കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-17

ധ്യാനനിമഗ്‌നനായിരുന്ന സൂര്യദേവന്‍ തിരുമേനി പൊടുന്നനെ കണ്ണുകള്‍ തുറന്നു. തൊട്ടരികില്‍ വച്ചിരുന്ന ചൂരലെടുത്ത് അന്തരീക്ഷത്തില്‍ കരിമ്പനയുടെ ദിശയിലേക്ക് ചൂണ്ടി. അതിവേഗതയില്‍ അടുത്തുകൊണ്ടിരുന്ന തടി എതിര്‍വശത്തേക്ക് തെന്നിമാറി നിമിഷങ്ങള്‍ക്കുള്ളില്‍ നെടുകെ പിളര്‍ന്ന് കഷണങ്ങളായി….! ഭയാനകമായ ആ കാഴ്ച കണ്ട് രവിശങ്കറും ഉമയും അസ്ത്രപ്രജ്ഞരായി. കൈമളാണെങ്കില്‍ ഇതൊക്കെ നിസ്സാരമെന്ന മട്ടില്‍ പൂജയ്ക്ക് ആവശ്യമായ വസ്തുക്കള്‍ ഒരുക്കുന്നതില്‍ വ്യാപൃതനായിരുന്നു. ദേവിക മാത്രം എല്ലാം കൗതുകപൂര്‍വം നോക്കിയിരുന്നു.

തിരുമേനി കൈമളെ ഒന്നു നോക്കി. ഏതു നിമിഷവും അപകടമുണ്ടായേക്കാം, അര്‍ത്ഥപൂര്‍ണ്ണമായ ആ നോട്ടത്തിന്റെ നിര്‍ദ്ദേശം മനസിലാക്കി കൈമള്‍ ഭസ്മവും മഞ്ഞളും നിറച്ച തളികയുമായി വാര്യരുടെ മുറിയിലേക്ക് പോയി. വാര്യരുടെ മുറിയുടെ വാതില്‍പ്പടിയിലും കട്ടിലിന്റെ ചുറ്റുമായി കൈമള്‍ ഭസ്മം കൊണ്ടു രേഖ വരച്ചു. വാര്യരുടെ കണ്ണുകളിലെ ഭീതി കണ്ട് കൈമള്‍ പുഞ്ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു.

പൂജാവിധികളില്‍ തടസ്സം നേരിട്ടതോടെ തിരുമേനി അല്‍പം കൂടി കടുത്ത പ്രയോഗത്തിലേക്ക് കടക്കുന്നതിനെപറ്റി രവിയോട് പറഞ്ഞു.

‘ലക്ഷണങ്ങള്‍ അത്ര സുഖകരമല്ല. കരുതിയതിലും തയ്യാറെടുപ്പുകള്‍ വേണം എന്നു മാത്രമല്ല ശനിയാഴ്ച ദിവസം സൂര്യോദയത്തിന് മുന്‍പായി ചെയ്തു തീര്‍ക്കേണ്ട കര്‍മ്മങ്ങള്‍ ആണവ. ഇന്ന് വ്യാഴം, രണ്ട് നാള്‍ കൂടി കാത്തേ പറ്റൂ, നാളെ അര്‍ദ്ധരാത്രിക്ക് ശേഷം ഒരുക്കങ്ങള്‍ തുടങ്ങാം.’ അദ്ദേഹം പറഞ്ഞപ്പോള്‍ എന്തു കര്‍മ്മമാണദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് രവി ചോദിച്ചു.

‘ഉച്ചാടനം’ മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ഉപദ്രവിക്കുവാന്‍ കഴിയാത്ത സ്ഥാനത്തേക്ക് നീക്കിനിര്‍ത്തുന്ന മാന്ത്രിക കര്‍മ്മമാണു ഉച്ചാടനം. നശിപ്പിക്കുന്നില്ല, പക്ഷേ ഇനിയൊരിക്കലും ഉപദ്രവകരമായ രീതിയില്‍ അവര്‍ വരാന്‍ പാടില്ല എന്നാണു ലക്ഷ്യം’.അദ്ദേഹം ഒന്നുകൂടി പറഞ്ഞു.

