സഹനത്തിലെ മഹത്ത്വം!
☘☘☘☘☘ ആർക്കും ഉപകാരമില്ലാതെ നോക്കുകുത്തികൾ പോലെ നിലകൊള്ളുന്ന നിരവധി പാറക്കെട്ടുകളെ നാം കാണാറുണ്ട്. എന്നാൽ അതിൻ്റെ ഉടമകൾ ആ പാറക്കെട്ടുകളെ വെടിമരുന്നു ഉപയോഗിച്ച് പൊട്ടിച്ച് എത്രയോ കെട്ടിട സമുച്ചയങ്ങളും പാലങ്ങളും റോഡുകളും നിർമിക്കാനുള്ള കല്ലുകളും മെറ്റലുകളുമാക്കിത്തീർക്കുന്നു. സ്വാർത്ഥതയും അഹങ്കാരവും നിറഞ്ഞ നമ്മളും ഈ പാറക്കൂട്ടങ്ങളെപ്പോലെ നോക്കുകുത്തിക ളായിത്തീരാറില്ലേ? ഉപയോഗശൂന്യമായി നില്ക്കുന്ന നമ്മെ ആരെങ്കിലുമൊക്കെ വിഭജിക്കാൻ തുടങ്ങുമ്പോൾ നമ്മളും പ്രയോജനമുള്ളവരായിത്തീരും.പാറയിൽ തമരടിച്ചു കഴികളുണ്ടാക്കി വെടിമരുന്നു നിറച്ച് തീ കൊളുത്തി പൊട്ടിച്ച് വലിയ പാറക്കഷണങ്ങളെ കൂടം കൊണ്ടടിച്ച് വീണ്ടും പൊട്ടിച്ച് അവയെ ചുറ്റിക കൊണ്ടടിച്ച് മെറ്റലുകളാക്കുന്നതു പോലെ നമ്മുടെ പാറമാന ജീവിതങ്ങളിലും ആരെങ്കിലുമൊക്കെ ഇടപെടണം. അപ്പോൾ നാമും മറ്റുള്ളവർക്ക് ഉപയോഗമുള്ളവരും നവസൃഷ്ടികളുമാകും. ജീവിതത്തെ സഹനം പുണരുമ്പോൾ ആദ്യം വേദനയും പിന്നെ മഹത്ത്വവും ലഭിക്കും. അതിനാൽ നമ്മുടെ അഹത്തിനു മേൽ കൂടംവയ്ക്കുന്നവരോട് വിരോധം വയ്ക്കാതെ നന്ദിയുള്ളവരായിരിക്കുക. വേദനകളെ സന്തോഷപൂർവം ആശ്ലേഷിക്കാനാകണം. നോക്കുകുത്തികളാകാതെ നോട്ടമുള്ളവരും നേട്ടമുള്ളവരുമാകാം.
ജോസ് ക്ലെമൻ്റ്












