കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-18

Facebook
Twitter
WhatsApp
Email

അനക്കമൊന്നും കേള്‍ക്കാഞ്ഞ് തിരഞ്ഞ് വന്ന രവി ഉമ്മറത്തിണ്ണയില്‍ വീണുകിടക്കുന്ന ഉമയെ കണ്ട് ഭയാക്രാന്തനായി. അവളെ വാരിയെടുത്ത് കുലുക്കി വിളിക്കുമ്പോഴേക്കും നാരായണേട്ടന്‍ ഒരു ലോട്ടയില്‍ വെള്ളം കൊണ്ടുവന്നു. അതല്‍പ്പം തളിച്ചപ്പോള്‍ അവള്‍ പതുക്കെ കണ്ണുകള്‍ തുറന്നു. മറ്റേതോ ലോകത്ത് നിന്നു കാലാന്തരങ്ങളിലൂടെ കടന്നുവന്ന മട്ടില്‍ അവള്‍ തുറിച്ചു നോക്കുന്നത് രവി ശ്രദ്ധിച്ചു. അല്‍പം വെള്ളം കുടിച്ച് എണീറ്റിരുന്ന അവളുടെ തളര്‍ന്ന കണ്ണുകള്‍ നാലുപാടും തിരയുന്നത് ദേവികയെയാണെന്ന് രവിക്ക് മനസിലായി. ദേവുവിനെ വിളിക്കാന്‍ നാരായണേട്ടനെ അയച്ച് രവി ഉമയെ താങ്ങി കിടപ്പ് മുറിയിലേക്ക് നടത്തി. കിടക്കയില്‍ കിടത്തി അവളുടെ മുടിയിഴകളില്‍ തഴുകുമ്പോള്‍ രവിയ്ക്ക് അവളോടുള്ള വാത്സല്യം ഏറി വന്നു. മച്ചിലെ സീലിംഗ് ഫാനില്‍ ഉറ്റുനോക്കി കിടന്ന അവള്‍ ഇപ്പോഴും പൂര്‍ണ്ണബോധത്തിലല്ല എന്നയാള്‍ വ്യക്തമായി മനസ്സിലാക്കി. പൊട്ടിക്കാളിയെന്ന് സ്‌നേഹം കൂടുമ്പോള്‍ വിളിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ അവളുടെ അവസ്ഥയില്‍ എന്തുകൊണ്ടോ അയാള്‍ക്ക് അലിവു തോന്നി. ദേവിക മുറിയിലെത്തിയപ്പോള്‍ അയാളവളെ ഉമയുടെ അടുത്തിരുത്തി. ആ കണ്ണുകളിലെ ചോദ്യഭാവത്തില്‍ നിന്നും അവളുടെ കുഞ്ഞുമനസ്സിലും ആകെ അസ്വസ്ഥത നിറഞ്ഞിരിക്കുന്നുവെന്നയാള്‍ അറിഞ്ഞു.

നാരായണേട്ടന്‍ വിളമ്പി വച്ച ചൂടുകഞ്ഞിയും ചമ്മന്തിയും രവി അവരെ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. അല്‍പമൊരുണര്‍വ്വ് തോന്നിയത് പോലെ തോന്നി ഉമക്ക്. അല്‍പം കഴിഞ്ഞ് അവള്‍ വാര്യരുടെ മുറി ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ രവി തടഞ്ഞില്ല, എന്ന് മാത്രമല്ല ഇതയാള്‍ പ്രതീക്ഷിച്ചിരുന്നതുമാണ്.

വാര്യര്‍ക്ക് ചെറിയ സ്പൂണില്‍ കഞ്ഞി കോരിക്കൊടുക്കുകയായിരുന്നു നാരായണേട്ടന്‍. അത് നോക്കി ഉമ കിടക്കയ്ക്ക് സമീപം കസേരയില്‍ ഇരുന്നു. വാര്യരുടെ മുഖം കഴുകിത്തുടച്ച് നാരായണന്‍ മുറി വിട്ടിറങ്ങിയപ്പോഴാണ് വാര്യരുടെ നോട്ടം ഉമയില്‍ പതിഞ്ഞത്.