‘വാര്യര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പു ചില മാന്ത്രികക്രിയകള്‍ ചെയ്യിച്ചിരുന്നു. അതിന്റെ ഫലമായാണു ഇന്നലെ വരെ അധികം കുഴപ്പങ്ങള്‍ ഉണ്ടാവാഞ്ഞത്. ശാരീരികമായി യാതൊന്നും ചെയ്യാന്‍ ശേഷിയില്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പു ചെയ്ത സ്തംഭനക്രിയയുടെ ഫലമായി കുഞ്ഞാത്തോലിന്റെ കൈകള്‍ ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഇന്നലെ പുഴക്കരയിലെ മണ്ഡപത്തിനടിയില്‍ നിന്നും നിങ്ങള്‍ കുഴിച്ചെടുത്ത ആ തകിട് പുറത്ത് വന്നതോടെ കുഞ്ഞാത്തോല്‍ ബന്ധനത്തില്‍ നിന്നും സ്വതന്ത്രയായി ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. അതിന്റെ ലക്ഷണങ്ങളാണിന്നലെ വാര്യത്തും കാണാന്‍ കഴിഞ്ഞത്.’

അദ്ദേഹം പറയുന്നത് കേട്ടുകൊണ്ടിരുന്ന ഉമ ഭയചകിതയായി. കുഞ്ഞാത്തോല്‍ തങ്ങളെ ഉപദ്രവിക്കില്ല, ഇനിയഥവാ അങ്ങനെയാണെങ്കില്‍ കൂടി കുഞ്ഞാത്തോലിനു ദോഷമാവുന്നതൊന്നും താനോ കുടുംബമോ ചെയ്യാന്‍ പാടില്ല എന്നായി അവള്‍. ഉമയുടെ തടസം കണ്ടില്ലെന്നു വയ്ക്കാന്‍ തിരുമേനിക്ക് കഴിഞ്ഞില്ല.

ഉമക്ക് യാതൊന്നും അറിയില്ലെന്ന് രവി തുറന്ന് പറഞ്ഞതോടെ അവളെ എല്ലാം പറഞ്ഞു മനസ്സിലാക്കണമെന്ന് തിരുമേനി ഉറപ്പിച്ചു. രവിക്ക് ആശ്വാസമായി, തനിക്കൊരിക്കലും അവളോട് ഇതൊന്നും പറയാന്‍ കഴിയില്ലെന്നു രവിക്കറിയാം. പഴയ കഥകളെല്ലാം പറഞ്ഞു തിരുമേനി കുഞ്ഞാത്തോലിന്റെ മരണത്തിനു വാര്യര്‍ കാരണമായ സന്ദര്‍ഭവും മറ്റും വിശദീകരിച്ചപ്പോള്‍ അവിശ്വനീയതയോടെ ഉമ അദ്ദേഹത്തെ ഉറ്റുനോക്കിയിരുന്നു. അവള്‍ക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. ദൈവതുല്യനായിരുന്നു അവള്‍ക്കച്ഛന്‍. തന്റെ കുഞ്ഞാത്തോലിനെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അച്ഛന്‍ ശിക്ഷാര്‍ഹനാണെന്ന് തന്നെ അവള്‍ വിശ്വസിച്ചു. തിരുമേനിയും കര്‍മ്മഫലത്തിലേക്ക് തന്നെയാണു കൈ ചൂണ്ടിയത്.

‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ.’

‘കര്‍മ്മഫലത്തില്‍ നിന്നും രക്ഷനേടാനാവതില്ല. കര്‍മ്മഫലം ഈ ജന്മത്തിലല്ലെങ്കില്‍ അടുത്ത ജന്മത്തില്‍ അനുഭവിച്ചേ പറ്റൂ. ജീവിതസംഭവങ്ങളില്‍ ശ്രമത്തിനു കാല്‍പങ്കും വിധിക്ക് മുക്കാല്‍പങ്കുമെന്നാണു പറയുന്നത്. വിപരീതഫലങ്ങളുടെ ശക്തി കുറയ്ക്കാമെന്നല്ലാതെ പൂര്‍ണ്ണമായും രക്ഷ നേടാന്‍ മനുഷ്യനു സാധ്യമല്ല. വാര്യര്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തുകൂട്ടി. ഭാഗ്യത്തിന്റെ തണലില്‍ ഇത്ര കാലം സുഖമായി ജീവിച്ചുവെങ്കിലും ഇപ്പോള്‍ കാലം മാറി. ഭാഗ്യത്തിന്റെ സ്വാധീനം കുറഞ്ഞു, വിധി തന്റെ ആധിപത്യം പ്രകടമാക്കാന്‍ തുടങ്ങിയിരിക്കുന്നു.’

