മോഹിക്കുന്നതിൽ അതിസമ്പന്നരാണ് നമ്മൾ. എന്തെല്ലാം മോഹങ്ങളാണ് ഓരോ ദിവസവും നമ്മെ ചുറ്റിവരിയുന്നത്.മോഹങ്ങൾ മുന്നോട്ടുള്ള ജീവിത പ്രയാണത്തിന് നല്ലതു തന്നെ. എന്നാൽ അതിമോഹങ്ങൾ പാടില്ല. അവ അപകടകാരികളാണ്.ഇതും നമ്മുടെ സഹജസ്വഭാവമല്ലേ? ഒന്നു കിട്ടിയാൽ 10 ആക്കാനും 10 കിട്ടിയാൽ 100 ആക്കാനും 100 കിട്ടിയാൽ ആയിരവും പിന്നെ ലക്ഷവും കോടികളും സ്വന്തമാക്കാനുള്ള അതിമോഹം.ഇത് നിയന്ത്രിച്ചേ മതിയാവൂ.അതാണ് ഗാന്ധിജി പറഞ്ഞത്: “നിങ്ങൾ നിങ്ങളേക്കാൾ ഉയർന്നവരെ നോക്കുന്നതിനു പകരം നിങ്ങളെക്കാൾ താഴെയുള്ളവരെ നോക്കിയാൽ നിങ്ങളനുഭവിക്കുന്ന സുഖം തിരിച്ചറിയു”മെന്ന്.ദുരിതങ്ങളുടെ മാറാപ്പുമായി കഴിയുന്നവരെ കാണുമ്പോൾ നാം അറിയാതെ തന്നെ പറഞ്ഞു പോകും: ഞാനെത്ര ഭാഗ്യവാനെന്ന്. അപ്പോൾ അക്കരപ്പച്ചകൾക്കു പിന്നാലെയുള്ള നമ്മുടെ നെട്ടോട്ടം അവസാനിക്കും. മരീചികൾ തേടിയുള്ള യാത്രയ്ക്കു പകരം സത്യത്തിൻ്റെ യഥാർത്ഥ മരുപ്പച്ചയിൽ എത്തിച്ചേരും. ധനികനാവാൻ തിരക്കുകൂട്ടുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കുകയില്ലായെന്ന സുഭാഷിത വചനങ്ങൾ നമ്മുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കട്ടെ.