കിടക്കയ്ക്കരികില്‍ നിര്‍ന്നിമേഷയായി തന്നെ നോക്കിയിരിക്കുന്ന മകളെ കണ്ടു അഹിതമായതെന്തോ സംഭവിച്ചെന്ന തോന്നലുണ്ടായി വാര്യര്‍ക്ക്. അവളോടെന്തോ പറയാന്‍ വെമ്പിയെങ്കിലും ആ മുഖത്തെ നിര്‍വികാരതയും കടുപ്പവും അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. അവളുടെ കണ്ണുകളിലേക്കു നോക്കാന്‍ ത്രാണിയില്ലാതെ അയാള്‍ക്ക് മുഖം തിരിക്കേണ്ടിയും വന്നു.

ഉമയ്‌ക്കെന്തൊക്കെയോ ചോദിക്കണമെന്നും പറയണമെന്നും ഉണ്ടായിരുന്നു. അച്ഛന്റെ മുഖം കണ്ടതും അവളുടെ മനോധൈര്യമെല്ലാം ചോര്‍ന്നു പോയത് പോലെ. സൂര്യദേവന്‍ തിരുമേനി പറഞ്ഞതൊന്നും വാസ്തവമല്ല എന്നുപോലും തോന്നിത്തുടങ്ങി അവള്‍ക്ക്. കുഞ്ഞുന്നാള്‍ മുതല്‍ അച്ഛന്‍ ചൊരിഞ്ഞ വാത്സല്യം അവളില്‍ ഒരുമാത്ര ഓളം വെട്ടി. അതിന്റെ കുളിരലകള്‍ തൊട്ടു തലോടിയപ്പോള്‍ അവള്‍ വീണ്ടും വിവശയായി. അടുത്ത നിമിഷം തന്നെ കുഞ്ഞാത്തോലിന്റെ ഓര്‍മ്മയില്‍ അവളൊന്നു വെട്ടി വിറച്ചു. ഒരു കൂടപ്പിറപ്പിനെ പോലെ തന്നെ സ്‌നേഹിച്ച കുഞ്ഞുവിന്റെ ഘാതകനാണ് അച്ഛനെന്നോര്‍ത്തതും അവള്‍ അടുത്ത നിമിഷം ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. നിശബ്ദമായി എല്ലാം നോക്കി കിടന്ന വാര്യരുടെ കണ്ണുകളില്‍ നിന്നും അന്നാദ്യമായി പശ്ചാത്താപത്തിന്റെ നീരൊഴുകി.

ആകെ തകര്‍ന്ന മട്ടില്‍ പുറത്തേക്കു വന്ന ഉമ പൂമുഖത്തെ കസേരയില്‍ രവിയെ കണ്ടു അടുത്തുചെന്നു. തല ചെരിച്ചു അവളെ ചോദ്യഭാവത്തില്‍ നോക്കവേ അയാള്‍ പ്രതീക്ഷിച്ച ചോദ്യം അവളില്‍ നിന്നുതിര്‍ന്നു.

‘രവിയേട്ടന് എല്ലാം അറിയാമായിരുന്നു ല്ലേ?’

അതെയെന്ന് തലകുലുക്കി സമ്മതിക്കവേ അയാള്‍ കൂട്ടിച്ചേര്‍ത്തു. ‘അറിഞ്ഞിട്ട് രണ്ടീസായി…. നിനക്ക് വിഷമാവും എന്നു കരുതിയാണ് പറയാഞ്ഞത്’

‘എങ്ങനെ? ആര് പറഞ്ഞു രവിയേട്ടനോട്?’

‘ഇവിടെ വന്നപ്പോള്‍ മുതല്‍ അസാധാരണമായി എന്തോ നടക്കുന്നുവെന്ന തോന്നല്‍. പിന്നെ അന്നൊരിക്കല്‍ ഞാന്‍ കോയിക്കല്‍ മന വരെ പോയിരുന്നു. വഴിയില്‍ കാര്‍ത്തിയമ്മയെ കണ്ടു. അവരാണ് പഴയ കാര്യങ്ങള്‍ പറഞ്ഞു തന്നത്’.

‘കാര്‍ത്തിയമ്മയോ? അതാരാ?’ ഉമ അത്ഭുതം കൂറി.

