LIMA WORLD LIBRARY

കാവല്‍ മാലാഖ (നോവല്‍ 20) (അവസാനിച്ചു)

ലിന്‍ഡ ആകെ തളര്‍ന്നിരുന്നു. കാറോടിക്കാന്‍ വയ്യ. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. പബ്ബിലെ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ കാര്‍ കിടന്നു. അവള്‍ ടാക്സി വിളിച്ചു വീടിനു മുന്നിലിറങ്ങി. പതിവിലും നേരത്തേയാണ്. പക്ഷേ, പതിവിലേറെ കുടിച്ചിരിക്കുന്നു.

മുന്നിലെ വാതിലടച്ചിട്ടില്ല. തുറക്കാന്‍ കൈയുയര്‍ത്തുമ്പോള്‍ ഉള്ളിലെന്തോ ചില സീല്‍ക്കാരങ്ങള്‍, അടക്കിപ്പിടിച്ച സംസാരം. സ്ത്രീപുരുഷ സംയോഗത്തിന്‍റെ മര്‍മരങ്ങള്‍ അവളുടെ പരിചയ സമ്പന്നമായ കാതുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു.

സൈമണും മേരിയും തമ്മില്‍ ചില ഇടപാടുകളുള്ളതു കണ്ടില്ലെന്നു നടിച്ചതാണ്. അതൊക്കെ അവരുടെ കാര്യം. തന്‍റെ കാര്യത്തില്‍ ഇടപെടരുതെന്നു സൈമനെയും കര്‍ശനമായി വിലക്കിയിട്ടുണ്ട്. അയാള്‍ ഇടപെടാറുമില്ല.

പക്ഷേ, മോള്‍ വീട്ടിലുള്ളപ്പോള്‍ ഈ വൃത്തികെട്ടവന്‍… അതും ഡ്രോയിങ് റൂമില്‍… അതോ, ഏഞ്ചല്‍ ഇവിടെയില്ലേ, അവളെന്താ സ്കൂള്‍ കഴിഞ്ഞ് ഇതുവരെ വരാത്തത്….

ആയിരം ചോദ്യങ്ങളുമായി ലിന്‍ഡയുടെ കണ്ണുകള്‍ കതകിന്‍റെ വിടവു തേടി.

കാമാര്‍ത്തിയുടെ പരകോടിയില്‍ സൈമന്‍റെ അരക്കെട്ട് ഭ്രാന്തമായി ഉയര്‍ന്നു താഴുന്നുണ്ട്. അവനെ കൈകാലുകൊണ്ടു വരിഞ്ഞു മുറുക്കി മുതുകില്‍ വികാരതരളിതയായി ഭ്രാന്തമായി വിരലോടിക്കുന്നതു മേരിയല്ലല്ലോ…. ആ സ്ത്രീ ശബ്ദത്തിന്‍റെ ഞരക്കവും മൂളലുകളും ലിന്‍ഡയുടെ കാതില്‍ വെള്ളിടികളായി പതിച്ചു.

നോ…. മൈ കിഡ്…. മൈ ഏഞ്ചല്‍….

ആര്‍ത്തനാദം ലിന്‍ഡയുടെ തൊണ്ടയില്‍ കുരുങ്ങി. മദ്യലഹരി മുഴുവന്‍ വിയര്‍പ്പായും കണ്ണുനീരായും ഒഴുകി. ഒന്നിനും കരുത്തില്ലാതെ ലിന്‍ഡ വീടിന്‍റെ പടിയിറങ്ങി. മുന്നില്‍ ഇരുട്ടു മാത്രം. ഇത്രയും ഇരുണ്ട ഒരു രാത്രി ആദ്യമായാണ് അവളുടെ ജീവിതത്തില്‍. ആദ്യം കണ്ട ടാക്സി കൈകാട്ടി നിര്‍ത്തി, വീണ്ടും പബ്ബിലേക്ക്.

കോളിങ് ബെല്ലടിക്കുന്നതു സൈമണ്‍ ആദ്യം കേട്ടില്ലെന്നു വച്ചു. മടിയോടെ പുതപ്പിലേക്ക് ഒന്നുകൂടി ചുരുണ്ടു. ഏഞ്ചല്‍ അടുത്ത മുറിയിലുണ്ട്. പോയി കതകു തുറക്കട്ടെ, അവളുടെ അമ്മയായിരിക്കും, അല്ലാതാരെ ഈ മുതുപാതിരായ്ക്ക്. നിര്‍ത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നു. ഏഞ്ചല്‍ എണീക്കുന്ന ലക്ഷണമില്ല. ക്ഷീണം കാണും…. അതോര്‍ത്തപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു വികടച്ചിരി തിളച്ചു. ഏറെക്കാലമായുള്ള ആഗ്രഹമാണ്. ലിന്‍ഡയെക്കെട്ടുമ്പോള്‍ ഒരു പക്ഷേ വിദൂര മോഹമായെങ്കിലും ഈ ഏഞ്ചലും ഉണ്ടായിരുന്നിരിക്കണം മനസില്‍. അതുകൊണ്ടാണ് അവളുടെ ഭാഗത്തുനിന്നു ചെറിയൊരു പ്രലോഭനം തന്നെ വീഴ്ത്തിക്കളഞ്ഞത്. അവളും കാലങ്ങളായി ഇങ്ങനെയൊരനുഭവം കാത്തിരുന്നതു പോലെയായിരുന്നു പെരുമാറ്റം. അവള്‍ ആദ്യമായാണിങ്ങനെയെന്നു തോന്നിയതേയില്ല.

