ചിൽ. ഒരു സമയത്ത് ഏറ്റവും കൂടുതൽ ആത്മഹത്യകളുള്ള നാടായിരുന്നു കേരളം.  കഥകളാണെങ്കിലും പ്രഹ്ളാദന്റെ പൌത്രനും, സ്വയം ഒരു വിഷ്ണുഭക്തനുമായിരുന്ന മഹാബലിയെയും പ്രജകളെയും രക്ഷിക്കുകയായിരുന്നു യഥാർഥത്തിൽ മഹാവിഷ്ണു ചെയ്തത് എന്നു മനസ്സിലാക്കാൻ അന്ന് സാധാരണക്കാർക്ക് പ്രയാസമായിരുന്നു.

ഇപ്പോൾ കാലം മാറി. അറിവുകൾ  വിരൽത്തുമ്പിലെത്തി. വാട്ട്സ് ആപ്പ് വന്നു. ബംഗാളിയായ സലിൽ ചൌധരിയുടെ പൂവിളിയും, ഓണപ്പൂവേ പാട്ടും പാടി, തമിഴ്നാട്ടിൽ നിന്നുള്ള പൂക്കളും, പച്ചക്കറികളുമൊക്കെ ഉപയോഗിച്ച്,  പ്രവാസികൾ കൂടുതൽ അടിപൊളിയാക്കുന്ന കൊറോണക്കാലത്ത് നമ്മൾ എത്തി. എങ്കിലും കോറോണക്കാലത്തും നമ്മൾ ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്തുന്നില്ല. സെറ്റ്സാരിയും, ആഭരണങ്ങളുമൊക്കെയണിഞ്ഞ് ഇപ്പോഴാണെങ്കിൽ ചേരുന്ന മാസ്കും ധരിച്ച് മലയാളി മങ്കമാർ സ്വദേശത്തും, വിദേശത്തും നടക്കും. കാണുമ്പോൾ വിദേശികളും തലകുലുക്കി പറയും.

“ഓ, ഓനം”.

എല്ലാ മലയാളികൾക്കും ഓണാശംസകൾ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px