‘ഇവിടെ അടുത്തെവിടെയോ ആണ് താമസം എന്നാണല്ലോ പറഞ്ഞത്? നമ്മുടെ പാടത്തൊക്കെ പണി ചെയ്യുന്ന ഒരു അമ്മ. എന്നെ കണ്ടതും അവര്‍ തിരിച്ചറിഞ്ഞു. പണ്ടെന്നോ കണ്ടിട്ടുണ്ടത്രെ’
ഉമ ഒരു നിമിഷം ചിന്തയിലാണ്ടു. അങ്ങനെയൊരാള്‍ അവളുടെ ഓര്‍മ്മയിലെങ്ങും തെളിഞ്ഞില്ല. പൊടുന്നനെയുണ്ടായ ഒരു വെളിപാടില്‍ അവള്‍ പറഞ്ഞു

‘രവിയേട്ടാ, എണീറ്റേ.., വാ നമുക്കൊന്ന് കാര്‍ത്തിയമ്മയെ കാണാന്‍ പോവാം.’

അവള്‍ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ അയാള്‍ കൂടെ ചെന്നു. വാര്യത്തിന്റെ പടിപ്പുര കടന്നു പാടത്തേക്കുള്ള വരമ്പിലേക്കു അവര്‍ നടന്നു. സ്വര്‍ണ്ണനിറമാര്‍ന്ന നെല്‍ക്കതിരുകള്‍ പാടത്തിനു അവര്‍ണ്ണനീയമായൊരു ഭംഗി നല്‍കി. പാടത്തിന്റെ അരികിലായി പടിഞ്ഞാറു വശത്ത് രണ്ടുമൂന്നു ചെറുമക്കുടിലുകള്‍. അവര്‍ അവിടേക്കു ചെന്നു കാര്‍ത്തിയമ്മയെ അന്വേഷിച്ചപ്പോള്‍ ആ വീട്ടുകാര്‍ അതിശയിച്ചു. കാലാകാലങ്ങളായി അവിടെ താമസിച്ചു പണി ചെയ്യുന്നവരാണ് ആ കുടുംബങ്ങള്‍. ഇന്നോളം അങ്ങനെയൊരു സ്ത്രീയെ കണ്ടിട്ടില്ലെന്നു അവര്‍ ആണയിട്ടപ്പോള്‍ രവി പരിക്ഷീണിതനായി.

അവിടെ നിന്നും മടങ്ങുമ്പോള്‍ രണ്ടു വട്ടം കാര്‍ത്തിയമ്മയെ കണ്ട കാര്യം രവി ഉമയോട് പറഞ്ഞു. ഒരിക്കല്‍ മനയിലേക്കുള്ള വഴിയിലും പിന്നീട് കാവിലും. വാര്യരുടെ കഥകളെല്ലാം തനിക്കു പറഞ്ഞു തന്നതും കാര്‍ത്തിയമ്മയാണെന്നു രവി ഓര്‍ത്തു. പാടത്തിന്റെ വരമ്പില്‍ വിള കൊയ്ത്തിനു പാകമായോ എന്ന് നോക്കുകയായിരുന്ന നാരായണേട്ടനെ കണ്ടതും അവള്‍ കാര്‍ത്തി എന്ന സ്ത്രീയെ അറിയാമോ എന്ന് ചോദിച്ചു. നാരായണേട്ടന്‍ കൈ മലര്‍ത്തിയതോടെ ഉമ രവിയെ പിടിച്ചു കൊണ്ട് മനയ്ക്കലേക്കുള്ള വരമ്പിലൂടെ മുന്നോട്ടു നടന്നു. കോയിക്കല്‍ മനയുടെ അതിര്‍ത്തിയിലേക്ക് അവര്‍ കാല്‍ വച്ചതും കരിമ്പനയോലകളെ മൃദുവായി ഉലച്ച് കുളിരുള്ളൊരു കാറ്റ് അവിടമാകെ വീശിയൊഴുകി. ഉമയുടെ മുടിയിഴകളെ തഴുകിയിറങ്ങിയ കാറ്റിനു ചെമ്പകപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം. കുഞ്ഞാത്തോലിന്റെ ആലിംഗനത്തിന്റെ ചൂടും ഗന്ധവും അറിഞ്ഞ മട്ടില്‍ അവള്‍ ഒരു നിമിഷം സ്വയം മറന്നു നിന്നുപോയി.

About The Author

Leave a Reply

Your email address will not be published. Required fields are marked *