അരണ്ട വെളിച്ചത്തില്‍ ചുവരിലെ ക്ലോക്ക് സമയമറിയിച്ചു, പുലര്‍ച്ചെ മൂന്നു മണി. ലിന്‍ഡ സാധാരണ വരാറുള്ള സമയം. കയറി വരാന്‍ കണ്ട നേരം. ഇനി അധികകാലം ഇതിങ്ങനെ വച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. അയാള്‍ ശപിച്ചുകൊണ്ടു വാതിലിനു നേരേ നടന്നു.

തുറന്നപ്പോള്‍ ആരുമില്ല. പുറത്തേക്കിറങ്ങി. കൂരിരുട്ട്, ആരെയും കാണാനില്ല. തിരിച്ചു കയറാനൊരുങ്ങുമ്പോള്‍ പിന്നില്‍ വായുവിലെന്തോ ചീറുന്ന സീല്‍ക്കാരം. തിരിഞ്ഞൊന്നും നോക്കാന്‍ കഴിയും മുമ്പേ പിന്‍ കഴുത്തിലൊരു തണുപ്പ്, പിന്നെയൊരു വൈദ്യുതി പ്രവാഹം. കണ്ണില്‍ ഇരുട്ടു നിറഞ്ഞു, പിന്നെ കടുത്ത വേദന. തുറന്ന വാതിലിലൂടെ അയാള്‍ മുറിക്കുള്ളിലേക്കു തന്നെ കമിഴ്ന്നടിച്ചു വീണു.

അകത്തെ മുറിയില്‍ ഏഞ്ചലും കേട്ടു. ആദ്യം മമ്മയുടെ അലര്‍ച്ച. പിന്നെ അങ്കിളിന്‍റെ ആര്‍ത്തനാദം. അവള്‍ ഓടി പുറത്തേക്കു വന്നു.

ചോരയില്‍ കുളിച്ചു കിടക്കുന്ന സൈമണ്‍. കൈകാലുകള്‍ ചെറുതായി പിടയ്ക്കുന്നുണ്ട്. പിന്നില്‍ മുറുകെപ്പിടിച്ച ഇരുമ്പു വടിയുമായി ലിന്‍ഡ. അവളുടെ കണ്ണുകള്‍ തുറിച്ചിരുന്നു. മാറിടം ഉയര്‍ന്നു താഴുന്നു. ഏഞ്ചല്‍ ഒന്നനങ്ങാന്‍ പോലുമാകാതെ നിന്നു. ലിന്‍ഡ അവളുടെ കൈയില്‍ കടന്നു പിടിച്ചു. മേരിയുടെ വീട്ടില്‍ ലൈറ്റുകള്‍ തെളിയുന്നതു കണ്ടതും, ലിന്‍ഡ മകളുടെ കൈപിടിച്ചു വലിച്ചുകൊണ്ടു പുറത്തു റോഡിലേക്കോടി….

ദിവസങ്ങളായി ചത്തു കിടന്ന സൈമണിന്‍റെ കണ്‍പോളകള്‍ ഒന്നു ചലിച്ചു. അത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായുള്ള അപേക്ഷ പോലെ സൂസനു തോന്നിച്ചു. മങ്ങിയ പ്രകാശത്തിന്‍റെ നേര്‍ത്ത വീചികളില്‍ സൈമണ്‍ കണ്ടു, സൂസന്‍. രണ്ടു വര്‍ഷത്തിനു ശേഷം കാണുകയാണ്. അയാള്‍ സന്തോഷം കൊണ്ടു ചിരിച്ചു. ആ ചിരിയില്‍ ഒരുപാട് അര്‍ത്ഥതലങ്ങള്‍ സൂസണ്‍ കണ്ടു. അവള്‍ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതില്‍ ജീവിതവും മരണവും തമ്മിലുള്ള കൊളുത്തിപ്പിടിത്തം മാത്രം അലയടിക്കുന്നു. അവള്‍ക്കു കരയണമെന്നു തോന്നി. നെഞ്ചു വിണ്ടു കീറുന്നു. സൈമണ്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നത് അവള്‍ വീണ്ടും കണ്ടു. അത് ചുണ്ടിന്‍റെ കോണിലെവിടെയോ കൊളുത്തി വലിക്കുകയാണ്. പെട്ടെന്നാണ്, ശ്വാസത്തിന്‍റെ അവസാന മരവിപ്പും സൈമണിന്‍റെ ശരീരത്തില്‍ നിന്നു പിഴുതെറിയുന്നതു സൂസന്‍ കണ്ടത്.

ചിരിയുടെ ശകലം മാത്രം ചുണ്ടിന്‍റെ കോണില്‍ ഒളിച്ചു. മുഖത്തു ഒരു വെട്ടല്‍. ശരീരം മൃദുവായി ഞരങ്ങി. കഴുത്ത് ഒരു വശത്തേക്കു ചരിഞ്ഞു, തല പിന്നിലേക്കു വീണു. ജീവന്‍റെ അവസാനത്തെ കണികയും സൈമണിന്‍റെ ശരീരത്തില്‍ നിന്നു യാത്ര പറയുന്നു. അയാളുടെ കണ്ണുകള്‍ തുറന്നു തന്നെയിരുന്നു.

സൂസന് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. സൈമണ്‍ ഇനിയില്ല എന്ന തിരിച്ചറിവില്‍, അവളുടെ കണ്ണുകളില്‍നിന്ന് അവളറിയാതെ ഓരോ തുള്ളി കണ്ണുനീര്‍ കവിളുകളിലൂടെ ചാലിട്ടു. സൂസന്‍ സൈമണിന്‍റെ ചേതനയറ്റ ശരീരത്തിലേക്കു വീണു പൊട്ടിക്കരഞ്ഞു.

(അവസാനിച്ചു)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px