കുട്ടിക്കാലം മുതല്‍ക്കേ കുഞ്ഞാത്തോലുമായുണ്ടായിട്ടുള്ള ഓരോ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഉമ ഓര്‍ത്തു. കൈകള്‍ കോര്‍ത്ത് നടന്ന് തുടങ്ങിയ കാലം മുതല്‍ തങ്ങള്‍ രണ്ട് ശരീരവും ഒരാത്മാവുമായാണു ജീവിച്ചത്. അവള്‍ പോയി എന്നറിഞ്ഞതിനു ശേഷം അവളില്ലാത്ത നാട്ടിലേക്ക് വരണമെന്ന് പോലും തോന്നിയിട്ടില്ല. ഉമ പൂമുഖപ്പടിയില്‍ ചാരിയിരുന്ന് കണ്ണുകളടച്ചു. ദേവികയുടെ ജന്മോദ്ദേശത്തെപ്പറ്റിയൊന്നും അദ്ദേഹം ഉമയോട് പറഞ്ഞില്ലല്ലോ എന്ന് രവി ഓര്‍ത്തു. മതിയായ കാരണമെന്തെങ്കിലും ഉണ്ടാവും അതിനു പിന്നില്‍ എന്ന് നന്നായി അറിയാവുന്നതുകൊണ്ട് രവി ചോദിക്കാന്‍ പോയില്ല.

തിരുമേനിയും കൈമളും മടക്കയാത്രയ്‌ക്കൊരുങ്ങി. ഇനിയുള്ള കര്‍മ്മങ്ങള്‍ക്കായി കുറെയധികം ഒരുക്കങ്ങള്‍ ചെയ്യേണ്ടതായുണ്ട്. മടങ്ങി വരുവോളം രക്ഷയ്ക്കായി വീടിന്റെ നാലുചുറ്റും മന്ത്രത്തകിടുകള്‍ കുഴിച്ചിട്ടു. വാതിലുകളില്‍ സുദര്‍ശ്ശനചക്രവും വരച്ചു, അവര്‍ യാത്ര പറഞ്ഞു പടിയിറങ്ങി. ഉമയാവട്ടെ ഇതൊക്കെ കണ്ട് വിഭ്രാന്തിയിലെന്ന വണ്ണം നിശബ്ദയായിരുന്നു. കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവള്‍ക്കു ബുദ്ധിമുട്ടുണ്ടാകും എന്ന് വ്യക്തമായി അറിയാമായിരുന്നത് കൊണ്ട് രവി കൂടുതല്‍ ശ്രദ്ധിക്കാന്‍ പോയില്ല. പക്ഷേ കടുത്ത മാനസിക സംഘര്‍ഷം കൊണ്ടാവാം ഉമ തലചുറ്റി വീണുപോയി. അബോധമനസ്സില്‍ അവള്‍ ഒരു തേങ്ങിക്കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നിസ്സഹായയും നിരാലംബയുമായ ഒരു സ്ത്രീയുടെ സഹായം തേടിയുള്ള രോദനം പോലെയത് അവളുടെ കാതുകളില്‍ പ്രകമ്പനം കൊണ്ടു. അടഞ്ഞ കണ്ണുകള്‍ക്കുള്ളിലെ ഇരുളിമയില്‍ മങ്ങിമങ്ങിത്തെളിഞ്ഞു വന്ന ആ ചിത്രം അവള്‍ പതുക്കെ തിരിച്ചറിഞ്ഞു. കൗമാരഭംഗിയില്‍ തിളങ്ങുന്ന ഒരു പെണ്‍കുട്ടി. വര്‍ണ്ണാഭമായ ഒരു സന്ധ്യയില്‍ കാവിലെ വിഘ്‌നേശ്വര പ്രതിഷ്ഠക്ക് സമീപം ഭഗവാനു ചാര്‍ത്താന്‍ മാല കെട്ടിക്കൊണ്ടിരുന്ന കുഞ്ഞാത്തോല്‍…

LEAVE A REPLY

Please enter your comment!
Please enter your name here